Saturday, September 17, 2016

ഗോവിന്ദച്ചാമിയുടെ കോടതി വിധി. ഒരിസ്‌ലാമിക നിരൂപണം.


 ഗോവിന്ദച്ചാമി എന്ന അക്രമിക്ക് കോടതി നല്‍കിയ ശിക്ഷയെ സംബന്ധിച്ചാണല്ലോ ഇന്ന് എവിടെയും ചര്‍ച്ച. ക്രൂരമായ പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ല എന്നതാണ് ഭാഷ്യം. ഇവിടെയാണ്‌ പ്രസ്തുത സംഭവത്തെയും അതിന് ഇസ്‌ലാമിക നിയമങ്ങളെയും സംബന്ധിച്ച് ചില ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്.

www.fiqhussunna.com

ഈ ലോകത്തിന്‍റെ സൃഷ്ടാവായ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ സന്മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യജീവിതത്തിലെ സര്‍വ മേഖലകളെക്കുറിച്ചും അത് പഠിപ്പിക്കുന്നുണ്ട്. എന്തിനധികം മഹാനായ സല്‍മാനുല്‍ ഫാരിസി (റ) വിന്‍റെ അരികില്‍ ഒരു ജൂതന്‍ വന്നുകൊണ്ട്‌ പരിഹാസരൂപേണ നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് വിസര്‍ജന സമയത്തെ മര്യാദകള്‍ പോലും പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഭിമാനപുരസരം 'അതെ' എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഭൗതിക ലോകത്തും മരണശേഷമുള്ള ജീവിതത്തിലും മനുഷ്യന് വിജയവും സമാധാനവും നിര്‍ഭയത്വവും കൈവരിക്കാന്‍ പ്രാപ്തമായ നിയമനിര്‍ദേശങ്ങളാണ് എല്ലാ മേഖലകളിലും ഇസ്‌ലാം പഠിപ്പിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ക്കും നീതിയുക്തവും, തിന്മയുടെ വ്യാപനത്തിന് തടയിടാന്‍ പ്രാപ്തവും, മാതൃകാപരവുമായ ശിക്ഷാനിയമങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കുക എന്നതാണ് ഇസ്‌ലാമിന്‍റെ നിയമം. ഇര കൊല്ലപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്‍റെ ഗൌരവമനുസരിച്ച് ന്യായാധിപന് വധശിക്ഷ വിധിക്കാം. കാരണം ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുക, അവരുടെ മേല്‍ ലൈംഗികമായ അതിക്രമം നടത്തുക തുടങ്ങിയവ ഭൂമിയില്‍ കുഴപ്പമുണ്ടാക്കലും, നിര്‍ഭയത്വം നഷ്ടപ്പെടുത്തലുമാണ്.

അവര്‍ക്കുള്ള ശിക്ഷ ഇതാണ്. അല്ലാഹു പറയുന്നു:

إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ (33)
"അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും." - [മാഇദ:33].

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും മനുഷ്യന്‍റെ സമാധാനപൂര്‍ണമുള്ള ജീവിതത്തിനും സഞ്ചാരത്തിനും തടയിടുകയും ചെയ്യുന്ന ആളുകള്‍ക്കുള്ള ശിക്ഷയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. അവര്‍ ചെയ്യുന്ന പാപഗൗരവമനുസരിച്ചായിരിക്കും ശിക്ഷയുടെ കാഠിന്യം. നാടുകടത്തപ്പെടുക, കൈകാലുകള്‍ വിച്ചേദിക്കുക, വധശിക്ഷ നല്‍കുക, ക്രൂശിക്കുക തുടങ്ങി അവര്‍ ചെയ്ത പാപങ്ങള്‍ക്കനുസരിച്ച് ന്യായാധിപന് ശിക്ഷാവിധി നടപ്പാക്കാവുന്നതാണ്.  ഇത് മനുഷ്യന്‍റെ പ്രകൃതമറിയുന്ന  സൃഷ്ടാവില്‍ നിന്നും അവതീര്‍ണമായ നിയമമാണ്. അതില്‍ മനുഷ്യന് നീതിയും സമാധാനവും നിര്‍ഭയത്വവും ദര്‍ശിക്കാം. കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അത് പീഡിതര്‍ക്ക് നീതിയാണ്. കുറ്റം ചെയ്തവന് ശിക്ഷയാണ്. കുറ്റകൃത്യങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താക്കീതാണ്.

