Thursday, April 9, 2015

കച്ചവടം ഒരു കര്‍മശാസ്ത്ര പഠനം - part 2. [ മതവിധി , നിബന്ധനകള്‍].

കച്ചവടം - ഒരു കര്‍മശാസ്ത്ര പഠനം (Part 2)
================================
നമ്മള്‍ part 1 ല്‍ മനസ്സിലാക്കിയതിന്റെ തുടര്‍ച്ചയാണ് ഇവിടെ കുറിക്കുവാന്‍ പോവുന്നത്.

ഒരു കച്ചവടത്തിന്റെ ഹുക്മിനെക്കുറിച്ചും അത് സംബന്ധമായ വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശത്തെ പറ്റിയും, ഒരു കച്ചവടം ഇസ്‌ലാമികം ആവണമെങ്കില്‍ പാലിക്കേണ്ടേ നിബന്ധനകളെക്കുറിച്ചുമാണ്  ഇവിടെ വിശദീകരിക്കപ്പെടുന്നത് .. ഇന്‍ ഷാ അല്ലാഹ് ..

കച്ചവടത്തിന്റെ മതവിധി :


വിധി : അനുവദനീയം.

വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യമായി കച്ചവടത്തിന്റെ മതവിധിയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്.അല്ലാഹു പറയുന്നു :
وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا
"എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌ ".  [ سورة البقرة:275].

അല്ലാഹുവും റസൂലും വിരോധിച്ചത് ഒഴികെയുള്ള എല്ലാ കച്ചവടവും അനുവദനീയമാണ്. അഥവാ വിരോധങ്ങള്‍ കടന്നുവരാത്ത പക്ഷം അടിസ്ഥാനപരമായി മനുഷ്യന്റെ ഇടപാടുകളെല്ലാം അനുവദനീയമാണ്.

അതിനാല്‍ത്തന്നെ സ്വാഭാവികമായും ഓരോ രൂപത്തിലുള്ള കച്ചവടങ്ങള്‍ക്കും അവ  അനുവദനീയമാണ് എന്ന് പ്രസ്താവിക്കുന്ന പ്രത്യേക തെളിവ് ആവശ്യമില്ല. കാരണം അടിസ്ഥാനപരമായി കച്ചവടങ്ങള്‍ എല്ലാം അനുവദനീയമാണ് എന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ ഒരു കച്ചവടം നിഷിദ്ധമാണ് എന്ന് പറയാന്‍ വ്യക്തമായ തെളിവ് ആവശ്യമാണ്‌താനും.

ഇവിടെ മുആമലാത്തുകള്‍ (കച്ചവടം അടക്കമുള്ള ഇടപാടുകള്‍) ആരാധനകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്എന്ന് മനസ്സിലാക്കാം.  ആരാധനകളില്‍ അവ ചെയ്യാന്‍ തെളിവ് ആവശ്യമാണ്‌ എങ്കില്‍, കച്ചവടകാര്യങ്ങളില്‍ ഒരുകാര്യം വിരോധിക്കുവാനാണ് തെളിവ് വേണ്ടത് എന്നര്‍ത്ഥം.

ഉദാ : ഒരാള്‍ അയാളുടെ സ്വന്തം ചിന്തയില്‍ നിന്നും ഒരു ആരാധനയുണ്ടാക്കിയാല്‍ അത് ബിദ്അത്താണ്.

مَنْ عَمِلَ عَمَلاً ليسَ عليه أمرُنا هذا فهو رَدٌّ

"അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പന ഇല്ലാത്ത ഒരു കര്‍മ്മം ഈ ദീനിന്റെ പേരില്‍ ആരെങ്കിലും പുതുതായി ഉണ്ടാക്കിക്കിയിട്ടുണ്ടെങ്കില്‍ അത് മടക്കപ്പെടുന്നതാണ് (അവനിലേക്ക് ശിക്ഷയായി മടങ്ങുന്നതാണ)".-

ആഇശ (റ) ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസാണിത്. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ ഉണ്ടാക്കി ഇസ്‌ലാമിന്റെ അടിസ്ഥാന ആശയാദര്‍ശങ്ങള്‍ക്ക് കത്തിവെക്കുന്ന ബിദ്ഈ കക്ഷികള്‍ക്ക് ശക്തമായ താക്കീതാണ് ഈ ഹദീസ്.  ആരാധനകളില്‍ പ്രമാണങ്ങളുടെ പിന്‍ബലം ഇല്ലാത്ത കര്‍മ്മങ്ങള്‍ നിശ്ഫലമാണ് എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. അപ്പോള്‍ ആരാധനയുടെ വിഷയത്തില്‍ അല്ലാഹുവും റസൂലും കല്‍പിച്ചത്‌ ഒഴികെ എല്ലാം നിഷിദ്ധമാണ് എന്ന് നാം മനസ്സിലാക്കി .

