Sunday, July 14, 2019

റുകൂഅ് ലഭിച്ചാല്‍ റകഅത്ത് ലഭിക്കുമോ ?.



 ചോദ്യം: നമസ്കാരത്തില്‍ ഇമാമിന്‍റെ കൂടെ റുകൂഅ് ലഭിച്ചാല്‍ ആ റകഅത്ത് കിട്ടുമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാള്‍ക്ക് ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാല്‍ അയാൾക്ക് ആ റകഅത്ത് ലഭിക്കുന്നതാണ്. അഥവാ ഇമാം റുകൂഇല്‍ നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പായി താന്‍ റുകൂഇലേക്ക് പോകുകയും ഇമാം എഴുന്നേല്‍ക്കുന്നതിനു മുന്‍പ് കൈ മുട്ടില്‍ വെച്ച് റുകൂഇന്‍റെ രൂപത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ അയാൾക്ക് ആ റകഅത്ത് ലഭിക്കുന്നതാണ്.

ഫാത്തിഹ പാരായാണം ചെയ്യല്‍ മഅ്മൂമിന് ഇളവ് ലഭിക്കുന്ന രണ്ട് അവസരങ്ങളാണ് ഉള്ളത്. ഒന്ന് ഒരാള്‍ വൈകിയെത്തി താന്‍ ഫാത്തിഹ ഒതുന്നതിന് മുന്‍പേ ഇമാം റുകൂഇലേക്ക് പോയാല്‍, മറ്റൊന്ന് ഇമാം റുകൂഇലായിരിക്കെ ഒരാള്‍ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍.

ഇമാമിനൊപ്പം ഒരാള്‍ക്ക് റുകൂഅ് ലഭിച്ചാല്‍ അയാള്‍ക്ക് ആ റകഅത്ത് ലഭിക്കുമെന്നുള്ളതിനുള്ള ചില തെളിവുകള്‍ താഴെ കൊടുക്കുന്നു:

عَنْ أَبِي بَكْرَةَ أَنَّهُ انْتَهَى إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ رَاكِعٌ فَرَكَعَ قَبْلَ أَنْ يَصِلَ إِلَى الصَّفِّ فَذَكَرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ زَادَكَ اللَّهُ حِرْصًا وَلَا تَعُدْ

അബീ ബക്റ (റ) നിവേദനം: അദ്ദേഹം നബി (സ) യോടൊപ്പം നമസ്കരിക്കാനായി വന്നപ്പോള്‍ നബി (സ) റുകൂഇലായിരുന്നു. സ്വഫിലേക്ക് എത്തുന്നതിന് മുന്പ് തന്നെ അദ്ദേഹം കൈകള്‍ കെട്ടി. അത് നബി (സ) യോട് അദ്ദേഹം പറഞ്ഞപ്പോള്‍ നബി (സ) ഇപ്രകാരം പറഞ്ഞു: "അല്ലാഹു താങ്കളുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കട്ടെ, ഇനി ആവര്‍ത്തിക്കരുത്" - (സ്വഹീഹുല്‍ ബുഖാരി: 783).

ഇവിടെ അദ്ദേഹത്തിന് ഫാത്തിഹ പാരായണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആ റകഅത്ത് നഷ്ടപ്പെടുമായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് ആ റകഅത്ത് മടക്കി നമസ്കരിക്കാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ അദ്ദേഹത്തോട് ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞത് സ്വഫില്‍ എത്തുന്നതിന് മുന്‍പ് കൈകെട്ടിയ വിഷയമാണ്‌ എന്നതാണ് മുഹദ്ദിസീങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അത് മറ്റൊരു ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ അതിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.   മാത്രമല്ല ഇമാം ബൈഹഖി തന്‍റെ സുനനില്‍ ഈ ഹദീസ് എടുത്ത് കൊടുക്കുന്നത് തന്നെ "باب إدراك الركعة بإدراك الركوع" അഥവാ റുകൂഅ് ലഭിച്ചാല്‍ തന്നെ ആ റകഅത്ത് ലഭിക്കും എന്ന് പഠിപ്പിക്കുന്ന ബാബിലാണ്.

അതുപോലെ ഇമാം ബൈഹഖി ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും ഉദ്ദരിക്കുന്നു: 

 عن ابْن مَسْعُودٍ رضي الله عنه قَالَ : مَنْ لَمْ يُدْرِكِ الإِمَامَ رَاكِعًا لَمْ يُدْرِكْ تِلْكَ الرَّكْعَةَ. 

ഇബ്നു മസ്ഊദ് (റ) ഇപ്രകാരം പറഞ്ഞു: "ഇമാമിനോപ്പം റുകൂഅ് ലഭിക്കാത്തവന് ആ റകഅത്ത് ലഭിക്കുകയില്ല" - (ബൈഹഖി: 2681, ഈ ഹദീസ് സ്വഹീഹാണ് എന്ന് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുമുണ്ട്‌ - الإرواء: 263]. 