ഗോവിന്ദച്ചാമി എന്നയാളുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോര്‍ട്ട് വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വധശിക്ഷക്ക് വേണ്ടി വാദിച്ച വക്കീല്‍ പറഞ്ഞത്: "സൗമ്യക്ക് മാത്രമല്ല. അവരുടെ കുടുംബത്തിനും, ഈ സമൂഹത്തിനുമാണ് നീതി നിഷേധിക്കപ്പെട്ടത്".

ശിക്ഷിക്കപ്പെടാന്‍ കുറ്റം തെളിയുക എന്നത് ഇസ്‌ലാമിക നിയമപ്രകാരം അത്യധികം നിര്‍ബന്ധമാണ്‌. '(കുറ്റപത്രത്തില്‍) സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ 'ഹുദൂദ്' അഥവാ ശറഅ് തത് വിഷയത്തില്‍ നിര്‍ണയിച്ച (വധശിക്ഷ, അംഗവിച്ചേദനം, അടി) തുടങ്ങിയ കഠിന ശിക്ഷ ഉപേക്ഷിക്കുക' എന്ന് നബി (സ) പഠിപ്പിച്ചതായിക്കാണാം. സാക്ഷികള്‍, സ്വയം കുറ്റം ഏറ്റു പറയല്‍, ശാസ്ത്രീയ-സാഹചര്യത്തെളിവുകള്‍ തുടങ്ങിയവയാണ് കുറ്റം തെളിയാന്‍ ഇസ്‌ലാമിക നിയമത്തിലെ മാനദണ്ഡം.

ഗോവിന്ദച്ചാമി കുറ്റം ചെയ്തു എന്നത് കോടതി അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ ശിക്ഷ വിധിച്ചത്. അഥവാ പ്രതി ഗോവിന്ദച്ചാമി തന്നെയാണ് എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നര്‍ത്ഥം. എന്നാല്‍ വധിക്കാന്‍ അയാള്‍ ഉദ്ദേശിച്ചിരുന്നോ, ലൈംഗിക അതിക്രമത്തിന്  ശ്രമിക്കവേ മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ചു പോയതാണോ, ട്രെയിനില്‍ നിന്ന് സ്വയം ചാടിയത് കൊണ്ട് സംഭവിച്ചതാണോ  തുടങ്ങിയവയാണ് കോടതിയുടെ സംശയം. ശ്വാസകോശത്തിലേക്ക് രക്തം ഇറങ്ങിയത് ലൈംഗിക അതിക്രമത്തിന് വേണ്ടി ഉയര്‍ത്തി വച്ചപ്പോള്‍ ആകാം എന്നും അപ്രകാരം രക്തം ഇറങ്ങുമെന്നത് പ്രതിക്ക് അറിവില്ലാതിരുന്നിരിക്കാം എന്നും ശിക്ഷ ഇളവ് നല്‍കാന്‍ കാരണമായിപ്പറയുന്നുണ്ട്. തീര്‍ത്തും ബാലുഷമായ ന്യായങ്ങള്‍ ആണിവ. യഥാര്‍ത്ഥത്തില്‍ ഈ സംശയം ശിക്ഷയില്‍ ഇളവ് നല്‍കാന്‍ പ്രാപ്തമായ സംശയമല്ല. കാരണം പ്രതി ലൈംഗിക അതിക്രമം ഉദ്ദേശിച്ചിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ആ അതിക്രമത്തില്‍ ഇര കൊല്ലപ്പെട്ടാല്‍ പിന്നെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. ഇനി ശരീഅത്ത് നിയമപ്രകാരം  ലൈംഗിക അതിക്രമങ്ങളില്‍ ഇര കൊല്ലപ്പെട്ടില്ലെങ്കിലും കുറ്റകൃത്യത്തിന്‍റെ ഗൗരവവും, മാതൃകാപരമായ ശിക്ഷയുടെ ആവശ്യവും കണക്കിലെടുത്ത്  ന്യായാധിപന് ആവശ്യമെങ്കില്‍  വധശിക്ഷ നടപ്പാക്കാം. ട്രെയിനില്‍ നിന്ന് തള്ളിയിട്ടാലും, ചാടാന്‍ ഒരാളെ നിര്‍ബന്ധിതയാക്കും വിധം അവരെ ഭയപ്പെടുത്തിയാലും, അക്രമിക്കാന്‍ ശ്രമിച്ചാലും അതിന്‍റെ ഉപോല്‍ഭലകമായി സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അയാള്‍ ഉത്തരവാദിയുമാണ്. അതുപോലെ മദ്യപിച്ച ഒരാള്‍ എന്ത് കുറ്റകൃത്യം ചെയ്താലും അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വം അയാള്‍ക്ക് ഉണ്ട് എന്നതാണ് ശരീഅത്തിലെ നിയമം. സ്വബോധം ഇല്ലാത്തതുകൊണ്ട് അയാള്‍ മനപ്പൂര്‍വം ഉദ്ദേശിച്ചോ ഇല്ലയോ എന്നത് ഒരിക്കലും പ്രസക്തമല്ല.

