Friday, May 8, 2015

സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കാനായി ഒരാള്‍ പിന്തുടര്‍ന്നാല്‍ എന്ത് ചെയ്യും ?.



الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ 

താന്‍ പിന്തുടര്‍ന്ന് നമസ്കരിക്കുന്ന ആള്‍ ഫര്‍ദ് നമസ്കാരമാണോ സുന്നത്ത് നമസ്കാരമാണോ നമസ്കരിക്കുന്നത് എന്ന് തുടര്‍ന്ന് നമസ്കരിക്കുന്ന ആള്‍ക്ക് അറിയണം എന്ന നിബന്ധനയില്ല. ഇമാമിന്റെയും മഅ്മൂമിന്‍റെയും നിയ്യത്ത് ഒന്നാകേണ്ടതുണ്ടോ  എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉണ്ട് എങ്കിലും നിയ്യത്തുകള്‍ വ്യത്യസ്ഥമാകുന്നത് നമസ്കാരത്തെ ബാധിക്കില്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതാണ്‌ ഇമാം ശാഫിഇ റഹിമഹുല്ലയുടെയും, ഇമാം അഹ്മദ് റഹിമഹുല്ലയുടെയും അഭിപ്രായവും. 

www.fiqhussunna.com

പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടതിനാല്‍ തന്നെ  സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് പിന്തുടര്‍ന്ന് നമസ്കരിക്കാം.

ഉദാ: ദുഹ്‌റിന് ശേഷമുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുന്ന ഒരാളുടെ പിന്നില്‍ ദുഹറിന്‍റെ നിയ്യത്തോടെ ഒരാള്‍ക്ക് തുടര്‍ന്നു നമസ്കരിക്കാം. അയാള്‍ സലാം വീട്ടിക്കഴിഞ്ഞതിന് ശേഷം ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ എഴുന്നേറ്റ് രണ്ട് റകഅത്ത് കൂടി പൂര്‍ത്തീകരിച്ച് നമസ്കരിച്ചാല്‍ മതി. 


ഇതിനുള്ള തെളിവാണ് ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച മുആദ് ബ്ന്‍ ജബല്‍ (റ) വിന്‍റെ ഹദീസ്.

عن جابر بن عبد الله رضي الله عنه أن معاذ بن جبل رضي الله عنه كان يصلي مع النبي صلى الله عليه وسلم ثم يأتي قومه فيصلي بهم الصلاة ، فقرأ بهم البقرة ... فقال النبي صلى الله عليه وسلم : ... اقرأ (والشمس وضحاها) و (سبح اسم ربك الأعلى) ونحوها

ജാബിര്‍ (റ) വില്‍ നിന്നും നിവേദനം : "മുആദ് (റ) നബി (സ) യോടൊപ്പം നമസ്കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശേഷം അദ്ദേഹത്തിന്‍റെ പ്രദേശക്കാരുടെ അടുത്തേക്ക് ചെല്ലുകയും അവര്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയും ചെയ്യും. സൂറത്തുല്‍ ബഖറ പാരായണം ചെയ്തുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് ഇമാമായി നമസ്കരിച്ചിരുന്നത്. അപ്പോള്‍ നബി (സ) പറഞ്ഞു: "നീ സൂറത്തു ളുഹയും, സൂറത്തുല്‍ അഅ്'ലയും പോലെയുള്ളവ പാരായണം ചെയ്തുകൊള്ളുക." - [ബുഖാരി 5755, മുസ്‌ലിം 465].


ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി റഹിമഹുല്ല പറയുന്നു: "ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ നിന്നുകൊണ്ട് തുടര്‍ന്ന് നമസ്കരിക്കാം എന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. കാരണം മുആദ് (റ) നബി (സ) യോടൊപ്പം നിര്‍വഹിച്ചത് അദ്ദേഹത്തിന്‍റെ ഫര്‍ദ് നമസ്കാരമാണ്. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഫര്‍ദ് നമസ്കാരം വീടി. പിന്നീട് തന്‍റെ പ്രദേശക്കാര്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ അത് അദ്ദേഹത്തിന് സുന്നത്തും അവര്‍ക്ക് ഫര്‍ദുമാണ്." - [ശറഹു മുസ്‌ലിം : 4/181].

മാത്രമല്ല ഒറ്റക്ക് നമസ്കാരം ആരംഭിച്ച ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ക്ക് തുടര്‍ന്ന് നമസ്കരിക്കാം.

ലജ്‌നതുദ്ദാഇമയോട് ചോദിക്കപ്പെട്ടു: 

ചോദ്യം: നമസ്കരിക്കാനായി ഒറ്റക്ക് കൈകെട്ടിയ ഒരാളുടെ പിന്നില്‍ പിന്തുടര്‍ന്നുകൊണ്ട് നമസ്കരിക്കാമോ ?.

