Thursday, July 10, 2014

ശമ്പളത്തിന്‍റെ സകാത്തും, സകാത്ത് കണക്കു കൂട്ടുന്ന എളുപ്പ രീതിയും:


 ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

ഇത് നേരത്തെ നിരവധി തവണ നമ്മള്‍ വിശദീകരിച്ചതാണ്. എങ്കിലും ധാരാളം പേര്‍ ഇതേ വിഷയത്തില്‍ വീണ്ടും ബന്ധപ്പെടുന്നത് കൊണ്ടാണ് വീണ്ടും ഇതെഴുതുന്നത്.  ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുക. എന്നിട്ടും ഇവിടെ എഴുതിയതില്‍ വല്ല സംശയവും അവശേഷിക്കുന്നുവെങ്കില്‍ മാത്രം ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. അതുപോലെ പല സഹോദരങ്ങളും അവരുടെ ഓരോരുത്തരുടെയും സകാത്ത് പ്രത്യേകമായി കണക്കുകൂട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഫിഖ്ഹുസ്സുന്നയിലേക്ക് മെയില്‍ അയക്കുന്നു. ഓരോരുത്തരുടേതും കണക്ക് കൂട്ടി നല്‍കുക പ്രയാസമാണ്. അതുകൊണ്ടാണ് സകാത്ത് കണക്കുകൂട്ടേണ്ട രീതി ലളിതമായി അതിന്‍റെ സാങ്കേതിക ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താതെ ഒരാവര്‍ത്തി കൂടി എഴുതുന്നത്. സകാത്ത് എന്നത് ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നാണല്ലോ. ആ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ആയിരിക്കുമല്ലോ ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും. അതുകൊണ്ട്  പരിപൂര്‍ണമായി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ച് വായിക്കുക. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അല്ലാഹു സഹായിക്കട്ടെ. ഒപ്പം കൃഷിയോ മറ്റോ അല്ല രണ്ടര ശതമാനം ബാധകമാകുന്ന ഇനങ്ങളുടെ സകാത്ത് ആണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക. അല്ലാഹുഅനുഗ്രഹിക്കട്ടെ.. 

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

ഇന്ന് 15/06/2017 ന് വ്യാഴായ്ച നോക്കിയത് പ്രകാരം 595 ഗ്രാം വെള്ളി = 23324 രൂപയാണ്. അത് സാന്ദര്‍ഭികമായി കൂടുകയും കുറയുകയും ചെയ്തേക്കാം. കറന്‍സിയുടെ നിസ്വാബ് വെള്ളിയുമായി താരതമ്യം ചെയ്യാന്‍ കാരണം, വെള്ളിക്ക് മൂല്യം കുറവായതിനാലാണ്. നബി (സ) യുടെ കാലത്ത് വെള്ളിനാണയങ്ങള്‍ ഉപയോഗിച്ചിടത്തും, സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിചിടത്തും നാമിന്ന് ഉപയോഗിക്കുന്നത് കറന്‍സിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിസ്വാബ് (സകാത്ത് ബാധകമാകാന്‍ ആവശ്യമായ പരിധി) എത്തുന്നത് ഏതോ അതാണ്‌ പരിഗണിക്കേണ്ടത്. മറ്റു കാരണങ്ങളും ഉണ്ട് കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

  എന്റെ കയ്യില്‍ ഒരു വര്‍ഷം മിനിമം നിക്ഷേപമായി 595ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ 23000 രൂപയെങ്കിലും ഉണ്ട് എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്. ഇനിയാണ് എന്‍റെ സകാത്ത് എങ്ങനെയാണ് കണക്കു കൂട്ടേണ്ടത് എന്നത് നാം  പരിശോധിക്കുന്നത്.

