Sunday, October 18, 2015

മരണം നടന്നാല്‍ അവിടെ സന്നിഹിതരായവര്‍ക്കും മറ്റും അനുവദിക്കപ്പെട്ട കാര്യങ്ങള്‍. [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 4].




الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛


(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).
ما يجوز للحاضرين وغيرهم

മരണം നടന്നാല്‍ അവിടെ സന്നിഹിതരായവര്‍ക്കും മറ്റും അനുവദിക്കപ്പെട്ട കാര്യങ്ങള്‍:
www.fiqhussunna,com

 അവര്‍ക്ക് മയ്യിത്തിന്റെ മുഖത്തെ മറ നീക്കി ഇരുകണ്ണുകള്‍ക്കുമിടയിലായി (നെറ്റിയില്‍) ചുംബിക്കാം. കാരണം നബി() യുടെ വഫാത്തിനു ശേഷം അബൂബകര്‍ (റ) അദ്ദേഹത്തെ അപ്രകാരം  ചുംബിച്ചിട്ടുണ്ട്. അതുപോലെ മൂന്ന്‍ ദിവസം വരെ മരണപ്പെട്ടയാളെയോര്‍ത്ത് കരയാം.

(ഇവിടെ കരയുക എന്നത് അല്ലാഹുവിന്‍റെ വിധിയെ പഴിച്ചുകൊണ്ടും, ആ വിധിയിലുള്ള അതൃപ്തിയാലുമുള്ള നിഷേധത്തിന്‍റെ  കരച്ചിലല്ല. സ്വാഭാവികമായും ഒരു ഒരാള്‍ മരണപ്പെട്ടാല്‍ അവരുടെ ബന്ധുമിത്രാതികള്‍ക്ക് ഉണ്ടാകുന്ന ദുഃഖമാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നാല്‍ വിധിയെ പഴിച്ചുകൊണ്ടും, അതില്‍ അതൃപ്തി കാണിച്ചുകൊണ്ടും കരയുക എന്നുള്ളത് വിലക്കപ്പെട്ടതാണ്. ഒരു പക്ഷെ അതില്‍ അതിരുകവിയുന്നത് കുഫ്റിലേക്ക് വരെ എത്തിച്ചേക്കാം, ശബ്ദമുയര്‍ത്തിക്കൊണ്ട് വാവിട്ടുകരയുന്നതും റസൂല്‍() വിരോധിച്ചിട്ടുണ്ട്. എന്നാല്‍ വിയോഗത്തിലുള്ള ദുഃഖത്താല്‍ കണ്ണീര്‍പ്പൊഴിക്കുക എന്നതേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. അത് തുടര്‍ന്നുള്ള ഹദീസില്‍ നിന്നും വ്യക്തമാണ് -വിവര്‍ത്തകന്‍.).

ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عن عائشة رضي الله عنها قالت: أقبل أبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل على المسجد، وعمر يكلم الناس، فلم يكلم الناس حتى دخل على عائشة رضي الله عنها، فتيمم النبي صلى الله عليه وسلم وهو مسجى ببردة جرة، فكشف عن وجهه، ثم أكب عليه فقبله بين عينيه، ثم بكى فقال: بأبي أنت وأمي يا نبي الله ، لا يجمع الله عليك موتتين، أما الموتة التي عليك فقد متها، وفي رواية: بلقد مت الموتة التي لا تموت بعدها.

