Monday, October 26, 2015

ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

ചോദ്യം: ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഒരു വിശ്വാസിയുടെ അഭിമാനത്തിന് വളരെ വലിയ വിലയാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നത് അതികഠിന പാപമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായാണ്  റസൂല്‍ (സ) എണ്ണിയത്:

عن عبد الله بن مسعود رضي الله عنه عن النبي صلى الله عليه وسلم قال: " الربا ثلاثة وسبعون بابا أيسرها مثل أن ينكح الرجل أمه وإن أربى الربا عرض الرجل المسلم "
ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: "പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്". - [ഇബ്നു മാജ, ഹാകിം, അല്‍ബാനി: സ്വഹീഹ് - സ്വഹീഹുല്‍ ജാമിഅ് : ഹദീസ്:3539].

ഈ ഹദീസ് സ്വഹീഹാണ് എന്ന് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ശൈഖ് ഇബ്നു ബാസ് (റ) യോട് ഈ ഹദീസ് സ്വഹീഹാണോ എന്ന ചോദ്യത്തിന് : അത് സ്വീകാര്യയോഗ്യമാണ് എന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട് [http://www.binbaz.org.sa/node/3407].

ഈ ഹദീസില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായുണ്ട്:

ഒന്ന്: പലിശ അതിഗൗരവമുള്ള പാപമാണ്. അതുകൊണ്ട് ഒരു വിശ്വാസി അതില്‍നിന്നും വിട്ടു നില്‍ക്കണം. ബുലൂഗില്‍ മാറാമില്‍ നിന്ന് ഈ ഹദീസ് വിശദീകരിക്കവേ ശൈഖ് സുലൈമാന്‍ റുഹൈലി (ഹ) ഇപ്രകാരം പറയുകയുണ്ടായി:

'ഈ ഹദീസ് പലിശയുടെ ഗൗരവത്തെപ്പറ്റിയാണ്‌ കണിശമായി സംസാരിക്കുന്നത്. മനുഷ്യന് പാപങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഉള്‍വിളി രണ്ടു വിധമുണ്ട്: ഒന്ന്: മാനുഷികമായി തിന്മക്കെതിരെ അവനിലുള്ള ഉള്‍വിളി. രണ്ട്: ശറഇയ്യായി അഥവാ മതപരമായി തിന്മകളില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുന്ന ഉള്‍വിളി. മാനുഷികമായി തിന്മക്കെതിരെയുള്ള അവന്‍റെ മനോഭാവം ദുര്‍ബലമാകുന്നിടത്ത് തിന്മക്കെതിരെ അതിശക്തമായ ഭാഷയില്‍ അതിന്‍റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് ശറഅ് പ്രതികരിക്കും. എന്നാല്‍ മാനുഷികമായി അവന്‍റെ മനോഭാവം ശക്തിപ്പെടുന്ന കാര്യങ്ങളില്‍ അത്രയും കഠിനമായ ഭാഷയില്‍ വിലക്ക് പരാമര്‍ശിക്കപ്പെട്ടു എന്ന് വരില്ല. പലിശയുമായി ബന്ധപ്പെടുന്ന കാര്യത്തില്‍, പണം ഓരോരുത്തര്‍ക്കും അത്യധികം താല്പര്യമുള്ള കാര്യമാണ് എന്നതുകൊണ്ടുതന്നെ മാനുഷികമായി അതിനെതിരെയുള്ള ഉള്‍വിളി വളരെ കുറവായിരിക്കും എന്നതുകൊണ്ട്‌ തന്നെയാണ് അതിന്‍റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് അതിശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയത്" - [കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ നടന്ന ദൗറയില്‍ كتاب البيوع വിവരിക്കവേ പരാമര്‍ശിച്ചത്].

മനുഷ്യരെല്ലാം ഒന്നടങ്കം ജാതിമതഭേദമന്യേ അത്യധികം മോശമായിക്കാണുന്ന അതിനീചമായ ഒരു കാര്യമാണ് സ്വന്തം മാതാവുമായി ഒരാള്‍ വ്യഭിചരിക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ അതിന്‍റെ ഗൗരവത്തെപ്പറ്റി മനുഷ്യന് പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ പലിശയുടെ ചെറിയ ഇനം പോലും അതിനേക്കാള്‍ ഗൗരവപരമാണ് എന്ന് പറയുമ്പോള്‍ പലിശ എത്രമാത്രം ഭയാനകമാണ് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മുന്‍പ് എഴുതിയ ഒരു ലേഖനം ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്പെടും [പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !.].

രണ്ട്: പലിശ വ്യത്യസ്ഥ ഇനങ്ങളാണ്. അഥവാ അതിന്‍റെ പാപഭാരതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. പലിശയുടെ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിന് തുല്യമാണ്. ഏറ്റവും വലിയ ഇനമാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതിനും.

