Thursday, June 4, 2015

പ്രവാസികൾക്ക് പലിശ രഹിത അക്കൗണ്ട്‌.


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

ഫെഡറൽ ബേ
ങ്കിൽ പ്രവാസികൾക്കായി പലിശ രഹിത അക്കൗണ്ട്‌ ലഭ്യമാണ്. ഒരു ബേങ്കിനുള്ള പരസ്യം എന്ന നിലക്കല്ല മറിച്ച് ഫിഖ്ഹിയായ ഒരു നിലപാട് എന്ന നിലക്കാണ് ഈ ബ്ലോഗ്‌എഴുതുന്നത്.

ബേങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങുന്നതിൻറെ വിധി നേരത്തെ നാം വിശദീകരിച്ചതാണ്. തുടങ്ങുന്നവർ സാധ്യമാകുമെങ്കിൽ 'കറന്റ്‌ അക്കൗണ്ട്‌' തന്നെ തുടങ്ങണം എന്ന് നാം പറഞ്ഞിരുന്നു. 

www.fiqhussunna.com
അഥവാ കറന്റ് അക്കൗണ്ടിൽ മറ്റു അക്കൗണ്ടുകളിൽ നിന്നും വ്യത്യസ്ഥമായി ഉപഭോക്താവും ബേങ്കും തമിലുള്ള ഇടപാടിൽ പലിശ ഇല്ല. എന്നാൽ ബേങ്ക്സ്വാഭാവികമായും ഏത് ഉപഭോക്താവ് നിക്ഷേപിക്കുന്ന പണവും തിന്മക്ക് ഉപയോഗിക്കും എന്നത് കറന്റ് അക്കൗണ്ടിനും ബാധകമാകുന്ന പ്രശ്നമാണ്. പക്ഷെ ഒരാൾ തന്റെ ആവശ്യത്തിനോ നിർബന്ധിതനായോ മറ്റൊരാളെ പണം ഏൽപ്പിക്കുകയാണ് എങ്കിൽ, അത്തരം ഒരു സാഹചര്യത്തിൽ ഏൽപ്പിക്കപ്പെടുന്നവൻ ആ പണം ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന തിന്മക്ക് എൽപ്പിക്കുന്നയാൾ കുറ്റക്കാരനാവില്ല. അതുകൊണ്ടാണ് പണ്ഡിതന്മാർ അമുസ്‌ലിം രാജ്യങ്ങളിൽ ജീവിക്കുന്നവരോട് ഇസ്‌ലാമിക സംവിധാനം നിലവിലില്ലെങ്കിൽ 'കറന്റ് അക്കൗണ്ട്‌' ആണ് തുടങ്ങേണ്ടത് എന്ന് പറയാൻ കാരണം. കറന്റ് അക്കൗണ്ട്‌ ഒരിക്കലും തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമേ സേവിംഗ്സ് അക്കൗണ്ട്‌ തുടങ്ങാൻ പാടുള്ളൂ. കാരണം സേവിംഗ്സ് അക്കൗണ്ടിൽ ഉപഭോക്താവും ബേങ്കും തമ്മിൽ നേരിട്ടുള്ള ഇടപാട് തന്നെ പലിശ ഇടപാടാണ്. അഥവാ നിക്ഷേപത്തിന് ബേങ്ക് നിശ്ചിത വിഹിതം പലിശയായി നൽകുമെന്ന ഉടമ്പടി ഉപഭോക്താവും ബേങ്കും തമ്മിൽ നിലനിൽക്കുന്നുണ്ട്.