എന്നാല്‍ ഭക്ഷണത്തിന്റെയും കച്ചവടത്തിന്റെയും വിഷയത്തില്‍ അല്ലാഹുവും റസൂലും വിരോധിച്ചത് ഒഴികെ എല്ലാം അനുവദനീയമാണ്. വിരോധിക്കപ്പെട്ടു എന്നതിനാണ് തെളിവ് വേണ്ടത്.  ഉദാ: ഒരാള്‍ കമ്പി കച്ചവടം ചെയ്യുന്നു. അവിടെ കമ്പി കച്ചവടം ചെയ്യല്‍ അനുവദനീയമാണ്  എന്ന് പ്രസ്താവിക്കുന്ന പ്രത്യേക തെളിവ് ആവശ്യമില്ല. മറിച്ച് കച്ചവടം അനുവദനീയമാണ് എന്ന വിശുദ്ധഖുര്‍ആനിന്റെ പൊതു പ്രഖ്യാപനത്തില്‍ അത് പെടുന്നു. എന്നാല്‍ ഒരാള്‍ സിഗരറ്റ് ആണ് വില്‍ക്കുന്നത് എങ്കില്‍ അത് നിഷിദ്ധമാണ് എന്ന് നമ്മള്‍ പറയുന്നു. സ്വാഭാവികമായും അതിന് എന്താണ് തെളിവ് എന്ന് ഒരാള്‍ക്ക് ചോദിക്കാം. കാരണം മുആമാലാത്തുകളില്‍  നിഷിദ്ധമാണ് എന്നതിനാണല്ലോ തെളിവ് വേണ്ടത്. അത് നിഷിദ്ധമാണ് എന്നതിനുള്ള തെളിവുകളാണ്:

1- അല്ലാഹു പറയുന്നു:
وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ
"നിങ്ങളുടെ കൈകളാല്‍ നിങ്ങള്‍ തന്നെ (സ്വയം) നാശത്തിലേക്ക് തള്ളി വിടരുത്. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും." - [അല്‍ബഖറ:195]. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം മറന്ന്, തന്റെ ഭൗതിക സുഖങ്ങളും കച്ചവടവും മാത്രം മുന്നില്‍ക്കണ്ട് സ്വയം നശിക്കരുത് എന്നത് സൂചിപ്പിച്ചുകൊണ്ടാണ് ഈ ആയത്ത് ഇറങ്ങിയത് എങ്കിലും, സ്വയം നാശം വരുത്തി വെക്കുന്ന ഏത് പ്രവര്‍ത്തിയും നിഷിദ്ധമാണ് എന്നതിനും, അല്ലാഹുവിന്റെ നിയമങ്ങള്‍ മറന്ന് ഭൗതിക സുഖങ്ങള്‍ മാത്രം ലക്ഷ്യം വച്ച് ജീവിക്കരുത് എന്നതിനും ഈ ആയത്ത് തെളിവാണ്. അതുകൊണ്ട് തന്നെ മനുഷ്യനെ സ്വയം നശിപ്പിക്കുകയും, അവന്റെ സമ്പത്ത് അന്യായമായി ചിലവഴിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന സിഗരറ്റ് നിഷിദ്ധമാണ് എന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാം. "നിങ്ങളുടെ കൈകളാല്‍ നിങ്ങള്‍ തന്നെ (സ്വയം) നാശത്തിലേക്ക് തള്ളി വിടരുത്".വ്യക്തമായും മനുഷ്യ ശരീരത്തിന് ദോഷകരമായി ഭവിക്കുന്ന ഏത് വസ്തുക്കളുടെ ഉപയോഗവും നിഷിദ്ധമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

2 - അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: റസൂലുല്ല (സ) പറഞ്ഞു:
لا ضرر ولا ضرار
"നിങ്ങള്‍ സ്വയം ഉപദ്രവിക്കുകയോ, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യരുത്". - [ഇബ്നുമാജ - ഹദീസ് ഹസന്‍]. സിഗരറ്റില്‍ സ്വയം ഉപദ്രവിക്കലും മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യലും, രണ്ടും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ അത് നിഷിദ്ധമാണ് .

