Tuesday, May 12, 2015

ഒരു റമദാനിലെ നോമ്പ് നോറ്റുവീട്ടാതെ മറ്റൊരു റമദാനിലേക്ക് വൈകിപ്പിച്ചാല്‍ എന്താണ് ചെയ്യേണ്ടത് ?.



 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

 നോമ്പ് നഷ്ടപ്പെട്ടവന്‍ ആ നോമ്പ് നോട്ടുവീട്ടണം എന്നത് പണ്ഡിതലോകത്ത് ഏകാഭിപ്രായം ഉള്ള കാര്യമാണ്. ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാന്‍ വരുന്നതിനു മുന്നോടിയായി നോറ്റുവീട്ടുവാന്‍ സാധിക്കുമെങ്കില്‍ നിര്‍ബന്ധമായും അതിനു മുമ്പായിത്തന്നെ നോറ്റുവീട്ടണം. യാതൊരു കാരണവശാലും വൈകിപ്പിക്കാന്‍ പാടില്ല. ഇനി രോഗമോ, മുലകുടിയോ, ഗര്‍ഭമോ തുടങ്ങിയ കൃത്യമായ കാരണത്താല്‍ ഒരു റമദാനിലെ നോമ്പ് അടുത്ത റമദാനിന് മുന്നോടിയായി നോറ്റുവീട്ടാന്‍ സാധിക്കാതെ വന്നാല്‍, അത് പിന്നീടായാലും നോറ്റുവീട്ടുക തന്നെയാണ് വേണ്ടത്.
എന്നാല്‍ ഇവിടെയുള്ള സംശയം ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് മറ്റൊരു റമദാനിന് ശേഷമായി വൈകിപ്പിക്കുന്നവര്‍ നോറ്റു വീട്ടുന്നതോടൊപ്പം അഗതിക്ക് ഭക്ഷണവും നല്‍കേണ്ടതുണ്ടോ എന്നതാണ്. 


 ഒരു റമദാനിലെ നോമ്പ് മറ്റൊരു റമദാനിലേക്ക് നീട്ടിവെക്കുന്നവരെ രണ്ടായി തരം തിരിക്കാം:

ഒന്ന് : മുലയൂട്ടല്‍, പ്രസവം , ഗര്‍ഭം , രോഗം തുടങ്ങി വ്യക്തമായ കാരണം കൊണ്ട് നോമ്പ് നോറ്റു വീട്ടാന്‍ സാധിക്കാതെ വരുകയും, അപ്രകാരം വ്യക്തമായ കാരണത്താല്‍ ഒരു റമദാനിലെ നോമ്പ് മറ്റൊരു റമദാനിന്‍റെ ശേഷമെന്നോണം വൈകിപ്പിക്കുന്ന ആളുകള്‍.


രണ്ട് : ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാന്‍ വന്നെത്തുന്നതിനു മുന്‍പ് നോറ്റുവീട്ടാന്‍ സാഹചര്യം ഉണ്ടായിരുന്നിട്ടും അകാരണമായി അടുത്ത റമദാനിനു ശേഷമെന്നോണം വൈകിപ്പിക്കുന്ന ആളുകള്‍.


ഇതില്‍ രണ്ടുപേരും നോമ്പ് നോറ്റുവീട്ടണം. എന്നാല്‍ ഒരു റമദാനിലെ നോമ്പ്   മറ്റൊരു റമദാനിലേക്ക് വൈകിപ്പിക്കാന്‍ കൃത്യമായ കാരണം ഉള്ളവര്‍ നോറ്റു വീട്ടിയാല്‍ മാത്രം മതി. നോറ്റു വീട്ടുന്നതോടൊപ്പം ഫിദ്‌യ  (അഥവാ ഓരോ ദിവസത്തിനും  അഗതിക്കുള്ള ഒരു നേരത്തെ ഭക്ഷണം എന്നോണം) നല്‍കേണ്ടതില്ല.