അതുപോലെ ഇമാം ഇബ്നു അബീ ശൈബ ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ ഇബ്നു ഉമര്‍ (റ) വില്‍ നിന്നും കൂടുതല്‍ വ്യക്തമായി ഇത് പ്രതിപാദിച്ചിട്ടുണ്ട്: 

عن عبد الله بن عمر رضي الله عنه قال : ( إذا جئت والإمام راكع ، فوضعت يديك على ركبتيك قبل أن يرفع فقد أدركت ) .

 ഇബ്നു ഉമര്‍ (റ) ഇപ്രകാരം പറഞ്ഞു: "ഇമാം റുകൂഇലായിരിക്കെ താങ്കള്‍ വന്നാല്‍, ഇമാം റുകൂഇല്‍ നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പായി താങ്കളുടെ കൈകള്‍ മുട്ടിനു മുകളില്‍ വെച്ചാല്‍ താങ്കള്‍ക്ക് ആ (റകഅത്ത്) ലഭിച്ചു". - (ഇബ്നു അബീ ശൈബ: 2520).

അതുപോലെ ഇബ്നു ഉമര്‍ (റ) വില്‍ നിന്നുള്ള ഈ ഹദീസ് തന്നെ ഇമാം ബൈഹഖി ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

( من أدرك الإمام راكعا ، فركع قبل أن يرفع الإمام رأسه ، فقد أدرك تلك الركعة )

"ഇമാം റുകൂഇലായിരിക്കെ വന്ന വ്യക്തി, ഇമാം ശിരസ് ഉയര്‍ത്തുന്നതിന് മുന്‍പേ റുകൂഇല്‍ പോകുകയാണെങ്കില്‍ അയാള്‍ക്ക് ആ റകഅത്ത് ലഭിച്ചിരിക്കുന്നു". - (ബൈഹഖി: 2413)

മേല്‍പറഞ്ഞ രണ്ടു ഹദീസുകളും സ്വഹീഹാണ് എന്ന്ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. (الإرواء: 264).

മേല്‍ ഉദ്ദരിച്ചവയില്‍ നിന്നും മസ്ബൂഖ് അഥവാ വൈകിയെത്തുന്നയാള്‍ക്ക്  റുകൂഅ് ലഭിച്ചാല്‍ത്തന്നെ ആ റകഅത്ത് ലഭിക്കും എന്ന് മനസ്സിലാക്കാം. കൂടാതെ മറ്റു ചില സ്വഹാബാക്കളില്‍ നിന്നും ഇതുദ്ദരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ വിഷയത്തില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ് - [ابن عابدين: 1 / 323 ، والفواكه الدواني: 1 / 240 ، والمجموع: 4 / 229 ، والمغني: 1 / 504 ].

ഇനി ഒരാള്‍ ഇമാം റുകൂഇലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് വരുകയും ഫാത്തിഹ പൂര്‍ണമായി ഓതാന്‍ സമയം ലഭിക്കാതിരിക്കുകയും ചെയ്‌താല്‍, അയാള്‍ ഇമാമിനോടൊപ്പം റുകൂഇലേക്ക് പോകുകയാണ് ചെയ്യേണ്ടത്. നേരത്തെ ഉദ്ദരിച്ച ഹദീസുകളില്‍ നിന്നുതന്നെ  വൈകിയെത്തുന്നവര്‍ക്ക് ഫാത്തിഹ ഓതാന്‍ സാധിക്കാതെ വരുന്നത് നമസ്കാരത്തിന് ഭംഗം വരുത്തുകയില്ല എന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്. തീര്‍ത്തും ഓതാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് തന്നെ റുകൂഓടു കൂടി ആ റകഅത്ത് ലഭിക്കുമെങ്കില്‍ ഭാഗികമായെങ്കിലും ഓതാന്‍ സാധിച്ചവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

എന്നാല്‍ വൈകിയെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രാരംഭ പ്രാര്‍ഥനയില്‍ മുഴുകി ഫാത്തിഹ ഒതാനുള്ള സമയം നഷ്ടപ്പെടുത്താതെ നേരെ ഫാത്തിഹ ചൊല്ലി പൂര്‍ത്തിയാക്കാനാണ് പര്ശ്രമിക്കേണ്ടത്. കാരണം പ്രാരംഭ പ്രാര്‍ത്ഥന എന്നത് സുന്നത്തും, ഫാത്തിഹ എന്നത് റുക്നുമാണ്. സുന്നത്ത് എടുത്ത് റുക്ന് നഷ്ടപ്പെടുത്താവതല്ല.

ഇമാം നവവി തന്‍റെ അല്‍ മജ്മൂഇല്‍ ഇമാം ശീറാസിയുടെ വാക്കുകള്‍ ഉദ്ദരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: 

قال الشيرازي رحمه الله : " وإن أدركه في القيام وخشي أن تفوته القراءة ترك دعاء الاستفتاح واشتغل بالقراءة ; لأنها فرض فلا يشتغل عنه بالنفل , فإن قرأ بعض الفاتحة فركع الإمام ففيه وجهان : أحدهما : يركع ويترك القراءة ; لأن متابعة الإمام آكد ; ولهذا لو أدركه راكعا سقط عنه فرض القراءة . الثاني : يلزمه أن يتم الفاتحة ; لأنه لزمه بعض القراءة فلزمه إتمامها " انتهى .

