Thursday, September 25, 2014

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല).

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു:  

www.fiqhussunna. com

"ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : " പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു". അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍  ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : "പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല " എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന 'നിഷേധ രൂപത്തില്‍' വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന 'സ്ഥിരീകരണ രൂപത്തില്‍'  വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍)  അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല   എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ " .
(فضل العشر من ذي الحجة - الشيخ صالح بن فوزان الفوزان) .