എന്നാല്‍ അകാരണമായി ഒരു റമദാനിലെ നോറ്റു വീട്ടാനുള്ള നോമ്പ് മറ്റൊരു റമദാനിനു ശേഷമാക്കി വൈകിപ്പിക്കുകയാണ് എങ്കില്‍, (ഇവിടെയും നോമ്പ് നോറ്റു വീട്ടണം എന്നതിലും, തൗബ ചെയ്യണം എന്നതിലും പണ്ഡിതന്മാര്‍ക്ക് എകാഭിപ്രായമാണ്). എന്നാല്‍ അകാരണമായി വൈകിപ്പിച്ചവര്‍ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം വൈകിപ്പിച്ച ഓരോ ദിവസത്തിനും അഗതിക്ക് ഒരു നേരത്തെ ഭക്ഷണം കൂടി പ്രായശ്ചിത്തമായി നല്‍കേണ്ടതുണ്ടോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അഥവാ അകാരണമായി ഒരു റമദാനിലെ നോമ്പ് മറ്റൊരു റമദാനിലേക്ക് വൈകിപ്പിക്കുന്നവര്‍ നോറ്റുവീട്ടുകയും ഫിദ്'യ നല്‍കുകയും ചെയ്യണോ ?, അതോ നോറ്റുവീട്ടിയാല്‍ മാത്രം മതിയോ ? എന്നത് ഭിന്നാഭിപ്രായമുള്ള കാര്യമാണ്.

ഇമാം മാലിക്ക് (റ) , ഇമാം ശാഫിഇ (റ) , ഇമാം അഹ്മദ് (റ) തുടങ്ങിയവര്‍ അകാരണമായി വൈകിപ്പിച്ചവര്‍ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം വൈകിപ്പിച്ച ഓരോ നോമ്പിനും പ്രായശ്ചിത്തമായി അഗതിക്ക് ഒരു നേരത്തെ ഭക്ഷണവും നല്‍കേണ്ടതുണ്ട് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഉമര്‍ (റ), ഇബ്നു അബ്ബാസ് (റ) , അബൂ ഹുറൈറ (റ) തുടങ്ങിയ സ്വഹാബികളില്‍ നിന്ന് അപ്രകാരം ഉദ്ദരിക്കപ്പെട്ടു എന്നതാണ് അവരുടെ തെളിവ്.  ഇമാം ഇബ്നു ഖുദാമ റഹിമഹുല്ലയും മുഗ്നിയില്‍ ഈ അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തുന്നത്.  അതുപോലെ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയുടെ ഫത്'വകള്‍ പരിശോധിച്ചാല്‍ അതിലും അകാരണമായി വൈകിപ്പിച്ചവര്‍ നോറ്റുവീട്ടുന്നതോടൊപ്പം അഗതിക്ക് ഒരുനേരത്തെ ഭക്ഷണവും നല്‍കണം എന്ന് പ്രസ്ഥാവിക്കുന്നത് കാണാം. ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യും ഈ അഭിപ്രായക്കാരനാണ് അദ്ദേഹത്തിന്‍റെ ഫത്'വ ഞാന്‍ ഇതിന്‍റെ അവസാനത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായപ്രകാരം അകാരണമായി വൈകിപ്പിച്ചവരും നോറ്റുവീട്ടിയാല്‍ മാത്രം മതി. ഭക്ഷണം നല്‍കേണ്ടതില്ല. സൂറത്തുല്‍ ബഖറയില്‍ റമദാനിലെ നോമ്പ് നഷ്ടപ്പെട്ട ആളുകള്‍ പിന്നീട് നോറ്റുവീട്ടാന്‍ മാത്രമേ കല്പിക്കുന്നുള്ളൂ, ഭക്ഷണം നല്‍കാന്‍ കല്പിക്കുന്നില്ല. എന്നതാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ഇതാണ് ഇമാം ബുഖാരി (റ) യുടെയും അഭിപ്രായം. ഈയടുത്ത് ജീവിച്ച പണ്ഡിതന്മാരില്‍  ഇമാം ശൗക്കാനി (റ) യും ഇബ്നു ഉസൈമീന്‍ (റ) യും ഈ അഭിപ്രായക്കാരാണ്.

ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെ ചര്‍ച്ച പഠനവിധേയമാക്കിയപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് ഇപ്രകാരമാണ്:

 വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് :
وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ  البقرة/185.
  "ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. )" - [അല്‍ബഖറ : 185].

ഇവിടെ ഭക്ഷണം നല്‍കുന്നതിനെ സംബന്ധിച്ച് പ്രതിപാദിക്കുന്നില്ല എന്നത് കൊണ്ട് മാത്രം ഭക്ഷണം നല്‍കേണ്ടതില്ല എന്നതിന് തെളിവാകുന്നില്ല. കാരണം ഇവിടെ പ്രതിപാദിക്കുന്നത് കാരണത്താല്‍ ഉപേക്ഷിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന നോമ്പിനെ സംബന്ധിച്ചാണ്. നമ്മള്‍ ചര്‍ച്ച ചെയ്യുന്നതാകട്ടെ അകാരണമായി വൈകിപ്പിക്കുന്ന നോമ്പിനെ സംബന്ധിച്ചാണ്. അതിനാല്‍ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല എന്നത് പ്രായശ്ചിത്തം ഇല്ല എന്ന് പറയാന്‍ മാത്രം പ്രബലമായ തെളിവല്ല.