ഇനി മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപ്പൂര്‍വമായ നരഹത്യ, മനപ്പൂര്‍വമായ നരഹത്യയോട് സാമ്യതയുള്ളത് തുടങ്ങി മൂന്നിനങ്ങളായി വേര്‍തിരിച്ച് തന്നെ ഇസ്‌ലാമിക ശരീഅത്തില്‍ പഠിപ്പിക്കുന്നുണ്ട്.  ഒരാള്‍ വാഹനം ഓടിച്ച് പോകുമ്പോള്‍ മനപ്പൂര്‍വ്വമല്ലാതെ അശ്രദ്ധ കാരണത്താല്‍ മറ്റൊരാള്‍ വധിക്കപ്പെടാന്‍ ഇടവന്നാല്‍ അവിടെ വാഹനം ഓടിക്കുക എന്നത് സാധാരണ നിലക്ക് അനുവദിക്കപ്പെട്ടതും, മറ്റൊരാളുടെ മരണത്തിന് ഇടവരുത്താത്ത കാര്യവും ആയതിനാല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയായാണ് പരിഗണിക്കുക. എന്നാല്‍ അമിതവേഗം, ലൈസന്‍സ് ഇല്ലാതിരിക്കല്‍, വാഹനം ഓടിക്കാന്‍ അറിയാത്തയാള്‍, റെഡ് സിഗ്നല്‍ ക്രോസ് ചെയ്യല്‍ തുടങ്ങിയ കാരണങ്ങളാല്‍ മറ്റൊരാളുടെ മരണത്തിന് ഇടവന്നാല്‍ മനപ്പൂര്‍വ്വമുള്ള നരഹത്യയോട് സാമ്യതയുള്ളത് എന്ന ഗണത്തിലാണ് പെടുക.  മറ്റൊരാളെ വധിക്കുക എന്നത് ഉദ്ദേശിച്ചുകൊണ്ട് ഒരു കാര്യം പ്രവര്‍ത്തിക്കുകയോ, അതല്ലെങ്കില്‍ സാധാരണ നിലക്ക് മരണത്തിന് ഇടവരുത്തുന്നത് എന്ന് വിലയിരുത്തപ്പെടുന്ന അക്രമണ രീതി സ്വീകരിക്കുകയോ ചെയ്‌താല്‍ അത് മനപ്പൂര്‍വമുള്ള കൊലപാതകമായും വിലയിരുത്തപ്പെടും. ഓരോന്നിനും അതിന്‍റേതായ ശിക്ഷാവിധിയും നഷ്ടപരിഹാരത്തുകയും അതീടാക്കുന്ന രീതിയുമുണ്ട്‌. അത് പരിശോധിച്ചാല്‍ തീര്‍ത്തും നീതിപൂര്‍വകമാണ്. ഉദാ: ഒരിക്കലും മനപ്പൂര്‍വ്വമല്ലാത്ത തന്‍റെ വീഴ്ച കൊണ്ട് സംഭവിക്കുന്ന മരണത്തിന് നഷ്ടപരിഹാരം ഈടാക്കുന്നത്, ആ വ്യക്തിയില്‍ നിന്ന് മാത്രമല്ല. കുടുംബത്തില്‍ കഴിവുള്ള ആളുകള്‍ എല്ലാവരില്‍ നിന്നുമാണ്. കാരണം അത് ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. ഇങ്ങനെ അതിന്‍റെ വിശദീകരണത്തിലേക്ക് കടന്നാല്‍ അതില്‍ത്തന്നെ അത്യധികം നീതിപൂര്‍വകവും മാനുഷികവുമായ ഒട്ടനേകം നിയമങ്ങളുണ്ട്.

