Saturday, August 3, 2019

അറഫാ ദിനം - മാസപ്പിറവിയിലെ വ്യത്യാസം, അഭിപ്രായ ഭിന്നതയും സമീപനവും.


അറഫാ ദിനം - മാസപ്പിറവിയിലെ വ്യത്യാസം, അഭിപ്രായ ഭിന്നതയും സമീപനവും. 

അബ്ദുറഹ്മാൻ അബ്‌ദുല്ലത്തീഫ് പി. എൻ   
www.fiqhussunna.com


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

നമുക്കൊക്കെ അറിയുന്നതുപോലെ നാട്ടിലെയും സൗദിയിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുള്ള ഒരു വിഷയമാണ് അറഫാ നോമ്പിന്‍റെ വിഷയം. യഥാര്‍ത്ഥത്തില്‍ മാസപ്പിറവിയുടെ മത്വാലിഉകള്‍ (നിര്‍ണയസ്ഥാനങ്ങള്‍) വ്യത്യസ്ഥമാണെങ്കിലും ആ വ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന വീക്ഷണ വ്യത്യാസമാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ടാകാന്‍ കാരണം.

വിഷയത്തിലേക്ക് കടക്കുന്നതിന് സൂചിപ്പിക്കേണ്ട അടിസ്ഥാന വിഷയം: ഇത് ഫുഖഹാക്കള്‍ക്കിടയില്‍ خلاف معتبر ആയ, അഥവാ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. ആകയാല്‍ത്തന്നെ ഒരു പ്രദേശത്തെ വിശ്വാസികള്‍ ഒരു നിലപാട് സ്വീകരിച്ചുവരുന്നുണ്ടെങ്കില്‍ അവിടെ പുതിയ ഒരഭിപ്രായം മുന്നോട്ട് വച്ച് അവര്‍ക്കിടയില്‍ ഫിത്ന ഉണ്ടാക്കല്‍ നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഒരു തീര്‍പ്പ്‌ കല്‍പിക്കുക എന്ന അര്‍ത്ഥത്തിലോ, ഒരു പ്രദേശത്ത് നിലനിൽക്കുന്ന രീതി മാറ്റി അവർ പുതിയ ഒരു രീതി അവലംബിക്കട്ടേ എന്ന അർത്ഥത്തിലോ അല്ല, മറിച്ച് പഠനാര്‍ഹം എന്ന നിലക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാൻ പരമാവധി സഹായകമാകട്ടെ എന്നനിലക്കും മാത്രമാണ് ഈ വിഷയത്തിൽ ലഘുവായ ഒരു വിശദീകരണം നൽകുന്നത്. എൻ്റെ അഭിപ്രായമെന്നതിലുപരി പണ്ഡിതവീക്ഷണങ്ങളും, പണ്ഡിത സഭകൾ ഈ വിഷയത്തിൽ നൽകിയ തീരുമാനങ്ങളും ഒക്കെയാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല ഈയൊരു വിഷയത്തിൽ പ്രാമാണികമായ വ്യത്യസ്ഥ വീക്ഷണങ്ങൾ വച്ചുപുലർത്തുന്നവർ പരസ്‌പരം കുറ്റപ്പെടുത്തുവാനോ, വിമർശിക്കുവാനോ പാടില്ലാത്ത ഒരു വിഷയം കൂടിയാണ്. അത് സമൂഹത്തിനിടയിൽ ഭിന്നതയും ചിദ്രതയും കൂടുതൽ വർദ്ധിപ്പിക്കുവാനേ ഉപകരിക്കൂ. അല്‌പം ദൈർഘ്യമുണ്ട് എങ്കിലും ഈ ലേഖനം പൂർണമായും, മുൻധാരണകളോ, മുൻവിധികളോ ഇല്ലാതെയും വായിക്കാൻ ശ്രമിക്കുമല്ലോ...  അല്ലാഹു അനുഗ്രഹിക്കട്ടെ ..  

 പ്രഗത്ഭരായ പണ്ഡിതന്മാർ ഈ വിഷയത്തിൽ നൽകിയ മറുപടികളിലൂടെ നമുക്ക് കണ്ണോടിക്കാം. പ്രമാണത്തിൻ്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ എങ്ങനെ സമീപിക്കണം എന്നും, അതുപോലെ ഈ വിഷയത്തെ പക്വമായി എങ്ങനെ കൈകാര്യം ചെയ്യണം എന്നുമെല്ലാം അനേകം പാഠങ്ങളും അവരുടെ മറുപടികളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
 

ഏതെങ്കിലും ഒരു നാട്ടിൽ മാസപ്പിറവി ദര്‍ശിക്കുന്നതില്‍ സൗദിയുമായി വ്യത്യാസം വരുമ്പോള്‍ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ഉണ്ടാകാറുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി വളരെ ചിന്തനീയമാണ്. 

ചോദ്യം: മാസപ്പിറവി വ്യത്യസ്ഥമായി വരുക വഴി വ്യത്യസ്ഥ  സ്ഥലങ്ങളിലെ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?!. 

മറുപടി: ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും  മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം നബി () പറഞ്ഞു:

 (إذا رأيتموه فصوموا وإذا رأيتموه فأفطروا)

"
നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക " 

തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ  പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്. ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും. - [مجموع الفتاوى: 20 ] . 

അതുപോലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അംബാസഡര്‍മാര്‍ ശൈഖ് ഇബ്നു ഉസൈമീന്‍ () യോട് സമാനമായ ചോദ്യം ചോദിക്കുകയുണ്ടായി:

ചോദ്യം : എല്ലാ വര്‍ഷവും റമളാന്‍,അതുപോലെ അറഫാ ദിനം എന്നിവ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ വലിയ പ്രയാസമാണ്. ആളുകള്‍ ഈ വിഷയത്തില്‍ മൂന്ന്‍ രൂപത്തിലാണ്.

