Wednesday, March 16, 2016

സ്ത്രീ ഡോക്ടർമാർക്ക് ആൺകുട്ടികളുടെ ചേലാകർമം നിർവഹിക്കാമോ ?.


ചോദ്യം: സ്ത്രീ ഡോക്ടർമാർക്ക് ആൺകുട്ടികളുടെ ചേലാകർമം നിർവഹിക്കാമോ ?.

www. fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

കഴിവുള്ള സ്ത്രീ ഡോക്ടർമാർക്ക് ചെറുപ്രായത്തിലുള്ള കുട്ടികളുടെ ചേലാകർമം നിർവഹിക്കാം എന്നാൽ തിരിച്ചറിവ് എത്തിയ മുതിർന്ന കുട്ടികളുടേത് പുരുഷ ഡോക്ടർമാർ  തന്നെയാണ് നിർവഹിക്കേണ്ടത്.

Tuesday, March 15, 2016

ട്വിന്‍സില്‍ രോഗമുക്തമായ ഭ്രൂണത്തെ രക്ഷിക്കാന്‍ രോഗിയായ ഭ്രൂണത്തെ നീക്കം ചെയ്യാമോ ?




ചോദ്യം:  ഞാന്‍ ചികിത്സിക്കുന്ന ഒരു ഗര്‍ഭിണിക്ക് ട്വിന്‍സ് അഥവാ ഇരട്ടക്കുട്ടികള്‍ ആണ് ഉള്ളത്.  പക്ഷെ Twin to Twin Transfusion Syndrome ഉള്ളതിനാല്‍ അതില്‍ ഒരു കുഞ്ഞ് രോഗിയാണ്.  ഒരു കുഞ്ഞ് രോഗിയും മറ്റൊരു കുഞ്ഞ് രോഗമുക്തവുമാണ്. രോഗിയായ കുഞ്ഞ് രോഗിയല്ലാത്ത കുഞ്ഞില്‍ നിന്നും അമിതമായ രൂപത്തില്‍ ബ്ലഡ് എടുക്കുന്നതിനാല്‍ രണ്ട് കുഞ്ഞുങ്ങളെയും നിലനിര്‍ത്തുന്നത് ഇരുവരുടെയും മരണത്തിലേക്ക് നയിക്കും. കാരണം രോഗിയല്ലാത്ത കുഞ്ഞിന്‍റെ വളര്‍ച്ച ഗണ്യമായി കുറയാന്‍ അത് കാരണമാക്കുന്നു. രോഗിയായ കുഞ്ഞാകട്ടെ ഇനി സാധാരണ നിലക്ക് പ്രസവിക്കപ്പെട്ടാല്‍ പോലും ജീവിക്കുകയുമില്ല. കാരണം ആ കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങളില്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. ഈ ഒരു സാഹചര്യത്തില്‍ രോഗിയായ കുട്ടിയെ നീക്കം ചെയ്‌താല്‍, രോഗമുക്തമായ കുട്ടിക്ക് ജീവിക്കാം. എന്നാല്‍ രണ്ടു പേരെയും നിലനിര്‍ത്തുന്നത് രണ്ടു പേരുടെയും മരണത്തിന് ഇടയാക്കുകയും ചെയ്യും. ഇത്തരം ഒരു സാഹചര്യത്തില്‍ രോഗബാധിതനായ ഭ്രൂണത്തെ നീക്കം ചെയ്ത് രോഗബാധിതമല്ലാത്ത ഭ്രൂണത്തെ രക്ഷപ്പെടുത്താന്‍ പാടുണ്ടോ ?. ഗര്‍ഭത്തിന് ഏകദേശം അഞ്ചു മാസം പിന്നിട്ടു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. 

www.fiqhussunna.com

ഉത്തരം: അടിസ്ഥാനപരമായി ഗര്‍ഭം അലസിപ്പിക്കാന്‍ പാടില്ല. ഭ്രൂണത്തില്‍ റൂഹ് ഊതപ്പെട്ട് കഴിഞ്ഞാല്‍, അതായത് ഹുദൈഫ ബിന്‍ അസീദ് (റ) വില്‍ നിന്നും വന്ന സ്വഹീഹായ ഹദീസ് പ്രകാരം 40 ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ കുഞ്ഞിന് റൂഹ് ഉണ്ട്. ഇതാണ് മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ള തീരുമാനം. അത് നേരത്തെ നല്‍കിയിട്ടുള്ള മറുപടികളില്‍ വിശദീകരിക്കപ്പെട്ടതാണ്. നാല്പത് ദിവസം പിന്നിട്ടാല്‍ രോഗ കാരണത്താലോ, വൈകല്യങ്ങള്‍ കാരണത്താലോ കുഞ്ഞിനെ നീക്കം ചെയ്യാന്‍ പാടില്ല. അപ്രകാരം ചെയ്യുന്ന പക്ഷം രണ്ട് മാസം നോമ്പെടുക്കുകയെന്ന  പ്രായശ്ചിത്തവും, 26.5 പവന്‍ സ്വര്‍ണം ഈ കൊലപാതകത്തില്‍ പങ്കില്ലാത്ത, ആ കുഞ്ഞിന്‍റെ അനന്തരാവകാശികള്‍ക്ക് നല്‍കുക എന്ന നഷ്ടപരിഹാരവും നിര്‍ബന്ധമായിത്തീരും.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയം ഒരു പ്രത്യേക വിഷയമാണ്. രണ്ട് ഭ്രൂണങ്ങളുണ്ട്‌. രണ്ടു ഭ്രൂണങ്ങളും നിലനിര്‍ത്തുന്നത് ഇരുവരും മരിക്കാന്‍ ഇടവരുത്തും എന്ന് വ്യത്യസ്ഥ തലങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തെളിഞ്ഞതായി നേരിട്ട് താങ്കള്‍ അറിയിച്ചുവല്ലോ. എന്നാല്‍ രോഗബാധിതനായ കുഞ്ഞിനെ നീക്കം ചെയ്‌താല്‍ അതില്‍ രോഗമുക്തമായ  ഭ്രൂണം ജീവിക്കാനിടയുണ്ട്. അഥവാ രണ്ട് വഴികളാണ് നമ്മുടെ മുന്നില്‍ ഉള്ളത്. ഒന്ന്: രണ്ട് പേരും മരിക്കുക. മറ്റൊന്ന് രോഗബാധിതനായ, ഇനി നോര്‍മല്‍ കേസില്‍ ജനിച്ചാല്‍ പോലും ജീവിക്കാന്‍ സാധ്യതയില്ലാത്ത ഭ്രൂണത്തെ നീക്കം ചെയ്യുക വഴി ഒരു ഭ്രൂണത്തെ രക്ഷപ്പെടുത്തുക. ഇതാണ് നമുക്ക് മുന്‍പിലുള്ള വിഷയം. പണ്ഡിതോചിതമായ ഫിഖ്ഹീ ചര്‍ച്ചകളും, പണ്ഡിതസഭകള്‍ എടുത്ത തീരുമാനങ്ങളും വിലയിരുത്തിയാണ് മെഡിക്കല്‍ ഡസ്ക് ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കാറുള്ളത്. എന്നാല്‍ ഈ വിഷയം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടതായി കാണാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടു പേരില്‍ ഒരാളെ രക്ഷിക്കാന്‍ മരിക്കുമെന്ന് ഉറപ്പുള്ള ഭ്രൂണത്തെ നീക്കം ചെയ്യുന്ന വിഷയം മാതാവിന്‍റെ ജീവനുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: "ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ ഒരു കാരണവശാലും അതിനെ നീക്കം ചെയ്യാന്‍ പാടില്ല ............. നാല്പത് ദിവസം പിന്നിട്ടാല്‍ വിശ്വസ്ഥരായ ഡോക്ടര്‍മാരുടെ ഒരു സമിതി ചേര്‍ന്ന് ഗര്‍ഭം തുടരുന്നത് മാതാവിന്‍റെ ജീവന് ഭീഷണിയാണ് എന്നും, ആ ഗര്‍ഭം തുടരുന്നത് കാരണത്താല്‍ അവര്‍ മരിച്ചു പോകാന്‍ ഇടയുണ്ടെന്നും  സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലല്ലാതെ  അത് നീക്കം ചെയ്യാന്‍ പാടില്ല." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].

ഈ അവസ്ഥക്ക് ഉസൂലുല്‍ ഫിഖ്ഹില്‍ تعارض المفسدتان , രണ്ട് വ്യത്യസ്ഥ ഉപദ്രവങ്ങള്‍ സംജാതമാകുക എന്നാണ്‌ പറയുക. സംഭവിക്കുമെന്ന് ഉറപ്പായ രണ്ട് ഉപദ്രവങ്ങളില്‍ ഒന്ന് കൂടിയതും ഒന്ന് കുറഞ്ഞതും ആണ് എന്ന് വന്നാല്‍ അവിടെ ബാധകമാകുന്ന ഒരടിസ്ഥാന തത്വമുണ്ട്:  إذا تعارضت المفسدتان روعي أعظمهما ضررا بارتكاب أخفهما 'രണ്ട് ഉപദ്രവങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉറപ്പായും സംഭവിക്കും എന്ന് വന്നാല്‍, ചെറിയ ഉപദ്രവം കൊണ്ട് വലിയ ഉപദ്രവത്തെ തടയുക'. ഉസ്വൂലുല്‍ ഫിഖ്ഹിലെ ഈ തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് മാതാവിന്‍റെ മരണത്തിന് ഇടയാക്കും വിധമുള്ള ഭ്രൂണമാണ് എങ്കില്‍, സ്വാഭാവികമായും രണ്ടുപേരും മരിക്കുന്ന അവസ്ഥ ഒഴിവാക്കി ഒരാളെയെങ്കിലും രക്ഷിക്കുക എന്ന നിലക്ക് ആ ഭ്രൂണത്തെ നീക്കം ചെയ്യാം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞത്.

അതുകൊണ്ടുതന്നെ നമുക്ക് മുന്നിലുള്ള വിഷയത്തിലും സമാനമായ അവസ്ഥയാണ്. രോഗമുക്തമായ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന നിലക്ക് ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത, എന്തായാലും മരിക്കും എന്ന് ഉറപ്പുള്ള കുഞ്ഞിനെ നീക്കം ചെയ്യാവുന്നതാണ് എന്നതാണ് പ്രാഥമികമായി മനസ്സിലാക്കാന്‍ സാധിച്ചത്. അത്യധികം ഗൗരവപരവും അല്ലാഹുവിന്‍റെ മുന്നില്‍ മറുപടി പറയേണ്ടി വരുകയും ചെയ്യുന്ന ഉത്തരവാദിത്വമായതിനാല്‍ത്തന്നെ ഈ വിഷയത്തിലെ മതപരമായ തീരുമാനം ഉറപ്പ് വരുത്തുന്നതിനായി മെഡിക്കല്‍ ഡെസ്ക് പല പണ്ഡിതന്മാരുമായും ബന്ധപ്പെട്ടിരുന്നു. അതില്‍ മൂന്ന്‍ പേരാണ് വിഷയത്തില്‍ പ്രതികരണമറിയിച്ചത്. പ്രതികരണമറിയിച്ച ഡോ. സലീം ബ്ന്‍ ഈദ് അല്‍ ഹിലാലി ഹഫിദഹുല്ല, ഡോ. ഹമദ് ബ്ന്‍ മുഹമ്മദ്‌ അല്‍ ഹാജിരി ഹാഫിദഹുല്ല, ഡോ. റിയാദ് അല്‍ ഖുലൈഫി ഹഫിദഹുല്ല എന്നീ മൂന്ന് പേരും മേല്‍പറയപ്പെട്ട സാഹചര്യത്തില്‍ 'ചെറിയ ഉപദ്രവം കൊണ്ട് വലിയ ഉപദ്രവത്തെ തടയുക' എന്ന തത്വപ്രകാരം രോഗബാധിതനായ ഭ്രൂണത്തെ നീക്കം ചെയ്യാം എന്നാണ് അറിയിച്ചത്. 