എന്നാല്‍ ഇമാം ശൗക്കാനി (റ) ഭക്ഷണം നല്‍കേണ്ടതില്ല എന്നതിന് തെളിവായി പറഞ്ഞത് : الأصل براءة الذمة എന്ന ഉസൂലുല്‍ ഫിഖ്ഹിലെ ഖാഇദയാണ്. അതായത് അടിസ്ഥാനപരമായി കൃത്യമായി ബാധ്യത ഉറപ്പ് വരുത്തുന്ന പ്രമാണം വന്നാലല്ലാതെ ആര്‍ക്കും ഒന്നും ബാധകമല്ല. അകാരണമായി വൈകിപ്പിച്ചവര്‍ നോറ്റുവീട്ടുന്നതോടൊപ്പം ഭക്ഷണം നല്‍കണം എന്നതിന് തെളിവില്ല. സ്വഹാബത്തിന്‍റെ വാക്ക് മാത്രം അതിന് തെളിവല്ല. ഇതാണ് അദ്ദേഹത്തിന്‍റെ സമര്‍ത്ഥനം.

സ്വഹാബത്തിന്‍റെ വാക്കുകള്‍ പ്രമാണമാണോ എന്നത് ഉസൂലിയായ ചര്‍ച്ചയാണ് എങ്കിലും, വഹ്യിന്‍റെ അടിസ്ഥാനത്തിലല്ലാതെ പറയാന്‍ സാധിക്കാത്ത ഒരു വിഷയത്തില്‍ സ്വഹാബത്ത് ഒരു കാര്യം പ്രസ്ഥാവിച്ചാല്‍ അത് അവര്‍ പ്രവാചകന്‍ (സ) യില്‍ നിന്നും കേട്ടതായിരിക്കാനേ വഴിയുള്ളൂ. കാരണം സ്വഹാബത്ത് എല്ലാവരും തന്നെ അഹ്ലുസ്സുന്നയുടെ പക്കല്‍ വിശ്വസ്ഥരാണല്ലോ. അതിനാല്‍ അവര്‍ പറഞ്ഞ കാര്യത്തെ സ്വഹാബത്തില്‍  നിന്നും മറ്റുള്ളവര്‍ എതിര്‍ക്കാത്ത പക്ഷവും അത് വിശുദ്ധഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പ്രസ്ഥാവനക്ക് പ്രത്യക്ഷത്തില്‍ എതിരാകാത്ത പക്ഷവും അത് നമുക്ക് തെളിവായി സ്വീകരിക്കാം.   

ഇനി ഭക്ഷണം നല്‍കല്‍ ബാധകമല്ല എന്നത് സ്ഥാപിച്ചുകൊണ്ട് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു : 'സ്വഹാബിമാരുടെ വാക്കുകള്‍ വിശുദ്ധഖുര്‍ആനിലെ പ്രകടമായ ആശയത്തിന് വിയോജിക്കുന്ന രൂപത്തില്‍ വന്നാല്‍ അവരുടെ വാക്ക് പ്രമാണമായി പരിഗണിക്കുകയില്ല. നോറ്റുവീട്ടുന്നതോടൊപ്പം ഭക്ഷണം നല്‍കല്‍ വിശുദ്ധഖുര്‍ആനിലെ പ്രകടമായ ആശയത്തിന് വിപരീതമാണ്. കാരണം അല്ലാഹു മറ്റു ദിവസങ്ങളില്‍ അത് നോറ്റുവീട്ടണം എന്ന് മാത്രമേ കല്‍പിക്കുന്നുള്ളൂ. അതില്‍ കൂടുതല്‍ ഒന്നും കല്പിച്ചിട്ടില്ല. അതുകൊണ്ട് അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലാത്ത ഒന്നും അല്ലാഹുവിന്‍റെ അടിമകളുടെ മേല്‍ നിര്‍ബന്ധമാക്കുവാന്‍ അല്ലാഹുവിന്‍റെ മുന്നില്‍ നമ്മുടെ ബാധ്യത തീര്‍ക്കുന്ന രൂപത്തിലുള്ള വ്യക്തമായ പ്രമാണമില്ലാതെ നമുക്ക് സാധിക്കില്ല. അബൂ ഹുറൈറ (റ) വില്‍ നിന്നും ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുമെല്ലാം വന്ന വചനങ്ങള്‍ ഒരാള്‍ നോറ്റു വീട്ടുന്നതിനോടൊപ്പം അഗതിക്ക് ഭക്ഷണം നല്‍കുക കൂടി ചെയ്‌താല്‍ അത് കൂടുതല്‍ ഉചിതമാണ് എന്ന അര്‍ത്ഥത്തില്‍ വന്നതാണ് എന്നാണ് ഞാന്‍ കണക്കാക്കുന്നത്. അത് നിര്‍ബന്ധമാണ്‌ എന്ന അര്‍ത്ഥത്തിലല്ല". - [അശറഹുല്‍ മുംതിഅ്: 6/451].