ഒന്നാം വിഭാഗക്കാര്‍ പറയുന്നത്: സൗദിയില്‍ നോമ്പ് വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.

രണ്ടാം വിഭാഗക്കാര്‍ പറയുന്നത്: ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ച് നോമ്പ് എപ്പോഴാണോ അതനുസരിച്ചാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.

മൂന്നാം വിഭാഗക്കാര്‍ പറയുന്നത്: റമളാന്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ മാസപ്പിറവി അനുസരിച്ചും എന്നാല്‍ അറഫാ ദിനം സൗദിയിലെ മാസപ്പിറവി അനുസരിച്ചും ആണ് നോമ്പ് എടുക്കുന്നത് എന്നാണ്. 

അതുകൊണ്ട് ബഹുമാന്യനായ താങ്കളില്‍ നിന്നും വ്യക്തവും വിശദവുമായ ഒരു മറുപടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ താമസിക്കുന്ന രാജ്യവും സൗദിയും തമ്മില്‍ മാസപ്പിറവി ഒന്നിച്ച് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മക്കയില്‍ മാസപ്പിറവി പ്രഖ്യാപിച്ച് ഒന്നോ, രണ്ടോ, ചിലപ്പോള്‍ മൂന്നോ ദിവങ്ങള്‍ കഴിഞ്ഞാണ് ഇവിടെ മാസപ്പിറവി പ്രഖ്യാപിക്കാറ്.

മറുപടി:   
ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഒന്ന്: ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ മുസ്ലിമീങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്
, രണ്ട്: മാസപ്പിറവി വീക്ഷിക്കുന്ന സ്ഥാനങ്ങള്‍ ഒത്തുവരുന്ന പ്രദേശങ്ങളെ മാത്രമാണ്  അത് ബാധിക്കുക എല്ലാവര്‍ക്കും ബാധകമല്ല. മൂന്ന്:  ഒരു ഭരണകൂടത്തിന് കീഴിലാണെങ്കില്‍ മാസപ്പിറവി കണ്ടവര്‍ക്കും, ആ ഭരണത്തിനു കീഴിലുള്ള മറ്റു പ്രദേശങ്ങളിലെ ആളുകള്‍ക്കും അത് ബാധകമാണ് എന്നിങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ട്. 

യഥാര്‍ത്ഥത്തില്‍ ഏറ്റവും ശരിയായ നിലപാട് എന്തെന്നാല്‍. മാസപ്പിറവിയുടെ വിഷയത്തില്‍ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുള്ള ആളുകളെ ആശ്രയിക്കുകയും, രണ്ട് വ്യത്യസ്ഥ രാജ്യങ്ങളുടെ 'മാസപ്പിറവി നിര്‍ണയസ്ഥാനം' (المطالع) ഒന്നു തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്ന  പക്ഷം മാസപ്പിറവിയുടെ കാര്യത്തില്‍ അവ ഒരു രാജ്യമായി പരിഗണിക്കപ്പെടുന്നു. അഥവാ 'മാസപ്പിറവി നിര്‍ണയ സ്ഥാനംഒന്നാണ് എങ്കില്‍ അവയിലെ ഏതെങ്കിലും ഒരു രാജ്യത്ത് കാണുന്ന മാസപ്പിറവി മറ്റേ രാജ്യത്തിനും ബാധകമാകുന്നു.  ഇനി മാസപ്പിറവിയുടെ നിര്‍ണയസ്ഥാനം വ്യത്യസ്ഥമാണ് എങ്കില്‍ ഓരോ രാജ്യവും അവരവരുടെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. 

(
മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനം വ്യത്യസ്ഥമായി വരുന്ന രാജ്യങ്ങള്‍ അവനവന്‍റെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് ) എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ() കൂടുതല്‍  പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും, ഹദീസുകൊണ്ടും, ഖിയാസ് കൊണ്ടും വ്യക്തമാകുന്നതും. വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവ് ഇപ്രകാരമാണ്. അല്ലാഹു പറയുന്നു: 

فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُون

"
അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)". [അല്‍ബഖറ: 185]. 

അപ്പോള്‍ ആര് ആ മാസപ്പിറവിക്ക് സന്നിഹിതരാവുന്നില്ലയോ ആ ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പിന് സമയമാകുന്നില്ല എന്നാണ് ഈ ആയത്തിന്‍റെ വിവക്ഷ. 

((
ഇവിടെ ആര് ആ മാസത്തില്‍ സന്നിഹിതരാണോ) അഥവാ ശഅബാന്‍ കഴിഞ്ഞു റമദാന്‍ ആരംഭിച്ചു എന്ന് വെളിപ്പെടുത്തുന്ന മാസപ്പിറവി കാണുക വഴിയോ, അതല്ലെങ്കില്‍ ആ മാസപ്പിറവി കാണാത്ത പക്ഷം ശഅബാന്‍ മുപ്പതും പൂര്‍ത്തിയാക്കി റമദാനിലേക്ക് പ്രവേശിക്കുകയോ ചെയ്യുകയാണ് 'റമദാന്‍ മാസത്തിന് സന്നിഹിതരാവുക' എന്നതിന്‍റെ വിവക്ഷ - ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) .

ശൈഖിന്‍റെ വിശദീകരണം തുടരുന്നു..... 
ഇനി നബി () പറയുന്നു:

إذا رأيتموه فصوموا وإذا رأيتموه فأفطروا

"
നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക ". 

മാസപ്പിറവി കാണാതെ നോമ്പ് അനുഷ്ടിക്കുവാനോ, മാസപ്പിറവി കാണാതെ നോമ്പ് അവസാനിപ്പിക്കുവാനോ പാടില്ല എന്നാണു ഈ ഹദീസിന്‍റെ വിവക്ഷ. 