സകാത്ത് ബാധകമാകുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു Zakath Calculation Date അഥവാ സകാത്ത് കണക്കു കൂട്ടേണ്ട തിയ്യതി ഉണ്ടായിരിക്കണം. ഹിജ്റ വര്‍ഷത്തിലെ ഒരു ദിവസമായിരിക്കും അത്. ഉദാ, മുഹര്‍റം ഒന്ന് , സ്വഫര്‍ ഒന്ന്, എന്നിങ്ങനെ ഏതെങ്കിലും ഒരു തിയ്യതി അയാളുടെ സകാത്ത് കാല്‍ക്കുലേഷന്‍ തിയ്യതിയായി ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ തന്‍റെ കൈവശം നിസ്വാബ് എത്തിയ അന്ന് മുതലാണ്‌ ഒരാള്‍ തിയ്യതി കണക്കാക്കേണ്ടത്. ഇനി അപ്രകാരം ഒരു തിയ്യതി ഇല്ലാത്തവര്‍,  സ്ഥിരമായി റമളാന്‍ മാസത്തിലോ മറ്റോ കൊടുത്ത് വരുന്നവരാണെങ്കില്‍ അതു തന്നെ തുടര്‍ന്നാല്‍ മതി. ഇനി നേരത്തെ ഒരു തീയതിയില്ലാത്തവര്‍ ഇത് വായിക്കുന്നത് മുതല്‍ തങ്ങളുടെ സകാത്ത് ഇതില്‍ പറഞ്ഞത് പ്രകാരം കണക്ക് കൂട്ടുകയും, ആ തിയ്യതി തന്നെ തുടര്‍ വര്‍ഷങ്ങളിലും തന്‍റെ സകാത്ത് കണക്കുകൂട്ടാനുള്ള തിയ്യതിയായി പരിഗണിച്ച് തുടര്‍ന്ന് പോരുകയും ചെയ്യുക.

ഇനിയാണ് സകാത്ത് കണക്കുകൂട്ടാനുള്ള ഏറ്റവും എളുപ്പ രീതിയെക്കുറിച്ച് നാം പറയാന്‍ പോകുന്നത്. ഓരോ വര്‍ഷവും തന്‍റെ സകാത്ത് കണക്കുകൂട്ടുന്ന  തിയ്യതിയെത്തുമ്പോള്‍  ഒരാള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്. ഓരോ ഹിജ്റ വര്‍ഷവും അതേ തിയ്യതി വരുന്ന സമയത്ത് ഇതാവര്‍ത്തിച്ചാല്‍ മതി:

താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി +
തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം +
തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ശേഷം അടുത്ത വര്‍ഷം തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി വരുമ്പോള്‍ ഇതേ പ്രകാരം ചെയ്‌താല്‍ മതി.  സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് കൈവശം എത്രയുണ്ടോ അത് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ചിലവായിപ്പോയത് കണക്കാക്കേണ്ടതില്ല. അഥവാ ശമ്പളം, വാടക, ലാഭം, കൈവശമുള്ള കച്ചവടവസ്തുക്കള്‍, തുടങ്ങി തന്‍റെ കയ്യിലേക്ക് വരുന്ന കറന്‍സിയും, കച്ചവട വസ്തുക്കളുമെല്ലാം ഒരു സകാത്ത് അക്കൗണ്ടിലാണ്  വീഴുന്നത് എന്ന് സങ്കല്പ്പിക്കുക. ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എന്‍റെ സകാത്ത് അക്കൗണ്ടില്‍ എത്ര തുകയുണ്ട് അതിന്‍റെ 2.5% സകാത്തായി നല്‍കുക. ചിലവായിപ്പോയ സംഖ്യ പരിഗണിക്കേണ്ടതില്ല. ഇതാണ് സകാത്ത് കണക്കുകൂട്ടേണ്ട ശരിയായതും ഏറ്റവും എളുപ്പമുള്ളതുമായ രീതി.