ഒരു വസ്തുവിന്റെ ഉപയോഗം നിഷിദ്ധമാണ് എങ്കില്‍ അത്  കച്ചവടം ചെയ്യലും നിഷിദ്ധമാണ്. ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു:
إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَيْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ
"അല്ലാഹു ആരുടെയെങ്കിലും മേല്‍ ഒരു വസ്തു ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയാല്‍ അതുമുഖേന അവന് ലഭിക്കുന്ന വരുമാനവും നിഷിദ്ധമാണ്" [അല്‍ബാനി - സ്വഹീഹ്, സ്വഹീഹുല്‍ ജാമിഅ് : 5107]. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഹാഫിദ് ഇബ്നു ഹജര്‍ അല്‍ഹംബലി (റഹി) പറയുന്നു : "മേല്‍ പറഞ്ഞ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് ഉപയോഗിക്കല്‍ നിഷിദ്ധമായ വസ്തു വിറ്റ്‌ ലഭിക്കുന്ന പണവും നിഷിദ്ധമാണ് എന്നുള്ളത്. നിഷിദ്ധമായ ഉപയോഗങ്ങളുള്ള സര്‍വ വസ്തുക്കള്‍ക്കും അത് ബാധകമാണ് എന്ന് മനസ്സിലാക്കാവുന്ന പ്രയോഗമാണ് ഹദീസില്‍ വന്നിട്ടുള്ളത്." [ജാമിഉല്‍ ഉലൂമി വല്‍ ഹികം : 415]. ചില ഹദീസുകളില്‍ ഭക്ഷ്യ വസ്തു എന്ന് പരാമര്‍ശിക്കാതെ "അല്ലാഹു ആരുടെയെങ്കിലും മേല്‍ വല്ലതും നിഷിദ്ധമാക്കിയാല്‍" എന്നു തന്നെ പ്രയോഗിചിട്ടുള്ളതായി കാണാം.

മുകളില്‍ നാം ഉദ്ദരിച്ച തെളിവുകളില്‍ നിന്നും സിഗരറ്റ് ഉപയോഗിക്കുന്നതും, വാങ്ങുന്നതും, വില്‍ക്കുന്നതും, സിഗരറ്റ് കമ്പനിക്ക് തന്റെ ബില്‍ഡിംഗ് വാടകക്ക് കൊടുക്കുന്നതും എല്ലാം നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം. ഇപ്രകാരം മുആമലാത്തുകളുമായി ബന്ധപ്പെട്ട ഒരു കാര്യം നിഷിദ്ധമാണ് എന്ന് പറയണമെങ്കില്‍ അതിന് തെളിവ് ഉദ്ദരിക്കണം എന്നര്‍ത്ഥം. നേരിട്ടോ, സൂചനകള്‍ മുഖേനയോ, ശറഅ് പഠിപ്പിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ മുന്‍നിര്‍ത്തിയോ അതിന്‍റെ വിധി പറയുക എന്നുള്ളത് പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്.

മുകളിലെ വിശദീകരണത്തില്‍ നിന്നും നാം പഠിക്കേണ്ട കര്‍മ്മശാസ്ത്രത്തിലെ രണ്ട് അടിസ്ഥാന തത്വങ്ങള്‍:

1- الأصل في العبادات المنع  ആരാധനകള്‍ അടിസ്ഥാനപരമായി നിഷിദ്ധമാണ്. (പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഒരാരാധനയും അനുഷ്ടിക്കല്‍ അനുവടനീയമാകുന്നില്ല).

2- الأصل في المعاملات الإباحة മനുഷ്യന്റെ പരസ്പരമുള്ള ഇടപാടുകള്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. (അതില്‍ ഏതെങ്കിലും ഇടപാട് നിഷിദ്ധമാകണം എന്നുണ്ടെങ്കില് അതിന് തെളിവ് വേണം).


ഇനി കച്ചവടത്തിന്‍റെ അടിസ്ഥാനപരമായ വിധി എന്നത് അനുവദനീയം എന്നതാണ് എങ്കിലും ഒരാളുടെ ഉദ്ദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പുണ്യകരം, നിര്‍ബന്ധം, വെറുക്കപ്പെട്ടത്, നിഷിദ്ധം എന്നിങ്ങനെ അതിന്‍റെ നിയമങ്ങള്‍ മാറാം. 