(( അഥവാ മാസപ്പിറവി വീക്ഷിക്കാതെ ശഅബാന്‍ മാസത്തെ 29ല്‍ അവസാനിപ്പിച്ചുകൊണ്ട്) റമദാന്‍ മാസത്തിലെ വ്രതം ആരംഭിക്കുവാനോ, മാസപ്പിറവി വീക്ഷിക്കാതെ റമദാന്‍ 29ല്‍ അവസാനിപ്പിച്ച് പെരുന്നാള്‍ ആഘോഷിക്കുവാനോ പാടില്ല. ഇതാണ് ഹദീസിന്‍റെ വിവക്ഷ. - ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) . 

ശൈഖിന്‍റെ വിശദീകരണം തുടരുന്നു..... 

ഇനി ഖിയാസ് വഴിയും ഇത് സ്ഥിരപ്പെടുന്നു. കാരണം ഓരോ പ്രദേശത്തും  നോമ്പ് ആരംഭിക്കുന്നതും, നോമ്പ് മുറിക്കുന്നതും ആ ഓരോ പ്രദേശത്തെയും പുലര്‍ച്ചയും, സൂര്യാസ്ഥമയവും പരിഗണിച്ചാണല്ലോ. ഈ കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഉദാ : കിഴക്കന്‍ ഏഷ്യയിലെ ജനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യയിലെ ജനങ്ങളെക്കാള്‍ മുന്‍പ് നോമ്പിന്‍റെ സമയം ആരംഭിക്കുന്നു. അതുപോലെ ഇവര്‍ അവരെക്കാള്‍ മുന്പ് നോമ്പ് തുറക്കുകയും ചെയ്യുന്നു. അവരെക്കാള്‍ മുന്പ് ഇവര്‍ക്ക് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഉള്ള നോമ്പ് പിടിക്കലിലും, നോമ്പ് തുറക്കലിലും നമ്മള്‍ ഇപ്രകാരമാണ് ചെയ്യുന്നത് എങ്കില്‍ അതുപോലെത്തന്നെയാണ് നോമ്പിന്‍റെ മാസപ്പിറവിയുടെ കാര്യത്തിലും പരിഗണിക്കേണ്ടത്. അതു രണ്ടും തമ്മില്‍ വിത്യാസമില്ല. 

ഇനി രണ്ടു രാജ്യങ്ങളും ഒരേ ഭരണകൂടത്തിനു കീഴില്‍ ആവുകയും ഭരണാധികാരി ഇന്ന ദിവസമാണ് നോമ്പ് എടുക്കേണ്ടത് എന്നോ. ഇന്ന ദിവസമാണ് പെരുന്നാള്‍ എന്നോ പറഞ്ഞാല്‍ അവിടെ അയാളുടെ കല്പനയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം ഇതൊരു അഭിപ്രായ ഭിന്നതയുള്ള വിഷയമാണ്. അത്തരം ഒരു വിഷയത്തില്‍ ഭരണാധികാരി ഒരു അഭിപ്രായം തിരഞ്ഞെടുത്താല്‍ പിന്നെ അത് അനുസരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണ്. ഭരണാധികാരിയുടെ വിധി അഭിപ്രായ ഭിന്നതയുള്ള വിഷയത്തിലെ ഭിന്നത നീക്കുന്നുവന്നത് ഒരു അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ മുസ്ലിമീങ്ങള്‍ ഏതു രീതി അനുസരിച്ചാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും എല്ലാം ചെയ്യുന്നത് അതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക.   അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക. അറഫാ ദിനത്തിന്‍റെ വിഷയത്തിലും നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ആളുകള്‍ എപ്രകാരമാണോ ചെയ്യുന്നത് അത് പിന്തുടരുക"    [ مجموع الفتاوى: 19]. 

ശൈഖ് ഇബ്നു ഉസൈമീന്‍ നല്‍കുന്ന വിശദീകരണം ഇവിടെ അവസാനിച്ചു.

------------------------------------------------------

വളരെ അര്‍ത്ഥവത്തായ ഒരു വിശദീകരണമാണ് ശൈഖ് ഇബ്നു ഉസൈമീന്‍ () നല്‍കിയത്. വളരെ കാലങ്ങള്‍ക്ക് മുന്പ് തന്നെ ഏറെ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ് ഇത്. ഇരു അഭിപ്രായക്കാര്‍ക്കും  അവരുടേതായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ കൂടുതല്‍ ശരിയായി തോന്നുന്ന അഭിപ്രായം ശൈഖ് ഇബ്നു ഉസൈമീന്‍ () മുന്നോട്ട് വച്ച അഭിപ്രായം തന്നെയാണ്. ഇപ്രകാരം രണ്ടു അഭിപ്രായങ്ങള്‍ക്കും തെളിവിന്‍റെ സാധുതയുള്ള കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ഇതില്‍ ഏതെങ്കിലും ഒരഭിപ്രായമാണ് ഒരു പ്രദേശത്തെ ജനങ്ങള്‍ പുലര്‍ത്തിപ്പോരുന്നത് എങ്കില്‍ അവരില്‍ നിന്നും വ്യത്യസ്ഥമായ ഒരു വീക്ഷണം എടുത്ത് പിടിച്ച് മുസ്‌ലിമീങ്ങള്‍ക്കിടയില്‍ ഒരു ഭിന്നത ഉണ്ടാക്കുന്ന പ്രവണത ശരിയല്ല എന്നും ശൈഖിന്‍റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം. ഇത് ഈ വിഷയം വിശദീകരിച്ച പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊതുവായി ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പുലര്‍ത്തിപ്പോരുന്നതോ ഇനി ശറഇയായ ഭരണാധികാരി ഉള്ള രാജ്യം ആണെങ്കില്‍ ആ ഭരണാധികാരി തിരഞ്ഞെടുത്തതോ ആയ രീതി അനുസരിച്ചാണ് ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇനി നമ്മുടെ അഭിപ്രായം അതിനോട് യോജിക്കുന്നില്ലെങ്കില്‍ പോലും. 