സാമൂഹത്തെ ബാധിക്കാത്ത വ്യക്തിബന്ധങ്ങളില്‍ ഉള്ള അപാകതകളും പ്രശ്നങ്ങളും കാരണത്താല്‍ ഉണ്ടാകുന്ന മനപ്പൂര്‍വ്വമായ കൊലപാതകങ്ങളില്‍ അക്രമിക്കോ, കൊലയാളിക്കോ മാപ്പ് കൊടുക്കുകയോ, നഷ്ടപരിഹാരം സീകരിച്ച് വധശിക്ഷയില്‍ ഇളവ് നല്‍കുകയോ, പ്രതിക്രിയ എന്ന നിലക്ക് വധശിക്ഷ ആവശ്യപ്പെടുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം കൊല്ലപ്പെട്ടവന്‍റെ അടുത്ത ബന്ധുമിത്രാതികള്‍ക്ക് ഇസ്‌ലാം നല്‍കുന്നുണ്ട്. എന്നാല്‍ സമൂഹത്തെ ബാധിക്കുന്നതായ സാമൂഹ്യ തിന്മയുടെ ഗണത്തില്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ബന്ധുമിത്രാതികള്‍ മാപ്പ് നല്‍കിയാലും പ്രതിക്ക് മാപ്പ് ലഭിക്കില്ല. ആ ഇനത്തിലാണ് ബലാല്‍സംഗം, ലൈംഗിക അതിക്രമം തുടങ്ങിയവ പെടുന്നത്.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ശിക്ഷ എന്നുള്ളത് അനിവാര്യമാണ്. മാതൃകാപരമായി ശിക്ഷിക്കപ്പെടാതിരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കും എന്നത് സര്‍വ്വരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. നേരത്തെ വധശിക്ഷക്ക് വേണ്ടി വാദിച്ച് വിജയിച്ച അഭിഭാഷകന്‍ പറഞ്ഞ മറ്റൊരു കാര്യം: "ഇങ്ങനെയുള്ള കേസുകളില്‍ പ്രതികള്‍ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാതെ പോകുന്നത്, കുറ്റവാളികള്‍ക്ക് ഒരു മോശമായ സന്ദേശമാണ് നല്‍കുക" എന്നതാണ്. ജാതിമതഭേദമന്യേ നാം ഇതംഗീകരിക്കുന്നു. ഇവിടെയാണ് ഇസ്‌ലാം ചില തിന്മകള്‍ക്ക് അതികഠിനമായ ശിക്ഷ നിര്‍ണ്ണയിച്ചത് എന്തിന് എന്നത് പ്രസക്തമാകുന്നത്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ആകുമ്പോള്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇസ്‌ലാം വിരോധികള്‍ പോലും പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് 'ശരീഅത്ത് നിയമമാണ് വേണ്ടത്'. ഇത് യഥാര്‍ത്ഥത്തില്‍ ഒരംഗീകാരമാണ്. സൃഷ്ടാവിന്‍റെ അധ്യാപനങ്ങളിലേക്കും മാര്‍ഗനിര്‍ദേശങ്ങളിലേക്കും മടങ്ങുക എന്നതാണ് മനുഷ്യന്‍റെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കല്‍.