രണ്ട് പേരെയും നിലനിര്‍ത്തുന്നത് ഇരുവരുടെയും മരണത്തിന് ഇടയാക്കുമെന്നും, മരണമുറപ്പുള്ളതിനെ നീക്കം ചെയ്യുന്നത് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഇടവരുത്തുമെന്നും ഉള്ളതുകൊണ്ട് രോഗബാധിതനല്ലാത്ത കുട്ടിയെ രക്ഷപ്പെടുത്തുക എന്ന നിലക്ക് മാത്രമാണ് ഈ മറുപടി നല്‍കിയത് എന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. ഒരുപക്ഷെ ഇത്തരം സാഹചര്യത്തില്‍ ഉള്ളതല്ലാത്ത, എന്നാല്‍ രോഗബാധിതരും ജനിച്ചാലും മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ ഭ്രൂണങ്ങളെ കൊലപ്പെടുത്താന്‍ ഈ മറുപടിയെ ചിലര്‍ ദുരുപയോഗം ചെയ്തേക്കാം എന്നതിനാലാണ് ഇതിവിടെ ഓര്‍മ്മപ്പെടുത്തിയത്‌. കാരണം പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ തങ്ങള്‍ പ്രതീക്ഷിച്ച മറുപടി ലഭിക്കില്ല എന്നതിനാല്‍ മെഡിക്കല്‍ ഡസ്കുമായി ബന്ധപ്പെടാതെ സ്വയം തീരുമാനമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാരുടെ വിഷയത്തില്‍ മെഡിക്കല്‍ ഡസ്ക് യാതൊരു നിലക്കും ഉത്തരവാദികള്‍ അല്ല. സമാനമായ സാഹചര്യമാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ കൂടി, അത് ഉറപ്പ് വരുത്താന്‍  മെഡിക്കല്‍ ഡസ്കുമായി നിങ്ങള്‍ ബന്ധപ്പെടേണ്ടതുണ്ട്. 

കേസ് റിസള്‍ട്ട്: ഈ നിര്‍ദേശം രക്ഷിതാക്കളെ ഡോക്ടര്‍ അറിയിച്ചിട്ടും അവര്‍ മറ്റൊരു ഡോക്ടറെ സമീപിച്ച് രണ്ട് കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞതായി മെഡിക്കല്‍ ഡെസ്കിന് പിന്നീട് അറിയാന്‍ സാധിച്ചു. എത്ര നികൃഷ്ടമാണ് മനുഷ്യ മനസുകള്‍. നാളെ ഈ കുഞ്ഞുങ്ങള്‍ വന്ന്‍ അല്ലാഹുവിന്‍റെ മുന്നില്‍ വച്ച് ഇവരെ ചോദ്യം ചെയ്യുമ്പോള്‍ മറുപടി പറയാന്‍ സാധിക്കുമോ ?! .. ഈ പ്രവര്‍ത്തിയില്‍ മെഡിക്കല്‍ ഡസ്ക് അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു. ആ കുഞ്ഞുങ്ങള്‍ സ്വയം മരിച്ചിരുന്നെങ്കില്‍ പോലും അതവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള കാരണമാകുമായിരുന്നു നബി (സ) പറഞ്ഞു: 

(أيما امرأة مات لها ثلاثة من الولد كانوا حجابا من النار)  . قالت : امرأة : واثنان ؟ قال : (واثنان)

"ഏതെങ്കിലും ഒരു സ്ത്രീക്ക് മൂന്ന്‍ കുട്ടികള്‍ മരണപ്പെടുന്ന പക്ഷം അവര്‍ അവര്‍ക്ക് നരകത്തില്‍ നിന്നുള്ള മറയായിരിക്കും." ഒരു സ്ത്രീ ചോദിച്ചു: രണ്ട് കുട്ടികളാണെങ്കിലോ ?. അദ്ദേഹം പറഞ്ഞു: രണ്ട് പേരാണെങ്കിലും." - [ബുഖാരി: 1249]. 

പക്ഷെ അവരെ കൊന്നുകളഞ്ഞാല്‍ മേല്‍പറഞ്ഞ അനുഗ്രഹം നമുക്ക് ലഭിക്കുമോ. എത്രഗൗരവപരമാണത്. ഏതായാലും അതിനുത്തരവാദികളായവര്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും, പ്രായശ്ചിത്തമായി ഓരോ കുഞ്ഞിനും എന്നോണം രണ്ട് മാസം വീതം അഥവാ നാല് മാസം നോമ്പ് പിടിക്കുകയും, 50 സ്വര്‍ണ്ണ നാണയം അഥവാ 26.5 പവന്‍ സ്വര്‍ണ്ണം വീതം ഓരോ കുഞ്ഞിനുമുള്ള നഷ്ടപരിഹാരമായി ആ കുഞ്ഞുങ്ങളുടെ അനന്തരാവകാശികളായ കൊലപാതകത്തില്‍ പങ്കില്ലാത്ത ആളുകള്‍ക്ക് നല്‍കുകയും ചെയ്യണം. അല്ലാഹു പൊറുത്ത് തരട്ടെ. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവര്‍ക്കും വ്യത്യസ്ഥമായ പ്രായശ്ചിത്തം നിര്‍ബന്ധമാണ്‌. എന്നാല്‍ നഷ്ടപരിഹാരത്തുക എല്ലാവരും കൂടി ചേര്‍ന്ന്‍ നല്‍കിയാല്‍ മതി. അതിന്‍റെ അവകാശികള്‍ അത് വിട്ടു തരുന്ന പക്ഷം അത് നല്‍കേണ്ടതില്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....

മറുപടി നല്‍കിയത്:

മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്രതലം: ഡോ. മുജീബ് റഹ്മാന്‍ (ഗൈനക്കോളജി വിഭാഗം).

[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ്  Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].

Sunday, March 13, 2016

ISIS സലഫികളോ ?!.. വസ്തുതയെന്ത് ?!.


 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛


 അല്ലാഹുവിന്‍റെ ദീന്‍ സുതാര്യവും വ്യക്തവുമാണ്. അതിന്‍റെ അടിത്തറ എന്ന് പറയുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. അത് സച്ചരിതരായ സലഫുകള്‍ എങ്ങനെ മനസ്സിലാക്കിയോ അത് അതേ രൂപത്തില്‍ പിന്തുടരുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് രക്ഷയുടെ മാര്‍ഗം. എന്നാല്‍ ഈ മാര്‍ഗത്തില്‍ നിന്നും വ്യതിച്ചലിച്ചവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. വിശ്വാസപരമായ തലങ്ങളില്‍ വ്യതിച്ചലിച്ചവര്‍, ആചാരാനുഷ്ഠാനങ്ങളില്‍ വ്യതിച്ചലിച്ചവര്‍, പരിഷ്കാരങ്ങളുടെ പേരില്‍ വ്യതിച്ചലിച്ചവര്‍, അതിരുകവിയുക വഴി വ്യതിച്ചലിച്ചവര്‍ ഇങ്ങനെ നിരവധി തലങ്ങളില്‍ വ്യതിയാനം സംഭവിച്ച കക്ഷികള്‍ ഇക്കൂട്ടത്തില്‍ കാണാം. പക്ഷെ ഈ വ്യതിയാന കക്ഷികളെയെല്ലാം എടുത്ത് നോക്കിയാല്‍ അവയെല്ലാം സംഗമിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്‌. ഇസ്‌ലാമിലേക്കും, അതിന്‍റെ യഥാര്‍ത്ഥ ആദര്‍ശത്തിലേക്കും, ആ ആദര്‍ശ പ്രബോധകരിലേക്കും തങ്ങളുടെ വ്യതിയാനങ്ങളെ ബന്ധപ്പെടുത്തി സൈദ്ധാന്തികമായി അതിനെ ന്യായീകരിക്കാന്‍ ഇവരെല്ലാം ശ്രമിച്ചിട്ടുണ്ട് എന്നതാണത്. അതിനു വേണ്ടി ആയത്തുകളെയോ ഹദീസുകളെയോ പണ്ഡിതവചനങ്ങളെയോ ഒക്കെ ദുരുപയോഗം ചെയ്യുന്നത് ഇവരിലെല്ലാം തന്നെ നമുക്ക് കാണാന്‍ സാധിക്കും. 

യഥാര്‍ത്ഥത്തില്‍ ഐസിസിന്‍റെ വിഷയത്തില്‍ സംഭവിച്ചതും ഇത് മാത്രമാണ്. ലോക മുസ്‌ലിമീങ്ങള്‍ ഒന്നടങ്കം പിഴച്ചവരാണ് എന്ന് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഇക്കൂട്ടരും അറിയപ്പെടാന്‍ ശ്രമിക്കുന്നത് വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും വക്താക്കളായും യഥാര്‍ത്ഥ ഇസ്‌ലാമിന്‍റെ വക്താക്കളായുമാണ്‌. അതുകൊണ്ടുതന്നെ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും മന്‍ഹജുസ്സലഫുമനുസരിച്ച് ജീവിക്കുന്ന സലഫികളിലേക്കും, അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളിലേക്കും തങ്ങളെ ചേര്‍ത്തിപ്പറയുക എന്നത് സ്വാഭാവികമായും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടി ഇവര്‍ ചെയ്യുന്ന കുതന്ത്രമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ, ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുള്ള പ്രയോഗങ്ങള്‍ ഈ അര്‍ത്ഥത്തില്‍ ഉള്ളതാണ്. അതോടൊപ്പം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചിലരുടെ കൂലിയെഴുത്തും പ്രസ്ഥാവനകളും കൂടി സഹായത്തിനെത്തുമ്പോള്‍ പൊതു സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാവുക സ്വാഭാവികമാണ്.
www.fiqhussunna.com
 