ഇബ്നു ഉസൈമീന്‍ () നല്‍കിയ അഭിപ്രായമാണ് കൂടുതല്‍ ശരിയും പ്രായോഗികവും എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അതിന് പല കാരണങ്ങളുമുണ്ട്. അത് ഇവിടെ കുറിക്കുന്നു:

ഒന്ന്: ഓരോ പ്രദേശത്തുകാര്‍ക്കും അവരുടേതായ നിര്‍ണയസ്ഥാനങ്ങളാണ് പരിഗണിക്കേണ്ടത് എന്നത് വളരെ സ്പഷ്ടമായി ഇമാം മുസ്‌ലിം ഉദ്ദരിച്ച ഇബ്നു അബ്ബാസ് (റ) വിന്‍റെ വാക്കുകളില്‍ വളരെ സുവ്യക്തമാണ്: 

عَنْ كُرَيْبٍأَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ، قَالَفَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا، وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ، فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ، ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ، فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ رضى الله عنهما ثُمَّ ذَكَرَ الْهِلاَلَ، فَقَالَمَتَى رَأَيْتُمُ الْهِلاَلَ، فَقُلْتُرَأَيْنَاهُ لَيْلَةَ الْجُمُعَةِ، فَقَالَأَنْتَ رَأَيْتَهُ، فَقُلْتُنَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ، فَقَالَلَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ، فَقُلْتُأَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ، فَقَالَلاَ هَكَذَا أَمَرَنَا رَسُولُ اللَّهِ -صلى الله عليه وسلم-.

 
കുറൈബില്‍ നിന്നും നിവേദനം: ഉമ്മുല്‍ ഫദ്ല്‍ ബിന്‍തുല്‍ ഹാരിസ് അദ്ദേഹത്തെ ശാമില്‍ മുആവിയ (റ) വിന്‍റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ ശാമിലെത്തി അവരെന്നെ ഏല്‍പിച്ച കാര്യം നിര്‍വഹിച്ചു. ഞാന്‍ ശാമിലായിരിക്കെ റമദാന്‍ മാസം കണ്ടു. വെള്ളിയാഴ്ച രാവിനാണ് ഞാന്‍ മാസം കണ്ടത്. ശേഷം റമദാന്‍ മാസത്തിന്‍റെ അവസാനത്തില്‍ ഞാന്‍ മദീനയിലേക്ക് തിരിച്ചുവന്നു. ഇബ്നു അബ്ബാസ് (റ) എന്നോട് കാര്യങ്ങള്‍ തിരക്കി. മാസപ്പിറവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസം കണ്ടത് ?. ഞാന്‍ പറഞ്ഞു. ഞങ്ങള്‍ വെള്ളിയാഴ്ച രാവിനാണ് മാസം കണ്ടത്.
നീ നേരിട്ട് കണ്ടുവോ ?. അദ്ദേഹം ചോദിച്ചു. 
ഞാന്‍ പറഞ്ഞു: അതെ, മറ്റാളുകളും കണ്ടിട്ടുണ്ട്. അവരൊക്കെ നോമ്പെടുത്തു. മുആവിയ (റ) വും മാസം ദര്‍ശിച്ചത് പ്രകാരം നോമ്പ് എടുത്തു. അദ്ദേഹം പറഞ്ഞു: പക്ഷെ ഞങ്ങള്‍ ശനിയാഴ്ച രാവിനാണ് കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ മാസം കണ്ടാല്‍ (പെരുന്നാള്‍ ആഘോഷിക്കും), ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും. 
അപ്പോള്‍ ഞാന്‍ ചോദിച്ചു: അപ്പോള്‍ മുആവിയ (റ) മാസം കണ്ടതും നോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചതും നിങ്ങള്‍ക്കും ബാധകമല്ലേ ?!. നിങ്ങള്‍ക്കതിനെ ആസ്പദമാക്കിയാല്‍ പോരേ ?.
അദ്ദേഹം പറഞ്ഞു: അല്ല. ഇപ്രകാരമാണ് റസൂല്‍ (സ) ഞങ്ങളോട് കല്പിച്ചിട്ടുള്ളത്" - [സ്വഹീഹ് മുസ്‌ലിം : 2580].

 
ഈ ഹദീസില്‍ വളരെ വ്യക്തമാണ് മുആവിയാ (റ) ശാമില്‍ നേരത്തെ മാസം കണ്ടതിനാല്‍ ഒരു ദിവസം മുന്നേ നോമ്പ് ആരംഭിച്ചു. ഇബ്നു അബ്ബാസ് (റ) ഒരു ദിവസം കഴിഞ്ഞും. എന്നാല്‍ ശാമില്‍ ഒരു ദിവസം നേരത്തെ മാസം കണ്ട വിവരം അദ്ദേഹത്തിന് കിട്ടിയിട്ടും അദ്ദേഹം നോമ്പ് 29ല്‍ അവസാനിപ്പിച്ചില്ല. മാസം കാണുകയാണെങ്കില്‍ പെരുന്നാളാകും, ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും എന്നാണദ്ദേഹം പറഞ്ഞത്. മാത്രമല്ല മുആവിയ ശാമില്‍ കണ്ടത് മദീനയില്‍ ബാധകമല്ല. അപ്രകാരമാണ് റസൂല്‍ (സ) പഠിപ്പിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഏറ്റവും പ്രബലവും ആധികാരികവുമായ തെളിവാണിത്. ഓരോ നിര്‍ണയസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശക്കാര്‍ക്കും അവരുടെ മാസപ്പിറവിയാണ് ആധാരം എന്ന് ഈ സംഭവത്തില്‍ നിന്നും വ്യക്തമാണ്.

