Thursday, August 8, 2019

അറഫാ ദിനത്തിൻ്റെ ശ്രേഷ്ഠതകൾ


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നമുക്കറിയാവുന്ന പോലെ ഇസ്‌ലാമിലെ പഞ്ചസ്തംബങ്ങളില്‍ ഒന്നായ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും സുപ്രധാനമായ ഒരു റുക്നാണ് അറഫയില്‍ നില്‍ക്കല്‍. ആ ദിവസത്തിന്‍റെ അഥവാ അറഫാ ദിനത്തിൻ്റെ ശ്രേഷ്ഠതകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

ഒന്ന്: 
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളില്‍ ഒന്ന്. അമലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതായ ദുല്‍ഹിജ്ജ പത്തിലെ ഏറ്റവും സുപ്രധാനമവും ശ്രേഷ്ഠവുമായ ദിനം. അതിലുപരി ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനാണ് പകലുകളില്‍ വച്ച് റമദാനിലെ അവസാനത്തെ പത്തിനേക്കാള്‍ പോലും ശ്രേഷ്ഠം എന്ന് പണ്ഡിതന്മാര്‍ പറയാനുള്ള കാരണം അതില്‍ അറഫാദിനം ഉണ്ട് എന്നതും, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് ഇവയെല്ലാം സംഗമിക്കുന്ന ഒരേയൊരു സന്ദര്‍ഭമാണ് ആ ദിനങ്ങള്‍ എന്നതുമാണ്‌.

രണ്ട്:
 അല്ലാഹു സുബ്ഹാനഹു വ തആല വിശുദ്ധഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സത്യം ചെയ്ത് പറഞ്ഞ ദിവസങ്ങളില്‍ ഒന്നാണ് അറഫാദിനം. സൂറത്തുല്‍ ബുറൂജിലെ
وَشَاهِدٍ وَمَشْهُودٍ എന്ന ആയത്തിലെ مشهود എന്നത് അറഫാദിനത്തെക്കുറിച്ചാണ് എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. 


وَالْيَوْمِ الْمَوْعُودِ (2) وَشَاهِدٍ وَمَشْهُودٍ (3)

"വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ്  സത്യം. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം." - [ബുറൂജ്: 2-3].  

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال : " اليوم الموعود يوم القيامة ، واليوم المشهود يوم عرفة ، والشاهد يوم الجمعة .. " 

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: " 'വാഗ്ദാനം ചെയ്യപ്പെട്ട ദിവസം' എന്നത് 'ഖിയാമത്ത് നാള്‍' ആണ്. 'സാക്ഷ്യം വഹിക്കപ്പെടുന്നത്' എന്നത് അറഫാദിനവും, 'സാക്ഷി' എന്നത് 'ജുമുഅ' ദിവസവുമാണ്" - [رواه الترمذي وحسنه الألباني].

അതുപോലെ സൂറത്തുല്‍ ഫജ്റിലെ:


وَالشَّفْعِ وَالْوَتْرِ
"ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം" - [ഫജ്ര്‍:3].

 ഈ ആയത്തിലെ ഒറ്റ അറഫാദിനത്തെക്കുറിച്ചാണ് എന്ന് ഇബ്നു അബ്ബാസ് (റ) ഉദ്ദരിചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:

الشفع يوم الأضحى ، والوتر يوم عرفة
"ഇരട്ട ബലിപെരുന്നാള്‍ ദിവസവും, ഒറ്റ അറഫാദിനവുമാണ്" , ഇത് ജാബിര്‍ (റ) വില്‍ നിന്നും നബി (സ) പറഞ്ഞതായി ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടും ഉണ്ട്. - [ഇബ്നുകസീര്‍: തഫ്സീര്‍ സൂറത്തുല്‍ ഫജ്ര്‍ നോക്കുക].

മൂന്ന്: അല്ലാഹുവിന്‍റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണത്. ഉമര്‍ (റ) വില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عن عمر بن الخطاب رضي الله عنه أن رجلا من اليهود قال له : يا أمير المؤمنين ، آية في كتابكم تقرءونها ، لو علينا معشر اليهود نزلت لاتخذنا ذلك اليوم عيدا . قال أي آية ؟ قال : " اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا "، قال عمر : قد عرفنا ذلك اليوم والمكان الذي نزلت فيه على النبي صلى الله عليه وسلم : وهو قائم بعرفة يوم الجمعة .

ഉമറു ബ്നുല്‍ ഖത്താബ് (റ) നിവേദനം: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍,നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം  ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു. അദ്ദേഹം ചോദിച്ചു: ഏത് ആയത്താണത് ?. അയാള്‍ പറഞ്ഞു: "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു." എന്ന ആയത്താണത്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: അതേത് ദിവസമാണ് എന്നും അതെവിടെ വച്ചാണ് നബി (സ) ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്". - [متفق عليه].

നാല്: അറഫയില്‍ സംഗമിച്ചവര്‍ക്ക് അതൊരു ഈദാണ്.

قال صلى الله عليه وسلم : " يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام ، وهي أيام أكل وشرب "

 നബി (സ)പറഞ്ഞു: "അറഫാദിനവും,ബലിപെരുന്നാള്‍ ദിനവും, അയ്യാമുത്തശ്രീഖിന്‍റെ ദിനങ്ങളും നമ്മള്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്. അവ തിന്നുവാനും കുടിക്കുവാനുമുള്ള ദിനമാണ്". - [അബൂദാവൂദ്: 2421, അല്‍ബാനി: സ്വഹീഹ്]. എന്നാല്‍ ഹജ്ജിന് പോകാത്തവര്‍ക്ക് അറഫയുടെ ദിനം നോമ്പെടുക്കലാണ് സുന്നത്ത്. 

