Sunday, July 14, 2019

സൂറത്തുല്‍ ഇഖ്‌ലാസ് 10 തവണ ചൊല്ലിയാല്‍ പ്രത്യേക പ്രതിഫലം ഉണ്ടെന്ന ഹദീസ് സ്വഹീഹ് ആണോ ?.




ചോദ്യം: സൂറത്തുല്‍ ഇഖ്‌ലാസ് പത്ത് തവണ പാരായണം ചെയ്‌താല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ലഭിക്കും എന്ന ഹദീസ് സ്വഹീഹ് ആണെന്നും ളഈഫ് ആണെന്നും കേള്‍ക്കുന്നു. വസ്തുതയെന്ത് ?.

www.fiqhussunna.com

ഉത്തരം: 

الحمدلله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ചോദ്യകര്‍ത്താവ് പരാമര്‍ശിച്ച പോലെ സ്വീകാര്യതയുടെ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുള്ള ഹദീസ് ആണിത്. ഇമാം അഹ്മദും, ഇമാം ത്വബറാനിയും, ഇമാം ഇബ്നുസ്സുന്നിയുമൊക്കെ ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. പക്ഷെ അവയുടെയെല്ലാം സനദുകള്‍ ദുര്‍ബലമാണ്. 

ഇമാം അഹ്മദ് ഉദ്ദരിച്ച റിപ്പോര്‍ട്ട് ഇപ്രകാരമാണ് :

 عبد الله حدثني أبي حدثنا حسن حدثنا ابن لهيعة قال ، وحدثنا يحيى بن غيلان ، حدثنا رشدين ، حدثنا زبان بن فائد الحبراني عن سهل بن معاذ بن أنس الجهني عن أبيه معاذ بن أنس الجهني صاحب النبي صلى الله عليه وسلم عن النبي صلى الله عليه وسلم قال : (من قرأ سورة الإخلاص "قُلْ هُوَ اللَّهُ أَحَدٌ" حتى يختمها عشر مرات بنى الله له قصرا في الجنة . فقال عمر بن الخطاب : إذاً أستكثر يا رسول الله . فقال رسول الله صلى الله عليه وسلم : الله أكثر وأطيب) . - (مسند أحمد : 3/437).

ഹദീസിന്‍റെ സാരാംശം: നബി (സ) പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഇഖ്‌ലാസ് (قل هو الله أحد) പൂര്‍ണമായി പത്ത് തവണ ഓതിയാല്‍ അല്ലാഹു സ്വര്‍ഗത്തില്‍ അവനൊരു കൊട്ടാരം പണിയുന്നതാണ്". അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അയാള്‍ അതില്‍ കൂടുതല്‍ ഓതിയാലോ ?. അപ്പോള്‍ നബി (സ) പറഞ്ഞു: "അല്ലാഹു കൂടുതല്‍ നല്‍കുന്നവനും കൂടുതല്‍ നല്ലവനുമാണ്" - (മുസ്നദ് അഹ്മദ്:  15648).

ഈ ഹദീസിന്‍റെ സനദിലുള്ള زبان بن فائد എന്ന വ്യക്തി അങ്ങേയറ്റം ദുര്‍ബലനാണ്, അതുപോലെ അതിന്‍റെ സനദിലുള്ള ابن لهيعة അതുപോലെ رشدين بن سعد ഇവരും ദുര്‍ബലരാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമായ അഥവാ ളഈഫ് ആയ ഹദീസ് ആണ് എന്നാണു ഭൂരിഭാഗം പണ്ഡിതന്മാരും  രേഖപ്പെടുത്തിയത്. 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി തന്‍റെ تهذيب التهذيب എന്ന ഗ്രന്ഥത്തില്‍ زبان بن فائد ന്‍റെ ഹദീസുകള്‍ അസ്വീകാര്യമാണ് എന്ന് ഇമാം അഹ്മദും ഇമാം ഇബ്നു മഈനും ഒക്കെ അഭിപ്രായപ്പെട്ടത് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇമാം അഹ്മദിന്‍റെ മുസ്നദില്‍ ഉദ്ദരിക്കപ്പെട്ട മേല്‍പറഞ്ഞ ഹദീസ് ദുര്‍ബലമാണ്.  

ശൈഖ് അല്‍ബാനി (റ) ക്ക് ഈ ഹദീസിന്‍റെ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബാലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യമാണ് എന്ന അഭിപ്രായമായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ആ അഭിപ്രായത്തോട് വിയോജിച്ചവരാണ്. ഈ ഹദീസ് സ്വീകാര്യമല്ല എന്നതാണ് ശൈഖ് ഇബ്നു ബാസ് (റ) യുടെ അഭിപ്രായം. അതുപോലെ ശൈഖ് ശുഐബ് അല്‍ അര്‍നഊത്ത് അദ്ദേഹത്തിന്‍റെ പഠനത്തിലും ഈ ഹദീസ് ദുര്‍ബലമാണ് എന്ന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധിച്ചാല്‍ ദുര്‍ബലമാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി എന്ന് നമുക്ക് മനസ്സിലാക്കാം.


