Saturday, September 27, 2014

പണയവും അതിന്‍റെ നിയമങ്ങളും - ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ).

സാമ്പത്തിക കരാറുകളെ മൂന്നായി തരം തിരിക്കാം:

1- കരാറില്‍ ഏര്‍പ്പെടുന്ന രണ്ടു കക്ഷികള്‍ക്കും (പരസ്പര ധാരണയോടെയല്ലാതെ) പിന്മാറാന്‍ സാധിക്കാത്ത കരാര്‍ (عقود لازمة).

ഉദാ: കച്ചവടം, വാടക തുടങ്ങിയവ.

2- കരാറില്‍ ഏര്‍പ്പെടുന്ന രണ്ടു കക്ഷികള്‍ക്കും ഏത് സമയവുംപിന്മാറാവുന്ന കരാര്‍ (عقود جائزة).

ഉദാ: വക്കാലയെ പോലുള്ളവ.

3- കരാറില്‍ ഏര്‍പ്പെടുന്ന രണ്ടു കക്ഷികളില്‍ ഒരു കക്ഷിക്ക് മാത്രം പിന്മാറാന്‍ അനുവാദമുള്ളവ (عقود لازمة من طرف و جائزة من طرف آخر). 

ഉദാ: പണയം, പണയത്തില്‍ കടം നല്‍കുന്നയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും താന്‍ ഗ്യാരണ്ടി എന്നോണം വാങ്ങി വച്ച പണയ മുതല്‍ കടക്കാരന് തിരിച്ച് നല്‍കാവുന്നതാണ്. എന്നാല്‍ കടം തിരിച്ചടക്കാതെയും കടം നല്‍കിയ ആളുടെ അനുവാദമില്ലാതെയും ആ പണയമുതല്‍ തിരിച്ചെടുക്കാന്‍ കടക്കാരന് പറ്റില്ല.


പണയത്തിന്‍റെ നിര്‍വചനം: "കടക്കാരനില്‍ നിന്നും കടം തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നാല്‍, പ്രസ്തുത വസ്തുവില്‍ നിന്നോ അതിന്‍റെ വിലയില്‍ നിന്നോ കടം തിരിച്ചുപിടിക്കാനെന്നോണം കടത്തിന് ഗ്യാരണ്ടിയായി ഒരു വസ്തു വാങ്ങിക്കുക."


പണയം അനുവദിച്ചതിലെ യുക്തി:
അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും സമ്പത്ത് സംരക്ഷിക്കപ്പെടാനുമാണ് പണയത്തെ അനുവദനീയമാക്കിയത്. കടം തിരിച്ചു നല്‍കേണ്ട സമയമെത്തിയാല്‍ കടക്കാരന്‍ പണം നല്‍കിയ ആള്‍ക്ക് അത് തിരിച്ചു നല്‍കണം. എന്നാല്‍ അതയാള്‍ തിരിച്ചു നല്‍കാതിരിക്കുന്ന പക്ഷം കടക്കാരന്‍ അനുവദിക്കുകയാണ് എങ്കില്‍ ആ പണയ മുതല്‍ വിറ്റ്‌ തന്‍റെ അവകാശം പണം നല്‍കിയ ആള്‍ക്ക് അതില്‍ നിന്നും തിരിച്ച് പിടിക്കാം. ഇനി അയാള്‍ കടം വീട്ടുന്നുമില്ല പണയമുതല്‍ വില്‍ക്കാന്‍ അനുവാദം നല്‍കുന്നുമില്ല എങ്കില്‍ ഒന്നുകില്‍ കടം വീട്ടുക , അതല്ലെങ്കില്‍ പണയമുതല്‍ വില്‍ക്കുക എന്നതിന് ഭരണാധികാരിക്ക് അയാളെ നിര്‍ബന്ധിക്കാം. എന്നിട്ടും അയാള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഭരണാധികാരിക്ക് (കോടതി, നേരിട്ടോ ഉത്തരവ് പുരപ്പെടുവിച്ചോ) ആ പണയമുതല്‍ വിറ്റ്‌ കടം വീട്ടാവുന്നതാണ്.

