Wednesday, June 15, 2016

എന്‍റെ ഭാര്യയുടെ കൈവശം ഇപ്പോള്‍ 25 പവന്‍ സ്വര്‍ണ്ണം ഉണ്ട്. സ്വന്തമായി വീടില്ല, വാടക വീട്ടില്‍ താമസിക്കുന്ന എനിക്കാണെങ്കില്‍ 3 ലക്ഷത്തോളം രൂപ കടമുണ്ട്. അതിനാല്‍ എന്‍റെ സകാത്ത് വിഹിതം എങ്ങനെയാണ് കൊടുക്കേണ്ടത് ?. നിലവില്‍ എനിക്കോ ഭാര്യക്കോ സ്വത്തോ മറ്റു വല്ലതോ ഇല്ല. ഏകദേശം 2 മുതല്‍ 2.3 ലക്ഷത്തോളം വാര്‍ഷിക വരുമാനമുണ്ട് .



ചോദ്യം:  എന്‍റെ ഭാര്യയുടെ കൈവശം ഇപ്പോള്‍ 25 പവന്‍ സ്വര്‍ണ്ണം ഉണ്ട്. സ്വന്തമായി വീടില്ല, വാടക വീട്ടില്‍ താമസിക്കുന്ന എനിക്കാണെങ്കില്‍ 3 ലക്ഷത്തോളം രൂപ കടമുണ്ട്. അതിനാല്‍ എന്‍റെ സകാത്ത് വിഹിതം എങ്ങനെയാണ് കൊടുക്കേണ്ടത് ?. നിലവില്‍ എനിക്കോ ഭാര്യക്കോ സ്വത്തോ മറ്റു വല്ലതോ ഇല്ല. ഏകദേശം 2 മുതല്‍ 2.3 ലക്ഷത്തോളം വാര്‍ഷിക വരുമാനമുണ്ട് . 

 www.fiqhussunna.com

ഉത്തരം:  
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛

85 ഗ്രാം അഥവാ ഏകദേശം 10.5 പവന്‍ എന്നതാണ് സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്. നിങ്ങളുടെ ഭാര്യയുടെ കൈവശമുള്ള സ്വര്‍ണ്ണം നിസ്വാബ് തികഞ്ഞിട്ടുള്ളത് ആകയാല്‍ അതിന് ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും അതായത് ഓരോ ഹൗല്‍ പൂര്‍ത്തിയാകുമ്പോഴും, കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ 2.5% സകാത്ത് നല്‍കാന്‍ താങ്കളുടെ ഭാര്യ ബാധ്യസ്ഥയാണ്. അത് സ്വര്‍ണ്ണമായോ, സകാത്ത് നല്‍കേണ്ട വിഹിതത്തിന് തതുല്യമായ കറന്‍സിയായോ നല്‍കേണ്ടതാണ്.

ഇനി താങ്കള്‍ക്ക് കടമുണ്ട് എന്നതുകൊണ്ട്‌ ഭാര്യക്ക് അവരുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് സകാത്ത് നല്‍കല്‍ ബാധകമാകാധാകുന്നില്ല. ഇനി അവര്‍ അതിന് സകാത്തായി നല്‍കേണ്ട തുക കടക്കാരന്‍ എന്ന നിലക്ക് താങ്കള്‍ക്ക് നല്‍കാമോ എന്നതാണ് മറ്റൊരു വിഷയം. സ്വയം വരുമാനം കൊണ്ട് താങ്കളുടെ കടം വീട്ടാന്‍ സാധിക്കാത്ത ആളാണ്‌ താങ്കള്‍ എങ്കിലേ കടക്കാരന്‍ എന്ന ഗണത്തില്‍ താങ്കള്‍ സകാത്തിന് അര്‍ഹനാകുന്നുള്ളൂ. അപ്രകാരം സ്വയം വാരുമാനം കൊണ്ട് താങ്കളുടെ കടം വീട്ടാന്‍ സാധിക്കാത്ത ആളാണ്‌ താങ്കള്‍ എങ്കില്‍ താങ്കളുടെ ഭാര്യയുടെ സകാത്ത് താങ്കളുടെ കടം വീട്ടുന്നതിനായി താങ്കള്‍ക്ക് നല്‍കാനുള്ള അനുമതി അവര്‍ക്കുണ്ട്.

