Tuesday, September 23, 2014

പക്ടി ഇടപാട് അനുവദനീയമാണോ, അതിന്‍റെ കര്‍മ്മശാസ്ത്ര വിധിയെന്ത്‌ ?!.

കോഴിക്കോട് ഭാഗത്ത് സാധാരണ നടപ്പിലുള്ള ഒരു ഇടപാടാണ് പകുടി. അഥവാ ഒരാള്‍ നടത്തിക്കൊണ്ടിരിക്കുന്ന കട മറ്റൊരാള്‍ക്ക് കച്ചവടത്തിന് വേണ്ടി ഒഴിഞ്ഞുകൊടുക്കണമെങ്കില്‍ ഒരു നിശ്ചിത സംഖ്യ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്ക് കൊടുക്കണം. നല്ല കച്ചവടം ഉള്ള സ്ഥലം ആണെങ്കില്‍ അയാള്‍ ഒഴിയാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും...

ഉദാ: അഹ്മദ് ഒരു തിരക്കുള്ള നഗരത്തില്‍ കട നടത്തുന്നു എന്ന് കരുതുക. ആ കട നജീബ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇവിടെ അഹ്മദ് ആ കടയില്‍ നിന്നും ഒഴിയണമെങ്കില്‍ ഒരു നിശ്ചിത സംഖ്യ ആവശ്യപ്പെടുന്നു. ഈ ആവശ്യപ്പെടുന്ന പണമാണ് പകുടി.

ഇതിന്‍റെ ശറഇയായ വിധി പലരും നേരത്തെ  ചോദിച്ചിരുന്നു.  ഇന്‍ ഷാ അല്ലാഹ് പരിശോധിച്ചിട്ട് പറയാം എന്നും പറഞ്ഞിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ കച്ചവടവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര നിയമങ്ങള്‍ വിശദീകരിക്കുന്ന ക്ലാസില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. (سعر الخلو) എന്നാണ് അതിന് അറബിയില്‍ പറയുക. 

കച്ചവടം രണ്ടു താരമാണ്. ഒന്ന് വസ്തു വില്‍ക്കുക (بيع مال), രണ്ടാമത്തേത് ഉപകാരം വില്‍ക്കുക (بيع منفعة).  ഉപകാരം വില്‍ക്കുക എന്നാ ഗണത്തിലാണ് ഇത് പെടുക. അഥവാ ആ സ്ഥലത്ത് കച്ചവടം ചെയ്യുക എന്ന ഉപകാരത്തെ അയാള്‍ വില്‍ക്കുന്നു എന്നര്‍ത്ഥം. ഇത് അനുവദനീയമാണ്. പക്ഷെ അനുവടനീയമാകാന്‍ ഒരു നിബന്ധനയുണ്ട്. അതായത് പകുടി വാങ്ങി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാകുന്ന കച്ചവടക്കാരന്‍ ആ കടയുടെ ഉടമസ്ഥനുമായി നിലനില്‍ക്കുന്ന വാടകക്കരാര്‍ അവസാനിചിരിക്കാന്‍ പാടില്ല. കാരണം വാടകക്കരാര്‍ അവസാനിച്ചാല്‍ ഒഴിഞ്ഞു കൊടുക്കാന്‍ അയാള്‍ നിര്‍ബന്ധിതനാണല്ലോ..

സ്വാഭാവികമായും ഇപ്രകാരം ഒരു ഉപകാരത്തെ വില്പനക്ക് വെക്കുന്നുവെങ്കില്‍ സകാത്ത് കണക്കു കൂട്ടുന്ന സമയത്ത് തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കള്‍ പരിഗണിക്കുമ്പോള്‍ അതില്‍ ആ ഉപകാരത്തിന് പ്രതീക്ഷിക്കുന്ന മാര്‍ക്കറ്റ് വിലയും കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അത് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ കച്ചവട വസ്തു എന്ന ഗണത്തില്‍ പരിഗണിക്കപ്പെടുകയുള്ളൂ .... അഥവാ ഒരാള്‍ സ്വാഭാവികമായും കടയെടുക്കുമ്പോള്‍ പകുടി നല്‍കിയായിരിക്കും കട എടുത്തിട്ടുണ്ടാവുക. എന്നാല്‍ ഓരോ വര്‍ഷവും സകാത്ത് കണക്കു കൂട്ടുമ്പോള്‍ പകുടിയായി നല്‍കിയ പണം സകാത്ത് ബാധകമാകുന്ന പണത്തില്‍ ഉള്‍പ്പെടുത്തണം എന്നില്ല. എന്നാല്‍ എപ്പോഴാണോ മറ്റൊരാളില്‍ നിന്നും പകുടി വാങ്ങി ആ കട ഒഴിഞ്ഞു കൊടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നത് അപ്പോള്‍ ഹൗല്‍ തികയുമ്പോള്‍ സകാത്ത് ബാധകമാകുന്ന പണത്തില്‍ അതും ഉള്‍പ്പെടുത്തേണ്ടതുണ്ട്. അഥവാ കച്ചവട വസ്തുവായി മാറിയാല്‍, സാധാരണ കച്ചവട വസ്തുക്കളുടെ സകാത്ത് എപ്രകാരമാണോ കണക്കു കൂട്ടുന്നത് അതുപോലെ ഇതിന്റെയും സകാത്ത് കണക്കു കൂട്ടണം എന്നര്‍ത്ഥം.

അല്ലാഹു അനുഗ്രഹിക്കട്ടെ ...
----------------------------------------------------------------------------------------------------------
അനുബന്ധ ലേഖനം:  കച്ചവട വസ്തുക്കളുടെ സകാത്ത് :



-  ശൈഖ്  സുലൈമാന്‍ റുഹൈലി ഹഫിദഹുല്ലയുടെ മേല്‍ പറഞ്ഞ ക്ലാസുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ പോകുക :