ആഇശ (റ) യില്‍ നിന്നും നിവേദനം. അവര്‍ പറഞ്ഞു: "സുന്‍ഹ് പ്രദേശത്തെ തന്‍റെ വീട്ടില്‍ നിന്നും അബൂ ബക്കര്‍(റ) കുതിരപ്പുറത്ത് കയറിക്കൊണ്ട് വരുകയുണ്ടായി. താഴെ ഇറങ്ങിയ ശേഷം അദ്ദേഹം പള്ളിയിലേക്ക് പ്രവേശിച്ചു. അപ്പോള്‍ ഉമറുബ്നുല്‍ ഖത്താബ് (റ) ആളുകളുമായി സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആരോടും  സംസാരിക്കാതെ ആഇശ (റ) യുടെ അരികിലേക്ക് പ്രവേശിച്ചു. (യമനില്‍ നിന്നുള്ള) ഹിബറ പുതപ്പ് കൊണ്ട് മൂടപ്പെട്ട് കിടക്കുന്ന റസൂല്‍() യെ ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി. റസൂല്‍()യുടെ  മുഖത്ത് നിന്നും പുതപ്പ് നീക്കി. ശേഷം അദ്ദേഹത്തിലേക്ക് കുനിഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍ക്കുമിടയിലായി ചുംബിച്ചു. ശേഷം അദ്ദേഹം കരഞ്ഞുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: "എന്‍റെ ഉപ്പക്കും ഉമ്മക്കും പകരം അങ്ങാണ് യാ നബിയ്യല്ലാഹ്.. (ഇത് അറബി ഭാഷയില്‍ അങ്ങേയറ്റത്തെ സ്നേഹവും ആദരവും സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ്. അങ്ങേക്ക് വേണ്ടി എനിക്കേറ്റവും ഇഷ്ടപ്പെട്ടവരെ പകരം നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന അര്‍ത്ഥത്തില്‍ ഉള്ള ഭാഷാപ്രയോഗം). അങ്ങേക്ക് അല്ലാഹു രണ്ട് മരണം നല്‍കുകയില്ല. താങ്കളുടെ മേല്‍ (അല്ലാഹു വിധിച്ച) മരണം അങ്ങ് മരണപ്പെട്ടിരിക്കുന്നു.  മറ്റൊരു റിപ്പോര്‍ട്ടില്‍: ഇനി ശേഷമൊരു മരണമില്ലാത്ത മരണം അങ്ങ് മരിച്ചിരിക്കുന്നു. എന്നും കാണാം." - [സ്വഹീ ഹുല്‍ ബുഖാരി: 3/89].

അനസ് (റ) വിന്റെ ഹദീസില്‍ ഇപ്രകാരം കാണാം.


عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: دَخَلْنَا مَعَ رَسُولِ اللَّهِ -صلى الله عليه وسلم- عَلَى أَبِي سَيْفٍ  وَكَانَ ظِئْرًا لإِبْرَاهِيمَ عَلَيْهِ السَّلاَمُ، فَأَخَذَ رَسُولُ اللَّهِ -صلى الله عليه وسلم- إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ، ثُمَّ دَخَلْنَا عَلَيْهِ بَعْدَ ذَلِكَ، وَإِبْرَاهِيمُ يَجُودُ بِنَفْسِهِ، فَجَعَلَتْ عَيْنَا رَسُولِ اللَّهِ -صلى الله عليه وسلم- تَذْرِفَانِ. فَقَالَ لَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ رضي الله عنه : وَأَنْتَ يَا رَسُولَ اللَّهِ ؟!، فَقَالَ: يَا ابْنَ عَوْفٍ إِنَّهَا رَحْمَةٌ ،  ثُمَّ أَتْبَعَهَا بِأُخْرَى فَقَالَ -صلى الله عليه وسلم- : إِنَّ الْعَيْنَ تَدْمَعُ، وَالْقَلْبَ يَحْزَنُ، وَلاَ نَقُولُ إِلاَّ مَا يَرْضَي رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ.

അനസ് (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറയുന്നു:
"ഞങ്ങള്‍ റസൂല്‍() യുടെ കൂടെ അബൂ സൈഫിന്‍റെ അരികില്‍ പ്രവേശിച്ചു. അദ്ദേഹം നബി() യുടെ മകന്‍ ഇബ്റാഹീം അലൈഹിസ്സലാമിന്‍റെ മുലകുടി ബന്ധത്തിലുള്ള പിതാവായിരുന്നു. റസൂല്‍() ഇബ്രാഹീമിനെ എടുത്ത് വാരിപ്പുണരുകയും ചുംബിക്കുകയും (ഇബ്രാഹീമിന്‍റെ സുഗന്ധം) ആസ്വദിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ ശേഷം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അരികിലേക്ക് വീണ്ടും പ്രവേശിച്ചു: അപ്പോള്‍ ഇബ്റാഹീം മരണവെപ്രാളത്തിലായിരുന്നു. റസൂല്‍() യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി. അപ്പോള്‍ അബ്ദു റഹ്മാനുബ്നു ഔഫ്‌ (റ) അദ്ദേഹത്തോട് പറഞ്ഞു: " അല്ലാഹുവിന്‍റെ റസൂലേ അങ്ങ് (കരയുകയോ) ?. റസൂല്‍() പറഞ്ഞു: അല്ലയോ ഇബ്നു ഔഫ്‌, അത് കാരുണ്യത്തിന്‍റെ (കണ്ണുനീരാണ്). ശേഷം തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: "കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നു, ഹൃദയം ദുഃഖത്താല്‍ വിങ്ങിപ്പൊട്ടുന്നു. പക്ഷെ നാം നമ്മുടെ റബ്ബിന് തൃപ്തികരമാല്ലാത്ത ഒന്നും തന്നെ പറയുകയില്ല.  തീര്‍ച്ചയായും ഇബ്റാഹീം.. നിന്‍റെ വിയോഗത്തില്‍ ഞങ്ങള്‍ ദു:ഖിതരാണ്." - [സ്വഹീഹുല്‍ ബുഖാരി: 3/35, (متفق عليه)].