എന്നാല്‍ അതിന്‍റെ സകാത്ത് താന്‍ ഭര്‍ത്താവിന് നല്‍കിയതായി വാക്കാല്‍ കണക്കാക്കിയാല്‍ പോര, അതുപോലെ സാധാരണ ഭാര്യയുടെ സകാത്ത് ഞാന്‍ തന്നെ നേരിട്ട് കൊടുക്കാറാണ് പതിവ്. അതുകൊണ്ട് ഇക്കൊല്ലം അത് എനിക്ക് തന്നെ തന്നതായി കണക്കാക്കുന്നു എന്ന് പറഞ്ഞാല്‍ പോര. മറിച്ച് ആ സ്വര്‍ണ്ണത്തില്‍ നിന്നോ, അതല്ലെങ്കില്‍ സകാത്തായി നല്‍കേണ്ട വിഹിതത്തിന് തതുല്യമായ കറന്‍സിയോ അവള്‍ സകാത്തിന് അര്‍ഹനായ ഭര്‍ത്താവിന് നല്‍കുക തന്നെ ചെയ്യണം. എങ്കിലേ ഇവിടെ സകാത്ത് നിര്‍വഹണം ആകുന്നുള്ളൂ.

സാധാരണ നമ്മുടെ നാട്ടില്‍ ഭാര്യയുടെ സകാത്ത് പലപ്പോഴും പുരുഷന്‍ നല്‍കാറുണ്ട്. സ്ത്രീയുടെ അറിവോടെയും അനുമതിയോടെയും ആണ് പുരുഷന്‍ അത് ചെയ്യുന്നത് എങ്കില്‍ മാത്രമേ അത് നിറവേറ്റപ്പെടുകയുള്ളൂ. കാരണം സകാത്ത് ഒരു ഇബാദത്ത് ആണ്. അതുകൊണ്ടുതന്നെ ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് നിര്‍വഹിച്ചത് കൊണ്ട് ഭാര്യയെ സംബന്ധിച്ചിടത്തോളം അത് വീടില്ല. എന്നാല്‍ ഭാര്യയുടെ സകാത്ത് വീട്ടാന്‍ ഭര്‍ത്താവിന് ഭാര്യയെ സഹായിക്കുന്നതില്‍ തെറ്റില്ല. പക്ഷെ സ്വന്തം ഭര്‍ത്താവ് പാവപ്പെട്ടയാളോ, സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാരനോ ഒക്കെ ആണെങ്കില്‍ ഭാര്യക്ക് തന്‍റെ സകാത്ത് ഭര്‍ത്താവിന് നല്‍കാം. പക്ഷെ ഈ അവസരത്തില്‍ ഭാര്യ തന്‍റെ കൈവശമുള്ള ധനത്തില്‍ നിന്ന് തന്നെ അത് നല്‍കണം. കാരണം ഭര്‍ത്താവ് അത് ഏറ്റെടുക്കുകയും തനിക്ക് തന്നെ അത് നല്‍കുകയും ചെയ്യുമ്പോള്‍ അത് പ്രഹസനം മാത്രമേ ആകുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ അതിന്‍റെ സകാത്ത് നല്‍കുന്നില്ല. അതുകൊണ്ട് താങ്കള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍ ഭാര്യയുടെ സ്വര്‍ണ്ണത്തില്‍ നിന്നും നല്‍കേണ്ട വിഹിതം സ്വര്‍ണ്ണമായോ പണമായോ ഭാര്യ താങ്കള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ അത് വാക്കാല്‍ മാത്രം നടന്നാല്‍ പോര എന്നര്‍ത്ഥം. 



അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും തന്‍റെ ഭര്‍ത്താവ് സകാത്തിന് അവകാശിയാണ് എങ്കില്‍ ഭാര്യക്ക് തന്‍റെ സകാത്ത് ഭര്‍ത്താവിന് നല്‍കാം എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന് ചിലവിന് നല്‍കാനോ ധനം നല്‍കാനോ ബാധ്യതയില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവ് സകാത്തിന് അര്‍ഹനാണ് എങ്കില്‍ ഭര്‍ത്താവിന് സകാത്തില്‍ നിന്നും കൊടുക്കാം. അതില്‍ രണ്ട് പ്രതിഫലമുണ്ട്. ഒന്ന് കുടുംബബന്ധം ചേര്‍ത്തതിന്‍റെയും സകാത്ത് അനുഷ്ടിച്ചതിന്‍റെയും :


عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ لما أمر النساء بالصدقة ، جاءت زينب امرأة عبد الله ابن مسعود وقَالَتْ : يَا نَبِيَّ اللَّهِ ، إِنَّكَ أَمَرْتَ الْيَوْمَ بِالصَّدَقَةِ وَكَانَ عِنْدِي حُلِيٌّ لِي ، فَأَرَدْتُ أَنْ أَتَصَدَّقَ بِهِ ، فَزَعَمَ ابْنُ مَسْعُودٍ أَنَّهُ وَوَلَدَهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ . فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (صَدَقَ ابْنُ مَسْعُودٍ ، زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ) . 

അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: നബി (സ) സ്ത്രീകളോട് ദാനധര്‍മ്മം അനുഷ്ഠിക്കാന്‍ കല്പിച്ചപ്പോള്‍, ഇബ്നു മസ്ഊദ് (റ) വിന്‍റെ ഭാര്യ സൈനബ് (റ) നബി (സ) യുടെ അരികില്‍ വന്നുകൊണ്ട്‌ പറഞ്ഞു: അല്ലയോ നബിയേ, താങ്കള്‍ ഇന്ന് ദാനധര്‍മ്മം നല്‍കാന്‍ കല്പിച്ചിരിക്കുന്നു. എന്‍റെ പക്കല്‍ എന്‍റെ ആഭരണങ്ങളുണ്ട്. അവ ധര്‍മ്മം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  'താനും തന്‍റെ മകനുമാണ് അത് ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നത്' എന്ന് ഇബ്നു മസ്ഊദ് (റ) വാദിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: "ഇബ്നു മസ്ഊദ് (റ) പറഞ്ഞത് സത്യമാണ്. നിന്‍റെ ഭര്‍ത്താവും കുഞ്ഞുമാണ് നീ ധാനധര്‍മ്മം നല്‍കുന്നവരില്‍ വച്ച് ഏറ്റവും അര്‍ഹര്‍." - [ബുഖാരി:  1462 , മുസ്‌ലിം: 1000]. 

ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഭാര്യക്ക്  തന്‍റെ ഭര്‍ത്താവ് സകാത്തിന് അര്‍ഹനായ വ്യക്തിയാണ് എങ്കില്‍ ഭര്‍ത്താവിന് തന്നെ സകാത്ത് നല്‍കാം എന്ന് ഫുഖഹാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. പക്ഷെ നേരത്തെ സൂചിപ്പിച്ച പോലെ സകാത്തിന് അര്‍ഹനായ തന്‍റെ ഭര്‍ത്താവിന് തന്നെ തന്‍റെ സകാത്ത് നല്‍കുന്ന സാഹചര്യത്തില്‍ അവര്‍ ആ സകാത്തിന്‍റെ വിഹിതം സ്വന്തം പണത്തില്‍ നിന്ന് തന്നെ നല്‍കിയിരിക്കണം. തന്‍റെ സകാത്ത് ഭര്‍ത്താവിന്‍റെ പണത്തില്‍ നിന്നും നല്‍കാന്‍ ഭര്‍ത്താവിനെ ചുമതലപ്പെടുത്തുകയും, ഭര്‍ത്താവ് അത് തനിക്കു തന്നെ എന്ന് തീരുമാനിക്കുകയും ചെയ്‌താല്‍ പോര. കാരണം ഇവിടെ സകാത്ത് നല്‍കുക എന്നത് പ്രാവര്‍ത്തികമാകുന്നില്ല.

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം ഭാര്യയുടെ സകാത്ത് നല്‍കാന്‍ ഭര്‍ത്താവ് ഒരിക്കലും ബാധ്യസ്ഥനല്ല. ഭാര്യയുടെ കൈവശമുള്ള ധനം സകാത്ത് ബാധകമാകുന്ന ധനമാണ് എങ്കില്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അവര്‍ തന്നെയാണ് ബാധ്യസ്ഥര്‍. അവരുടെ അറിവോടെയും സമ്മതത്തോടെയും ഭര്‍ത്താവ് സ്വയം അത് താന്‍ നിറവേറ്റിക്കൊള്ളാം എന്ന നിലക്ക് അവര്‍ക്ക് വേണ്ടി അത് നിറവേറ്റുന്നതില്‍ തെറ്റില്ല.


