الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛
പ്രിയപ്പെട്ട സഹോദരങ്ങളെ, അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഭിന്നതയെ സംബന്ധിച്ച് പ്രമുഖ പണ്ഡിതനും, മദീനയിലെ മുഹദ്ദിസുമായ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതിയ ഒരു കത്തിന്‍റെ വിവര്‍ത്തനമാണ് ഇവിടെ കൊടുക്കുന്നത്. "അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാകുക" എന്ന അദ്ദേഹത്തിന്‍റെ ലഘു പുസ്തകം നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആ പുസ്തകം പോലും വിമര്‍ശിക്കപ്പെടുകയും അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഗുണകാംശ കാണാതെ പോകുകയും ചെയ്തതോടെ അദ്ദേഹം രണ്ടാമത് എഴുതിയ നാലഞ്ചു പേജുള്ള ഒരു കത്താണിത്. ഖുര്‍ആനും, സുന്നത്തും, മന്‍ഹജുസ്സലഫും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന ഓരോ സഹോദരനെയും, അതിലുപരി പണ്ഡിതന്മാരെയുമാണ് അദ്ദേഹം ഇതില്‍ അഭിസംബോധനം ചെയ്യുന്നത്. തങ്ങള്‍ക്കിടയിലുള്ള ഇല്മിയായ ചര്‍ച്ചകളും അഭിപ്രായ ഭിന്നതകളും ജനങ്ങളെ ചേരികളും വിഭാഗങ്ങളും ആക്കിത്തിരിക്കുമ്പോള്‍, ഒരു പുനര്‍വിചിന്തനം നടത്താന്‍, പണ്ഡിതന്മാരെയും പ്രബോധകരെയും ഒരുപോലെ പ്രേരിപ്പിക്കുന്നതാണ് ഈ ലേഖനം. ഓരോരുത്തരും അത് വായിക്കുകയും സ്വയം ഒരു പുനര്‍വിചാരണക്ക് തയ്യാറാവുകയും ചെയ്യുക.
www.fiqhussunna.com
ശൈഖ് അബ്ദുല്‍ മുഹ്സിന്‍ حفظه الله പറഞ്ഞതുപോലെ : " വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല. മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം".
അല്ലാഹു നമ്മെയെല്ലാം അല്ലാഹുവോടും, അവന്‍റെ മതത്തോടും, പ്രവാചകനോടും, സത്യവിശ്വാസികളോടും ഗുണകാംശയുള്ളവരാക്കി മാറ്റുമാറാകട്ടെ.
ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് (حفظه الله) എഴുതുന്നു:
الحمد لله، ولا حول ولا قوة إلا بالله، وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وصحبه ومن والاه، أما بعد؛
മതപഠനരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സലഫുകളുടെ പാതയില്‍ മുന്നോട്ട്പോകുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കിടയിലാണ് പരസ്പരമുള്ള ഗുണകാംശയും ഒത്തൊരുമയും ഏറ്റവും കൂടുതല്‍ വേണ്ടത്. പ്രത്യേകിച്ചും സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചുപോയ കക്ഷികളെ അപേക്ഷിച്ച് അവര്‍ വളരെ വളരെ കുറവാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്പ് ശൈഖ് ഇബ്നു ബാസിന്‍റെയും, ഇബ്നു ഉസൈമീന്റെയുമെല്ലാം അവസാന കാലഘട്ടത്തില്‍, സലഫീ മന്‍ഹജില്‍ നിന്നും പിഴച്ചുപോയ കക്ഷികളെക്കുറിച്ച് താക്കീത് നല്‍കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അഹ്ലുസ്സുന്നയില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ കഠിനപരിശ്രമം നടത്തുകയുണ്ടായി. അത് അങ്ങേയറ്റം പ്രശംസനീയവും നന്ദിയര്‍ഹിക്കുന്നതുമായ പ്രവര്‍ത്തനമായിരുന്നു. പക്ഷെ ഖേദകരമെന്ന് പറയട്ടെ ശൈഖ് ഇബ്നു ബാസിന്‍റെയും ഇബ്നു ഉസൈമീന്‍റെയും മരണശേഷം ഇക്കൂട്ടരില്‍ ചിലര്‍ രാജ്യത്തിന്‍റെ അകത്തും പുറത്തുമായി സലഫുകളുടെ മാര്‍ഗം പിന്‍പറ്റുന്നത്തിലേക്കും പിന്തുടരുന്നതിലേക്കും ക്ഷണിക്കുന്ന സ്വന്തം ആളുകളെത്തന്നെ വിമര്‍ശിക്കുന്നത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് അവരുടെ നന്മകളെ കണ്ടറിയുകയും, അതിന് അവരെ പ്രേരിപ്പിക്കുകയും, അവരില്‍ വന്ന തെറ്റുകള്‍ - അത് തെറ്റുകള്‍ ആണെന്ന് വ്യക്തമായാല്‍ - നല്ല രൂപത്തില്‍ തിരുത്തുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അതോടൊപ്പം തങ്ങളുടെ ഒത്തുചേരലുകളിലെല്ലാം അവരെക്കുറിച്ച് മോശമായിപ്പറയുന്നതിലും, അവരില്‍ നിന്നും താക്കീത് നല്‍കുന്നതിലും വ്യാപൃതരാവുകയും ചെയുകയല്ല, മറിച്ച് ഇല്‍മ് നേടുന്നതില്‍ കൂടുതല്‍ വ്യാപൃതരാവുകയും, അത് പഠിപ്പിക്കുകയും, അതിലേക്ക് പ്രബോധനം ചെയ്യുകയുമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതാണ് ഇസ്വ്'ലാഹിന്‍റെ ശരിയായ രീതി. ഇതായിരുന്നു ഈ കാലഘട്ടത്തിലെ അഹ്ലുസ്സുന്നയുടെ ഇമാമായ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ രീതി. ഇന്നത്തെ കാലത്ത് മതപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഹ്ലുസ്സുന്നയുടെ ആളുകള്‍ കുറഞ്ഞു വരികയാണ്. അവരുടെ കൊഴിഞ്ഞുപോക്കല്ല, അഭിവൃദ്ധിയാണ് നമുക്കാവശ്യം. അവരുടെ അകല്‍ച്ചയല്ല, ഒത്തൊരുമയാണ് നമുക്കാവശ്യം. നഹ്'വിന്‍റെ പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ ( المصغر لا يصغر ) അഥവാ ലഘൂകരിക്കപ്പെട്ട പദം വീണ്ടും ലഘൂകരിക്കപ്പെടുകയില്ല ഇതാണ് അഹ്ലുസ്സുന്നയുടെ വിഷയത്തിലും പറയാനുള്ളത്.
ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് തന്‍റെ മജ്മൂഉ ഫതാവയില്‍ പറഞ്ഞു: മതത്തിലെ അതിമാത്തായ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്, മനസ്സുകള്‍ പരസ്പരം ഇണക്കുക, അഭിപ്രായഭിന്നതയോഴിവാക്കി ഒന്നിക്കുക, പരസ്പരബന്ധം നന്നാക്കുക എന്നുള്ളത്. അല്ലാഹു പറയുന്നു : "അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക." - [അന്‍ഫാല്‍:1]. അതുപോലെ അല്ലാഹു പറയുന്നു: " നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്." - [ആലു ഇംറാന്‍:103]. തുടങ്ങിയ പരസ്പരം ഇണങ്ങുവാനും ഒരുമിക്കുവാനും കല്‍പ്പിക്കുന്ന, ഭിന്നതയെയും വിഭാഗീയതയെയും വിലക്കുന്ന വചനങ്ങള്‍ ധാരാളമാണ്. ഈ ഒരു അടിസ്ഥാനതത്വം അഹ്ലുസ്സുന്നയുടെ അടിസ്ഥാന തത്വമാണ്. ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവര്‍ വിഭാഗീയതയുടെ ആളുകളാണ് " - [മജ്മൂഉ ഫതാവ: 51/28].
ഹിജ്റ 1424ല്‍ പ്രസിദ്ധീകരിച്ച "രിഫ്ഖന്‍ അഹ്ലുസ്സുന്ന ബി അഹ്ലുസ്സുന്ന" " "അഹ്ലുസ്സുന്നയുടെ ആളുകള്‍ പരസ്പരം നല്ല രൂപത്തില്‍ വര്‍ത്തിക്കുക" എന്ന ലഘുഗ്രന്ഥത്തില്‍ ഞാന്‍ ഇത് വിശദമായി എഴുതിയിട്ടുണ്ട്. പിന്നീട് ഹിജ്റ 1426ല്‍ അത് പുനര്‍പ്രസിധീകരിക്കുകയും, ഹിജ്റ 1428ല്‍ എന്‍റെ ഗ്രന്ഥസമാഹാരത്തിനൊപ്പം (6/ 281 - 327) അത് ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒരുപാട് തെളിവുകളും, അതുപോലെ ഇരുത്തം വന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നും ഒരുപാട് ഉദ്ദരണികളും ഞാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആമുഖം ഒഴിച്ചു നിര്‍ത്തിയാല്‍ 'സംസാര ശേഷി എന്ന അനുഗ്രഹം' , 'നാവിനെ നന്മാക്കല്ലാതെ ഉപയോഗിക്കരുത്' , 'ഊഹവും ചാരപ്പണിയും' , 'മയത്വവും, സൌഹൃദവും' , ' പണ്ഡിതന്മാര്‍ക്ക് തെറ്റുപറ്റുമ്പോഴുള്ള അഹ്ലുസ്സുന്നയുടെ സമീപനം, അവരെ ബിദ്അത്തുകാരായി ചിത്രീകരിക്കാനോ, അവരുമായി ബന്ധം മുറിക്കാനോ പാടില്ല' , 'വിമര്‍ശനത്തിലും, ബന്ധവിച്ചേദനത്തിലും അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകളില്‍ നിന്നുണ്ടായ ഫിത്ന, അതില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം' , ' ആളുകളെ അടിസ്ഥാനമാക്കി ജനങ്ങളെ ചെരിതിരിക്കുന്ന ബിദ്അത്ത്' , ' ഈ കാലഘട്ടത്തില്‍ അഹ്ലുസ്സുന്നയുടെ ചില ആളുകളില്‍ നിന്നുമുണ്ടായ ബിദ്അത്താരോപണങ്ങളെയും, വിമര്‍ശനങ്ങളെയും കുറിച്ചുള്ള താക്കീത്' എന്നീ വിഷയങ്ങളാണ് ആ ലഘു കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ളത്.
എന്നാല്‍ ഖേദകരമെന്ന് പറയട്ടെ അഹ്ലുസ്സുന്നയില്‍ പെട്ട ആളുകള്‍ക്ക് നേരെത്തന്നെ കുന്തം തിരിച്ചുവെക്കുക വഴി ചെളിയില്‍ വെള്ളമൊഴിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്‍റെ പ്രതിഫലനമെന്നോണം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ചില ചോദ്യങ്ങളാണ്,
ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആ ആളെക്കുറിച്ചുള്ള നിന്‍റെ അഭിപ്രായം എന്താണ് ?,
ഇന്ന ആള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞ ആളെഴുതിയ പുസ്തകം വായിക്കാന്‍ പറ്റുമോ ? ,
അതുപോലെ വളരെക്കുറച്ച് മാത്രം അറിവുള്ള വിദ്യാര്‍ഥികള്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ്: ഇന്ന ആള്‍ ബിദ്അത്തുകാരനാണ് എന്ന് പറഞ്ഞ ആളെക്കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?, എന്തായാലും ആ വിഷയത്തില്‍ നിനക്കൊരു അഭിപ്രായം ഉണ്ടായിരിക്കണം ഇല്ലെങ്കില്‍ നിന്നെയും ഞങ്ങള്‍ ഉപേക്ഷിക്കും.
കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഇതേ സമീപനം യോറോപ്പ്യന്‍ രാജ്യങ്ങളെപ്പോലുള്ള (മുസ്ലിമീങ്ങള്‍ നന്നേ കുറവായ) രാജ്യങ്ങളിലേക്ക് കടക്കുമ്പോഴാണ്. അഹ്ലുസ്സുന്നയുടെ ഉല്പന്നത്തിന് തീരെ ചിലവില്ലാത്ത അത്തരം നാടുകളില്‍ ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കുകയും, പരസ്പരവിദ്വേശം പകര്‍ത്തുന്ന ഫിത്നകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതിനു പകരം ഈ 'ജര്‍ഹ്' ചെയ്യലിനെ അന്തമായി പിന്തുടരുക വഴി കുഴപ്പങ്ങള്‍ കൂടുതല്‍ മോശമാകുകയാണ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇങ്ങനെ പരസ്പരം വിദ്വേശം വച്ചുപുലര്‍ത്തുന്ന രീതി യഥാര്‍ത്ഥത്തില്‍ ഇഖ്'വാനുല്‍ മുസ്ലിമീന്‍റെ രീതിയോട് സാദൃശ്യമുള്ള രീതി ശാസ്ത്രമാണ്. അവരുടെ സ്ഥാപകനേതാവായ ഹസനുല്‍ ബന്ന പറഞ്ഞത് : "നിങ്ങളുടെ പ്രബോധനത്തിലേക്ക് ജനങ്ങളാണ് കടന്നു വരേണ്ടത്. അതല്ലാതെ നിങ്ങള്‍ അവരിലേക്ക് കടന്നു ചെല്ലുകയല്ല. കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ്. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളാകട്ടെ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും മുക്തമല്ല തന്നെ ...." - [ഹസനുല്‍ ബന്ന, مذكرات الدعوة والداعية , പേജ് : 232].
അതുപോലെ ഹസനുല്‍ ബന്ന പറഞ്ഞു: " മനസ്സുകളെ തമ്മില്‍ അകറ്റിയ, ചിന്തകളെ മന്ദീഭവിപ്പിച്ച ഇന്ന് കാണുന്ന വ്യത്യസ്ഥങ്ങളായ പിഴച്ച ദഅവാ പ്രവര്‍ത്തനങ്ങളോടുള്ള നമ്മുടെ സമീപനം എന്തെന്നാല്‍, അതില്‍ നമ്മുടെ പ്രബോധന മാര്‍ഗത്തോട് വല്ലതും യോജിക്കുന്നുവെങ്കില്‍ അതിനെ നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. നമ്മോട് വിയോജിക്കുന്നവയെ നമ്മള്‍ നഖശികാന്തം എതിര്‍ക്കുന്നു." - [മജ്മൂഉ റസാഇലു ഹസനുല്‍ ബന്നാ, പേജ് 240].
ഇത്തരം ഫിത്നകളില്‍ വ്യാപൃതരാകുന്നതിന് പകരം ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും അറിവ് തേടുന്നതിലും ആണ് ആ വിദ്യാര്‍ഥികള്‍ വ്യാപൃതരാവേണ്ടിയിരുന്നത്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ജീവിച്ച അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരായ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ ഫത്'വകളും, ലിജനതുദ്ദാഇമയുടെ ഫത്'വകളും, ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ ഗ്രന്ഥങ്ങളുമൊക്കെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുക വഴി ആഹ്ലുസ്സുന്നയില്‍പെട്ട തങ്ങളുടെ സഹോദരങ്ങളുടെ ഇറച്ചി തിന്നുന്നതില്‍ നിന്നും, ഖീല ഖാലകളില്‍ നിന്നും മാറി നില്‍ക്കാനും ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കാനും അവര്‍ക്ക് സാധിക്കും.
ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലാഹ് 'അല്‍ ജവാബുല്‍ കാഫി' എന്ന ഗ്രന്ഥത്തില്‍ പറയുന്നു : " അല്ഭുതകരമെന്നുപറയട്ടെ അക്രമത്തില്‍ നിന്നും, ഹറാമായ ഭക്ഷണം ഭക്ഷിക്കുന്നതില്‍ നിന്നും, വ്യഭിചാരത്തില്‍ നിന്നും, മോഷണത്തില്‍ നിന്നും, കള്ളുകുടിയില്‍ നിന്നും, ഹറാമായ കാര്യങ്ങളിലേക്ക് നോക്കുന്നതില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കാനും സൂക്ഷ്മത പാലിക്കാനും മനുഷ്യന് നിഷ്പ്രയാസം സാധിച്ചെന്നു വരാം .... പക്ഷെ തന്‍റെ നാവിന്‍റെ ചലനത്തെ നിയന്ത്രിക്കാന്‍ അവന്‍ പെടാപാട് പെടുന്നു.... എത്രത്തോളമെന്നാല്‍ മതബോധം കൊണ്ടും, ഭക്തികൊണ്ടും, ആരാധനയുടെ ആധിക്യം കൊണ്ടുമെല്ലാം ശ്രദ്ധേയനായ ഒരാള്‍, അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അത്രയും അകലം നരകത്തില്‍ അവന്‍ ആപധിച്ചേക്കാം. തിന്മകളില്‍ നിന്നും മ്ലേച്ചമായ കാര്യങ്ങളില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കുകയും, എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മനുഷ്യന്മാരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാന്‍ നാവിന് ഒരു മടിയുമില്ലാത്തവരുമായ എത്രയെത്ര മനുഷ്യന്മാരെ നിനക്ക് കാണാം". - [അല്‍ ജവാബുല്‍ കാഫി, പേജ് : 203].
