Thursday, August 15, 2019

തവണ വ്യവസ്ഥയിൽ കാർ വാങ്ങാമോ ?.



ചോദ്യം:
കാർ കമ്പനിയിൽ നിന്ന് നേരിട്ട് തവണ വ്യവസ്ഥയിൽ കാർ  വാങ്ങാമോ? അങ്ങനെ വാങ്ങുമ്പോൾ കമ്പനി ഈടാക്കുന്ന അധിക തുക പലിശ ഇനത്തിൽ വരുമോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

കച്ചവടം രണ്ട് വിധമാണ്. ഒന്ന് റൊക്കം പണം നൽകിയുള്ള റെഡി കാശ് കച്ചവടം. മറ്റൊന്ന് തവണ വ്യവസ്ഥയിൽ പണം നൽകുന്ന ഇൻസ്റ്റാൾമെന്റ് കച്ചവടം. തവണ വ്യവസ്ഥയിൽ വാങ്ങുന്ന വസ്തുവിന്റെ വില അതേ വസ്തു റെഡി കേശിന് വാങ്ങുമ്പോൾ വരുന്ന വിലയേക്കാൾ കൂടുതൽ വരുന്നതിൽ ഇസ്‌ലാമികമായി തെറ്റില്ല. പക്ഷെ വിൽക്കുന്നയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവായിരിക്കണം അതുപോലെ ആ കടബാധ്യത പിന്നീട് വർദ്ധിക്കാൻ ഉതകുന്നതാകരുത് എന്നീ നിബന്ധനകൾ ബാധകമാണ്. 

ഇവിടെയാണ് നമ്മുടെ നാട്ടിൽ പല കമ്പനികളും പലിശരഹിത തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ നൽകുന്നത് ഈ നിബന്ധനകൾ പാലിച്ചുകൊണ്ടാണോ എന്നത് നാം പരിശോധിക്കേണ്ടി വരുന്നത്.

നാം പലിശ രഹിത തവണ വ്യവസ്ഥയിൽ ഒരു ഷോറൂമിൽ നിന്നും കാർ വാങ്ങുമ്പോൾ അവിടെ ആ കമ്പനി നേരിട്ട് നമുക്ക് തവണ വ്യവസ്ഥയിൽ വാങ്ങുവാനുള്ള ഒപ്ഷൻ നൽകുകയാണോ അതല്ല, ഒരു ഫിനാൻസ് കമ്പനി മുഖേന അത് നമുക്ക് ലഭ്യമാക്കുകയാണോ എന്നത് ശ്രദ്ധേയമാണ്. ഫിനാൻസ് കമ്പനി മുഖേന ആ ഫെസിലിറ്റി നൽകുകയാണ് എങ്കിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് കാറിന്റെ ഉടമസ്ഥരായ കമ്പനിയിൽ നിന്നും നാം നേരിട്ട് തവണ വ്യവസ്ഥയിൽ വാങ്ങിക്കുക എന്ന പ്രക്രിയയല്ല മറിച്ച് ഫിനാൻസ് ചെയ്യുന്ന കമ്പനി കാർ കമ്പനിക്ക് കാറിന്റെ വില നൽകുന്നു. കാറിന്റെ വിലയിൽ ഇളവായി ലഭിക്കുന്ന തുകയും, അടവ് തെറ്റിയാൽ ലഭിച്ചേക്കാവുന്ന പലിശയും ഫിനാൻസ് കമ്പനിക്ക് പലിശയായി ലഭിക്കുന്നു. ഇപ്രകാരമാണെങ്കിൽ അത് ഇസ്‌ലാമികമല്ല.

എന്നാൽ കാർ കമ്പനി നേരിട്ട് നിങ്ങൾക്ക് അവരുടെ ഉടമസ്ഥതയിലുള്ള വാഹനം തവണ വ്യവസ്ഥയിൽ നൽകുന്നു, അത് നിങ്ങൾ ഇൻസ്റ്റാൾമെന്റ് ആയതിനാൽ കൂടുതൽ വില നൽകി അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുന്നു ഇതിൽ തെറ്റില്ല.