25 പവന്‍ എന്ന് പറയുന്നത് 200 ഗ്രാം സ്വര്‍ണ്ണമാണ്. അതിന്‍റെ രണ്ടര ശതമാനം എന്ന് പറയുന്നത് 5 ഗ്രാം സ്വര്‍ണ്ണം. അതുകൊണ്ട് താങ്കളുടെ ഭാര്യയുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഒരു ഹിജ്റ വര്‍ഷം തികഞ്ഞിട്ടുണ്ടെകില്‍ അതിന്‍റെ 2.5% അഥവാ 5 ഗ്രാം സ്വര്‍ണ്ണം സകാത്തായി നല്‍കാന്‍ അവര്‍ ബാധ്യസ്ഥയാണ്. സ്വന്തം വരുമാനം തന്‍റെ അടിസ്ഥാന ചിലവുകള്‍ക്ക് തികയാത്തതിനാലോ, തന്‍റെ കടം അതിന്‍റെ അവധിക്കുള്ളില്‍ സ്വന്തം ധനത്തില്‍ നിന്നും വീട്ടാന്‍ സാധിക്കാത്ത കടക്കാരന്‍ എന്ന നിലക്കോ താങ്കള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍ മാത്രം അത് അവര്‍ താങ്കള്‍ക്ക് നല്‍കിയാല്‍ അത് വീടുന്നതാണ്. താങ്കള്‍ സകാത്തിന് അവകാശിയല്ലാത്ത പക്ഷം താങ്കള്‍ക്ക് നല്‍കിയാല്‍ അത് വീടില്ല.

അതുപോലെ താങ്കളുടെ വരുമാനവുമായി ബന്ധപ്പെട്ട്, താങ്കളുടെ കൈവശം 595 ഗ്രാം വെള്ളിക്ക് തുല്യമായ പണം അതില്‍ നിന്നും കുറയാതെ, കറന്‍സിയായോ കച്ചവട വസ്തുവായോ ഒരു ഹിജ്റ വര്‍ഷക്കാലം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. 595 ഗ്രാം വെള്ളി എന്ന് പറയുമ്പോള്‍ ഏകദേശം 20000 ല്‍ കൂടുതലോ കുറവോ കാണും. മറിച്ച് താങ്കള്‍ക്ക് കിട്ടുന്നത് എല്ലാം താങ്കളുടെ ചിലവിലേക്കും കടം വീട്ടുന്നത്തിലേക്കും ചിലവായിപ്പോകുന്നുവെങ്കില്‍ അഥവാ ഏകദേശം ഒരു 20000 രൂപ അതില്‍ നിന്നും കുറവ് വരാതെ താങ്കളുടെ കൈവശം ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇല്ലയെങ്കില്‍ താങ്കള്‍ ബാധ്യസ്ഥനല്ല. ഇനി അപ്രകാരം താങ്കളുടെ കൈവശം അവശേഷിക്കുന്നുണ്ട് എങ്കില്‍ ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍, കൈവശമുള്ള മൊത്തം പണം, കൈവശമുള്ള വില്പന വസ്തുക്കളുടെ ഇപ്പോഴത്തെ വില, മറ്റുള്ളവരില്‍ നിന്ന് തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടങ്ങള്‍ എന്നിവ കൂട്ടി അതിന്‍റെ 2.5% താങ്കള്‍ സകാത്തായി നല്‍കണം. ഇപ്രകാരം താങ്കളുടെ കടങ്ങള്‍ സ്വയം വരുമാനത്തില്‍ നിന്ന് വീട്ടാനും അതുകഴിഞ്ഞ് കൈവശം പണം മിച്ചം വരുന്ന ആളുമാണ് എങ്കില്‍ സ്വാഭാവികമായും മുകളില്‍ സൂചിപ്പിച്ച ഭാര്യയുടെ സകാത്തിന് താങ്കള്‍ അര്‍ഹനാവുകയുമില്ല. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