ഉത്തരം: അതെ, അത് അനുവദനീയമാണ്. ഇബ്നു അബ്ബാസില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ഈ ഹദീസ് അതിന് തെളിവാണ്: 



عن ابن عباس رضي الله عنهما قال : بِتُّ عند خالتي فقام النَّبي صلَّى الله عليه وسلم يصلِّي مِن الليل فقمتُ أصلِّي معه فقمتُ عن يساره فأخذ برأسي فأقامني عن يمينه .

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "ഞാന്‍ എന്‍റെ മാതൃസഹോദരിയുടെ അടുക്കല്‍ അന്തിയുറങ്ങി. അപ്പോള്‍ നബി (സ) എഴുന്നേറ്റ് രാത്രി നമസ്കാരം നിര്‍വഹിക്കാന്‍ തുടങ്ങി. ഞാനും എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം നമസ്കരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ഇടതുവശത്താണ് ഞാന്‍ നിന്നിരുന്നത്. അപ്പോള്‍ എന്‍റെ തലയില്‍ പിടിച്ച് അദ്ദേഹം എന്നെ വലതു ഭാഗത്തേക്ക് നിര്‍ത്തി." - [ബുഖാരി 667, മുസ്‌ലിം 763]. അടിസ്ഥാനപരമായി ഈ വിഷയത്തില്‍ സുന്നത്ത് നമസ്കാരവും, ഫര്‍ദ് നമസ്കാരവും തമ്മില്‍ വ്യത്യാസമില്ല.  - [ഫതാവ ഇസ്ലാമിയ്യ, ലജ്‌നതുദ്ദാഇമ 1/178].

അഥവാ ഫര്‍ദ് നമസ്കാരമായാലും സുന്നത്ത് നമസ്കാരമായാലും ഒറ്റക്ക് നമസ്കരിക്കുന്ന ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ക്ക് പിന്തുടരാം. ഇത് സുന്നത്ത് നമസ്കാരങ്ങളില്‍ മാത്രമാണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു കാണാം. എന്നാല്‍ പ്രബലമായ അഭിപ്രായം ഇത് ഫര്‍ദിനും സുന്നത്തിനും ഒരുപോലെ അനുവദനീയമാണ് എന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല) പറയുന്നു : 

"والصحيح جواز ذلك في الفرض والنفل"

"ശരിയായ അഭിപ്രായം അത് ഫര്‍ദിലും സുന്നത്തിലും അനുവദനീയമാണ് എന്നതാണ്." - [മജ്മൂഉ ഫതാവ : 22/258]. 

പലപ്പോഴും സുന്നത്ത് നമസ്കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാധാരണക്കാരന്‍റെ പിന്നില്‍ വന്ന് ആരെങ്കിലും പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ അവര്‍ സുജൂദിലും റുകൂഇലും ഒക്കെ പോകുമ്പോള്‍ ശബ്ദം തീരെ ഉയര്‍ത്താതിരിക്കുന്നത് കാണാം. പിന്നില്‍ തുടരുന്ന ആള്‍ ഏറെ പ്രയാസപ്പെടുകയും ചെയ്യും. എന്നാല്‍ സുന്നത്ത് നമസ്കരിക്കുന്ന തന്നെ മറ്റൊരാള്‍ക്ക് പിന്തുടരാന്‍ പാടില്ല എന്ന ധാരണ കാരണത്താലായിരിക്കാം ഒരുപക്ഷേ അയാള്‍ ശബ്ദം ഉയര്‍ത്താത്തത്. ചിലപ്പോള്‍ ചിലര്‍ കൈകൊണ്ട് താന്‍ ഫര്‍ദല്ല നമസ്കരിക്കുന്നത് എന്ന് ആംഗ്യം കാണിക്കുന്നത് പോലും കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുന്നത്ത് നിര്‍വഹിക്കുന്ന ഒരാളുടെ പിന്നില്‍ മറ്റൊരാള്‍ പിന്തുടര്‍ന്നാല്‍, പിന്തുടര്‍ന്ന ആളെ കേള്‍പിക്കുന്ന രൂപത്തില്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലണം. സുന്നത്ത് നമസ്കരിക്കുന്ന ആളുടെ പിന്നില്‍ ഫര്‍ദ് നമസ്കരിക്കുന്ന ആള്‍ക്ക് പിന്തുടര്‍ന്ന് നമസ്കരിക്കാം എന്ന് നേരത്തെ നാം തെളിവ് സാഹിതം വിശദീകരിച്ചുവല്ലോ. അതിനാല്‍ തന്നെ ആരെങ്കിലും തന്‍റെ പിന്നില്‍ പിന്തുടര്‍ന്നാല്‍ തക്ബീര്‍ അയാളെ കേള്പിക്കും വിധം ഉരുവിടുക. രണ്ട് റക്അത്ത് നിര്‍വഹിച്ച് താന്‍ സലാം വീട്ടിയാല്‍ പിന്തുടര്‍ന്ന ആള്‍ എഴുന്നേറ്റ് ബാക്കി പൂര്‍ത്തീകരിക്കേണ്ടതാണ്.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.. അവന്‍ അനുഗ്രഹിക്കട്ടെ ....


By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