ഇൻസ്റ്റാൾമെന്റ് ആകുമ്പോൾ വിലവർദ്ധിക്കുന്നത് പലിശ ഇനത്തിൽ വരുമോ എന്നതാണ് പലരുടെയും സംശയം..

വില്‌പന നടക്കുന്നതിന് മുൻപ് താൻ വിൽക്കുന്ന വസ്തുവിന്റെ വില നിർണയിക്കാനുള്ള അവകാശം ഉടമസ്ഥനുണ്ട്. നബി (സ) പറഞ്ഞു: 

البيعان بالخيار ما لم يتفرقا

"പരസ്‌പരം പിരിയുന്നതിന് മുൻപ് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിൽക്കുന്നവനും വാങ്ങിക്കുന്നവനുമുണ്ട്". 

ഉദാ: ഞാൻ എൻ്റെ കൈവശമുള്ള മൊബൈൽ ഒരാൾക്ക് വിൽക്കുന്നു എന്ന് കരുതുക. കച്ചവടം മുറിയുന്നതിന് മുൻപ് ഇരുപതിനായിരത്തിന് അല്ലെങ്കിൽ ഇരുപത്തിരണ്ടായിരത്തിന് എന്നിങ്ങനെ എനിക്ക് തീരുമാനിക്കാം. ഒരു അവധിയും വാങ്ങിക്കുന്നയാൾക്ക് നൽകിയില്ലെങ്കിൽ പോലും എനിക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതുതന്നെ തവണകളായി അവധി നൽകുമ്പോഴും സംഭവിക്കുന്നുള്ളൂ. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാൽ പിന്നെ വില വർദ്ധിപ്പിക്കാനോ കൂടുതൽ പണം ഈടാക്കാനോ സാധിക്കുകയില്ല. അത് പലിശ ഇനത്തിൽപ്പെടും. നേരത്തെ പരസ്പരം കച്ചവടമാണ് ഇടയിലുള്ള ബന്ധമെങ്കിൽ, കച്ചവടം നടന്ന ശേഷം അത് കടബാധ്യതയാണ്. കടബാധ്യതക്ക് കൂടുതൽ പണം ഈടാക്കാൻ പാടില്ല.

മാത്രമല്ല എല്ലാവർക്കുമറിയാവുന്നപോലെ 'സലം' എന്ന കച്ചവടം നബി (സ) അനുവദിച്ച ഒരിനം കച്ചവടമാണ്. അതിൽ സംഭവിക്കുന്നത്  ഒരാൾ കർഷകനുമായി ഇന്നാലിന്ന കാർഷികോത്പന്നം ഇന്നാലിന്ന സമയത്ത് നൽകണമെന്ന കരാറിൽ എത്തുകയും പണം മുൻകൂട്ടി നൽകുകയും ചെയ്യുന്ന രീതിയാണത്. ഇവിടെ പണം മുൻകൂട്ടി നൽകുക വഴി കാർഷികോത്പന്നത്തിന്റെ ആവശ്യക്കാരന് അത് കൂടുതൽ വിലക്കുറവിൽ ലഭിക്കുന്നു. കർഷകനാകട്ടെ പണം നേരത്തെ ലഭിച്ചതുകൊണ്ട് കൃഷി ചെയ്യാനും സാധിക്കുന്നു. 'സലം' എന്നറിയപ്പെടുന്ന ഈ ഇടപാടിൽ പണം നേരത്തെ നൽകുന്നു ഉത്പന്നം പിന്നീടാണ് ലഭിക്കുന്നത്. ആയത് വില കുറയാൻ ഇടവരുത്തുന്നു. ഇതേ ഇടപാടിന്റെ നേർ വിപരീത രൂപമാണ് തവണ വ്യവസ്ഥയിൽ നടക്കുന്നത്. ഉത്പന്നം നേരത്തെ ലഭിക്കുന്നു. പണം പിന്നീടാണ് നൽകുന്നത്. ആയതിനാൽ കൂടുതൽ വിലക്ക് കച്ചവടം ചെയ്യുന്നു. ഇത് കേവല കച്ചവടമാണ് പലിശയല്ല.

