Thursday, July 18, 2019

അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക - ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് ഹഫിദഹുല്ല



الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛


                      പ്രിയപ്പെട്ട സഹോദരങ്ങളെ, അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഭിന്നതയെ സംബന്ധിച്ച് പ്രമുഖ പണ്ഡിതനും, മദീനയിലെ മുഹദ്ദിസുമായ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതിയ ഒരു കത്തിന്‍റെ വിവര്‍ത്തനമാണ് ഇവിടെ കൊടുക്കുന്നത്. "അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക" എന്ന അദ്ദേഹത്തിന്‍റെ ലഘു പുസ്തകം നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആ പുസ്തകം പോലും വിമര്‍ശിക്കപ്പെടുകയും അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഗുണകാംശ കാണാതെ പോകുകയും ചെയ്തതോടെ അദ്ദേഹം രണ്ടാമത് എഴുതിയ നാലഞ്ചു പേജുള്ള  ഒരു കത്താണിത്. ഖുര്‍ആനും, സുന്നത്തും, മന്‍ഹജുസ്സലഫും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന ഓരോ സഹോദരനെയും, അതിലുപരി പണ്ഡിതന്മാരെയുമാണ്‌ അദ്ദേഹം ഇതില്‍ അഭിസംബോധനം ചെയ്യുന്നത്. തങ്ങള്‍ക്കിടയിലുള്ള ഇല്മിയായ ചര്‍ച്ചകളും അഭിപ്രായ ഭിന്നതകളും ജനങ്ങളെ ചേരികളും വിഭാഗങ്ങളും ആക്കിത്തിരിക്കുമ്പോള്‍, ഒരു പുനര്‍വിചിന്തനം നടത്താന്‍, പണ്ഡിതന്മാരെയും പ്രബോധകരെയും ഒരുപോലെ പ്രേരിപ്പിക്കുന്നതാണ് ഈ ലേഖനം. ഓരോരുത്തരും അത് വായിക്കുകയും സ്വയം ഒരു പുനര്‍വിചാരണക്ക് തയ്യാറാവുകയും ചെയ്യുക.

www.fiqhussunna.com

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ حفظه الله പറഞ്ഞതുപോലെ : " വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല.  മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം".


അല്ലാഹു നമ്മെയെല്ലാം അല്ലാഹുവോടും, അവന്‍റെ മതത്തോടും, പ്രവാചകനോടും, സത്യവിശ്വാസികളോടും ഗുണകാംശയുള്ളവരാക്കി മാറ്റുമാറാകട്ടെ.

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതുന്നു:


الحمد لله، ولا حول ولا قوة إلا بالله، وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وصحبه ومن والاه، أما بعد؛


 മതപഠനരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സലഫുകളുടെ പാതയില്‍ മുന്നോട്ട്പോകുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയിലാണ് പരസ്പരമുള്ള ഗുണകാംശയും ഒത്തൊരുമയും ഏറ്റവും കൂടുതല്‍ വേണ്ടത്. പ്രത്യേകിച്ചും സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചുപോയ കക്ഷികളെ അപേക്ഷിച്ച് അവര്‍ വളരെ വളരെ കുറവാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്പ് ശൈഖ് ഇബ്നു ബാസിന്‍റെയും, ഇബ്നു ഉസൈമീന്റെയുമെല്ലാം അവസാന കാലഘട്ടത്തില്‍, സലഫീ മന്‍ഹജില്‍ നിന്നും  പിഴച്ചുപോയ കക്ഷികളെക്കുറിച്ച് താക്കീത് നല്‍കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഹ്ലുസ്സുന്നയില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ കഠിനപരിശ്രമം നടത്തുകയുണ്ടായി. അത് അങ്ങേയറ്റം പ്രശംസനീയവും നന്ദിയര്‍ഹിക്കുന്നതുമായ പ്രവര്‍ത്തനമായിരുന്നു. പക്ഷെ ഖേദകരമെന്ന് പറയട്ടെ ശൈഖ് ഇബ്നു ബാസിന്‍റെയും ഇബ്നു ഉസൈമീന്‍റെയും മരണശേഷം ഇക്കൂട്ടരില്‍ ചിലര്‍ രാജ്യത്തിന്‍റെ അകത്തും പുറത്തുമായി സലഫുകളുടെ മാര്‍ഗം പിന്‍പറ്റുന്നത്തിലേക്കും പിന്തുടരുന്നതിലേക്കും ക്ഷണിക്കുന്ന സ്വന്തം ആളുകളെത്തന്നെ വിമര്‍ശിക്കുന്നത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് അവരുടെ നന്മകളെ കണ്ടറിയുകയും, അതിന് അവരെ പ്രേരിപ്പിക്കുകയും, അവരില്‍ വന്ന തെറ്റുകള്‍ - അത് തെറ്റുകള്‍ ആണെന്ന് വ്യക്തമായാല്‍ -   നല്ല രൂപത്തില്‍ തിരുത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അതോടൊപ്പം തങ്ങളുടെ ഒത്തുചേരലുകളിലെല്ലാം അവരെക്കുറിച്ച് മോശമായിപ്പറയുന്നതിലും, അവരില്‍ നിന്നും താക്കീത് നല്‍കുന്നതിലും വ്യാപൃതരാവുകയും ചെയുകയല്ല, മറിച്ച് ഇല്‍മ് നേടുന്നതില്‍ കൂടുതല്‍ വ്യാപൃതരാവുകയും, അത് പഠിപ്പിക്കുകയും, അതിലേക്ക് പ്രബോധനം ചെയ്യുകയുമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്.  ഇതാണ് ഇസ്വ്'ലാഹിന്‍റെ ശരിയായ രീതി. ഇതായിരുന്നു ഈ കാലഘട്ടത്തിലെ അഹ്ലുസ്സുന്നയുടെ ഇമാമായ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ രീതി.  ഇന്നത്തെ കാലത്ത് മതപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ കുറഞ്ഞു വരികയാണ്. അവരുടെ കൊഴിഞ്ഞുപോക്കല്ല, അഭിവൃദ്ധിയാണ് നമുക്കാവശ്യം. അവരുടെ അകല്‍ച്ചയല്ല, ഒത്തൊരുമയാണ് നമുക്കാവശ്യം. നഹ്'വിന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ ( المصغر لا يصغر ) അഥവാ ലഘൂകരിക്കപ്പെട്ട പദം വീണ്ടും ലഘൂകരിക്കപ്പെടുകയില്ല ഇതാണ് അഹ്ലുസ്സുന്നയുടെ വിഷയത്തിലും പറയാനുള്ളത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് തന്‍റെ മജ്മൂഉ ഫതാവയില്‍ പറഞ്ഞു: മതത്തിലെ അതിമാത്തായ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്, മനസ്സുകള്‍ പരസ്പരം ഇണക്കുക, അഭിപ്രായഭിന്നതയോഴിവാക്കി ഒന്നിക്കുക, പരസ്പരബന്ധം നന്നാക്കുക എന്നുള്ളത്. അല്ലാഹു പറയുന്നു : "അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക." - [അന്‍ഫാല്‍:1]. അതുപോലെ അല്ലാഹു പറയുന്നു: " നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌." - [ആലു ഇംറാന്‍:103]. തുടങ്ങിയ പരസ്പരം ഇണങ്ങുവാനും ഒരുമിക്കുവാനും കല്‍പ്പിക്കുന്ന, ഭിന്നതയെയും വിഭാഗീയതയെയും വിലക്കുന്ന വചനങ്ങള്‍ ധാരാളമാണ്. ഈ ഒരു അടിസ്ഥാനതത്വം അഹ്ലുസ്സുന്നയുടെ അടിസ്ഥാന തത്വമാണ്. ഇതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നവര്‍ വിഭാഗീയതയുടെ ആളുകളാണ് " - [മജ്മൂഉ ഫതാവ: 51/28].

ഹിജ്റ 1424ല്‍ പ്രസിദ്ധീകരിച്ച "രിഫ്ഖന്‍ അഹ്ലുസ്സുന്ന ബി അഹ്ലുസ്സുന്ന" " "അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം നല്ല രൂപത്തില്‍ വര്‍ത്തിക്കുക" എന്ന ലഘുഗ്രന്ഥത്തില്‍ ഞാന്‍ ഇത് വിശദമായി എഴുതിയിട്ടുണ്ട്. പിന്നീട് ഹിജ്റ 1426ല്‍ അത് പുനര്‍പ്രസിധീകരിക്കുകയും, ഹിജ്റ 1428ല്‍ എന്‍റെ ഗ്രന്ഥസമാഹാരത്തിനൊപ്പം (6/ 281 - 327) അത് ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരുപാട് തെളിവുകളും, അതുപോലെ ഇരുത്തം വന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നും ഒരുപാട് ഉദ്ദരണികളും ഞാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആമുഖം ഒഴിച്ചു നിര്‍ത്തിയാല്‍ 'സംസാര ശേഷി എന്ന അനുഗ്രഹം' , 'നാവിനെ നന്മാക്കല്ലാതെ ഉപയോഗിക്കരുത്' , 'ഊഹവും ചാരപ്പണിയും' , 'മയത്വവും, സൌഹൃദവും' , ' പണ്ഡിതന്മാര്‍ക്ക് തെറ്റുപറ്റുമ്പോഴുള്ള അഹ്ലുസ്സുന്നയുടെ സമീപനം, അവരെ ബിദ്അത്തുകാരായി ചിത്രീകരിക്കാനോ, അവരുമായി ബന്ധം മുറിക്കാനോ പാടില്ല' , 'വിമര്‍ശനത്തിലും, ബന്ധവിച്ചേദനത്തിലും അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകളില്‍ നിന്നുണ്ടായ ഫിത്ന, അതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം' , ' ആളുകളെ അടിസ്ഥാനമാക്കി ജനങ്ങളെ ചെരിതിരിക്കുന്ന ബിദ്അത്ത്'  , ' ഈ കാലഘട്ടത്തില്‍ അഹ്ലുസ്സുന്നയുടെ ചില ആളുകളില്‍ നിന്നുമുണ്ടായ ബിദ്അത്താരോപണങ്ങളെയും, വിമര്‍ശനങ്ങളെയും  കുറിച്ചുള്ള താക്കീത്' എന്നീ വിഷയങ്ങളാണ് ആ ലഘു കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ളത്.

എന്നാല്‍ ഖേദകരമെന്ന് പറയട്ടെ അഹ്ലുസ്സുന്നയില്‍ പെട്ട ആളുകള്‍ക്ക് നേരെത്തന്നെ കുന്തം തിരിച്ചുവെക്കുക വഴി ചെളിയില്‍ വെള്ളമൊഴിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്‍റെ പ്രതിഫലനമെന്നോണം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ചില ചോദ്യങ്ങളാണ്,

ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആ ആളെക്കുറിച്ചുള്ള നിന്‍റെ അഭിപ്രായം എന്താണ് ?,

ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആളെഴുതിയ പുസ്തകം വായിക്കാന്‍ പറ്റുമോ ? ,

അതുപോലെ വളരെക്കുറച്ച് മാത്രം അറിവുള്ള വിദ്യാര്‍ഥികള്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ്: ഇന്ന ആള്‍ ബിദ്അത്തുകാരനാണ് എന്ന് പറഞ്ഞ ആളെക്കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?, എന്തായാലും ആ വിഷയത്തില്‍ നിനക്കൊരു അഭിപ്രായം ഉണ്ടായിരിക്കണം ഇല്ലെങ്കില്‍ നിന്നെയും ഞങ്ങള്‍ ഉപേക്ഷിക്കും.

കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഇതേ സമീപനം യോറോപ്പ്യന്‍ രാജ്യങ്ങളെപ്പോലുള്ള (മുസ്ലിമീങ്ങള്‍  നന്നേ കുറവായ) രാജ്യങ്ങളിലേക്ക് കടക്കുമ്പോഴാണ്. അഹ്ലുസ്സുന്നയുടെ ഉല്പന്നത്തിന് തീരെ ചിലവില്ലാത്ത അത്തരം നാടുകളില്‍ ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കുകയും, പരസ്പരവിദ്വേശം പകര്‍ത്തുന്ന ഫിത്നകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതിനു പകരം ഈ 'ജര്‍ഹ്' ചെയ്യലിനെ അന്തമായി പിന്തുടരുക വഴി കുഴപ്പങ്ങള്‍ കൂടുതല്‍ മോശമാകുകയാണ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇങ്ങനെ പരസ്പരം വിദ്വേശം വച്ചുപുലര്‍ത്തുന്ന രീതി യഥാര്‍ത്ഥത്തില്‍ ഇഖ്'വാനുല്‍ മുസ്ലിമീന്‍റെ രീതിയോട് സാദൃശ്യമുള്ള രീതി ശാസ്ത്രമാണ്. അവരുടെ സ്ഥാപകനേതാവായ ഹസനുല്‍ ബന്ന പറഞ്ഞത് : "നിങ്ങളുടെ പ്രബോധനത്തിലേക്ക് ജനങ്ങളാണ് കടന്നു വരേണ്ടത്. അതല്ലാതെ നിങ്ങള്‍ അവരിലേക്ക് കടന്നു ചെല്ലുകയല്ല.    കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ്. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളാകട്ടെ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും മുക്തമല്ല തന്നെ ...." - [ഹസനുല്‍ ബന്ന, مذكرات الدعوة والداعية , പേജ് : 232].

അതുപോലെ ഹസനുല്‍ ബന്ന പറഞ്ഞു: " മനസ്സുകളെ തമ്മില്‍ അകറ്റിയ, ചിന്തകളെ മന്ദീഭവിപ്പിച്ച ഇന്ന് കാണുന്ന വ്യത്യസ്ഥങ്ങളായ പിഴച്ച ദഅവാ പ്രവര്‍ത്തനങ്ങളോടുള്ള നമ്മുടെ സമീപനം എന്തെന്നാല്‍, അതില്‍ നമ്മുടെ പ്രബോധന മാര്‍ഗത്തോട് വല്ലതും യോജിക്കുന്നുവെങ്കില്‍ അതിനെ നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. നമ്മോട് വിയോജിക്കുന്നവയെ നമ്മള്‍ നഖശികാന്തം എതിര്‍ക്കുന്നു." - [മജ്മൂഉ റസാഇലു ഹസനുല്‍ ബന്നാ, പേജ് 240].

ഇത്തരം ഫിത്നകളില്‍ വ്യാപൃതരാകുന്നതിന് പകരം ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും അറിവ് തേടുന്നതിലും ആണ് ആ വിദ്യാര്‍ഥികള്‍ വ്യാപൃതരാവേണ്ടിയിരുന്നത്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ജീവിച്ച അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരായ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഫത്'വകളും, ലിജനതുദ്ദാഇമയുടെ ഫത്'വകളും, ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ ഗ്രന്ഥങ്ങളുമൊക്കെ  വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുക വഴി ആഹ്ലുസ്സുന്നയില്‍പെട്ട തങ്ങളുടെ സഹോദരങ്ങളുടെ ഇറച്ചി തിന്നുന്നതില്‍ നിന്നും, ഖീല ഖാലകളില്‍ നിന്നും മാറി നില്‍ക്കാനും ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കാനും അവര്‍ക്ക് സാധിക്കും.

ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലാഹ്  'അല്‍ ജവാബുല്‍ കാഫി' എന്ന  ഗ്രന്ഥത്തില്‍ പറയുന്നു : " അല്ഭുതകരമെന്നുപറയട്ടെ അക്രമത്തില്‍ നിന്നും, ഹറാമായ ഭക്ഷണം ഭക്ഷിക്കുന്നതില്‍ നിന്നും, വ്യഭിചാരത്തില്‍ നിന്നും, മോഷണത്തില്‍ നിന്നും, കള്ളുകുടിയില്‍ നിന്നും, ഹറാമായ കാര്യങ്ങളിലേക്ക് നോക്കുന്നതില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കാനും സൂക്ഷ്മത പാലിക്കാനും മനുഷ്യന് നിഷ്പ്രയാസം സാധിച്ചെന്നു വരാം .... പക്ഷെ തന്‍റെ നാവിന്‍റെ ചലനത്തെ നിയന്ത്രിക്കാന്‍ അവന്‍ പെടാപാട് പെടുന്നു.... എത്രത്തോളമെന്നാല്‍ മതബോധം കൊണ്ടും, ഭക്തികൊണ്ടും, ആരാധനയുടെ ആധിക്യം കൊണ്ടുമെല്ലാം ശ്രദ്ധേയനായ ഒരാള്‍, അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അത്രയും അകലം നരകത്തില്‍ അവന്‍ ആപധിച്ചേക്കാം. തിന്മകളില്‍ നിന്നും മ്ലേച്ചമായ കാര്യങ്ങളില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കുകയും,  എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മനുഷ്യന്മാരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാന്‍ നാവിന് ഒരു മടിയുമില്ലാത്തവരുമായ എത്രയെത്ര മനുഷ്യന്മാരെ നിനക്ക് കാണാം". - [അല്‍ ജവാബുല്‍ കാഫി, പേജ് : 203].