വസ്തു നിഷ്ഠമായി പരിശോധിച്ചാല്‍ ഐസിസിനോടോ, അതുപോലുള്ള ജബ്ഹതുന്നുസ്റ, അല്‍ ഖാഇദ, ഹിസ്ബുല്ലാഹ്, ഹൂഥികളുടെ അന്‍സാറുല്ലാഹ് തുടങ്ങിയ യാതൊരു തീവ്രവാദ സംഘടനകളുമായും സലഫിയ്യത്തിന് യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല അതിനെതിരെ ഏറ്റവും ആദ്യം പ്രതികരിക്കുകയും അവ പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിക ആദര്‍ശമല്ല എന്ന് തുറന്ന് പറയുകയും ചെയ്തത് സലഫീ പണ്ഡിതന്മാരാണ് എന്ന് മനസ്സിലാക്കാം. ലോക മുസ്ലിമീങ്ങള്‍ ഒന്നടങ്കം കാതോര്‍ക്കുന്ന പ്രശസ്തമായ അറഫാ ഖുത്ബയില്‍ വെച്ച് ഇത്തരം സംഘടനകളെപ്പറ്റി പ്രഗല്‍ഭ സലഫീ പണ്ഡിതനും സൗദി അറേബ്യയുടെ ഗ്രാന്‍ഡ്‌ മുഫ്തിയുമായ അബ്ദുല്‍ അസീസ്‌ ആലു ശൈഖ് പറഞ്ഞത് ഇങ്ങനെ: “ഇസ്ലാമിന്‍റെ ശത്രുക്കള്‍ പരിശുദ്ധ ഇസ്‌ലാമിനെതിരില്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഉമ്മത്തിനെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും അതിനുള്ള പഴുതുകള്‍ അന്വേഷിച്ച് നടക്കുകയും ചെയ്യുന്നു. അവരില്‍ ഇസ്‌ലാമിന്‍റെ പുറത്ത് നിന്നുള്ള ശത്രുക്കളും അന്യായമായും പൊയ്മുഖമെന്നോണവും ഇസ്‌ലാമിന്‍റെ വസ്ത്രം ധരിച്ച അകത്തു നിന്നുള്ള ശത്രുക്കളും സജീവമാണ്. തങ്ങളുടെ നീചവും നികൃഷ്ടവുമായ തന്ത്രങ്ങള്‍ നടപ്പിലാക്കാനും സാധാരണക്കാരെയും അവിവേകികളെയും തെറ്റിദ്ധരിപ്പിക്കാനും ‘ഇസ്‌ലാമിന്‍റെ സംരക്ഷണം’ എന്നത് തങ്ങളുടെ പ്രമേയമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു”.

അതെ ഇസ്‌ലാമിന്റെ സംരക്ഷകര്‍ എന്ന പേരില്‍ പരിശുദ്ധ ഇസ്‌ലാമിനെയും അതിന്‍റെ ആശയാദര്‍ശങ്ങളെയും തകര്‍ക്കുക എന്നതു തന്നെയാണ് ഇത്തരം സംഘങ്ങളുടെ രൂപീകരണത്തിന് പിന്നിലുള്ളത്. മുന്‍കാല ഖവാരിജുകളുടെയും ശിയാക്കളുടെയും രൂപീകരണത്തില്‍ അബ്ദുല്ലാഹിബ്നു സബഅ് എന്ന ഇസ്‌ലാമിക വേഷം ധരിച്ച മുനാഫിഖായ ജൂതന്‍ എന്തെല്ലാം സ്വാധീനം ചെലുത്തിയോ, അതുപോലെ ആധുനിക ഖവാരിജുകളുടെയും ശീഈ തീവ്രവാദ സംഘടനകളുടെയും  രൂപീകരണത്തില്‍ ആരെല്ലാം പങ്ക് വഹിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കൂട്ടര്‍ ഉപയോഗിക്കുന്ന ആയുധങ്ങളും അവയുടെ നിര്‍മിതിയും എവിടെ നിന്ന് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാ പ്രമുഖരും ആ നിരയിലുണ്ട്. നിലനില്‍ക്കുന്ന സമാധാന കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും അതീതമായി നടക്കുന്ന ഈ ആയുധ വില്പന അന്വേഷിക്കപ്പെടാത്തതുകൊണ്ടല്ല, പക്ഷെ കള്ളന്‍ കപ്പലില്‍ത്തന്നെ. വിവേകമുള്ളവര്‍ക്ക് മനസ്സിലാകും.

ലോകത്ത് സലഫീ ആദര്‍ശം പ്രതിനിധാനം ചെയ്യുന്ന സുതാര്യമായ രാജ്യമാണ് സൗദി അറേബ്യ. ആ രാജ്യത്തെയും അവിടെയുള്ള ഭരണാധികാരികളെയും ആ ഭരണകൂടത്തെ അനുകൂലിക്കുന്നവരെയും കാഫിറുകളായിക്കാണുകയും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരാണ് ISIS, അല്‍ഖാഇദ തുടങ്ങിയ സംഘടനകള്‍. അവിടെയുള്ള പള്ളികളില്‍ വരെ ബോംബ്‌ സ്ഫോടനം നടത്തിയവരാണവര്‍. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബും ആലു സഊദും ചേര്‍ന്ന് തൗഹീദീ പ്രബോധനത്തിലൂടെ കെട്ടിപ്പടുത്ത ഇരു ഹറമുകളുടെ രാഷ്ട്രം തകര്‍ക്കുകയെന്നത് ഇവരുടെ എക്കാലത്തെയും സ്വപ്നമാണ്. ശിയാക്കളെ കൂട്ടുപിടിച്ച് ആഭ്യന്തര കലാപമുണ്ടാക്കാന്‍ തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും ബോംബ്‌ സ്ഫോടനങ്ങളും ചാവേറാക്രമണങ്ങളും നടത്തി രാജ്യത്തിന്‍റെ സുരക്ഷയെ നശിപ്പിക്കുക എന്ന ദൗത്യവുമായാണ് ഇപ്പോള്‍ ഇവരിറങ്ങിയിട്ടുള്ളത്.

അല്ലാഹുവിന്‍റെ റസൂലിനോട് ‘അങ്ങ് നീതി പാലിക്കുക’ എന്ന് പറഞ്ഞുകൊണ്ട് ശകാരിച്ച ദുല്‍ഖുവൈസിറ എന്ന ഖവാരിജിയാക്കളുടെ തലതൊട്ടപ്പനില്‍ നിന്ന് പിന്‍കാലത്ത് ചില അവിവേകികളും അക്രമകാരികളുമായ ആളുകള്‍ വരും  എന്ന് അല്ലാഹുവിന്റെ റസൂല്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. റസൂല്‍ (സ) പറയുന്നു: “ഈ മനുഷ്യന്‍റെ മുതുകില്‍ നിന്ന് പിന്‍കാലത്ത് ചില ആളുകള്‍ വരും. അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയിലൂടെ (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില്‍ അമ്പ് തുളച്ച് പുറത്ത് പോകുന്ന പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവര്‍ മുസ്‌ലിമീങ്ങളെ കൊന്നുടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന്‍ അവരെയെങ്ങാനും കണ്ടുമുട്ടിയാല്‍ ആദ് സമുദായത്തെ കൊന്നൊടുക്കിയ പോലെ ഞാന്‍ അവരെയും കൊന്നൊടുക്കും” - (
متفق عليه).

അതെ ഇവരുടെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവര്‍ ഇരയില്‍ അമ്പു തറച്ച് എപ്രകാരമാണോ പുറത്ത് പോകുക അപ്രകാരമായിരിക്കും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുക എന്ന പ്രയോഗത്തിലൂടെ ഇസ്‌ലാമിന് അവരാല്‍ ഉണ്ടാകുന്ന നാശം വ്യക്തമാണ്. ഇനി നിരപരാധികളായ ഫലസ്തീന്‍ പൗരരെ ആക്രമിക്കുകയും, അറബ് രാജ്യങ്ങളുടെ ഭൂമി അന്യായമായി പിടിച്ചെടുക്കുകയും ചെയ്യുന്ന, ഐക്യരാഷ്ട്ര സഭ പോലും ഏറ്റവും അധികം തവണ സമാധാന ലംഘനത്തിന് താക്കീത് നല്‍കിയിട്ടുള്ള ഇസ്രയേലുമായി എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല എന്ന് അവരോട് ചോദിച്ചാല്‍, അവര്‍ പറയുന്ന മറുപടി: ‘ഞങ്ങളുടെ തൊട്ടടുത്ത് തന്നെ കാഫിരീങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ ദൂരേക്ക് പോകുന്നത് എന്തിനാണ്’ എന്നതായിരിക്കും. അഥവാ ഇസ്‌ലാമിക ആദര്‍ശത്തിന്‍റെ വാഹകരായ സൗദി അറേബ്യയുടെ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഞങ്ങള്‍ അങ്ങോട്ട് പോയിക്കൊള്ളാം. വിശ്വാസികളെ അവിശ്വാസികളായി കണക്കാക്കുമെന്നും, മുസ്‌ലിമീങ്ങളെ ഇവര്‍ കൊന്നൊടുക്കുമെന്നും പറഞ്ഞ നബി (സ) യുടെ വചനം എത്ര അര്‍ത്ഥവത്താണ്.


ഇനി ഇന്ന് ഐസിസ് പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവുമായോ ആക്രമണ സ്വഭാവങ്ങളുമായോ ഇസ്‌ലാമിന് വല്ല ബന്ധവുമുണ്ടോ ?. എന്ന് മുതലാണ്‌ ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധ മുറകളും ആരംഭിച്ചത് ?. നാം പരിശോധിക്കേണ്ടതുണ്ട്.
Terrorism’s Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28ന് തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ്‌ തീവ്രവാദത്തിന്‍റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തൊഡോക്സ് ക്രിസ്ത്യനായിരുന്നു. ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍’ (PFLP) എന്ന ജോര്‍ജ്ജ് ഹബഷിന്‍റെ പാര്‍ട്ടിയാണ് മിഡില്‍ ഈസ്റ്റ് ടെററിസത്തിന്‍റെ ഭാഗമായി വിമാന റാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങി വച്ചത്. 1968ല്‍ PFLP യുടെ മൂന്ന്‍ സായുധ ധാരികളായ പ്രവര്‍ത്തകര്‍ റോമില്‍ നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ കമ്പനിയുടെ വിമാനം റാഞ്ചിയതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് PFLP നേതൃത്വം നല്‍കി. 1970ല്‍ ഒരേ സമയം നാല് വിമാനങ്ങള്‍ PFLP റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അത് ബോംബ്‌ വെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദ സേനയായ ‘ജാപനീസ് റെഡ് ആര്‍മി’ ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ്  പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ ഇപ്പോള്‍ ബെന്‍ ഗൂരിയന്‍ എയര്‍പ്പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വച്ച് PLFP യും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ധാരുണമായി വധിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗൊറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് രണ്ട് തലങ്ങളില്‍ നിന്നാണ് എന്ന് മനസ്സിലാക്കാം. ഒന്ന് അന്യായമായ ഇസ്രയേല്‍ കുടിയേറ്റവും, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാന്‍ എന്നോണം രൂപീകരിക്കപ്പെട്ട എതിര്‍ തീവ്രവാദ സംഘടനകളും. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഇസ്‌ലാം ആയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നിലുണ്ട്. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ പ്രശസ്ത വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ്‌ 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ ഗ്യൂസേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്ന്‍ ലോക മഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്നതായുള്ള കത്തിന്‍റെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍ മതി. മൂന്നാം ലോക മഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്‍റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തെ രൂപീകരണം തന്നെ. ഇവിടത്തെ വിഷയം അതല്ലാത്തത് കൊണ്ട് അത് സംബന്ധമായി കൂടുതല്‍ വിശദീകരിക്കുന്നില്ല. ‘ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്സ് ആന്‍ഡ്‌  ഫിക്ഷൻ ’ എന്ന മാര്‍ക്ക് ഡയസിന്‍റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞുവന്നത് ഇന്ന് ഐസിസ് അല്‍ഖാഇദ പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ നടത്തുന്ന ചാവേറാക്രമണങ്ങളും ഗോറില്ല യുദ്ധങ്ങളും പരിശോധിച്ചാല്‍ അവയുടെ ചരിത്രം ഒരിക്കലും ഇസ്‌ലാമിലേക്കോ മുഹമ്മദ്‌ നബി (സ) യിലേക്കോ എത്തില്ല എന്നതാണ്. അത് ചെന്നെത്തുന്നത് ആല്‍ബര്‍ട്ട് പൈക്കിനെ പോലുള്ളവരുടെ ഗൂഡാലോചനകളിലേക്കും, ജോര്‍ജ്ജ് ഹബഷിനെ പോലുള്ള ഓര്‍ത്തൊഡോക്സ് തീവ്രവാദികളിലേക്കും, അയാളുടെ സഹായിയും നിരീശ്വരവാദിയുമായ PFLP യിലെ രണ്ടാമ
ന്‍ വദി ഹദ്ദാദിലേക്കും, കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനയായ ‘ജാപ്പനീസ് റെഡ് ആര്‍മി’ യിലേക്കുമായിരിക്കും. അതുകൊണ്ടാണ് ഖവാരിജിയാക്കളുടെയും ശിയാക്കളുടെയും മുന്‍കാമികളെ രൂപപ്പെടുത്തുന്നതില്‍ അബ്ദുല്ലാഹ് ഇബ്നു സബഅ് എന്ന ജൂതന്‍ എത്രമാത്രം പങ്ക് വഹിച്ചുവോ, അതുപോലെ അവരുടെ പിന്‍ഗാമികളായ ISIS, അല്‍ഖാഇദ തുടങ്ങിയവരെ രൂപപ്പെടുത്തുന്നതില്‍ ആരൊക്കെ പങ്ക് വഹിച്ചു എന്നത് കൃത്യമായി പരിശോധിക്കപ്പെടണം എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചത്.