ഉദാ: ഒരാള്‍ക്ക് മാസശമ്പളമായി 45000 രൂപ ലഭിക്കുന്നു. അതുപോലെ അയാളുടെ കൈവശമുള്ള ഒരു വീട് വാടകക്ക് നല്‍കിയത് വഴി 10000 രൂപയും മാസം ലഭിക്കുന്നു. ഇതൊക്കെ ഒരു സകാത്ത് പാത്രത്തിലേക്ക് ആണ് വീഴുന്നത് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും അയാള്‍ ആ ധനത്തില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്നു. അഥവാ സകാത്ത് ബക്കറ്റിലേക്ക് ധനം വരുകയും അതുപോലെ അതില്‍നിന്നും പുറത്ത് പോകുകയും ചെയ്യുന്നുണ്ട്. അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട സ്വഫര്‍ 1 എന്ന തിയ്യതി എത്തിയപ്പോള്‍ അയാള്‍ തന്‍റെ ബക്കറ്റില്‍ എത്ര ധനമുണ്ട് എന്ന് പരിശോധിച്ചു. ഉദാ: കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം 360000 രൂപയാണ് ഉള്ളത്, ഒപ്പം വില്പനക്ക് വേണ്ടി വച്ച 4 ലക്ഷം രൂപ ഇപ്പോള്‍ വില വരുന്ന ഒരു കച്ചവട വസ്തുവും അയാളുടെ പക്കലുണ്ട്. ആകയാല്‍ അയാള്‍ മൊത്തം സകാത്ത് നല്‍കേണ്ട തുക  360000 + 400000 = ആകെ ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം (2.5%) അയാള്‍ സകാത്തായി നല്‍കണം. അഥവാ രണ്ടര ശതമാനം കാണാന്‍ 760000 X 2.5 ÷ 100 എന്ന രീതി അവലംബിക്കുകയോ, അതല്ലെങ്കില്‍ 760000 ത്തെ 40 കൊണ്ട് ഹരിക്കുകയോ   ചെയ്‌താല്‍ മതി. ഉദാ: 
(760000÷40 = 19000). അതായത് അയാള്‍ സകാത്തായി നല്‍കേണ്ട തുക 19000 രൂപ. അത് നല്‍കിയാല്‍ ഈ വര്‍ഷത്തെ സകാത്ത് നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത കൊല്ലം ഇതേ തിയ്യതി വരുമ്പോള്‍ ഇത് ആവര്‍ത്തിക്കുക. 

കയ്യിലുള്ള തുകയുടെ രണ്ടര ശതമാനം എങ്ങനെ കണ്ടെത്താം ?.  രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

മറ്റുള്ളവരില്‍ നിന്നും ലഭിക്കാനുള്ള കടങ്ങള്‍: 
ഇത് അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരില്‍ നിന്നും തനിക്ക് തിരികെ ലഭിക്കാനുള്ള കടങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. ആഇശ (റ), ഇബ്നു ഉമര്‍ (റ), ഇകരിമ (റ) തുടങ്ങിയവരുടെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയുടെയുമെല്ലാം അഭിപ്രായം ഇതാണ്. (الموسوعة الفقهية , വോ: 3, പേജ്: 238, 239 നോക്കുക). എന്നാല്‍ ബഹുഭൂരിപക്ഷം ഫുഖഹാക്കളും അത് നല്‍കിയ ആളുടെ സമ്പത്ത് തന്നെയാണ് എന്നതിനാല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നല്‍കേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം.

