Thursday, October 15, 2015

ഗോവധനിരോധനം - സാമ്പത്തിക, കാര്‍ഷിക, ആരോഗ്യ... സംരക്ഷണത്തിനോ ?.ഗോമാംസ നിരോധനത്തിന് മത, ആരോഗ്യ, ശാസ്ത്രീയ, കാര്‍ഷിക, സാമ്പത്തിക തലങ്ങളിലുള്ള  വല്ല സൈദ്ധാന്തിക പരിവേഷവും നല്‍കാന്‍ സാധിക്കുമോ എന്ന് കിണഞ്ഞ് പരിശ്രമിക്കുകയാണ് ഇന്ന് ചിലര്‍. എന്നാല്‍ ഓരോ തലങ്ങളിലും ഗോവധ നിരോധനത്തെ ന്യായീകരിക്കാന്‍ ഇവര്‍ നിരത്തുന്ന  വാദങ്ങള്‍ പൊള്ളയാണ്‌ എന്നത് ഒരു പരമാര്‍ത്ഥമാണ്.  

മതപരമായി ഗോവധ-നിരോധനം അനിവാര്യമാണ് എന്ന്  ന്യായീകരിക്കുന്നതാണ് അല്‍പകാലം മുന്‍പ് നാം കേട്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ വാദത്തില്‍ നിന്ന് വളരെ തന്ത്രപൂര്‍വമായി അതിന്‍റെ വക്താക്കള്‍ പിന്നോട്ട് പോയിട്ടുണ്ട്. മതപരമായി ഹൈന്ദവര്‍ക്ക് ഗോമാംസം നിഷിദ്ധമല്ല എന്ന് പഠിപ്പിക്കുന്ന വചനങ്ങള്‍ അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍ കാണാം:

ഋഗ്വേദത്തില്‍ ഇന്ദ്രന് വേണ്ടി നൂറ് മൂരികളെ വേവിച്ചതായി പ്രസ്താവിക്കുന്നുണ്ട്. [ഋഗ്വേദം, മണ്ഡലം 6, സൂക്തം 17 വര്‍ഗം മൂന്ന്‍].

ഡോക്ടര്‍ വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ (V Balakrishnan) സംസ്കൃതത്തില്‍ നിന്നും പരിഭാഷപ്പെടുത്തിയ 108 ഉപനിഷത്ത് എന്ന ഗ്രന്ഥത്തിലെ, ദശോപനിഷത്തുക്കളിലെ, ബൃഹദാരണ്യകോപനിഷത്തില്‍, ആറാം അദ്ധ്യായത്തില്‍ സന്താനോല്പാദനം ഉണ്ടാകാനുള്ള ഉപാധിയായി പരാമര്‍ശിക്കുന്നത് കാണുക: "പാണ്ഡിത്യവും വിവേകവും നിറഞ്ഞ പുത്രിയുണ്ടാകണമെന്നും ആ പുത്രി നൂറുകൊല്ലം ജീവിക്കണമെന്നും ആഗ്രഹിക്കുന്നവന്‍ എള്ള് ചേര്‍ത്ത അരി വേവിച്ച് നെയ്യ് ചേര്‍ത്ത് പുരുഷനും സ്ത്രീയും ഭക്ഷിക്കണം. പാണ്ഡിത്യം തികഞ്ഞവനും, ശ്രേയസ്സുറ്റവനും, നല്ല വാക്കുകള്‍ പറയുന്നവനുമായ പുത്രന്‍ തനിക്കുണ്ടാകണമെന്നും അവന്‍ വേദങ്ങളെല്ലാം പഠിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍, നൂറ് വര്‍ഷം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ മാംസം ചേര്‍ത്ത ഭക്ഷണം പാകം ചെയ്ത് നെയ്യ് കൂട്ടി രണ്ട് പേരും ഭക്ഷിക്കണം. മാംസം ഉക്ഷത്തിന്‍റെയോ
ഋഷഭത്തിന്‍റെയോ ആകാം" - [ബൃഹദാരണ്യകോപനിഷത്ത് : Courtesy explanation of: Shameer Kadi].
ഋഷഭം, ഉക്ഷം എന്നീ പദങ്ങള്‍ കാളക്ക് ഉപയോഗിക്കുന്ന പദങ്ങളാണ്. [https://ml.wiktionary.org/wiki/ഋഷഭംhttps://ml.wiktionary.org/wiki/ഉക്ഷം ].  ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം വായിച്ച ഒരാള്‍ കാളയിറച്ചി കഴിക്കാത്തത് കൊണ്ടാണ് സംഘി-തീവ്രവാദ ചിന്താഗതിക്കാര്‍ നല്ല വാക്ക് പറയാത്തതും, വിവേകം കാണിക്കാത്തതും എന്ന് വിലയിരുത്തിയാല്‍ കുറ്റപ്പെടുത്താനാവില്ല.  

