Saturday, July 26, 2014

സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അതിന്റെ സകാത്ത് നൽകേണ്ടതെപ്പോൾ ?.


ചോദ്യം: സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അത് വിറ്റ്‌ ലാഭം കിട്ടുമ്പോള്‍ ആണോ കൊടുക്കേണ്ടത് ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛


 വില്പനക്ക് വച്ച സ്ഥലത്തിനാണ് സകാത്ത് ബാധകമായിട്ടുള്ളത്. വില്പനക്കല്ലാതെ കൃഷിക്ക് വേണ്ടിയോ, വീട് വെക്കുന്നതിന് വേണ്ടിയോ, ഫാക്ടറി തുടങ്ങുന്നതിനു വേണ്ടിയോ, വാടകക്ക് നല്കാൻ വേണ്ടിയോ ഒക്കെയുള്ള  സ്ഥലമാണെങ്കില്‍ അതിന് സകാത്ത് ഇല്ല.

ഇനി വില്പനക്ക് വച്ച സ്ഥലത്തിന്‍റെ സകാത്ത് എപ്രകാരമാണ് നാം നല്‍കേണ്ടത് ?. ജനങ്ങളുടെ ഇടയില്‍ ഏറെ തെറ്റിദ്ധാരണ ഉള്ള ഒരു വിഷയമാണിത്. പലരും പല രൂപത്തിലാണ് ധരിച്ചു വച്ചിട്ടുള്ളത്. വില്പന വസ്തുവാണെങ്കില്‍ പോലും സ്ഥലത്തിന് സകാത്ത് ബാധകമാകുകയില്ല എന്ന് ധരിച്ചു വച്ചവരും ഏറെ. മൂല്യം നിസ്വാബ് തികയുന്ന കച്ചവട വസ്തുക്കള്‍ക്കെല്ലാം സകാത്ത് ബാധകമാണ്.

ഇനി വില്പന വസ്തുക്കളുടെ സകാത്ത് നിര്‍ബന്ധമാകുന്നത് അവയുടെ മൂല്യത്തിലാണ്. അഥവാ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ  കാലാവധി (ഹൗല്‍) തികയുമ്പോള്‍ ആ വില്പന വസ്തുവിന് മാര്‍ക്കറ്റില്‍ ഉള്ള വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

ഉദാ: ഒരാള്‍ വില്‍ക്കുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങി എന്ന് കരുതുക. ഹൗല്‍ പൂര്‍ത്തിയാകുന്ന സമയത്ത് ആ സ്ഥലത്തിന് പന്ത്രണ്ട് ലക്ഷം രൂപ വില വരുമെങ്കില്‍ പന്ത്രണ്ട് ലക്ഷത്തിന്‍റെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

അഥവാ ഹൗല്‍ തികയുന്ന സമയത്തുള്ള മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

ഇനിയുള്ള ചോദ്യം ആ സ്ഥലം വാങ്ങിയ അന്ന് മുതലാണോ ഞാന്‍ ഹൗല്‍ തുടങ്ങുന്ന ദിവസമായി പരിഗണിക്കേണ്ടത് ? അതല്ല ഞാന്‍ കച്ചവട വസ്തു വാങ്ങാന്‍ വേണ്ടി ഉപയോഗിച്ച പണം എന്‍റെ കയ്യില്‍ വന്നത് മുതല്‍ ആണോ ഹൗല്‍ തുടങ്ങുന്നത് എന്നതാണ് ? ( ഹൗല്‍ എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ സമയപരിധി ) 

എന്‍റെ കയ്യില്‍ ആ പണം വന്നത് മുതലാണ്‌ ഞാന്‍ ഹൗല്‍ തുടങ്ങിയതായി പരിഗണിക്കുക. ഉദാ: ശഅബാന്‍ ഒന്നിന് എനിക്ക് ഒരാള്‍ അഞ്ചു ലക്ഷം രൂപ ഹദിയ്യ നല്‍കി എന്ന് സങ്കല്‍പ്പിക്കുക. ആ പണം കൊണ്ട് റമളാന്‍ മുപ്പതിന് ഞാന്‍ ഒരു കച്ചവട വസ്തു വാങ്ങി എന്ന് സങ്കല്‍പ്പിക്കുക. ഇനി അടുത്ത ശഅബാന്‍ ഒന്ന് വരുമ്പോഴാണോ അതല്ല റമളാന്‍ മുപ്പതിനാണോ ഞാന്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്തനാകുന്നത് എന്നതാണ് ചോദ്യം.  ഇവിടെ ഞാന്‍ കച്ചവട വസ്തു വാങ്ങിയ സമയമല്ല മറിച്ച് എന്‍റെ കയ്യില്‍ ആ പണം വന്ന ദിവസമാണ് ഞാന്‍ ഹൗലിന്‍റെ ആരംഭമായി പരിഗണിക്കേണ്ടത്. അഥവാ പിറ്റേ വര്‍ഷം ശഅബാന്‍ ഒന്ന് വരുമ്പോള്‍ തന്നെ എന്‍റെ കയ്യിലുള്ള കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം   സകാത്ത് കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകുന്നു.

അല്ലാഹു അനുഗ്രഹിക്കട്ടെ 


By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


അനുബന്ധ ലേഖനം:

ഭൂമിയുടെ (സ്ഥലത്തിൻ്റെ) സകാത്ത്. തത് വിഷയത്തിലുള്ള പണ്ഡിതന്മാരുടെ ഫത്'വകളും.