മൂന്ന്:
പലിശയുടെ ഏറ്റവും വലിയ ഇനം ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണ്. നമ്മെ വളരെ ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്.  പലിശയെ എഴുപത്തിമൂന്ന് ഇനങ്ങളാക്കിത്തിരിച്ചാല്‍ അതില്‍ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതാണ്. അത് എത്രത്തോളം കഠിനമാണ് എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാല്‍ ആ ഇനങ്ങളില്‍ വച്ച് ഏറ്റവും പാപമുള്ള, പലിശയുടെ ഏറ്റവും വലിയ ഇനം ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ് എന്ന് പറയുമ്പോള്‍ അത് എത്ര ഗൗരവപരമായിരിക്കും. അതുകൊണ്ട്  നാവിനെ സൂക്ഷിക്കുക. റസൂല്‍ (സ) പറഞ്ഞു:
"المسلم من سلم المسلمون من لسانه ويده ، والمجاهد من جاهد نفسه في طاعة الله ، والمهاجر من هجر الخطايا والذنوب"
"മറ്റു മുസ്‌ലിമീങ്ങള്‍ തന്‍റെ നാവില്‍ നിന്നും, കയ്യില്‍ നിന്നും രക്ഷപ്പെടുന്നുവോ അവനാണ് മുസ്‌ലിം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളാന്‍ തന്‍റെ നഫ്സിനോട് ജിഹാദ് നടത്തുന്നവനാണ് മുജാഹിദ്.  തിന്മകളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുപോകുന്നവനാണ് മുഹാജിര്‍." - [അഹ്മദ്: 6/21, അല്‍ബാനി : സ്വഹീഹ് - السلسلة الصحيحة : 2/81 ].

നന്മ സംസാരിക്കുക എന്നത് ഒരു വിശ്വാസിയുടെ ലക്ഷണമാണ്.
 "مَنْ كَانَ يُؤمِنُ بِاللهِ وَاليَومِ الآخِرِ فَليَقُل خَيرَاً أَو ليصمُت"
 
"ആരെങ്കിലും അല്ലാഹുവിലും  അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ " - [ബുഖാരി , മുസ്‌ലിം].

അതിനാല്‍ നാവിനെ നിയന്ത്രിക്കുക. ഒരുപക്ഷെ അശ്രദ്ധമായി പറഞ്ഞുപോകുന്ന ഒരു വാക്കായിരിക്കാം നരകത്തില്‍ ആപതിക്കാന്‍ കാരണം. അശ്രദ്ധമായി ഒരു മനുഷ്യന്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് തൃപ്തികരമായ ഒരു വാക്ക് കാരണത്താല്‍ ഒരുപക്ഷേ അവന്  സ്വര്‍ഗത്തില്‍ വളരെ വലിയ സ്ഥാനം നല്‍കപ്പെട്ടേക്കാം. അതുപോലെ അശ്രദ്ധമായി ഒരാള്‍ പറഞ്ഞുപോകുന്ന അല്ലാഹുവിന് കോപമുള്ള ഒരു വാക്ക് കാരണത്താല്‍ അവന്‍ നരകത്തിന്‍റെ ആഴങ്ങളിലേക്ക് ആപതിക്കുകയും ചെയ്തേക്കാം എന്ന് നമുക്ക് സ്വീകാര്യയോഗ്യമായ ഹദീസുകളില്‍ കാണാം. - [മാലിക്ക്, തിര്‍മിദി, നസാഇ തുടങ്ങിയവര്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി: ഹദീസ് ഹസന്‍].

അതുകൊണ്ട് നാവിനെ നിയന്ത്രിക്കുക. സ്വന്തം മാതാവുമായി വ്യഭിച്ചരിക്കുന്നതിനേക്കാള്‍ 73 ഇരട്ടി ഗൗരവപരമാണ് ഒരു വിശ്വാസിയുടെ അഭിമാനത്തിന് ക്ഷതം വരുത്തല്‍ എന്ന് മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഹദീസില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. പലിശയില്‍ നിന്ന് വിട്ട് നില്‍ക്കുകയും എന്നാല്‍ നാവുകൊണ്ട് അതിനേക്കാള്‍ വലിയ പാപങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്ന ദൗര്‍ഭാഗ്യവാന്മാരില്‍ പെട്ടുപോകാതിരിക്കാനുള്ള തൗഫീഖ് അവന്‍ നമുക്ക് നല്‍കുമാറാകട്ടെ.

നബി (സ) പറഞ്ഞതുപോലെ:   "പലിശ എഴുപത്തിമൂന്ന് (തരം) കവാടങ്ങളാണ്. അതില്‍ ഏറ്റവും ചെറിയത് ഒരാള്‍ തന്‍റെ മാതാവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്. ഏറ്റവും വലിയ പലിശയാകട്ടെ ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തലാണ്". അല്ലാഹുവേ,, പലിശയില്‍ നിന്നും, നാവിന്‍റെ പിഴവുകളില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ...

