Wednesday, February 10, 2016

എന്‍റെ കുട്ടിക്ക് നാല് മാസം പ്രായമായി. ഇപ്പോള്‍ ഭാര്യക്ക് ഗര്‍ഭമുണ്ട്. ഗര്‍ഭം അലസിപ്പിക്കാമോ ?.



ചോദ്യം: എന്‍റെ കുട്ടിക്ക് നാല് മാസം പ്രായമായി. ഇപ്പോള്‍ ഭാര്യ വീണ്ടും ഗര്‍ഭിണിയാണ്. ഗര്‍ഭം നീക്കം ചെയ്യാമോ ?. തുടരുന്നതില്‍ മറ്റു വല്ല പ്രയാസങ്ങളും ഉണ്ടാകുമോ ?.

www.fiqhussunna.com

ഉത്തരം: ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് അടിസ്ഥാനപരമായി ഗര്‍ഭം അലസിപ്പിക്കുക എന്നത് നിഷിദ്ധമാണ്.

ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: "ഗര്‍ഭസ്ഥ ശിശുവിനെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും നീക്കം ചെയ്യാന്‍ പാടില്ല എന്നതാണ് അടിസ്ഥാനാപരമായ നിയമം. നാല്‍പത് ദിവസത്തിന് മുന്‍പുള്ള ഘട്ടമാണ് എങ്കില്‍ ആ കുഞ്ഞിനെ നീക്കം ചെയ്യുന്നതില്‍ ഉമ്മയെ സംബന്ധിച്ചിടത്തോളം  പ്രത്യേകമായ ഗുണവും ദോഷത്തെ തടയലും ഉണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ മാത്രം നീക്കം ചെയ്യാവുന്നതാണ്." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].

അഥവാ വല്ല ദോഷവും ഭയപ്പെടുന്നുണ്ടെങ്കില്‍ത്തന്നെ നീക്കം ചെയ്യല്‍ അനുവദനീയമായ സമയം നാല്‍പത് ദിവസമാണ് എന്നര്‍ത്ഥം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ In The Shade മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ള തീരുമാനം 40 ദിവസമായാല്‍ കുഞ്ഞിന് റൂഹ് നല്‍കപ്പെടുന്നു എന്നും അതിനാല്‍ത്തന്നെ നാല്പത് ദിവസമായാല്‍ ഉമ്മയുടെ വിഷയത്തില്‍ മരണം ഭയക്കുകയും അത് മൂന്ന്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലല്ലാതെ വല്ല കാരണവശാലും കുഞ്ഞിനെ നീക്കം ചെയ്‌താല്‍ അവരുടെ മേല്‍ ഗര്‍ഭസ്ഥശിശുവിനെ കൊന്നതിനുള്ള പ്രായശ്ചിത്തവും നഷ്ടപരിഹാരവും ബാധകമാണ് എന്നതാണ് പ്രമാണബദ്ധമായി മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ള നിലപാട്.  അത് കൂടുതല്‍ മനസ്സിലാക്കാന്‍ മെഡിക്കല്‍ ഡെസ്ക് പുറത്തിറക്കിയ ഈ വീഡിയോ കാണാവുന്നതാണ്.  https://youtu.be/dVuLZ_FhQbY

നാല്പത് ദിവസം പിന്നിട്ടാല്‍ മാതാവിന്‍റെ മരണം ഭയപ്പെടുന്ന ഘട്ടത്തിലല്ലാതെ കുഞ്ഞിനെ നീക്കം ചെയ്യാന്‍ പാടില്ല എന്നത് ലജ്നതുദ്ദാഇമയും വ്യക്തമാക്കുന്നുണ്ട്:

"ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ ഒരു കാരണവശാലും അതിനെ നീക്കം ചെയ്യാന്‍ പാടില്ല. കാരണം നാല്പത് ദിവസത്തിനു ശേഷം അത് അലഖ അഥവാ മനുഷ്യ സ്രിഷ്ടിപ്പിന്‍റെ ആദ്യപടിയിലേക്ക് കടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നാല്പത് ദിവസം പിന്നിട്ടാല്‍ വിശ്വസ്ഥരായ ഡോക്ടര്‍മാരുടെ ഒരു സമിതി ചേര്‍ന്ന് ഗര്‍ഭം തുടരുന്നത് മാതാവിന്‍റെ ജീവന് ഭീഷണിയാണ് എന്നും, ആ ഗര്‍ഭം തുടരുന്നത് കാരണത്താല്‍ അവര്‍ മരിച്ചു പോകാന്‍ ഇടയുണ്ടെന്നും  സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലല്ലാതെ  അത് നീക്കം ചെയ്യാന്‍ പാടില്ല." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].  (മെഡിക്കല്‍ ഡെസ്കിന്‍റെ അഭിപ്രായപ്രകാരം അലഖ എന്ന ഘട്ടവും ആദ്യ നാല്പത് ദിവസത്തില്‍ത്തന്നെയാണ്. ഹുദൈഫ ബിന്‍ അസീദ് (റ) വിന്‍റെ ഹദീസുകളും, ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോര്‍ട്ടും സൂറത്തുല്‍ മുഅ്മിനൂനിലെ 14 മത്തെ ആയത്തും അതിന് തെളിവാണ്. ഈ വിഷയ സംബന്ധമായി മുന്‍കാലത്തേ ചര്‍ച്ചകള്‍ ഉണ്ട് താനും).

ഇനി നിങ്ങളുടെ വിഷയത്തിലേക്ക് കടക്കാം. ഒരിക്കലും തന്നെ ഒരു കുട്ടിക്ക് പാല്‍ കൊടുത്ത് കൊണ്ടിരിക്കുന്നു എന്നത് ഇപ്പോഴുള്ള ഗര്‍ഭം നീക്കം ചെയ്യാനുള്ള കാരണമല്ല. ഭാര്യക്ക് അത്രമാത്രം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നാല്പത് ദിവസം എത്തിയിട്ടില്ല എങ്കില്‍ മാത്രം നിങ്ങള്‍ക്കത് നീക്കം ചെയ്യാം. എന്നാല്‍ അതിന് നിങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുകയോ നിങ്ങളുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ഡെസ്കിലെ ഡോക്ടര്‍മാരെ കണ്ട് നേരിട്ട് ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ആ വിഷയ സംബന്ധമായി തീരുമാനം എടുക്കാന്‍ സാധിക്കൂ. എന്നാല്‍ നാലു മാസം പ്രായമായ കുട്ടിയുടെ മുലകുടി എന്നത് അതിനൊരിക്കലും കാരണമല്ല. കാരണം:

ഒന്ന്: മുലകുടി എന്നത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പരസ്പര ധാരണയോടെയും തൃപ്തിയോടെയും നിര്‍ത്താവുന്ന ഒരു കാര്യമാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു:

فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّا آتَيْتُم بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

"ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച്‌ തൃപ്തിപ്പെട്ടുകൊണ്ട്‌ ( കുട്ടിയുടെ ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക്‌ ( മറ്റാരെക്കൊണ്ടെങ്കിലും ) മുലകൊടുപ്പിക്കാനാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക്‌ കുറ്റമില്ല; ( ആ പോറ്റമ്മമാര്‍ക്ക്‌ ) നിങ്ങള്‍ നല്‍കേണ്ടത്‌ മര്യാദയനുസരിച്ച്‌ കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക." - [അല്‍ ബഖറ: 233].

രണ്ട് വര്‍ഷം മുലകൊടുക്കുക എന്നത് മുലകുടി കാലഘട്ടം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉള്ളതാണ് എന്ന് ഈ ആയത്തിന്‍റെ ആരംഭത്തിലും കാണാം:

وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ ۚ

"മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌." - [അല്‍ബഖറ: 233]. സ്വയം മുലകൊടുക്കുകയോ മറ്റുള്ളവരെക്കൊണ്ട് മുലകൊടുപ്പിക്കുകയോ ചെയ്യാമെന്നിരിക്കെ  നിര്‍ബന്ധമല്ലാത്ത ഈ കാര്യം നിറവേറ്റുന്നതിന് വേണ്ടി ഹറാമായ ഒരു കാര്യം ചെയ്യുക എന്നത് തീര്‍ത്തും അപരാധമാണ്.

രണ്ട്: നിങ്ങള്‍ക്ക് മുലകൊടുക്കാന്‍ പ്രയാസം അനുഭവപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: 

وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ
"ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ" - [ത്വലാഖ് :6].