അതുപോലെ കച്ചവടം നടന്ന് കടബാധ്യതയായാൽ പിന്നെ അടവ് തെറ്റിക്കുകയോ മറ്റോ ചെയ്യുന്നപക്ഷം കൂടുതൽ പണം ഈടാക്കുന്ന തവണ വ്യവസ്ഥകളും ഇസ്‌ലാമികമല്ല. നമ്മുടെ നാട്ടിലെ തവണ വ്യവസ്ഥകളിൽ ഇത് വ്യാപകമായി കാണാം. 

ആളുകൾ കൃത്യമായി തിരിച്ചടക്കാതിരിക്കുന്നതിനെ തരണം ചെയ്യാൻ ഇസ്‌ലാമികമായി ധാരാളം വഴികൾ ഉണ്ട്. ഗ്യാരണ്ടി വാങ്ങുക, കഫാല അഥവാ ഇടപാടിൽ ഗ്യാരണ്ടിയായി മറ്റൊരാളെ കൂടി നിർത്തുക, സാലറി സർട്ടിഫിക്കറ്റ് മറ്റു വരുമാന മാർഗങ്ങൾ എന്നിവ ഉറപ്പ് വരുത്തി പണമടക്കാൻ സാധിക്കുന്നയാളാണോ എന്ന് ഉറപ്പ് വരുത്തുക, ബേങ്കിൽ നിന്നും അതാത് മാസം ശമ്പളത്തോടൊപ്പം അടവ് നടപ്പാക്കുന്ന മാനദണ്ഡം സ്വീകരിക്കുക എന്നിങ്ങനെ അനവധി മാർഗങ്ങൾ അതിനായുണ്ട്.   മാത്രമല്ല തവണകൾ തെറ്റിക്കുന്നയാൾ പിന്നെ നിയമപരമായി മുഴുവൻ സംഖ്യയും ഒരുമിച്ചടക്കാൻ ബാധ്യസ്ഥനാകും തുടങ്ങിയുള്ള നിബന്ധനകളും വെക്കാറുണ്ട്. അഥവാ തവണകൾ ഒരാൾ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ അയാളുടെ മേൽ പലിശ ഈടാക്കുന്ന വ്യവസ്ഥിതി ഇസ്‌ലാമികമല്ല. എന്നാൽ തങ്ങളുടെ അവകാശം അയാളിൽ നിന്ന് ഈടാക്കാൻ അനവധി നിയമവിധേയമായ മാർഗങ്ങൾ ഉണ്ട്താനും.

ഏതായാലും ഒരു വസ്തുവിന്റെ തവണ വ്യവസ്ഥയിലുള്ള വില, ആ വസ്തു റെഡി കേശിന് വാങ്ങുമ്പോഴുള്ള വിലയേക്കാൾ കൂടുതലാണ് എന്നതുകൊണ്ട് യാതൊരു നിഷിദ്ധവും കടന്നുവരുന്നില്ല. എന്നാൽ തവണ വ്യവസ്ഥ ഫിനാൻസ് കമ്പനിയോ മറ്റോ ഇടനിലക്കാരായി പലിശ പറ്റി ചെയ്തുതരുന്ന രൂപമാകരുത്. വസ്തുവിന്റെ ഉടമസ്ഥൻ നേരിട്ട് തരുന്ന തവണ വ്യവസ്ഥ വഴി കൂടുതൽ വില നൽകി  വാങ്ങിക്കാം എന്നർത്ഥം. അതുപോലെ വാങ്ങിച്ചുകഴിഞ്ഞാൽ അടവുതെറ്റുന്ന വേളയിൽ പലിശ ഈടാക്കും എന്ന ഉപാധി ഇടപാടിൽ ഉണ്ടെങ്കിൽ അതും അനിസ്‌ലാമികമാണ്. കച്ചവടം മുറിഞ്ഞുകഴിഞ്ഞാൽ പിന്നെ കടബാധ്യത വർധിക്കാൻ പാടില്ല. ഇത്തരം നിഷിദ്ധങ്ങൾ കടന്നുവരുന്നുവെങ്കിൽ ആ തവണ വ്യവസ്ഥ നിഷിദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലുള്ള തവണ വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ പലിശ രഹിതമെന്ന് പറയുമെങ്കിലും മേൽ സൂചിപ്പിച്ച വിധമുള്ള നിഷിദ്ധങ്ങൾ അവയിൽ കാണാറുണ്ട്.