പുണ്യകരമായ കാര്യങ്ങള്‍ക്ക് ആ കച്ചവടം ഹേതുവാകുമ്പോള്‍ അത് പുണ്യകരമാകുന്നു. ഉദാ:  ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, പാവപ്പെട്ടവരെ സഹായിക്കാനുമൊക്കെ തന്റെ കച്ചവടം നിമിത്തമാകുമ്പോള്‍ അത് പുണ്യകരമാകുന്നു. മാത്രമല്ല തന്റെ കച്ചവടം ഹലാലായിരിക്കണം അഥവാ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന കച്ചവടമായിരിക്കണം എന്ന ചിന്ത ഒരാള്‍ക്ക് ഉണ്ടെങ്കില്‍ തന്നെ അത് പുണ്യകരമാകും. കാരണം റസൂലുല്ല പറഞ്ഞു :
"ഒരാള്‍ തന്റെ ഭാര്യയുമായി ലൈംഗിക വികാരത്തില്‍ ഏര്‍പ്പെടുന്നതില്‍ പോലും പുണ്യമുണ്ട്". അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു : ഞങ്ങള്‍ ഞങ്ങളുടെ വികാരം ശമിപ്പിക്കുന്നതില്‍ പോലും പുണ്യമോ ?!. മഹാനായ റസൂലുല്ല നല്‍കിയ മറുപടി: "നിങ്ങള്‍ അത് ഹറാമായ ബന്ധത്തിലൂടെ ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷ ഉണ്ടാകുമായിരുന്നില്ലേ, എങ്കില്‍ ഹലാലായ മാര്‍ഗത്തില്‍ അത് നിര്‍വഹിക്കുമ്പോള്‍ അതിന് നിങ്ങള്‍ക്ക് പുണ്യവുമുണ്ട്". അപ്പോള്‍ ഹലാലായ കച്ചവടമായിരിക്കണം എന്നാഗ്രഹിക്കുകയും അതിന് പരിശ്രമിക്കുകയും ചെയ്യുന്നവന് പുണ്യമുണ്ട് എന്നര്‍ത്ഥം.

നിര്‍ബന്ധമായ കാര്യങ്ങള്‍ ആ കച്ചവടം മുഖേനയല്ലാതെ നിറവേറ്റപ്പെടുകയില്ല എങ്കില്‍ അവിടെ കച്ചവടം നിര്‍ബന്ധമാകുന്നു. ഉദാ: ഒരാള്‍ക്ക് തന്റെ ഭാര്യക്കും മക്കള്‍ക്കും ചിലവിന് കൊടുക്കല്‍ നിര്‍ബന്ധമാണല്ലോ. അതയാള്‍ കണ്ടെത്തുന്നത് കച്ചവടത്തിലൂടെയാണ്. മറ്റു മാര്‍ഗങ്ങള്‍ അദ്ദേഹത്തിന് വശമില്ലാത്ത പക്ഷം അവിടെ കച്ചവടം എന്നുള്ളത് അദ്ദേഹത്തിന് നിര്‍ബന്ധമായിത്തീരും. കാരണം അത് ചെയ്യാത്ത പക്ഷം ചിലവിന് കൊടുക്കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റാന്‍ സാധിക്കുകയില്ല. 

ഇനിവെറുക്കപ്പെട്ട കാര്യത്തിലേക്ക് വഴിവെക്കുന്ന കച്ചവടമാണ് എങ്കില്‍ അത് വെറുക്കപ്പെട്ടതും ഹറാമായ കാര്യത്തിലേക്ക് വഴിവെക്കുന്നതാണ് എങ്കില്‍ അത് നിഷിദ്ധവും ആയിരിക്കും.




 شروط صحة البيع: (കച്ചവടം സാധുവാകാനുള്ള നിബന്ധനകള്‍)

1- التراضي من البائع والمشتري إلا من أُكره بحق
(വില്‍ക്കുന്നവനും വാങ്ങിക്കുന്നവനും പരസ്പരം തൃപ്തരാവണം). ഇത് ഒരു കച്ചവടം ശരിയായ കച്ചവടമായി പരിഗണിക്കുവാനുള്ള നിബന്ധനയാണ്.