എന്നാല്‍ താങ്കള്‍ക്ക് ലഭിക്കുന്ന വരുമാനം താങ്കളുടെയും കുടുംബത്തിന്‍റെയും ആവശ്യത്തിന് തികയുന്നില്ല, അല്ലെങ്കില്‍ അവധിയെത്തിയിട്ടും അതില്‍ നിന്നും മിച്ചം വെച്ച് താങ്കളുടെ കടം സ്വയം വീട്ടാന്‍ സാധിക്കുന്നില്ല എങ്കില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനല്ല എന്ന് മാത്രമല്ല, താങ്കളുടെ ഭാര്യയില്‍ നിന്നും അവരുടെ സകാത്ത് താങ്കള്‍ക്ക് സ്വീകരിക്കാവുന്നതുമാണ്. താങ്കളുടെ കൈവശം ചിലവാക്കാതെ താങ്കള്‍ സ്വരൂപിച്ച് വെക്കുന്ന പണം നിസ്വാബ് തികയുകയും ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോഴാണ് താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത്. എന്നാല്‍ ഒരു ഹിജ്റ വര്‍ഷത്തേക്ക് തന്‍റെ കൈവശം 595 ഗ്രാം വെള്ളിയുടെ മൂല്യം ധനം പോലും കറന്‍സിയായോ, കച്ചവട വസ്തുവായോ അവശേഷിക്കാത്തവന് സകാത്ത് ബാധകമല്ല.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....


[Note: സകാത്തുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്ക് ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ fiqhussunna@gmail.com എന്ന അഡ്രസിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. സാധിക്കുന്ന പക്ഷം മറുപടി നല്‍കാന്‍ ശ്രമിക്കും. വാട്ട്സാപ്പ് മുഖേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കില്ല. പേര്‍സണല്‍ നമ്പറില്‍ മെസ്സേജുകള്‍ അയച്ച് ബുദ്ധിമുട്ടിക്കരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ]. 
________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Tuesday, June 14, 2016

30 പവന്‍ സ്വര്‍ണ്ണമുണ്ട് ഞാന്‍ എത്ര സകാത്ത് കൊടുക്കണം ?. 3 പവന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?.



ചോദ്യം: എന്‍റെ കയ്യില്‍ 30 പവന്‍ സ്വര്‍ണ്ണം ഉണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ കൊടുക്കേണ്ട സകാത്ത് എത്രയെന്ന് വ്യക്തമാക്കാമോ ?. അതില്‍ 3 പവന്‍ ഞാന്‍ സ്ഥിരം ഉപയോഗിക്കുന്ന സ്വര്‍ണ്ണം ആണ്. അതുപോലെ അതിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ അതോ അതിന്‍റെ വില നല്‍കിയാല്‍ മതിയോ ?.

www.fiqhussunna.com

ഉത്തരം: താങ്കളുടെ കൈവശം 85 ഗ്രാം അഥവാ ഏകദേശം പത്തരപവന്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും  കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും 2.5% സകാത്ത് കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും അതിനും സകാത്ത് ബാധകമാണ് എന്നതാണ് പ്രബലമായ അഭിപ്രായം. അത് തെളിവുകള്‍ സഹിതം മുന്‍പ് വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/08/blog-post_80.html .

ഇനി താങ്കളുടെ സകാത്ത് എത്രയാണ് എന്നത് എങ്ങനെ കണക്കുകൂട്ടാം. ഒരു പവന്‍ 8 ഗ്രാം ആണ്. അതുകൊണ്ട് 30 പവന്‍ എന്നാല്‍ 30 x 8 = 240 ഗ്രാം. അതിന്‍റെ രണ്ടര ശതമാനമാണ് താങ്കള്‍ കൊടുക്കേണ്ടത്. രണ്ടര ശതമാനം ലഭിക്കാന്‍ 240നെ 40 കൊണ്ട് ഹരിച്ചാല്‍ മതി. 240 ÷ 40 = 6 ഗ്രാം. അതായത് മുക്കാല്‍ പവന്‍ സ്വര്‍ണമാണ് താങ്കള്‍ സകാത്തായി നല്‍കേണ്ടത്. അടുത്ത വര്‍ഷം ഹൗല്‍ തികയുമ്പോള്‍ താങ്കളുടെ കൈവശം എത്ര സ്വര്‍ണ്ണമാണോ ഉള്ളത് അതിന്‍റെ 2.5% സകാത്തായി നല്‍കണം.