നിരപരാധികളെ കൊന്നൊടുക്കുന്ന, റയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും, പൊതു നിരത്തുകളിലും സാധാരണ ജനങ്ങളെ അറുകൊല ചെയ്യുന്ന, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ പരിഗണിക്കാതെ അക്രമം അഴിച്ചുവിടുന്ന, മുസ്‌ലിമീങ്ങളുമായി സമാധാനത്തോടെ പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇതരമത വിശ്വാസികളെ നിഷ്കരുണം വധിക്കുന്ന, എന്തിനധികം അല്ലാഹുവിന് ആരാധനയര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ പോലും സ്ഫോടനങ്ങള്‍ നടത്തുന്ന ഇത്തരം തീവ്രവാദ സംഘങ്ങളുമായി പരിശുദ്ധ ഇസ്‌ലാമിനോ, മന്‍ഹജുസ്സലഫിനോ, തൗഹീദീ ആദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്ന സൗദി അറേബ്യക്കോ, സലഫീ പണ്ഡിതന്മാര്‍ക്കോ യാതൊരു ബന്ധവുമില്ല. മറിച്ച് അവരെ ആശയപരമായും സായുധപരമായും എന്നും എതിര്‍ക്കുക മാത്രമാണ് സലഫികള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന സലഫികളെയും സലഫീ പണ്ഡിതന്മാരെയും ആശയപരമായി എതിര്‍ക്കാന്‍ സാധിക്കാത്ത ചിലര്‍, തങ്ങളുടെ അനാചാരങ്ങള്‍ക്കുള്ള മറയായി സലഫികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ തൊടുത്ത് വിടുകയാണ് ചെയ്തത്. അതാകട്ടെ സ്വാഭാവികം മാത്രമാണ്. 34 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പിന്തുണയോടെ ISIS നും സമാന തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമെതിരില്‍ സലഫീ രാഷ്ട്രമായ സൗദി അറേബ്യ യുദ്ധം പ്രഖ്യാപിക്കുകയും സായുധ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിന്‍റെ ആരംഭം എന്ന നിലക്ക് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന NORTH THUNDER എന്ന സൈനിക പരിശീലനത്തില്‍ ഇരുപത് രാജ്യങ്ങളാണ് അണിനിരന്നിരിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരെ പനയിച്ച ഖാലിദ് ബ്ന്‍ വലീദ് (റ) തന്‍റെ സൈനികരെ പ്രാരംഭമായി ഒരുമിച്ച് കൂട്ടിയ ഹഫറുല്‍ ബാത്വിനില്‍ തന്നെയാണ് North Thunder നടക്കുന്നത് എന്നത് ശ്രദ്ധേയം. അന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരായിരുന്നുവെങ്കില്‍ ഇന്ന് അതിന്‍റെ ബാക്കിപത്രമായ ഇറാനിലെ ശീയാ-സ്വഫവികള്‍ക്കും ISIS, അല്‍ഖാദ, ഹിസ്ബുല്ല തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുമുള്ള മറുപടിയാണ് North Thunder. ഗള്‍ഫ് പിടിച്ചെടുത്ത് ഫരിസീ-സ്വവീ രാഷ്ട്രം സ്ഥാപിക്കാനുള്ള ഇറാനിയന്‍ ഗൂഡാലോചനക്ക് അതിശക്തമായ പ്രഹരമാണത്.
ഇതൊക്കെ ആയാലും ISIS ഉം അല്‍ഖായും സലഫികളാണ് എന്നാണ് ചിലരുടെ പക്ഷം. അറിയാത്തത് കൊണ്ടല്ല. അതിനു പിന്നില്‍ അവര്‍ക്ക് പലതും നേടാനുണ്ട്. ചിലര്‍ക്ക് തങ്ങളുടെ തീവ്രവാദ മനോഭാവത്തെ മറച്ചു വെക്കാനുള്ള മറ. ചിലര്‍ക്ക് തങ്ങളുടെ അനാചാരങ്ങള്‍ വിറ്റു കാശാക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രം. പക്ഷെ വസ്തുതകള്‍ പരിശോധിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ സുവ്യക്തമാണ്. തീവ്രവാദപ്രസ്ഥാനങ്ങളുടെ കല്ലറകള്‍ മാന്തിയാല്‍ തങ്ങളുടെ അടിയാധാരം പോലും ലഭിക്കാവുന്ന ചിലരും ആരോപണങ്ങളുമായി രംഗത്തുണ്ട് എന്നതും ശ്രദ്ധേയം. ‘ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തന്നേ കൊതുകിന്നു കൌതുകം’. അല്ലാതെന്തു പറയാന്‍..

ഐസിസ് തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഏറ്റവും ആദ്യം പ്രതികരിച്ചവര്‍ സലഫീ പണ്ഡിതന്മാരായിരുന്നു. അവരുടെ പ്രസ്ഥാവനകളില്‍ ചിലത് ഇവിടെ ഉദ്ദരിക്കാം:



“ഐസിസ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കളാണ്. വിളകളും ജീവനും സര്‍വതും നശിപ്പിക്കുന്ന, നശീകരണ ചിന്താഗതിയും തീവ്രവാദ മനോഭാവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസ് ആകട്ടെ അല്‍ഖാഇദയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ആദ്യത്തെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവരാകുന്നു ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍”. – ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല (സൗദി ഗ്രാന്‍ഡ്‌ മുഫ്തി) 


“അവരുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ഖവാരിജുകളുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളുമാണ്. അവരെക്കുറിച്ച് ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന് പറയാന്‍ പാടില്ല. അവരെ ‘ദാഇശ് സ്റ്റേറ്റ്’ എന്നാണ് വിളിക്കേണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ എന്ന് അവരെ വിളിക്കാന്‍ പാടില്ല. ജനങ്ങളെ കത്തികൊണ്ട് അറുക്കുകയും കൊലയും അക്രമവും അഴിച്ചുവിടുന്ന ഇവര്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസും അല്‍ഖാഇദയും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.” – ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദര്‍ ഹഫിദഹുള്ള. (മുഹദ്ദിസുല്‍ മദീന).


“എല്ലാ മുസ്‌ലിമിനും ഈ ദീനിനോട് കടപ്പാടുണ്ട്. ഈ സമൂഹത്തോടും ഈ രാഷ്ട്രത്തോടും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും ചിന്താധാരയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം അവര്‍ നിറവേറ്റേണ്ടതുണ്ട്. ആ പിഴച്ച ചിന്താധാരകളെപ്പറ്റി നാം ജനങ്ങളെ താക്കീത് നല്‍കുകയും, അവരെക്കുറിച്ച് നാം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക. ഒരിക്കലും നാം അവരെ മറച്ചുവെക്കരുത്. അതുപോലെ നമ്മുടെ കുട്ടികളെ അവര്‍ സ്വാധീനിക്കുന്നതില്‍ നിന്നും നാം സൂക്ഷിക്കണം. അതിന് എപ്പോഴും ഉണര്‍വോടെ ജാഗരൂകരായി നില്‍ക്കല്‍ ആവശ്യമാണ്‌” – ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം)


“ഐസിസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഈ ഉമ്മത്തിലെ അറിയപ്പെട്ട ഏതെങ്കിലും ഉലമാക്കളെ അവരോടൊപ്പം കാണാനും സാധിക്കില്ല”. - ശൈഖ് സഅദ് അശ്ശിസ്’രി ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം).

“എല്ലാ നന്മയും മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നതും സ്വഹാബത്ത് പിന്തുടര്‍ന്നതുമായ പാത പിന്‍പറ്റുന്നതിലാണ്. അല്ലാഹു മുഹമ്മദ്‌ (സ) യെ ലോകര്‍ക്കുള്ള കാരുണ്യമായാണ് അയച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:  “താങ്കളെ നാം ലോകര്‍ക്കുള്ള കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല”. അതനുസരിച്ചാണ് മുസ്‌ലിമീങ്ങള്‍ പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനത്താല്‍ ലോകത്തിന്‍റെ നാനാ ഭാഗത്തും ഇസ്‌ലാം എത്തി. എന്നാല്‍ പിന്നീട് ചില ആളുകള്‍ സ്വഹാബത്തിനേക്കാള്‍ അല്ലാഹുവിന്‍റെ ദീനിനെ സംരക്ഷിക്കുന്നവരാണ് തങ്ങള്‍ എന്ന വ്യാജേന കടന്നുവന്നു. അവരാണ് ഖവാരിജുകള്‍....... അവരുയര്‍ത്തുന്ന മധുര വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. നബി (സ) അവരെക്കുറിച്ച് പറഞ്ഞത്: “അവര്‍ (ആകര്‍ഷകമായ) നല്ല കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ നീചമായ പ്രവര്‍ത്തി ചെയ്യുകയും ചെയ്യുമെന്നാണ്”. ഒരു മുസ്‌ലിമിന് ഐസിസിനെ ഇഷ്ടപ്പെടുവാനോ, ലോകത്തിന്‍റെ ഏത് കോണില്‍ ആയാലും അവരില്‍ അംഗമാകുവാനോ അവരുമായി സഹകരിക്കുവാനോ പാടില്ല. അവര്‍ക്ക് ‘നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണേ’ എന്നല്ലാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പാടില്ല.” – ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല. (മദീനയിലെ ജാമിഅ ഇസ്‌ലാമിയയിലെ – ഉപരിപഠനവിഭാഗം അദ്ധ്യാപകന്‍). 

