Wednesday, October 19, 2016

സൗദി രാജകുമാരന് വധശിക്ഷ. നടപ്പാക്കപ്പെട്ടത് പ്രപഞ്ചസൃഷ്ടാവിന്‍റെ നീതി.



(സൗദി അറേബ്യയില്‍ നടപ്പാക്കപ്പെട്ട മാതൃകാപരമായ ഒരു ശിക്ഷയുടെ അവലോകനമാണിത്).

ജിദ്ദ: 18/10/16 ന് സൗദി രാജകുമാരന്‍ തുര്‍ക്കി  ബിന്‍ സഊദ് ബിന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍കബീറിന്‍റെ വധശിക്ഷ നടപ്പിലാക്കിയതായി   സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദില്‍ ബ്ന്‍ സുലൈമാന്‍ അബ്ദുല്‍ കരീം എന്ന സാധാരണക്കാരനായ സൗദി പൗരനെ വധിച്ചതിന്‍റെ പേരിലായിരുന്നു വധശിക്ഷ ലഭിച്ചത്. ആദില്‍ ബ്ന്‍ സുലൈമാന്‍ എന്നയാളെ രാജകുമാരന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. അതിനുള്ള ശിക്ഷയായാണ് വധശിക്ഷ നടപ്പാക്കിയത്.

കൊലപാതകക്കുറ്റം കോടതി മുന്‍പാകെ തെളിയിക്കപ്പെടുകയും പ്രതി കുറ്റക്കാരനാണ് എന്നത് ബോധ്യപ്പെട്ട സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയുമായിരുന്നു. തുടര്‍ന്ന് വധശിക്ഷക്ക് നല്‍കുന്നതിന് രാജാവിന്‍റെ കല്പന ലഭിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ശരീഅത്ത് നിയമമനുസരിച്ച് നിരപരാധികളെ കൊലപ്പെടുത്തുന്നവര്‍ക്ക് കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയാണ് ലഭിക്കുക. അതില്‍ അധികാരികള്‍ക്ക് പ്രത്യേക പരിരക്ഷയില്ല.

കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നിടത്ത് ഉന്നതരെന്നോ ദുര്‍ബലരെന്നോ വിവേചനം കാണിക്കാന്‍ പാടില്ല എന്നത് നബി (സ) കല്പനയാണ്. തന്‍റെ കരളിന്‍റെ കഷ്ണമായ സ്വന്തം മകളാണ് കുറ്റക്കാരിയെങ്കിലും അവളുടെ മേല്‍ ശിക്ഷ നടപ്പാക്കുമെന്ന നബി തിരുമേനിയുടെ പ്രഖ്യാപനം ഏറെ പ്രശസ്തമാണ്.  "നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ നശിക്കാന്‍ കാരണം അവരില്‍ ഉന്നതര്‍ കുറ്റം ചെയ്‌താല്‍ അവരെയവര്‍ വെറുതെ വിടുകയും, ദുര്‍ബലര്‍ കുറ്റം ചെയ്‌താല്‍ അവര്‍ക്ക് ശിക്ഷ നടപ്പാക്കുകയും ചെയ്യുമായിരുന്നു എന്നതാണ്. അല്ലാഹുവാണ് സത്യം മുഹമ്മദിന്‍റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കിലും  അവളുടെ കൈ ഞാന്‍ മുറിക്കുമായിരുന്നു." - [ബുഖാരി, മുസ്‌ലിം]. ശിക്ഷാവിധി നടപ്പാക്കുന്നിടത്ത് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്ന നീതിബോധത്തിന്‍റെ ഭാഗമാണത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യം ദുരുപയോഗം ചെയ്ത് കുറ്റവാളികളായ തന്‍റെ ബന്ധുമിത്രാതികളെ സംരക്ഷിക്കുന്ന ഓരോ ആളുകളെയും ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ് നബിതിരുമേനിയുടെ (സ) ആ വാക്കുകള്‍.

ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ഇസ്‌ലാം മനുഷ്യ ജീവിതത്തിന്‍റെ സര്‍വ മേഖലകളും പരാമര്‍ശിക്കുന്നു. അന്യായമായി ഒരാളുടെ ജീവന്‍ അപഹരിക്കുന്നവന് കുറ്റം തെളിഞ്ഞാല്‍ പ്രതിക്രിയയായി വധശിക്ഷയാണ് നല്‍കുക. കുറ്റം തെളിഞ്ഞാല്‍ അയാള്‍ക്ക് മാപ്പ് നല്‍കാന്‍ ഭാരനാധികാരിക്കോ കോടതിക്കോ അധികാരമില്ല. വധിക്കപ്പെട്ട ആളുടെ അനന്തരാവകാശികള്‍ക്ക് മാത്രമാണ് അയാള്‍ക്ക് മാപ്പ് നല്‍കാനുള്ള അവകാശം. മാപ്പ് നല്‍കുകയും പകരം ബ്ലഡ് മണി (നഷ്ടപരിഹാര ദ്രവ്യം) സ്വീകരിക്കുകയും ചെയ്യാനുള്ള അവകാശം ബന്ധുക്കള്‍ക്ക് ഉണ്ട്. നിരുപാധികം മാപ്പ് നല്‍കുകയുമാകാം.

വധശിക്ഷ നല്‍കുന്നതിന് ഒരുപാട് കടമ്പകള്‍ ഉണ്ട്. സംശയത്തിന് ഇടവരാത്ത രൂപത്തില്‍ തെളിവുകളോടെ കുറ്റം തെളിയണം. വധശിക്ഷ നടപ്പാക്കണം എന്നതില്‍ കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികള്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാകണം.  മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ വ്യത്യാസം ഇസ്‌ലാമിലില്ല.

ആചാര വിശ്വാസ തലങ്ങളില്‍ എന്നതിലുപരി ശിക്ഷാ നിയമങ്ങളിലും അത്യുന്നതമായ മൂല്യങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. പലപ്പോഴും ആ മൂല്യങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായത്, സൗമ്യ വധക്കേസ് വിധി തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് നിയമമാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍ക്ക് ലഭിക്കേണ്ടത് എന്ന് സമൂഹം ഒന്നടങ്കം ആവശ്യമുന്നയിച്ചിരുന്നു. മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് അവന്‍റെ സമാധാനപരവും നിര്‍ഭയവുമായ ജീവിതത്തിന് നിഷ്കര്‍ഷിച്ച നിയമങ്ങളാണ് ശരീഅത്ത് നിയമങ്ങളില്‍ എല്ലാം ഉള്ളത്. കുറ്റവാളിക്ക് അവന്‍ ചെയ്ത കുറ്റത്തിന് സമാനമായ ശിക്ഷ ലഭ്യമാക്കുക എന്ന പ്രതിക്രിയ (ഖിസാസ്) മനുഷ്യ ജീവിതത്തിന് അനിവാര്യമാണ് എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. "സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു.......". - [വിശുദ്ധഖുര്‍ആന്‍: 2/178]. തുടര്‍ന്ന് അത് നിയമമാക്കാന്‍ ഉണ്ടായ കാരണവും അല്ലാഹു പറയുന്നു: "ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്‍റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍)" - [വിശുദ്ധഖുര്‍ആന്‍:  2/179]. അഥവാ മനുഷ്യ ജീവിതത്തിന്‍റെ നിലനില്‍പ് തന്നെ ഇത്തരം അധര്‍മ്മകാരികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിലാണ്. ഇല്ലയെങ്കില്‍ ആരും ആരെയും കൊല ചെയ്യാന്‍ മടിക്കാത്ത ദിനം പ്രതി നിരവധി കൊലപാതകങ്ങള്‍ നടക്കുന്ന സാഹചര്യം (നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഉദാഹരണം) ഉണ്ടാകും.