രണ്ട്: 
സൗദിയില്‍ മാസം കണ്ടാല്‍ ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ക്കും  അത് ബാധകമാണ് എന്ന് വന്നാല്‍ അതേ മാനദണ്ഡപ്രകാരം ഇന്ത്യയില്‍ മാസം കണ്ടാല്‍ സൌദിക്കും അത് ബാധകമായി വരും. അഥവാ ലോകത്തിന്‍റെ ഏത് കോണില്‍ മാസം കാണുന്നതും മറ്റുള്ളവര്‍ക്കും ബാധകമാണ് എന്നാണല്ലോ ആ അഭിപ്രായം അര്‍ത്ഥമാക്കുന്നത്. എന്നാല്‍ പൊതുവേ സൗദിയില്‍ മാസം കാണുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പലരും മറ്റ് രാഷ്ട്രങ്ങളില്‍ നേരത്തെ മാസം കണ്ടാല്‍ അത് സൗദിയെ അറിയിക്കാറോ, ഇനി അറിയിച്ചാല്‍ തന്നെ സൗദി അതനുസരിച്ച് മാസപ്പിറവി പ്രഖ്യാപിക്കാറോ ഇല്ല. അവര്‍ അവരുടെ മാസപ്പിറവിയെയും, അവരുടെ മാസപ്പിറവിയെ പിന്തുടരുന്ന സമീപ പ്രദേശങ്ങളിലെ മാസപ്പിറവിയും മാത്രമാണ് പരിഗണിക്കാറ്.

മാസപ്പിറവി കണ്ടാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് പ്രവാചകന്‍റെ കല്പനയാണല്ലോ. അപ്പോള്‍ ഒരു രാജ്യത്തെ ജനങ്ങള്‍ സൗദിയെക്കാള്‍ മുന്‍പ് മാസപ്പിറവി വീക്ഷിച്ചാല്‍ എന്ത് ചെയ്യും ?!. പ്രവാചക കല്പനയനുസരിച്ച് മാസപ്പിറവി വീക്ഷിച്ചാല്‍ റമദാന്‍ ആണെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം പിന്നെ  വ്രതം അനുഷ്ടിക്കല്‍ നിര്‍ബന്ധമായി. സൗദിയില്‍ മാസപ്പിറവി പ്രഖ്യാപിച്ചില്ല എന്ന ന്യായീകരണത്താല്‍ അവര്‍ക്ക് നോമ്പ് വൈകിപ്പിക്കുവാന്‍ പാടുണ്ടോ ?!. കാരണം അവര്‍ മാസപ്പിറവി വീക്ഷിച്ചവര്‍ ആണല്ലോ. ഇനി ഇതേ ആശയക്കുഴപ്പം ദുല്‍ഹിജ്ജയുടെ വിഷയത്തില്‍ വരുമ്പോള്‍ അറഫാ ദിനത്തിന്‍റെ വിഷയത്തിലും ആശയക്കുഴപ്പം ഉണ്ടാകും. നേരത്തെ മാസം കണ്ട രാജ്യത്ത് പെരുന്നാള്‍ ആകുന്ന ദിവസത്തില്‍ ആയിരിക്കും അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്നത്. പലപ്പോഴും സൗദിയില്‍ നേരത്തെ മാസം കാണുകയും നാട്ടില്‍ വൈകി മാസം കാണുകയും ചെയ്യുന്ന അവസ്ഥ വരുമ്പോള്‍ മാത്രമാണ് പലരും സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ആണ് അറഫാ നോമ്പ് എടുക്കേണ്ടത് എന്ന വാദം പറയാറുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് ഒരു ദിവസം നേരത്തെ മാസം കണ്ടാല്‍ എന്ത് ചെയ്യും എന്നത് പലപ്പോഴും ആലോചിക്കാറില്ല. ഇതും ആ വാദത്തിന്‍റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. കാരണം മാസപ്പിറവി അവര്‍ വീക്ഷിച്ചാല്‍ പിന്നെ അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണല്ലോ അല്ലാഹുവിന്‍റെ കല്പന. അപ്പോള്‍ ലോകത്തിന്‍റെ ഏത് കോണില്‍ മാസം കണ്ടാലും തങ്ങള്‍ മാസപ്പിറവി പ്രഖ്യാപിക്കും എന്ന നിലപാടിലേക്ക് സൗദി ഇനി അഥവാ വന്നാല്‍ മാത്രമാണ്  'ലോകത്തിന്‍റെ ഏത് കോണില്‍ മാസം കണ്ടാലും അത് എല്ലാവര്‍ക്കും ബാധകമാണ്' എന്ന അഭിപ്രായക്കാരുടെ വാദത്തിന് സാധുത ലഭിക്കുന്നത്. അതല്ലാത്ത പക്ഷം സൗദിയെ പിന്തുടരുക എന്നത് അവരുടെ വാദപ്രകാരം തന്നെ പ്രായോഗികമല്ല.
 
മൂന്ന്: ഇന്ന് സാങ്കേതിക വിദ്യ വികസിച്ചത് കൊണ്ട് മാത്രമാണ് സൗദിയില്‍ മാസം കണ്ടത് നമ്മള്‍ അപ്പപ്പോള്‍ അറിയുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യ വികസിക്കുന്നതിനു മുന്‍പ് ജീവിച്ച മുസ്‌ലിമീങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു. സ്വാഭാവികമായും അവരുടെ പ്രദേശത്തെ മാസപ്പിറവിയുടെ  നിര്‍ണയസ്ഥാനം അനുസരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിചിട്ടുണ്ടാകുക. അതിനാല്‍ തന്നെ പ്രവാചകന്‍റെ ഹദീസില്‍ പറയപ്പെട്ട നിങ്ങള്‍ മാസപ്പിറവി വീക്ഷിച്ചാല്‍ വ്രതം അനുഷ്ടിക്കുക എന്ന കല്പന ഓരോ പ്രദേശക്കാര്‍ക്കും പ്രത്യേകമുള്ളതായിരുന്നു എന്ന് മനസ്സിലാക്കാം. ഇന്നും സാങ്കേതിക വിദ്യകളോ വാര്‍ത്താവിനിമയ ഉപകരണങ്ങളോ ഇല്ലാത്ത എത്രയോ കുഗ്രാമങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗത്തുമുണ്ട്. അവിടെയുള്ള മുസ്ലിമീങ്ങള്‍ എല്ലാം തന്നെ അവരവരുടെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൗദിയിലെ മാസപ്പിറവി അടിസ്ഥാനമാക്കുക അവരെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. ഇനി വിവര സാങ്കേതിക വിദ്യകള്‍ വികസിക്കുന്നതിനു മുന്‍പ് നമ്മുടെ നാട്ടിലെ മുസ്ലിമീങ്ങള്‍ തന്നെ എപ്രകാരമായിരിക്കും മാസം കണക്കു കൂട്ടിയിട്ടുണ്ടാവുക. തങ്ങളുടെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കിയായിരിക്കും എന്നതില്‍ സംശയമില്ല.

ഇതും ലോകത്തിന്‍റെ നാനാ ഭാഗത്തിനും ഒരേയൊരു മാസപ്പിറവി മതിയെന്ന വാദത്തിന്‍റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. മറിച്ച് ഇബ്നു ഉസൈമീന്‍ (റ) പറഞ്ഞതുപോലെ  മാസപ്പിറവി നിരീക്ഷിക്കപ്പെടുന്ന നിര്‍ണയ സ്ഥാനം  ഒരുമിച്ചു വരുന്ന പ്രദേശങ്ങള്‍ ഒരുമിച്ച് അവരുടെ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്. പലപ്പോഴും ഒരേ നിര്‍ണയ സ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ തന്നെ അകാരണമായി , ഭാഷയുടെയോ ദേശത്തിന്‍റെയോ ഒക്കെ പേരില്‍ വിഭജിച്ച് നില്‍ക്കുന്നതിനാല്‍ ഒരു കൂട്ടര്‍ കണ്ടില്ലെന്ന കാരണത്താല്‍ വ്യത്യസ്ഥ ദിനങ്ങളിലായി മാസം നിര്‍ണയിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

ഏതായാലും ഓരോ നാട്ടിലെ മുസ്ലിമീങ്ങളും അവര്‍ പൊതുവായി അവിടെ സ്വീകരിച്ച് വരുന്ന രീതി അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഈ വിഷയത്തില്‍ എടുക്കേണ്ട നിലപാട്. സൗദിയിലെ മാസപ്പിറവി ആസ്പദമാക്കുന്നവരാണ് ആ പ്രദേശത്തുകാര്‍ എങ്കില്‍ എല്ലാവരും അപ്രകാരം ചെയ്യുക. ഇനി ആ പ്രദേശത്തിന്‍റെ മാസപ്പിറവി അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എങ്കില്‍ അപ്രകാരം ചെയ്യുക. 

പലപ്പോഴും അറഫയുമായി ബന്ധപ്പെട്ടാണ് ആളുകള്‍ക്ക്കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാകാറുള്ളത്. ആ ആശയക്കുഴപ്പത്തിന് അല്പം സാധുത ഉണ്ട് താനും. കാരണം അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനമാണല്ലോ അറഫ പിന്നെ എന്തുകൊണ്ട് നമ്മള്‍ ആ സമയത്ത് നോമ്പ് അനുഷ്ടിക്കുന്നില്ല എന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. പക്ഷെ അതിന് എതിരഭിപ്രായക്കാര്‍ക്കും മറുപടിയുണ്ട്. അറഫയില്‍ അവര്‍ നില്‍ക്കുന്ന സമയത്ത് മാത്രമാണ് അറഫാ നോമ്പ് എങ്കില്‍ അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന സമയത്ത് ചില ആളുകളുടെ നാട്ടില്‍ രാത്രി ആണല്ലോ അപ്പോള്‍ അവര്‍ക്ക് നോമ്പ് തന്നെ ഉണ്ടാവുകയില്ലേ ?!.  അതിനാല്‍ തന്നെ ദുല്‍ഹിജ്ജ ഒന്‍പത് എന്നതാണ് നോമ്പിന് പരിഗണിക്കേണ്ടത് എന്നതാണ് ഇവരുടെ അഭിപ്രായം.
 
ഏതായാലും നാട്ടില്‍ ഒരു ദിവസം വൈകി മാസം കാണുകയും സൗദിയില്‍ ഒരു ദിവസം നേരത്തെ മാസം പ്രഖ്യാപിക്കുകയും ചെയ്‌താല്‍. സൗദിയിലെ ദുല്‍ഹിജ്ജ ഒന്‍പതിന് നാട്ടില്‍ ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ എട്ടിന് നോമ്പ് എടുക്കല്‍  അനുവദനീയമാണ് താനും. അഥവാ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് അനുഷ്ടിക്കല്‍ പുണ്യകരമാണ് എന്നത് മുന്‍പ് നമ്മള്‍ വിശദീകരിച്ചതാണല്ലോ. അതുകൊണ്ട് ദുല്‍ഹിജ്ജ എട്ടിനും ഒന്‍പതിനും നോമ്പ് അനുഷ്ടിക്കുക വഴി  മക്കയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിവസത്തിലുംനാട്ടില്‍ ദുല്‍ഹിജ്ജ ഒന്‍പത് ആയി വരുന്ന ദിവസത്തിലും നോമ്പ് എടുക്കാന്‍ സാധിക്കുന്നു. ആ നിലക്ക് രണ്ടു അഭിപ്രായ പ്രകാരവും അവര്‍ക്ക് അറഫാ ദിനത്തില്‍ നോമ്പ് ലഭിക്കുന്നു.
 
കാരണം അറഫാ ദിനം ആണെങ്കില്‍ അതിന്‍റെ പുണ്യവും, ഇനി അല്ല എങ്കില്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ടകരമായ ദിനങ്ങള്‍ എന്ന നിലക്ക് ആ ദിവസത്തിന്‍റെ പുണ്യവും ലഭിക്കട്ടെ എന്ന നിലക്കാണല്ലോ നമ്മള്‍ നോമ്പ് അനുഷ്ടിക്കുന്നത്. അപ്പോള്‍ സുന്നത്ത് നോമ്പുകള്‍ക്ക് ഇന്ന നോമ്പ് എന്ന് പ്രത്യേകം അഥവാ നിയ്യത്ത് തഅ്'യീന്‍ ചെയ്തുകൊണ്ട് അഥവാ 'അറഫാ നോമ്പാണ്‌ എടുക്കുന്നത്' എന്ന പ്രത്യേക ഉദ്ദേശത്തോടെ അനുഷ്ടിക്കേണ്ടേ എന്ന് ഒരുപക്ഷെ ചിലര്‍ സംശയിച്ചേക്കാം. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ക്ക് പ്രത്യേകം തഅ്'യീന്‍ ചെയ്യേണ്ടതില്ല എന്നതാണ് പ്രബലമായ അഭിപ്രായമായി ഇബ്നു ഉസൈമീന്‍ (റ) യെ പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ നാട്ടില്‍ നേരത്തെ മാസം പ്രഖ്യാപിക്കുകയും, സൗദിയില്‍ ഒരു ദിവസം വൈകി മാസം പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യം ഇനി അഥവാ ഉണ്ടായാല്‍ മേല്‍പ്പറഞ്ഞ പ്രകാരം ചെയ്യുക സാധ്യമല്ല.  കാരണം നാട്ടില്‍ പെരുന്നാള്‍ വരുന്ന ദിവസത്തിലാണല്ലോ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിനം. പെരുന്നാള്‍ സുദിനത്തില്‍ നോമ്പ് എടുക്കുന്നതാകട്ടെ നിഷിദ്ധവുമാണ്. സൗദിയില്‍ നാട്ടിലേക്കാള്‍ നേരത്തെ മാസം കാണുന്ന അവസരത്തില്‍ മാത്രമാണ് മേല്‍പറഞ്ഞ പ്രകാരം ആശയക്കുഴപ്പം പരിഹരിക്കാന്‍ സാധിക്കുക.

സൗദി പണ്ഡിത സഭയുടെ ഈ വിഷയത്തിലെ തീരുമാനം:

ഇനി കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാസപ്പിറവിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെക്കുറിച്ച് ഹൈഅതു കിബാറുല്‍ ഉലമയിലെ
17 പണ്ഡിതന്മാര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ രത്നച്ചുരുക്കവും അതില്‍ നിന്ന് പഠിക്കാവുന്ന കാര്യങ്ങളും കൂടി ഇവിടെ പരാമര്‍ശിക്കാം.  താഴെ കാണുന്ന ലജ്നയുടെ ഫത്'17 പണ്ഡിതന്മാര്‍ ചേര്‍ന്ന് ഈ വിഷയ സംബന്ധമായി നടത്തിയ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ്.


ചോദ്യം: ഞങ്ങള്‍ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികള്‍ ആണ്. എല്ലാ വര്‍ഷവും റമദാന്‍ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകള്‍ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്. 

1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 

2-
സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍.

3-
അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍. സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവര്‍ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാല്‍ ഉടന്‍ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള  മുസ്ലിമീങ്ങള്‍ അവര്‍ താമസിക്കുന്ന സിറ്റികള്‍ക്കിടയില്‍ വലിയ ദൂരം ഉണ്ടെങ്കില്‍ പോലും ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു.

ഇവരില്‍ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങള്‍ അവലംഭിക്കേണ്ടത് ?!. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ .... 

മറുപടി:

'
ഹൈഅതു കിബാറുല്‍ ഉലമ' (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്.
 
ഒന്നാമതായി: 'മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങള്‍ ' (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതില്‍ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാല്‍ മാസപ്പിറവിയുടെ വിഷയത്തില്‍ 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെവ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളത്.

രണ്ടാമതായി: 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെവ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്. 

രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് :  അവരില്‍ ചിലര്‍ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലര്‍ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു).  അതില്‍ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ: 

  يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ
എന്ന ആയത്ത് ,
صوموا لرؤيته وأفطروا لرؤيته
എന്ന ഹദീസ് ,
 
ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്.  പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും, അവയില്‍ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമാകാന്‍ കാരണം. ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ മുഖേന മുകളില്‍ സൂചിപ്പിച്ച അഭിപ്രായങ്ങളില്‍ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്.

മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചുംഅതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു.

കാരണം നബി  () പറഞ്ഞു: " നിങ്ങള്‍ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയുംവ്രതം അവസാനിപ്പിക്കുകയും ചെയ്യുക ".  അതുപോലെ നബി () പറഞ്ഞു: " മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് " . ഇതേ അര്‍ത്ഥത്തില്‍ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്.

ലജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം  ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം  മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവര്‍ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു  നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകള്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാന്‍ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ  മാസപ്പിറവി വീക്ഷിച്ചാല്‍ അവര്‍ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാന്‍ വേണ്ടി  മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തില്‍ മാത്രമാണ് വിശ്വസ്ഥനായ ഒരാള്‍ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാല്‍ റമദാന്‍ അവസാനിക്കുന്ന സന്ദര്‍ഭത്തില്‍  മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകള്‍ ദര്‍ശിച്ചാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകന്‍() ഇപ്രകാരം പറഞ്ഞു : " മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങള്‍ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാന്‍ പറ്റാത്ത വിധം മേഘം മൂടിയാല്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുക."

അല്ലാഹു അനുഗ്രഹിക്കട്ടെ...
ഫതാവ ലജ്നതിദ്ദാഇമ : (അറബിയില്‍ ഈ ഫത്'വ ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
പ്രസിഡന്‍റ്  : അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് 
(റ)
സെക്രട്ടറി :   അബ്ദുല്‍ റസാഖ് അഫീഫി 
(റ)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഖഊദ് (റ)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. (റ)

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

اللجنة الدائمة للبحوث العلمية والإفتاء
الرئيس: عبد العزيز بن عبد الله بن باز .......... نائب رئيس اللجنة: عبد الرزاق عفيفي
عضو: عبد الله بن قعود ....................... عضو: عبد الله بن غديان

-------------------------------------------------------------------------------------------------------------

ഈ ഉത്തരത്തിന്‍റെ ആരംഭത്തില്‍ തത് വിഷയത്തില്‍ ഹൈഅതുകിബാറുല്‍ ഉലമയില്‍ ഒരു  ചര്‍ച്ച നടന്നതായി ലജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ്‌ പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയില്‍ പങ്കെടുത്തത്. അവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

1- 
അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ്.  2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി 4- മിഹ്ദാര്‍ അഖീല്‍. 5- അബ്ദുല്ലാഹ് ബിന്‍ ഹുമൈദ്.  6- അബ്ദുല്ലാഹ് ബിന്‍ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിന്‍ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാന്‍. 9- മുഹമ്മദ് ബിന്‍ ജുബൈര്‍. 10- അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. 11- സുലൈമാന്‍ ബിന്‍ ഉബൈദ്. 12- റാഷിദ് ബിന്‍ ഖുനയ്യിന്‍. 13- മുഹമ്മദ്‌ അല്‍ഹര്‍കാന്‍ 14- അബ്ദുല്‍മജീദ്‌ ഹസന്‍. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിന്‍ ഗസ്വൂന്‍. 17- അബ്ദുല്‍ അസീസ്‌ ബിന്‍ സ്വാലിഹ്.

ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലജ്നയുടെ ഫത്'വയില്‍ ഉള്ളത്. 

ഈ ഫത്'വയില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്:

ഒന്ന്: 
ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാര്‍ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കില്‍ ആ വിഷയത്തില്‍ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തില്‍ പരസ്പരം വിമര്‍ശിക്കാന്‍ പാടില്ല. ഇത് ഒന്നിലധികം തവണ  ലജ്ന വ്യക്തമാക്കുന്നുണ്ട് :

ഉദാ:  ('മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെവ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത്  (അഥവാ ലോകം മുഴുവന്‍ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് )  ഇജ്തിഹാദിയായ ,  അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്). 

അതുപോലെ :  (നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറയാറുള്ളത്).

രണ്ട്: ഈ വിഷയത്തില്‍ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കില്‍, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താല്‍, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കില്‍ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ ഒരിക്കലും അതിന് വിപരീതം ചെയ്യാന്‍ പാടില്ല. കാരണം حكم الحاكم يرفع الخلاف  (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.  ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കില്‍  അവിടെ പൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കില്‍ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തില്‍ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളില്‍ ലിജ്നയുടെ ഫത്'വയില്‍ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. 

 
ഈ തത്വത്തെ ആസ്പദമാക്കി  ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.  നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : റസൂല്‍ () പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളുംവിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

 وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ നബി () ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .
[مجموع فتاوى ابن باز
  (15 / 103- 104].  
ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക:( https://binbaz.org.sa/old/34649)

-----------------------------------------------------------------------------------------------------------------------

ശൈഖ് ഇബ്ന്‍ ബാസ് (റ) സൂചിപ്പിച്ച ഇതേ ആശയം മുകളില്‍ നല്‍കിയ ലജ്നയുടെ ഫത്'വയിലും കാണാം : ( ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം.).

ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കില്‍ തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാര്‍ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.

മൂന്ന്:  
ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി നിര്‍ണയിക്കല്‍ ഗോളശാസ്ത്രപ്രകാരമാകാന്‍ പാടില്ല. ഇതാണ് ഈ ഫത്'വയില്‍ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. (ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചുംഅതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).
_______________________________________________________________________

ഏതായാലും അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ് എന്ന് മനസ്സിലാക്കി, ഇക്കാരണത്താല്‍ മാത്രം പരസ്പരം ഭിന്നിക്കാതെ ഉചിതമായ തീരുമാനത്തില്‍ എത്തുക എന്നതാണ് വിശ്വാസികളില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. എന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തതായ നിലപാടാണ് ഞാന്‍ വസിക്കുന്ന പ്രദേശത്തെ ഭൂരിഭാഗം വിശ്വാസികളുടേതുമെങ്കില്‍ അവിടെ ആ അഭിപ്രായത്തോടൊപ്പം നിലകൊള്ളുക എന്നതാണ് ഇത്തരം പൊതു വിഷയവും , അഭിപ്രായഭിന്നതക്ക് സാധുതയുള്ളതുമായ വിഷയങ്ങളില്‍ ചെയ്യേണ്ടത് എന്നത് ഫുഖഹാക്കള്‍ക്ക്‌ എതിരഭിപ്രായമില്ലാത്ത കാര്യമാണ് എന്ന് ഒരിക്കല്‍ക്കൂടി ഉണര്‍ത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു.

അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. അല്ലാഹുവിന്‍റെ അനുഗ്രഹം നമ്മില്‍ എന്നും വര്‍ഷിക്കുമാറാകട്ടെ... ആമീന്‍