ഇനി ഈ  ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സനദുകള്‍ ഇപ്രകാരമാണ്:

ഒന്ന്: ഇമാം അഹ്മദ് ഉദ്ദരിച്ച സനദ്


)حدثنا حسن حدثني أبي ثنا حسن ثنا بن لهيعة قال(ح) وثنا يحيي بن غيلان ثنا رشدين ثنا زبان بن فائد الحبراني عن سهل بن معاذ بن أنس الجهني عن أبيه معاذ بن أنس الجهني صاحب النبي صلى الله عليه وسلم عن النبي صلى الله عليه).
ഈ സനദില്‍ ابن لهيعة അതുപോലെ, رشدين ابن سعد അതുപോലെ زبان بن فائد  ഇവര്‍ ദുര്‍ബലരാണ്. അതുപോലെത്തന്നെ سهل بن معاذ بن أنس ന്‍റെ റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ് എന്ന് ഇമാം ഇബ്നുല്‍ ജൗസിയും, ഇമാം ഇബ്നു മഈനും അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും زبان بن فائد ഉദ്ദരിക്കുന്ന ഹദീസുകള്‍ ഒഴികെ ബാക്കി ഹദീസുകള്‍ സ്വീകാര്യമാണ് എന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ മേല്‍പറഞ്ഞ ഹദീസ് അദ്ദേഹത്തില്‍ നിന്നും زبان بن فائد ആണ് ഉദ്ദരിക്കുന്നത് എന്നതിനാല്‍ അത് ദുര്‍ബലമാണ് എന്ന് മനസ്സിലാക്കാം.

ഇമാം ത്വബറാനി തന്‍റെ معجم الكبير ല്‍ ഉദ്ദരിച്ച റിപ്പോര്‍ട്ടിലും, ഇമാം ഇബ്നുസ്സുന്നി ഉദ്ദരിച്ച റിപ്പോര്‍ട്ടിലും زبان بن فائد അല്ലെങ്കില്‍ ابن لهيعة എന്നിവര്‍ ഉണ്ട്.


രണ്ടാമത്തെ സനദ്: ഇമാം ത്വബറാനി തന്‍റെ (الأوسط) ല്‍ ഉദ്ദരിച്ച സനദാണ് :

حدثنا أحمد بن رشدين قال حدثنا هانئ بن المتوكل الإسكندراني قال حدثنا خالد بن حميد المهري عن زهرة بن معبد عن سعيد بن المسيب عن أبي هريرة عن النبي قال ثم من قرأ قل هو الله أحد عشر مرات بني له قصر في الجنة ومن قرأها عشرين مرة بني له قصران ومن قرأها ثلاثين مرة بني له ثلاثة لم يرو هذا الحديث عن زهرة بن معبد متصل الإسناد إلا خالد بن حميد تفرد به هانئ بن المتوكل 

ഈ സനദിനും ന്യൂനതകളുണ്ട്:

ഒന്ന്: ابن رشدين ദുര്‍ബലനാണ്. അദ്ദേഹത്തിന്‍റെ ഹദീസുകള്‍ അസ്വീകാര്യമാണ് എന്ന് ഇമാം ബുഖാരിയും ഇമാം ഇബ്നു അദിയ്യുമൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

രണ്ട്: هاني بن المتوكل الإسكندراني അദ്ദേഹത്തിന്‍റെ ഹദീസുകള്‍ അസ്വീകാര്യമാണ് എന്ന് ഇമാം ഇബ്നു ഹിബ്ബാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്നാമത്തെ സനദ്: ഇമാം ദാരിമി ഉദ്ദരിച്ച സനദ് ആണ്: 

حدثنا عبد الله بن يزيد ثنا حيوة قال أخبرني أبو عقيل انه سمع سعيد بن المسيب يقول ان نبي الله قال ثم من قرأ قل هو الله أحد عشر مرات بني له بها قصر في الجنة

ഇതാകട്ടെ സഈദ് ബ്നുല്‍ മുസയ്യിബില്‍ നിന്നും മുര്‍സലായാണ് വന്നത്. ഇനി അത് അബൂ ഹുറൈറ (റ) വില്‍ നിന്നും സഈദ് ബ്നുല്‍ മുസയ്യിബ് ഉദ്ദരിക്കുന്ന തൊട്ടുമുന്‍പ് ഉദ്ദരിച്ച റിപ്പോര്‍ട്ടിലേക്ക് ചേര്‍ത്ത് വച്ചാല്‍ത്തന്നെ അതില്‍ زهرة بن معبد  ദുര്‍ബലനാണ്. 