തവണ വ്യവസ്ഥയിലാകുമ്പോൾ വസ്തുവിന് കൂടുതൽ വിലവരുന്നതിനെ സംബന്ധിച്ച്‌ ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും മറുപടിയും താഴെ കൊടുക്കുന്നു: 

إن هذه المعاملة لا بأس بها لأن بيع النقد غير التأجيل، ولم يزل المسلمون يستعملون مثل هذه المعاملة وهو كالإجماع منهم على جوازها ، وقد شذ بعض أهل العلم فمنع الزيادة لأجل الأجل وظن ذلك من الربا وهو قول لا وجه له وليس من الربا في شيء لأن التاجر حين باع السلعة إلى أجل إنما وافق على التأجيل من أجل انتفاعه بالزيادة والمشتري إنما رضي بالزيادة من أجل المهلة وعجزه عن تسليم الثمن نقداً ، فكلاهما منتفع بهذه المعاملة ، وقد ثبت عن النبي صلى الله عليه وسلم ما يدل على جواز ذلك وذلك أنه صلى الله عليه وسلم أمر عبد الله بن عمرو بن العاص رضي الله عنهما أن يجهز جيشاً فكان يشتري البعير بالبعيرين إلى أجل 

"തവണ വ്യവസ്ഥയിലുള്ള ഇടപാടിൽ കുഴപ്പമില്ല. കാരണം റെഡി കാശ് ആയുള്ള കച്ചവടവും, ഇടനൽകിക്കൊണ്ടുള്ള (തവണ വ്യവസ്ഥയിലെ) കച്ചവടവും രണ്ടും രണ്ടാണ്. മുസ്‌ലിംകൾ കാലങ്ങളായി ഈ ഇടപാട് ചെയ്തുപോരുന്നുണ്ട്. അതിൽനിന്നും പൊതുവെ മുസ്‌ലിംകൾ അതിനെ ഐക്യകണ്ഡേന അനുവദനീയമായിക്കാണുന്നു  എന്ന് മനസ്സിലാക്കാം. ചില ഒറ്റപ്പെട്ട പണ്ഡിതന്മാർ സാവകാശം നൽകുന്നതിന് കൂടുതൽ വില ഈടാക്കുന്നുവെന്നതിനാൽ അത് പാടില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.  അത് പലിശയാണ് എന്ന തെറ്റിദ്ധാരണയാലാണത്. അതിൽ യാതൊരു വിധത്തിലുള്ള പലിശയുമില്ല. തൻ്റെ കൈവശമുള്ള വസ്തു ഒരു കച്ചവടക്കാരൻ സാവകാശം നൽകിക്കൊണ്ട് വിൽക്കുന്നത് തന്നെ കൂടുതൽ വില ലഭിക്കുന്നതിനാലാണ്. വാങ്ങുന്നയാൾ കൂടുതൽ വില നൽകി വാങ്ങാൻ തയ്യാറാക്കുന്നതും തനിക്ക് പണം നൽകാൻ അല്പം സാവകാശം ലഭിക്കുന്നതിനാലും റൊക്കം കാശ് നൽകാൻ കയ്യിലില്ലാത്തതിനാലുമാണ്. ഈ കച്ചവടത്തിൽ ഇരുവർക്കും പ്രയോജനവുമുണ്ട്. മാത്രമല്ല ഇത് അനുവദനീയമാണ് എന്നതിന് തെളിവായി നബി (സ)  യിൽ നിന്നും  ഇപ്രകാരം വന്നിട്ടുണ്ട്: അംറു ബ്നുൽ ആസ്വിനോട് ഒരു സൈന്യത്തെ ഒരുക്കാൻ പറഞ്ഞ വേളയിൽ ഇപ്പോൾ ഒരൊട്ടകത്തെ നൽകുന്നവർക്ക് പിന്നീട് രണ്ടൊട്ടകം (അല്ലെങ്കിൽ രണ്ടൊട്ടകത്തിന്റെ) വില നൽകാം എന്ന കണക്കെ അവർ സൈന്യത്തിനാവശ്യമായ ഒട്ടകം വാങ്ങിച്ചിരുന്നു". - [فتاوى إسلامية 2/331]. 