എന്നാല്‍ ഇസ്‌ലാമില്‍ വ്യക്തികള്‍ക്ക് സ്വയം ശിക്ഷ വിധിക്കാനും നടപ്പാക്കാനുമുള്ള അധികാരമില്ല. ഉത്തരവാദപ്പെട്ട അധികാരികളാണ് ശിക്ഷ നടപ്പാക്കേണ്ടത്. നിയമവ്യവസ്ഥിതി കയ്യാളുന്നവര്‍ ഏകനായ പ്രപഞ്ച സൃഷ്ടാവിന്‍റെ നിയമങ്ങള്‍ പാലിക്കുവാനും നടപ്പിലാക്കുവാനും ബാധ്യസ്ഥരാണ്. അവര്‍ അനീതി കാണിക്കുന്ന പക്ഷം മരണാനന്തര ജീവിതത്തില്‍ തീര്‍ച്ചയായും സൃഷ്ടാവിന്‍റെ വിചാരണ നേരിടേണ്ടി വരും എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'ന്യായാധിപന്‍' , 'നിയമപാലകന്‍' തുടങ്ങിയ ചുമതലകളെല്ലാം അത്യധികം വലിയ ഉത്തരവാദിത്തമായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. അനീതിയോ അറിവില്ലാതെ വിധിക്കലോ കൊടുംപാപമായും കാണുന്നു. വ്യക്തികള്‍ നിയമം കയ്യിലെടുക്കലും ഇസ്‌ലാമില്‍ അന്യായം തന്നെ. കാരണം അത് സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെടുത്തും.

എല്ലാ അനീതിക്കും നീതിപൂര്‍വ്വം വിധി നടപ്പാക്കുന്ന സൃഷ്ടാവിന്‍റെ കോടതിയില്‍, സൃഷ്ടാവിന്‍റെ നിയമമനുസരിച്ച് ജീവിച്ചവര്‍ സുരക്ഷിതരായിരിക്കും. എന്നാല്‍ നീതി നിഷേധിച്ചവര്‍, നീതി നിഷേധത്തിന് കൂട്ട് നിന്നവര്‍, വാക്കാലത്ത് പറഞ്ഞവര്‍, നിയമത്തിന്‍റെ സാങ്കേതികത്വത്തിലൂടെ രക്ഷപ്പെട്ടവര്‍ എല്ലാവരെയും ആ കോടതിയില്‍ വിചാരണ കാത്തുകിടപ്പുണ്ട്. നബി (സ) പറഞ്ഞു: "ഒരു ന്യായാധിപന്‍ സ്വര്‍ഗ്ഗത്തിലും, രണ്ട് ന്യായാധിപന്മാര്‍ നരകത്തിലുമായിരിക്കും. ഒന്ന് സത്യം മനസ്സിലാക്കി അതുപ്രകാരം വിധിച്ചവന്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണ്. മറ്റൊന്ന് സത്യം ഏത് എന്നറിയാതെ വിധി പറഞ്ഞവന്‍ (അവന്‍റെ വിധി സത്യത്തിന് അനുകൂലമായാല്‍പോലും) അവന്‍ നരകത്തിലാണ്, അതുപോലെ സത്യം അറിഞ്ഞിട്ടും വിപരീതമായി വിധി പറഞ്ഞവന്‍ അവനും നരകത്തിലാണ്". വിശ്വാസ, ആചാര, കര്‍മ്മ തലങ്ങളില്‍ എന്നുവേണ്ട ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും ഏകനായ സൃഷ്ടാവിന്‍റെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുക ഓരോ മനുഷ്യന്‍റെയും ബാധ്യതയാണ്. ആ നിയമങ്ങളാണ് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. മനുഷ്യന്‍റെ ഇഹപരവിജയവും ശാന്തിയും നിലകൊള്ളുന്നത് സൃഷ്ടാവിന്‍റെ നിയമങ്ങള്‍ പിന്തുടരുമ്പോഴാണ്. ആ സന്മാര്‍ഗത്തിലേക്ക് നമ്മെ ഏവരേയും സര്‍വ്വശക്തന്‍ വഴിനടത്തട്ടെ... 

അനുബന്ധലേഖനം: ഗോവിന്ദച്ചാമിയുടെ കോടതി വിധി. ഒരിസ്‌ലാമിക നിരൂപണം.  [ http://www.fiqhussunna.com/2016/10/blog-post_19.html ] .