ഇവിടെ ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറഞ്ഞ വിശുദ്ധ ഖുര്‍ആനിന്‍റെ ള്വാഹിറായ കാര്യത്തിന് എതിരായി സ്വഹാബത്തിന്‍റെ വാക്ക് വന്നാല്‍ സ്വഹാബിയുടെ വാക്ക് പ്രമാണമല്ല എന്ന ഉസ്വൂലിയായ അടിസ്ഥാന തത്വത്തെ നാം അംഗീകരിക്കുന്നു. എന്നാല്‍ ഈ വിഷയത്തിലെ സ്വഹാബികളുടെ വാക്ക് വിശുദ്ധ ഖുര്‍ആനിന്‍റെ ള്വാഹിറിന് എതിരല്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടത് കാരണത്താല്‍ നോമ്പ് ഉപേക്ഷിക്കുകയോ, ഒരു റമദാനില്‍ നിന്ന് മറ്റൊരു റമദാനിലേക്ക് വൈകിപ്പിക്കുകയോ ചെയ്യുന്ന കാര്യത്തെ സംബന്ധിച്ചാണ്. എന്നാല്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് അകാരണമായി വൈകിപ്പിക്കുന്നതിനെ സംബന്ധിച്ചാണ്. അതിനാല്‍ സ്വഹാബത്തിന്‍റെ വാക്കുകള്‍ ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനിന്‍റെ ള്വാഹിറിന് എതിരല്ല. എന്നാല്‍ 'അവരുടെ വാക്കുകള്‍ നിര്‍ബന്ധമാണ്‌ എന്ന അര്‍ത്ഥത്തിലല്ല മറിച്ച് പുണ്യകരം എന്ന അര്‍ത്ഥത്തിലാണ്' എന്ന അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍ ഏറെ ചിന്തനീയമാണ് താനും.

ഏതായാലും പൂരിപക്ഷം പണ്ഡിതന്മാരും ഒരു റമദാനിലെ നോറ്റു വീട്ടാനുള്ള  നോമ്പ് മറ്റൊരു റമദാനിന് ശേഷത്തിലേക്ക് വൈകിപ്പിച്ചാല്‍ നോറ്റുവീട്ടുകയും വൈകിപ്പിച്ച ഓരോ ദിവസത്തിനും പരകരമായി ഒരു അഗതിക്ക് ഭക്ഷണം നല്‍കുകയും ചെയ്യണം  എന്ന അഭിപ്രായക്കാരാണ്. സ്വഹാബിമാരുടെ വീക്ഷണവും ഈ അഭിപ്രായത്തിനാണ് പിന്‍ബലം നല്‍കുന്നത്. ഇനി അത് പുണ്യകരമാണോ അതല്ല നിര്‍ബന്ധമാണോ എന്ന് ചര്‍ച്ച ചെയ്യുകയാണ് എങ്കില്‍ തന്നെ, അത് നിറവേറ്റുക എന്നതാണ് സൂക്ഷ്മത എന്ന് പറയേണ്ടതില്ലല്ലോ. "സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തത് തിരഞ്ഞെടുക്കുക" എന്നത്  ഹുസൈന്‍ (റ) വിന് നബി (സ) പഠിപ്പിച്ച അടിസ്ഥാന്‍ തത്വവുമാണല്ലോ. അനസ് ബിന്‍ മാലിക്ക് (റ) വില്‍ നിന്നും അത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാന്‍ വന്നെത്തുന്നതിന് മുന്‍പ് നോറ്റുവീട്ടാതെ അകാരണമായി വൈകിപ്പിക്കുന്നവര്‍ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും അഗതിക്ക് ഒരു നേരത്തെ ഭക്ഷണം എന്ന നിലക്ക് നല്‍കുകയും ചെയ്യട്ടെ. ഇതാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് .. അല്ലാഹുവാകുന്നു കൂടുതല്‍ അറിയുന്നവന്‍...

