Saturday, May 9, 2015

ബേങ്കുകള്‍ക്കും, സിനിമാ സിഡി വില്‍ക്കുന്നവര്‍ക്കും ബില്‍ഡിംഗ് വാടകക്ക് കൊടുക്കാമോ ?.


 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

നമ്മുടെ നാട്ടിലുള്ള ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്ന ബേങ്കുകളാണ് അതിനാല്‍ തന്നെ അവയുടെ നടത്തിപ്പും നിഷിദ്ധമാണ്. ഇതുപോലെത്തന്നെയാണ് സിനിമാ സി ഡി കളും, മ്യൂസിക് സി ഡി കളുമെല്ലാം. അവയെല്ലാം നിഷിദ്ധമാണ്.

അല്ലാഹു ഒരു കാര്യത്തില്‍ നിന്നും നമ്മെ വിലക്കിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കുന്നതും, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നതും വിലക്കപ്പെട്ടത് തന്നെയാണ്. മാത്രമല്ല അത്തരം നിഷിദ്ധമായ സ്ഥാപനങ്ങള്‍ നടത്താന്‍ ബില്‍ഡിംഗ് വാടകക്ക് നല്‍കുക വഴി ലഭിക്കുന്ന വാടകയും നിഷിദ്ധമാണ്.


عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].
അതുകൊണ്ട് തന്നെ  നിഷിദ്ധമായ പലിശ സ്ഥാപനങ്ങള്‍ക്കും, മ്യൂസിക് സ്ഥാപനങ്ങള്‍ക്കും, സിഗരറ്റ് കച്ചവടക്കാര്‍ക്കുമെല്ലാം ബില്‍ഡിംഗ് വാടകക്ക് കൊടുക്കുന്നതും നിഷിദ്ധമാണ്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവും ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.

ചോദ്യം: മോശമായ വീഡിയോ സി ഡി കള്‍, സിഗരറ്റ്, മ്യൂസിക് തുടങ്ങിയവ വില്‍ക്കുന്നവര്‍ക്കോ, പലിശ ബേങ്കുകള്‍ക്കോ ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ വിധിയെന്ത്‌ ?.

ഉത്തരം: ഇത്തരം കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ ഇസ്‌ലാമിക വിധി ഈ ആയത്തിലുണ്ട്. അല്ലാഹു പറയുന്നു: 

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].

അതിനാല്‍ തന്നെ ചോദ്യത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കല്‍ ഹറാമാണ്. കാരണം അത് പാപത്തിനും അതിക്രമത്തിനും കൂട്ടുനില്‍ക്കലാണ്.  [ഫതാവ അല്‍മര്‍അ : പേജ് 113 , ഇബ്നു ഉസൈമീന്‍ (റ)]. 

അതിനാല്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അത്തരം കാര്യങ്ങള്‍ക്ക് വാടകക്ക് നല്‍കാന്‍ പാടില്ല. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട്‌ ഇങ്ങനെയുള്ള ഇടപാടുകളില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ക്ക് അല്ലാഹു കൂടുതല്‍ ഉചിതവും ഉത്തമവുമായ മറ്റു മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കും. ഇന്‍ ഷാ അല്ലാഹ് ..

നബി (സ) അരുളി : 

إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ

"നീ അല്ലാഹുവിന് വേണ്ടി ഏതൊരു കാര്യം ഉപേക്ഷിച്ചാലും, അല്ലാഹു അതിനു പകരം അതിനേക്കാള്‍ നല്ലത് നിനക്ക് നല്‍കാതിരിക്കില്ല." - [മുസ്നദ് അഹ്മദ് : 23074].

അല്ലാഹു അനുഗ്രഹിക്കട്ടെ ...


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