Tuesday, February 9, 2016

എന്‍റെ ജീവിത കാലത്ത് തന്നെ മക്കള്‍ക്ക് സ്വത്ത് ഓഹരി വച്ച് കൊടുക്കാമോ ?.

ചോദ്യം: എന്‍റെ ജീവിത കാലത്ത് തന്നെ എന്‍റെ സ്വത്ത് മക്കള്‍ക്ക് അനന്തരാവകാശ നിയമപ്രകാരം വീതിച്ചു നല്‍കാമോ ?.

മറുപടി:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين وبعد؛

www.fiqhussunna.com

നിങ്ങളുടെ സ്വത്ത് നിങ്ങളുടെ മക്കള്‍ക്ക് ജീവിത കാലത്ത് തന്നെ വീതിച്ച് നല്‍കാം. എന്നാല്‍ അപ്രകാരം വിഹിതം വെച്ച് നല്‍കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്ക് ആവശ്യമായത് നീതിയുക്തമായി നല്‍കുകയും ബാക്കി നിങ്ങളുടെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതുമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാന്‍ വേണ്ടിയാണ് അപ്രകാരം പറഞ്ഞത്. ശൈഖ് ഇബ്നു ബാസ് (റ) സമാനമായ ചോദ്യത്തിന് മറുപടിയായി പറയുന്നു: "അല്ലാഹുവിന്‍റെ ശറഅ് പ്രകാരം മക്കള്‍ക്കിടയില്‍ വിഹിതം വെക്കുകയാണ് ചെയ്യുന്നത് എങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ (ജീവിത കാലത്തുതന്നെ) അപ്രകാരം ചെയ്യാതിരിക്കലാണ്  ഉചിതം. അതില്‍ നിന്ന് ഭക്ഷിക്കുവാനും ആവശ്യമുള്ളത് എടുക്കാനും, മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കാനുമാണ് അപ്രകാരം പറഞ്ഞത്". - [http://www.binbaz.org.sa/node/13172]

ജീവിത കാലത്ത് മക്കള്‍ക്ക് വിഹിതം വച്ച് നല്‍കിയാല്‍ അത് هبة അഥവാ പാരിതോഷികം എന്ന നിലക്കാണ് പരിഗണിക്കപ്പെടുക. എന്നാല്‍ അപ്രകാരം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

ഒന്ന്: നിങ്ങളുടെ അനന്തരാവകാശി ആകാന്‍ സാധ്യതയുള്ള ആരെയെങ്കിലും അനന്തര സ്വത്തില്‍ നിന്നും തടയുക എന്ന ഉദ്ദേശത്തോടെ ആയിരിക്കരുത് അത്. അതാണ്‌ നിങ്ങളെ സ്വത്ത് വിഹിതം വെച്ച് നല്‍കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എങ്കില്‍ അത് അനുവദനീയമല്ല. കാരണം അത് ശറഇന്‍റെ താല്പര്യത്തിന് വിപരീതമായ കാര്യമാണ്.

രണ്ട്: മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തും വിധമാണ് അത് നല്‍കേണ്ടത്. അനന്തരാവകാശ നിയമപ്രകാരം (അഥവാ ആണിന് പെണ്ണിന്‍റെ ഇരട്ടി) എന്ന നിലക്ക് നല്‍കുന്നു എന്ന് ചോദ്യത്തില്‍ തന്നെ സൂചിപ്പിച്ചത് കൊണ്ട് ഈ നിബന്ധന താങ്കള്‍ പാലിച്ചിട്ടുണ്ട്. ജീവിത കാലത്ത് നല്‍കുന്ന ഇഷ്ട ദാനത്തിന്‍റെ വിഷയത്തില്‍ രണ്ട് അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ളത്. ഒന്ന് ആണിനും പെണ്ണിനും തുല്യമായി നല്‍കുക. രണ്ട് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍. മരണശേഷം പോലും ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന നിലക്കാണ് ശറഇല്‍ നിശ്ചയിക്കപ്പെട്ടത് എന്നതുകൊണ്ട്‌ രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ പ്രബലം. പരസ്പര തൃപ്തിയോടെ ഒന്നാമത്തെ അഭിപ്രായം സ്വീകരിക്കുന്നതിലും തെറ്റില്ല.