പരിശുദ്ധ ഇസ്‌ലാം മനുഷ്യന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. വികലമായ വിശ്വാസങ്ങളില്‍ നിന്നും ബഹുദൈവാരാധനയില്‍ നിന്നും മാറി ഏകാദൈവാരാധനയില്‍ അധിഷ്ടിതമായ മതം. സൃഷ്ടാവ് മനുഷ്യര്‍ക്ക് കനിഞ്ഞേകിയ അനുഗ്രഹം. അതിലേക്ക് മടങ്ങാതെ മനുഷ്യന്‍റെ പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാവുകയില്ല. മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് തന്നെയാണ് പ്രതിവിധികളും നിയമങ്ങളും മനുഷ്യന് നല്‍കേണ്ടത്. ആ മാര്‍ഗദര്‍ശനമാണ് വിശുദ്ധഖുര്‍ആന്‍. അത് പഠിപ്പിക്കുകയും വിശ്വാസപരമായും സാമൂഹ്യപരമായും സൃഷ്ടാവിന്‍റെ നിയമങ്ങള്‍ക്കനുസൃതമായി മനുഷ്യരെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ് അല്ലാഹു പ്രവാചകനെ നിയോഗിച്ചത്. വിശ്വാസം, മതാനുഷ്ടാനം, ഭരണം, നീതിന്യായ വ്യവസ്ഥ, സാമ്പത്തികം, ഉപജീവനം, സാമൂഹിക പ്രതിബദ്ധത തുടങ്ങി മനുഷ്യന്‍റെ എല്ലാ മേഖലകളിലും ഇസ്‌ലാം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 

പ്രതി ശിക്ഷിക്കപ്പെടുക എന്നത് ഈ ലോകത്തെ നീതിയുടെയും, ക്രമസമാധാനത്തിന്‍റെയും ഭാഗമാണ് എങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമുള്ള അവസാനവാക്ക് ഈ ലോകമാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മരണശേഷം ജീവിതമുണ്ട്. അവിടെ വിചാരണയുണ്ട്. സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത, സാക്ഷികളായി അവനനവന്‍റെ കൈകാലുകള്‍ സംസാരിക്കുന്ന ലോകം. അവിടെ എല്ലാത്തിനും നീതിയുണ്ട്. സൃഷ്ടാവിന്‍റെ നിയമങ്ങളെ പാലിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും അവിടെ രക്ഷയുണ്ട്. നിഷേധിച്ചവര്‍ക്കും അതിക്രമം പ്രവര്‍ത്തിച്ചവര്‍ക്കും അവിടെ കഠിനമായ ശിക്ഷയുമുണ്ട്‌.

എല്ലാ അനീതിക്കും നീതിപൂര്‍വ്വം വിധി നടപ്പാക്കുന്ന സൃഷ്ടാവിന്‍റെ കോടതിയില്‍ സൃഷ്ടാവിന്‍റെ നിയമമനുസരിച്ച് ജീവിച്ചവര്‍ സുരക്ഷിതരായിരിക്കും. എന്നാല്‍ നീതി നിഷേധിച്ചവര്‍, നീതി നിഷേധത്തിന് കൂട്ട് നിന്നവര്‍, വാക്കാലത്ത് പറഞ്ഞവര്‍, നിയമത്തിന്‍റെ സാങ്കേതികത്വത്തിലൂടെ രക്ഷപ്പെട്ടവര്‍ എല്ലാവരെയും ആ കോടതിയില്‍ വിചാരണ കാത്തുകിടപ്പുണ്ട്.

നബി (സ) പറഞ്ഞു: "ഒരു ന്യായാധിപന്‍ സ്വര്‍ഗ്ഗത്തിലും, രണ്ട് ന്യായാധിപന്മാര്‍ നരകത്തിലുമായിരിക്കും. ഒന്ന് സത്യം മനസ്സിലാക്കി അതുപ്രകാരം വിധിച്ചവന്‍ അയാള്‍ സ്വര്‍ഗ്ഗത്തിലാണ്. മറ്റൊന്ന് സത്യം ഏത് എന്നറിയാതെ വിധി പറഞ്ഞവന്‍ (അവന്‍റെ വിധി സത്യത്തിന് അനുകൂലമായാല്‍പോലും) അവന്‍ നരകത്തിലാണ്, അതുപോലെ സത്യം അറിഞ്ഞിട്ടും വിപരീതമായി വിധി പറഞ്ഞവന്‍ അവനും നരകത്തിലാണ്".