ഇനി താങ്കളുടെ കൈവശമുള്ള സ്വര്‍ണ്ണം താങ്കള്‍ വില്‍ക്കാന്‍ വേണ്ടി ഉദ്ദേശിക്കുന്ന സ്വര്‍ണ്ണമാണ് എങ്കില്‍, അതിലടങ്ങിയ സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ മൂല്യം അതിനുണ്ട് എങ്കില്‍ (ഉദാ: ഡയമണ്ട്, വിലപിടിപ്പുള്ള ആഭരണങ്ങള്‍), അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ അഥവാ സകാത്ത് ബാധകമാകുന്ന സന്ദര്‍ഭത്തില്‍ താങ്കള്‍ അത് വില്‍ക്കുന്ന പക്ഷം ലഭിക്കാവുന്ന വില എത്രയാണോ അതിന്‍റെ 2.5% കൊടുക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കാരണം കച്ചവടവസ്തുവിന് അതിന് സകാത്ത് ബാധകമാകുന്ന സമയത്തെ മാര്‍ക്കറ്റ് വിലയുടെ 2.5% മാണ് സകാത്തായി നല്‍കേണ്ടത്.

ഇനി അതിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്നുതന്നെ നല്‍കണോ അതല്ല അതിന്‍റെ വില നല്‍കിയാല്‍ മതിയോ എന്നത് സംബന്ധിച്ച് പറയാനുള്ളത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് നല്‍കിയാലും മതി, നല്‍കേണ്ട വിഹിതത്തിന് തതുല്യമായ പണം നല്‍കിയാലും മതി എന്നതാണ്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല പറയുന്നു: "ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താന്‍ സകാത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്ന കറന്‍സികളില്‍ അപ്പോള്‍ എന്ത് വിലവരും  എന്ന് അന്വേഷിക്കുകയും അത് നല്‍കുകയും ചെയ്യുക. ഇനി ആ സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണമായിത്തന്നെ നല്‍കുകയാണ് എങ്കില്‍ അതിന്‍റെ വില അന്വേഷിക്കാതെ നേരെ സ്വര്‍ണ്ണം നല്‍കിയാല്‍ മതി." - [ഫത്'വയുടെ പൂര്‍ണരൂപവും വിശദീകരണവും വായിക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.fiqhussunna.com/2016/06/25.html].

അല്ലാഹു അനുഗ്രഹിക്കട്ടെ ...
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് നല്‍കേണ്ടത് ?.


 
ചോദ്യം: സ്വര്‍ണ്ണത്തിന്‍റെ സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വളരെ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും അതിന്‍റെ തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് ?. 

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്നോ, തതുല്യമായ കറന്‍സിയില്‍ നിന്നോ നല്‍കിയാല്‍ മതി. ഒരാളുടെ കൈവശം 85 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ മൊത്തം തൂക്കത്തിന്‍റെ 2.5% ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന സ്വര്‍ണ്ണമാണ് എങ്കില്‍ അതിന്‍റെ മാര്‍ക്കറ്റ് വിലയുടെ 2.5% ആണ് സകാത്ത് നല്‍കേണ്ടത്. തൂക്കത്തിന്‍റെ 2.5% അല്ല. അഥവാ വില്പന ഉദ്ദേശിക്കുന്ന സ്വര്‍ണ്ണത്തിന് ആഭരണം, അമൂല്യമായ എന്തെങ്കിലും വസ്തു  എന്നിങ്ങനെ അതിന്‍റെ തൂക്കത്തെക്കാള്‍ വലിയ മൂല്യം അതിനുണ്ട് എങ്കില്‍, എത്ര വലിയ വിലയായാലും അതിന്‍റെ മാര്‍ക്കറ്റ്  വിലയുടെ 2.5% നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനാണ്.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും മറുപടിയും ഇവിടെ കൊടുക്കുന്നു. ചോദ്യോത്തരത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതായുണ്ട്. അത് ആദ്യം വ്യക്തമാക്കിയ ശേഷം ചോദ്യോത്തരം നല്‍കുന്നതായിരിക്കും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പം.

ഒന്ന്: തന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുവാന്‍ ഉദ്ദേശിച്ചാണ്, അഥവാ വില്പന ഉദ്ദേശിച്ചു കൊണ്ടല്ല ഒരാള്‍ സ്വര്‍ണ്ണം വാങ്ങിക്കുന്നത് എങ്കില്‍, സ്വര്‍ണ്ണം എത്ര രൂപക്ക് ഒരാള്‍ വാങ്ങി എന്നതോ, അതിന്‍റെ വില എത്രയാണ് എന്നതോ അനുസരിച്ചല്ല, മറിച്ച് സകാത്ത് ബാധകമാകുന്ന സമയത്ത് കൈവശമുള്ള സ്വര്‍ണ്ണത്തിന് തൂക്കത്തിന്‍റെ 2.5% എന്ന അടിസ്ഥാനത്തിലാണ്  സകാത്ത് നല്‍കേണ്ടത്. ഉദാ: ഒരു പക്ഷെ വലിയ വിലകൊടുത്ത് വാങ്ങിയ ആഭരണമാണ് എങ്കിലും അതിലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം നല്‍കാനാണ് ഒരാള്‍ ബാധ്യസ്ഥനാകുന്നത്.