ഇനി അഹ്ലുസ്സുന്നയില്‍ പെട്ട ഒരാളില്‍ നിന്നും അവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടാവുകയും, അതേസമയം അയാളില്‍ നിന്നും   സുവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടായാല്‍ അയാളെക്കുറിച്ച് നല്ലത് കരുതുകയും അവ്യക്തമായതിനെ മാറ്റിനിര്‍ത്തി സുവ്യക്തമായതിനെ പരിഗണിക്കേണ്ടതുമാണ്. ഉമര്‍ ബിന്‍ അല്‍ ഖത്താബ് (റ) പറഞ്ഞു : " നിന്‍റെ സഹോദരനായ ഒരു സത്യവിശ്വാസിയില്‍ നിന്നും പുറത്ത് വന്ന ഒരു വാചകത്തെ നന്മയോടെ നോക്കിക്കാണാനുള്ള വല്ല പഴുതും നീ കാണുന്ന പക്ഷം, നന്മയോടെയല്ലാതെ നീയതിനെ നോക്കിക്കാണരുത് ". ഇബ്നു കസീര്‍ റഹിമഹുല്ലാഹ് സൂറത്തുല്‍ ഹുജ്റാത്തിന്‍റെ തഫ്സീറിലാണ് അത് ഉദ്ദരിച്ചത്. അതുപോലെ ബക്റിക്ക് എഴുതിയ ഘണ്ഡനത്തില്‍   ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു : "ഒരാളുടെ സുവ്യക്തമായ വാക്കുകള്‍ അയാളുടെ അവ്യക്തമായ വാക്കുകളെ നീക്കം ചെയ്യുന്നു. അതിന്‍റെ പ്രകടമായ വശത്തിന് മറ്റു സൂചനകളെക്കാള്‍ പ്രാമുഖ്യം നല്‍കണം" [അര്‍റദ്ദ് അലല്‍ ബക്'രി, പേജ്: 334]. അതുപോലെ അദ്ദേഹം തന്‍റെ അസ്വാരിം അല്‍ മസ്ലൂല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: " ഫുഖഹാക്കളുടെ വാക്കുകള്‍ അവരുടെ വിശദീകരണമോ, അവര്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളോ പരിശോധിക്കാതെ എടുത്താല്‍ അത് പിഴച്ച വാദങ്ങളിലേക്കാണ് നയിക്കുക" - [അസ്വാരിം അല്‍മസ്'ലൂല്‍, പേജ്: 2/512]. അതുപോലെ തന്‍റെ 'ക്രിസ്തുവിന്റെ മതം മാറ്റിയവര്‍ക്കുള്ള യഥാര്‍ത്ഥ മറുപടി' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു : " ഒരാളുടെ വാക്കുകള്‍ പരിഗണിക്കുമ്പോള്‍ അയാള്‍ പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങള്‍ കൂടി പരിഗണിക്കണം. അയാള്‍ ഇവിടെ പ്രതിപാദിച്ചിട്ടുള്ളതും മറ്റിടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതും പരിഗണിക്കണം. അയാള്‍ ഒരു പദം പ്രയോഗിച്ചാല്‍ സാധാരണയായി എന്താണ് അയാള്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നതും ഉദ്ദേശിക്കുന്നതും എന്ന് മനസ്സിലാക്കണം" - [അല്‍ജവാബ് അസ്വഹീഹ് അല മന്‍ ബദ്ദല ദീനല്‍ മസീഹ്, പേജ്: 4/44].

  വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല.  മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം. ശൈഖ് ഇബ്നു ബാസിന് അല്ലാഹു കരുണ ചൊരിയട്ടെ. തന്‍റെ ജീവിതം മുഴുവന്‍ പഠനത്തിനും, ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവത്തിനും വേണ്ടി ഒഴിച്ചവെച്ചതായിരുന്നു ആ ജീവിതം. പണ്ഡിതന്മാരെയും ത്വലബതുല്‍ ഇല്മിനെയും തങ്ങള്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവാ രംഗങ്ങളില്‍ സജീവമാകാനും ഏറെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഒരിക്കല്‍ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഒരു പണ്ഡിതനെ അപ്രകാരം ഉപദേശിക്കുന്ന അവസരത്തില്‍ എന്തോ ചില ഒഴിവുകഴിവുകള്‍ അയാള്‍ പറയാന്‍ ശ്രമിച്ചു. ശൈഖിന് അയാളുടെ ന്യായീകരണത്തില്‍ തൃപ്തിയായില്ല. ശൈഖ് അയാളോട് പറഞ്ഞു:  (( العمش ولا العمى )) 'അന്തതയാണോ അതല്ല കാഴ്ചക്കുറവാണോ നല്ലത് ?!'. അതായത്: ഒരുകാര്യം പൂര്‍ണ്ണമായും കരസ്ഥമാക്കാന്‍ സാധിക്കില്ല എന്ന് കരുതി അതെല്ലാം തന്നെ ഉപേക്ഷിക്കണമെന്നത് ശരിയല്ല. ഒരാള്‍ക്ക് നല്ല ശക്തിയുള്ള കാഴ്ച ഇല്ലാതിരുന്നാല്‍ കുറഞ്ഞ കാഴ്ചയെങ്കിലും ഉണ്ടാകുന്നതല്ലേ അന്തതയെക്കാള്‍ ഭേദം. - ഇരുപതാം വയസിലെങ്ങാണ്ട് ശൈഖിന്‍റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ പൊതുജനങ്ങള്‍ക്കിടയിലും  വേണ്ടപ്പെട്ടവര്‍ക്കിടയിലും ഏറെ പ്രസിദ്ധിയാര്‍ജിച്ച പ്രകാശപൂരിതമായ ഉള്‍ക്കാഴ്ച നല്‍കി അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. -.

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " കലര്‍പ്പില്ലാത്ത കറകളഞ്ഞ പ്രകാശം ഇല്ലാതെവരികയും, തെളിച്ചമില്ലാത്ത മന്ദീഭവിച്ച പ്രകാശം മാത്രം ബാക്കിയാകുകയും, ആ വെളിച്ചമെങ്കിലും ഇല്ലാതെ വന്നാല്‍ ആളുകള്‍ പൂര്‍ണമായ ഇരുട്ടിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ (വെട്ടം കുറവാണെങ്കിലും ആ വെളിച്ചത്തെ നീ  കെടുത്തിക്കളയരുത്). തീര്‍ത്തും തെളിഞ്ഞ വെളിച്ചം കിട്ടിയാലല്ലാതെ ഒരാളും ഇരുള്‍ ബാധിച്ച വെളിച്ചത്തെ ആക്ഷേപിക്കുകയും അതിനെ വിലക്കുകയും ചെയ്യരുത്. (നേരിയ വെളിച്ചമാണെങ്കിലും) ആ ഉള്ള വെളിച്ചത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ എത്ര പേരാണ് പൂര്‍ണമായ ഇരുട്ടിലേക്ക് കൂപ്പുകുത്തിയതായി  നിനക്ക് കാണാന്‍ സാധിക്കുക". - [മജ്മൂഉ ഫതാവ : 10/364].  ഇത്തരം എടുത്ത് ചാട്ടത്തിന് ഒരുദാഹരണമാണ് ചില ആളുകളുടെ വാക്കുകള്‍. (അവര്‍ പറയാറുള്ളത്): "സത്യം ഒന്ന് മാത്രമായിരിക്കും, അത് ശാഖകളാവുകയില്ല. ഒന്നുകില്‍ അത് പൂര്‍ണമായും ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുക". ഇതില്‍ സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളുക എന്നത് ശരി തന്നെ. പക്ഷെ അല്ലെങ്കില്‍ അത് പൂര്‍ണമായി ഉപേക്ഷിക്കുക എന്ന് പറയുന്നത് ബാത്വിലാണ്. മറിച്ച് അല്പമെങ്കിലും നന്മ കയ്യിലുള്ളവനോട് അത് നിലനിര്‍ത്താന്‍ വേണ്ടി ഉപദേശിക്കുകയും പോരായ്മകള്‍ നികത്താന്‍ വേണ്ടി ആവശ്യപ്പെടുകയും ആണ് വേണ്ടത്.

(ഒരാളോട് നമ്മള്‍ ബന്ധം മുറിക്കുമ്പോള്‍) അതില്‍ പ്രശംസനീയമായ ബന്ധവിച്ചേദനം (هجر) എന്ന് പറയുന്നത് ഗുണകരമായ പര്യവസാനത്തിന് അഥവാ مصلحة ന് വഴിവെക്കുന്ന ബന്ധവിച്ചേദനമാണ്. ഒരിക്കലും തന്നെ അത് ദോശകരമായ പര്യവസാനത്തിന് (مفسدة) വഴിവെക്കുന്നതായിക്കൂട.  ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " പരസ്പരം അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമ്പോഴെല്ലാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധം മുറിക്കാന്‍ നില്‍ക്കുന്നവരാണ് എങ്കില്‍ പിന്നെ ഒരിക്കലും  തന്നെ മുസ്ലിമീങ്ങള്‍ തമ്മില്‍  സാഹോദര്യ ബന്ധമോ, (വിശ്വാസി എന്ന നിലക്കുള്ള) സുരക്ഷിതത്വമോ ഉണ്ടാവില്ല". - [ മജ്മൂഉ ഫതാവ 28/ 173].  അതുപോലെ അദ്ദേഹം പറഞ്ഞു : "  ശറഇയ്യായ ഒരു കാരണത്താല്‍ ഒരാളെ ഹജ്ര്‍ ചെയ്യുക എന്നുള്ളത് (ബന്ധം മുറിക്കുക എന്നുള്ളത്) ബന്ധം മുറിക്കുന്നവരുടെ ബലവും, ബലഹീനതയും അതുപോലെ എണ്ണവും, എണ്ണക്കുറവുമെല്ലാം അപേക്ഷിച്ച് വ്യത്യസ്ഥമായിരിക്കും. ബന്ധം മുറിക്കപ്പെട്ടവനെ ആ തിന്മയില്‍ നിന്നും അകറ്റുക എന്നതും, പൊതുജനങ്ങള്‍ അവനെപ്പോലെ അത്തരം തിന്മകളില്‍ ഭാഗവാക്കാകുന്നതിനെ തടയുക എന്നതുമാണ്‌  നമ്മള്‍ അവനുമായുള്ള ബന്ധം മുറിക്കുന്നതിന്‍റെ താല്പര്യം. അപ്രകാരം അവനെ ഹജ്ര്‍ ചെയ്യുന്നത് (ബന്ധം മുറിക്കുന്നത്) തിന്മ കുറക്കാനും, തിന്മയെ മന്ദീഭവിപ്പിക്കാനും ഉപകിരിക്കും വിധം ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അത് അനുവദനീയമാണ്. മറിച്ച് ബന്ധം മുറിക്കപ്പെട്ടവനെയോ മറ്റുള്ളവരെയോ തിന്മയില്‍ നിന്നും തടയിടാന്‍ സാധിക്കാതെ വരികയും, അതിലുപരി തിന്മ വര്‍ദ്ധിപ്പിക്കുന്നതാവുകയും, ബന്ധം മുറിക്കുന്നവന്‍ മുറിക്കപ്പെടുന്നവനെക്കാള്‍ ദുര്‍ബലനുമാണെങ്കില്‍ അപ്രകാരം ഗുണത്തെക്കാളേറെ ദോഷമാണതുണ്ടാക്കുക എന്നു വന്നാല്‍ ഹജ്ര്‍ ചെയ്യാന്‍ പാടില്ല". അതെല്ലാം വിശദീകരിച്ചുകൊണ്ട് തുടര്‍ന്നദ്ദേഹം പറയുന്നു: "അപ്രകാരമെങ്കില്‍ പിന്നെ, ശറഇയ്യായ ബന്ധവിച്ചേദനം അല്ലാഹുവും അവന്‍റെ റസൂലും ചെയ്യാന്‍ കല്‍പിച്ച അമലുകളില്‍ പെട്ടതാണ്. ഇബാദത്തുകളെല്ലാം തന്നെ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതും അവന്‍റെ കല്പനകള്‍ അനുസരിച്ചുകൊണ്ടുള്ളതുമായിരിക്കണം.  അത് തീര്‍ത്തും നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതാവണം. അതുകൊണ്ടുതന്നെ ആരെങ്കിലും തന്‍റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ, അല്ലാഹു കല്പിച്ചിട്ടില്ലാത്ത വിധത്തിലോ ഹജ്ര്‍ ചെയ്‌താല്‍ (ബന്ധവിച്ചേദനം നടത്തിയാല്‍) അവന്‍റെ ഹജ്ര്‍ ശറഇയ്യായ ഹജ്റിന് പുറത്താണ്. എന്നാല്‍ എത്രയെത്ര മനസ്സുകളാണ് അല്ലാഹുവിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയോടെ താല്പര്യപ്പെടുന്നതെല്ലാം ചെയ്തുകൂട്ടുന്നത് ". - [മജ്മൂഉ ഫതാവ 28/206].

പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായിക്കാണാം: ഒരു പണ്ഡിതന് തെറ്റു പറ്റിയാല്‍, ആ തെറ്റില്‍ അയാളെ പിന്തുടരാന്‍ പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ അയാളെ പാടേ തള്ളിക്കളയാനും പാടില്ല. മറിച്ച് അയാളുടെ ആ തെറ്റ് മറ്റനേകം ശരികളാല്‍ പൊറുക്കപ്പെടുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) തന്‍റെ മജ്മൂഉ ഫതാവയില്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “തങ്ങള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തെ ആസ്പദമാക്കി മുസ്‌ലിം സമൂഹത്തില്‍ നിന്നും വ്യത്യസ്ഥ കക്ഷിയാവുകയോ, അതിനെ ആധാരമാക്കി സൗഹൃദവും ശത്രുതയും വച്ചു പുലര്‍ത്തുകയോ ചെയ്യുന്നില്ലയെങ്കില്‍ അതവരില്‍ നിന്നും സംഭവിച്ചു പോയ ഒരു തെറ്റ് മാത്രമാണ്. അത്തരം കാര്യങ്ങളില്‍ പരിശുദ്ധനായ അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. അത്തരം തെറ്റുകളില്‍ മുസ്‌ലിം ഉമ്മത്തിലെ മുന്‍ഗാമികളായ എത്രയോ പണ്ഡിതന്മാരും ഇമാമീങ്ങളും പെട്ടുപോയിട്ടുമുണ്ട്. അവരുടെ ഇജ്തിഹാദ് പ്രകാരം അവര്‍ പറഞ്ഞ വാക്കുകള്‍ ചിലപ്പോഴൊക്കെ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. (അതവര്‍ക്ക് സംഭവിച്ചുപോയ തെറ്റു മാത്രമാണ്). എന്നാല്‍ തന്‍റെ വാദങ്ങള്‍ അംഗീകരിക്കുന്നവരോട് സൗഹൃദം പുലര്‍ത്തുകയും, തന്‍റെ വാദങ്ങളെ എതിര്‍ക്കുന്നവരോട് ശത്രുത കാണിക്കുകയും, മുസ്ലിംകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരിക്കലും അവരെപ്പോലെയല്ല”. - [മജ്മൂഉ ഫതാവ 3/349].

    ഇമാം ദഹബി (റ) തന്‍റെ سير أعلام النبلاء ല്‍ പറയുന്നു: “ഇമാമീങ്ങളിലാരെങ്കിലും ചില ഒറ്റപ്പെട്ട മസ്അലകളില്‍ പൊറുക്കപ്പെടാവുന്ന വീഴ്ചകള്‍ വരുത്തുമ്പോഴേക്ക് നാം അവരെ ബിദ്അത്തുകാരായി മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, കുറ്റവും കുറവുമില്ലാത്ത ഒരാളും പിന്നെ ഉണ്ടാവുകയില്ല. ഇബ്നു നസ്റോ, ഇബ്നു മിന്‍ദയോ ആയിരുന്നാല്‍ പോലും, ഇനി വേണ്ട അവരെക്കാള്‍ വലിയവര്‍ ആയിരുന്നാല്‍ പോലും അതില്‍ നിന്നും മുക്തമാകുമായിരുന്നില്ല. അല്ലാഹുവാണ് മനുഷ്യരെ സത്യത്തിലേക്ക് വഴി നടത്തുന്നത്. അവന്‍ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്. അതിനാല്‍ തന്നെ നമ്മുടെ ദേഹേച്ചയെ പിന്‍പറ്റി (മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ നിന്നും) മോശമായ സംസാരത്തില്‍ നിന്നും നാം അല്ലാഹുവില്‍ ശരണം തേടുന്നു”. – [سير أعلام النبلاء 14/39]. (ഇബ്നു നസ്ര്‍ എന്നത് പ്രശസ്ഥ ഇമാമായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ നസ്ര്‍ അല്‍ മര്‍വസിയാണ്. ഇബ്നു മന്‍ദ എന്നത് ഇമാം മുഹമ്മദ്‌ ബിന്‍ യഹ്’യയാണ്. ഹിജ്റ 301ലാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടുപേരും അനേകം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ മുഹദ്ദിസീങ്ങളാണ്).