ഇനിയും എത്രയോ ഉദ്ദരണികള്‍ നമുക്ക് നിരത്താം.
മുസ്‌ലിമീങ്ങളും ഇതര മതവിശ്വാസികളും പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഐസിസ് എന്നല്ല ഈ ഗണത്തില്‍പ്പെടുന്ന ആര് വന്നാലും അവരെ നേരിടുന്നതില്‍ മുന്‍പന്തിയിലുണ്ടാവുക ഇവിടെയുള്ള സലഫികളായിരിക്കും. കാരണം അവരെ നേരിടുക എന്നത് ഞങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. ഞങ്ങളുടെ ബാധ്യതയാണ്. മനുഷ്യ ജീവന് വില കല്പിക്കാത്ത ആ സമൂഹത്തെ കണ്ടുമുട്ടിയാല്‍ ‘ആദ് സമുദായം വധിക്കപ്പെട്ട പോലെ അവരെ ഞാന്‍ കൊന്നൊടുക്കുമെന്ന’ പ്രവാചക വചനമാണ് നമുക്കതിനുള്ള പ്രചോദനം. സമാധാനപരമായി ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും ചെയ്യുന്നത് അത്യധികം വലിയ പാതകമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി (സ) പറഞ്ഞു: “വിശ്വാസികളുമായി പരസ്പര സമാധാന ഉടമ്പടി പ്രകാരം ജീവിക്കുന്ന ഇതര മതസ്ഥനെ ആരെങ്കിലും വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അതിന്‍റെ പരിമളം അവനില്‍ നിന്ന് നാല്പത് വര്‍ഷത്തെ (വഴിദൂരം) അകലെയായിരിക്കും”.- [ബുഖാരി:2995]. അതുപോലെ അല്ലാഹു പറയുന്നു: 


مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّه مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ

“അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. – [മാഇദ: 32].

അതുപോലെ അല്ലാഹു പറയുന്നു: 



لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (8) إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَى إِخْرَاجِكُمْ أَنْ تَوَلَّوْهُمْ وَمَنْ يَتَوَلَّهُمْ فَأُولَئِكَ هُمُ الظَّالِمُونَ (9)


“മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (8) മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍ (9). – [മുംതഹന: 8,9].  
 
അഥവാ വിശ്വാസികളുമായി പരസ്പരം ഉടമ്പടിപ്രകാരം സമാധാനപരമായി ജീവിക്കുകയും വിശ്വാസ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നവരോട് നീതി പുലര്‍ത്തുകയും അവര്‍ക്ക് പുണ്യം ചെയ്യുകയുമാണ് ചെയ്യേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ അക്രമകാരികളോടും വര്‍ഗീയവിദ്വേഷം പടര്‍ത്തി അക്രമങ്ങള്‍ അഴിച്ചുവിടുന്നവരോടും സമൂഹത്തിന്‍റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നവരോടും യാതൊരു മുസ്‌ലിമും മൈത്രീ ബന്ധം പുലര്‍ത്തുവാന്‍ പാടില്ല എന്നും വിശുദ്ധ ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഈ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ് ഒരു മുസ്‌ലിം. എന്നാല്‍ ഐസിസിനെ സംബന്ധിച്ചിടത്തോളവും അവരെ പ്രതിനിധാനം ചെയ്യുന്ന തീവ്രവാദ ചിന്താഗതിക്കാരെ സംബന്ധിച്ചിടത്തോളവും ഇതില്‍ ഏത് മൂല്യങ്ങളാണ് അവര്‍ക്കുള്ളത്.

ലോകത്ത് സമാധാനക്കരാറില്‍ ബഹു രാഷ്ട്രങ്ങള്‍ ഒപ്പുവെക്കുന്നതിന് മുന്‍പ്, യുദ്ധ രംഗത്തെ അരുതായ്മകള്‍ നിശ്ചയിക്കുന്നതിന് മുന്‍പ്, അല്ലാഹുവിന്‍റെ റസൂല്‍ ഈ ഉമ്മത്തിനെ പഠിപ്പിച്ച ഒരു കാര്യമുണ്ട്. “(യുദ്ധഘട്ടത്തില്‍ പോലും) കുട്ടികളെയും, സ്ത്രീകളെയും നിരുപദ്രവകാരികളായ വൃദ്ധന്മാരെയും വധിക്കരുത്” – [ഇബ്നു അബീ ശൈബ: 6/484]. അഥവാ യുദ്ധരംഗത്ത് പാലിക്കപ്പെടേണ്ട മര്യാദകള്‍ പോലും ഇസ്‌ലാം കൃത്യമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക മൂല്യങ്ങളെ വികൃതമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഐസിസും അവരുടെ ചെയ്തികളെ ഇസ്‌ലാമിക വല്‍ക്കരിച്ച് പരിശുദ്ധ ഇസ്‌ലാമിനെ പഴിചാരുന്ന കൂലിയെഴുത്തുകാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലയെന്നേ പറയാനൊക്കൂ. ഇരുകൂട്ടരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. രണ്ടുപേരുടെയും ലക്ഷ്യം ഇസ്‌ലാമിന്‍റെ തകര്‍ച്ചയാണ്. അല്ലാഹു പറയുന്നു: 
يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ

“അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും”. – [തൗബ: 32].

ഐസിസ്, അല്‍ഖാഇദ തുടങ്ങിയ വിനാശകാരികളായ സംഘടനകളില്‍ നിന്നും അവരുടെ വകഭേദങ്ങളായ മറ്റു ചിന്താധാരകളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കല്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സച്ചരിതരായ സലഫുകള്‍ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യുന്ന അഹ'ലുസ്സുന്നയുടെ വക്താക്കള്‍ അഥവാ സലഫികള്‍ എന്ന നിലക്ക് നമ്മുടെ ബാധ്യതയാണ്. എന്ന് സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ...


 www.fiqhussunna.com

പലിശ - പാപ ഗൗരവം, ഇനങ്ങള്‍, കടന്നുവരാവുന്ന വഴികള്‍ - Class Note

Saturday, March 12, 2016

ആഇശ (റ) യുടെ വിവാഹപ്രായം വ്യക്തമാക്കുന്ന ഹദീസുകൾ വ്യാജമോ ?. മാതൃഭൂമിയിലെ ലേഖനത്തിന്‍റെ മറവില്‍ ഹദീസുകളെ നിഷേധിക്കുന്നവര്‍.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين ، وبعد؛
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ലേഖനത്തിന്‍റെ മറപിടിച്ച്, സ്വഹീഹായ ഹദീസുകളെ വ്യാജമായി ചിത്രീകരിക്കാനും, പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളെ കേവലം വാറോലകളായി ചിത്രീകരിക്കാനും ശ്രമികുകയായിരുന്നു ചിലര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും മടവൂര്‍ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പ്രാസംഗികനുമാണ് അതിന് നേതൃത്വം കൊടുത്തത്. അഖ്ലാനിയ്യത്തിലൂടെ ഹദീസുകളെ നിഷേധിക്കുകയും, ഹദീസിന്‍റെ പ്രാമാണികതയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കൂട്ടര്‍, ഹദീസുകള്‍ കാലത്തിന് നിരക്കാത്തതാണെന്ന തങ്ങളുടെ അപകര്‍ഷതാബോധത്തെ അടിസ്ഥാനമാക്കി തൊടുത്തുവിട്ട  അമ്പുകളായിരുന്നു ആഇശാ (റ) യുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകള്‍. യഥാര്‍ത്ഥത്തില്‍ ഇത് അവര്‍ നടത്തിയ പഠനമായിരുന്നില്ല. അറബ് ലോകത്ത് ചില അഖ്ലാനിയാക്കള്‍ ഉയര്‍ത്തുകയും വളരെ പ്രാമാണികമായ മറുപടികള്‍ക്ക് വിധേയമാകുകയും ചെയ്ത അടിസ്ഥാനരഹിതവും അബദ്ധജടിലവുമായ ഒരാരോപണവും ഗവേഷണവും  മാത്രമായിരുന്നു അത്. യാതൊരു അസ്വാഭാവികതയുമില്ലാത്ത നബി (സ) യുടെ വിവാഹത്തെ അസ്വാഭാവികമാണ് എന്ന് വരുത്തിത്തീര്‍ത്ത് അതിന്‍റെ മറവില്‍ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം എന്നിവയുടെ ആധികാരികതയെ ചോദ്യം ചെയ്യുക എന്നത് തന്നെയാണ് അറിഞ്ഞോ അറിയാതെയോ ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കുമാറാകട്ടെ. ഇത്തരം ഒളിയാക്രമണങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ അല്ലാഹു സംരക്ഷിക്കുമാറാകട്ടെ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാമാണികമായി അവരുടെ  ദുരാരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നത് ഒരു വിശ്വാസിയുടെ കടമയാണ്. അവര്‍ക്കുള്ള മറുപടിയെന്നോണം എന്‍റെ സുഹൃത്ത് ഫലാഹുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം എഴുതിയ ലേഖനം ഈ ദുരാരോപണങ്ങളെ പ്രാമാണികമായി വിലയിരുത്താന്‍ പര്യാപ്തവും ഏറെ പഠനവിധേയവുമാണ്‌. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ.
ആയിഷ ബീവിയുടെ വിവാഹ പ്രായവും തലതിരിഞ്ഞ ഗവേഷണവും.

ലേഖകന്‍: ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

റസൂല്‍ (സ) ചരിത്രത്തില്‍ എമ്പാടും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ഓരോ വിമര്‍ശനവും പരിശോധിക്കുന്നതിലൂടെ ആ മഹാനായ വ്യക്തിത്വം കൂടുതല്‍ പ്രോജ്വലമായി തിളങ്ങി നില്‍ക്കുന്നത് നിഷ്പക്ഷമതികള്‍ക്ക് അനുഭവ്യമാണ്. അതിനുത്തമ ഉദാഹരണമാണ് ആയിഷ ബീവിയെ ചെറുപ്രായത്തില്‍ വിവാഹം ചെയ്തു എന്നുള്ളതിനെതിരെയുള്ള വിമര്‍ശനം. 
ഏറ്റവും രസകരമായ വസ്തുത ഇതൊരു വിമര്‍ശനമായി ഉന്നയിക്കപ്പെടുന്നത്‌ ഈയടുത്ത നൂറ്റാണ്ടില്‍ മാത്രമാണ് എന്നുള്ളതാണ്. ആദ്യകാല ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ ഇതൊരു വിമര്‍ശനമായി പേരിനു പോലും ആരും പറഞ്ഞിരുന്നില്ല, കാരണം ഈ വിവാഹത്തില്‍ യാതൊരു അപാകതയും ആരും കണ്ടിരുന്നില്ല. യേശുമാതവായ കന്യാ മറിയത്തെ വിവാഹം ചെയ്യുമ്പോള്‍ ജോസഫിന് 90 വയസ്സും മറിയത്തിനു 12 വയസ്സും ആയിരുന്നു എന്ന് കത്തോലിക് എന്‍സൈക്ലോപീടിയ രേഖപ്പെടുത്തുന്നുണ്ട്. (ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹവും ദൃഷ്ടാന്തവുമെന്നോണം വിവാഹത്തിന് മുന്‍പ് പിതാവില്ലാതെയാണ് അല്ലാഹു ഈസ അലൈഹിസാലാമിനെ സൃഷ്ടിച്ചത്. ഇവിടെ ക്രൈസ്തവ വിശ്വാസ പ്രകാരം  ചര്‍ച്ചാവിഷയത്തോടുള്ള സമീപനം സൂചിപ്പിക്കാനാണ് ഇത് ഉദ്ദരിച്ചത്). ഈയടുത്ത കാലം വരെ സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. റസൂല്‍ (സ)  വിവാഹം ആലോച്ചിക്കുന്നതിനു മുന്‍പ് തന്നെ ആയിഷ (റ) യെ മറ്റൊരാള്‍ വിവാഹം ആലോചിച്ചിരുന്നു എന്നത് അക്കാലത്തും ഇത് സര്‍വ സാധാരണയാണ് എന്ന് തെളിയിക്കുന്നു.

