Sunday, July 27, 2014

സൗദിയിലെ മാസപ്പിറവി നമുക്ക് ബാധകമോ ?!. - ഇബ്നു ഉസൈമീൻ (رحمه الله).

നാട്ടിലെയും ഗൾഫിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ വിഷയത്തിൽ ഒരു വിശ്വാസി എടുക്കേണ്ട നിലപാടാണ് ഇബ്നു ഉസൈമീൻ (رحمه الله) വ്യക്തമാക്കുന്നത്.

ഇബ്നു ഉസൈമീന്‍ (റ) യോട് ഈ ചോദ്യം ചോദിക്കപ്പെട്ടു.

ചോദ്യം: മാസപ്പിറവി വ്യത്യസ്ഥമായി വരുക വഴി വ്യത്യസ്ഥ  സ്ഥലങ്ങളിലെ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?!.
ഉത്തരം: ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും  മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം പ്രവാചകന്‍(ﷺ) പറഞ്ഞു: (إذا رأيتموه فصوموا وإذا رأيتموه فأفطروا) " നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "
തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്. ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും. [مجموع الفتاوى 20 ] .
അതുപോലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അംബാസഡര്‍മാര്‍ ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) യോട് സമാനമായ ചോദ്യം ചോദിക്കുകയുണ്ടായി:
ചോദ്യം : എല്ലാ വര്‍ഷവും റമളാന്‍,അതുപോലെ അറഫാ ദിനം എന്നിവ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ വലിയ പ്രയാസമാണ്. ആളുകള്‍ ഈ വിഷയത്തില്‍ മൂന്ന്‍ രൂപത്തിലാണ്.
ഒന്നാം വിഭാഗക്കാര്‍ പറയുന്നത് : സൗദിയില്‍ നോമ്പ് വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.
രണ്ടാം വിഭാഗക്കാര്‍ പറയുന്നത്: ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ച് നോമ്പ് എപ്പോഴാണോ അതനുസരിച്ചാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.
മൂന്നാം വിഭാഗക്കാര്‍ പറയുന്നത്: റമളാന്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ മാസപ്പിറവി അനുസരിച്ചും എന്നാല്‍ അറഫാ ദിനം സൗദിയിലെ മാസപ്പിറവി അനുസരിച്ചും ആണ് നോമ്പ് എടുക്കുന്നത് എന്നാണ്.
അതുകൊണ്ട് ബഹുമാന്യനായ താങ്കളില്‍ നിന്നും വ്യക്തവും വിശദവുമായ ഒരു മറുപടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ താമസിക്കുന്ന രാജ്യവും സൗദിയും തമ്മില്‍ മാസപ്പിറവി ഒന്നിച്ച് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മക്കയില്‍ മാസപ്പിറവി പ്രഖ്യാപിച്ച് ഒന്നോ, രണ്ടോ, ചിലപ്പോള്‍ മൂന്നോ ദിവങ്ങള്‍ കഴിഞ്ഞാണ് ഇവിടെ മാസപ്പിറവി പ്രഖ്യാപിക്കാറ്.

ഉത്തരം :   ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഒന്ന്: ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ മുസ്ലിമീങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, രണ്ട്: മാസപ്പിറവി വീക്ഷിക്കുന്ന സ്ഥാനങ്ങള്‍ ഒത്തുവരുന്ന പ്രദേശങ്ങളെ മാത്രമാണ്  അത് ബാധിക്കുക എല്ലാവര്‍ക്കും ബാധകമല്ല. മൂന്ന്:  ഒരു ഭരണകൂടത്തിന് കീഴിലാണെങ്കില്‍ മാസപ്പിറവി കണ്ടവര്‍ക്കും, ആ ഭരണത്തിനു കീഴിലുള്ള മറ്റു പ്രദേശങ്ങളിലെ ആളുകള്‍ക്കും അത് ബാധകമാണ് എന്നിങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ട്.
യഥാര്‍ത്ഥത്തില്‍ ഏറ്റവും ശരിയായ നിലപാട് എന്തെന്നാല്‍. മാസപ്പിറവിയുടെ വിഷയത്തില്‍ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുള്ള ആളുകളെ ആശ്രയിക്കുകയും, രണ്ട് വ്യത്യസ്ഥ രാജ്യങ്ങളുടെ 'മാസപ്പിറവി നിര്‍ണയസ്ഥാനം' (المطالع) ഒന്നു തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്ന  പക്ഷം മാസപ്പിറവിയുടെ കാര്യത്തില്‍ അവ ഒരു രാജ്യമായി പരിഗണിക്കപ്പെടുന്നു. അഥവാ 'മാസപ്പിറവി നിര്‍ണയ സ്ഥാനം' ഒന്നാണ് എങ്കില്‍ അവയിലെ ഏതെങ്കിലും ഒരു രാജ്യത്ത് കാണുന്ന മാസപ്പിറവി മറ്റേ രാജ്യത്തിനും ബാധകമാകുന്നു.  ഇനി മാസപ്പിറവിയുടെ നിര്‍ണയസ്ഥാനം വ്യത്യസ്ഥമാണ് എങ്കില്‍ ഓരോ രാജ്യവും അവരവരുടെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
(മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനം വ്യത്യസ്ഥമായി വരുന്ന രാജ്യങ്ങള്‍ അവനവന്‍റെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് ) എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(رحمه الله) കൂടുതല്‍  പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും, ഹദീസുകൊണ്ടും, ഖിയാസ് കൊണ്ടും വ്യക്തമാകുന്നതും.
വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവ് അല്ലാഹു പറയുന്നു:
فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
" അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)". [അല്‍ബഖറ: 185].

