Thursday, June 14, 2018

പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാല്‍ ?. ഒരു ലഘുപഠനം.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛  

ജുമുഅയും പെരുന്നാളും ഒത്തുവന്നാല്‍ രണ്ടിലും പങ്കെടുക്കലാണ് ഉചിതമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ടും നിര്‍ബന്ധമാണോ, ഇളവുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ ?. നബി (സ) യുടെ കാലത്ത് അപ്രകാരം ഉണ്ടായപ്പോള്‍ അവരെങ്ങനെയാണ് നമസ്കരിച്ചത് ?. ഇമാമീങ്ങള്‍ ഈ വിഷയത്തില്‍ എന്ത് രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നാം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.പൂര്‍ണമായി വായിക്കണേ എന്ന അപേക്ഷയോടെ.

www.fiqhussunna.com

നബി (സ) യുടെ കാലത്തും ഉണ്ടായിട്ടുള്ള ഒരു സംഭവമായതുകൊണ്ട് ആദ്യമായി ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ ഉദ്ദരിക്കാം:  

1- 
زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك" وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في "المجموع": إسناده جيد. 

സൈദ്‌ബ്ന്‍ അര്‍ഖം (റ) നിവേദനം: മുആവിയ (റ) അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ നബി (സ) യുടെ കാലത്ത് ഒരേ ദിവസം രണ്ട് പെരുന്നാളുകള്‍ (ജുമുഅയും ഈദും) ഒരുമിച്ച് വരുന്നതിന് സാക്ഷിയായിട്ടുണ്ടോ ?. അദ്ദേഹം പറഞ്ഞു: അതെ. മുആവിയ (റ) ചോദിച്ചു: എന്നിട്ട് റസൂല്‍ (സ) എന്താണ് ചെയ്തത് ?. അദ്ദേഹം പറഞ്ഞു: പെരുന്നാള്‍ നമസ്കരിക്കുകയും, ശേഷം ജുമുഅക്ക് ഇളവ് നല്‍കിക്കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ജുമുഅ നമസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്കരിച്ചുകൊള്ളുക". -  [ഇമാം അഹ്മദ്, അബൂ ദാവൂദ്, നസാഇ, ഇബ്നു മാജ, ദാരിമി, ഹാകിം തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്. ഈ ഹദീസ് സ്വീകാര്യയോഗ്യമായ ഹദീസാണ് എന്ന് ഇമാം ഹാക്കിം, ഇമാം ദഹബി, ഇമാം നവവി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്].

2-  
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: (قد اجتمع في يومكم هذا عيدان، فمن شاء أجزأه من الجمعة، وإنا مجمعون). رواه الحاكم ، وأبو داود وابن ماجه والبيهقي .     

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും." - [ഇമാം ഹാക്കിം, അബൂദാവൂദ്, ഇബ്നു മാജ, ബൈഹഖി തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്].ഈ ഹദീസ് ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ച ഹദീസുകളെപ്പോലെ സ്വീകാര്യയോഗ്യമാണ് എന്ന് ഇമാം ഹാക്കിം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ദഹബി (റ) അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്]. 

3- മുകളില്‍ നാം ഉദ്ദരിച്ച രണ്ടാമത്തെ ഹദീസ് അതേ രൂപത്തില്‍ ഇബ്നു അബ്ബാസ് (റ) വും ഉദ്ദരിച്ചിട്ടുണ്ട്:

وحديث ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال: (اجتمع عيدان في يومكم هذا فمن شاء أجزأه من الجمعة ، وإنا مجمعون إن شاء الله). رواه ابن ماجه، وقال البوصيري: إسناده صحيح ورجاله ثقات.

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ 4 ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും إن شاء الله." - [ഇമാം ഇബ്നു മാജ ഉദ്ദരിച്ചത്. ഈ ഹദീസിന്‍റെ സനദ് കുറ്റമറ്റതാണ് എന്ന് ഇമാം ബൂസ്വീരി അഭിപ്രായപ്പെട്ടിട്ടുണ്ട്]. 

4- ഇമാം ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 
عن أبي عبيد مولى ابن أزهر قال أبو عبيد: شهدت العيدين مع عثمان بن عفان، وكان ذلك يوم الجمعة، فصلى قبل الخطبة ثم خطب، فقال: (يا أيها الناس إن هذا يوم قد اجتمع لكم فيه عيدان، فمن أحب أن ينتظر الجمعة من أهل العوالي فلينتظر، ومن أحب أن يرجع فقد أذنت له).  