പ്രാവചകനെ (സ) ഇണയായി ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ ജീവിച്ചിരിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകനില്‍ നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശ (റ) ക്ക് കഴിയുകയും ചെയ്തു. ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍ അതായിരിക്കാം - നമുക്കറിയില്ല. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍ മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ആയിശ (റ) യെ വിവാഹം ചെയ്യുവാനുള്ള കാരണം തന്നെ ദൈവിക വെളിപ്പാടാണ് എന്ന് ഹദീസുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 
എന്നാല്‍ ഈ ആധുനിക നൂറ്റാണ്ടില്‍ നബി-വിമര്‍ഷനങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ വേണ്ടത്ര ഫലിക്കാതെയായപ്പോള്‍ ചിലര്‍ ഇതും ഒരു അപവാദമായി പ്രജരിപ്പിക്കുവാന്‍ തുടങ്ങി. അതിനു കൃത്യവും വ്യക്തവുമായ മറുപടി മുസ്‌ലിം ലോകം നല്‍കുകയും ചെയ്തു. 
എന്നാല്‍ വിചിത്രമെന്നു പറയട്ടെ, പ്രമാണത്തിനപ്പുറം തങ്ങളുടെ കേവല യുക്തിക്കനുസരിച്ചും പാശ്ചാത്യ ചിന്തക്കനുസരിച്ചും മതത്തെ കാണുന്ന അഭിനവ മതയുക്തിവാദികളായ ചിലര്‍ക്ക് ഈ വിമര്‍ശനം അലോസരമുണ്ടാക്കി., കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ കൊല്ലുന്ന രീതി അവലംബമാക്കി ഇങ്ങനെയൊരു സംഭവം തന്നെയില്ല എന്നും ആയിഷ ബീവിക്ക് 18 വയസ്സുള്ളപ്പോഴാണ് ദാമ്പത്യ ജീവിതം ആരംഭിച്ചതെന്നും അവര്‍ പ്രസ്താവിച്ചു കളഞ്ഞു. ഖുര്‍ആനിലോ നിരവധിയുള്ള ഹദീസ് ഗ്രന്ഥങ്ങളിലോ പരന്നു കിടക്കുന്ന മുസ്‌ലിം ചരിത്ര ഗ്രന്ഥങ്ങളിലോ ദുര്‍ബലമായ നിലയില്‍ പേരിനു പോലും ഇല്ലാത്ത ഈ വാദം ഒരു സങ്കോചവുമില്ലാതെ ചിലര്‍ അവതരിപ്പിച്ചു. ഈജിപ്തില്‍ നിന്നു ഈയടുത്ത കാലത്ത്  ഉയര്‍ന്ന ഈ വാദം കൊള്ളാലോ എന്നു കരുതി കേരളത്തിലെകും ചിലര്‍ പ്രബോധനം എന്ന ജമാഅത്ത്  വാരികയിലൂടെ ഇറക്കുമതി ചെയ്തു (പുസ്തകം 71 ലക്കം 43). ആയിരത്തിലധികം വര്‍ഷം ഒരു മുസ്‌ലിം പണ്ഡിതനോ എന്തിനേറെ മുസ്‌ലിം നാമധാരി പോലും പറയാത്ത ഈ വാദം വലിയ ചരിത്ര ഗവേഷണം എന്ന നിലയിലാണ് അവതരിപ്പിച്ചത്. 

ചില കണക്കുകളുടെ കളിയും ഗ്രന്ഥങ്ങളുടെ പേരും കൊടുത്താല്‍ വിവരമില്ലാത്ത ജനതയെ വഞ്ചിക്കാം എന്ന ധാരണയില്‍ നിന്നാകാം ഇത്തരം ഗവേഷണങ്ങള്‍ വന്നത്. കാരണം മതപരമായ അറിവുള്ള ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ പമ്പരവിഡ്ഢിത്തമാണ് എന്ന് മനസ്സിലാക്കാവുന്ന ഒന്നായിരുന്നു ഈ ലേഖനം. ഈജിപ്തിലെ പ്രസ്തുത ലേഖനത്തിന് അവിടെയുള്ള പണ്ഡിതര്‍ തന്നെ അക്കമിട്ടു മറുപടി കൊടുത്തത് പ്രബോധനം എഡിറ്റര്‍ക്ക് അറിയാഞ്ഞിട്ടാകാം, എന്തായാലും തങ്ങളുടെ വാരികയില്‍ വരുന്നതൊക്കെ നിരുപാധികം അനുസരിച്ച് പ്രചരിപ്പിക്കുന്ന അണികള്‍ പലരും അത് വാട്സപ്പിലൂടെയും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യുന്ന അവസ്ഥ കണ്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്. 
പ്രസ്തുത ലേഖനത്തില്‍ ഈ വസ്തുതകളില്‍ സംശയം ജനിപ്പിക്കുവനായി പറയുന്ന കാര്യങ്ങള്‍ ചുരുക്കിയാല്‍ ഇവയാണ്. 
ആരോപണം 1:  ആറാം വയസ്സിലാണ് ആയിഷ ബീവിയുടെ വിവാഹം നടന്നത് എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ വന്നത് താബിഈ ആയ ഹിഷാം ഇബ്നു ഉര്‍വയെ തൊട്ടാണ്. അദ്ദേഹം 71വയസ്സ് വരെ മദീനയിലാണ് ജീവിച്ചത്, അന്ന് അദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ മുഴുവന്‍ സ്വീകാര്യമാണ്. എന്നാല്‍ പിന്നീട് അദ്ദേഹം ഇറാഖിലേക്ക് പോയി. വാര്‍ധക്യത്തില്‍ ഓര്‍മ്മക്കുറവ് സംഭവിച്ചതിനാല്‍ അവിടെ വെച്ച് അദ്ദേഹം പറയുന്ന ഹദീസുകള്‍ സ്വീകാര്യമല്ല. ഈ ഹദീസുകള്‍ അപ്രകാരം ഉള്ളവയാണ്. ആദ്യകാലത്ത് സ്വീകര്യനായിരുന്നതിനാല്‍ പിന്നീട് വന്നതും അബദ്ധത്തില്‍ ഇമാം ബുഖാരിയും മുസ്‌ലിമുമൊക്കെ സ്വീകരിച്ചു. 

മറുപടി: രണ്ടു കളവുകള്‍ ആണ് ഇതില്‍ ഉള്ളത്.

ഒന്ന്: ഈ സംഭവം ഉദ്ദരിക്കപ്പെട്ടത് ഹിഷാമിലൂടെ മാത്രമാണ്.

രണ്ട് : ഹിഷാമില്‍ നിന്ന് ഇത് ഉദ്ധരിക്കുന്നത് അവസാനകാലത്ത് ഇറാക്കില്‍ നിന്ന് മാത്രമാണ്.

സത്യത്തില്‍ ഈ വിഷയം ഉധരിക്കപ്പെട്ടത് ഹിശാമിലൂടെ മാത്രമല്ല. വ്യത്യസ്തങ്ങളായ മറ്റു സനദുകളിലൂടെ ഇത് വന്നിട്ടുണ്ട്. ഉദാഹരണത്തിന് 

ഇമാ മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു സനദ് ഇപ്രകാരമാണ്:

الزهري عن عروة بن الزبير عن عائشة
(സുഹ’രി ഉര്‍വയെ തൊട്ട്, അദ്ദേഹം ആയിഷ (റ) യെ തൊട്ട് ഉദ്ധരിക്കുന്നു.)

മുസ്‌ലിമിലെ തന്നെ മറ്റൊരു സനദ് ഇപ്രകാരമാണ്:
الأعمش ، عن إبراهيم ، عن الأسود ، عن عائشة

(
അഹ്മശ് ഇബ്രാഹിമ്നെ തൊട്ട് അദ്ദേഹം അസ്’വദിനെ തൊട്ട് അദ്ദേഹം ആയിഷ (റ) യെ തൊട്ട്.) 

അബൂദാവൂദ് ഉദ്ധരിക്കുന്ന മറ്റൊരു സനദ് ഇതാണ്:
عن محمد بن عمرو ، عن يحيى بن عبد الرحمن بن حاطب عن عائشة

(
മുഹമ്മദ്‌ ബന്‍ അംറു, യാഹ്’യ ബ്നു അബ്ദുറഹ്മാനെ തൊട്ട്, അദ്ദേഹം ആയിഷ (റ) യെ തൊട്ട് ...)

മുകളില്‍ കൊടുത്ത ഒരു സനദിലും ഹിഷാം ഇബ്നു ഉര്‍വയില്ല. എന്നാല്‍ പ്രബോധനത്തിലെ ഗവേഷകന് ഇതൊന്നും അറിയില്ലായിരുന്നു. ആയതിനാല്‍ അദ്ദേഹം ഹിഷാമിന് അവസാനകാലത്ത് ഓര്‍മ്മക്കുറവ് ഉണ്ടായിട്ടുണ്ട് എന്നത് വലിയ കാര്യമായി ഉദ്ധരിക്കുകയാണ് ഉണ്ടായത്. ആയിഷ ബീവിയില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചതില്‍ ഏറ്റവും നല്ല സനദ് ഹിശാമിലൂടെ വരുന്ന സനദ് ആണെന്ന ഉസൂലുല്‍ ഹദീസിലെ ചര്‍ച്ചയൊന്നും തല്‍ക്കാലത്തേക്ക് ഉദ്ധരിക്കുന്നില്ല.

ഹിശാം വാര്‍ദ്ധക്യ കാലത്താണ് ഇത് ഉദ്ധരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കളവ്. ഹിശാമില്‍ നിന്ന് ഈ സംഭവം 3 മദീനക്കാരും 1 മക്കക്കാരനും ഉദ്ധരിക്കുന്നുണ്ട്. ഒരല്‍പം പോലും കിതാബുകള്‍ മറിച്ചു നോക്കാതെയാണ്‌ ഗവേഷകന്‍ പഠനം നടത്തിയത് എന്ന് വ്യക്തം. മദീനയില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടത് സ്വീകാര്യമാണ് എന്ന വസ്തുത അറിയാതെ ലേഖകന്‍ സമ്മതിക്കുന്നുമുണ്ട്. അത് പ്രകാരം മാത്രം എടുത്താല്‍ തന്നെ ഈ വിഷയം സ്ഥിരപ്പെട്ടു. 