ആരോഗ്യപരമായി മാംസം ദോശകരമാണ് എന്നതാണ് അടുത്ത ന്യായമായി കൊണ്ടുവന്നത്. എന്നാല്‍ വൈദ്യശാസ്ത്രപരമായോ ആരോഗ്യപരമായോ പഠിച്ചവര്‍ ആ വാദത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല. UK യിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ കുട്ടികളുടെ ഭക്ഷണരീതി പ്രതിപാദിക്കുന്ന ലേഖനത്തില്‍ കുട്ടികളിലെ Iron കുറവിന്‍റെ അപകടത്തെക്കുറിച്ചും അതിന്‍റെ ഉപാതികളെക്കുറിച്ചും പറയുന്നത് കാണുക:

  • Iron-deficiency anaemia may be associated with frequent infections, poor weight gain and delay in development.
  • Red meat is the best source of easily absorbable iron and can be offered to children from 6 months of age. Iron-rich foods, such as liver and red meat, are not usually popular with young children.   [http://patient.info/doctor/childhood-nutrition].
 ആവശ്യമായ അളവില്‍ ഇറച്ചി കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ഇനി ശാസ്ത്രീയമായി ഗോമാംസ നിരോധനത്തിന് വല്ല പിന്‍ബലവുമുണ്ടോ ?.

മനുഷ്യന്‍റെ പല്ലുകള്‍ മാംസാഹാരവും സസ്യാഹാരവും കഴിക്കാന്‍ ഉതകുന്ന രൂപത്തില്‍ ഉള്ളതാണ്. മാത്രമല്ല മനുഷ്യന്‍റെ  ഡൈജസ്റ്റീവ് സിസ്റ്റം അഥവാ ആമാശയ വ്യവസ്ഥ മാംസത്തെയും, സസ്യത്തെയും ഒരുപോലെ ദഹിപ്പിക്കാന്‍ ഉതകുന്ന വിധമാണ് അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്. സിംഹത്തിന് സസ്യാഹാരിയാകാന്‍ കഴിയില്ല. പശുവിന് മാംസാഹാരിയാകാനും കഴിയില്ല. കാരണം അവയുടെ ശാരീരിക വ്യവസ്ഥകള്‍ സജ്ജീകരിക്കപ്പെട്ടിരിക്കുന്നത് അതിനുതകും വിധമല്ല. എന്നാല്‍ മനുഷ്യന്‍ ഇതില്‍ നിന്നും വിഭിന്നമാണ്. അവന് രണ്ടും സാധിക്കുന്നു. അതുകൊണ്ട് മാംസം കഴിക്കുകയെന്നത്  മനുഷ്യ പ്രകൃതത്തിന്‍റെ തന്നെ ഭാഗമാണ്.