"അബൂഉബൈദ് നിവേദനം: അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) വിന്‍റെ കാലത്ത് രണ്ട് ഈദുകള്‍ ഒരേ ദിവസം സംഗമിച്ചതിന് ഞാന്‍ സാക്ഷിയായി. അതൊരു ജുമുഅ ദിവസമായിരുന്നു. അദ്ദേഹം ആദ്യം നമസ്കരിച്ച് ശേഷം ഖുത്ബ നിര്‍വഹിച്ചു (അതായത് പെരുന്നാള്‍ നമസ്കാരം), എന്നിട്ടദ്ദേഹം ആളുകളോട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഈ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ചേര്‍ന്ന് വന്നിട്ടുണ്ട് (ജുമുഅയും ഈദും), അവാലിയില്‍ നിന്നും വന്നവരില്‍ (മദീനയുടെ ഒരു പ്രാന്തപ്രദേശം) ജുമുഅക്ക് കാത്ത് നില്‍ക്കുന്നവര്‍ക്ക് കാത്തുനില്‍ക്കാം. മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞാന്‍ അതിനുള്ള അനുവാദം നല്‍കുകയും ചെയ്യുന്നു. - [ സ്വഹീഹുല്‍ ബുഖാരി: 5572].

ഇങ്ങനെ ഇനിയും അനേകം അസറുകളും ഹദീസുകളും ഈ വിഷയത്തില്‍ ലഭ്യമാണ്. ഏതായാലും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. ഇമാം അബൂഹനീഫ (റ) യുടെയും , ഇമാം മാലിക്ക് (റ) യുടെയും  അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട്‌ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല എന്നതാണ്. ജുമുഅ പുരുഷന്മാര്‍ക്ക്  فرض عين ആണ്, പെരുന്നാള്‍ നമസ്കാരമാകട്ടെ فرض كفاية യാണ്. ഒന്ന് മറ്റൊന്നിന് ബദലാകുകയില്ല എന്നതിനെ മുന്‍നിര്‍ത്തിയാണ് ആ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടത്. 

ഇമാം ശാഫിഇ (റ) യുടെ അഭിപ്രായപ്രകാരം ദൂരപ്രദേശങ്ങളില്‍ നിന്നും പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മാത്രം ജുമുഅക്ക് പങ്കെടുക്കാതിരിക്കാന്‍ ഇളവുണ്ട് എന്നതാണ്.  ഉസ്മാന്‍ (റ) വിന്റെ ഹദീസില്‍ അവാലിയില്‍ നിന്ന് വന്നവര്‍ക്ക് ഇളവുണ്ട് എന്ന് പരാമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ്. 

ഇമാം അഹ്മദ് (റ) യുടെ അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്. അയാള്‍ക്ക് വീട്ടില്‍ നിന്ന് ളുഹ്ര്‍ നമസ്കരിച്ചാല്‍ മതിയാകുന്നതുമാണ് എന്നതാണ്. - [ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് الموسوعة الفقهية الكويتية വോ: 27 പേ: 209]. 


നബി (സ) യുടെ കാലത്ത് ഉണ്ടായ ഒരു കാര്യമായതുകൊണ്ട്, ആ വിഷയത്തില്‍ വന്ന ഹദീസുകളും, അസറുകളും പരിശോധിച്ചാല്‍ ഇമാം അഹ്മദ് (റ) യുടെ അഭിപ്രായമാണ് കൂടുതല്‍ പ്രബലം എന്ന് മനസ്സിലാക്കാം. എന്നാല്‍ ആമുഖത്തില്‍ സൂചിപ്പിച്ചത് പോലെ, കൂടുതല്‍ പ്രതിഫലാര്‍ഹവും, അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുത്താലും ജുമുഅക്ക് കൂടി പങ്കെടുക്കുന്നതുമാണ്.

മാത്രമല്ല പള്ളിയിലെ ഇമാമിനെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിവസം  ജുമുഅ നടത്തല്‍ നിര്‍ബന്ധവുമാണ്. കാരണം നബി (സ), 'പങ്കെടുക്കുന്നവര്‍ക്ക് പങ്കെടുക്കാം' എന്ന് പറഞ്ഞതിനോടൊപ്പം 'നാം ജുമുഅ നമസ്കരിക്കുന്നതായിരിക്കും' എന്ന് കൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇമാം നിര്‍ബന്ധമായും ജുമുഅ നമസ്കരിക്കണം. എങ്കിലാണല്ലോ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പങ്കെടുക്കാനും സാധിക്കൂ. മാത്രമല്ല പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇളവ് ഉണ്ടാകുകയുമില്ലല്ലോ.