നബി (സ) പറഞ്ഞു:
فاتقوا الله واعدلوا بين أولادكم 

"നിങ്ങളെ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക." - [متفق عليه]. അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നീതിയുക്തമായ മറ്റൊന്നില്ലല്ലോ അതുകൊണ്ടാണ് അനന്തരാവകാശ നിയമത്തെപ്പോലെത്തന്നെ നല്‍കുകയാണ് എങ്കില്‍ അതാണ്‌ കൂടുതല്‍ ഉചിതം എന്ന് പറയാന്‍ കാരണം. അല്ലാഹു അപ്രകാരമാണല്ലോ ഓഹരി നിശ്ചയിച്ചിരിക്കുന്നത്. നീതി പുലര്‍ത്തുക എന്നതിന് സമമായി നല്‍കുക എന്നര്‍ത്ഥമില്ല. അതുപോലെ നാം മനസിലാക്കേണ്ട ഒരു കാര്യം മക്കളില്‍ ആര്‍ക്കെങ്കിലും അവരുടെ ആവശ്യവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് ഓഹരിപ്രകാരം ലഭിക്കുന്നതിനെക്കാള്‍ അധികമായി വല്ലതും നല്‍കുന്ന  പക്ഷം പരസ്പരം കൂടിയാലോചിക്കുകയും മറ്റു മക്കളുടെ തൃപ്തി ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.

മൂന്ന്‍: നിങ്ങള്‍ മരണാസന്നനായ രോഗിയോ, വാര്‍ദ്ധക്യ സാഹചമായ രോഗങ്ങളോ പിടിപെട്ട ആളാണ്‌ എങ്കില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ദാനം ചെയ്യാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. സഅദ് ബിന്‍ അബീ വഖാസ് (റ) വിനോട് "മൂന്നിലൊന്ന്, അതു തന്നെ ധാരാളമാണ്" എന്ന് നബി (സ) പറഞ്ഞതിനാലാണ് ഇത്. അതുകൊണ്ട് നിങ്ങള്‍ മരണം പ്രതീക്ഷിക്കുന്ന രോഗിയാണ് എങ്കില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ഇഷ്ടദാനമായി നല്‍കാന്‍ പാടില്ല. ഇനി ഈ നിയമം മാനിക്കാതെയോ, അറിയാതെയോ നിങ്ങള്‍ മൂന്നിലൊന്നില്‍ കൂടുതല്‍ നല്‍കിയാലും അത് സാധുവാകുകയില്ല. മൂന്നിലൊന്ന് മാത്രമേ പരിഗണിക്കുകയുള്ളൂ.

നാല് : നിങ്ങളുടെ മരണശേഷം എന്ന നിലക്കാണ് നിങ്ങള്‍ സ്വത്ത് മക്കളുടെ പേരില്‍ എഴുതിവെക്കുന്നത് എങ്കില്‍ ആ വസ്വിയത്തിന് യാതൊരു സാധുതയുമില്ല. കാരണം നബി (സ) പറഞ്ഞു : لا وصية لوارث "അനന്തരാവകാശിക്ക് വസ്വിയത്ത് ഇല്ല". അവര്‍ക്ക് അനന്തരാവകാശം മുഖേന മാത്രമാണ് സ്വത്ത് ലഭിക്കുക. ആയതിനാല്‍ത്തന്നെ അനന്തരാവകാശികളായ ആര്‍ക്കെങ്കിലും മരണ ശേഷം സ്വത്ത് വസ്വിയത്തായി എഴുതി വച്ചിട്ടുണ്ടെങ്കില്‍ ആ വസ്വിയത്ത് അസാധുവാണ്. അതുകൊണ്ട് മക്കള്‍ക്ക് നല്‍കുന്നുവെങ്കില്‍ ജീവിത കാലത്ത് തന്നെ അവരുടെ അവകാശമായി നല്‍കണം. ഒപ്പം മുകളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ കൂടി പരിഗണിക്കണം.

അഞ്ച്: നിങ്ങള്‍ സ്വത്ത് വിഹിതം വെച്ച് നല്‍കുകയും എന്നാല്‍ നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിങ്ങളുടെ ബാധ്യതയായിട്ടുള്ള ആളുകള്‍ക്ക് നല്‍കേണ്ട ചിലവിന് നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. കാരണം നിര്‍ബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സമാകും വിധം പുണ്യകരമായ കാര്യങ്ങള്‍ നിര്‍വഹിക്കാവതല്ല.

നിങ്ങളുടെ മക്കളില്‍ അല്ലാഹു കണ്‍കുളിര്‍മ നല്‍കുകയും അവരെ സ്വാലിഹീങ്ങളായ മക്കളാക്കിത്തീര്‍ക്കുകയും ചെയ്യട്ടെ.... അല്ലാഹു അനുഗ്രഹിക്കട്ടെ .....

www.fiqhussunna.com