എന്നാല്‍ ചിലപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍, ന്യായമായ കാരണങ്ങള്‍ കൊണ്ട് വില്‍ക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥകളില്‍ തൃപ്തിയുടെ ആവശ്യമില്ല.

ഉദാ : مهجور عليه
ഒരാളുടെ കടബാധ്യത അയാളുടെ സ്വത്തിനേക്കാള്‍/വരുമാനത്തെക്കാള്‍ കവിഞ്ഞാല്‍ ആ സന്ദര്‍ഭത്തില്‍ കോടതി കടം ലഭിക്കാനുള്ളവരുടെ അവകാശങ്ങള്‍ പരിഗണിച്ച് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്നതില്‍ നിന്ന് അയാളെ തടയും. ഒരുപക്ഷേ, കോടതി അയാളുടെ കൈവശമുള്ള  വസ്തുക്കള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ വേണ്ടി അയാളെ നിര്‍ബന്ധിക്കും. അത്തരം ഒരു സന്ദര്‍ഭത്തില്‍ അയാളുടെ തൃപ്തി ആവശ്യമായി വരുന്നില്ല. കാരണം അവിടെ അയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളവ വില്‍ക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ തന്നെ അവിടെ ഇസ്‌ലാമിക കോടതിക്ക് അയാള്‍ ത്രിപ്തിപ്പെട്ടില്ലെങ്കിലും വസ്തുക്കള്‍ വില്‍ക്കാന്‍ അയാളെ നിര്‍ബന്ധിക്കാനുള്ള അധികാരമുണ്ട്‌.

2- أن يكون العاقد جائز التصرف بأن يكون كل منهما حراً، مكلفاً، رشيداً
(കരാറില്‍ ഏര്‍പ്പെടുന്നവര്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇസ്ലാമികമായി അനുവാദം ഉള്ളവര്‍ ആയിരിക്കണം.)

അഥവാ: സ്വന്തന്ത്രനും,  ബുദ്ധിയും പ്രായപൂര്‍ത്തിയും എത്തിയവനും, സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും ലാഭനഷ്ടങ്ങളെക്കുറിച്ചും  അവബോധമുള്ളവനും ആയിരിക്കണം.

എന്നാല്‍ ലാഭനഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള പക്വതയെത്തിയ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി എത്തിയിട്ടില്ലെങ്കില്‍ പോലും തങ്ങളുടെ രക്ഷാധികാരികളുടെ  അനുമതിയോടെ കച്ചവടം നടത്താം.

3- أن يكون المبيع مما يباح الانتفاع به مطلقاً
(വില്‍ക്കപ്പെടുന്ന വസ്തു നിര്‍ബന്ധസാഹചര്യത്തിലല്ലാതെത്തന്നെ  അനുവദനീയമായ ഉപയോഗമുള്ള വസ്തുവായിരിക്കണം)

അതായത് ഹലാലായ വസ്തു ആയിരിക്കണം എന്ന് ചുരുക്കം.

ഉദാ : ശവം വില്‍ക്കാന്‍ പാടില്ല. പക്ഷെ ചില നിര്‍ബന്ധ സാഹചര്യത്തില്‍
ഒരു ഭക്ഷണവും കിട്ടാതെ വരുന്ന സന്ദര്‍ഭത്തില്‍, നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ശവത്തില്‍ നിന്ന് ഭക്ഷിക്കാം എന്ന് ഇസ്‌ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ അത്തരം നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം അനുവദനീയമാകുക എന്നത് ആ വസ്തു കച്ചവടം ചെയുന്നത് അനുവദനീയമാക്കുന്നില്ല.വില്‍ക്കല്‍ അനുവദനീയമായ വസ്തു നിര്‍ബന്ധിത സാഹചര്യത്തിലല്ലെങ്കില്‍ പോലും അനുവദനീയമായ വസ്തു ആയിരിക്കണം. കാരണം ഏത് നിഷിദ്ധമായ വസ്തുവും ഒരുപക്ഷേ ജീവന്‍ അപകടപ്പെടുന്ന സാഹചര്യത്തില്‍ അനുവദനീയമായേക്കാമല്ലോ. അതുകൊണ്ട് അത് പരിഗണിക്കില്ല. 