ഈ വിഷയത്തില്‍ വന്ന പ്രമാണങ്ങള്‍ എടുത്ത് ഉദ്ദരിച്ച ശേഷം ലജ്നതുദ്ദാഇമ  (സൗദി പണ്ഡിത സഭ) പറയുന്നു:

1- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തയാള്‍ക്ക്, ജുമുഅയില്‍ പങ്കെടുക്കാതെ പകരം ളുഹ്ര്‍ നമസ്കരിക്കാന്‍ ഇളവുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതിഫലേച്ഛയോടെ ജുമുഅയില്‍ പങ്കെടുക്കുകയാണ് എങ്കില്‍ അതുതന്നെയാണ് ശ്രേഷ്ഠം.

2- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്ത ആള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. അതുകൊണ്ട് അവര്‍ക്ക് ജുമുഅ ഒഴിവാകുന്നില്ല. അവര്‍ നിര്‍ബന്ധമായും ജുമുഅക്ക് പള്ളിയില്‍ പോകണം. ജുമുഅ നമസ്കരിക്കാനുള്ള ആളുകളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കണം. 

3- സാധാരണ ജുമുഅ നടക്കാറുള്ള പള്ളിയിലെ ഇമാമിന് ജുമുഅ നിര്‍ബന്ധമാണ്‌. പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുക്കാത്തവര്‍ക്കും, ജുമുഅ കൂടി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ഇമാം നിര്‍ബന്ധമായും പള്ളിയില്‍ ജുമുഅ നമസ്കരിച്ചിരിക്കണം. ഇനി  ജുമുഅക്ക് ആളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കുക. 

4-പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തതിനാല്‍ ഒരാള്‍ ജുമുഅക്ക് വരാതിരുന്നാല്‍, അയാള്‍ ളുഹ്റിന്‍റെ സമയമായാല്‍ ളുഹ്ര്‍ നമസ്കരിക്കണം. 

5- അന്നേ ദിവസം ജുമുഅ നടക്കുന്ന പള്ളികളില്‍ നിന്ന് ജുമുഅക്കേ ബാങ്ക് വിളിക്കാവൂ. സാധാരണ ജുമുഅ നടക്കാത്ത പള്ളികളില്‍ നിന്നും ളുഹ്റിന് ബാങ്ക് വിളിക്കരുത്. 

6- പെരുന്നാള്‍ നമസ്കാരം പങ്കെടുത്തവര്‍ക്ക് പിന്നെ അന്ന് ജുമുഅയും ളുഹ്റും രണ്ടും നമസ്കരിക്കേണ്ടതില്ല എന്ന അഭിപ്രായം ശരിയല്ല. ആ അഭിപ്രായം പണ്ഡിതന്മാര്‍ തള്ളിക്കളയുകയും അത് അങ്ങേയറ്റം ആശ്ചര്യകരമായ ഒരഭിപ്രായമാണ് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. കാരണം അത് നബി (സ) യുടെ ചര്യക്ക് എതിരും , തെളിവില്ലാതെ ഒരു ഫര്‍ള് നമസ്കാരം ഒഴിവാക്കുന്നതുമായ അഭിപ്രായമാണ്. പെരുന്നാളിന് പങ്കെടുത്തവര്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്, പക്ഷെ ജുമുഅ നിര്‍വഹിച്ചില്ലെങ്കില്‍ ളുഹ്ര്‍ നിര്‍ബന്ധമായും നമസ്കരിചിരിക്കണം എന്നത്തിനുള്ള അനേകം പരാമര്‍ശങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാലാകാം ചിലര്‍ അങ്ങനെ അഭിപ്രായപ്പെട്ടത്. ആ അഭിപ്രായം സ്വീകാര്യമല്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

[ ഈ വിഷയത്തിലെ മേല്‍ പറഞ്ഞ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയത്: ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ശൈഖ് അബ്ദുല്ലാഹ് ബ്ന്‍ ഗുദയ്യാന്‍,  ശൈഖ് ബകര്‍ അബ്ദല്ലാഹ് അബൂ സൈദ്‌, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].

ലജ്നതുദ്ദാഇമയുടെ മറുപടി പൂര്‍ണമായും അറബിയില്‍ വായിക്കാന്‍: (http://www.alifta.net/Fatawa/fatawaChapters.aspx?languagename=ar&View=Page&PageID=12791&PageNo=1&BookID=3)

അല്ലാഹു അനുഗ്രഹിക്കട്ടെ ....  


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