Thursday, February 11, 2016

എന്‍റെ ഭാര്യ ഗര്‍ഭിണി ആയിരിക്കെ ബൈക്കില്‍ നിന്നും വീണു. ഡോക്ടര്‍ അബോര്‍ഷന്‍ നിര്‍ദേശിക്കുന്നു. എന്താണ് മതവിധി ?.
ചോദ്യം : എന്‍റെ ഭാര്യ ഗര്‍ഭിണിയാണ്. അവര്‍ ഗര്‍ഭിണി ആയിരിക്കെ ബൈക്കില്‍ നിന്ന് തലയടിച്ച് വീഴുകയും അതിന്‍റെ ഫലമായ ഒരുപാട് സ്കാനിങ്ങുകള്‍ക്കും മരുന്നുകള്‍ക്കും വിധേയമാകുകയും ചെയ്തു. അത് കുഞ്ഞിന് അംഗവൈകല്യങ്ങള്‍ വരുത്തിയേക്കാം എന്നതുകൊണ്ട്‌ ഞങ്ങള്‍ കണ്‍സല്‍ട്ട് ചെയ്യുന്ന ന്യൂറോ സര്‍ജന്‍ അത് അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടി നിര്‍ദേശിക്കുന്നു. ഇതിന്‍റെ മതപരമായ നിലപാട് എന്താണ് ?. 

www.fiqhussunna.com

ഉത്തരം:
നിങ്ങളുമായി നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ടു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. നാല്പത് ദിവസം പിന്നിട്ടു കഴിഞ്ഞാല്‍ മാതാവിന്‍റെ ജീവന് ആ ഗര്‍ഭം ഭീഷണിയാകുമെന്ന് മൂന്നോ അതിലധികമോ  ഡോക്ടര്‍മാര്‍ ചേര്‍ന്ന പാനല്‍ വിലയിരുത്തിയാല്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ പാടുള്ളൂ.

ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: "ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ ഒരു കാരണവശാലും അതിനെ നീക്കം ചെയ്യാന്‍ പാടില്ല. കാരണം നാല്പത് ദിവസത്തിനു ശേഷം അത് അലഖ അഥവാ മനുഷ്യ സ്രിഷ്ടിപ്പിന്‍റെ ആദ്യപടിയിലേക്ക് കടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നാല്പത് ദിവസം പിന്നിട്ടാല്‍ വിശ്വസ്ഥരായ ഡോക്ടര്‍മാരുടെ ഒരു സമിതി ചേര്‍ന്ന് ഗര്‍ഭം തുടരുന്നത് മാതാവിന്‍റെ ജീവന് ഭീഷണിയാണ് എന്നും, ആ ഗര്‍ഭം തുടരുന്നത് കാരണത്താല്‍ അവര്‍ മരിച്ചു പോകാന്‍ ഇടയുണ്ടെന്നും  സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലല്ലാതെ  അത് നീക്കം ചെയ്യാന്‍ പാടില്ല." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].  (മെഡിക്കല്‍ ഡെസ്കിന്‍റെ അഭിപ്രായപ്രകാരം  റൂഹ് നല്കപ്പെടുന്നത് നാല്പത് മുതല്‍ നാല്പത്തഞ്ച് വരെയുള്ള ദിവസങ്ങളിലാണ്. ഹുദൈഫ ബിന്‍ അസീദ് (റ) വിന്‍റെ ഹദീസുകളും, ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോര്‍ട്ടും സൂറത്തുല്‍ മുഅ്മിനൂനിലെ 14 മത്തെ ആയത്തും അതിന് തെളിവാണ്. ഈ വിഷയ സംബന്ധമായി മുന്‍കാലത്തേ ചര്‍ച്ചകള്‍ ഉണ്ട് താനും).