അല്ലാഹു പറയുന്നു:



وَإِنْ كُنْتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا كَاتِبًا فَرِهَانٌ مَقْبُوضَةٌ


"ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി." - [അല്‍ബഖറ:283].

അതുപോലെ ഹദീസില്‍ കാണാം:


عن عائشة رضي الله عنها أن النبي صلى الله عليه وسلم اشترى طعاما من يهودي إلى أجل ورهنه درعا من حديد

 ആഇശ (റ) യില്‍ നിന്നും നിവേദനം: "പ്രവാചകന്‍ (സ) ഒരു ജൂതനില്‍ നിന്നും ഭക്ഷണം കടമായി വാങ്ങിക്കുകയും ഇരുമ്പിന്‍റെ ഒരു പടയങ്കി അയാളുടെ പക്കല്‍ പണയമായി വെക്കുകയും ചെയ്തു." - [ബുഖാരി, മുസ്‌ലിം].

  • പണയമായി സ്വീകരിക്കുന്ന മുതല്‍ കടം നല്‍കിയ ആളുടെയോ, അദ്ദേഹത്തിന്‍റെ സൂക്ഷിപ്പുകാരന്‍റെയോ കൈവശം ഒരു അമാനത്ത് എന്നോണമാണ് പരിഗണിക്കപ്പെടുക. പണയമുതലിന് വല്ല കേടുപാടോ അപകടമോ സംഭവിച്ചാല്‍ അത് അയാളുടെ വീഴ്ച കാരണത്താലോ, അയാളുടെ ദുരുപയോഗം കൊണ്ടോ സംഭവിച്ചതാണെങ്കില്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതി.
  • പണയവസ്തു ചിലവുള്ളവ്യാണെങ്കില്‍ (ഉദാ: പശു) അതിന്‍റെ ചിലവ് നല്‍കേണ്ടത് കടക്കാരനാണ്. എന്നാല്‍ അതിന്‍റെ നിലനില്‍പ്പിനാവശ്യമായ ചിലവിന് നല്‍കുന്നത് കടം നല്‍കിയ ആള്‍ ആണ് എങ്കില്‍, താന്‍ നല്‍കുന്ന ചിലവിന്‍റെ തോതനുസരിച്ച് മാത്രം, സവാരിക്ക് ഉപയോഗിക്കുന്നവയെ അപ്രകാരം ഉപയോഗിക്കുകയോ, പാല്‍ കറക്കുന്നവയുടെ പാല്‍ കറക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. 

    ശ്രദ്ധിക്കുക:
    (പണയ മുതല്‍ ഉപയോഗിക്കാന്‍ വേണ്ടി കടം നല്‍കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. ഇത് അനുവദനീയമല്ല. ഇത് ഉപകാരം ഈടാക്കാന്‍ വേണ്ടി നല്‍കുന്ന കടം അഥവാ പലിശ ഇനത്തിലാണ് പെടുക. എന്നാല്‍ പണയ മുതല്‍ ഉപയോഗിക്കുന്നയാല്‍ അതിന്‍റെ നാട്ടുനടപ്പനുസരിച്ചുള്ള വാടക അതിന്‍റെ ഉടമസ്ഥന് നല്‍കേണ്ടതുണ്ട്. ഉദാ: നമ്മുടെ നാട്ടില്‍ 5 ലക്ഷം രൂപ കടം നല്‍കി ചിലര്‍ പണയ വീട്ടില്‍ താമസിക്കും. ശേഷം ആ പണം തിരിച്ചു നല്‍കുമ്പോള്‍ ഒഴിഞ്ഞു കൊടുക്കുകയും ചെയ്യും. വാടകയൊന്നും നല്‍കില്ല. ഇവിടെ വാടകയായി നല്‍കേണ്ട പണം പലിശ ഇനത്തില്‍ ഈടാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഇത് നിഷിദ്ധമാണ്. എന്നാല്‍ പണയമുതല്‍ ഉപയോഗിക്കുന്നവന്‍ ആ ഉപയോഗത്തിന്‍റെ വില അഥവാ വാടക ഉടമസ്ഥന് നല്‍കണം. അതാണ്‌ ഇസ്‌ലാമികമായ പണയം. ഇവിടെ തന്നെ ഫുഖഹാക്കള്‍ വിശദീകരിച്ചത് നാം ശ്രദ്ധിക്കുക: നിലനില്‍പ്പിന് ചിലവ് ആവശ്യമായി വരുന്ന പണയമുതല്‍ ആയിരിക്കുകയും, അതിന്‍റെ ചിലവിന് നല്‍കുന്നത് പണയമുതല്‍ കൈവശം വെക്കുന്നവനായിരിക്കുകയും ചെയ്‌താല്‍, താന്‍ ചിലവഴിക്കുന്നതിന്‍റെ തോതനുസരിച്ച് അത് ഉപയോഗപ്പെടുത്താം. കാരണം യഥാര്‍ത്ഥത്തില്‍ ആ ചിലവ് നല്‍കേണ്ടത് അതിന്‍റെ ഉടമസ്ഥനാണ്. അതിനാല്‍ തന്നെ ഈ വിഷയം പ്രത്യേകം ശ്രദ്ധിക്കണം).