നാല്:
ഒരു വിശ്വാസിയുടെ അഭിമാനത്തിന്‍റെ പ്രാധാന്യം ഈ ഹദീസില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം. എന്നാല്‍ അതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വിശ്വാസികളെ അധര്‍മ്മത്തിലേക്കും, അനാചാരങ്ങളിലെക്കും ക്ഷണിക്കുന്ന അതിന്‍റെ വക്താക്കളില്‍ നിന്നും താക്കീത് നല്‍കുന്നതിനും, അവരുടെ പിഴവുകള്‍ തുറന്ന് കാണിക്കുന്നതിനും തെറ്റില്ല. മറിച്ച് അത് മതത്തോടുള്ള ഗുണകാംഷയില്‍പ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബിദ്അത്തുകളെക്കുറിച്ചും അതിന്‍റെ വക്താക്കളെക്കുറിച്ചും താക്കീത് നല്‍കുകയും അവരുടെ വഴികേടിനെക്കുറിച്ച് തുറന്ന് കാണിക്കുകയും ചെയ്യല്‍ വാജിബായ കാര്യമാണ്.

എത്രത്തോളമെന്നാല്‍ സാമൂഹ്യരംഗത്തിന്‍റെ കെട്ടുറപ്പിന് ഭംഗം വരുത്തുന്ന ആളുടെ കാര്യത്തില്‍പോലും ശറഅ് അത് അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് സംരക്ഷണം എന്ന നിലക്കും, അയാള്‍ക്കുള്ള ശിക്ഷ എന്ന നിലക്കുമാണ് ശറഅ് അത് അനുവദിച്ചത്.  ധനമുണ്ടായിട്ടും കടം വാങ്ങിയത് തിരിച്ചു നല്‍കാത്ത ആളെ സംബന്ധിച്ച് അവന്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്തവാനാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
عن عمرو بن الشريد عن أبيه قال: قال رسول الله صلى الله عليه وسلم :" لي الواجد يحل عرضه وعقوبته "
അംറു ബ്നു ശരീദ് തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: റസൂല്‍ (സ) പറഞ്ഞു: "പണമുണ്ടായിട്ടും കടം തിരിച്ചു നല്‍കാത്തവന്‍റെ (അഭിമാനത്തിന് ഭംഗം വരുത്തലും), അവനെ ശിക്ഷിക്കലും അനുവദിക്കപ്പെട്ടതാണ്" - [അബൂദാവൂദ്, നസാഇ, അല്‍ബാനി: സ്വഹീഹ് - صحيح الترغيب والترهيب : 1815 ].

ധനികനായ ഒരാള്‍ സമയമായിട്ടും കടം തിരിച്ച് നല്‍കുന്നില്ലെങ്കില്‍ അവന്‍ കടം വാങ്ങിയാല്‍ തിരിച്ചു തരാത്തവനാണ് എന്ന് ജനങ്ങളെ അറിയിക്കുന്നതിലും, അവനെ ശിക്ഷിക്കാന്‍ വേണ്ടി അധികാരികളോട് ആവശ്യപ്പെടാനും കടം നല്‍കിയ ആള്‍ക്ക് അവകാശമുണ്ട്.

ഇത് വിലക്കപ്പെട്ട 'അഭിമാനക്ഷതം വരുത്തലില്‍' പെടില്ല. മറ്റുള്ള ആളുകള്‍ അവന്‍റെ തിന്മയില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് അത്.

എന്നാല്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, ഇത്തരം വിഷയങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മത ആവശ്യമാണ്‌. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയുവാനും പ്രച്ചരിപ്പിക്കുവാനുമുള്ള ഉപാതിയായി ഇതിനെ കാണരുത്. അതുപോലെ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന ആളുകളില്‍ നിന്നും എന്തെങ്കിലും ഒരു തെറ്റ് കാണുമ്പോഴേക്ക് അവരെ താറടിക്കാനും അവരുടെ അഭിമാനത്തിന് ക്ഷതം വരുത്താനും അവരെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കാനും തുനിയാം എന്ന് ഇതിന് അര്‍ത്ഥമില്ല. പ്രത്യേകിച്ചും അഭിപ്രായഭിന്നതകളും വീക്ഷണവിത്യാസങ്ങളും നിലനില്‍ക്കുന്ന കാര്യങ്ങളില്‍. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഹിഷ്ണുതയും പരസ്പരമുള്ള ആദരവും സ്നേഹവും  നിലനിര്‍ത്തുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന വീക്ഷണവിത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. ഒരു സംഘടനയും, ഒരു സംഘവും, ഒരു വ്യക്തിയും നാളെ പരലോകത്ത് നമ്മുടെ രക്ഷക്ക് ഉണ്ടാകില്ല. വീക്ഷണ വിത്യാസങ്ങളെ നാമെല്ലാം അംഗീകരിക്കുന്ന കിബാറുല്‍ ഉലമയിലേക്ക് മടക്കി, സന്മനസ്സോടെ ഉചിതമായ തീരുമാനം കൈകൊണ്ട്, പരസ്പര സഹകരണത്തോടെയും, ഒത്തൊരുമയോടെയും അല്ലാഹുവിന്‍റെ കിതാബിലേക്കും, റസൂല്‍ (സ) യുടെ സുന്നത്തിലേക്കും മന്‍ഹജുസ്സലഫിലേക്കും ആളുകളെ ക്ഷണിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ ....