Friday, August 9, 2019

പ്രളയം - പ്രാർത്ഥനയുടെ കരങ്ങൾ ഉയർത്തുക. പരസഹായികളാകുക. പാഠങ്ങൾ ഉൾക്കൊള്ളുക.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരു പ്രളയത്തിൻ്റെ പ്രയാസങ്ങളിൽ നിന്നും മുക്തമാകും മുൻപ് മറ്റൊരു പ്രളയത്തിൻ്റെപ്രയാസത്തിലാണ് നമ്മുടെ നാട്. ഇന്ന് പല പ്രളയബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളുമായും സംസാരിച്ചു. പലരും വീടുപേക്ഷിച്ച് മറ്റിടങ്ങളിലാണ്. അല്ലാഹു അവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കട്ടെ. പ്രളയത്തിൻ്റെ വേദനയേറിയ വാർത്തകൾ വരുമ്പോഴും ഓരോരുത്തരും കാണിക്കുന്ന പരസഹായവും പരസ്പര സ്നേഹവും സഹായിക്കാനുള്ള മനസ്സുമാണ് മനസിന് അല്പമെങ്കിലും കുളിർമയേകുന്നത്. ഈ സന്മനസ്സ് കാത്തു സൂക്ഷിക്കാൻ നമുക്കേവർക്കും സാധിക്കട്ടെ.

അല്ലാഹുവിൻ്റെ  റസൂൽ (സ) ഇപ്രകാരം പറഞ്ഞു: 

أحب الناس إلى الله أنفعهم للناس

"ജനങ്ങളിൽ വെച്ച് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്, ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പരോപകാരിയായ മനുഷ്യനെയാണ്". -  ( المعجم الأوسط: 5787). 

 അല്ലാഹുവിന്‍റെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് കാറ്റ്..  പരീക്ഷണമെന്ന നിലയിലോ മനുഷ്യര്‍ക്ക് ഒരു താക്കീത് എന്ന നിലയിലോ , ദൃഷ്ടാന്തം എന്ന  നിലയിലോ, ശിക്ഷ എന്ന നിലയിലോ അതടിച്ചു വീശാം. പാറകളെക്കാൾ ഉറച്ച ഹൃദയങ്ങളെയും, ദൈവഭയമില്ലാത്ത അധർമ്മകാരികളെയും, പകയും വിദ്വേഷവും പേറി ജീവിക്കുന്ന പാഴ്ജന്മങ്ങളെയും ശുദ്ധീകരിക്കാനും മാറി ചിന്തിപ്പിക്കാനും, നന്മയുള്ള മനസ്സുകളിലെ നന്മകൾ പരസ്പരം പങ്കുവെക്കാനും, സാഹോദര്യവും മനുഷ്യവത്വവും  ഊട്ടിയുറപ്പിക്കാനുമുള്ള സൃഷ്ടാവിൻ്റെ ഓർമ്മപ്പെടുത്തലായും അവ സംഭവിക്കാം. 

 നബി (സ) ഇപ്രകാരം പറഞ്ഞു: 

الريح من روح الله تأتي بالرحمة وتأتي بالعذاب

"  കാറ്റ് അല്ലാഹുവിന്‍റെ കാരുണ്യത്തില്‍പെട്ടതാണ്. അത് കാരുണ്യമായും ശിക്ഷയായും ഇറങ്ങും " . - [അബൂ ദാവൂദ്: 5097].

 ദുരിതമനുഭവിക്കുന്നവർക്കും അനുഭവിക്കാത്തവർക്കും ഒരുപോലെ പരീക്ഷണമാണത്. ദുരിതമനുഭവിക്കുന്നവർ സൃഷ്ടാവിൻ്റെ പരീക്ഷണത്തിൽ ക്ഷമ അവലംബിച്ചും അവനിൽ ഭരമേല്പിച്ചും അവനിലേക്ക് ഖേദിച്ച് മടങ്ങിയും പരീക്ഷണത്തിൽ വിജയികളാകുമ്പോൾ, അല്ലാഹു നൽകിയ സംരക്ഷണത്തിന് അവനെ സ്തുതിച്ചും, അവൻ്റെ പരീക്ഷണം നൽകുന്ന താക്കീതിനെ ഉൾക്കൊണ്ടും, പ്രയാസപ്പെടുന്നവരെ തന്നാലാകുന്നവിധം സഹായിച്ചും, തൻ്റെ ശരീരവും ധനവും പ്രയാസപ്പെടുന്ന തൻ്റെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ സഹായിച്ചും ദുരിതങ്ങളിൽ നിന്ന് രക്ഷ നേടിയവരും ഈ പരീക്ഷണത്തിൽ വിജയികളാകുന്നു.    

ഒരുവേള മനുഷ്യരെന്ന നിലക്ക് നാം ജീവിക്കുന്ന ഭൂമിയോടും പ്രപഞ്ചത്തോടും സമൂഹത്തോടും നമുക്ക് കടപ്പാടുണ്ട്. ആ കടപ്പാടുകളിൽ വീഴ്‌ച സംഭവിക്കുന്നതും ഇത്തരം പരീക്ഷണങ്ങൾക്ക് കാരണമാണ്. അല്ലാഹു പറയുന്നു:  

 ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ

"കരയിലും കടലിലും കുഴപ്പങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നത് മനുഷ്യകരങ്ങൾ ചെയ്തുകൂട്ടിയ കാര്യങ്ങളാലാണ്. അവര്‍ പ്രവര്‍ത്തിച്ചതിൻ ഫലം അവര്‍ക്ക്‌ തന്നെ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം". - [സൂറത്തു റൂം: 41]. 

അതെ മനുഷ്യൻ തൻ്റെ അരുതായ്മകൾ മനസ്സിലാക്കി സ്വയം വിലയിരുത്തി ഒരു തിരിച്ച് പോക്ക് നടത്താൻ വേണ്ടി നൽകപ്പെട്ട ഒരു പാഠം കൂടിയാണത്. "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ" എന്ന ചൊല്ലുപോലെ സുന്ദരമായ ഭൂമിയിൽ സ്വാർത്ഥമായ താല്പര്യങ്ങളും ചിന്തകളും മുൻനിർത്തി മനുഷ്യർ ചെയ്യുന്ന അരുതായ്മകളെത്രയാണ് ?!. അതുകൊണ്ട് പ്രളയങ്ങൾ നമ്മളിൽ പുതുചിന്തകളും മാറ്റങ്ങളും ഉണ്ടാക്കട്ടെ.. അതിനുള്ള ഒരു പാഠം കൂടിയാണത്.   


വെള്ളം മനുഷ്യന് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരവശ്യ വസ്തുവാണ്. അതുകൊണ്ടുതന്നെ മഴ എന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു ദൈവാനുഗ്രഹമാണ്. അനുഗ്രഹമായ മഴയെ ഒരിക്കലും ശപിക്കരുത്. മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഇപ്രകാരം പ്രാര്‍ഥിക്കണം:

عن عائشة رضي الله عنها : "أنَّ رسول الله - صلَّى الله عليه وسلَّم - كان إذا رأى المطر، قال :  اللهم صَيِّبًا نافعًا

ആയിശ(റ) നിവേദനം: " നബി(ﷺ) മഴ വർഷിക്കുന്നത് കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. 'അല്ലാഹുവേ! ഉപകാരപ്രദമായ മഴ വർഷിപ്പിക്കേണമേ'.[സ്വഹീഹുൽ ബുഖാരി: 1032].

ഇനി മഴ അധികമാകുകയും അതിരുകവിയുകയും ചെയ്‌താല്‍ ഇപ്രകാരവും പ്രാര്‍ഥിക്കണം : 

اللهم حوالينا ولا علينا

"അല്ലാഹുവേ! ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!,ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യണമേ" - [സ്വഹീഹുൽ ബുഖാരി: 933].