ഇനി താന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍:
 അത് സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പ് കൊടുത്ത് വീട്ടുകയാണ് എങ്കില്‍, നമ്മള്‍ പറഞ്ഞത് പ്രകാരം സ്വാഭാവികമായും കണക്കില്‍ അവ വരില്ല. ഇനി അവ ഇപ്പോള്‍ കൊടുത്ത് വീട്ടുന്നില്ല, പിന്നീട് വീട്ടാന്‍ ഉദ്ദേശിക്കുന്ന കടമാണ് എങ്കില്‍, കണക്ക് കൂട്ടിയ മൊത്തം തുകയില്‍ നിന്നും കൊടുക്കാനുള്ള സംഖ്യ എന്ന പേരില്‍ അത് കുറക്കാന്‍ പറ്റില്ല. ഉദാ: ഒരാളുടെ കൈവശം മൊത്തം 10 ലക്ഷം ഉണ്ട്. അയാള്‍ മറ്റുള്ളവര്‍ക്ക് രണ്ടു ലക്ഷം കൊടുക്കാനുണ്ട്. പക്ഷെ ആ പണം ഇപ്പോള്‍ കൊടുക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നില്ല. എങ്കില്‍ ആ 10 ലക്ഷത്തിനും അയാള്‍ സകാത്ത് കൊടുക്കണം. ഇനി സകാത്ത് കണക്കു കൂട്ടുന്ന തിയ്യതിക്ക് മുന്‍പായിത്തന്നെ അയാള്‍ ആ രണ്ടു ലക്ഷം കൊടുത്ത് വീട്ടിയാല്‍ സ്വാഭാവികമായും അയാളുടെ കൈവശമുള്ള (സകാത്ത് അക്കൗണ്ടിലെ) സംഖ്യ കണക്ക് കൂട്ടുമ്പോള്‍ അതില്‍ ആ ധനം കടന്നുവരികയുമില്ല.


ഇനി സ്വര്‍ണ്ണം കൈവശമുള്ളവര്‍:  സ്വര്‍ണ്ണം (10.5) പത്തര പവനോ അതില്‍ കൂടുതലോ കൈവശം ഉണ്ടെങ്കില്‍. കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതുപോലെ ഒരാളുടെ കൈവശം 8 പവന്‍ ഉണ്ട് എന്ന് കരുതുക, ബാക്കി രണ്ടര പവന് തതുല്യമായ കറന്‍സിയോ അതിലധികമോ ഉണ്ടെങ്കില്‍ ആ സ്വര്‍ണ്ണം കണക്കില്‍ ഉള്‍പ്പെടുത്തി അവക്ക് കൂടി സകാത്ത് നല്‍കണം.കാരണം കറന്‍സി സ്വര്‍ണ്ണവുമായും വെള്ളിയുമായും ഒരുപോലെ ഖിയാസ് ചെയ്യാവുന്ന ഇനമാണ്. അതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണം സ്വന്തമായോ, കയ്യിലുള്ള കച്ചവട വസ്തുവോ, കറന്‍സിയോ ചേര്‍ത്തുകൊണ്ടോ പത്തര പവന്‍ തികയുമെങ്കില്‍ കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും രണ്ടര ശതമാനം നല്‍കണം. അതായത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച സകാത്തിന്‍റെ ധനം കണക്ക് കൂട്ടുമ്പോള്‍ ഈ സ്വര്‍ണ്ണം കൂടെ ഉള്‍പ്പെടും എന്നര്‍ത്ഥം.

ഇനി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത് വെക്കുന്ന വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, പ്ലാറ്റിനം, അമൂല്യമായ ഇനങ്ങള്‍ ഇവയുടെയെല്ലാം കണക്കുകൂട്ടുന്ന സമയത്തെ മാര്‍ക്കറ്റ് വില എത്രയാണോ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. കാരണം അവ കച്ചവട വസ്തുവാണ്.


വെള്ളി (595) ഗ്രാം ഉണ്ടെങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തുക. ഇനി അതില്‍ കുറവും എന്നാല്‍ അതിന്‍റെ നിസ്വാബ് എത്തനാവശ്യമായ കറന്‍സി കൈവഷമുണ്ടാവുകയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പറഞ്ഞത് ഇവിടെയും ബാധകമാണ്.

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്:
 അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ:
 ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 
ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 
2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

നിക്ഷേപങ്ങളുടെ സകാത്ത് സംബന്ധമായി വിശദമായ ഒരു ലേഖനം മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:http://www.fiqhussunna.com/2015/05/blog-post_30.html ). 


ഇതാണ് സകാത്ത് കണക്കു കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ രീതി. ഈ രീതി അവലംബിക്കുന്നതിലെ നേട്ടങ്ങള്‍. 