മേല്‍സനദുകളെക്കുറിച്ചുള്ള ചര്‍ച്ച വായിക്കാന്‍ ഈ ലിങ്കില്‍ പോകുക : (https://www.ahlalhdeeth.com/vb/showthread.php?t=13635)

അതുകൊണ്ടുതന്നെ മേല്‍പറഞ്ഞ ഹദീസ് സ്ഥിരപ്പെട്ട ഒന്നല്ല. എന്നാല്‍ അത് സൂറത്തുല്‍ ഇഖ്‌ലാസിന്‍റെ പ്രാധാന്യത്തിനു ഒട്ടും കുറവ് വരുത്തുന്നില്ല. സൂറത്തുല്‍ ഇഖ്ലാസിന്‍റെ പ്രാധാന്യം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. രാവിലെയും വൈകുന്നേരവും, ഉറങ്ങാന്‍ കിടക്കുമ്പോഴും, നമസ്കാരശേഷവുമെല്ലാം പാരായണം ചെയ്യാന്‍ കല്പിക്കപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല ഇമാം മുസ്‌ലിം ഉദ്ദരിച്ച സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ أَبِى هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -صلى الله عليه وسلم- : « احْشِدُوا فَإِنِّى سَأَقْرَأُ عَلَيْكُمْ ثُلُثَ الْقُرْآنِ »، فَحَشَدَ مَنْ حَشَدَ ثُمَّ خَرَجَ نَبِىُّ اللَّهِ -صلى الله عليه وسلم- فَقَرَأَ ( قُلْ هُوَ اللَّهُ أَحَدٌ) ثُمَّ دَخَلَ ، فَقَالَ بَعْضُنَا لِبَعْضٍ إِنِّى أُرَى هَذَا خَبَرٌ جَاءَهُ مِنَ السَّمَاءِ فَذَاكَ الَّذِى أَدْخَلَهُ، ثُمَّ خَرَجَ نَبِىُّ اللَّهِ -صلى الله عليه وسلم- فَقَالَ: « إِنِّى قُلْتُ لَكُمْ سَأَقْرَأُ عَلَيْكُمْ ثُلُثَ الْقُرْآنِ أَلاَ إِنَّهَا تَعْدِلُ ثُلُثَ الْقُرْآنِ ».

അബൂ ഹുറൈറ (റ) പറയുന്നു: നബി (സ) പറഞ്ഞു: "നിങ്ങള്‍ ഒരുമിച്ച് കൂടുക ഞാന്‍ നിങ്ങള്‍ക്ക് ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ഒതിക്കേള്‍പ്പിക്കാം". അങ്ങനെ സാധിച്ചവരെല്ലാം ഒരുമിച്ചുകൂടി. അല്ലാഹുവിന്‍റെ റസൂല്‍ (സ) പുറത്തേക്ക് വന്ന് (قل هو الله أحد) പാരായണം ചെയ്തു. ശേഷം അദ്ദേഹം അകത്തേക്ക് തന്നെ പോയി. അപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു: അദ്ദേഹത്തിന് വഹ്'യ് ഇറങ്ങിയത് കാരണത്താലാകാം അദ്ദേഹം അകത്തേക്ക് പോയത്. അല്പം കഴിഞ്ഞ് അദ്ദേഹം പുറത്തേക്ക് വന്നു. എന്നിട്ടിപ്രകാരം പറഞ്ഞു: "ഞാന്‍ നിങ്ങളോട് ഖുര്‍ആനിന്‍റെ മൂന്നിലൊന്ന് ചൊല്ലിക്കേള്‍പ്പിക്കാം എന്നല്ലേ പറഞ്ഞിരുന്നത്, അതെ അത് (സൂറത്തുല്‍ ഇഖ്‌ലാസ്) ഖുര്‍ആനിന്‍റെ മൂന്നിലൊന്നിന് സമാനമാണ്". - (സ്വഹീഹ് മുസ്‌ലിം: 1924). 

അതുകൊണ്ട് ഈ സൂറത്ത് ധാരാളമായി പാരായണം ചെയ്യുക. എന്നാല്‍ സ്വര്‍ഗത്തില്‍ പത്ത് തവണ പാരായണം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ ഭാവനമുണ്ട് എന്ന ഹദീസ് ദുര്‍ബലമാണ്. അതുകൊണ്ട് അങ്ങനെ പ്രത്യേകം പത്ത് എന്ന് എണ്ണം പിടിച്ച് ചൊല്ലാന്‍ പ്രമാണമില്ല. എന്നാല്‍ ഒരാള്‍ക്ക് എത്രയും ചൊല്ലാം. ഒരുപക്ഷെ ആത്മാര്‍ഥമായ ഒരു തവണത്തെ പാരായാണത്തിന് തന്നെ അല്ലാഹു അതിനേക്കാള്‍ വലിയ പ്രതിഫലം നല്കിയേക്കാം. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. അവന്‍റെ അനുഗ്രഹം എന്നും നമ്മോടൊപ്പം ഉണ്ടാകട്ടെ.

By. Abdu Rahman Abdul Latheef P.N