ഈ പ്രപഞ്ചം മനുഷ്യ നിയന്ത്രണത്തിലല്ല. പ്രളയം വരൾച്ച പോലുള്ള പരീക്ഷണങ്ങൾ അങ്ങേയറ്റം ഭീതിപ്പെടുത്തുന്നവയാണ്. മനുഷ്യന്‍റെ നിസ്സഹായതയും ലോക രക്ഷിതാവിന്‍റെ സര്‍വാധിപത്യവും ആണ് അവ സൂചിപ്പിക്കുന്നത്. 
ഇത്തരം ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ പാപ മോചനം ചോദിച്ച് അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിന്‍റെ ശിക്ഷയെ ഭയപ്പെടുകയും, അവന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. കൂടാതെ ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുകയും, ദാനധര്‍മ്മങ്ങള്‍ ചയ്യുകയും, പ്രയാസപ്പെടുന്നവരെ സഹായിക്കുകയും, അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച് മടങ്ങി ദിക്റിലും ദുആഇലും മുഴുകുകയും ചെയ്യുക എന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് ...


ഇത്തരം സന്ദർഭങ്ങളിൽ ഇസ്തിഗ്ഫാർ വർധിപ്പിക്കണം എന്നതിന് തെളിവാണ്, സൂര്യ ഭ്രമണം ഉണ്ടാകുന്ന സമയത്തെ കുറിച്ച് റസൂൽ(ﷺ) പറഞ്ഞ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 


فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفاره

"നിങ്ങള്‍ അത് വീക്ഷിച്ചാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്റിലേക്കും, ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കൂട്ടുക " - [സ്വഹീഹുൽ ബുഖാരി: 1058].

മാത്രമല്ല ഇസ്തിഗ്ഫാർ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നും കാവൽ നൽകുന്ന ഒന്നാണ്. അല്ലാഹു പറയുന്നു:

 
وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ

"പാപമോചനം തേടിക്കൊണ്ടിരിക്കുന്നവരായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല". [അന്‍ഫാല്‍- 33].


അതുപോലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു വിശ്വാസി ധാരാളമായി ദാനധർമ്മങ്ങൾ വർദ്ധിപ്പിക്കണം. സഹജീവികളോട് കരുണ കാണിക്കുന്നത് കാരുണ്യവാൻ്റെ കരുണ ലഭിക്കാൻ കാരണമാകുന്നു, റസൂൽ (ﷺ) പറഞ്ഞു  : 


الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء - رواه الترمذي

" കാരുണ്യം കാണിക്കുന്നവരോട് പരമകാരുണ്യകനും കരുണ കാണിക്കും, ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും " - [തിര്‍മിദി: 1924]. 

ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് അപകടങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ ധാരാളമായി സ്വദഖ ചെയ്യുക, പാവങ്ങളോട് കരുണ കാണിക്കുക എന്നതെല്ലാം അല്ലാഹുവിന്‍റെ  കാരുണ്യവും സംരക്ഷണവും ഇറങ്ങാന്‍ കാരണമായിത്തീരും എന്ന് ശൈഖ് ഇബ്നു ബാസ് (റ) രേഖപ്പെടുത്തിയത് കാണാം.

അതുപോലെ നാം അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പടുന്നവരും അവൻ്റെ താക്കീതുകളിൽ പാഠമുൾക്കൊള്ളുന്നവരുമായിരിക്കണം. അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് എങ്ങനെയാണ് ഒരു വിശ്വാസിക്ക് നിര്‍ഭയവാനായിരിക്കുവാന്‍ സാധിക്കുക. അല്ലാഹു പറയുന്നു:

أَمْ أَمِنْتُمْ أَنْ يُعِيدَكُمْ فِيهِ تَارَةً أُخْرَى فَيُرْسِلَ عَلَيْكُمْ قَاصِفًا مِنَ الرِّيحِ فَيُغْرِقَكُمْ بِمَا كَفَرْتُمْ ثُمَّ لَا تَجِدُوا لَكُمْ عَلَيْنَا بِهِ تَبِيعًا

"അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് തിരിച്ചുകൊണ്ടുപോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു തകര്‍പ്പന്‍ കാറ്റ് അയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്കുവേണ്ടി നമുക്കെതിരില്‍ നടപെടിയെടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ ?! ".  . [ഇസ്റാഅ്-69].