(
സിഹ്റിന്‍റെ ഹദീസും ഇങ്ങനെയാണ് എന്ന് ലേഖകന്‍ പറഞ്ഞതിനെ സിഹ്റിന്‍റെ ഹദീസിനെ തെട്ടിധരിപ്പിക്കുന്നതും ഇങ്ങനെയാണ് എന്ന് തിരുത്തി എഴുതുന്നു.)
ആരോപണം 2: ജ്യേഷ്ഠത്തി അസ്മാ (റ) ആയിഷ (റ) യെക്കാള്‍ 10 വയസ്സിനു മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. മദീനാ പലായന സമയത്ത് അസ്മാ (റ) ക്ക് 27 വയസ്സായിരുന്നു. അതിനാല്‍ നബി (സ) ക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാ (റ) ക്ക് 14 വയസ്സുണ്ടാകും. അന്ന് ആഇശ (റ) 4 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അവര്‍ ജനിച്ചത് ക്രി. 614ല്‍ അല്ല 606 ലാണ്. ക്രി.621-ല്‍ നബി വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസ്സ് കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നബി ആഇശയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നത്. അന്നവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

മറുപടി : ഇതിലും ഒരു ജഹാലത്ത് ഉണ്ട്: 

അസ്മ ആയിശയെക്കാള്‍ പത്തു വയസ്സ് മുതിര്‍ന്നതാണ് എന്ന് ചരിത്രകാരന്മാര്‍ ഏകോപിച്ചു പറഞ്ഞ ഒന്നല്ല. ബുഖരിയുടെയും മുസ്‌ലിമിന്‍റെയും മുകളില്‍ കണ്ടത് പോലുള്ള വ്യത്യസ്ത സനദുകളിലൂടെ ഉദ്ധരിക്കപ്പെട്ട ഒന്നിന് എതിരാകാന്‍ മാത്രം ബലമുള്ള ഒന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. മാത്രമല്ല, അസ്മാ ബീവിക്ക് (റ) ആയിഷ ബീവിയെക്കാള്‍ (റ) പത്തിലധികം വയസ്സ് കൂടുതല്‍ ഉണ്ടെന്ന്  പലരും വ്യക്തമാക്കിയിട്ടുമുണ്ട്.
 
ഇമാം ദഹബി (റ) പറയുന്നു:

وكانت – يعني أسماء - أسن من عائشة ببضع عشرة سنة
(
അസ്മ ബീവിക്ക് ആയിഷ ബീവിയെക്കാള്‍ പത്തിലധികം വയസ്സുണ്ട്.)( سير أعلام النبلاء (3/ 522)). ഇത് താരീഖുല്‍ ഇസ്ലാമിലും കാണാം.

അതിനാല്‍ നുബുവ്വത്തിന്‍റെ വര്‍ഷം അസ്മ (റ) ക്ക് 14 വയസ്സുണ്ട് എന്നതുകൊണ്ട് അതെ വര്‍ഷം ആയിഷ ബീവിക്ക് 4 ആണ് ആകുക എന്ന് ഒരിക്കലും തെളിയുന്നില്ല.
 
അറബി ഭാഷയില്‍ بضع  എന്ന് പറഞ്ഞാല്‍ 3 മുതല്‍ 9 വരെയുള്ള സംഖ്യക്കാണ് പറയുക. അപ്പോള്‍ 13 മുതല്‍ 19 വയസ്സ് വരെ അവര്‍ തമ്മില്‍ വ്യത്യാസം വരാം. ഇതാകട്ടെ ആയിഷ ബീവി (റ) ജനിക്കുന്നത് നുബുവത്തിന്‍റെ ശേഷം മാത്രമാണ് എന്ന് തെളിയിക്കുകയും ചെയ്യും. ആയിഷ ബീവിയുടെ ജനനമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് നുബുവ്വത്തിന്‍റെ 4, അല്ലെങ്കില്‍ 5 വര്‍ഷം എന്നാണു. അപ്പോള്‍ അസ്മയെക്കാള്‍ 14, 15 വയസ്സ് വ്യത്യാസം വരും. അതാകട്ടെ  بضع  എന്ന പദവുമായും സ്വഹീഹായ ഹദീസുകളുമായും യോജിക്കുന്നു. നുബുവത്തിന്‍റെ അഞ്ചാം വര്‍ഷം ജനിച്ച ആയിഷ ബീവിയെ ആറാം വയസില്‍ ഹിജ്റക്ക് മുന്‍പ്  വിവാഹം ചെയ്യുകയും ഹിജ്റക്ക് ശേഷം അവരുടെ ഒമ്പതാം വയസ്സില്‍ ദാമ്പത്യം ആരംഭിക്കുകയും ചെയ്തു എന്നത് ഇതിലൂടെ സംശയലേശമന്യേ തെളിയുകയും ചെയ്യും. 
ആരോപണം 3: ആയിഷ ബീവി ജനിച്ചത്‌ നുബുവ്വത്തിനു 4 വര്‍ഷം  മുന്‍പാണ് എന്നതിന് തെളിവുകളുണ്ട്. ഇമാം ത്വബരി അബൂബക്കര്‍ (റ) വിന്‍റെ മക്കള്‍ മുഴുവന്‍ ജാഹിലിയ്യത്തില്‍ ആണ് ജനിച്ചത്‌ എന്ന് പറയുന്നു. മാത്രമല്ല ബുഖാരിയില്‍ തന്നെ അബൂബക്കര്‍ (റ) അബ്സീനിയയിലേക്ക് ഹിജ്റ  പോയത് ആയിഷ (റ) ഓര്‍ക്കുന്നതായി ഉണ്ട്. ആ ഹിജ്റ ആദ്യമായി നടന്നത് നുബുവ്വത്തിന്‍റെ 4ആം വര്‍ഷം ആണ്. അത് ഓര്‍ക്കണമെങ്കില്‍ നുബുവ്വത്തിന്‍റെ മുന്‍പ് ആയിഷ (റ)  ജനിക്കണം.
മറുപടി : ഇത് മറ്റൊരു ജഹാലത്താണ്. ഇമാം ത്വബരി എഴുതിയത് തെറ്റായി വായിച്ചതാണ് വിഷയം. അബൂബക്കര്‍ (റ) വിന്‍റെ മുഴുവന്‍ മക്കളും ജനിച്ചത് ജാഹിലിയ്യ കാലത്താണ് എന്നല്ല ഇമാം പറഞ്ഞത്. അവരുടെ ഉമ്മമാരെ വിവാഹം ചെയ്തത് ജാഹിലിയ്യത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.  അബൂബക്കര്‍ (റ) ന്‍റെ ഭാര്യമാരുടെ പേരുകള്‍ എന്ന ബാബിന്‍റെ കീഴെ ഇമാം ത്വബരി ‘കുതൈല ബിന്‍ത് അബ്ദുല്‍ ഇസ്സ്’, ‘ഉമ്മു റുമാന്‍’ എന്നിവരെ കുറിച്ചും അവരിലുണ്ടായ നാല് മക്കളെ കുറിച്ചും പരാമര്‍ശിച്ച ശേഷം പറയുന്നതാണ് فكل هؤلاء الأربعة من أولاده ولدوا من زوجتيه اللتين سميناهما في الجاهلية
എന്ന വാചകം. (“ജാഹിലിയ്യത്തിലേ ഉള്ള മുകളില്‍ പേര് പറഞ്ഞ രണ്ടു ഭാര്യമാരില്‍ നിന്നാണ് ഈ നാല് മക്കളും ജനിച്ചത്‌”) എന്നാണു ഭാഷാന്തരം. ഇവിടെ ജഹിലിയ്യത്തിലാണ് അബൂബക്കറിന്‍റെ എല്ലാ മക്കളും ജനിച്ചത്‌ എന്ന് കിതാബു വായിക്കാതെ കഷ്ണം മാത്രം വായിച്ചാല്‍ പറഞ്ഞുപോകാം. എന്നാല്‍ കിത്താബില്‍ നിന്ന് നേരിട്ട് വായിക്കുന്ന ആരും അങ്ങനെ അര്‍ഥം വെക്കില്ല കാരണം തൊട്ട് ശേഷം ഇമാം ത്വബരി പറയുന്നത് ഇങ്ങനെയാണ് وتزوج في الإسلام أسماء بنت عميس (ഇസ്ലാമിക കാലത്ത് അസ്മ ബിന്‍ത് ഉമൈസിനെ വിവാഹം ചെയ്യുകയും ചെയ്തു). ശേഷം ഇസ്‌ലാം വന്നതിനു ശേഷം ചെയ്ത മറ്റു വിവാഹങ്ങളും അദ്ദേഹം പരാമര്‍ശിക്കുന്നു. ചുരുക്കത്തില്‍ ഇവിടെ വിവാഹം ചെയ്ത കാലത്തെ കുറിച്ച് പറഞ്ഞത് തെറ്റായി വായിച്ചതാണ് കുഴപ്പം. 

മാത്രവുമല്ല ഇതേ ഇമാം ത്വബരി ഇതേ കിത്താബില്‍ തന്നെ പറയുന്നു:

ثم إن رسول الله صلى الله عليه وسلم بنى بعائشة بعد ما قدم المدينة وهي يوم بني بها ابنة تسع سنين

(
പിന്നീട് റസൂല്‍ (സ) മദീനയില്‍ എത്തിയ ശേഷം ആയിഷ (റ) യുമായി വീട്ടില്‍ കൂടി. വീട്ടില്‍ കൂടുന്ന ദിവസം അവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു.) تاريخ الطبري P:472. അഥവാ ഇവരുടെ വായനപ്രകാരം ഇമാം ത്വബരി തന്നെ താന്‍ എഴുതിയതിനു വിരുദ്ധമായി എഴുതി. 

പ്രബോധനത്തില്‍ പഠനംനടത്തിയ ആളെ കുറ്റം പറയുന്നില്ല, അദ്ദേഹം തനിക്ക് കിട്ടിയ അറബി ലേഖനതെ അന്ധമായി വിശ്വസിച്ചു പോയി. അതുപോലെ അബ്സീനിയയിലേക്ക് അബൂബക്കര്‍ (റ) ഹിജ്റ പോയത് ആയിഷ ബീവി ഉദ്ദരിച്ചതിലൂടെ നുബുവ്വത്തിന്‍റെ നാലില്‍ ആയിഷ ബീവി ഉണ്ടാകണം എന്ന് പറയുന്നത് വിവരമില്ലായ്മയാണ്. കാരണം അബൂബക്കര്‍ (റ) അബ്സീനിയയിലെക്ക് ഹിജ്റ  പോയത് നുബുവ്വത്തിന്‍റെ നാലില്‍ ആണ് എന്നതിന് ഒരു തെളിവുമില്ല. ബുഖാരിയിലെ ഹദീസ് നോക്കിയാല്‍ അത് മദീന ഹിജ്റക്ക് അല്പകാലം മുന്‍പ് മാത്രം നടന്നതാണ് എന്ന് മനസ്സിലാക്കാം. സംശയലേശമന്യേ ഉധരിക്കപ്പെട്ടത് ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ നിഷേധിക്കുന്നത് ജഹാലത്ത് തന്നെയാണ്.

