الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَنفِقُواْ مِن طَيِّبَٰتِ مَا كَسَبۡتُمۡ وَمِمَّآ أَخۡرَجۡنَا لَكُم مِّنَ ٱلۡأَرۡضِۖ
“സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍”. –[البقرة 267].
وَ هُوَ الَّذِى أَنشأَ جَنَّتٍ مَّعْرُوشتٍ وَ غَیرَ مَعْرُوشتٍ وَ النَّخْلَ وَ الزَّرْعَ مخْتَلِفاً أُكلُهُ وَ الزَّیْتُونَ وَ الرُّمَّانَ مُتَشبهاً وَ غَیرَ مُتَشبِهٍكلُوا مِن ثَمَرِهِ إِذَا أَثْمَرَ وَ ءَاتُوا حَقَّهُ یَوْمَ حَصادِهِوَ لا تُسرِفُواإِنَّهُ لا یحِب الْمُسرِفِینَ
“പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” – [الأنعام 141].
- റസൂല്‍(ﷺ) പറഞ്ഞു: “അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്നും 10% വും, നനച്ചുണ്ടാക്കുന്നതില്‍ നിന്നും 5% വും സകാത്ത് നല്‍കണം”. – [ബുഖാരി].
- റസൂല്‍(ﷺ) പറഞ്ഞു: “അഞ്ചു വിസ്ഖുകള്‍ക്ക് താഴെയാണ് വിളയെങ്കില്‍ അതിന് സകാത്ത് ബാധകമല്ല”. – [ബുഖാരി]. അഥവാ അഞ്ചു വിസ്ഖ് തികഞ്ഞാല്‍ അതിന് സകാത്ത് ബാധകമാണ്.
കൃഷിവിളകളില്‍ സകാത്ത് ബാധകമാകുന്ന ഇനങ്ങളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്:
1) ധാന്യങ്ങളിലും, അളക്കുവാനും ഉണക്കി സൂക്ഷിക്കുവാനും സാധിക്കുന്ന ഫലവര്‍ഗങ്ങളിലും മാത്രമാണ് സകാത്ത് ബാധകം. ഹമ്പലീ മദ്ഹബിലെ പ്രശസ്തമായ അഭിപ്രായം ഇതാണ്.
2) ഗോതമ്പ്, ബാര്‍ലി, കാരക്ക, ഉണക്കമുന്തിരി എന്നീ നാല് വിളകളില്‍ മാത്രമേ സകാത്ത് ബാധകമാകുകയുള്ളൂ എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ദുര്‍ബലമായ ഒരു ഹദീസ് ആണ് ഇതിനാധാരം. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ആ ഹദീസ് സ്വഹീഹായിരുന്നുവെങ്കില്‍ അതോടെ അഭിപ്രായഭിന്നത അവസാനിക്കുമായിരുന്നു. പക്ഷെ അത് പ്രതിപാദിക്കപ്പെട്ട ഹദീസ് ദുബലമാണ്”
3) മനുഷ്യര്‍ കൃഷിചെയ്യുന്ന എല്ലാ കൃഷിവിളകളിലും സകാത്ത് ബാധകമാണ് എന്നതാണ് മൂന്നാമത്തെ അഭിപ്രായം. വിറക് മറ്റു ഭക്ഷ്യയോഗ്യമല്ലാത്ത കൃഷികള്‍ എല്ലാം ഇതില്‍ പെടും. കൃഷിവിലകളിലെ സകാത്തിനെ സൂചിപ്പിച്ചുകൊണ്ട് പൊതുവായി ഉദ്ദരിക്കപ്പെട്ട തെളിവുകള്‍ ആണ് ഈ അഭിപ്രായത്തിനാധാരം. ഇമാം അബൂ ഹനീഫ (റഹി) ഈ അഭിപ്രായക്കാരനാണ്. ഏറ്റവും സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ഈ അഭിപ്രായമാണ് ഉചിതം എന്നു പറയാം.
1. ഓരോ വിളവെടുപ്പിന്റെ സമയത്തുമാണ് സകാത്ത് നല്‍കേണ്ടത് എങ്കിലും, നിസ്വാബ് തികയുന്ന വിഷയത്തില്‍ ഒരു വര്‍ഷത്തിലെ മൊത്തം വിളവെടുപ്പ് നിസ്വാബ് തികയുന്നുണ്ടോ എന്നുള്ളതാണ് പരിഗണിക്കുക.