അപ്പോള്‍ ആര് ആ മാസപ്പിറവിക്ക് സന്നിഹിതരാവുന്നില്ലയോ ആ ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പിന് സമയമാകുന്നില്ല എന്നാണ് ഈ ആയത്തിന്‍റെ വിവക്ഷ.

((ഇവിടെ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ) അഥവാ ശഅബാന്‍ കഴിഞ്ഞു റമദാന്‍ ആരംഭിച്ചു എന്ന് വെളിപ്പെടുത്തുന്ന മാസപ്പിറവി കാണുക വഴിയോ, അതല്ലെങ്കില്‍ ആ മാസപ്പിറവി കാണാത്ത പക്ഷം ശഅബാന്‍ മുപ്പതും പൂര്‍ത്തിയാക്കി റമദാനിലേക്ക് പ്രവേശിക്കുകയോ ചെയ്യുകയാണ് 'റമദാന്‍ മാസത്തിന് സന്നിഹിതരാവുക' എന്നതിന്‍റെ വിവക്ഷ - ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) .ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി പ്രവാചകന്‍(ﷺ) പറയുന്നു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)
" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക ".

മാസപ്പിറവി കാണാതെ നോമ്പ് അനുഷ്ടിക്കുവാനോ, മാസപ്പിറവി കാണാതെ നോമ്പ് അവസാനിപ്പിക്കുവാനോ പാടില്ല എന്നാണു ഈ ഹദീസിന്‍റെ വിവക്ഷ.

(( അഥവാ മാസപ്പിറവി വീക്ഷിക്കാതെ ശഅബാന്‍ മാസത്തെ 29ല്‍ അവസാനിപ്പിച്ചുകൊണ്ട്) റമദാന്‍ മാസത്തിലെ വ്രതം ആരംഭിക്കുവാനോ, മാസപ്പിറവി വീക്ഷിക്കാതെ റമദാന്‍ 29ല്‍ അവസാനിപ്പിച്ച് പെരുന്നാള്‍ ആഘോഷിക്കുവാനോ പാടില്ല. ഇതാണ് ഹദീസിന്‍റെ വിവക്ഷ. ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) . ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി ഖിയാസ് വഴിയും ഇത് സ്ഥിരപ്പെടുന്നു. കാരണം ഓരോ പ്രദേശത്തും  നോമ്പ് ആരംഭിക്കുന്നതും, നോമ്പ് മുറിക്കുന്നതും ആ ഓരോ പ്രദേശത്തെയും പുലര്‍ച്ചയും, സൂര്യാസ്ഥമയവും പരിഗണിച്ചാണല്ലോ. ഈ കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഉദാ : കിഴക്കന്‍ ഏഷ്യയിലെ ജനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യയിലെ ജനങ്ങളെക്കാള്‍ മുന്‍പ് നോമ്പിന്‍റെ സമയം ആരംഭിക്കുന്നു. അതുപോലെ ഇവര്‍ അവരെക്കാള്‍ മുന്പ് നോമ്പ് തുറക്കുകയും ചെയ്യുന്നു. അവരെക്കാള്‍ മുന്പ് ഇവര്‍ക്ക് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഉള്ള നോമ്പ് പിടിക്കലിലും, നോമ്പ് തുറക്കലിലും നമ്മള്‍ ഇപ്രകാരമാണ് ചെയ്യുന്നത് എങ്കില്‍ അതുപോലെത്തന്നെയാണ് നോമ്പിന്‍റെ മാസപ്പിറവിയുടെ കാര്യത്തിലും പരിഗണിക്കേണ്ടത്. അതു രണ്ടും തമ്മില്‍ വിത്യാസമില്ല.

ഇനി രണ്ടു രാജ്യങ്ങളും ഒരേ ഭരണകൂടത്തിനു കീഴില്‍ ആവുകയും ഭരണാധികാരി ഇന്ന ദിവസമാണ് നോമ്പ് എടുക്കേണ്ടത് എന്നോ. ഇന്ന ദിവസമാണ് പെരുന്നാള്‍ എന്നോ പറഞ്ഞാല്‍ അവിടെ അയാളുടെ കല്പനയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം ഇതൊരു അഭിപ്രായ ഭിന്നതയുള്ള വിഷയമാണ്. അത്തരം ഒരു വിഷയത്തില്‍ ഭരണാധികാരി ഒരു അഭിപ്രായം തിരഞ്ഞെടുത്താല്‍ പിന്നെ അത് അനുസരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണ്. ഭരണാധികാരിയുടെ വിധി അഭിപ്രായ ഭിന്നതയുള്ള വിഷയത്തിലെ ഭിന്നത നീക്കുന്നുവന്നത് ഒരു അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ മുസ്ലിമീങ്ങള്‍ ഏതു രീതി അനുസരിച്ചാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും എല്ലാം ചെയ്യുന്നത് അതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക.   അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക. അറഫാ ദിനത്തിന്‍റെ വിഷയത്തിലും നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ആളുകള്‍ എപ്രകാരമാണോ ചെയ്യുന്നത് അത് പിന്തുടരുക"    [ مجموع الفتاوى 19 ].