യഥാർത്ഥത്തിൽ അവൻ്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവൻ്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും നമ്മുടെ മനസ്സിൽ സംഗമിക്കണം. അത് ഹൃദയങ്ങളെ ശുദ്ധീകരിക്കും. അല്ലാഹുവിന്‍റെ കാരുണ്യത്തെ കുറിച്ചും  അവന്‍റെ  വേദനാജനകമായ ശിക്ഷയെ കുറിച്ചും ഒരേ സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തുന്നത് കാണാം: 


نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49) وَ أَنَّ عَذَابِي هُوَ الْعَذَابُ الأَلِيمَ(50)

"(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന് നീ എന്‍റെ ദാസന്മാരെ വിവരമറിയിക്കുക(49) എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക). (50) [ ഹിജ്ര്‍-49,50].

എന്നാല്‍ അല്ലാഹുവിന്‍റെ വചനങ്ങളും, ദൃഷ്ടാന്തങ്ങളും എല്ലാം ലഭിച്ചാലും  അധർമ്മകാരികളുടെയും, അഹങ്കാരിയുടെയും, സത്യനിഷേധികളുടെയും, കപടവിശ്വാസികളുടെയുമൊക്കെ  മനസ്സുകള്‍ അശ്രദ്ധമായിരിക്കും. അവരാണ് അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരായിരിക്കുന്നവര്‍.

فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُمْ بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ

"അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്വരകള്‍ക്കഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം!. അല്ല നിങ്ങള്‍ എന്തൊന്നിന് ധൃതി കൂട്ടിയോ അത് തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍ക്കോള്ളുന്ന ഒരു കാറ്റ്". [അഹ്ഖാഫ്- 24].

പലപ്പോഴും അവർ പോലും പ്രതീക്ഷിക്കാത്ത രൂപത്തിൽ ഏറെ സന്തോഷിച്ചെത്തിയ മഴ ദുരിതത്തിൻ്റെ പേമാരിയായി അവരുടെ മേൽ വർഷിച്ചതിനെ സംബന്ധിച്ചാണ് ഇവിടെ പ്രതിപാദിച്ചത്.

അതെ തെമ്മാടികളും, സത്യനിഷേധികളുമെല്ലാം അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് അശ്രദ്ധരായിരിക്കും. അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് ഓര്‍ക്കാന്‍, അവന്‍റെ ദ്രിഷ്ടാന്തങ്ങളില്‍ ചിന്തിക്കാന്‍ അവര്‍ക്കെവിടെയാണ് സമയം. താക്കീതുകളോ ഓർമ്മപ്പെടുത്തലുകളോ അവർക്കുപകരിക്കുകയില്ല.
   
وَمَا تُغْنِي الْآَيَاتُ وَالنُّذُرُ عَنْ قَوْمٍ لَا يُؤْمِنُونَ

" വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദ്രിഷ്ടാന്തങ്ങളും താക്കീതുകളും എന്ത് ഫലം ചെയ്യാനാണ് ?! ". [യൂനുസ്: 101].

അല്ലാഹുവിന്‍റെ ദൃഷ്ടാന്തമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന കാറ്റ് അടിച്ചുവീശുമ്പോള്‍ അതിനെ കേവലം കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഒരു പ്രകൃതിക്ഷോഭം മാത്രമാക്കി ചിലര്‍ അവതരിപ്പിക്കുന്നത് നാം കാണാറില്ലേ. കേവലം പ്രകൃതി പ്രതിഭാസം എന്ന് കണക്കാക്കി അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനോ നന്മയുള്ള ജീവിതം നയിക്കാനോ അത്തരക്കാർ മുതിരാറില്ല.  എന്നാല്‍ സത്യവിശ്വാസികള്‍ക്ക് അവയിൽ തീര്‍ച്ചയായും ഒരുപാട് പാഠങ്ങളുണ്ട്.