  അതുപോലെ ഇമാം ദഹബി(റ) പറഞ്ഞു: “ശരിയായ വിശ്വാസവും സത്യം മാത്രം പിന്തുടരുവാനുള്ള ദൃഢനിശ്ചയവുമുള്ള ഒരാള്‍ക്ക് അയാളുടെ ഇജ്തിഹാടില്‍ തെറ്റുപറ്റുമ്പോഴേക്ക് ബിദ്അത്ത് മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, ഇമാമീങ്ങളില്‍ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ബാക്കിയാവുക. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവരോടെല്ലാം കരുണ ചെയ്യുമാറാകട്ടെ ”. – [14/376 سير أعلام النبلاء].

    ഒരു വ്യക്തിയെ ജര്‍ഹ് ചെയ്യുന്നതിന് (മോശമായി വിലയിരുത്തുന്നതിന്) ചിലപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും കാരണമായേക്കാം എന്ന് ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ല അദ്ദേഹത്തിന്‍റെ صيد الخاطر എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ വ്യത്യസ്ഥ പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. അറിവിന്‍റെ കാര്യത്തില്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പക്ഷെ അവരോടൊപ്പമുള്ള സഹവാസത്തില്‍ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഉള്ള അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയിരുന്നിട്ടുകൂടി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവരാണ്. എന്നാല്‍ ചില ഹദീസ് പണ്ഡിതന്മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹദീസുകള്‍ നന്നായി മനപ്പാഠമാക്കുകയും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ പരദൂഷണം പറയുകയും അതെല്ലാം ജര്‍ഹു വ തഅദീലാണെന്നും പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് അല്‍ അന്മാത്വി എന്ന പണ്ഡിതനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം സലഫുകളെ പിന്തുടരുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ മജ്‌ലിസുകളില്‍ ഒരിക്കലും തന്നെ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നില്ല ”. – [صيد الخاطر ص143].

  അതുപോലെ അദ്ദേഹം തന്‍റെ تلبيس إبليس  എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ചില ഹദീസ് പണ്ഡിതന്മാരുടെ മേലുള്ള പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ പെട്ടതാണ് അവര്‍ പരസ്പരം തന്‍റെ പകപോക്കുന്നതിനു വേണ്ടി മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ശേഷം അതിനെ ഈ ഉമ്മത്തിലെ പൂര്‍വികന്മാര്‍ ശറഇനെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ജര്‍ഹു വ തഅദീലിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുക എന്നുള്ളത്. എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് കൃത്യമായി അറിയുന്നവനാകുന്നു ”. – [تلبيس إبليس 2/689]. ഹിജ്റ 597ല്‍ മരിച്ച ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ലയുടെ കാലഘട്ടത്തില്‍ ഇപ്രകാരം ആയിരുന്നുവെങ്കില്‍, ഈ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?!.

  ഈ വളരെ അടുത്ത കാലത്ത് യമനില്‍ നിന്നുള്ള ശൈഖ് മുഹമ്മദ്‌ അബ്ദല്ലാഹ് അല്‍ ഇമാം അഹ്ലുസ്സുന്നക്കിടയിലുള്ള ഭിന്നതകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന (الإبانة عن كيفية التعامل مع الخلاف بين أهل السنةوالجماعة) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. യമനില്‍ നിന്നുള്ള അഞ്ചോളം പണ്ഡിതന്മാര്‍ ആ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുമുണ്ട്. ആധുനികരും പൗരാണികരുമായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമുള്ള ഒട്ടനവധി ഉദ്ദരണികള്‍ അതില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും ഇബ്നുല്‍ ഖയ്യിം(റ) യുടെയും ഉദ്ദരണികള്‍. അവയെല്ലാം പരസ്പരമുള്ള ബന്ധം നന്നാക്കാനായി അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കുള്ള ഉപദേശമാണ്. ആ ഗ്രന്ഥത്തിന്‍റെ ഒട്ടുമിക്ക അധ്യായങ്ങളും പരിശോധിക്കാനും, അത് പ്രയോജനപ്പെടുത്താനും എനിക്ക് സാധിച്ചു. ഈ ലഘുകൃതിയില്‍ ഞാന്‍ എടുത്ത് കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും, ഇബ്നുല്‍ ഖയ്യിം(റ) യുടെയും വാക്കുകളിലേക്ക് ഞാന്‍ സഞ്ചരിച്ചത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിനാല്‍ തന്നെ ആ ഗ്രന്ഥം വായിക്കുവാനും പ്രയോജനപ്പെടുത്തുവാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. ആ കൃതിയില്‍ വന്ന ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്: “ ഒരുപക്ഷെ സ്വീകാര്യയോഗ്യനായ ഒരാള്‍ അഹ്ലുസ്സുന്നയിലുള്ള മറ്റുചിലരെ സംബന്ധിച്ച് ആക്ഷേപിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചക്കും, പിച്ചിച്ചീന്തലിനും, തര്‍ക്കത്തിനും  വഴിയൊരുക്കുകയും ചെയ്യും. ഒരുവേള അഹ്ലുസ്സുന്ന പരസ്പരം യുദ്ധം ചെയ്യുന്നതിലേക്ക് വരെ അത് എത്തിയേക്കാം. അത്തരം വല്ല സംഭവ വികാസവും ഉണ്ടായാല്‍ ആ ജര്‍ഹ് (ആക്ഷേപം) ഒരു ഫിത്നക്ക് വകവച്ചു എന്ന് മനസ്സിലാക്കാം. അപ്രകാരം അതൊരു ഫിത്നക്ക് കാരണമായാല്‍, താന്‍ നടത്തിയ ആക്ഷേപത്തെ (ജര്‍ഹിനെ) സംബന്ധിച്ചും അതിന്‍റെ ഗുണ-ദോഷങ്ങളെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതും, സാഹോദര്യബന്ധം നിലനിര്‍ത്തുവാനും, പ്രബോധനപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും, തെറ്റുകള്‍ നല്ല രൂപത്തില്‍ പരിഹരിക്കുവാനും ശ്രമിക്കേണ്ടതും അനിവാര്യമാണ്‌. ഉപദ്രവം പ്രകടമായ ജര്‍ഹില്‍ (ആക്ഷേപത്തില്‍) തുടരുക എന്നുള്ളത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല ”.

  യമനിലെ സഹോദരങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലുള്ള അനുഭവം മറ്റു മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ഈ ഭിന്നതയിലും വിഭാഗീയതയിലും അവര്‍ ഏറെ വേദനിക്കുന്നു. അതില്‍ ഭാഗവാക്കായ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നസ്വീഹത്ത് നല്‍കുവാന്‍ അവരോരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ യമാനുകാര്‍ ആ ദൗത്യം ആദ്യം നിറവേറ്റി. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ഒരുപക്ഷെ “വിശ്വാസം യമനിലേതാണ്. വിവേകവും യമനിലേതാണ്” - (മുത്തഫഖുന്‍ അലൈഹി) എന്ന ഹദീസ് പൊരുള്‍ ഉള്‍ക്കൊള്ളുന്നതാവാം ആ നസ്വീഹത്ത്. യമനിലെ സഹോദരങ്ങള്‍ എഴുതിയ ആ ഉപദേശം അതെന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് ആ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. എല്ലാം സൂക്ഷമമായി പിന്തുടരുകയും ആക്ഷേപിക്കുകയും ജര്‍ഹു ചെയ്യുകയും ചെയ്യുന്ന ഈ രീതി അഹ്ലുസ്സുന്നയില്‍പ്പെട്ട ആരും പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അഹ്ലുസ്സുന്നക്കിടയില്‍ ശത്രുതയും, പകയും ഉണ്ടാക്കുവാനും ഹൃദയങ്ങളെ കൂടുതല്‍ കടുത്തതാക്കുവാനുമല്ലാതെ സഹായിക്കുകയില്ല.

  തിന്മകളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടതിനു ശേഷവും സൗദിയെ ഫസാദാക്കുവാനും നശിപ്പിക്കുവാനും പാശ്ചാത്യശക്തികള്‍ ശ്രമിക്കുമ്പോള്‍, പ്രത്യേകിച്ചും ജിദ്ദയില്‍ ഖദീജാ ബീവിയുടെ പേരില്‍ വ്യാജമായി തുടങ്ങിയ സ്ത്രീകളെ വഴി തെറ്റിക്കാനുള്ള കൂട്ടായ്മകള്‍ രംഗത്ത് വരുമ്പോള്‍, - ആ കൂട്ടായ്മയെ സംബന്ധിച്ച് : ‘സ്ത്രീകളെ വഴിതെറ്റിക്കാന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്(റ) യുടെ പേര് ദുരുപയോഗം ചെയ്യരുത്’, എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിയുട്ടുണ്ട് – ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ചെറുക്കേണ്ടതിന് പകരം അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകള്‍ അവരെത്തന്നെ പരസ്പരം ആക്ഷേപിക്കുകയും, അവരെത്തന്നെ സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നത് ഏറെ അത്ഭുതകരമാണ്.

  എല്ലാ പ്രദേശങ്ങളിലുമുള്ള അഹ്ലുസ്സുന്നയുടെ ആളുകള്‍ക്ക് പ്രവാചകന്‍റെ ചര്യയെ മുറുകെപ്പിടിക്കാനും, സ്നേഹിക്കാനും, നന്മയിലും തഖ്’വയിലും പരസ്പരം സഹകരിക്കാനും, അവര്‍ക്കിടയിലുള്ള വിഭാഗീയതക്കും ഭിന്നതക്കും കാരണമാകുന്ന സകല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും കഴിയട്ടെയെന്നു ഞാന്‍ അല്ലാഹുവിനോട് തേടുന്നു. അതുപോലെത്തന്നെ മതത്തെ അറിയാനും പഠിക്കാനും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും മുസ്ലിമീങ്ങള്‍ക്കെല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.


وصلى الله وسلم وبارك على نبينا محمد وعلى آله وصحبه..........



എഴുതിയത്: ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്
DATE: HIJRA : 16/1/1432.
വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Wednesday, July 17, 2019

ഗ്രഹണ നമസ്കാരം - ലഘുപഠനം




 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഗ്രഹണം എന്നത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് പാഠമുള്‍ക്കൊള്ളാനും മനുഷ്യകഴിവുകള്‍ക്ക് അതീതമായി ഈ പ്രപഞ്ചത്തില്‍ സൃഷ്ടാവ് ഒരുക്കിവച്ച അനിഷേധ്യമായ ദൃഷ്ടാന്തങ്ങളെ ഉള്‍ക്കൊണ്ട് അവന് കീഴ്വണങ്ങാനും ഭയഭക്തിയുള്ളവരാകുവാനുമുള്ള മഹനീയ പ്രതിഭാസങ്ങള്‍.

www.fiqhussunna.com

عَنْ أَبِي مَسْعُودٍ الْأَنْصَارِيِّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ يُخَوِّفُ اللَّهُ بِهِمَا عِبَادَهُ ، وَإِنَّهُمَا لَا يَنْكَسِفَانِ لِمَوْتِ أَحَدٍ مِنْ النَّاسِ ، فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَصَلُّوا وَادْعُوا اللَّهَ حَتَّى يُكْشَفَ مَا بِكُمْ ) .

 അബൂ മസ്ഊദ് അല്‍ അന്‍സാരി നിവേദനം: റസൂല്‍ (സ) പറഞ്ഞു: "സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അവ ദര്‍ശിക്കുന്ന പക്ഷം അത് നീക്കപ്പെടുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്യുക". - [متفق عليه].

عَنْ أَبِي مُوسَى رضي الله عنه قالَ : " خَسَفَتْ الشَّمْسُ فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَزِعًا يَخْشَى أَنْ تَكُونَ السَّاعَةُ ، فَأَتَى الْمَسْجِدَ فَصَلَّى بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ رَأَيْتُهُ قَطُّ يَفْعَلُهُ ، وَقَالَ : ( هَذِهِ الْآيَاتُ الَّتِي يُرْسِلُ اللَّهُ لَا تَكُونُ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ وَلَكِنْ يُخَوِّفُ اللَّهُ بِهِ عِبَادَهُ ؛ فَإِذَا رَأَيْتُمْ شَيْئًا مِنْ ذَلِكَ فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ ).

അബൂ മൂസ അല്‍ അശ്അരി (റ) നിവേദനം: നബി (സ) യുടെ കാലത്ത് സൂര്യഗ്രഹണം സംഭവിച്ചു. അന്ത്യദിനം സംഭവിക്കുകയാണ് എന്ന് തോന്നുമാറ് റസൂല്‍ (സ) ധൃതി പിടിച്ച് പള്ളിയിലേക്ക് വന്നു. ശേഷം ഞാന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും സുദീര്‍ഘമായ രൂപത്തില്‍ ഖിയാമും, റുകൂഉം, സുജൂദുമായി ദീര്‍ഘമായ നമസ്കാരം നമസ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: "അല്ലാഹു അയക്കുന്ന ചില ദൃഷ്ടാന്തങ്ങളാണ് ഇവ. ആരുടെയെങ്കിലും മരണം കൊണ്ടോ , ജനനം കൊണ്ടോ സംഭവിക്കുന്നതല്ല അത്. മറിച്ച് തന്‍റെ ദാസന്മാരെ ഭയപ്പെടുത്തുന്ന ചില പ്രതിഭാസങ്ങളാണ്. അതുകൊണ്ട് അതിന് നിങ്ങള്‍ സാക്ഷിയായാല്‍ ദിക്റിലേക്കും, ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കാണിച്ചുകൊള്ളുക". - [متفق عليه].

 ഈ പ്രപഞ്ചത്തിന്‍റെയെല്ലാം നിയന്താവും സൃഷ്ടാവുമായ ഏകനായ സൃഷ്ടാവിന്‍റെ സൃഷ്ടിവൈഭവങ്ങളും, ഈ പ്രപഞ്ചത്തില്‍ അവന്‍ ക്രമീകരിച്ച അത്ഭുത പ്രതിഭാസങ്ങളും, മനുഷ്യന് തന്‍റെ നിസാരതയും ദുര്‍ബലതയും ബോധ്യപ്പെടാനും, ഭക്തിയും ദൈവഭയവുമുണ്ടാകുവാനുമുള്ള ദൃഷ്ടാന്തങ്ങളാണ്. ഹദീസില്‍ സൂചിപ്പിച്ച പോലെ ആരുടെയെങ്കിലും മരണത്തിലുള്ള ദുഃഖ സൂചകമായോ,  ആരുടെയെങ്കിലും ജന്മത്തിലുള്ള സന്തോഷ സൂചകമായോ സംഭവിക്കുന്ന ഒന്നല്ല ഗ്രഹണം. മറിച്ച് പ്രപഞ്ചത്തിന്‍റെ പരിപൂര്‍ണ നിയന്ത്രണവും അതിന്‍റെ ചലനവും ക്രമീകരണങ്ങളും തിട്ടപ്പെടുത്തിയ ഏക സൃഷ്ടാവായ അല്ലാഹു മനുഷ്യകഴിവുകള്‍ക്കതീതമായി പ്രപഞ്ചത്തില്‍ ഒരുക്കിവച്ച പ്രതിഭാസങ്ങളില്‍ ഒന്നാണത്. അതിലൂടെ അവന്‍ മനുഷ്യന് തന്‍റെ നിസാരത ബോധ്യപ്പെടുത്തുകയും അവനെ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. സൂര്യചന്ദ്രാതികളുടെ വെളിച്ചമണയുന്ന അന്ത്യദിനത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അത്തരം ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ സൃഷ്ടാവിനോടുള്ള വിധേയത്വവും സമര്‍പ്പണവും ഭയഭക്തിയും കാതലാക്കി ഒരു വിശ്വാസി ആരാധനയില്‍ മുഴുകണം. അതില്‍ സുപ്രധാനമാണ്‌ ഗ്രഹണ നമസ്കാരം:

ഗ്രഹണ നമസ്കാരത്തിന്‍റെ രൂപം:

തക്ബീറത്തുല്‍ ഇഹ്റാം കെട്ടി, دعاء الاستفتاح അഥവാ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി, അഊദുവും ബിസ്മിയും ചൊല്ലി ഫാത്തിഹ ഒതണം. ശേഷം സുദീര്‍ഘമായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും, ശേഷം സുദീര്‍ഘമായി റുകൂഇലേക്ക് പോകുകയും വേണം, ശേഷം سمع الله لمن حمده എന്ന് പറയുകയും, ഇഅതിദാലിലെ പ്രാര്‍ത്ഥന  ربنا ولك الحمد  ചൊല്ലുകയും ചെയ്യുക. ശേഷം വീണ്ടും ഫാത്തിഹ ഓതുക. ശേഷം ആദ്യം ഓതിയതിനേക്കാള്‍ അല്പം കുറവ് വരുന്ന രൂപത്തില്‍ സുദീര്‍ഘമായി വീണ്ടും ഒതുക. ശേഷം ആദ്യത്തെ റുകൂഇന്‍റെ അത്ര തന്നെ ദൈര്‍ഘ്യം വരാത്ത സുദീര്‍ഘമായ റുകൂഅ് ചെയ്യുക. ശേഷം سمع الله لمن حمده പറഞ്ഞ് ഇഅ്തിദാലില്‍ സുദീര്‍ഘമായി നില്‍ക്കുക. ശേഷം സുദീര്‍ഘമായ രണ്ട് സുജൂദുകളും, അതിനിടയില്‍ സുദീര്‍ഘമായ ഇടയിലിരുത്തം ഇരിക്കുകയും ചെയ്യുക. ശേഷം രണ്ടാമത്തെ റകഅത്തിലേക്ക് എഴുന്നേല്‍ക്കുകയും ആദ്യ റകഅത്തിനേക്കാള്‍ അല്പം ദൈര്‍ഘ്യം കുറയുന്ന രൂപത്തില്‍ നേരത്തെ നിര്‍വഹിച്ച പോലെ രണ്ടാം റകഅത്തും നിര്‍വഹിക്കുക. ശേഷം തശഹുദിരുന്ന് സലാം വീട്ടുക. ഇതാണ് ഗ്രഹണ നമസ്കാരത്തിന്‍റെ രൂപം.

ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ : " خَسَفَتْ الشَّمْسُ فِي حَيَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ إِلَى الْمَسْجِدِ فَصَفَّ النَّاسُ وَرَاءَهُ ، فَكَبَّرَ ، فَاقْتَرَأَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قِرَاءَةً طَوِيلَةً ، ثُمَّ كَبَّرَ فَرَكَعَ رُكُوعًا طَوِيلًا ، ثُمَّ قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ.
فَقَامَ وَلَمْ يَسْجُدْ ، وَقَرَأَ قِرَاءَةً طَوِيلَةً ، هِيَ أَدْنَى مِنْ الْقِرَاءَةِ الْأُولَى ، ثُمَّ كَبَّرَ وَرَكَعَ رُكُوعًا طَوِيلًا ، وَهُوَ أَدْنَى مِنْ الرُّكُوعِ الْأَوَّلِ .
ثُمَّ قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا وَلَكَ الْحَمْدُ ، ثُمَّ سَجَدَ ، ثُمَّ قَالَ فِي الرَّكْعَةِ الْآخِرَةِ مِثْلَ ذَلِكَ ، فَاسْتَكْمَلَ أَرْبَعَ رَكَعَاتٍ ، فِي أَرْبَعِ سَجَدَاتٍ ".

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) നിവേദനം: "നബി (സ) യുടെ ജീവിതകാലത്ത് സൂര്യഗ്രഹണമുണ്ടായി. അദ്ദേഹം പള്ളിയിലേക്ക് പുറപ്പെട്ടു. ആളുകള്‍ അദ്ദേഹത്തിന് പിന്നില്‍ സ്വഫ്ഫായി നിന്നു. അദ്ദേഹം തക്ബീര്‍ ചൊല്ലി. ശേഷം സുദീര്‍ഘമായി പാരായണം ചെയ്തു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. ശേഷം سمع الله لمن حمده പറഞ്ഞുകൊണ്ട് എഴുന്നേറ്റു. പക്ഷെ സുജൂദിലേക്ക് പോയില്ല. ശേഷം സുദീര്‍ഘമായി വീണ്ടും പാരായണം ചെയ്തു. അതിന് ആദ്യം പാരായണം ചെയ്തതിനേക്കാള്‍ ദൈര്‍ഘ്യംകുറവായിരുന്നു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. അതിന് ആദ്യ റുകൂഇനേക്കാള്‍ ദൈര്‍ഘ്യം കുറവായിരുന്നു. ശേഷം سمع الله لمن حمده  എന്നും ربنا ولك الحمد എന്നും പറഞ്ഞു എഴുന്നേറ്റു. ശേഷം സുജൂദിലേക്ക് പോയി. രണ്ടാമത്തെ റകഅത്തിലും അതുപോലെത്തന്നെ നിര്‍വഹിച്ചു. അങ്ങനെ നാല് റുകൂഉകളും നാല് സുജൂദുകളുമായി ഗ്രഹണ നമസ്കാരം പൂര്‍ത്തിയാക്കി".  - [متفق عليه].

ഗ്രഹണ നമസ്കാരം വീട്ടില്‍ വെച്ച് ഒറ്റക്ക് നമസ്കരിക്കാമോ ?. 

ഗ്രഹണ നമസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമല്ല, സുന്നത്തായ കാര്യമാണ് എന്നത് ഫുഖഹാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ വെച്ച് ഒരാള്‍ക്ക് കുടുംബത്തോടൊപ്പം ജമാഅത്തായോ, ഒറ്റക്കോ നമസ്കരിക്കാം. എന്നാല്‍ ഗ്രഹണനമസ്കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കുന്നത് കൂടുതല്‍ പുണ്യകാരമാണ്. അതുകൊണ്ട് അതിന് തന്നെയാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.

സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും ഒരുപോലെ പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വഹിക്കാം എന്നതാണ് ഇമാം ശാഫിഈ (റ) യുടെയും [مغني   المحتاج :  1/599 നോക്കുക] ഇമാം അഹ്മദ് (റ) യുടെയും [المغني : 2/202] അഭിപ്രായം. എന്നാല്‍ ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായപ്രകാരവും [البحر الرائق شرح كنز الدقائق : 1/366 നോക്കുക]  ഇമാം മാലിക്ക് (റ) യുടെ മശ്ഹൂറായ അഭിപ്രായപ്രകാരവും [المدونة : 1/242 നോക്കുക] സൂര്യഗ്രഹണത്തിന് മാത്രമേ പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കാരമുള്ളൂ. കാരണം നബി (സ) യുടെ കാലത്ത് സൂര്യഗ്രഹണത്തിനാണ് അവര്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണത്.  അതിനാല്‍ത്തന്നെ ചന്ദ്രഗ്രഹണത്തിന് അവരുടെ വീക്ഷണത്തില്‍ ജമാഅത്ത് നമസ്കാരമില്ല. എന്നാല്‍ കൂടുതല്‍ പ്രബലമായ അഭിപ്രായം ഇമാം ശാഫിഇ (റ) യും ഇമാം അഹ്മദും പറഞ്ഞ ആദ്യത്തെ അഭിപ്രായം തന്നെയാണ്. കാരണം നബി (സ) സൂര്യഗ്രഹണമാണ് ജമാഅത്തായി നമസ്കരിച്ച് കാണിച്ച് തന്നതെങ്കിലും ചന്ദ്രഗ്രഹണത്തെയും സൂര്യഗ്രഹണത്തോടൊപ്പം ഒരുമിച്ചാണ് നബി (സ) പ്രതിപാദിച്ചത്. അതില്‍ ( فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَصَلُّوا ) "സൂര്യ-ചന്ദ്ര ഗ്രഹണങ്ങളില്‍ വല്ലതും നിങ്ങള്‍ ദര്‍ശിച്ചാല്‍ നിങ്ങള്‍ നമസ്കരിക്കുക" എന്നഹദീസില്‍ രണ്ടും ഒരുമിച്ച് പരാമര്‍ശിക്കുകയും അതില്‍ 'സൂര്യഗ്രഹണത്തിന് ജമാഅത്തായി നമസ്കരിച്ച പോലെ ചന്ദ്രഗ്രഹണത്തിന് നിങ്ങള്‍ ജമാഅത്തായി നമസ്കരിക്കരുത്' എന്ന് നബി (സ) പ്രത്യേകം ഓര്‍മ്മപ്പെടുത്താത്തതുകൊണ്ട് തന്നെ രണ്ടും ഒരുപോലെയാണ് എന്ന് മനസ്സിലാക്കാം. 

അതുകൊണ്ട് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പള്ളിയില്‍ വച്ച് ജമാഅത്തായി നിര്‍വഹിക്കലാണ് ശ്രേഷ്ഠം. എന്നാല്‍ ഒറ്റക്കും നിര്‍വഹിക്കാം. 

ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയാണോ അതോ മെല്ലെയാണോ ഓതേണ്ടത് ?. 


 ഉറക്കെ ഓതല്‍ സുന്നത്താണ്. ഈ വിഷയത്തിലും ഇമാമീങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പഠനം ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടി അത് വിശദീകരിക്കാം ഉറക്കെ ഓതിയാലും ശബ്ദമുയര്‍ത്താതെ ഒതിയാലും നമസ്കാരം സ്വീകാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഉറക്കെ ഓതല്‍ സുന്നത്താണോ അല്ലയോ എന്നതാണ് ചര്‍ച്ച.  ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഒരു ഹദീസില്‍ :

إن النبي صلى الله عليه وسلم صلى صلاة الكسوف ، فلم نسمع له صوتا
"നബി (സ) ഗ്രഹണ നമസ്കാരം നിര്‍വ്വഹിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ ശബ്ദം ഞങ്ങള്‍ കേട്ടില്ല". - (البيهقي : 3 / 335).

എന്നതിന്‍റെ അടിസ്ഥാനത്തിലും, ഉറക്കെ ഓതിയിരുന്നുവെങ്കില്‍ അത് ധാരാളം ഉദ്ദരിക്കപ്പെടുമായിരുന്നു എന്നും കണക്കിലെടുത്ത് ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ) തുടങ്ങിയവര്‍ ഉറക്കെ ഓതുന്നത് സുന്നത്തല്ല എന്ന അഭിപ്രായക്കാരാണ്. - [الموسوعة الفقهية الكويتية : 27/257 നോക്കുക].

എന്നാല്‍ മേല്‍ പരാമര്‍ശിക്കപ്പെട്ട ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസ് ദുര്‍ബലമാണ് എന്ന് ഇമാം ഇബ്നു ഹജര്‍ രേഖപ്പെടുത്തിയിട്ടുണ്ട് [التلخيص : 2 / 92 നോക്കുക]. 


എന്നാല്‍ ഇരുഗ്രഹണ നമസ്കാരത്തിലും ഉറക്കെ ഓതല്‍ സുനത്താണ് എന്നതാണ് ഇമാം അഹ്മദിന്‍റെ അഭിപ്രായം. അത് സ്വഹീഹായ ഹദീസില്‍ വന്നിട്ടുമുണ്ട്. ഇമാം ബുഖാരി (റ) അദ്ദേഹത്തിന്‍റെ സ്വഹീഹില്‍ ഒരു ബാബ് തന്നെ രേഖപ്പെടുത്തിയത്: باب الجهر بالقراءة في الكسوف ഗ്രഹണ നമസ്കാരത്തില്‍ ഉച്ചത്തില്‍ ഓതുന്നത് പരാമര്‍ശിക്കുന്ന ബാബ് എന്നതാണ്. അതില്‍ ആഇശ (റ) യില്‍ നിന്നും അദ്ദേഹം ഉദ്ദരിക്കുന്നു: 

عن عائشة رضي الله عنها جهر النبي صلى الله عليه وسلم في صلاة الخسوف

ആഇശ (റ) നിവേദനം: "നബി (സ) ഗ്രഹണ നമസ്കാരത്തില്‍ ഉച്ചത്തില്‍ പാരായണം ചെയ്തു .....".  - (ബുഖാരി: 1016). നബി (സ) യുടെ കാലത്ത് ഉണ്ടായത് പകല്‍ സമയത്തുള്ള സൂര്യഗ്രഹണമാണ് എന്നതും ഇതിനോട് നമുക്ക് ചേര്‍ത്ത് വായിക്കാം. അതുപോലെ രണ്ടാമത്തെ തെളിവാണ് ഇത് ജമാഅത്ത് അനുവദനീയമായ സുന്നത്ത് നമസ്കാരമാണ്. അതുകൊണ്ട് പൊതുവെ ജമാഅത്ത് അനുവദനീയമായ (പെരുന്നാള്‍ നമസ്കാരം പോലുള്ള) സുന്നത്ത് നമസ്കാരങ്ങളില്‍ ഉച്ചത്തില്‍ ഓതല്‍ സുന്നത്തായതിനാല്‍ ഗ്രഹണ നമസ്കാരത്തിലും അപ്രകാരം തന്നെ. 


ഗ്രഹണ നമ്സ്കാരശേഷമുള്ള ഖുത്ബ:

ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഏതായാലും ഖുത്ബ നിര്‍ബന്ധമില്ല എന്നത് ഏകാഭിപ്രായമുള്ള കാര്യമാണ്. എന്നാല്‍ ഖുത്ബ മുസ്തഹബ്ബാണോ അല്ലയോ എന്നതില്‍ ചര്‍ച്ചയുണ്ട്.

റസൂല്‍ (സ) വളരെ ഹ്രസ്വമായ ഒരു ഖുത്ബ നടത്തിയതായി ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:

عن عَائِشَةَ رضي الله عنها أن النبي صلى الله عليه وسلم انْصَرَفَ وَقَدْ انْجَلَتْ الشَّمْسُ ، فَخَطَبَ النَّاسَ ، فَحَمِدَ اللَّهَ ، وَأَثْنَى عَلَيْهِ ، ثُمَّ قَالَ : (إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ ، لَا يَخْسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ ، فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ ، وَكَبِّرُوا ، وَصَلُّوا ، وَتَصَدَّقُوا ، ثُمَّ قَالَ : يَا أُمَّةَ مُحَمَّدٍ وَاللَّهِ مَا مِنْ أَحَدٍ أَغْيَرُ مِنْ اللَّهِ أَنْ يَزْنِيَ عَبْدُهُ أَوْ تَزْنِيَ أَمَتُهُ، يَا أُمَّةَ مُحَمَّدٍ ، وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا ، وَلبَكَيْتُمْ كَثِيرًا) . 

ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) നിവേദനം: സൂര്യഗ്രഹണമുണ്ടായപ്പോള്‍ നബി (സ) (പള്ളിയിലേക്ക്) പോയി. എന്നിട്ടദ്ദേഹം ആളുകളോട് അഭിസംബോധനം ചെയ്ത് സംസാരിച്ചു. ഹംദ് ചൊല്ലി, അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് ആരംഭിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: " "സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അതുകൊണ്ടുതന്നെ നിങ്ങളത് ദര്‍ശിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. തക്ബീര്‍ ചൊല്ലുക, നമസ്കരിക്കുക, ദാനധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക. ശേഷം അദ്ദേഹം പറഞ്ഞു: അല്ലയോ മുഹമ്മദിന്‍റെ സമൂഹമേ, തന്‍റെ ദാസനോ ദാസിയോ വ്യഭിചരിക്കുന്നതില്‍ അല്ലാഹുവിനേക്കാള്‍ കോപിഷ്ഠനാകുന്ന മറ്റാരുമില്ല. അല്ലയോ മുഹമ്മദിന്‍റെ ഉമ്മത്തീങ്ങളേ.. എനിക്കറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കറിയുമായിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ച് മാത്രം ചിരിക്കുകയും വളരെയധികം കരയുകയും ചെയ്യുമായിരുന്നു" . - [متفق عليه].

ഈ സംഭാഷണം നമസ്കാരശേഷമാണ് നടന്നത് എന്നത് നാം തന്നെ മുകളില്‍ ഉദ്ദരിച്ച അബൂ മൂസ അല്‍ അശ്അരി (റ) വിന്‍റെ ഹദീസില്‍ നിന്നും വ്യക്തമാണ്.

ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഹ്രസ്വമായ ഖുത്ബ പറയല്‍ സുന്നത്താണ് എന്നതാണ് ഇമാം ശാഫിഇ (റ) യുടെ അഭിപ്രായം. ഇമാം അഹ്മദില്‍ നിന്നുള്ള ഒരു രിവായത്തും അപ്രകാരം തന്നെ. അതാണ്‌ സലഫുകളില്‍ കൂടുതല്‍ പേരുടെയും അഭിപ്രായം. ഇമാം നവവി (റ) പറയുന്നു: 

قال النووي رحمه الله : "وبه قال جمهور السلف ، ونقله ابن المنذر عن الجمهور" انتهى.

"അതാണ്‌ ഭൂരിഭാഗം സലഫുകളുടെയും അഭിപ്രായം. ഇബ്നുല്‍ മുന്‍ദിര്‍ അത് ഭൂരിപക്ഷാഭിപ്രായമായി ഉദ്ദരിച്ചിട്ടും ഉണ്ട്" - [المجموع : 5/59]. 