അഞ്ച്: അറഫാദിനത്തിലെ നോമ്പ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകും.     
    
عن أبي قتادة رضي الله عنه أن رسول الله صلى الله عليه وسلم سئل عن صوم يوم عرفة فقال : " يكفر السنة الماضية والسنة القابلة"

അബൂ ഖതാദ (റ) നിവേദനം: നബി (സ) യോട് അറഫാദിനത്തിലെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "അത് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കാന്‍ ഇടയാകും" - [സ്വഹീഹ് മുസ്‌ലിം: 2804]. 

ആറ്അത് പാപമോചനത്തിന്‍റെയും, നരകമോചനത്തിന്‍റെയും ദിനമാണ്. അതിലുപരി നരകത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസമാണ്: 

عن عائشة رضي الله عنها عن النبي صلى الله عليه وسلم قال : " ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة ، وإنه ليدنو ثم يباهي بهم الملائكة فيقول : ما أراد هؤلاء ؟ "

 ആഇശ (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത് ?!. എന്ന് പറയുകയും ചെയ്യും". - [സ്വഹീഹ് മുസ്‌ലിം: 3354].   അതായത് അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു സുബ്ഹാനഹു വ തആല പ്രശംസിച്ച് പറയുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടും എന്നോ, അതല്ലെങ്കില്‍ അവരുടെ ഈ ത്യാഗവും പരിശ്രമവും അല്ലാഹുവിന്‍റെ പ്രീതിയും തൃപ്തിയും ആഗ്രഹിച്ചുകൊണ്ടല്ലാതെയല്ല എന്ന അര്‍ത്ഥത്തിലാണ് അപ്രകാരം പരാമര്‍ശിച്ചിരിക്കുന്നത് എന്നതാണ് പണ്ഡിതന്മാര്‍ ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ അറഫാ ദിനത്തിന്‍റെ ശ്രേഷ്ഠത ഈ ഹദീസില്‍ വളരെ വ്യക്തമാണ്താനും. ഒരാള്‍ നരകത്തില്‍ നിന്നും മോചിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിനമാണത്.

ഏഴ്:
 പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസമാണ്. നബി (സ) പറഞ്ഞു:

خير الدعاء دعاء يوم عرفة
"ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്" - [തിര്‍മിദി: 3585, അല്‍ബാനി: ഹസനായ ഹദീസ്]. 

എട്ട്: അല്ലാഹു ആദം സന്തതികളോട് അവനെയല്ലാതെ മറ്റൊരാളെയും ആരാധിക്കരുത് എന്ന് കരാറിലേര്‍പ്പെട്ട ദിനമാണത്.

عن ابن عباس رضي الله عنهما قال : قال رسول الله صلى الله عليه وسلم : " إن الله أخذ الميثاق من ظهر آدم بنعمان - يعني عرفة - وأخرج من صلبه كل ذرية ذرأها ، فنثرهم بين يديه كالذر ، ثم كلمهم قبلا   

ഇബ്നു അബ്ബാസ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആദമിന്‍റെ മുതുകില്‍ നിന്നും 'നുഅമാനില്‍' വെച്ച് അഥവാ അറഫയില്‍ വെച്ച് അല്ലാഹു കരാറെടുത്തു. അദ്ദേഹത്തിന്‍റെ മുതുകില്‍ നിന്നും മുഴുവന്‍ സന്തതികളെയും ഒരുമിച്ച് കൂട്ടി
, കണങ്ങളെപ്പോലെ തന്‍റെ മുന്നില്‍ നിരത്തി നിര്‍ത്തിയ ശേഷം അവരെ അഭിസംബോധനം ചെയ്തവന്‍ സംസാരിച്ചു". - [മുസ്നദ് അഹ്മദ്: 2455].

ആ കരാറിനെ സംബന്ധിച്ച് സൂറത്തു മാഇദയില്‍ നമുക്കിങ്ങനെ വായിക്കാം: 


وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ (172) أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِنْ بَعْدِهِمْ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ (173)

  
"നിന്‍റെ രക്ഷിതാവ്‌ ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്ത്‌ കൊണ്ട്‌ വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം ( ഓര്‍ക്കുക). (അവന്‍ ചോദിച്ചു) : ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ്‌ ( അങ്ങനെ ചെയ്തത്‌). അല്ലെങ്കില്‍ മുമ്പ്‌ തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട്‌ പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന്‌ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍." - [മാഇദ: 172-173].
----------------------

അതുകൊണ്ട് അറഫാ ദിനത്തിന്‍റെ പവിത്രതയും ശ്രേഷ്ഠതയും മനസ്സിലാക്കി കഴിവിന്‍റെ പരമാവധി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത്, ആ സുദിനത്തില്‍ നരകമോചനം ലഭിക്കുന്ന സൗഭാഗ്യവാന്മാരില്‍ നാം ഉള്‍പ്പെടാന്‍ വേണ്ടി പരിശ്രമിക്കുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ..


By: Abdu Rahman Abdul Latheef P.N