1-  ശമ്പളം , വാടക, ലാഭം, ബോണസ്, ഹദിയകള്‍ എന്നിങ്ങനെ  തന്‍റെ കയ്യിലേക്ക് വരുന്ന മുഴുവന്‍ ധനവും വേറെ വേറെ കണക്കാക്കേണ്ടതില്ല. സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ തന്റെ കൈവശം അവശേഷിക്കുന്ന എല്ലാ ധനത്തിനും നല്‍കുക വഴി അവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

2- സ്വാഭാവികമായും കയ്യില്‍ നിന്നും ചിലവായിപ്പോകുകയോ, ഉപയോഗ വസ്തുക്കളായി മാറുകയോ ചെയ്ത ധനം ഇപ്രകാരം കണക്കില്‍ വരുകയില്ല. അവക്ക് സകാത്ത് നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ സകാത്ത് ബാധകമാകുന്ന രീതിയില്‍ തന്‍റെ കയ്യില്‍ അവശേഷിക്കുന്നതായ ധനങ്ങള്‍ എല്ലാം കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. 

3-ഒരു ഹിജ്റ വര്‍ഷം തികയുമ്പോഴാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ സകാത്ത് ബക്കറ്റില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകുമല്ലോ. ഇത് പലരും സംശയമായി ഉന്നയിക്കാറുണ്ട്. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുന്നില്ല.

4- നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. അതുകൊണ്ടാണ് ഈ രീതിയാണ് ഏറ്റവും എളുപ്പമുള്ള രീതി എന്ന് പറയാന്‍ കാരണം. നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം പരമാവധി സൂക്ഷ്മത ലഭ്യമാകുകയും ഏതൊരാളും തന്‍റെ സകാത്ത് കണക്കു കൂട്ടാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ഇതല്ലാത്ത മറ്റു രീതികള്‍ അവലംബിക്കുന്നവരും തങ്ങള്‍ അവലംബിക്കുന്ന രീതികളെക്കുറിച്ച് ചോദിച്ചുകൊണ്ട് ചോദ്യങ്ങള്‍ അയക്കുന്നുണ്ട്. ഓരോരുത്തരുടെയും രീതി പരിശോധിച്ച് പറയുക പ്രയാസമാണ്. ഗ്രന്ഥങ്ങള്‍ പരിശോധിച്ചും, പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ രീതി ഈയുള്ളവന്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് ഈ രീതിയുമായി ബന്ധപ്പെട്ട് വല്ല സംശയമോ, കൂടുതല്‍ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ ബ്ലോഗിലെ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ച് എഴുതി ചോദിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇത് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് താഴെ. ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായിക്കാണാം :




ചിത്രത്തിന്‍റെ വിശദീകരണം:  സകാത്ത് ബാധകമാകാനുള്ള പരിധിയായ നിസ്വാബ് ഉള്ളവന്‍റെ കയ്യില്‍ ഒരു സകാത്ത് ബക്കറ്റ് ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. തന്‍റെ കയ്യിലേക്ക് വരുന്നതും കയ്യിലുള്ളതുമായ സകാത്ത് ബാധകമാകുന്ന മുഴുവന്‍ ധനവും ആ ബക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് സങ്കല്‍പ്പിക്കുക. തന്റെ ചിലവുകള്‍/ വീട്, വാഹനം തുടങ്ങി ഉപയോഗവസ്തുക്കള്‍ ഇവയെല്ലാം തന്നെ ബക്കറ്റില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു. ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ അഥവാ തന്‍റെ  സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിയെത്തുമ്പോള്‍ എത്രയാണോ ബക്കറ്റില്‍ ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ... 


സകാത്ത് സംബന്ധമായി കൂടുതല്‍ പഠിക്കാനും, മുന്‍പ് ചോദിക്കപ്പെട്ട സംശയങ്ങളും മറുപടികളും വായിക്കാനും ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/p/blog-page_84.html