എന്നാല്‍ അത് സുന്നത്തല്ല. നബി (സ) ഗ്രഹണ നമസ്കാരത്തെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് ഖുത്ബ നടത്തേണ്ടതില്ല എന്നതാണ് ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായം. ഇമാം അഹ്മദില്‍ നിന്നും ഒരു റിപ്പോര്‍ട്ടും അപ്രകാരമാണ്. പക്ഷെ വ്യഭിചാരത്തെക്കുറിച്ച് താക്കീത് നല്‍കുന്ന ഭാഗം സ്വഹീഹായ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഈ അഭിപ്രായത്തെക്കാള്‍ പ്രബലം ആദ്യത്തെ അഭിപ്രായമാണ്.

ഖുത്ബയുടെ രൂപത്തിലല്ല, എന്നാല്‍ ചെറിയ ഉപദേശം ആകാവുന്നതാണ് എന്നതാണ് ഇമാം മാലിക്കിന്‍റെ അഭിപ്രായം. ഇത് ആദ്യ അഭിപ്രായത്തോട് സാമ്യതയുള്ളത് തന്നെയാണ്.

ഏതായാലും ലളിതമായി ഒരൊറ്റ ഖുത്ബ നടത്തുന്നത് മുസ്തഹബ്ബാണ് എന്നതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.


Sunday, July 14, 2019

റുകൂഅ് ലഭിച്ചാല്‍ റകഅത്ത് ലഭിക്കുമോ ?.



 ചോദ്യം: നമസ്കാരത്തില്‍ ഇമാമിന്‍റെ കൂടെ റുകൂഅ് ലഭിച്ചാല്‍ ആ റകഅത്ത് കിട്ടുമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാള്‍ക്ക് ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാല്‍ അയാൾക്ക് ആ റകഅത്ത് ലഭിക്കുന്നതാണ്. അഥവാ ഇമാം റുകൂഇല്‍ നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പായി താന്‍ റുകൂഇലേക്ക് പോകുകയും ഇമാം എഴുന്നേല്‍ക്കുന്നതിനു മുന്‍പ് കൈ മുട്ടില്‍ വെച്ച് റുകൂഇന്‍റെ രൂപത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ അയാൾക്ക് ആ റകഅത്ത് ലഭിക്കുന്നതാണ്.

ഫാത്തിഹ പാരായാണം ചെയ്യല്‍ മഅ്മൂമിന് ഇളവ് ലഭിക്കുന്ന രണ്ട് അവസരങ്ങളാണ് ഉള്ളത്. ഒന്ന് ഒരാള്‍ വൈകിയെത്തി താന്‍ ഫാത്തിഹ ഒതുന്നതിന് മുന്‍പേ ഇമാം റുകൂഇലേക്ക് പോയാല്‍, മറ്റൊന്ന് ഇമാം റുകൂഇലായിരിക്കെ ഒരാള്‍ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍.

ഇമാമിനൊപ്പം ഒരാള്‍ക്ക് റുകൂഅ് ലഭിച്ചാല്‍ അയാള്‍ക്ക് ആ റകഅത്ത് ലഭിക്കുമെന്നുള്ളതിനുള്ള ചില തെളിവുകള്‍ താഴെ കൊടുക്കുന്നു:

عَنْ أَبِي بَكْرَةَ أَنَّهُ انْتَهَى إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ رَاكِعٌ فَرَكَعَ قَبْلَ أَنْ يَصِلَ إِلَى الصَّفِّ فَذَكَرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ زَادَكَ اللَّهُ حِرْصًا وَلَا تَعُدْ

അബീ ബക്റ (റ) നിവേദനം: അദ്ദേഹം നബി (സ) യോടൊപ്പം നമസ്കരിക്കാനായി വന്നപ്പോള്‍ നബി (സ) റുകൂഇലായിരുന്നു. സ്വഫിലേക്ക് എത്തുന്നതിന് മുന്പ് തന്നെ അദ്ദേഹം കൈകള്‍ കെട്ടി. അത് നബി (സ) യോട് അദ്ദേഹം പറഞ്ഞപ്പോള്‍ നബി (സ) ഇപ്രകാരം പറഞ്ഞു: "അല്ലാഹു താങ്കളുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കട്ടെ, ഇനി ആവര്‍ത്തിക്കരുത്" - (സ്വഹീഹുല്‍ ബുഖാരി: 783).

ഇവിടെ അദ്ദേഹത്തിന് ഫാത്തിഹ പാരായണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആ റകഅത്ത് നഷ്ടപ്പെടുമായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് ആ റകഅത്ത് മടക്കി നമസ്കരിക്കാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ അദ്ദേഹത്തോട് ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞത് സ്വഫില്‍ എത്തുന്നതിന് മുന്‍പ് കൈകെട്ടിയ വിഷയമാണ്‌ എന്നതാണ് മുഹദ്ദിസീങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അത് മറ്റൊരു ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ അതിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.   മാത്രമല്ല ഇമാം ബൈഹഖി തന്‍റെ സുനനില്‍ ഈ ഹദീസ് എടുത്ത് കൊടുക്കുന്നത് തന്നെ "باب إدراك الركعة بإدراك الركوع" അഥവാ റുകൂഅ് ലഭിച്ചാല്‍ തന്നെ ആ റകഅത്ത് ലഭിക്കും എന്ന് പഠിപ്പിക്കുന്ന ബാബിലാണ്.

അതുപോലെ ഇമാം ബൈഹഖി ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും ഉദ്ദരിക്കുന്നു: 

 عن ابْن مَسْعُودٍ رضي الله عنه قَالَ : مَنْ لَمْ يُدْرِكِ الإِمَامَ رَاكِعًا لَمْ يُدْرِكْ تِلْكَ الرَّكْعَةَ. 

ഇബ്നു മസ്ഊദ് (റ) ഇപ്രകാരം പറഞ്ഞു: "ഇമാമിനോപ്പം റുകൂഅ് ലഭിക്കാത്തവന് ആ റകഅത്ത് ലഭിക്കുകയില്ല" - (ബൈഹഖി: 2681, ഈ ഹദീസ് സ്വഹീഹാണ് എന്ന് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുമുണ്ട്‌ - الإرواء: 263]. 

അതുപോലെ ഇമാം ഇബ്നു അബീ ശൈബ ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ ഇബ്നു ഉമര്‍ (റ) വില്‍ നിന്നും കൂടുതല്‍ വ്യക്തമായി ഇത് പ്രതിപാദിച്ചിട്ടുണ്ട്: 

عن عبد الله بن عمر رضي الله عنه قال : ( إذا جئت والإمام راكع ، فوضعت يديك على ركبتيك قبل أن يرفع فقد أدركت ) .

 ഇബ്നു ഉമര്‍ (റ) ഇപ്രകാരം പറഞ്ഞു: "ഇമാം റുകൂഇലായിരിക്കെ താങ്കള്‍ വന്നാല്‍, ഇമാം റുകൂഇല്‍ നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പായി താങ്കളുടെ കൈകള്‍ മുട്ടിനു മുകളില്‍ വെച്ചാല്‍ താങ്കള്‍ക്ക് ആ (റകഅത്ത്) ലഭിച്ചു". - (ഇബ്നു അബീ ശൈബ: 2520).

അതുപോലെ ഇബ്നു ഉമര്‍ (റ) വില്‍ നിന്നുള്ള ഈ ഹദീസ് തന്നെ ഇമാം ബൈഹഖി ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

( من أدرك الإمام راكعا ، فركع قبل أن يرفع الإمام رأسه ، فقد أدرك تلك الركعة )

"ഇമാം റുകൂഇലായിരിക്കെ വന്ന വ്യക്തി, ഇമാം ശിരസ് ഉയര്‍ത്തുന്നതിന് മുന്‍പേ റുകൂഇല്‍ പോകുകയാണെങ്കില്‍ അയാള്‍ക്ക് ആ റകഅത്ത് ലഭിച്ചിരിക്കുന്നു". - (ബൈഹഖി: 2413)

മേല്‍പറഞ്ഞ രണ്ടു ഹദീസുകളും സ്വഹീഹാണ് എന്ന്ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. (الإرواء: 264).

മേല്‍ ഉദ്ദരിച്ചവയില്‍ നിന്നും മസ്ബൂഖ് അഥവാ വൈകിയെത്തുന്നയാള്‍ക്ക്  റുകൂഅ് ലഭിച്ചാല്‍ത്തന്നെ ആ റകഅത്ത് ലഭിക്കും എന്ന് മനസ്സിലാക്കാം. കൂടാതെ മറ്റു ചില സ്വഹാബാക്കളില്‍ നിന്നും ഇതുദ്ദരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ വിഷയത്തില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ് - [ابن عابدين: 1 / 323 ، والفواكه الدواني: 1 / 240 ، والمجموع: 4 / 229 ، والمغني: 1 / 504 ].

ഇനി ഒരാള്‍ ഇമാം റുകൂഇലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് വരുകയും ഫാത്തിഹ പൂര്‍ണമായി ഓതാന്‍ സമയം ലഭിക്കാതിരിക്കുകയും ചെയ്‌താല്‍, അയാള്‍ ഇമാമിനോടൊപ്പം റുകൂഇലേക്ക് പോകുകയാണ് ചെയ്യേണ്ടത്. നേരത്തെ ഉദ്ദരിച്ച ഹദീസുകളില്‍ നിന്നുതന്നെ  വൈകിയെത്തുന്നവര്‍ക്ക് ഫാത്തിഹ ഓതാന്‍ സാധിക്കാതെ വരുന്നത് നമസ്കാരത്തിന് ഭംഗം വരുത്തുകയില്ല എന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്. തീര്‍ത്തും ഓതാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് തന്നെ റുകൂഓടു കൂടി ആ റകഅത്ത് ലഭിക്കുമെങ്കില്‍ ഭാഗികമായെങ്കിലും ഓതാന്‍ സാധിച്ചവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

എന്നാല്‍ വൈകിയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രാരംഭ പ്രാര്‍ഥനയില്‍ മുഴുകി ഫാത്തിഹ ഒതാനുള്ള സമയം നഷ്ടപ്പെടുത്താതെ നേരെ ഫാത്തിഹ ചൊല്ലി പൂര്‍ത്തിയാക്കാനാണ് പര്ശ്രമിക്കേണ്ടത്. കാരണം പ്രാരംഭ പ്രാര്‍ത്ഥന എന്നത് സുന്നത്തും, ഫാത്തിഹ എന്നത് റുക്നുമാണ്. സുന്നത്ത് എടുത്ത് റുക്ന് നഷ്ടപ്പെടുത്താവതല്ല.

ഇമാം നവവി തന്‍റെ അല്‍ മജ്മൂഇല്‍ ഇമാം ശീറാസിയുടെ വാക്കുകള്‍ ഉദ്ദരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: 

قال الشيرازي رحمه الله : " وإن أدركه في القيام وخشي أن تفوته القراءة ترك دعاء الاستفتاح واشتغل بالقراءة ; لأنها فرض فلا يشتغل عنه بالنفل , فإن قرأ بعض الفاتحة فركع الإمام ففيه وجهان : أحدهما : يركع ويترك القراءة ; لأن متابعة الإمام آكد ; ولهذا لو أدركه راكعا سقط عنه فرض القراءة . الثاني : يلزمه أن يتم الفاتحة ; لأنه لزمه بعض القراءة فلزمه إتمامها " انتهى .

"ഒരാള്‍ ഇമാം റുകൂഇലേക്ക് പോകുന്നതിന് ഇമാമിനോടൊപ്പം ചേരുകയും, താന്‍ ഫാത്തിഹ പാരായണം ചെയ്യുന്നതിന് മുന്പ് അദ്ദേഹം റുകൂഇലേക്ക് പോകാനിടയുണ്ട് എന്ന് ഭയപ്പെടുകയും ചെയ്‌താല്‍, അവന്‍ പ്രാരംഭ പ്രാര്‍ത്ഥന ഉപേക്ഷിച്ച് ഫാത്തിഹ പാരായണം ചെയ്യട്ടെ. കാരണം അത് ഫര്‍ളും പ്രാരംഭ പ്രാര്‍ത്ഥന നിര്‍ബന്ധമല്ലാത്ത സുന്നത്തുമാണ്. ഇനി താന്‍ അല്പം ഫാത്തിഹ പാരായണം ചെയ്തപ്പോഴേക്ക് ഇമാം റുകൂഇലേക്ക് പോയാല്‍ എന്ത് ചെയ്യണം എന്നതില്‍ രണ്ടഭിപ്രായമുണ്ട്‌. ഒരഭിപ്രായം അയാള്‍ പാരായണം ഉപേക്ഷിച്ച് ഇമാമിനോപ്പം സുജൂദിലേക്ക് പോകണം എന്നതാണ്. കാരണം ഇമാമിനെ പിന്തുടരലാണ് കൂടുതല്‍ ബലപ്പെട്ടത് എന്നതിനാലാണത്. അതുകൊണ്ടാണ് ഇമാം റുകൂഇലായിരിക്കെയാണ് ഒരാള്‍ ഇമാമിനോപ്പം ചെരുന്നതെങ്കില്‍ ഫാത്തിഹ ഒതുക എന്ന ഫര്‍ള് അയാള്‍ക്ക് ബാധകമല്ലാതായിത്തീരുന്നത്. എന്നാല്‍ ഫാത്തിഹ അല്പം പാരായണം ചെയ്തത് കൊണ്ട് അത് പൂര്‍ത്തിയാക്കുക എന്നും അഭിപ്രായമുണ്ട്". - (المجموع: 4/109 ).

അഥവാ അല്പം പൂര്‍ത്തിയാക്കാനുള്ള ഒരാള്‍ക്ക് വേഗത്തില്‍ ഓതി പൂര്‍ത്തിയാക്കി ഇമാമിനോപ്പം തന്നെ റുകൂഇല്‍ ഒപ്പമെത്താന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം. എന്നാല്‍ അപ്രകാരം ചെയ്യുന്നത് താന്‍ റുകൂഇലേക്ക് പോകുന്നതിന് മുന്പായി ഇമാം എഴുന്നേല്‍ക്കാന്‍ കാരണമാകും എന്ന് തോന്നിയാല്‍ അവിടെ പാരായണം ഉപേക്ഷിച്ച് റുകൂഇലേക്ക് പോകുക.

ഏതായാലും ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് കഴിയുന്നതും തക്ബീറത്തുല്‍ ഇഹ്റാമിന് ഒപ്പം തന്നെ എത്തിച്ചേരാന്‍ പരിശ്രമിക്കുക. ഇനി മനപ്പൂര്‍വ്വമല്ലാതെ വൈകാന്‍ ഇടവന്നാല്‍ റുകൂഅ് ലഭിക്കുക വഴി ആ റകഅത്ത് ലഭിച്ചു എന്ന് മനസ്സിലാക്കാം.

സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത് തറാവീഹ് നമസ്കാരത്ത്തിനും മറ്റും ചില കുട്ടികള്‍ കാണിക്കാറുള്ളത് പോലെ മനപ്പൂര്‍വ്വം ഇമാമിന്‍റെ പാരായണം കഴിയട്ടെ എന്ന് കരുതി കാത്ത് നില്‍ക്കുകയും ഇമാം റുകൂഇലേക്ക് പോയാല്‍ ഉടന്‍ വന്ന് ജമാഅത്തില്‍ ചേരുകയും ചെയ്യുന്ന രൂപത്തില്‍ ചെയ്യുന്നവര്‍ക്ക് ആ റകഅത്ത് ലഭിക്കുകയില്ല. കാരണം അവര്‍ നമസ്കാരത്തിന്‍റെ അര്‍ക്കാനുകള്‍ക്ക് മനപ്പൂര്‍വ്വം ഭംഗം വരുത്തുന്നവരാണ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ ...

By. Abdu Rahman Abdul Latheef P.N

സൂറത്തുല്‍ ഇഖ്‌ലാസ് 10 തവണ ചൊല്ലിയാല്‍ പ്രത്യേക പ്രതിഫലം ഉണ്ടെന്ന ഹദീസ് സ്വഹീഹ് ആണോ ?.




ചോദ്യം: സൂറത്തുല്‍ ഇഖ്‌ലാസ് പത്ത് തവണ പാരായണം ചെയ്‌താല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ലഭിക്കും എന്ന ഹദീസ് സ്വഹീഹ് ആണെന്നും ളഈഫ് ആണെന്നും കേള്‍ക്കുന്നു. വസ്തുതയെന്ത് ?.

www.fiqhussunna.com

ഉത്തരം: 

الحمدلله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ചോദ്യകര്‍ത്താവ് പരാമര്‍ശിച്ച പോലെ സ്വീകാര്യതയുടെ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുള്ള ഹദീസ് ആണിത്. ഇമാം അഹ്മദും, ഇമാം ത്വബറാനിയും, ഇമാം ഇബ്നുസ്സുന്നിയുമൊക്കെ ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. പക്ഷെ അവയുടെയെല്ലാം സനദുകള്‍ ദുര്‍ബലമാണ്. 

