Friday, June 1, 2018

തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത കടം സകാത്തായി പരിഗണിച്ച് വിട്ടു കൊടുക്കാമോ ?.



ചോദ്യം: എനിക്ക് ഒരാള്‍ കടം താരാനുണ്ട്. അയാള്‍ക്ക് തരാന്‍ ആഗ്രഹമുണ്ട് , പക്ഷെ സാധിക്കുന്നില്ല. അയാള്‍ക്കിപ്പോള്‍ അത് തിരികെ നല്‍കാന്‍  ബുന്ധിമുട്ടുണ്ട്. എനിക്കയാള്‍ തരാനുള്ള പൈസ, എന്‍റെ സകാത്തായി കണക്കാക്കി വിട്ടുകൊടുക്കാന്‍ പറ്റുമ്മോ ?. 

www.fiqhussunna.com

ഉത്തരം: 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഒരാള്‍ക്ക് കടം തിരികെ നല്‍കാന്‍ സാധിക്കാത്ത പക്ഷം അത് വിട്ടുവീഴ്ച ചെയ്ത് കൊടുക്കുകയോ, സമയം അധികരിപ്പിച്ച് കൊടുക്കുകയോ ഒക്കെ ചെയ്യുകയെന്നാല്‍ അത്യധികം പുണ്യകരമായ കാര്യമാണ്. അല്ലാഹു പറയുന്നു:
وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

"ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍". - [അല്‍ബഖറ: 280].

എന്നാല്‍ താന്‍ മറ്റൊരാള്‍ക്ക് കടം എന്ന ഉദ്ദേശത്തോടെ നല്‍കുകയും, പിന്നീട് തിരികെ ലഭിക്കാതെ വരുമ്പോള്‍ അത് സകാത്തായി പരിഗണിച്ച് വിട്ട് കൊടുക്കുകയും ചെയ്യല്‍ അനുവദനീയമല്ല എന്നതാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. കാരണം അത് കടം എന്ന ഉദ്ദേശത്തില്‍ ആണ് അയാള്‍ക്ക് നല്‍കിയത്. ഏത് ഉദ്ദേശത്തിലാണ് നാം നല്‍കിയത് എന്നത് വളരെ പ്രസക്തമാണ്. കാരണം إنما الأعمال بالنيات കര്‍മ്മങ്ങളെല്ലാം അവയുടെ നിയ്യത്ത് അനുസരിച്ചാണ് കണക്കാക്കപ്പെടുന്നത്. തിരികെ നല്‍കാന്‍ പ്രയാസമാകുമ്പോള്‍ അത് സകാത്തായി പരിഗണിക്കുക എന്നത് , ഏതായാലും താന്‍ സകാത്ത് നല്‍കാണമല്ലോ ആ അര്‍ത്ഥത്തിലെങ്കിലും അത് ഈടാക്കാം എന്ന നിലക്കാണ്. അവിടെ സകാത്ത് അര്‍ഹന് നല്‍കുക എന്ന ഉദ്ദേശത്തെക്കാള്‍ തന്‍റെ ധനം നഷ്ടപ്പെടാതെ നോക്കുക എന്നതാണ് പ്രകടമാകുന്നത്.

ഇമാം നവവി (റ) പറയുന്നു:    

إذا كان لرجل علي معسر دين فأراد أن يجعله عن زكاته وقال له جعلته عن زكاتي فوجهان حكاهما صاحب البيان (أصحهما) لا يجزئه وهو مذهب أبى حنيفة وأحمد

"ഒരാള്‍ക്ക് തിരിച്ചടക്കാന്‍ കഴിയാത്ത ഞെരുക്കക്കാരനായ ഒരാളില്‍ നിന്നും കടം തിരികെ ലഭിക്കാനുണ്ടാകുകയും, അത് തന്‍റെ സകാത്തായി കണക്കാക്കാന്‍ അയാള്‍ ഉദ്ദേശിച്ച് അയാളോട് 'ഞാനത് എന്‍റെ സകാത്തായി കണക്കാക്കി നിനക്ക് വിട്ടുതന്നിരിക്കുന്നു' എന്ന് പറയുകയും ചെയ്‌താല്‍, അതില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. അതില്‍ ശരിയായ അഭിപ്രായം, അത് സകാത്തായി സാധുവാകുകയില്ല എന്നതാണ്. അതാണ്‌ ഇമാം അബൂ ഹനീഫയുടെയും, ഇമാം അഹ്മദിന്‍റെയും അഭിപ്രായവും" - [المجموع വോ:6 പേ:210]. ഇമാം ഹസനുല്‍ ബസ്വരി (റ), അത്വാഅ് (റ) തുടങ്ങിയവരില്‍ നിന്നും ഒറ്റപ്പെട്ട അഭിപ്രായമാണ് അത് സാധുവാകും എന്ന നിലക്കുള്ളത്. 