അഥവാ  സൈന്യത്തിന് ആവശ്യമായ ഒട്ടകം തികയാതെ വരുകയും ആവശ്യമായ ഒട്ടകം വാങ്ങിക്കാനുള്ള പണം അവരുടെ കൈവശം ഇല്ലാതെ വരുകയും ചെയ്തപ്പോൾ, ഇപ്പോൾ ഒരൊട്ടകം തങ്ങൾക്ക് വിൽക്കുന്നവർക്ക് സ്വദഖയുടെ ധനം വന്നാൽ രണ്ടൊട്ടകം അല്ലെങ്കിൽ രണ്ടൊട്ടകത്തിന്റെ വില നൽകാം എന്ന നിലക്ക് സൈന്യത്തിലേക്ക് ഒട്ടകത്തെ വാങ്ങിയിരുന്നു. ഇവിടെ പണം റൊക്കമായി നൽകാൻ ഇല്ലാതെ വന്നപ്പോൾ കൂടുതൽ വിലക്കാണ് ഒട്ടകത്തെ വാങ്ങിയത്. ഇതുതന്നെയാണ് തവണ വ്യവസ്ഥക്ക് കൂടുതൽ വില ഈടാക്കുമ്പോഴും സംഭവിക്കുന്നത്.

എന്നാൽ സ്വർണ്ണം വെള്ളി തുടങ്ങിയവയോ, അവ കൊണ്ട് നിർമ്മിക്കപ്പെട്ട ആഭരണങ്ങളോ കറൻസിയോ മറ്റോ ഇത്തരത്തിൽ തവണ വ്യവസ്ഥയിൽ വാങ്ങുക അനുവദനീയമല്ല. കാരണം സ്വർണ്ണം വെള്ളി തുടങ്ങിയവ റൊക്കം പണം നൽകിയല്ലാതെ വാങ്ങിക്കാൻ പാടില്ല എന്ന് നബി (സ) യിൽ നിന്നും പ്രത്യേകം ഹദീസ് വന്നിട്ടുണ്ട്. സ്വർണ്ണാഭരണമോ വെള്ളിയോ റൊക്കം പണം നൽകാതെ കടം പറഞ്ഞോ, തവണ വ്യവസ്ഥയിലോ വാങ്ങുന്നത് പലിശയുടെ ഇനത്തിൽ വരുന്ന ഒന്നാണ്. ربا النسيئة  അഥവാ കാലതാമസത്തിന്റെ പലിശ എന്നാണ് അതിന് പറയുക. അത് വേറെ വിഷയമായതിനാൽ കൂടുതൽ അതുസംബന്ധമായി ഇവിടെ പ്രതിപാദിക്കുന്നില്ല..
ഈ വിഷയത്തിൽ മുൻപ്  എഴുതിയ ലേഖനത്തിൻ്റെ ലിങ്ക് താഴെ കൊടുക്കുന്നു: 

'ഇന്‍സ്റ്റാള്‍മെന്‍റ്' ആയി വില്‍ക്കുമ്പോള്‍ 'റെഡി കാശ്' വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കാമോ ?!. (ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം ഇസ്ലാമികവും അനിസ്‌ലാമികവും ആകുന്നത് എപ്പോള്‍ എന്ന് ഫിഖ്ഹിയായി ചര്‍ച്ച ചെയ്യുന്ന ലേഖനം). http://www.fiqhussunna.com/2015/08/blog-post_8.html 


അല്ലാഹു അനുഗ്രഹിക്കട്ടെ ...

--------------------------------------------

അനുബന്ധ ലേഖനങ്ങൾ: 


1-  Extended Warranty വാങ്ങിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി.

 2- ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?.

 3- പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കാമോ ?. http://www.fiqhussunna.com/2015/11/blog-post_23.html

4- പലിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.

 5- ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.     http://www.fiqhussunna.com/2019/08/blog-post.html