ഇനി അഹ്ലുസ്സുന്നയില്‍ പെട്ട ഒരാളില്‍ നിന്നും അവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടാവുകയും, അതേസമയം അയാളില്‍ നിന്നും സുവ്യക്തമായ വാക്കുകളോ (പ്രവര്‍ത്തികളോ) ഉണ്ടായാല്‍ അയാളെക്കുറിച്ച് നല്ലത് കരുതുകയും അവ്യക്തമായതിനെ മാറ്റിനിര്‍ത്തി സുവ്യക്തമായതിനെ പരിഗണിക്കേണ്ടതുമാണ്. ഉമര്‍ ബിന്‍ അല്‍ ഖത്താബ് (റ) പറഞ്ഞു : " നിന്‍റെ സഹോദരനായ ഒരു സത്യവിശ്വാസിയില്‍ നിന്നും പുറത്ത് വന്ന ഒരു വാചകത്തെ നന്മയോടെ നോക്കിക്കാണാനുള്ള വല്ല പഴുതും നീ കാണുന്ന പക്ഷം, നന്മയോടെയല്ലാതെ നീയതിനെ നോക്കിക്കാണരുത് ". ഇബ്നു കസീര്‍ റഹിമഹുല്ലാഹ് സൂറത്തുല്‍ ഹുജ്റാത്തിന്‍റെ തഫ്സീറിലാണ് അത് ഉദ്ദരിച്ചത്. അതുപോലെ ബക്റിക്ക് എഴുതിയ ഘണ്ഡനത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു : "ഒരാളുടെ സുവ്യക്തമായ വാക്കുകള്‍ അയാളുടെ അവ്യക്തമായ വാക്കുകളെ നീക്കം ചെയ്യുന്നു. അതിന്‍റെ പ്രകടമായ വശത്തിന് മറ്റു സൂചനകളെക്കാള്‍ പ്രാമുഖ്യം നല്‍കണം" [അര്‍റദ്ദ് അലല്‍ ബക്'രി, പേജ്: 334]. അതുപോലെ അദ്ദേഹം തന്‍റെ അസ്വാരിം അല്‍ മസ്ലൂല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: " ഫുഖഹാക്കളുടെ വാക്കുകള്‍ അവരുടെ വിശദീകരണമോ, അവര്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളോ പരിശോധിക്കാതെ എടുത്താല്‍ അത് പിഴച്ച വാദങ്ങളിലേക്കാണ് നയിക്കുക" - [അസ്വാരിം അല്‍മസ്'ലൂല്‍, പേജ്: 2/512]. അതുപോലെ തന്‍റെ 'ക്രിസ്തുവിന്റെ മതം മാറ്റിയവര്‍ക്കുള്ള യഥാര്‍ത്ഥ മറുപടി' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു : " ഒരാളുടെ വാക്കുകള്‍ പരിഗണിക്കുമ്പോള്‍ അയാള്‍ പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങള്‍ കൂടി പരിഗണിക്കണം. അയാള്‍ ഇവിടെ പ്രതിപാദിച്ചിട്ടുള്ളതും മറ്റിടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതും പരിഗണിക്കണം. അയാള്‍ ഒരു പദം പ്രയോഗിച്ചാല്‍ സാധാരണയായി എന്താണ് അയാള്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നതും ഉദ്ദേശിക്കുന്നതും എന്ന് മനസ്സിലാക്കണം" - [അല്‍ജവാബ് അസ്വഹീഹ് അല മന്‍ ബദ്ദല ദീനല്‍ മസീഹ്, പേജ്: 4/44].
വിമര്‍ശിക്കുന്നവരും വിമര്‍ശനവിധേയമായവരും ആരും തന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തമല്ല. പരമാവധി തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കി പരിപൂര്‍ണത കൈവരിക്കാന്‍ ശ്രമിക്കണം എന്നത് ശരിതന്നെ. പക്ഷെ ആ പരിപൂര്‍ണതയിലേക്ക് എത്തിയിട്ടില്ലാത്ത എല്ലാ നന്മകളെയും അടച്ചാക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. അഥവാ ഒന്നുകില്‍ 100% പരിപൂര്‍ണത കൈവരിച്ചത് അല്ലെങ്കില്‍ പിഴച്ചത്, ഒന്നുകില്‍ പ്രകാശിതം അല്ലെങ്കില്‍ ഇരുളടഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല. മറിച്ച് ഉള്ള പ്രകാശത്തെ സംരക്ഷിക്കുകയും, കുറവുകള്‍ നികത്തി ആ പ്രകാശത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. രണ്ടോ അതില്‍ കൂടുതലോ വിളക്കുകള്‍ ലഭിച്ചില്ലെങ്കിലും ഒരു വിളക്കെങ്കിലും ഉള്ളതല്ലേ കൂരിരുട്ടിനേക്കാള്‍ ഉത്തമം. ശൈഖ് ഇബ്നു ബാസിന് അല്ലാഹു കരുണ ചൊരിയട്ടെ. തന്‍റെ ജീവിതം മുഴുവന്‍ പഠനത്തിനും, ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവത്തിനും വേണ്ടി ഒഴിച്ചവെച്ചതായിരുന്നു ആ ജീവിതം. പണ്ഡിതന്മാരെയും ത്വലബതുല്‍ ഇല്മിനെയും തങ്ങള്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും, ദഅവാ രംഗങ്ങളില്‍ സജീവമാകാനും ഏറെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഒരിക്കല്‍ ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഒരു പണ്ഡിതനെ അപ്രകാരം ഉപദേശിക്കുന്ന അവസരത്തില്‍ എന്തോ ചില ഒഴിവുകഴിവുകള്‍ അയാള്‍ പറയാന്‍ ശ്രമിച്ചു. ശൈഖിന് അയാളുടെ ന്യായീകരണത്തില്‍ തൃപ്തിയായില്ല. ശൈഖ് അയാളോട് പറഞ്ഞു: (( العمش ولا العمى )) 'അന്തതയാണോ അതല്ല കാഴ്ചക്കുറവാണോ നല്ലത് ?!'. അതായത്: ഒരുകാര്യം പൂര്‍ണ്ണമായും കരസ്ഥമാക്കാന്‍ സാധിക്കില്ല എന്ന് കരുതി അതെല്ലാം തന്നെ ഉപേക്ഷിക്കണമെന്നത് ശരിയല്ല. ഒരാള്‍ക്ക് നല്ല ശക്തിയുള്ള കാഴ്ച ഇല്ലാതിരുന്നാല്‍ കുറഞ്ഞ കാഴ്ചയെങ്കിലും ഉണ്ടാകുന്നതല്ലേ അന്തതയെക്കാള്‍ ഭേദം. - ഇരുപതാം വയസിലെങ്ങാണ്ട് ശൈഖിന്‍റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ പൊതുജനങ്ങള്‍ക്കിടയിലും വേണ്ടപ്പെട്ടവര്‍ക്കിടയിലും ഏറെ പ്രസിദ്ധിയാര്‍ജിച്ച പ്രകാശപൂരിതമായ ഉള്‍ക്കാഴ്ച നല്‍കി അല്ലാഹു അദ്ദേഹത്തെ ആദരിച്ചു. -.
ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " കലര്‍പ്പില്ലാത്ത കറകളഞ്ഞ പ്രകാശം ഇല്ലാതെവരികയും, തെളിച്ചമില്ലാത്ത മന്ദീഭവിച്ച പ്രകാശം മാത്രം ബാക്കിയാകുകയും, ആ വെളിച്ചമെങ്കിലും ഇല്ലാതെ വന്നാല്‍ ആളുകള്‍ പൂര്‍ണമായ ഇരുട്ടിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ (വെട്ടം കുറവാണെങ്കിലും ആ വെളിച്ചത്തെ നീ കെടുത്തിക്കളയരുത്). തീര്‍ത്തും തെളിഞ്ഞ വെളിച്ചം കിട്ടിയാലല്ലാതെ ഒരാളും ഇരുള്‍ ബാധിച്ച വെളിച്ചത്തെ ആക്ഷേപിക്കുകയും അതിനെ വിലക്കുകയും ചെയ്യരുത്. (നേരിയ വെളിച്ചമാണെങ്കിലും) ആ ഉള്ള വെളിച്ചത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ എത്ര പേരാണ് പൂര്‍ണമായ ഇരുട്ടിലേക്ക് കൂപ്പുകുത്തിയതായി നിനക്ക് കാണാന്‍ സാധിക്കുക". - [മജ്മൂഉ ഫതാവ : 10/364]. ഇത്തരം എടുത്ത് ചാട്ടത്തിന് ഒരുദാഹരണമാണ് ചില ആളുകളുടെ വാക്കുകള്‍. (അവര്‍ പറയാറുള്ളത്): "സത്യം ഒന്ന് മാത്രമായിരിക്കും, അത് ശാഖകളാവുകയില്ല. ഒന്നുകില്‍ അത് പൂര്‍ണമായും ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുക". ഇതില്‍ സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളുക എന്നത് ശരി തന്നെ. പക്ഷെ അല്ലെങ്കില്‍ അത് പൂര്‍ണമായി ഉപേക്ഷിക്കുക എന്ന് പറയുന്നത് ബാത്വിലാണ്. മറിച്ച് അല്പമെങ്കിലും നന്മ കയ്യിലുള്ളവനോട് അത് നിലനിര്‍ത്താന്‍ വേണ്ടി ഉപദേശിക്കുകയും പോരായ്മകള്‍ നികത്താന്‍ വേണ്ടി ആവശ്യപ്പെടുകയും ആണ് വേണ്ടത്.
(ഒരാളോട് നമ്മള്‍ ബന്ധം മുറിക്കുമ്പോള്‍) അതില്‍ പ്രശംസനീയമായ ബന്ധവിച്ചേദനം (هجر) എന്ന് പറയുന്നത് ഗുണകരമായ പര്യവസാനത്തിന് അഥവാ مصلحة ന് വഴിവെക്കുന്ന ബന്ധവിച്ചേദനമാണ്. ഒരിക്കലും തന്നെ അത് ദോശകരമായ പര്യവസാനത്തിന് (مفسدة) വഴിവെക്കുന്നതായിക്കൂട. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ല പറയുന്നു: " പരസ്പരം അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമ്പോഴെല്ലാം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധം മുറിക്കാന്‍ നില്‍ക്കുന്നവരാണ് എങ്കില്‍ പിന്നെ ഒരിക്കലും തന്നെ മുസ്ലിമീങ്ങള്‍ തമ്മില്‍ സാഹോദര്യ ബന്ധമോ, (വിശ്വാസി എന്ന നിലക്കുള്ള) സുരക്ഷിതത്വമോ ഉണ്ടാവില്ല". - [ മജ്മൂഉ ഫതാവ 28/ 173]. അതുപോലെ അദ്ദേഹം പറഞ്ഞു : " ശറഇയ്യായ ഒരു കാരണത്താല്‍ ഒരാളെ ഹജ്ര്‍ ചെയ്യുക എന്നുള്ളത് (ബന്ധം മുറിക്കുക എന്നുള്ളത്) ബന്ധം മുറിക്കുന്നവരുടെ ബലവും, ബലഹീനതയും അതുപോലെ എണ്ണവും, എണ്ണക്കുറവുമെല്ലാം അപേക്ഷിച്ച് വ്യത്യസ്ഥമായിരിക്കും. ബന്ധം മുറിക്കപ്പെട്ടവനെ ആ തിന്മയില്‍ നിന്നും അകറ്റുക എന്നതും, പൊതുജനങ്ങള്‍ അവനെപ്പോലെ അത്തരം തിന്മകളില്‍ ഭാഗവാക്കാകുന്നതിനെ തടയുക എന്നതുമാണ് നമ്മള്‍ അവനുമായുള്ള ബന്ധം മുറിക്കുന്നതിന്‍റെ താല്പര്യം. അപ്രകാരം അവനെ ഹജ്ര്‍ ചെയ്യുന്നത് (ബന്ധം മുറിക്കുന്നത്) തിന്മ കുറക്കാനും, തിന്മയെ മന്ദീഭവിപ്പിക്കാനും ഉപകിരിക്കും വിധം ഗുണകരമെന്ന് ബോധ്യപ്പെട്ടാല്‍ അത് അനുവദനീയമാണ്. മറിച്ച് ബന്ധം മുറിക്കപ്പെട്ടവനെയോ മറ്റുള്ളവരെയോ തിന്മയില്‍ നിന്നും തടയിടാന്‍ സാധിക്കാതെ വരികയും, അതിലുപരി തിന്മ വര്‍ദ്ധിപ്പിക്കുന്നതാവുകയും, ബന്ധം മുറിക്കുന്നവന്‍ മുറിക്കപ്പെടുന്നവനെക്കാള്‍ ദുര്‍ബലനുമാണെങ്കില്‍ അപ്രകാരം ഗുണത്തെക്കാളേറെ ദോഷമാണതുണ്ടാക്കുക എന്നു വന്നാല്‍ ഹജ്ര്‍ ചെയ്യാന്‍ പാടില്ല". അതെല്ലാം വിശദീകരിച്ചുകൊണ്ട് തുടര്‍ന്നദ്ദേഹം പറയുന്നു: "അപ്രകാരമെങ്കില്‍ പിന്നെ, ശറഇയ്യായ ബന്ധവിച്ചേദനം അല്ലാഹുവും അവന്‍റെ റസൂലും ചെയ്യാന്‍ കല്‍പിച്ച അമലുകളില്‍ പെട്ടതാണ്. ഇബാദത്തുകളെല്ലാം