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) എന്തുകൊണ്ട് സാധുവാകുകയില്ല എന്നത് വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ الشرح الممتع على زاد المستقنع എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
مسألة: إبراء الغريم الفقير بنية الزكاة.
صورتها: رجل له مدين فقير يطلبه ألف ريال، وكان على هذا الطالب ألف ريال زكاة، فهل يجوز أن يسقط الدائن عن المدين الألف ريال الذي عليه بنية الزكاة؟
الجواب: أنه لا يجزئ قال شيخ الإسلام: بلا نزاع، وذلك لوجوه هي:
الأول: أن الزكاة أخذ وإعطاء قال تعالى: {خُذْ مِنْ أَمْوَالِهِمْ صَدَقَةً} [التوبة: 103] وهذا ليس فيه أخذ.
الثاني: أن هذا بمنزلة إخراج الخبيث من الطيب قال تعالى: {وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ} [البقرة: 267] ووجه ذلك أنه سيخرج هذا الدين عن زكاة عين، فعندي مثلاً أربعون ألفاً، وزكاتها ألف ريال، وفي ذمة فقير لي ألف ريال، والذي في حوزتي هو أربعون ألف ريال، وهي في يدي وتحت تصرفي، والدين الذي في ذمة المعسر ليس في يدي.
ومعلوم نقص الدين عن العين في النفوس، فكأني أخرج رديئاً عن جيد وطيب فلا يجزئ.
الثالث: أنه في الغالب لا يقع إلا إذا كان الشخص قد أيس من الوفاء، فيكون بذلك إحياء وإثراء لماله الذي بيده؛ لأنه الآن سيسلم من تأدية ألف ريال.

മസ്അല: സകാത്ത് എന്ന ഉദ്ദേശത്തോടെ കടക്കാരന് കടം ഒഴിവാക്കിക്കൊടുക്കല്‍.  അതിന്‍റെ രൂപം: ഒരാള്‍ തനിക്ക് 1000 റിയാല്‍ കടം തിരിച്ച് തരാനുള്ള പാവപ്പെട്ട ഒരാളോട് അത് തിരികെ ആവശ്യപ്പെടുന്നു. അതേ സമയം താന്‍ സകാത്ത് എന്ന നിലക്ക് 1000 റിയാല്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇവിടെ അയാള്‍ തിരിച്ച് തരാനുള്ള ആ 1000 റിയാല്‍ താന്‍ നല്‍കേണ്ട സകാത്തായി പരിഗണിച്ച് ആ കടബാധ്യത വിട്ടുകൊടുക്കാന്‍ പറ്റുമോ എന്നതാണ്.

ഉത്തരം: അത് സകാത്തായി കണക്കാക്കാന്‍ പറ്റുകയില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) അതില്‍ തര്‍ക്കമില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന കാരണങ്ങളാലാണത്: 

ഒന്ന്: സകാത്ത് ഒരാളുടെ ധനത്തില്‍ നിന്ന് എടുത്ത് നല്‍കലാണ്. അല്ലാഹു പറയുന്നു: خُذْ مِنْ أَمْوَالِهِمْ صَدَقَةً , "(പ്രാവച്ചകരെ) അവരുടെ ധനത്തില്‍ നിന്നും, (ഒരു നിര്‍ബന്ധ) ദാനധര്‍മ്മം പിരിച്ചെടുക്കുക". ഇവിടെ എടുക്കുക എന്നത് നടപ്പാകുന്നില്ല.വിട്ടുവീഴ്ച ചെയ്യുക എന്നതെ സംഭവിക്കുന്നുള്ളൂ. 

രണ്ട്: അത് മോശമായത് ദാനധര്‍മ്മത്തിന് വേണ്ടി മാറ്റിവെക്കുന്നത് പോലെയാണ്. അല്ലാഹു പറയുന്നു: "وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ", "മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌". അതിവിടെ ബാധകമാണെന്ന് പറയാന്‍ കാരണം, തന്‍റെ കൈവശമുള്ള ധനത്തിന്‍റെ സകാത്തായാണല്ലോ ഈ കിട്ടാത്ത കടം അവന്‍ കണക്കാക്കുന്നത്. ഉദാ: എന്‍റെ കയ്യില്‍ 40000 റിയാല്‍ ഉണ്ട്. അതിന്‍റെ സകാത്ത്  1000 റിയാല്‍ ആണ്. പാവപ്പെട്ട ആളില്‍ നിന്നും തിരികെ ലഭിക്കാന്‍ 1000 റിയാലും ഉണ്ട്. 40000 എന്‍റെ കയ്യിലുണ്ട്. എന്‍റെ ആവശ്യങ്ങള്‍ക്കത് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ തിരികെ നല്‍കാന്‍ കഴിയാത്ത പാവപ്പെട്ടവന്‍റെ കൈവശമുള്ള കടം എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തതാണ്. (അതാണ്‌ ഞാന്‍ സകാത്തായി പരിഗണിക്കുന്നത്). സ്വാഭാവികമായും കൈവശമുള്ള പണത്തെ അപേക്ഷിച്ച് തിരികെ കിട്ടാത്ത ആ പണം താഴ്ന്നതാണ്. അതുകൊണ്ട് താഴ്ന്നത് സകാത്തിന് വേണ്ടി നീക്കിവെക്കുക എന്നതിനോടത് സാമ്യപ്പെടുന്നു.