വിധിനിര്‍ണയത്തോടെ ഒരു ന്യായാധിപന്‍റെയും ഉത്തരവാദിത്വം തീരുന്നില്ല. വിചാരണ അവരെയും കാത്ത് കിടപ്പുണ്ട്. അന്തിമ കോടതിയില്‍. തന്‍റെ വിധിയിലെയും ജീവിതത്തിലെയും ന്യായാന്യായങ്ങള്‍ അവിടെ തീര്‍പ്പ്‌ കല്പിക്കപ്പെടും...

നീതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാന്ദര്‍ഭികമായി പറയേണ്ട ഒരുകാര്യം:
ഏറ്റവും വലിയ അനീതിയും അക്രമവുമായി ഇസ്‌ലാം പഠിപ്പിക്കുന്നത് ബഹുദൈവാരാധനയാണ്. ഈ ലോകം സൃഷ്ടിച്ച സൃഷ്ടാവ് ഏകനാണ്. ആദമിനെയും, മൂസയെയും, യേശുവിനെയും, മുഹമ്മദിനെയും എന്നെയും നിങ്ങളെയും ശ്രീകൃഷ്ണനെയും, ശ്രീബുദ്ധനെയും, ശ്രീരാമനെയും എല്ലാവരെയും സൃഷ്ടിച്ച സൃഷ്ടാവ്. അവന്‍ മാത്രമാണ് ആരാധനക്ക് അര്‍ഹന്‍. സ്രിഷ്ടിജാലങ്ങളല്ല സൃഷ്ടാവാണ് ആരാധിക്കപ്പെടേണ്ടത്.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21) الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌." - [അല്‍ബഖറ: 21].

എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടും ആ സൃഷ്ടാവിനെനിരാകരിച്ച് അവനില്‍ പങ്കുകാരെയുണ്ടാക്കി സൃഷ്ടിജാലങ്ങളെ ആരാധിക്കുന്നവര്‍ക്ക് നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ എന്തര്‍ഹത. കാരണം അവര്‍ ചെയ്യുന്നതാണ് ഏറ്റവും വലിയ അനീതി. മഖ്ബറകളെയും മഖാമുകളെയും ആല്‍ത്തറകളെയും പൂജിക്കുന്നവര്‍,  ബീവി തങ്ങന്മാര്‍ മുതല്‍, ആള്‍ദൈവങ്ങള്‍ വരെ സൃഷ്ടികള്‍ക്ക് ആരാധനയര്‍പ്പിക്കുന്നവര്‍. കാത്തിരിക്കുന്നത് ഭയാനകമായ നരകമാണ്. സൃഷ്ടാവിന്‍റെ കോടതിയില്‍ ഒരു മാപ്പും ലഭിക്കാത്ത കൊടിയ പാപം. ഈ ലോകത്തിന്‍റെ നിയന്താവും സംരക്ഷകനും എന്നെയും നിങ്ങളെയും സൃഷ്ടിച്ച സര്‍വ്വശക്തന് പുറമെ സ്രിഷ്ടിജാലങ്ങളെ ആരാധ്യന്മാരായി സ്വീകരിക്കല്‍. പശ്ചാത്തപിച്ച് മടങ്ങി ഏകദൈവവിശ്വാസത്തില്‍ പ്രവേശിക്കുന്നത് വരെ സൃഷ്ടാവിന്‍റെ കോടതിയില്‍ ഈ തിന്മക്ക് മാപ്പില്ല.
هَؤُلَاءِ قَوْمُنَا اتَّخَذُوا مِنْ دُونِهِ آلِهَةً لَوْلَا يَأْتُونَ عَلَيْهِمْ بِسُلْطَانٍ بَيِّنٍ فَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ كَذِبًا
"ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച്‌ വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്‌? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്‌ ?" - [അല്‍കഹ്ഫ്: 15].
وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لِيَكُونُوا لَهُمْ عِزًّا (81) كَلَّا سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا (82) أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا (83) فَلَا تَعْجَلْ عَلَيْهِمْ إِنَّمَا نَعُدُّ لَهُمْ عَدًّا (84) يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَنِ وَفْدًا (85) وَنَسُوقُ الْمُجْرِمِينَ إِلَى جَهَنَّمَ وِرْدًا (86)

"അല്ലാഹുവിന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവര്‍ ഇവര്‍ക്ക്‌ പിന്‍ബലമാകുന്നതിന്‌ വേണ്ടി. അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതാണ്‌. സത്യനിഷേധികളുടെ നേര്‍ക്ക് അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന്‌ നീ കണ്ടില്ലേ?. അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം ( നാളുകള്‍ ) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു. ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക്‌ നാം വിളിച്ചുകൂട്ടുന്ന ദിവസം. കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം". - [മര്‍യം:81 -86].