തന്നെ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതും അവന്‍റെ കല്പനകള്‍ അനുസരിച്ചുകൊണ്ടുള്ളതുമായിരിക്കണം. അത് തീര്‍ത്തും നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ടുള്ളതാവണം. അതുകൊണ്ടുതന്നെ ആരെങ്കിലും തന്‍റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ, അല്ലാഹു കല്പിച്ചിട്ടില്ലാത്ത വിധത്തിലോ ഹജ്ര്‍ ചെയ്‌താല്‍ (ബന്ധവിച്ചേദനം നടത്തിയാല്‍) അവന്‍റെ ഹജ്ര്‍ ശറഇയ്യായ ഹജ്റിന് പുറത്താണ്. എന്നാല്‍ എത്രയെത്ര മനസ്സുകളാണ് അല്ലാഹുവിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയോടെ താല്പര്യപ്പെടുന്നതെല്ലാം ചെയ്തുകൂട്ടുന്നത് ". - [മജ്മൂഉ ഫതാവ 28/206].
പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായിക്കാണാം: ഒരു പണ്ഡിതന് തെറ്റു പറ്റിയാല്‍, ആ തെറ്റില്‍ അയാളെ പിന്തുടരാന്‍ പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ അയാളെ പാടേ തള്ളിക്കളയാനും പാടില്ല. മറിച്ച് അയാളുടെ ആ തെറ്റ് മറ്റനേകം ശരികളാല്‍ പൊറുക്കപ്പെടുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) തന്‍റെ മജ്മൂഉ ഫതാവയില്‍ ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: “തങ്ങള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തെ ആസ്പദമാക്കി മുസ്‌ലിം സമൂഹത്തില്‍ നിന്നും വ്യത്യസ്ഥ കക്ഷിയാവുകയോ, അതിനെ ആധാരമാക്കി സൗഹൃദവും ശത്രുതയും വച്ചു പുലര്‍ത്തുകയോ ചെയ്യുന്നില്ലയെങ്കില്‍ അതവരില്‍ നിന്നും സംഭവിച്ചു പോയ ഒരു തെറ്റ് മാത്രമാണ്. അത്തരം കാര്യങ്ങളില്‍ പരിശുദ്ധനായ അല്ലാഹു വിശ്വാസികള്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. അത്തരം തെറ്റുകളില്‍ മുസ്‌ലിം ഉമ്മത്തിലെ മുന്‍ഗാമികളായ എത്രയോ പണ്ഡിതന്മാരും ഇമാമീങ്ങളും പെട്ടുപോയിട്ടുമുണ്ട്. അവരുടെ ഇജ്തിഹാദ് പ്രകാരം അവര്‍ പറഞ്ഞ വാക്കുകള്‍ ചിലപ്പോഴൊക്കെ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. (അതവര്‍ക്ക് സംഭവിച്ചുപോയ തെറ്റു മാത്രമാണ്). എന്നാല്‍ തന്‍റെ വാദങ്ങള്‍ അംഗീകരിക്കുന്നവരോട് സൗഹൃദം പുലര്‍ത്തുകയും, തന്‍റെ വാദങ്ങളെ എതിര്‍ക്കുന്നവരോട് ശത്രുത കാണിക്കുകയും, മുസ്ലിംകളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഒരിക്കലും അവരെപ്പോലെയല്ല”. - [മജ്മൂഉ ഫതാവ 3/349].
ഇമാം ദഹബി (റ) തന്‍റെ سير أعلام النبلاء ല്‍ പറയുന്നു: “ഇമാമീങ്ങളിലാരെങ്കിലും ചില ഒറ്റപ്പെട്ട മസ്അലകളില്‍ പൊറുക്കപ്പെടാവുന്ന വീഴ്ചകള്‍ വരുത്തുമ്പോഴേക്ക് നാം അവരെ ബിദ്അത്തുകാരായി മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, കുറ്റവും കുറവുമില്ലാത്ത ഒരാളും പിന്നെ ഉണ്ടാവുകയില്ല. ഇബ്നു നസ്റോ, ഇബ്നു മിന്‍ദയോ ആയിരുന്നാല്‍ പോലും, ഇനി വേണ്ട അവരെക്കാള്‍ വലിയവര്‍ ആയിരുന്നാല്‍ പോലും അതില്‍ നിന്നും മുക്തമാകുമായിരുന്നില്ല. അല്ലാഹുവാണ് മനുഷ്യരെ സത്യത്തിലേക്ക് വഴി നടത്തുന്നത്. അവന്‍ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണ്. അതിനാല്‍ തന്നെ നമ്മുടെ ദേഹേച്ചയെ പിന്‍പറ്റി (മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ നിന്നും) മോശമായ സംസാരത്തില്‍ നിന്നും നാം അല്ലാഹുവില്‍ ശരണം തേടുന്നു”. – [سير أعلام النبلاء 14/39]. (ഇബ്നു നസ്ര്‍ എന്നത് പ്രശസ്ഥ ഇമാമായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബിന്‍ നസ്ര്‍ അല്‍ മര്‍വസിയാണ്. ഇബ്നു മന്‍ദ എന്നത് ഇമാം മുഹമ്മദ് ബിന്‍ യഹ്’യയാണ്. ഹിജ്റ 301ലാണ് അദ്ദേഹം മരണപ്പെട്ടത്. രണ്ടുപേരും അനേകം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയ മുഹദ്ദിസീങ്ങളാണ്).