ഹുദൈഫ ബ്നു അസീദ് (റ) പറഞ്ഞു:

سمعت رسول الله صلى الله عليه و سلم مرارا ذات عدد يقول: إن النطفة إذا وقعت في الرحم أربعين ليلة وقال أصحابي خمسة وأربعين ليلة نفخ فيه الروح

"നബി (സ) ഒരുപാട് തവണ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: "നുത്വ്ഫ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട ശേഷം നാല്പത് ദിവസം പിന്നിട്ടാല്‍, എന്‍റെ ചില സ്വഹാബാക്കളുടെ അഭിപ്രായപ്രകാരം നാല്പത്തഞ്ച് ദിവസം പിന്നിട്ടാല്‍ അതില്‍ റൂഹ് ഊതപ്പെടും" - [ത്വബറാനി. ഈ ഹദീസിനെപ്പറ്റി ശൈഖ് അല്‍ബാനി റഹിമഹുല്ല പറഞ്ഞു: ഈ ഹദീസ് ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്‍റെയും നിബന്ധനകള്‍പ്രകാരം തന്നെ (അത്യധികം) സ്വഹീഹായി പരിഗണിക്കാവുന്ന ഹദീസ് ആണ്- ളിലാല്‍ അല്‍ജന്ന. വോ:1, പേ: 67, ഹദീസ്: 179].

നിങ്ങളുടെ വിഷയത്തില്‍ മാതാവിന്‍റെ ജീവന് ആ ഗര്‍ഭം ഭീഷണിയല്ല. എന്നാല്‍ കുട്ടിക്ക് അംഗവൈകല്യം ഉണ്ടാകുമോ എന്ന ഭയമാണ് ഡോക്ടറെ അത് നീക്കം ചെയ്യണമെന്ന് നിങ്ങളോട് പറയാന്‍ പ്രേരിപ്പിച്ച ഘടകം. 40 ദിവസം അഥവാ കുട്ടിയില്‍ റൂഹ് ഊതപ്പെടുന്ന കാലാവധി പിന്നിട്ടതിനാല്‍ ഒരു കാരണവശാലും അംഗവൈകല്യങ്ങളെയോ മറ്റോ ഭയന്നുകൊണ്ട്‌ നിങ്ങള്‍ ആ കുഞ്ഞിനെ നീക്കം ചെയ്യാന്‍ പാടില്ല. അറിയാതെ ചെയ്തു പോയാല്‍ പോലും 2 മാസം നോമ്പ് പിടിക്കുക എന്ന കഫാറത്തും, 50 സ്വര്‍ണ നാണയം അഥവാ 26.5 പവന്‍ സ്വര്‍ണം ഈ കൊലപാതകത്തില്‍ പങ്കില്ലാത്ത കുട്ടിയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിയമങ്ങള്‍ ബാധകമാകുന്ന ഗൗരവപരമായ വിഷയമാണ്.

അതിനാല്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്തുകൊണ്ട്, കാര്യങ്ങളെ എളുപ്പമാക്കാന്‍ വേണ്ടി അവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചുകൊണ്ട് ഗര്‍ഭം തുടരുക. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനുമാണ്.

വൈദ്യശാസ്ത്ര സംബന്ധമായി ഈ വിഷയത്തില്‍ പറയാനുള്ളത് ഇപ്പോള്‍ കഴിക്കുന്ന മരുന്നുകളില്‍ വല്ലതും ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതായി ഉണ്ടെങ്കില്‍ അതിന് പകരം ദോഷകരമല്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുക. ബാക്കി അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക എന്നത് മാത്രമാണ്.

Case Result: അല്‍ഹംദുലില്ലാഹ് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ കുഞ്ഞ് പിന്നീട് ഒരു കുഴപ്പവുമില്ലാതെ ജനിച്ചു.

മറുപടി നല്‍കിയത്:

മതപരം:
അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം: ഡോ. മുഹമ്മദ്‌ സലിം, ഡോ. മുജീബ് റഹ്മാന്‍, ഡോ മുഹമ്മദ് കുട്ടി.

[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].