രണ്ട് അക്കൗണ്ടുകളും തമ്മിലുള്ള വിത്യാസം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ഒന്നാമതായി: കറന്റ് അക്കൗണ്ട്‌:


ഉദാ: B യുടെ കൈവശമുള്ള പണം A എന്ന ആളുടെ പക്കൽ സൂക്ഷിക്കാൻ നൽകുന്നു എന്ന് സങ്കല്പ്പിക്കുക. B ആ പണം A യുടെ കൈവശം നൽകിയാൽ A ആ പണം തിന്മക്ക് ഉപയോഗിക്കും എന്നത് ഉറപ്പാണ്. അതിനാൽ തന്നെ A യുടെ കൈവശം പണം നൽകൽ നിഷിദ്ധമാണ്. ഒരാളെ പണമേൽപ്പിക്കുക എന്നത് നിഷിദ്ധമല്ല. മറിച്ച് അയാള് അത് തിന്മക്ക് ഉപയോഗിക്കുമെന്നുള്ളതാണ് ഇവിടെ അത് നിഷിദ്ധമാകാൻ കാരണമായത്. അഥവാ സ്വതവേ അത് നിഷിദ്ധമായിരുന്നില്ല. മറിച്ച് ഹറാമിലേക്കുള്ള വസീലയാണ് എന്നതാണ് അതിനെ നിഷിദ്ധമാക്കിത്തീർത്തത്. ഇനി ഇതേ സാഹചര്യത്തിൽ ആ പണം A യുടെ കൈവശം നൽകാൻ അയാൾ സ്വയം ഇഷ്ടപ്പെടുന്നില്ലെങ്കിലും നിയമം കാരണത്താലോ, ധനം അപഹരിക്കപ്പെടുമെന്ന ഭയം കാരണത്താലോ അയാൾ അപ്രകാരം ചെയ്യാൻ ഇടയായാൽ A അതുപയോഗിച്ച് ചെയ്യുന്ന കുറ്റത്തിന് അയാൾക്ക് പാപമില്ല. ഇതാണ് കറന്റ് അക്കൗണ്ട് ആകുമ്പോൾ നടക്കുന്നത്. അഥവാ ബേങ്കും ഉപഭോക്താവും തമ്മിലുള്ള ഇടപാടിൽ നേരിട്ട് നിഷിദ്ധം കടന്നുവരുന്നില്ല. അതിനാൽത്തന്നെ ഉപഭോക്താവ് നേരിട്ട് പലിശയുമായി ഇടപെടുന്നില്ല.

രണ്ടാമതായി: സേവിംഗ്സ് അക്കൗണ്ട്‌:

B തന്റെ കൈവശമുള്ള പണം A യെ ഏൽപ്പിക്കുമ്പോൾ, A ആ ആ പണം തിരികെ നൽകുന്നതോടൊപ്പം പലിശയും നല്കും എന്ന് കരാറിൽ എർപ്പെടുന്നു. ഈ ഉടമ്പടി സ്വതവേ നിഷിദ്ധമാണ്. അഥവാ കരാർ തന്നെ അടിസ്ഥാനപരമായി നിഷിദ്ധമായ കരാർ ആണ് എന്നർത്ഥം. ഇതാണ് സേവിംഗ്സ് അക്കൗണ്ടിൽ സംഭവിക്കുന്നത്. ഇവിടെ ഉപഭോക്താവ് നേരിട്ട് പലിശയുമായി ഇടപെടുന്നു. അതിനാൽ തന്നെ നേരത്തെ പറഞ്ഞ രൂപത്തിലുള്ള പലിശ രഹിത അക്കൗണ്ട്‌ തുടങ്ങാൻ സാധിക്കാതെ വരികെയും, അത്യധികം  അനിവാര്യമായി വരികയും ചെയ്യുന്ന  സാഹചര്യത്തിൽ മാത്രമേ ഒരു വിശ്വാസിക്ക് ഇത്തരം ഒരു അക്കൗണ്ട്‌ തുടങ്ങാൻ പാടുള്ളൂ. മാത്രമല്ല അതിൽ ലഭിക്കുന്ന പലിശ ഒരിക്കലും ബാങ്കിന് തിരികെ നൽകാൻ പാടില്ല. മറിച്ച് അത് പിൻവലിച്ച് പ്രാരാബ്ധക്കാരായ പാവപ്പെട്ടവർക്ക് നൽകുകയാണ് ചെയ്യേണ്ടത്. അക്കൗണ്ടിൽ വരുന്ന പലിശ എന്തു ചെയ്യണം എന്നതുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കാൻ നേരത്തെ എഴുതിയ ഈ  ലേഖനം വായിക്കുക:

ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? !