(ഈ ഹദീസിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ അബ്ദുറഹ്മാന്‍ ബ്നു ഔഫ്‌ (റ) റസൂല്‍() യോട് ഇപ്രകാരം ചോദിച്ചതായിക്കാണാം: അലാഹുവിന്‍റെ റസൂലേ, അങ്ങ് കരയുകയോ, അപ്പോള്‍ അങ്ങ് കരയുന്നത് വിലക്കിയിട്ടില്ലേ ?!. ആ സന്ദര്‍ഭത്തില്‍ റസൂല്‍() അദ്ദേഹത്തിന് അനുവദനീയമായ കരച്ചിലും, നിഷിദ്ധമാക്കപ്പെട്ട കരച്ചിലും വിശദീകരിച്ച് കൊടുത്തു. അതില്‍ നിന്നും മനസ്സിലാക്കാം, അല്ലാഹുവിന്‍റെ വിധിയെക്കുറിച്ച് മോശമായി സംസാരിക്കാതെ, അനാവശ്യവാക്കുകള്‍ പറയാതെ, വാവിട്ട് കരയാതെ, മാന്യമായി കരയുകയും കണ്ണുനീര്‍ പോഴിക്കുകയും ചെയ്യുന്നത് അല്ലാഹു മനുഷ്യരില്‍ നിക്ഷേപിച്ച കാരുണ്യത്തിന്‍റെ ഭാഗമാണ്. അതില്‍ തെറ്റില്ല. അത് മനുഷ്യസഹചം മാത്രമാണ് - വിവര്‍ത്തകന്‍). 

അതുപോലെ ജഅഫര്‍ (റ) വിന്‍റെ ഹദീസില്‍ ഇപ്രകാരം കാണാം:


عن عبد الله بن جعفر رضي الله عنه: " أن النبي صلى الله عليه وسلم أمهل آل جعفر ثلاثا أن يأتيهم، ثم أتاهم فقال: لا تبكوا على أخي بعد اليوم.."

അബ്ദുല്ലാഹിബ്നു ജഅഫര്‍ (റ) നിവേദനം: " നബി() ജഅഫര്‍ കുടുംബത്തിന്. അവരെ വിലക്കിക്കൊണ്ട് അവരുടെ അരികിലേക്ക് വരാതെ, മൂന്ന്‍ ദിവസത്തെ സാവകാശം കൊടുത്തു. മൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം അവരുടെ അരികില്‍ വന്നുകൊണ്ട്‌ പറഞ്ഞു: "എന്‍റെ സഹോദരന്‍റെ മേല്‍ ഇന്ന്‍ മുതല്‍ നിങ്ങള്‍ കരയരുത് " - [അബൂദാവൂദ്: 2/124, നസാഇ: 2/292. അല്‍ബാനി: 'ഇത് ഇമാം മുസ്‌ലിം റഹിമഹുല്ലയുടെ നിബന്ധനകള്‍ പ്രകാരം സ്വഹീ ഹ് ആണ്'].  

തഅ്സിയ (അഥവാ ദുഖാചരണവുമായി ബന്ധപ്പെട്ട) ഭാഗത്ത് ഈ ഹദീസിന്‍റെ പൂര്‍ണരൂപം വരുന്നുണ്ട്. إن شاء الله
---------------------------------------------------------------------------------------

(Translated by : Abdu Rahman Abdul Latheef. ഈ വിവര്‍ത്തനം അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് ഉപയോഗിക്കരുത്.)
കഴിഞ്ഞ ഭാഗങ്ങള്‍:


1 - രോഗി പാലിക്കേണ്ട കാര്യങ്ങള്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 1].


2- ‘തല്‍ഖീനുല്‍ മുഹ്തളര്‍’ അഥവാ മരണാസന്നനായ ആള്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കല്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 2].

 3- മരണം സംഭവിച്ചാല്‍ അവിടെ സന്നിഹിതരായവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 3].