    • പണയമുതല്‍ വില്‍ക്കല്‍: പണയം ഗ്യാരണ്ടിയായി സ്വീകരിച്ച ആളുടെ (അഥവാ കടം നല്‍കിയ ആളുടെ) അനുവാദമില്ലാതെ  അതിന്‍റെ ഉടമസ്ഥന് അത് വില്‍ക്കാന്‍ പാടില്ല. ഇനി ഉടമസ്ഥന്‍ അത് വില്‍ക്കുകയും എതിര്‍ കക്ഷി ആ വില്‍പന അംഗീകരിക്കുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. എന്നാല്‍ എതിര്‍ കക്ഷി അംഗീകരിച്ചില്ലെങ്കില്‍ ആ വില്‍പന അസാധുവാണ്.
    • (ഒരു പണയമുതല്‍ വിറ്റ്‌ കടബാധ്യത തീര്‍പ്പാക്കുന്ന സാഹചര്യത്തില്‍, പണയ മുതലിന് കടബാധ്യതയെക്കാള്‍ വിലയുണ്ടെങ്കില്‍, കടമായി എത്രയാണോ തിരിച്ചു കിട്ടാനുള്ളത് അത് മാത്രമേ കടം നല്‍കിയ ആള്‍ക്ക് ലഭിക്കുകയുള്ളൂ. ബാക്കി പണം പണയമുതലിന്‍റെ ഉടമസ്ഥന് ഉള്ളതാണ്. മാത്രമല്ല പണയമുതല്‍ വിറ്റ്‌ കടബാധ്യത തീര്‍ക്കാനുള്ള തീരുമാനം കടക്കാരന്‍ അഥവാ ഉടമസ്ഥന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ നിയമപരമായി കോടതി യോ, ബന്ധപ്പെട്ട അധികാരികളോ നല്‍കുന്ന ഉത്ത്രവിനാല്‍ മാത്രമാണ് അത്  നടപ്പാക്കേണ്ടത്. അതിനാല്‍ തന്നെ ഇത്തരം ബാധ്യതകളും കരാറുകളും നിയമപരമായി സാധുതയുള്ള കടലാസുകളില്‍ എഴുതുക).


      -------------------------------------------------

      ഇതില്‍ ബ്രാക്കറ്റില്‍ നല്‍കിയ ഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാം   ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീം അതുവൈജിരി حفظه الله യുടെ مختصر الفقه الإسلامي എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ്. ശൈഖ് അബ്ദുല്‍ അസീസ്‌ അര്‍റാജിഹി حفظه الله യാണ് ആ പുസ്തകം അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളത്. അല്ലാഹു അവരിരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ ... അല്ലാഹുമ്മ ആമീന്‍ ...