2. അളവും തൂക്കവും പരിഗണിക്കുമ്പോള്‍ നാട്ടുനടപ്പനുസരിച്ച് എപ്രകാരമാണോ വിള തൂക്കുകയോ അളക്കുകയോ ചെയ്യുക. അപ്രകാരമാണ് തൂക്കേണ്ടതും അളക്കേണ്ടതും. അഥവാ പൊളിച്ച് തൂക്കുന്നവ അപ്രകാരവും പൊളിക്കാതെ തൂക്കുന്നവ അപ്രകാരവുമാണ് ചെയ്യേണ്ടത്. റസൂല്‍ (ﷺ) യുടെ കാലത്ത് മുന്തിരി ഒണക്ക മുന്തിരിയായി മതിച്ച് കണക്കാക്കിയാണ് സകാത്ത് നിശ്ചയിചിരുന്നത്. അതുപോലെ കാരക്ക ഉണക്കമെത്തിയ കാരക്കയായും മതിച്ച് കണക്കാക്കിയിരുന്നതായി കാണാം.
3. നനയെ ആസ്പദമാക്കിയാണ് സകാത്ത് നല്‍കേണ്ട വിഹിതം നിര്‍ണ്ണയിക്കേണ്ടത്. മറ്റു അദ്ധ്വാനങ്ങളും ചിലവുകളും പരിഗണിക്കില്ല. കാരണം റസൂല്‍ (ﷺ) യുടെ കാലത്തും കൃഷിക്ക് മറ്റു ചിലവുകള്‍ ഉണ്ടായിരുന്നു. അത് പരിഗണിക്കാതെ നനയുടെ രീതി ആസ്പദമാക്കി സകാത്ത് നിര്‍ണയിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. മറ്റു ചിലവുകള്‍ അതില്‍ പരിഗണിക്കില്ല എന്നതില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും ഏകാഭിപ്രായമാണ്.
4. പാകമായി നില്‍ക്കുന്ന കൊയ്തെടുക്കാത്ത വിളകള്‍ മതിച്ച് സകാത്ത് കണക്കാക്കുമ്പോള്‍ അതില്‍ നിന്ന് മൂന്നിലൊന്നോ, ഏറ്റവും ചുരുങ്ങിയത് കാല്‍ഭാഗമോ ഒഴിവാക്കി കണക്കാക്കണം എന്ന് റസൂല്‍ (ﷺ) നിര്‍ദേശിച്ചിട്ടുണ്ട്. കാരണം വിളകളില്‍ നിന്നും ദാനമായി നല്കുന്നവയും, പക്ഷികള്‍ തിന്നു പോകുന്നവയും എല്ലാം ഉണ്ടാകുമല്ലോ. ഉമര്‍ (റ) വില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.
5. വിളയോ, അതല്ലെങ്കില്‍ അതിന് തുല്യമായ പണമോ സകാത്തായി നല്‍കാം. ഇതാണ് ഇമാം അബൂ ഹനീഫയുടെ അഭിപ്രായം. അതുപോലെത്തന്നെ ഇമാം അഹ്മദില്‍ നിന്നും ഈ അഭിപ്രായം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. പാവങ്ങള്‍ക്ക് ഏറ്റവും ഉചിതമേത് എന്നത് പരിഗണിച്ചുകൊണ്ട് നല്‍കുക എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.
6. മഴവെള്ളവും, അരുവികളിലെ വെള്ളവും കൃഷിയിലെത്താന്‍ ചാല് കീറുക എന്നുള്ളത് അതിനെ അദ്ധ്വാനമുള്ള നനയാക്കി മാറ്റുന്നില്ല. എന്നാല്‍ അദ്ധ്വാനിച്ചുകൊണ്ടോ, ജോലിക്കാരെ നിര്‍ത്തിയോ, മറ്റു യാന്ത്രിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടോ വെള്ളം നനക്കേണ്ടി വരുന്ന കൃഷിക്കാണ് നനച്ചുണ്ടാക്കുന്ന കൃഷി എന്ന് പറയുക. യഥാര്‍ത്ഥത്തില്‍ നനച്ചുണ്ടാക്കുന്ന കൃഷി, പ്രകൃതി സ്രോതസുകള്‍ സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ട് ഉണ്ടാകുന്ന കൃഷി എന്നിങ്ങനെ വേര്‍തിരിക്കാന്‍ ഓരോ നാട്ടിലെയും നാട്ടുനടപ്പാണ് പരിഗണിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ..
________________________
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