ശൈഖ് ഇബ്നു ബാസ് (റ) യുടെ ഈ വിഷയത്തിലുള്ള ഫത്'വയെ സംബന്ധിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു.

ശൈഖിനോടുള്ള ചോദ്യം: ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റമളാന്‍ മാസത്തില്‍ എനിക്ക് ശക്തമായ രോഗം ബാധിച്ചു. അതിനാല്‍ തന്നെ ആ മാസം എനിക്ക് നോമ്പ് നോല്‍ക്കാന്‍ സാധിച്ചില്ല. ഇപ്പോഴും ഞാനത് നോറ്റുവീട്ടിയിട്ടില്ല. ഇപ്പോള്‍ എനിക്കത് നോറ്റു വീട്ടാന്‍ പറ്റുമോ ?. അത് വൈകിപ്പിച്ചതിന് എനിക്ക് കുറ്റമുണ്ടോ ?. നിങ്ങള്‍ മറുപടി നല്‍കുമല്ലോ. അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ. 


ഉത്തരം :
ഇത്രയധികം വൈകിപ്പിച്ചതിന് നീ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുക. യഥാര്‍ത്ഥത്തില്‍ നീ നോമ്പ് ഒഴിവാക്കിയ റമദാന് ശേഷം അടുത്ത റമദാന്‍ വരുന്നതിന് മുന്നോടിയായിത്തന്നെ നീ നിര്‍ബന്ധമായും അത് നോറ്റുവീട്ടണമായിരുന്നു. തൗബ ചെയ്യുകയും (നോമ്പ് നോറ്റുവീട്ടുകയും) ചെയ്യുന്നതോടൊപ്പം വൈകിപ്പിച്ച ഓരോ ദിവസത്തിനും പകരമായി നിന്‍റെ നാട്ടിലെ അടിസ്ഥാന ഭക്ഷണമായ കാരക്കയോ അരിയോ അര സ്വാഅ് അതായത് ഏകദേശം ഒന്നരക്കിലോ അഗതിക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യണം. ഒരു ദരിദ്രനായാലും ആ ഭക്ഷണം പൂര്‍ണമായും ദാരിദ്രരായവര്‍ക്ക് മാത്രമായിരിക്കണം നല്‍കേണ്ടത്.  അല്ലാഹു നിന്‍റെ തൗബ സ്വീകരിക്കുകയും നമുക്കും നിനക്കും മാപ്പ് തരുകയും ചെയ്യട്ടെ ... അവന്‍ ഉത്തരം നല്‍കുന്നവരില്‍ ഏറ്റവും ഉചിതനാണ്....


[ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക] 



ഇനി നോറ്റുവീട്ടാതെ ഭക്ഷണം മാത്രം കൊടുക്കുക എന്നുള്ളത് വാര്‍ദ്ധക്യം കാരണത്താല്‍ നോമ്പ് എടുക്കാന്‍ സാധിക്കാത്തവര്‍ക്കും, പൊതുവില്‍ ശമനം പ്രതീക്ഷിക്കാത്ത മാറാ രോഗം കാരണത്താല്‍ നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ക്കും മാത്രമുള്ളതാണ്. താല്‍ക്കാലിക രോഗികളോ, ഗര്‍ഭിണികളോ മുലയൂട്ടുന്നസ്ത്രീകളോ അതില്‍ പെടില്ല. അവര്‍ വൈകിയാലും ശരി, നോമ്പ് നോറ്റുവീട്ടണം.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വൈകിയാല്‍ നോറ്റുവീട്ടിയാല്‍ മാത്രം മതി. അകാരണമായാണ് മറ്റൊരു റമദാന്‍ വന്നിട്ടും നോറ്റുവീട്ടാതിരുന്നതെങ്കില്‍, പിന്നീടത് നോറ്റു വീട്ടുകയും ഓരോ ദിവസത്തിനും ഒരഗതിക്ക് ഭക്ഷണം നല്‍കുകയും ചെയ്യണം.

____________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