അതുകൊണ്ട് നീതി മാത്രം വിജയിക്കുന്ന, അനീതികളെല്ലാം പരാജയപ്പെടുന്ന കോടതിയില്‍ നാം സുരക്ഷിതരാണോ എന്ന് പ്രിയപ്പെട്ടവരേ നാം ചിന്തിക്കുക.

എല്ലാം ഈ ജീവിതം കൊണ്ട് കഴിഞ്ഞു എന്ന് കരുതുന്നവരെ ഇവിടെ കാണാം. മരണശേഷം ഒരു ജീവിതമില്ല. അവരുടെ കാഴ്ചപ്പാടില്‍ നീതി ഇവിടെ നിഷേധിക്കപ്പെട്ടാല്‍ അത് ലഭിക്കുന്ന മറ്റൊരിടമില്ല. സൗമ്യ ഇവിടെ അവസാനിച്ചുവെങ്കില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷക്ക് വേണ്ടി നിങ്ങള്‍ വാദിക്കുന്നതെന്തിനാണ്. അവള്‍ക്ക് പോകാനുള്ളത് പോയി. അയാള്‍ സുഖമായി ജീവിക്കട്ടെ എന്നല്ലേ നിങ്ങള്‍ കരുതേണ്ടത്. ഒരുപക്ഷെ അതുതന്നെയാണല്ലോ വധശിക്ഷക്കെതിരേ ശബ്ദിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതും. സത്യത്തില്‍ ഈ ലോകം കൊണ്ട് എല്ലാം അവസാനിക്കും എന്ന ചിന്തയാണ് ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത്. തന്‍റെ കേവലമായ ഭൗതിക സുഖങ്ങള്‍ എന്നതിലുപരി പരലോകശേഷം തനിക്കൊരു ജീവിതമുണ്ട് എന്ന കൃത്യമായ ബോധ്യമുള്ളവന് ഇതുപോലുള്ള അധര്‍മ്മങ്ങളും കുറ്റകൃത്യങ്ങളും ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവിടെ രക്ഷപ്പെട്ടാലും അവിടെ രക്ഷപ്പെടില്ല എന്ന ബോധ്യം അവനുണ്ട്. അതാണ്‌ യാഥാര്‍ത്ഥ്യവും. ഇനി ചെയ്തുപോയാല്‍ത്തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങാന്‍ അവന്‍ തയ്യാറാകും. എന്നാല്‍ ഈ ലോകം കൊണ്ട് എല്ലാം അവസാനിക്കുമെങ്കില്‍, ഏത് മാര്‍ഗേണയും തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുക എന്ന സമീപനം ഒരാള്‍ സ്വീകരിക്കുന്നുവെങ്കില്‍, അത് തെറ്റാണ് എന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ?. അല്ലെങ്കിലും നിങ്ങള്‍ക്ക് നന്മയും തിന്മയുമുണ്ടോ ?. കേവല മാനുഷിക സാങ്കേതിക വിദ്യയില്‍ ഉടലെടുത്ത കാമറക്കണ്ണുകള്‍ ഒരാളുടെ പ്രവര്‍ത്തിയിലൂടെയല്ലാതെ ഉണ്ടാവുകയില്ല എന്ന് വിശ്വസിക്കുമ്പോള്‍ത്തന്നെ അതിനേക്കാള്‍ സങ്കീര്‍ണവും, കാണാന്‍ കണ്ണുകള്‍ ആവശ്യമില്ലാത്ത ഉദരത്തില്‍ വെച്ച് സൃഷ്ടിക്കപ്പെട്ടതുമായ കണ്ണുകളെന്ന മഹാത്ഭുതം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കുന്ന വിഡ്ഢിത്തമല്ലേ നിങ്ങളെ നയിക്കുന്നത്. വിവേകത്തിന്‍റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ചിന്തിക്കുക. 