മുകളിലുള്ള വിശദീകരണത്തിൽ നിന്നും പലിശ രഹിത അക്കൗണ്ടും, അല്ലാത്ത അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കാണുമല്ലോ. ഇന്ന് ഫെഡറൽ ബേങ്കിൽ പ്രവാസികൾക്ക് പലിശ രഹിത അക്കൗണ്ട്‌ ഉള്ളതായി അറിയാൻ സാധിച്ചു. നേരിട്ട് ബേങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ സാധാരണ കറന്റ് അക്കൗണ്ട്‌ പോലെ പലിശ തീരെ വരാത്ത അക്കൗണ്ട്‌ ( അഥവാ ഉപഭോക്താവുമായുള്ള ഇടപാടിൽ പലിശ പ്രതിപാദിക്കാത്ത അക്കൗണ്ട്‌ ) ആണ് എന്ന് അറിയാൻ സാധിച്ചു. ( അതായത് പലിശ ഇടപാട് ഉള്ള എന്നാൽ ഉപഭോക്താവിൻറെ അഭ്യർത്ഥനപ്രകാരം പലിശ മറ്റു വല്ല ചാരിറ്റബ്ൾ ട്രസ്റ്റിനും നല്കുന്ന അക്കൗണ്ട്‌ അല്ല. അത് അപ്രകാരം ചെയ്യാൻ പാടില്ല എന്നും എന്നാൽ എങ്ങനെ നീക്കം ചെയ്യണം എന്നും മുകളിൽ പ്രതിപാദിച്ച ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട് ). അതിനാൽ തന്നെ മറ്റു ഇതര സംവിധാനങ്ങൾ   ലഭ്യമാകുന്നതുവരെ പലിശയുമായി നേരിട്ട് ഇടപെടുന്ന അക്കൗണ്ടുകൾ മാറ്റി ഉപഭോക്താവിനെ നേരിട്ട് പലിശയുമായി ബന്ധിപ്പിക്കാത്ത പലിശ രഹിത അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തണം എന്ന് അറിയിക്കുന്നു. തിന്മകളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ....


PLEASE NOTE:
  • മറ്റു ബേങ്കുകളിലും ഒരുപക്ഷെ ഈ സേവനം ലഭ്യമായിരിക്കാം.എൻറെ ശ്രദ്ധയിൽ പെട്ടത് മാത്രമാണ് ഞാൻ എഴുതിയത്.
  • പലിശ രഹിത അക്കൗണ്ട്‌ തുടങ്ങൽ സാധ്യമായാൽ, നേരിട്ട് പലിശ ഇടപാട് കടന്നുവരുന്ന അക്കൗണ്ട്‌ നിഷിദ്ധമാണ്.
  • പലിശ ഉള്ള സേവിംഗ്സ് അക്കൗണ്ട്‌ തുടങ്ങി ആ പലിശ വേണ്ട എന്ന് എഴുതിക്കൊടുക്കുന്നത് പലിശരഹിത അക്കൗണ്ട്‌ ഇനത്തിൽ പെടില്ല. അവിടെ പലിശ പിൻവലിച്ച് പാവങ്ങൾക്ക് നൽകുകയാണ് വേണ്ടത്. (പ്രമാണ സഹിതം ഈ വിഷയം സമർഥിക്കുന്ന ലേഖനം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).
  • ഇസ്‌ലാമിക സംവിധാനം എന്ന് നിലവി വരുന്നുവോ, അന്ന് മുതൽ ഇത്തരം അനിസ്‌ലാമിക ബേങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമായിരിക്കും.
  •  ഈ ബ്ലോഗ്‌ എഴുതിയത് ഇസ്‌ലാമികമായ നസ്വീഹത്ത് ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്.