അല്ലാഹുവും റസൂലും വിലക്കിയിട്ടുള്ള വസ്തുക്കള്‍ ഒന്നും തന്നെ കച്ചവടം ചെയ്യാന്‍ പാടില്ല. ചില വസ്തുക്കളെ നിര്‍ബന്ധ സാഹചര്യത്തില്‍ അല്ലാതെത്തന്നെ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാക്കിയിട്ടുണ്ടെങ്കില്‍ അവ കച്ചവടം ചെയ്യുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള പ്രത്യേക ഹദീസുകള്‍ കാണാം. അത്തരം കാര്യങ്ങളും വില്‍ക്കാനോ, വാങ്ങാനോ പാടില്ല.

ഉദാ: നായയെ വില്‍ക്കുന്നതും അതിന്റെ പണം കൈപ്പട്ടുന്നതും പ്രവാചകന്‍(സ) വിലക്കി.

  അബൂ മസ്ഊദ് (റ) വില്‍ നിന്നും നിവേദനം:

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ نَهَى عَنْ ثَمَنِ الْكَلْبِ وَمَهْرِ الْبَغِيِّ وَحُلْوَانِ الْكَاهِنِ

 " റസൂലുല്ലാഹി (സ) നായയെ വിറ്റ് ലഭിക്കുന്ന പണവും, വ്യഭിചാരത്തിലൂടെ ലഭിക്കുന്ന പണവും, ജ്യോതിഷത്തിലൂടെ ലഭിക്കുന്ന പണവും വിലക്കിയിരിക്കുന്നു." - [ബുഖാരി 2083, മുസ്‌ലിം 2930].


ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം:

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ :  نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ثَمَنِ الْكَلْبِ ، وَإِنْ جَاءَ يَطْلُبُ ثَمَنَ الْكَلْبِ فَامْلأْ كَفَّهُ تُرَابًا
"നായയെ വിറ്റ് ലഭിക്കുന്ന പണം നബിതിരുമേനി (സ) വിരോധിച്ചിരിക്കുന്നു. അതുകൊണ്ട് നായയുടെ പണം ചോദിച്ചുകൊണ്ട് ആരെങ്കിലും വന്നാല്‍ അവന്റെ കൈനിറയെ മണ്ണ്‌ കൊടുക്കുക. " - [അബൂ ദാവൂദ് : 3021, അല്‍ബാനി-സ്വഹീഹ്]. 


 വേട്ടക്കും, കൃഷിക്കോ, ആടുമാടുകള്‍ക്കോ കാവലിനായും നായയെ ഉപയോഗിക്കാന്‍ അനുവാദമുണ്ട് എങ്കില്‍ പോലും നായയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് നിഷിദ്ധമാണ്. ഇതാണ് പൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

ഹാഫിദ് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹി) നായയെ വിറ്റ് ലഭിക്കുന്ന പണം വിലക്കിക്കൊണ്ട് വന്ന ഹദീസുകള്‍ വിശദീകരിച്ചുകൊണ്ട് പറയുന്നു : "ഇവിടെ പരാമര്‍ശിക്കപ്പെട്ട വിലക്കില്‍ നിന്നും അത് വില്‍ക്കല്‍ നിഷിദ്ധമാണ് എന്നത് വളരെ പ്രകടമാണ്. പരിശീലനം നല്‍കിയ നായ ആയാലും, അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള നായയാലും, അവയെല്ലാം തന്നെ നിഷിദ്ധമാണ് എന്നതാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്."

ഇമാം നവവി (റഹി) ശറഹു മുസ്‌ലിമില്‍ പറയുന്നു : "നായയെ വിറ്റ് ലഭിക്കുന്ന പണം നിഷിദ്ധമാണ് എന്നതും, അത് മോശം സമ്പാദ്യമാണ് എന്നതും, അത് മ്ലേച്ചമാണ് എന്നതുമെല്ലാം അത് വില്‍ക്കല്‍ നിഷിദ്ധമാണ് എന്നതിനെ സൂചിപ്പിക്കുന്നു." അനുവദനീയമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും നായയെ വില്‍ക്കുന്നത് നിഷിദ്ധമാണ് എന്ന അഭിപ്രായമാണ് ഇമാം നവവി രേഖപ്പെടുത്തിയിട്ടുള്ളത്.