അതുപോലെ ഇമാം ദഹബി(റ) പറഞ്ഞു: “ശരിയായ വിശ്വാസവും സത്യം മാത്രം പിന്തുടരുവാനുള്ള ദൃഢനിശ്ചയവുമുള്ള ഒരാള്‍ക്ക് അയാളുടെ ഇജ്തിഹാടില്‍ തെറ്റുപറ്റുമ്പോഴേക്ക് ബിദ്അത്ത് മുദ്രകുത്താനും, തള്ളിപ്പറയാനും നിന്നാല്‍, ഇമാമീങ്ങളില്‍ നിന്നും വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ബാക്കിയാവുക. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും അവരോടെല്ലാം കരുണ ചെയ്യുമാറാകട്ടെ ”. – [14/376 سير أعلام النبلاء].
ഒരു വ്യക്തിയെ ജര്‍ഹ് ചെയ്യുന്നതിന് (മോശമായി വിലയിരുത്തുന്നതിന്) ചിലപ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങളും കാരണമായേക്കാം എന്ന് ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ല അദ്ദേഹത്തിന്‍റെ صيد الخاطر എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ വ്യത്യസ്ഥ പണ്ഡിതന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്. അറിവിന്‍റെ കാര്യത്തില്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പക്ഷെ അവരോടൊപ്പമുള്ള സഹവാസത്തില്‍ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ഉള്ള അറിവ് ജീവിതത്തില്‍ പകര്‍ത്തുന്നവരാണ്. മറ്റുള്ളവര്‍ അവരെക്കാള്‍ അറിവുള്ളവര്‍ ആയിരുന്നിട്ടുകൂടി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവരാണ്. എന്നാല്‍ ചില ഹദീസ് പണ്ഡിതന്മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹദീസുകള്‍ നന്നായി മനപ്പാഠമാക്കുകയും അതിന്‍റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ പരദൂഷണം പറയുകയും അതെല്ലാം ജര്‍ഹു വ തഅദീലാണെന്നും പറഞ്ഞുകൊണ്ട് ന്യായീകരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അബ്ദുല്‍ വഹാബ് അല്‍ അന്മാത്വി എന്ന പണ്ഡിതനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹം സലഫുകളെ പിന്തുടരുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ മജ്‌ലിസുകളില്‍ ഒരിക്കലും തന്നെ മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നില്ല ”. – [صيد الخاطر ص143].
അതുപോലെ അദ്ദേഹം തന്‍റെ تلبيس إبليس എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ചില ഹദീസ് പണ്ഡിതന്മാരുടെ മേലുള്ള പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ പെട്ടതാണ് അവര്‍ പരസ്പരം തന്‍റെ പകപോക്കുന്നതിനു വേണ്ടി മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ശേഷം അതിനെ ഈ ഉമ്മത്തിലെ പൂര്‍വികന്മാര്‍ ശറഇനെ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ച ജര്‍ഹു വ തഅദീലിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്യുക എന്നുള്ളത്. എന്നാല്‍ അല്ലാഹു ഓരോരുത്തരുടെയും ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് കൃത്യമായി അറിയുന്നവനാകുന്നു ”. – [تلبيس إبليس 2/689]. ഹിജ്റ 597ല്‍ മരിച്ച ഇമാം ഇബ്നുല്‍ ജൗസി റഹിമഹുല്ലയുടെ കാലഘട്ടത്തില്‍ ഇപ്രകാരം ആയിരുന്നുവെങ്കില്‍, ഈ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പിന്നെ പറയേണ്ടതുണ്ടോ ?!.
ഈ വളരെ അടുത്ത കാലത്ത് യമനില്‍ നിന്നുള്ള ശൈഖ് മുഹമ്മദ് അബ്ദല്ലാഹ് അല്‍ ഇമാം അഹ്ലുസ്സുന്നക്കിടയിലുള്ള ഭിന്നതകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന (الإبانة عن كيفية التعامل مع الخلاف بين أهل السنةوالجماعة) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. യമനില്‍ നിന്നുള്ള അഞ്ചോളം പണ്ഡിതന്മാര്‍ ആ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുമുണ്ട്. ആധുനികരും പൗരാണികരുമായ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരില്‍ നിന്നുമുള്ള ഒട്ടനവധി ഉദ്ദരണികള്‍ അതില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും ഇബ്നുല്‍ ഖയ്യിം(റ) യുടെയും ഉദ്ദരണികള്‍. അവയെല്ലാം പരസ്പരമുള്ള ബന്ധം നന്നാക്കാനായി അഹ്ലുസ്സുന്നയുടെ ആളുകള്‍ക്കുള്ള ഉപദേശമാണ്. ആ ഗ്രന്ഥത്തിന്‍റെ ഒട്ടുമിക്ക അധ്യായങ്ങളും പരിശോധിക്കാനും, അത് പ്രയോജനപ്പെടുത്താനും എനിക്ക് സാധിച്ചു. ഈ ലഘുകൃതിയില്‍ ഞാന്‍ എടുത്ത് കൊടുത്ത ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(റ) യുടെയും, ഇബ്നുല്‍ ഖയ്യിം(റ) യുടെയും വാക്കുകളിലേക്ക് ഞാന്‍ സഞ്ചരിച്ചത് ആ ഗ്രന്ഥത്തിലൂടെയാണ്. അതിനാല്‍ തന്നെ ആ ഗ്രന്ഥം വായിക്കുവാനും പ്രയോജനപ്പെടുത്തുവാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. ആ കൃതിയില്‍ വന്ന ഏറ്റവും സുന്ദരമായ ഒരു ഭാഗമാണ്: “ ഒരുപക്ഷെ സ്വീകാര്യയോഗ്യനായ ഒരാള്‍ അഹ്ലുസ്സുന്നയിലുള്ള മറ്റുചിലരെ സംബന്ധിച്ച് ആക്ഷേപിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചക്കും, പിച്ചിച്ചീന്തലിനും, തര്‍ക്കത്തിനും വഴിയൊരുക്കുകയും ചെയ്യും. ഒരുവേള അഹ്ലുസ്സുന്ന പരസ്പരം യുദ്ധം ചെയ്യുന്നതിലേക്ക് വരെ അത് എത്തിയേക്കാം. അത്തരം വല്ല സംഭവ വികാസവും ഉണ്ടായാല്‍ ആ ജര്‍ഹ് (ആക്ഷേപം) ഒരു ഫിത്നക്ക് വകവച്ചു എന്ന് മനസ്സിലാക്കാം. അപ്രകാരം അതൊരു ഫിത്നക്ക് കാരണമായാല്‍, താന്‍ നടത്തിയ ആക്ഷേപത്തെ (ജര്‍ഹിനെ) സംബന്ധിച്ചും അതിന്‍റെ ഗുണ-ദോഷങ്ങളെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനം നടത്തേണ്ടതും, സാഹോദര്യബന്ധം നിലനിര്‍ത്തുവാനും, പ്രബോധനപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും, തെറ്റുകള്‍ നല്ല രൂപത്തില്‍ പരിഹരിക്കുവാനും ശ്രമിക്കേണ്ടതും അനിവാര്യമാണ്. ഉപദ്രവം പ്രകടമായ ജര്‍ഹില്‍ (ആക്ഷേപത്തില്‍) തുടരുക എന്നുള്ളത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല ”.