ഇമാം അഹ്മദ് ഉദ്ദരിച്ച റിപ്പോര്‍ട്ട് ഇപ്രകാരമാണ് :

 عبد الله حدثني أبي حدثنا حسن حدثنا ابن لهيعة قال ، وحدثنا يحيى بن غيلان ، حدثنا رشدين ، حدثنا زبان بن فائد الحبراني عن سهل بن معاذ بن أنس الجهني عن أبيه معاذ بن أنس الجهني صاحب النبي صلى الله عليه وسلم عن النبي صلى الله عليه وسلم قال : (من قرأ سورة الإخلاص "قُلْ هُوَ اللَّهُ أَحَدٌ" حتى يختمها عشر مرات بنى الله له قصرا في الجنة . فقال عمر بن الخطاب : إذاً أستكثر يا رسول الله . فقال رسول الله صلى الله عليه وسلم : الله أكثر وأطيب) . - (مسند أحمد : 3/437).

ഹദീസിന്‍റെ സാരാംശം: നബി (സ) പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഇഖ്‌ലാസ് (قل هو الله أحد) പൂര്‍ണമായി പത്ത് തവണ ഓതിയാല്‍ അല്ലാഹു സ്വര്‍ഗത്തില്‍ അവനൊരു കൊട്ടാരം പണിയുന്നതാണ്". അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അയാള്‍ അതില്‍ കൂടുതല്‍ ഓതിയാലോ ?. അപ്പോള്‍ നബി (സ) പറഞ്ഞു: "അല്ലാഹു കൂടുതല്‍ നല്‍കുന്നവനും കൂടുതല്‍ നല്ലവനുമാണ്" - (മുസ്നദ് അഹ്മദ്:  15648).

ഈ ഹദീസിന്‍റെ സനദിലുള്ള زبان بن فائد എന്ന വ്യക്തി അങ്ങേയറ്റം ദുര്‍ബലനാണ്, അതുപോലെ അതിന്‍റെ സനദിലുള്ള ابن لهيعة അതുപോലെ رشدين بن سعد ഇവരും ദുര്‍ബലരാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമായ അഥവാ ളഈഫ് ആയ ഹദീസ് ആണ് എന്നാണു ഭൂരിഭാഗം പണ്ഡിതന്മാരും  രേഖപ്പെടുത്തിയത്. 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി തന്‍റെ تهذيب التهذيب എന്ന ഗ്രന്ഥത്തില്‍ زبان بن فائد ന്‍റെ ഹദീസുകള്‍ അസ്വീകാര്യമാണ് എന്ന് ഇമാം അഹ്മദും ഇമാം ഇബ്നു മഈനും ഒക്കെ അഭിപ്രായപ്പെട്ടത് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇമാം അഹ്മദിന്‍റെ മുസ്നദില്‍ ഉദ്ദരിക്കപ്പെട്ട മേല്‍പറഞ്ഞ ഹദീസ് ദുര്‍ബലമാണ്.  

ശൈഖ് അല്‍ബാനി (റ) ക്ക് ഈ ഹദീസിന്‍റെ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബാലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യമാണ് എന്ന അഭിപ്രായമായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ആ അഭിപ്രായത്തോട് വിയോജിച്ചവരാണ്. ഈ ഹദീസ് സ്വീകാര്യമല്ല എന്നതാണ് ശൈഖ് ഇബ്നു ബാസ് (റ) യുടെ അഭിപ്രായം. അതുപോലെ ശൈഖ് ശുഐബ് അല്‍ അര്‍നഊത്ത് അദ്ദേഹത്തിന്‍റെ പഠനത്തിലും ഈ ഹദീസ് ദുര്‍ബലമാണ് എന്ന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ചാല്‍ ദുര്‍ബലമാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി എന്ന് നമുക്ക് മനസ്സിലാക്കാം.


ഇനി ഈ  ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സനദുകള്‍ ഇപ്രകാരമാണ്:

ഒന്ന്: ഇമാം അഹ്മദ് ഉദ്ദരിച്ച സനദ്


)حدثنا حسن حدثني أبي ثنا حسن ثنا بن لهيعة قال(ح) وثنا يحيي بن غيلان ثنا رشدين ثنا زبان بن فائد الحبراني عن سهل بن معاذ بن أنس الجهني عن أبيه معاذ بن أنس الجهني صاحب النبي صلى الله عليه وسلم عن النبي صلى الله عليه).
ഈ സനദില്‍ ابن لهيعة അതുപോലെ, رشدين ابن سعد അതുപോലെ زبان بن فائد  ഇവര്‍ ദുര്‍ബലരാണ്. അതുപോലെത്തന്നെ سهل بن معاذ بن أنس ന്‍റെ റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ് എന്ന് ഇമാം ഇബ്നുല്‍ ജൗസിയും, ഇമാം ഇബ്നു മഈനും അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും زبان بن فائد ഉദ്ദരിക്കുന്ന ഹദീസുകള്‍ ഒഴികെ ബാക്കി ഹദീസുകള്‍ സ്വീകാര്യമാണ് എന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ മേല്‍പറഞ്ഞ ഹദീസ് അദ്ദേഹത്തില്‍ നിന്നും زبان بن فائد ആണ് ഉദ്ദരിക്കുന്നത് എന്നതിനാല്‍ അത് ദുര്‍ബലമാണ് എന്ന് മനസ്സിലാക്കാം.

ഇമാം ത്വബറാനി തന്‍റെ معجم الكبير ല്‍ ഉദ്ദരിച്ച റിപ്പോര്‍ട്ടിലും, ഇമാം ഇബ്നുസ്സുന്നി ഉദ്ദരിച്ച റിപ്പോര്‍ട്ടിലും زبان بن فائد അല്ലെങ്കില്‍ ابن لهيعة എന്നിവര്‍ ഉണ്ട്.


രണ്ടാമത്തെ സനദ്: ഇമാം ത്വബറാനി തന്‍റെ (الأوسط) ല്‍ ഉദ്ദരിച്ച സനദാണ് :

حدثنا أحمد بن رشدين قال حدثنا هانئ بن المتوكل الإسكندراني قال حدثنا خالد بن حميد المهري عن زهرة بن معبد عن سعيد بن المسيب عن أبي هريرة عن النبي قال ثم من قرأ قل هو الله أحد عشر مرات بني له قصر في الجنة ومن قرأها عشرين مرة بني له قصران ومن قرأها ثلاثين مرة بني له ثلاثة لم يرو هذا الحديث عن زهرة بن معبد متصل الإسناد إلا خالد بن حميد تفرد به هانئ بن المتوكل 

ഈ സനദിനും ന്യൂനതകളുണ്ട്:

ഒന്ന്: ابن رشدين ദുര്‍ബലനാണ്. അദ്ദേഹത്തിന്‍റെ ഹദീസുകള്‍ അസ്വീകാര്യമാണ് എന്ന് ഇമാം ബുഖാരിയും ഇമാം ഇബ്നു അദിയ്യുമൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

രണ്ട്: هاني بن المتوكل الإسكندراني അദ്ദേഹത്തിന്‍റെ ഹദീസുകള്‍ അസ്വീകാര്യമാണ് എന്ന് ഇമാം ഇബ്നു ഹിബ്ബാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്നാമത്തെ സനദ്: ഇമാം ദാരിമി ഉദ്ദരിച്ച സനദ് ആണ്: 

حدثنا عبد الله بن يزيد ثنا حيوة قال أخبرني أبو عقيل انه سمع سعيد بن المسيب يقول ان نبي الله قال ثم من قرأ قل هو الله أحد عشر مرات بني له بها قصر في الجنة

ഇതാകട്ടെ സഈദ് ബ്നുല്‍ മുസയ്യിബില്‍ നിന്നും മുര്‍സലായാണ് വന്നത്. ഇനി അത് അബൂ ഹുറൈറ (റ) വില്‍ നിന്നും സഈദ് ബ്നുല്‍ മുസയ്യിബ് ഉദ്ദരിക്കുന്ന തൊട്ടുമുന്‍പ് ഉദ്ദരിച്ച റിപ്പോര്‍ട്ടിലേക്ക് ചേര്‍ത്ത് വച്ചാല്‍ത്തന്നെ അതില്‍ زهرة بن معبد  ദുര്‍ബലനാണ്. 

മേല്‍സനദുകളെക്കുറിച്ചുള്ള ചര്‍ച്ച വായിക്കാന്‍ ഈ ലിങ്കില്‍ പോകുക : (https://www.ahlalhdeeth.com/vb/showthread.php?t=13635)

അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ ഹദീസ് സ്ഥിരപ്പെട്ട ഒന്നല്ല. എന്നാല്‍ അത് സൂറത്തുല്‍ ഇഖ്‌ലാസിന്‍റെ പ്രാധാന്യത്തിനു ഒട്ടും കുറവ് വരുത്തുന്നില്ല. സൂറത്തുല്‍ ഇഖ്ലാസിന്‍റെ പ്രാധാന്യം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. രാവിലെയും വൈകുന്നേരവും, ഉറങ്ങാന്‍ കിടക്കുമ്പോഴും, നമസ്കാരശേഷവുമെല്ലാം പാരായണം ചെയ്യാന്‍ കല്പിക്കപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല ഇമാം മുസ്‌ലിം ഉദ്ദരിച്ച സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ أَبِى هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -صلى الله عليه وسلم- : « احْشِدُوا فَإِنِّى سَأَقْرَأُ عَلَيْكُمْ ثُلُثَ الْقُرْآنِ »، فَحَشَدَ مَنْ حَشَدَ ثُمَّ خَرَجَ نَبِىُّ اللَّهِ -صلى الله عليه وسلم- فَقَرَأَ ( قُلْ هُوَ اللَّهُ أَحَدٌ) ثُمَّ دَخَلَ ، فَقَالَ بَعْضُنَا لِبَعْضٍ إِنِّى أُرَى هَذَا خَبَرٌ جَاءَهُ مِنَ السَّمَاءِ فَذَاكَ الَّذِى أَدْخَلَهُ، ثُمَّ خَرَجَ نَبِىُّ اللَّهِ -صلى الله عليه وسلم- فَقَالَ: « إِنِّى قُلْتُ لَكُمْ سَأَقْرَأُ عَلَيْكُمْ ثُلُثَ الْقُرْآنِ أَلاَ إِنَّهَا تَعْدِلُ ثُلُثَ الْقُرْآنِ ».

അബൂ ഹുറൈറ (റ) പറയുന്നു: നബി (സ) പറഞ്ഞു: "നിങ്ങള്‍ ഒരുമിച്ച് കൂടുക ഞാന്‍ നിങ്ങള്‍ക്ക് ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഒതിക്കേള്‍പ്പിക്കാം". അങ്ങനെ സാധിച്ചവരെല്ലാം ഒരുമിച്ചുകൂടി. അല്ലാഹുവിന്‍റെ റസൂല്‍ (സ) പുറത്തേക്ക് വന്ന് (قل هو الله أحد) പാരായണം ചെയ്തു. ശേഷം അദ്ദേഹം അകത്തേക്ക് തന്നെ പോയി. അപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു: അദ്ദേഹത്തിന് വഹ്'യ് ഇറങ്ങിയത് കാരണത്താലാകാം അദ്ദേഹം അകത്തേക്ക് പോയത്. അല്പം കഴിഞ്ഞ് അദ്ദേഹം പുറത്തേക്ക് വന്നു. എന്നിട്ടിപ്രകാരം പറഞ്ഞു: "ഞാന്‍ നിങ്ങളോട് ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ചൊല്ലിക്കേള്‍പ്പിക്കാം എന്നല്ലേ പറഞ്ഞിരുന്നത്, അതെ അത് (സൂറത്തുല്‍ ഇഖ്‌ലാസ്) ഖുര്‍ആനിന്‍റെ മൂന്നിലൊന്നിന് സമാനമാണ്". - (സ്വഹീഹ് മുസ്‌ലിം: 1924). 

അതുകൊണ്ട് ഈ സൂറത്ത് ധാരാളമായി പാരായണം ചെയ്യുക. എന്നാല്‍ സ്വര്‍ഗത്തില്‍ പത്ത് തവണ പാരായണം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ ഭാവനമുണ്ട് എന്ന ഹദീസ് ദുര്‍ബലമാണ്. അതുകൊണ്ട് അങ്ങനെ പ്രത്യേകം പത്ത് എന്ന് എണ്ണം പിടിച്ച് ചൊല്ലാന്‍ പ്രമാണമില്ല. എന്നാല്‍ ഒരാള്‍ക്ക് എത്രയും ചൊല്ലാം. ഒരുപക്ഷെ ആത്മാര്‍ഥമായ ഒരു തവണത്തെ പാരായാണത്തിന് തന്നെ അല്ലാഹു അതിനേക്കാള്‍ വലിയ പ്രതിഫലം നല്കിയേക്കാം. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. അവന്‍റെ അനുഗ്രഹം എന്നും നമ്മോടൊപ്പം ഉണ്ടാകട്ടെ.

By. Abdu Rahman Abdul Latheef P.N

Saturday, July 13, 2019

ഉളുഹിയത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഉളുഹിയ്യത്ത് അറുക്കപ്പെടുന്ന മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com
 

ഒന്ന്: അറുക്കപ്പെടുന്ന മൃഗം بهيمة الأنعام അഥവാ കന്നുകാലികളില്‍ പെട്ടതായിരിക്കണം. ഒട്ടകം, മാടുകള്‍ , ആട് എന്നിവയാണവ.

അല്ലാഹു പറയുന്നു:



وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ

  "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌." - [ഹജ്ജ് :34].  


രണ്ട്: അറുക്കപ്പെടുന്ന മൃഗത്തിന് ശറഅ് നിശ്ചയിച്ച പ്രായം തികയണം. ഹദീസില്‍ ഇപ്രകാരം കാണാം:  


عَنْ جَابِرٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تَذْبَحُوا إِلا مُسِنَّةً إِلا أَنْ يَعْسُرَ عَلَيْكُمْ فَتَذْبَحُوا جَذَعَةً مِنْ الضَّأْنِ

ജാബിര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "നിങ്ങള്‍ 'മുസിന്ന' അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും (جذعة) അറുത്ത് കൊള്ളുക." - [സ്വഹീഹ് മുസ്‌ലിം: 1963].  
'മുസിന്ന' എന്നാല്‍ കാളികളിലെ ഒരു പ്രായപരിധിയാണ്. ജനിക്കുമ്പോള്‍ ഉള്ള പല്ലുകള്‍ മാറി സ്ഥിരമായി നിലനില്‍ക്കുന്ന തീറ്റപ്പല്ല് വന്നവ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം നവവി പറയുന്നു: 'മുസിന്ന' എന്നാല്‍ എല്ലാത്തില്‍ നിന്നും ثنية  ആണ് (അഥവാ പാല്‍പല്ല് മാറി തീറ്റപ്പല്ല് വന്നവ). ആട്, പശു, ഒട്ടകം തുടങ്ങിയവയിലെല്ലാം ഇപ്രകാരം തന്നെ. - [ശറഹു മുസ്‌ലിം: 6/456].
 
ഓരോ മൃഗവും അവയുടെ പ്രായപരിധിയും:


കോലാട്:
 ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ് തികയണം. ശാഫിഈ അഭിപ്രായപ്രകാരം രണ്ട് വയസ് തികയണം. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ആടാണ് കോലാട്.

ചെമ്മരിയാട്: ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്‍റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് جذعة നബി (സ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ് തികയുകയാണ് എങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഒരു വയസ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.  



മാടുകള്‍: ഹനഫീ, ശാഫിഈ, ഹമ്പലീ അഭിപ്രായപ്രകാരം രണ്ട് വയസ് തികഞ്ഞവ. മാലിക്കീ അഭിപ്രായപ്രകാരം മൂന്ന്‍ വയസ് തികയണം. രണ്ട് വയസ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. പോത്ത്, കാള തുടങ്ങിയവയെല്ലാം ഇപ്രകാരം തന്നെ.   


ഒട്ടകം: അഞ്ച് വര്‍ഷം തികഞ്ഞവയായിരിക്കണം. ഇതില്‍ നാല് ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ്.

പ്രായസംബന്ധമായി കൂടുതല്‍ മനസ്സിലാക്കാന്‍ ഈ റഫറന്‍സുകള്‍ നോക്കുക:
 


[بدائع الصنائع" (5/70) ، "البحر الرائق" (8/202) ، "التاج والإكليل" (4/363) ، "شرح مختصر خليل" (3/34) ، "المجموع" (8/365) ، "المغني" (13/368].

 ചുരുക്കത്തില്‍: ആട് ആണ് എങ്കില്‍ ഒരു വയസ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ് തികഞ്ഞതും. 

മൂന്ന് : ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീസില്‍ ഇപ്രകാരം കാണാം: 

عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ  الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي


ബറാഅ് ബ്ന്‍ ആസി'ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ." - [മുസ്നദ്: 18675]. 

ഹദീസിലെ 'പ്രകടമായ'എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം.