എല്ലാവരും സൃഷ്ടാവിന്‍റെ മുന്നിലേക്ക് ആനയിക്കപ്പെടും. സന്മാര്‍ഗം സ്വീകരിക്കുകയും സൃഷ്ടാവിനെ അംഗീകരിക്കുകയും, പ്രവാചകന്മാരെയും വേദഗ്രന്ധങ്ങളെയും സത്യപ്പെടുത്തുകയും ചെയ്ത ആളുകള്‍ക്ക് വിജയമുണ്ടാകും. സൃഷ്ടാവില്‍ ഇതര ആരാധ്യന്മാരെ പങ്കു ചേര്‍ക്കുകയും സൃഷ്ടാവിനുള്ള ആരാധനയില്‍ നിന്നും സൃഷ്ടിപൂജയിലേക്ക് തിരിയുകയും ചെയ്തവര്‍ക്ക് നിന്ദ്യതയും. 

 يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ (20) أَمِ اتَّخَذُوا آلِهَةً مِنَ الْأَرْضِ هُمْ يُنْشِرُونَ (21) لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ
"അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ ? !. ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!" - [അല്‍അന്‍ബിയാ: 20 - 22].
 أَمِ اتَّخَذُوا مِنْ دُونِهِ آلِهَةً قُلْ هَاتُوا بُرْهَانَكُمْ هَذَا ذِكْرُ مَنْ مَعِيَ وَذِكْرُ مَنْ قَبْلِي بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ فَهُمْ مُعْرِضُونَ
"അതല്ല, അവന്ന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട്‌ വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു." - [അല്‍അമ്പിയാ: 24].
 إِنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللَّهِ حَصَبُ جَهَنَّمَ أَنْتُمْ لَهَا وَارِدُونَ (98) لَوْ كَانَ هَؤُلَاءِ آلِهَةً مَا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ (99) لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ (100) إِنَّ الَّذِينَ سَبَقَتْ لَهُمْ مِنَّا الْحُسْنَى أُولَئِكَ عَنْهَا مُبْعَدُونَ (101) 

"തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും (മനുഷ്യന്‍ സൃഷ്ടിച്ചുണ്ടാക്കുന്ന ബിംബങ്ങളും, താന്‍ ആരാധിക്കപ്പെടുന്നതിനെ തൃപ്തിപ്പെടുന്ന ആള്‍ദൈവങ്ങളും) നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക്‌ അവിടെ ഒരു തേങ്ങലുണ്ടായിരിക്കും. അവര്‍ അതില്‍ വെച്ച്‌ (യാതൊന്നും) കേള്‍ക്കുകയുമില്ല. തീര്‍ച്ചയായും നമ്മുടെ പക്കല്‍ നിന്നു മുമ്പേ നന്‍മ ലഭിച്ചവരാരോ അവര്‍ അതില്‍ (നരകത്തില്‍) നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നവരാകുന്നു. അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക്‌ ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും". - [അല്‍അമ്പിയാ:98-101].
وَاتَّخَذُوا مِنْ دُونِهِ آلِهَةً لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنْفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا (3)
"അവന്ന്‌ പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ദൈവങ്ങള്‍) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക്‌ തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല." - [അല്‍ഫുര്‍ഖാന്‍: 3].

അതുകൊണ്ട് നീതിയെക്കുറിച്ച് ശബ്ദിക്കുമ്പോള്‍ ഏറ്റവും വലിയ നീതിയെക്കുറിച്ച് മറന്നുപോകരുത്. അത് ഈ ലോകത്തിന്‍റെ സൃഷ്ടാവിനെ മാത്രം ആരാധിക്കുക എന്നുള്ളതാണ്. ഏറ്റവും വലിയ അനീതിയാകട്ടെ അവനില്‍ പങ്കുകാരെ നിര്‍ണയിക്കുക എന്നതും. ചിന്തിക്കുക സത്യം അന്വേഷിച്ച് കണ്ടെത്തുക...