യമനിലെ സഹോദരങ്ങള്‍ക്ക് അനുഭവപ്പെട്ടത് പോലുള്ള അനുഭവം മറ്റു മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ഈ ഭിന്നതയിലും വിഭാഗീയതയിലും അവര്‍ ഏറെ വേദനിക്കുന്നു. അതില്‍ ഭാഗവാക്കായ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നസ്വീഹത്ത് നല്‍കുവാന്‍ അവരോരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ യമാനുകാര്‍ ആ ദൗത്യം ആദ്യം നിറവേറ്റി. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ഒരുപക്ഷെ “വിശ്വാസം യമനിലേതാണ്. വിവേകവും യമനിലേതാണ്” - (മുത്തഫഖുന്‍ അലൈഹി) എന്ന ഹദീസ് പൊരുള്‍ ഉള്‍ക്കൊള്ളുന്നതാവാം ആ നസ്വീഹത്ത്. യമനിലെ സഹോദരങ്ങള്‍ എഴുതിയ ആ ഉപദേശം അതെന്തിന് വേണ്ടിയാണോ എഴുതപ്പെട്ടത് ആ ലക്ഷ്യം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. എല്ലാം സൂക്ഷമമായി പിന്തുടരുകയും ആക്ഷേപിക്കുകയും ജര്‍ഹു ചെയ്യുകയും ചെയ്യുന്ന ഈ രീതി അഹ്ലുസ്സുന്നയില്‍പ്പെട്ട ആരും പിന്തുണക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അഹ്ലുസ്സുന്നക്കിടയില്‍ ശത്രുതയും, പകയും ഉണ്ടാക്കുവാനും ഹൃദയങ്ങളെ കൂടുതല്‍ കടുത്തതാക്കുവാനുമല്ലാതെ സഹായിക്കുകയില്ല.
തിന്മകളില്‍ നിന്നും വികല വിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടതിനു ശേഷവും സൗദിയെ ഫസാദാക്കുവാനും നശിപ്പിക്കുവാനും പാശ്ചാത്യശക്തികള്‍ ശ്രമിക്കുമ്പോള്‍, പ്രത്യേകിച്ചും ജിദ്ദയില്‍ ഖദീജാ ബീവിയുടെ പേരില്‍ വ്യാജമായി തുടങ്ങിയ സ്ത്രീകളെ വഴി തെറ്റിക്കാനുള്ള കൂട്ടായ്മകള്‍ രംഗത്ത് വരുമ്പോള്‍, - ആ കൂട്ടായ്മയെ സംബന്ധിച്ച് : ‘സ്ത്രീകളെ വഴിതെറ്റിക്കാന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്(റ) യുടെ പേര് ദുരുപയോഗം ചെയ്യരുത്’, എന്ന ഒരു ലേഖനം ഞാന്‍ എഴുതിയിയുട്ടുണ്ട് – ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ചെറുക്കേണ്ടതിന് പകരം അഹ്ലുസ്സുന്നയില്‍ പെട്ട ചില ആളുകള്‍ അവരെത്തന്നെ പരസ്പരം ആക്ഷേപിക്കുകയും, അവരെത്തന്നെ സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്നത് ഏറെ അത്ഭുതകരമാണ്.
എല്ലാ പ്രദേശങ്ങളിലുമുള്ള അഹ്ലുസ്സുന്നയുടെ ആളുകള്‍ക്ക് പ്രവാചകന്‍റെ ചര്യയെ മുറുകെപ്പിടിക്കാനും, സ്നേഹിക്കാനും, നന്മയിലും തഖ്’വയിലും പരസ്പരം സഹകരിക്കാനും, അവര്‍ക്കിടയിലുള്ള വിഭാഗീയതക്കും ഭിന്നതക്കും കാരണമാകുന്ന സകല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുവാനും കഴിയട്ടെയെന്നു ഞാന്‍ അല്ലാഹുവിനോട് തേടുന്നു. അതുപോലെത്തന്നെ മതത്തെ അറിയാനും പഠിക്കാനും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും മുസ്ലിമീങ്ങള്‍ക്കെല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
وصلى الله وسلم وبارك على نبينا محمد وعلى آله وصحبه..........
എഴുതിയത്: ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ്
DATE: HIJRA : 16/1/1432.
വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