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه


"രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല." -  [المجموع :8/293].

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷെ ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

നാല്: ഉളുഹിയത്ത്   അറുക്കപ്പെടുന്ന മൃഗം തന്‍റെ ഉടമസ്ഥതയില്‍ ഉള്ളതോ, ശറഇയ്യായ നിലക്ക് തനിക്ക് അറുക്കുവാന്‍ അനുമതി ലഭിക്കപ്പെട്ടതോ ആയിരിക്കണം.

മോഷ്ടിച്ചവ, തട്ടിയെടുത്തവ, അന്യായമായി കൈവശപ്പെടുത്തിയവ, ഒരാളുടെ ധനത്തില്‍ നിന്നും അയാളുടെ അനുവാദമില്ലാതെ അറുക്കപ്പെടുന്നവ എന്നിങ്ങനെയുള്ളവയൊന്നും ഉളുഹിയ്യത്തില്‍ സ്വീകാര്യമല്ല. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടല്ല അവന്‍റെ സാമീപ്യം കണ്ടെത്തേണ്ടത്. അവ ഉളുഹിയത്തില്‍ മാത്രമല്ല അല്ലാത്ത സന്ദര്‍ഭങ്ങളിലും നിഷിദ്ധമാണ്.

അഞ്ച്:
 ആ മൃഗവുമായി ബന്ധപ്പെട്ട് മറ്റു അവകാശങ്ങള്‍ നിലനില്‍ക്കരുത്. ഉദാ: കടത്തിന് ഈടായി (പണയം) നല്‍കിയ മൃഗത്തെ ബലി അറുക്കാന്‍ പാടില്ല. കാരണം കടം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അത് ഈടാക്കാനുള്ള ഉപാതിയായി നിശ്ചയിക്കപ്പെട്ടതാണത്.

ആറ്:
 ശറഇയ്യായി നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം എങ്കിലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ.  പെരുന്നാള്‍ നമസ്കാര ശേഷം മുതല്‍ അയ്യാമുത്തശ്'രീക്കിന്‍റെ  ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്‍റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന്‍ ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്'രീക്ക് എന്ന് പറയുന്നത്.  ഹദീസില്‍ ഇപ്രകാരം കാണാം: 
 
إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ

"നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ  ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." - [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185]. 

സാന്ദര്‍ഭികമായി ഉണര്‍ത്തേണ്ട കാര്യങ്ങള്‍:


1- ആണ്‍, പെണ്‍ മൃഗങ്ങളെ ബലി കഴിക്കാം. ആണ്‍ മൃഗങ്ങളാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് ചില പണ്ഡിതന്മാര്‍ പറയാന്‍ കാരണം നബി (സ) ആണാടിനെ അറുത്തതായി വന്ന റിപ്പോര്‍ട്ടുകള്‍ അവലംബമാക്കിയാണ്. രണ്ടും അനുവദനീയമാണ് എന്നതില്‍ തര്‍ക്കമില്ല.

2- സ്ത്രീക്കും പുരുഷനും ഉളുഹിയത്ത് അറുക്കാം. സ്ത്രീയാകട്ടെ പുരുഷനാകട്ടെ  ശറഇയ്യായ നിലക്ക് അറുത്താല്‍ അത് ഭക്ഷിക്കാം. യാതൊരു വ്യത്യാസവും ഇല്ല.

3- ഉളുഹിയ്യത്ത് അറുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകമാണ്, പിന്നെ മാടുകള്‍, പിന്നെ ആട്, ശേഷം ഒട്ടകത്തിലോ, മാടിലോ ഷെയര്‍ ചേര്‍ന്ന് അറുക്കുന്നതാണ്. ഒട്ടകത്തിലോ മാടിലോ ഷെയര്‍ ചേരുന്നതിനേക്കാള്‍ ഉചിതം സ്വന്തമായി ഒരാട് അറക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ എന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

4- എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്. അതുപോലെ എനിക്കും കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ മൃഗത്തെ അറുത്താല്‍ ആ കുടുംബത്തിലെ അംഗങ്ങളെ അതില്‍ ഷെയര്‍ ചേര്‍ന്നവര്‍ എന്ന നിലക്ക് പരിഗണിക്കുന്നില്ല. പണം നല്‍കി ഭാഗമാകുന്നതാണ് ഷെയര്‍. ഒട്ടകത്തിലും, മാടുകളിലും ഇങ്ങനെ ഏഴോളം പേര്‍ക്ക് വരെ ഷെയര്‍ കൂടാം.

5- ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക.  എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല.

മറിച്ച് ഓരോ ഉരുവിന്‍റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഉരു വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന്‍ ഉരു അറുക്കുക   എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണ്ണിതമായിരിക്കണം.
 
6- ഒരു ഉരു ഷെയര്‍ ആണ് എങ്കില്‍ എഴ് പേര്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്ല. മാക്സിമം എഴ് പേരെ പാടുള്ളൂ എന്ന് മാത്രം. എത്ര കണ്ട് ഷെയറുകള്‍ കുറഞ്ഞുകൊണ്ട് നിര്‍വഹിക്കാന്‍ സാധിക്കുമോ അത്രയും നല്ലതാണ്. ഒറ്റക്ക് സാധിക്കുമെങ്കില്‍ അതാണ്‌ ഏറ്റവും ശ്രേഷ്ഠം.

7- ആടുകളില്‍ ഒന്നിലധികം പേര്‍ ഷെയര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ ആടിനെ അറുക്കുന്നുവെങ്കില്‍ അത് ഷെയര്‍ ചെയ്യല്‍ അല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്‍റെ വില ഷെയര്‍ ചെയ്യുക എന്നതാണ് ഉളുഹിയാത്തുമായി ബന്ധപ്പെട്ട ഷെയര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം.

8- എല്ലാവരും തതുല്യമായ സംഖ്യ തന്നെ ഷെയര്‍ ചെയ്യണം എന്നില്ല. അത് പരസ്പര ധാരണപ്രകാരം ചെയ്യാവുന്നതാണ്. അതുപോലെ ഒരു ഷെയര്‍ രണ്ട് പേര്‍ ചേര്‍ന്ന് എന്ന നിലക്കും പാടില്ല. കാരണം അത് ഒരു ഉരുവില്‍ പതിനാല് പേര്‍ പങ്കാളികളാകാന്‍ ഇടവരുത്തും.

ഉളുഹിയത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസ്സിലാക്കാന്‍ നേരത്തെ പ്രസിദ്ധീകരിച്ച 'ഉദുഹിയത്തിന്‍റെ നിയമങ്ങള്‍' എന്ന ലേഖനം വായിക്കുക:      http://www.fiqhussunna.com/2016/08/blog-post_23.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...

Monday, July 8, 2019

മലയാളിയായ ഭാസി തന്റെ ഇസ്‌ലാം സ്വീകരണ അനുഭവങ്ങൾ പങ്കുവെക്കുന്നു. - ഒരു അൽ മആലി അറബ് ചാനൽ അഭിമുഖം.



ശൈഖ് അഹ്മദ് അൽ റുംഹ് , അബ്ദു റഹ്‌മാൻ അബ്ദുല്ലത്തീഫ്  പി. എൻ  എന്നിവരോടൊപ്പം മലയാളിയായ ഭാസി തന്റെ ഇസ്‌ലാം സ്വീകരണ അനുഭവങ്ങൾ പങ്കുവെക്കുന്നു. - ഒരു അൽ മആലി അറബ് ചാനൽ അഭിമുഖം. 

Sunday, July 7, 2019

മയ്യിത്തിന് അനന്തരാവകാശികളായി പെൺമക്കളും, ഭാര്യയും, ഒരു സഹോദരിയുമാണ് ഉള്ളതെങ്കിൽ സ്വത്ത് എങ്ങനെ ഓഹരി വെക്കണം ?.


ചോദ്യം: എന്റെ ഭാര്യപിതാവ്  മരണപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ആണ്മക്കളില്ല.  അഞ്ച് പെണ്മക്കളും ഉമ്മയും ജീവിച്ചിരിപ്പുണ്ട്. പിതാവിന് ഒരു സഹോദരിയും രണ്ട്  സഹോദരന്മാരും ഉണ്ട്. സഹോദരന്മാർ ജീവിച്ചിരിപ്പില്ല. ഒരു സഹോദരന് ഏഴു ആണും മൂന്നു പെണ്ണും ഉണ്ട്. മറ്റൊരു സഹോദരന് ഒരു ആണും രണ്ട് പെണ്ണും ഉണ്ട്. മരിച്ച  പിതാവിന് മൂന്ന് സെൻറ് സ്ഥലമുണ്ട്. ഈ സ്ഥലം എങ്ങനെയാണ് വീതിക്കേണ്ടത്?.അദ്ദേഹത്തിന്റെ സഹോദരിയുടെ   മക്കൾക്ക് ഈ സ്വത്തിൽ അവകാശമുണ്ടോ ?. ഈ കാര്യങ്ങൾ വ്യക്തമായി വിവരിച്ചു തരുവാൻ അപേക്ഷിക്കുന്നു...

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

  അതെ , മരണപ്പെട്ട മയ്യിത്തിന് ഒന്നിൽക്കൂടുതൽ പെണ്മക്കൾ ആണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്.  അതുപോലെ ഉമ്മ എന്ന് ചോദ്യത്തിൽ സൂചിപ്പിച്ചത് ആ പെൺകുട്ടികളുടെ ഉമ്മ അഥവാ മരണപ്പെട്ട മയ്യിത്തിൻറെ ഭാര്യയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എപ്പോഴും നാം ജീവിച്ചിരിക്കുന്നവരുടെ മയ്യിത്തുമായുള്ള ബന്ധമാണ് പറയേണ്ടത്.എങ്കിലേ ശരിയായ രൂപത്തിൽ വിഹിതം വെക്കാൻ പറ്റൂ. ഏതായാലും മക്കളുള്ളതിനാൽ മയ്യിത്തിന്റെ ഭാര്യക്ക് എട്ടിലൊന്നും ഉണ്ടാകും. ബാക്കി വരുന്ന സ്വത്ത് ആ സഹോദരിക്കാണ്. സഹോദര മക്കൾക്ക് അതിൽ അവകാശമില്ല.  

ഒന്നുകൂടി വിശദമാക്കിയാൽ

മയ്യിത്തിന്റെ ആണ്മക്കളോ, ആണ്മക്കളുടെ മക്കളോ ഇല്ലാത്ത സ്ഥിതിക്ക് പെണ്മക്കളുടെ സാന്നിദ്ധ്യത്തിൽ മയ്യിത്തിന്റെ സഹോദരിയെ അസ്വബ ആയി കണക്കാക്കണം. അഥവാ ചോദ്യകർത്താവ് പറഞ്ഞ അവസ്ഥയിൽ പെൺകുട്ടികൾക്ക് മൂന്നിൽ രണ്ടും, മയ്യിത്തിന്റെ ഭാര്യക്ക് എട്ടിലൊന്നും  നൽകിയ ശേഷം ബാക്കിയുള്ളത് എത്രയാണോ അത് മയ്യിത്തിന്റെ സഹോദരിക്ക് ആയിരിക്കും. സഹോദര മക്കൾക്ക് ഒന്നും ലഭിക്കുകയില്ല. കാരണം സഹോദര ഗണത്തിൽ തന്നെ അസ്വബ ഉണ്ടായിരിക്കെ 'സഹോദര മക്കൾ'  എന്ന ഗണത്തിലേക്ക് സ്വത്ത് പോകുകയില്ല.

 സഹോദരി എന്നത് ഇവിടെ ബാപ്പയും ഉമ്മയും ഒത്ത സഹോദരിയോ, അതല്ലെങ്കിൽ ബാപ്പ ഒത്ത സഹോദരിയോ ആണെങ്കിലാണ് ഇത്. എന്നാൽ ഉമ്മ മാത്രം ഒത്ത സഹോദരിക്ക് മയ്യിത്തിന്റെ പെണ്മക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്വത്ത് ലഭിക്കില്ല. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

മറ്റു അനന്തരാവകാശികൾ ആരും ജീവിച്ചിരിക്കുന്നതായി ചോദ്യകർത്താവ് സൂചിപ്പിക്കാത്തതുകൊണ്ടാണ് ആ കാര്യം പരാമർശിക്കാത്തത്. മരണപ്പെട്ട വ്യക്തിയുടെ ആണ്മക്കളുടെ ആണ്മക്കളോ , പിതാവോ, വല്ല്യുപ്പയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ മേല്പറഞ്ഞ സഹോദരിക്ക് സ്വത്ത് ലഭിക്കില്ല. അഥവാ മക്കൾ ഗണത്തിലോ, പിതൃ ഗണത്തിലോ ആണുങ്ങൾ ഉണ്ടെങ്കിൽ സഹോദര ഗണത്തിലേക്ക് സ്വത്ത് പോകില്ല.  


താങ്കൾ സൂചിപ്പിച്ചത് പ്രകാരം .. മയ്യിത്തിന്റെ പിതാവോ മാതാവോ ആ ഗണത്തിൽപ്പെടുന്നവരോ ജീവിച്ചിരിപ്പില്ല,  ആണ്മക്കളും ആണ്മക്കളുടെ മക്കളും ഇല്ല. പെൺമക്കളും ഭാര്യയും സഹോദരിയുമാണ് ജീവിച്ചിരിക്കുന്നവർ. എങ്കിൽ നാം പറഞ്ഞപോലെ പെൺമക്കൾക്ക് മൂന്ന് സെൻറ്റിൽ രണ്ട് സെൻറ്റും, ഭാര്യക്ക് മൂന്ന് സെൻറ്റിൻ്റെ എട്ടിലൊന്ന് അഥവാ 163.35 സ്‌ക്വയർ ഫിറ്റും,  ബാക്കി വരുന്നത്  അഥവാ 272.25 സ്‌ക്വയർ ഫീറ്റ് സഹോദരിക്കും എന്ന രൂപത്തിലാണ് അവകാശമുള്ളത്. സ്വത്ത് മൊത്തം വിലക്കെട്ടി വീതിച്ച് നൽകുകയാണ് പതിവായി ചെയ്യാറുള്ളത്.

അല്ലാഹു അനുഗ്രഹിക്കട്ടെ ..

ഹജ്ജിന്‍റെ രൂപം - ലഘു വിവരണം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഹജ്ജിന്‍റെ രൂപം വളരെ സംക്ഷിപ്തവും ലളിതവുമായി പറയുവാനാണ് ആഗ്രഹിക്കുന്നത്. സാധാരണ നിലക്ക് നമ്മള്‍ (متمتع) ആയി, ആദ്യം ഉംറ നിര്‍വഹിച്ച് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ് ചെയ്യാറുള്ളത് എന്നതിനാല്‍ ആ രീതിയാണ് വളരെ സംക്ഷിപ്തമായി സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന രൂപത്തില്‍ ഇവിടെ വിശദീകരിക്കുന്നത്. 

www.fiqhussunna.com

ആദ്യം മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രം ഇഹ്റാമില്‍ പ്രവേശിക്കുന്നു. ഇഹ്റാമില്‍ മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്'യും നിര്‍വഹിച്ച് മുടി പൂര്‍ണമായോ ഭാഗിഗമായോ എടുത്ത് ഇഹ്റാമില്‍ നിന്നും തഹല്ലുല്‍ ആകുന്നു. അതായത് അയാള്‍ ഇഹ്റാം കാരണത്താല്‍ ഉണ്ടായിരുന്ന തടസ്സങ്ങളില്‍ നിന്നും മുക്തനായി സാധാരണ വസ്ത്രമൊക്കെ ധരിച്ച് സാധാരണത്തെപ്പോലെയാകും. 

ശേഷം ദുല്‍ഹിജ്ജ 8ന് (يوم التروية) 'യൗമുത്തര്‍വിയ' അതായത് ദുല്‍ഹിജ്ജ 8. ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ ധരിച്ച് ലബ്ബൈകല്ലാഹുമ്മ ഹജ്ജന്‍ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ മക്കയില്‍ നിന്ന് തന്നെ ഇഹ്റാമില്‍ പ്രവേശിക്കും. എന്നിട്ട് തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് പോകും ശേഷം മിനയില്‍ വെച്ച് ളുഹര്‍ രണ്ട് റകഅത്ത് , അസര്‍ രണ്ട് റകഅത്ത്, മഗ്'രിബ് മൂന്ന്‍ റകഅത്ത്, ഇശാ രണ്ട് റകഅത്ത്, ഫജ്ര്‍ രണ്ട് റകഅത്ത് എന്നിങ്ങനെ ഓരോ നമസ്കാരവും അതത് നമസ്കാരങ്ങളുടെ സമയത്ത് നിര്‍വഹിക്കും. അഥവാ നാല് റകഅത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റകഅത്തായി ഖസ്റാക്കി എന്നാല്‍ ജംഉ ചെയ്യാതെ നമസ്കരിക്കും. അപ്പോള്‍ ദുല്‍ഹിജ്ജ എട്ടിന് മിനയില്‍ എത്തി പിറ്റേ ദിവസം ദുല്‍ഹിജ്ജ ഒമ്പതിന് സുബഹി നമസ്കാരം നിര്‍വഹിക്കുന്നത് വരെ മിനയില്‍ത്തന്നെ ആണ്.