ഗോവധനിരോധനം കാര്‍ഷിക മേഖലക്ക് ഗുണം ചെയ്യും എന്നതാണ് അടുത്ത വാദം. സത്യത്തില്‍ ആളുകള്‍ തങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങളിലെ ഗോവധം അനുവദിക്കുന്ന ഉദ്ദരണികള്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ മതപരമായ ന്യായം മുന്‍നിര്‍ത്തി പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഗോ-ഭീകരര്‍ സംഘടിതമായി എടുത്ത ഒരു തീരുമാനമാണ് കാര്‍ഷികമേഖലയുടെ സംരക്ഷണം എന്ന വാദത്തില്‍ പിടിച്ച് തൂങ്ങുക എന്നുള്ളത്. എന്നാല്‍ ഗോവധ നിരോധനം കൊണ്ട് ഏറ്റവും കൂടുതല്‍ വലയുന്നത് കര്‍ഷകരാണ് എന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 

CNBC റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയില്‍ നിഥിന്‍ തരോട് എന്ന കര്‍ഷകന്‍റെ അനുഭവം പറയുന്നത് ഇങ്ങനെ: മഴമൂലം തന്‍റെ കൃഷി നശിച്ചതിനാല്‍ തന്‍റെ കാളയെ വിറ്റ്‌ പെങ്ങളുടെ വിവാഹം നടത്താം എന്നായിരുന്നു കര്‍ഷകനായ നിഥിന്‍ തരോട് കരുതിയിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നില നില്‍ക്കുന്നതിനാല്‍ ന്യായമായ വില നല്‍കുന്ന ഒരാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് അദ്ദേഹം. ഈ പടിഞ്ഞാറന്‍ തലസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയായ ഹിന്ദു നാഷണലിസ്റ്റ് വാദികളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. "എന്‍റെ സഹോദരിയുടെ കല്യാണത്തിന് ഇനി ലോണെടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല എന്നാണ്" തരോട് പറയുന്നത്. [http://www.cnbc.com/2015/03/23/spreading-beef-bans-hit-indian-farmers-traders--and-lions.html] . പൊതുവേ ഭക്ഷണക്ഷാമവും സാമ്പത്തിക മാന്ദ്യവും നേരിടുന്ന കര്‍ഷകര്‍ വരുമാനങ്ങള്‍ നിലച്ച തങ്ങളുടെ ഗോക്കളെ വെറുതെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുന്നതോടെ പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

മാംസാഹാരം നിരോധിക്കപ്പെടുന്നതോടെ സസ്യാഹാരത്തിന്‍റെ ആവശ്യകത കൂടുന്നത് സ്വാഭാവികമായും സസ്യാഹാര വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാക്കും എന്നതും, വെറും പാലിനും ചാണകത്തിനും വേണ്ടി മാത്രം ഗോക്കളെ വളര്‍ത്തുന്നത് പരിമിതപ്പെടുമ്പോള്‍ ആ രംഗത്തുള്ള കര്‍ഷകരുടെ എണ്ണം ഗണ്യമായി കുറയുമെന്നത് തൊഴിലില്ലായ്മക്ക് കാരണമാക്കുകയും ചെയ്യും. അതോടൊപ്പം ഇറച്ചി വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവരെയും അത് സാരമായി ബാധിക്കും. ഇത് സാമ്പത്തിക രംഗത്തെ വളരെ വലിയ രൂപത്തില്‍ തളര്‍ത്തുമെന്നത് യാതൊരു വിധ സംശയവും ഇല്ലാത്ത കാര്യമാണ്. അതുകൊണ്ട് കാര്‍ഷിക മേഖലക്കോ, സാമ്പത്തിക മേഖലക്കോ ഗോ-വധം യാതൊരു ഗുണവും ചെയ്യുകയില്ല എന്ന് മാത്രമല്ല അത് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. സത്യത്തില്‍ മനുഷ്യന്‍റെ ഭക്ഷ്യവ്യവസ്ഥയില്‍ ഉള്ള അവിഭാജ്യഘടകമാണ് ഗോമാംസം എന്നത് കൂടി ഗോക്കളെ മനുഷ്യന്‍ വളര്‍ത്താനും, ഏറ്റവും അനുയോജ്യമായ രൂപത്തില്‍ പ്രജനനം ചെയ്യാനുമുള്ള ഒരു കാരണമാണ്. ഇത് സാമ്പത്തിക രംഗത്ത് അല്‍പമെങ്കിലും തിരിച്ചറിവുള്ള ആര്‍ക്കും അറിയാവുന്ന കാര്യവുമാണ്.  ഗോ- വധ നിരോധനം കൊണ്ട് ഒരിക്കലും ഗോസമ്പത്തിനെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല, ഗോ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുവാനേ അത് ഇടവരുത്തൂ.