അതോടൊപ്പം നാം മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ് ദുരിതപൂർണമായ മഴയോ കാറ്റോ മറ്റു പ്രയാസങ്ങളോ സംഭവിച്ചാൽ ഒരിക്കലും തന്നെ കാറ്റിനെയോ മഴയെയോ ശപിക്കരുത്. മോശമായ കാര്യങ്ങള്‍ പറയരുത്. നബി (ﷺ) പറഞ്ഞു: 

لا تسبوا الريح فإذا رأيتم ما تكرهون فقولوا اللهم إنا نسألك من خير هذه الريح وخير ما فيها وخير ما أُمرت به ونعوذ بك من شر هذه الريح وشر ما فيها وشر ما أمرت به

" നിങ്ങള്‍ കാറ്റിനെ പഴിക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വല്ല കാര്യവും (കാറ്റിനാല്‍ ഉണ്ടായാല്‍) നിങ്ങള്‍ ഇപ്രകാരം പറയുക: അല്ലാഹുവേ ഞാന്‍ നിന്നോട് ഈ കാറ്റിന്‍റെ നന്മയും, അതിലടങ്ങിയിട്ടുള്ള നന്മയും, അത് എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ നന്മയും ചോദിക്കുന്നു ,,,, അല്ലാഹുവേ അതിന്‍റെ തിന്മയില്‍ നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്‍ നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ തിന്മയില്‍ നിന്നും നിന്നില്‍ ശരണം തേടുന്നു "   [തിര്‍മിദി].

അതെ, തനിക്ക് അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ വന്നെത്തുമ്പോള്‍ അല്ലാഹുവിന്‍റെ വിധിക്ക് കീഴൊതുങ്ങി അവനിലേക്ക് എല്ലാം ഭരമേല്‍പ്പിച്ച് അവന്‍റെ വിധിയില്‍ തൃപ്തിപ്പെടുന്നവനായിരിക്കും വിശ്വാസി. അതാണല്ലോ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത്:

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ () الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്:  'ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും". - [അല്‍ ബഖറ 155, 156].

അതിനു തൊട്ടുശേഷമുള്ള ആയത്തില്‍ അവര്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് പറയുന്നത് :


أُولَئِكَ عَلَيْهِمْ صَلَوَات مِنْ رَبّهمْ وَرَحْمَة وَأُولَئِكَ هُمْ الْمُهْتَدُونَ

"അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍". [അല്‍ബഖറ: 157].

അല്ലാഹു നമ്മെ സന്മാര്‍ഗം പ്രാപിച്ചവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ. അവന്‍റെ കോപത്തിനും ശിക്ഷക്കും അര്‍ഹാരാകുന്ന ആളുകളില്‍ പെടുത്താതിരിക്കട്ടെ. നമ്മെയും, നമ്മുടെ കുടുംബത്തെയും, നമ്മുടെ സഹോദരങ്ങളെയും, നമ്മുടെ രാജ്യത്തെയും അവന്‍റെ കാരുണ്യം ആവരണം ചെയ്യുമാറാകട്ടെ... പ്രയാസപ്പെടുന്നവരുടെ പ്രയാസം ദൂരീകരിച്ച് കൊടുക്കുമാറാകട്ടെ.. നാഥാ ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പ്പിചിരിക്കുന്നു. നേരായ പാതയില്‍ ജീവിച്ച് മരിക്കാനുള്ള തൗഫീഖ് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നീ നല്‍കേണമേ ...


അല്ലാഹു അനുഗ്രഹിക്കട്ടെ...