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം നമ്മള്‍ മിനയില്‍ നിന്നും തല്‍ബിയത്ത് ചൊല്ലി അറഫയിലേക്ക് പുറപ്പെടും. ഓരോ രാജ്യക്കാര്‍ക്കും പോകേണ്ട സമയങ്ങള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. ഹജ്ജിന്‍റെ സൗകര്യത്തിന് വേണ്ടി അത് പാലിക്കണം. അവിടെ അറഫയില്‍ പെടാത്ത ഭാഗമാണ് മസ്ജിദ് നമിറ ഒക്കെ സ്ഥിതി ചെയ്യുന്ന وادي عرنة 'ഉറന താഴ്വര'. അറഫയുടെ ബോര്‍ഡര്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ളുഹറും അസറും സാധിക്കുമെങ്കില്‍ അറഫയുടെ പരിധിക്ക് പുറത്തുള്ള ഭാഗത്ത് വെച്ച് ജംഉം ഖസ്റുമായി അഥവാ ഈരണ്ട് ഈരണ്ട് റകഅത്തായി ഒരേ സമയം നിര്‍വഹിക്കും. അങ്ങനെ നമസ്കാര ശേഷം അറഫയില്‍ പ്രവേശിക്കും. ഇത് സുന്നത്താണ്. ഇനി സൗകര്യപ്പെട്ടില്ലെങ്കില്‍ ളുഹ്റും അസറും ജംഉം ഖസ്റുമായി അറഫയില്‍ വെച്ച് നിര്‍വഹിച്ചാലും കുഴപ്പമില്ല. ഒരൊറ്റ ബാങ്കും ഓരോ നമസ്കാരത്തിനും വേറെവേറെ ഇഖാമത്തുമായാണ് നമ്മള്‍ അത് നമസ്കരിക്കുക. ഇമാമിന്‍റെ കൂടെ മസ്ജിദ് നമിറയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ശ്രേഷ്ഠം. അറഫയില്‍ സൂര്യാസ്തമയം വരെയുള്ള സമയം പ്രാര്‍ഥനാനിര്‍ഭരമായി ദിക്റും ദുആകളും വിശുദ്ധ ഖുര്‍ആന്‍ പാരായണമൊക്കെയായി കഴിച്ച് കൂട്ടും.

സൂര്യാസ്തമയം വരെ അറഫയില്‍ നില്‍ക്കും. സൂര്യന്‍ അസ്ഥമിച്ചാല്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. മഗ്'രിബും ഇശയും മുസ്ദലിഫയില്‍ എത്തിയ ശേഷം ഒരുമിച്ച് ഖസ്റാക്കി നമസ്കരിക്കും. നേരത്തെ പറഞ്ഞപോലെ ഒരു ബാങ്ക് കൊടുക്കുക. ശേഷം മഗ്'രിബിനും ഇശക്കും വേറെവേറെ ഇഖാമത്ത് കൊടുത്ത് നമസ്കരിക്കുക. അവിടെ രാപാര്‍ത്ത് ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുക. ഫജ്ര്‍ നമസ്കരിച്ചാല്‍ ശേഷം മശ്അറിനരികിലോ അല്ലെങ്കില്‍ മുസ്ദലിഫയില്‍ എവിടെയും നിന്നുകൊണ്ട് മനമുരുകി പ്രാര്‍ഥിക്കുകയും ദിക്റും തല്‍ബിയത്തുമൊക്കെ ചൊല്ലി  സമയം ധന്യമാക്കുക.  ഇപ്പോള്‍ നമ്മള്‍ പെരുന്നാള്‍ ദിനത്തില്‍ (ദുല്‍ഹിജ്ജ 10) ആണ് ഉള്ളത്.
നമസ്കാരത്തിനും പ്രാര്‍ഥനക്കും ശേഷം സോര്യോദയത്തോട് അടുത്താല്‍ സോര്യോദയത്തിന് മുന്‍പായി കല്ലെറിയാനായി മിനയിലേക്ക് തന്നെ പോകും. പ്രായം ചെന്നവര്‍ സ്ത്രീകള്‍ ശാരീരിക പ്രയാസം ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഫജ്റിന് മുന്‍പ് തിരക്കാകുന്നതിന് മുന്‍പായിത്തന്നെ പോകാന്‍ നബി (സ) ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ ഓരോ നാട്ടുകാര്‍ക്കും, പോകുന്ന ഹംലകള്‍ക്കും ഒക്കെ അനുസരിച്ച് മുന്‍കൂട്ടി ഓരോരുത്തര്‍ക്കും സമയം നിര്‍ണയിച്ചിട്ടുണ്ട്. അത് പാലിക്കണം. 

മിനയില്‍ എത്തിയാല്‍ ജംറക്ക് കല്ലെറിയും. പെരുന്നാള്‍ ദിവസം ജംറത്തുല്‍ അഖബക്ക് മാത്രമാണ് കല്ലെറിയുക. മക്കയുടെ ഭാഗത്തേക്ക് അവസാനമായുള്ള ജംറയാണ് ജംറത്തുല്‍ അഖബ. നന്നേ ചെറിയ എഴ് കല്ലുകള്‍ കൊണ്ട് ഓരോരോ കല്ലായാണ് എറിയേണ്ടത്. മക്ക ഇടത് ഭാഗത്തും മിന വലതു ഭാഗത്തും വരുന്ന രൂപത്തില്‍ നിന്നുകൊണ്ട് എറിയലാണ് സുന്നത്ത്. കല്ലേറിനു ശേഷം ബലിയറുക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് എങ്കില്‍ ബലിയറുക്കുകയും ശേഷം മുടി മുണ്ഡനം ചെയ്യുകയോ വെട്ടുകയോ ചെയ്യും. മുണ്ഡനം ചെയ്യലാണ് കൂടുതല്‍ ശ്രേഷ്ഠം. സ്ത്രീയാണെങ്കില്‍ അവര്‍ അവരുടെ മുടിയില്‍ നിന്നും ഒരു വിരല്‍ത്തുമ്പിന്‍റെ അത്ര മുറിച്ചാല്‍ മതി. 

ഈ മുടിയെടുക്കല്‍ കഴിഞ്ഞാല്‍ ഒരാള്‍ ഒന്നാമത്തെ തഹല്ലുലായി അഥവാ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അയാള്‍ക്ക് അനുവദനീയമാണ്. അതായത് ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ മാറ്റി തന്‍റെ പെരുന്നാള്‍ വസ്ത്രങ്ങളും സാധാരണ വസ്ത്രവുമൊക്കെ ധരിക്കാം.

ശേഷം ഹജ്ജിന്‍റെ ത്വവാഫും സഅ്'യും ചെയ്യാന്‍ മക്കത്തേക്ക് നീങ്ങും. മക്കയിലേക്ക് ത്വവാഫിന് പോകുന്നതിന് മുന്‍പ് സുഗന്ധം പൂശല്‍ സുന്നത്താണ്. അങ്ങനെ തന്‍റെ ത്വവാഫും സഅ്'യും നിര്‍വഹിക്കുന്നതോട് കൂടി പൂര്‍ണമായും തഹല്ലുല്‍ ആയി. ഇഹ്റാമില്‍ നിന്നും പൂര്‍ണമായി മുക്തമായി ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം പോലും പിന്നെ അനുവദനീയമാണ് എന്നര്‍ത്ഥം. പെരുന്നാള്‍ ദിവസത്തിലെ കര്‍മങ്ങള്‍ പൂര്‍ത്തിയായി.

പെരുന്നാള്‍ ദിവസത്തിലെ കര്‍മ്മങ്ങള്‍ ക്രമമനുസരിച്ച് ആദ്യം ജംറത്തുല്‍ അഖബക്ക് കല്ലെറിയല്‍, ശേഷം ബലിയറുക്കല്‍, ശേഷം മുടിയെടുക്കല്‍, ശേഷം  ത്വവാഫ്, ശേഷം സഅ്'യ് ചെയ്യല്‍ ഇങ്ങനെ ക്രമപ്രകാരം നിര്‍വഹിക്കലാണ് കൂടുതല്‍ നല്ലത്. ഇനി ഒരാള്‍ ആദ്യം ബലിയറുത്ത ശേഷം എറിയുകയോ, ഏറിന് മുന്‍പ് ത്വവാഫ് ചെയ്യുകയോ, തല മുണ്ഡനം ചെയ്ത ശേഷം എറിയുകയോ ഒക്കെ ചെയ്താലും കുഴപ്പമില്ല. കാരണം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്രമം മാറിയാലും അതില്‍ കുഴപ്പമില്ല എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

 ശേഷം മിനയിലേക്ക് മടങ്ങി ദുല്‍ഹിജ്ജ പതിനൊന്നാം ദിവസവും
പന്ത്രണ്ടാം ദിവസവും മിനയില്‍ താമസിച്ച്,  ഓരോ ദിവസവും ളുഹ്ര്‍ സമയമായ ശേഷം, അഥവാ സൂര്യന്‍ ഉച്ചിയില്‍ നിന്നും നീങ്ങിയ ശേഷം മൂന്ന് ജംറകള്‍ക്കും തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് പോയി കല്ലെറിയും. ഓരോ ജംറ എറിഞ്ഞ് കഴിയുമ്പോഴും ഖിബ്'ലക്ക് നേരെ തിരിഞ്ഞുനിന്ന് സാധ്യമായ രൂപത്തില്‍ സുധീര്‍ഘമായി കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്.

പന്ത്രണ്ടാം ദിവസം മൂന്നു ജംറയും എറിഞ്ഞ് കഴിഞ്ഞാല്‍ വേണമെങ്കില്‍ ഹാജിമാര്‍ക്ക് മടങ്ങാം. പതിമൂന്നാം ദിവസം എറിയാന്‍ നില്‍ക്കണമെന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി നിന്ന് ഏറു പൂര്‍ത്തിയാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. എന്നാല്‍ പന്ത്രണ്ടാം ദിവസം സൂര്യാസ്ഥമയം വരെ മിനയില്‍ത്തന്നെ നില്‍ക്കുന്ന ഒരാള്‍ക്ക് പിന്നെ പതിമൂന്നാം ദിവസത്തെ ഏറു പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. ഇനി പോകാന്‍ വേണ്ടി നില്‍ക്കുന്നയാള്‍ക്ക്‌ തന്‍റേതല്ലാത്ത കാരണം കൊണ്ട്, തിരക്ക് കാരണത്താലോ, കൂടെയുള്ളവര്‍ വരാന്‍ വൈകിയത് കാരണത്താലോ ഒക്കെ തന്‍റെ മനപ്പൂര്‍വമല്ലാതെ സൂര്യാസ്ഥമയം വരെ അവിടെ നിലെക്കേണ്ടി വന്നാല്‍ അവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു നിര്‍ബന്ധമാകുന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി എറിഞ്ഞിട്ട് പോകുന്നതാകും അവര്‍ക്ക് ഉചിതം. പക്ഷെ പലപ്പോഴും തങ്ങളുടെ യാത്രാസംഘങ്ങളുടെ സാഹചര്യങ്ങള്‍ക്കൂടി ബന്ധപ്പെട്ടായിരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. ഏതായാലും പതിമൂന്നാം ദിവസം എറിയാന്‍ ഉദ്ദേശിക്കാത്തവര്‍ പന്ത്രണ്ടാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് തന്നെ മിനയില്‍ നിന്നും പോകണം എന്നര്‍ത്ഥം. 
അവസാനമായി മക്കയില്‍ നിന്നും തന്‍റെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിടപറയല്‍ ത്വവാഫ് കൂടി നിര്‍വഹിക്കണം. നബി (സ) പറഞ്ഞു: 

لا ينفر أحدٌ حتى يكون آخر عهده بالبيت "

 "തന്‍റെ അവസാനബന്ധം കഅബയുമായിട്ടാകാതെ ഒരാളും തന്നെ പോകരുത്" - [സ്വഹീഹ് മുസ്‌ലിം: 1327]. 

 എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് വിടപറയല്‍ ത്വവാഫില്‍ ഇളവുണ്ട്. അവര്‍ക്ക് വിദാഇന്‍റെ ത്വവാഫ് ചെയ്യേണ്ടതില്ല. ആര്‍ത്തവ കാരികളായിരിക്കെ ത്വവാഫ് ചെയ്യാന്‍ പാടുമില്ലല്ലോ. 

രത്നച്ചുരുക്കം: 

ഏതായാലും വളരെ സംക്ഷിപ്തമായി ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ (تمتع) എന്ന സാധാരണ നമ്മള്‍ ചെയ്യാറുള്ള ആദ്യം ഉംറ ചെയ്ത് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ്  ഇവിടെ വിശദീകരിച്ചത്. 

ആദ്യം ഉംറ നിര്‍വഹിച്ചു. ശേഷം ദുല്‍ഹിജ്ജ എട്ടിന് ഹജ്ജിന് ഇഹ്റാം കെട്ടി മിനയിലേക്ക് പോകുന്നു. അവിടെ ളുഹ്ര്‍, അസര്‍, മഗ്'രിബ്, ഇശ, ഫജ്ര്‍ ഈ നമസ്കാരങ്ങള്‍ അതാത് നമസകരങ്ങളുടെ സമയത്തായിത്തന്നെ നാല് റകഅത്തുള്ളവ ഖസ്റാക്കി നമസ്കരിക്കുന്നു. 

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം അറഫയിലേക്ക് നീങ്ങുന്നു. അവിടെ വെച്ച് ളുഹ്റും അസറും ഒരുമിച്ച് ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു.  സൂര്യാസ്തമയ ശേഷം മുസ്ദലിഫയിലേക്ക് പോകുന്നു. അവിടെ വച്ച് മഗ്'രിബും ഇശയും ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു. അന്ന് മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നു. ഫജ്ര്‍ നമസ്കാരശേഷം പിന്നീട് മിനയിലേക്ക് പോകുന്നു.

അതായത് ദുല്‍ഹിജ്ജ പത്ത് പെരുന്നാള്‍ ദിവസം. മുസ്ദലിഫയില്‍ നിന്നും ഫജ്ര്‍ നമസ്കരിച്ച് മിനയിലേക്ക് പോകുന്നു. അവിടെ അവസാനത്തെ ജംറ അഥവാ ജംറത്തുല്‍ അഖബക്ക് കല്ലെറിയുന്നു. ശേഷം ബലിയറുക്കുന്നു. ശേഷം മുടി മുണ്ഡനം ചെയ്യുന്നു അല്ലെങ്കില്‍ മുറിക്കുന്നു. ശേഷം വസ്ത്രം മാറി സുഗന്ധം പൂശി മക്കയിലേക്ക് ത്വവാഫിനും സഅ്'യിനുമായി പോകുന്നു. അത് നിര്‍വഹിച്ചാല്‍ പൂര്‍ണമായും തഹല്ലുല്‍ ആയി. ശേഷം വീണ്ടും മിനയില്‍ രണ്ട് ദിവസം രാപാര്‍ത്ത് ഓരോ ദിവസവും മൂന്നു ജംറകള്‍ക്കും കല്ലെറിയുന്നു. ദുല്‍ഹിജ്ജ പന്ത്രണ്ടിന് ഏറു കഴിഞ്ഞ് പോകുന്നവര്‍ക്ക് പോകുകയോ അതല്ലെങ്കില്‍ പതിമൂന്നാം ദിവസം ഏറു പൂര്‍ത്തിയാക്കാന്‍ നില്‍ക്കുകയോ ചെയ്യാം. ദുല്‍ഹിജ്ജ പന്ത്രണ്ടിന് സൂര്യാസ്തമയം വരെ മിനയില്‍ മനപ്പൂര്‍വ്വം നില്‍ക്കുന്നവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറും നിര്‍ബന്ധമാണ്‌. അവര്‍  പതിമൂന്നാം ദിവസം ഏറു കഴിഞ്ഞിട്ടേ പോകാവൂ. 

ശേഷം അവസാനമായി എപ്പോഴാണോ നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അതിന് മുന്നോടിയായി വിടപറയലിന്‍റെ ത്വവാഫ് ചെയ്യണം. എല്ലാ സമയങ്ങളും പ്രാര്‍ഥനാ നിര്‍ഭരവും ദിക്റുകളും ദുആകളുമായി ധന്യമാക്കാന്‍ ശ്രമിക്കുക.

ഇത് പ്രയോജനപ്പെട്ടുവെങ്കില്‍ എനിക്ക് വേണ്ടിയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ മറക്കരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ .. 

وصل اللهم على نبينا محمد وعلى آله وصحبه وسلم.

By. Abdu Rahman Abdul Latheef
www.fiqhussunna.com