അഥവാ അവര്‍ക്ക് മുലകൊടുക്കാന്‍ പ്രയാസമുണ്ടാകുന്ന പക്ഷം മറ്റൊരാള്‍ ആ കുട്ടിക്ക് മുലകൊടുത്തുകൊള്ളട്ടെ. ഇത്രയും വിശദമായി കാര്യങ്ങള്‍ ശറഇല്‍ പ്രതിപാദിക്കപ്പെട്ടിരിക്കെ എത്ര ലാഘവത്തോടുകൂടിയാണ് ആളുകള്‍ നീക്കം ചെയുന്നതിനെപ്പറ്റി ആലോചിക്കുന്നത്. നീക്കം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്ന് ഇവര്‍ക്ക് അറിയുമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഗര്‍ഭിണി ആവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവര്‍ സ്വീകരിച്ചില്ല. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ എപ്പോള്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുന്‍പ് നാം വിശദീകരിച്ചിട്ടുണ്ട് ആ ലേഖനം വായിക്കാന്‍:[ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ആകാമോ ?. ] .

മൂന്ന്: ഇന്ന് നിങ്ങള്‍ക്ക് മുലപ്പാലിന് പകരമായി നല്‍കാവുന്ന Lactogen, Lactodex പോലുള്ള പാനീയങ്ങള്‍ ലഭ്യമാണ്. പ്രകൃതി ഉല്പന്നങ്ങള്‍ വേറെയും ഉണ്ടാകാം.  ഇതെല്ലാം ലഭ്യമായിരിക്കെ സ്വന്തം ചോരയില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ നീക്കം ചെയ്യുന്നത് ആലോചിക്കാന്‍ എങ്ങനെയാണ് നമുക്ക് സാധിക്കുന്നത്. 

ആരോഗ്യപരമായി നിങ്ങളുടെ ഭാര്യക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാൽ കുട്ടി പാൽ കുടിക്കുമ്പോൾ ചർദിക്കുന്നു എന്നാണല്ലോ നേരിട്ട് സംസാരിച്ചപ്പോൾ നിങ്ങൾ അറിയിച്ചത്. കുട്ടി ചർദിക്കുന്നതും ഇപ്പോഴുള്ള ഗർഭവും തമ്മിൽ ബന്ധമില്ല. മാത്രമല്ല മുലകുടി ഉള്ളത് കൊണ്ട് ഗർഭസ്ഥ ശിശുവിന്റെ വിഷയത്തിലോ പാൽ കുടിക്കുന്ന കുട്ടിയുടെ വിഷയത്തിലോ ആരോഗ്യ പ്രശ്നങ്ങൾ  ഭയപ്പെടേണ്ടതില്ല. കൂടുതൽ സംഭുഷ്ടമായ ആഹാര പദാർഥങ്ങൾ കഴിച്ചാൽ മതി എന്ന് മാത്രം.

ദിവസേന ലോകത്ത് ഒരു ലക്ഷത്തി പതിനയ്യായിരം കുട്ടികള്‍ അബോര്‍ഷന്‍ വഴി കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍. കണക്കുകളില്‍ വരാത്തവ എത്ര ഉണ്ടാകും ?!. എത്ര ഗൗരവപരമാണ് ഇതെന്ന് ആലോചിച്ചു നോക്കൂ. നമ്മുടെ രാജ്യവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. ഏതായാലും താങ്കളുടെ പ്രശ്നം മെഡിക്കല്‍ ഡെസ്കിനോട് ചോദിച്ചതിലും, പലപ്പോഴും ഇതെല്ലാം ചെയ്ത് ഇനി എന്താണ് മതവിധി എന്ന് ചോദിക്കുന്നവരില്‍ നിന്നും വ്യത്യസ്ഥമായി നേരത്തെ തന്നെ ചോദിക്കാനുള്ള മനസ്ഥിതി കാണിച്ചതിനും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളുടെ മക്കളില്‍ അല്ലാഹു കണ്‍കുളിര്‍മ നല്‍കട്ടെ... അല്ലാഹുവിന്‍റെ പ്രീതിയും സഹായവും പ്രതീക്ഷിച്ച് ഗര്‍ഭം തുടരുക... അല്ലാഹു അനുഗ്രഹിക്കട്ടെ ...

മറുപടി നല്‍കിയത്:

മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം:  ഡോ. മുഹമ്മദ്‌കുട്ടി, ഡോ. മുജീബ് റഹ്മാൻ

[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].