ആരോപണം 4: സൂറത്ത് ഖമര്‍ അവതരിച്ചത് ആയിഷ ബീവി ഓര്‍ക്കുന്നതായി ബുഖാരിയില്‍ ഉണ്ട്. ആ സൂറത്ത് നുബുവത്തിന്‍റെ നാലാം വര്‍ഷമാണ്‌ അവതരിച്ചത്. ആറു വയസ്സിന്‍റെ കണക്ക് ശരിയാണ് എങ്കില്‍ അന്ന് ആയിഷ (റ) ജനിച്ചിട്ടു പോലുമുണ്ടാകില്ല.
മറുപടി : സൂറത്ത് ഖമര്‍ അവതരിച്ചത് നുബുവ്വത്തിന്‍റെ നാലാം വര്‍ഷമാണ്‌ എന്നത് തെളിഞ്ഞാല്‍ ആണ് ഇതിന് എന്തെങ്കിലും അടിത്തറ തന്നെ ഉണ്ടാകുക. അത്തരത്തില്‍ ഒരു തെളിവും സ്വഹീഹായി വന്നിട്ടില്ല. മുകളില്‍ കൊടുത്തത് അല്പമെങ്കിലും നിലവാരമുള്ള (ഉണ്ടെന്നു തോന്നിക്കുന്ന) വാദങ്ങള്‍ക്ക് ഉള്ള മറുപടിയാണ്. ഇനി ഇതൊനൊരു മറുവാദം സ്വാഭാവികമായും ഉന്നയിക്കാം. ആയിഷ ബീവിയെ വിവാഹം ചെയ്യുന്നത് ആറാം വയസ്സിലും വീട്ടില്‍ കൂടുന്നത് ഒമ്പതാം വയസ്സിലും ആണ് എന്ന് ഖണ്ഡിതമായി പറയുവാന്‍ കഴിയുമോ എന്നതാണത്. അതിനുള്ള തെളിവുകള്‍ ആണ് താഴെ കൊടുക്കുന്നത്.
ചില വസ്തുതകള്‍ ലളിതമായി കൊടുക്കുന്നു: 
  1. നബി (സ) വിവാഹം ചെയ്യുമ്പോള്‍ ആയിഷ (റ) വിനു ആറു വയസ്സ് ആയിരുന്നെന്നും ദാമ്പത്യം ആരംഭിക്കുന്നത് ഒമ്പതാം വയസ്സിലാണ് എന്നതും ലോകത്തോട്‌ വിളിച്ചു പറഞ്ഞത് ആയിഷ ബീവി തന്നെയാണ്. അത് കേവലം മറ്റൊരാളുടെ അനുമാനമോ മറ്റു സംഭവങ്ങള്‍ വെച്ച് കൊണ്ടുള്ള കണക്ക് കൂട്ടലോ പണ്ഡിതാഭിപ്രായമോ അല്ല. അവര്‍ പറഞ്ഞ നേര്‍ക്ക്‌ നേരെയുള്ള വാചകം ആണ്. 

     
  2. പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ഒന്നടങ്കം ഏറ്റവും ആധികാരികമായി കാണുന്നത് ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ച ഹദീസുകളെ ആണ്. ആയിഷ ബീവിയുടെ പ്രസ്തുത വാചകം ഇപ്രകാരം ഏകോപിതമായി വന്ന ഹദീസുമാണ്. രണ്ടു ഗ്രന്ഥങ്ങളിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും നിരവധി തവണ ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു ഹദീസ് മാത്രം കൊടുക്കുന്നു. .
    ആയിഷ ബീവി (റ) പറയുന്നു: എനിക്ക് ആറു വയസ്സുള്ളപ്പോള്‍ നബി(സ) എന്നെ വിവാഹം ചെയ്തു.പിന്നീട് ഞങ്ങള്‍ മദീനയില്‍ എത്തി, അവിടെ ബനീ ഹാരിസ് ബ്നു ഖസ്രജിന്‍റെ അടുക്കല്‍ താമസമാക്കി. എനിക്ക് പനി ബാധിച്ചു, എന്‍റെ മുടി കൊഴിഞ്ഞു തുടങ്ങി, പിന്നീട് മുടി വളര്‍ന്നു. ഒരു ദിവസം എന്‍റെ ഉമ്മ ഉമ്മുറുമാന്‍ എന്‍റെ അടുക്കല്‍ വന്നു. ഞാന്‍ ഊഞ്ഞാലിലായിരുന്നു, എന്‍റെ കൂടെ എന്‍റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. ഉമ്മ എന്നെ ഉറക്കെ വിളിച്ചു. ഞാന്‍ അടുത്ത് ചെന്നു. എന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അവരെന്‍റെ കൈ പിടിച്ചു കൊണ്ട് പോയി വീടിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു ആശ്വാസമായി.  കുറച്ച് വെള്ളമെടുത്തു ഉമ്മ എന്‍റെ തലയും മുഖവും തടവി. പിന്നെ വീടിനകത്തേക്ക് കൂട്ടിപ്പോയി. അപ്പോള്‍ അന്‍സാരികളായ കുറെ സ്ത്രീകള്‍ അവിടയൂണ്ടായിരുന്നു, നന്മയും അനുഗ്രഹവും ഉണ്ടാകട്ടെ, ശുഭലക്ഷണം ഉണ്ടാകട്ടെ എന്നൊക്കെ പറഞ്ഞു അവര്‍ ആശംസിച്ചു. പിന്നെ ഉമ്മ എന്നെ അവരെ ഏല്‍പ്പിച്ചു. അവര്‍ എന്നെ അണിയിച്ചൊരുക്കി. ദുഹാ സമയത്തെ റസൂല്‍ (സ) യുടെ  ആഗമനമല്ലാതെ മറ്റൊന്നും എന്നെ ആശ്ച്ചര്യപ്പെടുതിയില്ല. അവര്‍ എന്നെ റസൂല്‍ (സ) യെ ഏല്‍പ്പിച്ചു. അന്ന് എനിക്ക് ഒമ്പത് വയസ്സായിരുന്നു.” - [ബുഖാരി, മുസ്‌ലിം].
     
  3. മുസ്‌ലിം ലോകത്ത് ഇന്നേ വരെ ഈ വിഷയത്തില്‍ ഒരു തര്‍ക്കം പോലും ഉണ്ടായിരുന്നില്ല. അഥവാ അവര്‍ ഇജ്മാഓടു കൂടി അത് സ്വീകരിച്ചിരുന്നു. ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു:

    وقوله تزوجها وهي ابنت ست سنين وبنى بها وهي ابنة تسع ما لا خلاف فيه بين الناس - وقد ثبت في الصحاح وغيرها

    (
    ആറു വയസ്സില്‍ വിവാഹം ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നുമുള്ള അദ്ധേഹത്തിന്‍റെ വാചകത്തില്‍ ജനങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. നിശ്ചയം അത് സ്വഹീഹുകളിലും അല്ലാത്തതിലും സ്ഥിരപ്പെട്ടിരിക്കുന്നു.( البداية والنهاية" (3 / 161)).

    ഇമാം ഇബ്നു അബ്ദുല്‍ ബര്‍ തന്‍റെ അല്‍ ഇസ്തിദ്കാര്‍, അല്‍ ഇസ്തീആബ് എന്നീ കിതാബുകളിലും ഇതേ ഇജ്മാ ഉദ്ധരിക്കുന്നുണ്ട്.
  4. ഇതിനെതിരെ ഒരു ദുര്‍ബലമായ റിപ്പോര്‍ട്ട്‌ പോലും ആര്‍ക്കും വാദിക്കാന്‍ വേണ്ടി പോലും ഉദ്ധരിക്കാന്‍ കഴിയില്ല. അങ്ങനെയൊരു വാദം പോലും മുസ്‌ലിം ലോകത്ത് പരിഗണനീയമായ ആരും ഇന്ന് വരെ പറഞ്ഞിട്ടുമില്ല. മുസ്‌ലിം ലോകം ഒന്നടങ്കം ഒരു തെറ്റില്‍ ഒരിക്കലും ഒന്നിക്കുകയില്ല എന്നത് ഇസ്ലാമിന്‍റെ ഉസൂലില്‍ പെട്ട വിഷയമാണ്.
  5. ആയിഷ ബീവി ജനിച്ചത്‌ നുബുവ്വത്തിനു ശേഷമാണ് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.( سير أعلام النبلاء"(2/139))

    ഇമാം ഇബ്നു ഹജര്‍ ഫതഹുല്‍ ബാരിയില്‍ പറയുന്നു:

    وكان مولدها في الإسلام قبل الهجرة بثمان سنين أو نحوها، ومات النبي صلى اله عليه وسلم ولها نحو ثمانية عشر عاماً)

    (”
    അവരുടെ ജനനം ഹിജ്റക്ക് എട്ടോ അതിനടുതോ വര്‍ഷം മുന്പ് ആയിരുന്നു. അവര്‍ക്ക് 18 വയസ്സുള്ളപ്പോള്‍ നബി (സ) വഫാത്തായി.”) – [ഫതഹുല്‍ ബാരി 7:107].

    അഥവാ നുബുവ്വത്തിന്‍റെ 4 അല്ലെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാണ് അവര്‍ ജനിക്കുന്നത്. റസൂല്‍ (സ) വഫത്താകുമ്പോള്‍ അവര്‍ക്ക് 18വയസ്സാണ്. അപ്പോള്‍ 63-18 = 45 വയസ്സിന്‍റെ വ്യത്യാസമാണ് നബിയും ആയിഷ ബീവിയും തമ്മില്‍ ഉള്ളത്. അഥവാ അവര്‍ ജനിച്ചത്‌ നുബുവത്തിന്‍റെ 5 വര്‍ഷം ശേഷമാണ്‌. ഇതൊക്കെയും അവര്‍ തമ്മില്‍ വിവാഹം ചെയ്തത് ആറു വയസ്സില്‍ (അഥവാ എഴിനോടടുത്ത പ്രായത്തില്‍ ആണെന്ന് വ്യക്തമാക്കുന്നു.)

    ഇത്രയും വ്യക്തവും തെളിഞ്ഞതുമായ ഈ വസ്തുതതയെ ഗവേഷണത്തിന്‍റെ പേരില്‍ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ഹദീസ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്ന ചേകന്നൂരിനെ പോലുള്ളവര്‍ പയറ്റിനോക്കിയ ജൂത തന്ത്രത്തിന്‍റെ ശൈലിയില്‍ എഴുതപ്പെട്ട ലേഖനമാണ് പ്രബോധനത്തില്‍ വന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. ലേഖകന്‍ ഒരുപക്ഷെ തെറ്റിദ്ധരിച്ചു കൊണ്ടോ അറിവില്ലായ്മ കൊണ്ടോ എഴുതിയതാകാം, എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അത് പ്രസിദ്ധീകരിക്കുമ്പോള്‍ വിഷയം ഗൗരവമുള്ളതാകുന്നു. ഈയടുത്ത കാലത്ത് ഈജിപ്തിലും മറ്റും പ്രചരിക്കപ്പെട്ട കളവുകളും അബദ്ധങ്ങളും നിറഞ്ഞ വാദം മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ തനി ഹദീസ് നിഷേധ പ്രവണതയാണ് പ്രകടമാക്കുന്നത്. അല്ലാഹുവില്‍ അഭയം...!