ഇബ്നു ഉസൈമീന്‍ (റഹി) പറയുന്നു: " വേട്ടക്ക് വേണ്ടിയാണ് വില്‍ക്കുന്നത് എങ്കില്‍പോലും നായയെ വില്‍ക്കല്‍ അനുവദനീയമല്ല". - [ശറഹുല്‍ മുംതിഅ് : 8/90].

ലിജ്നതുദ്ദാഇമയുടെ ഫത്'വയില്‍ കാണാം: "നായയെ വില്‍ക്കാനോ, അത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കാനോ പാടില്ല. കാവലിനും വേട്ടക്കും ഉള്ള നായയാണെങ്കില്‍ പോലും." - [ഫതാവ ലിജ്ന ദാഇമ13/36].

എന്നാല്‍ അനുവദനീയമായ കാര്യങ്ങള്‍ക്ക് വില്‍ക്കാം എന്ന അഭിപ്രായക്കാരനാണ് ഇമാം അബൂ ഹനീഫ. എന്നാല്‍ അത് വിലക്കിക്കൊണ്ട് വന്ന ധാരാളം ഹദീസുകള്‍ പരിശോധിച്ചാല്‍ അനുവദനീയമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും അതിന്‍റെ വില്പന അനുവദനീയമല്ല എന്നതാണ് സൂക്ഷ്മത. വേട്ടക്കുള്ള നായയെ വില്‍ക്കല്‍ അനുവദനീയമാണ് എന്നതിന് ഈ അഭിപ്രായക്കാര്‍ തെളിവ് പിടിക്കുന്ന ഹദീസ് ദുര്‍ബലവുമാണ്.




നായയെ വില്‍ക്കുന്നതും വാങ്ങുന്നതുമായി ബന്ധപ്പെട്ട വിധി വിശദീകരിക്കുക എന്ന അര്‍ത്ഥത്തിലല്ല നാമിത് ഇവിടെ ഉദ്ദരിച്ചത്. മറിച്ച് അനുവദനീയമായ ഉപയോഗമുള്ള വസ്തുവാണെങ്കില്‍ പോലും അത്തിന്റെ വില്പന റസൂലുല്ല വിരോധിചിട്ടുണ്ടെങ്കില്‍ അത് വില്‍ക്കല്‍ നിഷിദ്ധമായിത്തീരും എന്നത് മനസ്സിലാക്കാനാണ് ഈ ചര്‍ച്ച ഇവിടെ ഉദ്ദരിച്ചത്. യഥാര്‍ത്ഥത്തില്‍ ആ വിഷയ സംബന്ധമായി ഇനിയും ഒരുപാട് വിശദീകരിക്കുവാനുണ്ട് എങ്കിലും അടിസ്ഥാനപരമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ ഇടവരുത്തും എന്നതുകൊണ്ട്‌ കൂടുതല്‍ വിശദീകരിക്കുന്നില്ല.

ചുരുക്കത്തില്‍ മൂന്നാമത്തെ നിബന്ധനയുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത് മൂന്നു കാര്യങ്ങളാണ്:

 - വില്‍ക്കപ്പെടുന്ന വസ്തു ഉപയോഗശൂന്യമായ വസ്തു ആകാന്‍ പാടില്ല. അതുകൊണ്ട് പ്രയോജനം ഉണ്ടായിരിക്കണം.

- അതിന്‍റെ ഉപയോഗവും പ്രയോജനവും, മതപരമായി അനുവദനീയമായ പ്രയോജനം ആയിരിക്കണം.

- അനുവദിക്കപ്പെട്ട പ്രയോജനം ഉണ്ടെങ്കില്‍ കൂടി, തത് വസ്തുവിന്റെ  വില്പന വിരോധിച്ചുകൊണ്ടുള്ള പ്രത്യേക തെളിവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ വില്പന നിഷിദ്ധമായിരിക്കും.

(ബാക്കിയുള്ള നിബന്ധനകള്‍ അടുത്ത ലക്കത്തില്‍) .... തുടരും
-----------------

(വാട്ട്സാപ്പിലൂടെ നമ്മള്‍ നടത്തുന്ന കച്ചവടത്തെ സംബന്ധിച്ചുള്ള കര്‍മശാസ്ത്രപഠനം ടൈപ്പ് ചെയ്തതാണ് ഇത്. അത് ആളുകള്‍ക്ക് ലഭിക്കാവുന്ന രൂപത്തില്‍ ടൈപ്പ് ചെയ്ത് നല്‍കിയ സഹോദരന് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നല്‍കട്ടെ)