നാം ഏവരും ശ്രദ്ധിച്ച ഒരു കാര്യമാണ് ഗോ-വധ നിരോധനത്തെ അനുകൂലിച്ചുകൊണ്ട് മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാ ഗോവധ നിരോധന വാദികളും പറയാന്‍ ശ്രമിച്ചത് കാര്‍ഷിക രംഗത്തെ സംരക്ഷണം എന്ന നിലക്കാണ് തങ്ങള്‍ അതിന് ശ്രമിക്കുന്നത് എന്നാണ്. 'ഞങ്ങളുടെ ഗ്രന്ഥങ്ങളിലെ ഉദ്ദരണി നിങ്ങള്‍ വായിക്കേണ്ടതില്ല. ഇത് മതപരമായ കാര്യമല്ല. മതപരമായ കാരണത്താലുമല്ല ഞങ്ങള്‍ ഇതാവശ്യപ്പെടുന്നത്'. ഇതാണ് കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത സര്‍വ സംഘപരിവാരങ്ങളും പറയാന്‍ ശ്രമിച്ചത്. അഥവാ അവരുടെ മതത്തിലും മതഗ്രന്ഥങ്ങളിലും ഊന്നി പൂര്‍ണമായും അത് നിഷിദ്ധമാണ് എന്ന് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കില്ല എന്ന് അവര്‍ പ്രത്യക്ഷമായിത്തന്നെ അംഗീകരിക്കുന്നു. സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യം: കാര്‍ഷിക രംഗത്തെ ഇത്രമാത്രം പ്രതികൂലമായി ബാധിക്കുന്ന, ആരോഗ്യത്തിന് ഇത്രമാത്രം പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യത്തെയാണോ നിങ്ങളുടെ മത ഗ്രന്ഥം അനുവദനീയമാക്കുന്നത് ?! എന്നതാണ്.

റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന ശശികലയുടെ വാക്കുകള്‍ നമുക്ക് വിലയിരുത്താം: "വേദങ്ങളില്‍ എന്ത് പറഞ്ഞു എന്നുള്ളത് പറയാനും ചര്‍ച്ച നടത്താനുമുള്ള ഒരു സമയവും സന്ദര്‍ഭവും അല്ലിത്. .. (അതായത് വേദങ്ങളില്‍ എന്ത് പറഞ്ഞു എന്നതല്ല ഗോ-വധ നിരോധനത്തെ മുന്‍നിര്‍ത്തി തങ്ങളുടെ ഫാസിസ്റ്റ് അജണ്ട മുന്നോട്ട് വെക്കുക എന്നതാണ് ലക്ഷ്യം എന്ന് ബുദ്ധിയുള്ള ഏതൊരുവനും ആ വരികള്‍ക്കിടയില്‍ വായിക്കാം).  വേദങ്ങളില്‍ പുറമെ കാണുന്ന സാമാന്യ അര്‍ഥങ്ങള്‍ അല്ല ഉള്ളത് എന്നത് വേദങ്ങളെ പറ്റി പഠിക്കുന്നവര്‍ക്ക് അറിയാം. പുറമെ കാണുന്ന അര്‍ത്ഥമല്ല വേദങ്ങളിലെ ഓരോ വാക്കുകള്‍ക്കും സ്ലോകങ്ങള്‍ക്കും ഉള്ളത്. (ഇത്ര വ്യക്തമായി പ്രതിപാദിചിട്ടും അതിന് ഒരു ആന്തരിക അര്‍ഥം ഉണ്ടെങ്കില്‍ അത് എന്ത് എന്ന് ഇവര്‍ വ്യക്തമാക്കണ്ടേ. ആ അര്‍ഥം മുന്‍കാലങ്ങളില്‍ ആരെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ലേ ?). അതൊക്കെ സന്ദര്‍ഭാനുസരണം എടുത്ത് എങ്ങനെയാണോ അതിനെ അപനിര്‍മിക്കേണ്ടത് ആ നിലക്ക് എടുക്കുകയാണ്. (അതായത് അതിന് വേദപണ്ഡിതന്മാരോ മറ്റോ നല്‍കുന്ന അര്‍ത്ഥം നിങ്ങള്‍ നോക്കേണ്ടതില്ല. അതെല്ലാം സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് ഞങ്ങള്‍ അപനിര്‍മിച്ചുകൊള്ളും). ഇനി വേദങ്ങളില്‍ എന്ത് പറഞ്ഞു ഇതിഹാസങ്ങളില്‍ എന്ത് പറഞ്ഞു എന്ന് നോക്കിക്കൊണ്ടല്ല ഹൈന്ദവ സംഘടനകള്‍ സംസാരിക്കുന്നത്. (അത് നേരത്തെ ബോധ്യമുണ്ട് എങ്കിലും, നിങ്ങളുടെ വേദങ്ങള്‍ക്കെതിരായാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന ബോധ്യം നിങ്ങള്‍ക്കും ഉണ്ട് എന്നത് മനസിലാക്കാന്‍ സാധിച്ചത് ഇപ്പോഴാണ്. ഈ വാക്ക് ഒരര്‍ത്ഥത്തില്‍ അവരുടെ നാവില്‍ നിന്ന് അടര്‍ന്നു വീണതാണ്. പക്ഷെ മതത്തെയും മത വികാരത്തെയും മുന്‍നിര്‍ത്തി മുതലെടുക്കുന്ന ഇവരുടെ ഗൂഡതന്ത്രത്തെ പരസ്യമായി വെളിവാക്കുന്നതാണ് ആ വാക്കുകള്‍. സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു ചോദ്യം: നിങ്ങള്‍ പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് നയങ്ങള്‍ പറയുന്നത്. നിങ്ങള്‍  എന്ത് ലക്ഷ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതാണ് ?). ഈ രാഷ്ട്രത്തിന് യോജിച്ചതെന്ത് എന്ന് നോക്കിക്കൊണ്ടാണ്. അതിന് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ്. വേദങ്ങള്‍ ശാശ്വതമായ സത്യങ്ങളാണെങ്കിലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ചാണ്. (അഥവാ കൈപ്പ് കാരണം ഇറക്കാനും വയ്യ. മധുരം കാരണം തുപ്പാനും വയ്യ എന്ന അവസ്ഥയാണ്. അതിന് കാലാനുസൃതമായ മാറ്റങ്ങള്‍  വരുത്തുന്നുവത്രേ ... ശാശ്വത സത്യം - കാലാനുസൃതമായ മാറ്റം രണ്ടും കൂടി നടക്കുമോ ?.).  ഗോമാംസം ഒഴിവാക്കേണ്ടതാണ് എന്ന് പറഞ്ഞതിന്.. അതീ ചര്‍ച്ചയില്‍ നമുക്ക് സമയമില്ല.. അതിന് സാമ്പത്തികമായും ഇവിടത്തെ കാര്‍ഷിക വൃത്തിയുമായും ഒക്കെ ഒരു ബന്ധമുണ്ട്. (അതിന്‍റെ യഥാര്‍ത്ഥ വസ്തുത നേരത്തെ വ്യക്തമാക്കിയതാണ്. സാമ്പത്തിക രംഗത്തിനും, കാര്‍ഷിക വൃത്തിക്കും, ആരോഗ്യരംഗത്തിനും, ഭക്ഷ്യ സമ്പത്തിനും എല്ലാം ഗോവധ നിരോധനം പ്രതികൂലമായി ബാധിക്കും എന്ന് ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തിയിട്ടും ഇക്കൂട്ടര്‍ക്ക് മാത്രം മനസ്സിലായിട്ടില്ല. വിവേകമുണ്ടാകണമെങ്കില്‍ കാളയിറച്ചി കഴിക്കണം എന്നാണല്ലോ ദശോപനിഷത്തില്‍ പറയുന്നത്. ഒരുപക്ഷെ അതിന്‍റെ  കുറവാകും).

ഇതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം യഥാര്‍ത്ഥത്തില്‍ ഹൈന്ദവ വേദങ്ങളില്‍ പശുവിനെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷയെ സംബന്ധിച്ചും, പശുവിനെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷയെ സംബന്ധിച്ചും പ്രതിപാദിക്കുന്ന ഇടങ്ങളും ഉണ്ട്. ധാരാളം വൈരുദ്ധ്യങ്ങള്‍ ഇത് സംബന്ധമായി കാണാന്‍ സാധിക്കും.
ബ്രാഹ്മണന്‍റെ പശുവിന് പ്രത്യേക പരിഗണനയും, അതിനെ ആദരിക്കാത്തവനുള്ള ശിക്ഷയും പരാമര്‍ശിക്കുന്ന ഭാരതീയ കൃതികളും കാണാം. വംശീയ - ജാതി വെറിയുടെ കടിഞ്ഞാണായി മേല്‍ജാതിക്കാര്‍ അന്നും ഗോക്കളെ ഉപയോഗിച്ചിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. [The Myth of the Holy Cow. Author: Dwijendra Narayan Jha ]. 

ഇനി ഒരു ജീവിയെ വധിക്കുക എന്നതാണ് അതില്‍ നിലകൊള്ളുന്ന പ്രശ്നമെങ്കില്‍ മനുഷ്യന് യഥാര്‍ത്ഥത്തില്‍ ശ്വസിക്കാന്‍ പോലും സാധിക്കുകയില്ല. കാരണം അവന്‍ ശ്വസിക്കുമ്പോള്‍ വായുവില്‍ അടങ്ങിയിട്ടുള്ള സൂക്ഷ്മ ജീവികള്‍ സംഹരിക്കപ്പെടുന്നുണ്ട് എന്നത് നമുക്കറിയാമല്ലോ. മാത്രമല്ല സസ്യങ്ങള്‍ക്ക് പോലും അനുഭവങ്ങളുണ്ട് എന്ന് കണ്ടെത്തിയ ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ ഇനി സ്വയം ജീവനൊടുക്കണമെന്ന് ഇവര്‍ തിട്ടൂരം പുറപ്പെടുവിക്കുമോ ആവോ ?!..   

ഏതായാലും യാതൊരുവിധ അടിസ്ഥാനവും ഗോവധ നിരോധനത്തിന് ഇല്ല എന്നത് വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്ന ഒരു വചനം ഇവിടെ വളരെ പ്രസക്തമാണ് :


فَوَيْلٌ لِلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَذَا مِنْ عِنْدِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ

"എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ (സൃഷ്ടാവില്‍ നിന്ന്)  ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു ( അവരിത്‌ ചെയ്യുന്നത്‌. ) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക്‌ നാശം". -[അല്‍ബഖറ: 79]. 

വേദഗ്രന്ഥങ്ങള്‍ കെട്ടിച്ചമച്ചും, അവയെ വളച്ചൊടിച്ചും സ്വതാല്പര്യങ്ങള്‍ക്ക് വേണ്ടി മതസ്പര്‍ദ്ധയും അക്രമങ്ങളും അഴിച്ചുവിടുന്നവരെ തിരിച്ചറിയുക. മനുഷ്യജീവനാണ് ഗോക്കളുടെ ജീവനേക്കാള്‍  പ്രധാനമെന്ന സാമാന്യ തിരിച്ചറിവെങ്കിലും ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്ന് ലോകം പരിതപ്പിക്കുന്നുണ്ടാകണം.

മനുഷ്യകുലത്തിന്‍റെ ഇഹപര വിജയത്തിനുള്ള ഒരു മാര്‍ഗം കൂടി സൂചിപ്പിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:

يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌". - [അല്‍ബഖറ: 21].

അതുപോലെ അവന്‍ പറഞ്ഞു:
قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئًا وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ
"( നബിയേ, ) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌). എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങളവരോട്  പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക."- [ആലു ഇംറാന്‍: 64].