"ഒരാള്‍ ഇമാം റുകൂഇലേക്ക് പോകുന്നതിന് ഇമാമിനോടൊപ്പം ചേരുകയും, താന്‍ ഫാത്തിഹ പാരായണം ചെയ്യുന്നതിന് മുന്പ് അദ്ദേഹം റുകൂഇലേക്ക് പോകാനിടയുണ്ട് എന്ന് ഭയപ്പെടുകയും ചെയ്‌താല്‍, അവന്‍ പ്രാരംഭ പ്രാര്‍ത്ഥന ഉപേക്ഷിച്ച് ഫാത്തിഹ പാരായണം ചെയ്യട്ടെ. കാരണം അത് ഫര്‍ളും പ്രാരംഭ പ്രാര്‍ത്ഥന നിര്‍ബന്ധമല്ലാത്ത സുന്നത്തുമാണ്. ഇനി താന്‍ അല്പം ഫാത്തിഹ പാരായണം ചെയ്തപ്പോഴേക്ക് ഇമാം റുകൂഇലേക്ക് പോയാല്‍ എന്ത് ചെയ്യണം എന്നതില്‍ രണ്ടഭിപ്രായമുണ്ട്‌. ഒരഭിപ്രായം അയാള്‍ പാരായണം ഉപേക്ഷിച്ച് ഇമാമിനോപ്പം സുജൂദിലേക്ക് പോകണം എന്നതാണ്. കാരണം ഇമാമിനെ പിന്തുടരലാണ് കൂടുതല്‍ ബലപ്പെട്ടത് എന്നതിനാലാണത്. അതുകൊണ്ടാണ് ഇമാം റുകൂഇലായിരിക്കെയാണ് ഒരാള്‍ ഇമാമിനോപ്പം ചെരുന്നതെങ്കില്‍ ഫാത്തിഹ ഒതുക എന്ന ഫര്‍ള് അയാള്‍ക്ക് ബാധകമല്ലാതായിത്തീരുന്നത്. എന്നാല്‍ ഫാത്തിഹ അല്പം പാരായണം ചെയ്തത് കൊണ്ട് അത് പൂര്‍ത്തിയാക്കുക എന്നും അഭിപ്രായമുണ്ട്". - (المجموع: 4/109 ).

അഥവാ അല്പം പൂര്‍ത്തിയാക്കാനുള്ള ഒരാള്‍ക്ക് വേഗത്തില്‍ ഓതി പൂര്‍ത്തിയാക്കി ഇമാമിനോപ്പം തന്നെ റുകൂഇല്‍ ഒപ്പമെത്താന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം. എന്നാല്‍ അപ്രകാരം ചെയ്യുന്നത് താന്‍ റുകൂഇലേക്ക് പോകുന്നതിന് മുന്പായി ഇമാം എഴുന്നേല്‍ക്കാന്‍ കാരണമാകും എന്ന് തോന്നിയാല്‍ അവിടെ പാരായണം ഉപേക്ഷിച്ച് റുകൂഇലേക്ക് പോകുക.

ഏതായാലും ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് കഴിയുന്നതും തക്ബീറത്തുല്‍ ഇഹ്റാമിന് ഒപ്പം തന്നെ എത്തിച്ചേരാന്‍ പരിശ്രമിക്കുക. ഇനി മനപ്പൂര്‍വ്വമല്ലാതെ വൈകാന്‍ ഇടവന്നാല്‍ റുകൂഅ് ലഭിക്കുക വഴി ആ റകഅത്ത് ലഭിച്ചു എന്ന് മനസ്സിലാക്കാം.

സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത് തറാവീഹ് നമസ്കാരത്ത്തിനും മറ്റും ചില കുട്ടികള്‍ കാണിക്കാറുള്ളത് പോലെ മനപ്പൂര്‍വ്വം ഇമാമിന്‍റെ പാരായണം കഴിയട്ടെ എന്ന് കരുതി കാത്ത് നില്‍ക്കുകയും ഇമാം റുകൂഇലേക്ക് പോയാല്‍ ഉടന്‍ വന്ന് ജമാഅത്തില്‍ ചേരുകയും ചെയ്യുന്ന രൂപത്തില്‍ ചെയ്യുന്നവര്‍ക്ക് ആ റകഅത്ത് ലഭിക്കുകയില്ല. കാരണം അവര്‍ നമസ്കാരത്തിന്‍റെ അര്‍ക്കാനുകള്‍ക്ക് മനപ്പൂര്‍വ്വം ഭംഗം വരുത്തുന്നവരാണ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ ...

By. Abdu Rahman Abdul Latheef P.N