മൂന്ന്‍: സാധാരണ നിലക്ക് കിട്ടുമെന്ന് പ്രതീക്ഷയില്ലാതെ വരുമ്പോഴാണ്  ഒരാള്‍, തന്‍റെ സകാത്തില്‍ നിന്നും എന്ന് കണക്കാക്കി അത് വിട്ടു കൊടുക്കാന്‍ തയ്യാറാകാറുള്ളത്. അപ്പോള്‍ തന്‍റെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. കാരണം (കിട്ടാന്‍ സാധ്യതയില്ലാത്ത 1000) സകാത്തായി പരിഗണിക്കുന്നതിലൂടെ താന്‍ നല്‍കേണ്ട ആയിരം ഒഴിവായിക്കിട്ടുമല്ലോ.   - [الشرح الممتع , വോ: 6 പേ: 237].

കാര്യങ്ങള്‍ വ്യക്തമായല്ലോ. സൗദി അറേബ്യയിലെ പണ്ഡിത സഭയും ഇതേ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. [http://www.alifta.net/fatawa/fatawaDetails.aspx?languagename=ar&BookID=5&View=Page&PageNo=5&PageID=4258].

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള ഒരു കാര്യം. എനിക്ക് കടം തിരികെ തരാനുള്ള ഒരാള്‍ക്ക് അയാള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍,  അയാള്‍ക്ക് എന്‍റെ കൈവശമുള്ള സകാത്തില്‍ നിന്നും നല്‍കാമോ എന്നതാണ്. നല്‍കാം പക്ഷെ, ഞാന്‍ നല്‍കുന്ന സകാത്തില്‍ നിന്നും എന്‍റെ കടം തിരികെ തരണം എന്ന് ഉപാധി വെക്കാന്‍ പാടില്ല. അപ്രകാരം ഉപാധി വെച്ചാല്‍ തന്‍റെ സകാത്ത് വീടുകയില്ല എന്നത് എകാഭിപ്രായമുള്ള കാര്യമാണ് എന്ന് ഇമാം നവവി സൂചിപ്പിച്ചത് കാണാം. -
[المجموع വോ:6 പേ:211]. എന്നാല്‍ നിരുപാധികം, അയാള്‍ സകാത്തിന് അര്‍ഹനാണ് എന്നത് മാത്രം കണക്കിലെടുത്ത് ഞാന്‍ അയാള്‍ക്ക് എന്‍റെ കൈവശമുള്ള സകാത്തിന്‍റെ പണം നല്‍കുകയും, ഞാന്‍ ഉപാധി വെക്കുകയോ, ആവശ്യപ്പെടുകയോ ഒന്നും ചെയ്യാതെ അയാള്‍ സ്വയം ആ പണവുമായി എനിക്ക് തന്നെ നല്‍കാനുള്ള കടം വീട്ടാന്‍ വരുകയും ചെയ്‌താല്‍, എനിക്കത് സ്വീകരിക്കാവുന്നതും എന്‍റെ സകാത്ത് വീടുന്നതുമായിരിക്കും. കാരണം എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്തിന് അര്‍ഹനാണ് എന്നത് മാത്രം പരിഗണിച്ചുകൊണ്ട്‌ മറ്റു ലക്ഷ്യങ്ങളില്ലാതെയാണ് അയാള്‍ക്ക് ധനം നല്‍കിയത്. അയാള്‍ അതുകൊണ്ട് കടം വീട്ടുകയും ചെയ്തു. ഞാന്‍ ഉപാധി വെക്കാത്തതുകൊണ്ട് മറ്റേതൊരാളുടെ കടം അയാള്‍ വീട്ടുന്നുവോ അതു വീട്ടുന്നതുപോലെത്തന്നെ എനിക്ക് നല്‍കാനുള്ള കടവും വരുന്നുള്ളൂ.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ..  അല്ലാഹു അനുഗ്രഹിക്കട്ടെ ...
_________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