രണ്ട്:  ഒരാള്‍ വില്പന ഉദ്ദേശിക്കുന്നതായ ആഭരണമാണ് എങ്കില്‍, ആഭരണം എന്ന നിലക്കോ മറ്റോ അതിലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ വലിയ വില അതിനുണ്ട് എങ്കില്‍, ആ മാര്‍ക്കറ്റ് വിലയുടെ 2.5 % ആണ് അയാള്‍ സകാത്തായി നല്‍കേണ്ടത്. 


മൂന്ന്: ഒരാള്‍ക്ക് സ്വര്‍ണ്ണത്തില്‍ ബാധകമാകുന്ന സകാത്ത് സ്വര്‍ണ്ണമായോ, അതിന് തതുല്യമായ കറന്‍സിയോ ആയി നല്‍കാവുന്നതാണ്.

ചോദ്യം: ഞാന്‍ 500 ദീനാറിന് കുറച്ച് സ്വര്‍ണ്ണം വാങ്ങിച്ചു. ആ സ്വര്‍ണ്ണത്തിന് ഒരു വര്‍ഷം തികഞ്ഞു. ഞാന്‍ ആ അഞ്ഞൂറ് ദീനാറിന് ആണോ സകാത്ത് കൊടുക്കേണ്ടത് അതല്ല സകാത്ത് ബാധകമാകുന്ന സമയത്തുള്ള ആ സ്വര്‍ണ്ണത്തിന്‍റെ വില കണക്കാക്കിയാണോ ഞാന്‍ സകാത്ത് കൊടുക്കേണ്ടത് ?. അതായത് ഒരു വര്‍ഷത്തിന് ശേഷമുള്ള വില. കാരണം താങ്കള്‍ക്ക് അറിയാവുന്നത് പോലെ സ്വര്‍ണ്ണത്തിന്‍റെ വില കൂടുകയും കുറയുകയും ചെയ്യുമല്ലോ ?. 

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല നല്‍കിയ മറുപടി: "(قنية ، تملك) അഥവാ ഒരാള്‍ തന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുക, ഉപയോഗവസ്തു എന്നീ  അര്‍ത്ഥത്തില്‍ (അതായത് വില്‍പനക്ക് വേണ്ടിയല്ലാതെ) ആണ് സ്വര്‍ണ്ണം ഉടമപ്പെടുത്തിയത് എങ്കില്‍ അയാള്‍ അതില്‍ നിന്നും 2.5 % സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. അതിന്‍റെ വിലയിലേക്ക് അയാള്‍ നോക്കേണ്ടതില്ല. കാരണം ആ സ്വര്‍ണ്ണത്തില്‍ നിന്നും സകാത്ത് നല്‍കുക എന്നതാണ് ബാധ്യത. ആ സകാത്ത് വേറെ വല്ല നാണയങ്ങളിലുമായാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ 2.5% (രണ്ടര ശതമാനം തൂക്കത്തിന്) താന്‍ സകാത്ത് നല്‍കാന്‍ ഉദ്ദേശിക്കുന്ന കറന്‍സികളില്‍ അപ്പോള്‍ എന്ത് വിലവരും  എന്ന് അന്വേഷിക്കുകയും അത് നല്‍കുകയും ചെയ്യുക. ഇനി ആ സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണമായിത്തന്നെ നല്‍കുകയാണ് എങ്കില്‍ അതിന്‍റെ വില അന്വേഷിക്കാതെ നേരെ സ്വര്‍ണ്ണം നല്‍കിയാല്‍ മതി. കാരണം തന്‍റെ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് അയാള്‍  സ്വര്‍ണ്ണത്തില്‍ നിന്നും തന്നെ നല്‍കി.

എന്നാല്‍ ഒരാള്‍ വില്പനക്ക് വേണ്ടിയാണ് സ്വര്‍ണ്ണം വാങ്ങിച്ചത് എങ്കില്‍, അതിന്‍റെ വില വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കാം എന്നതാണ് അവന്‍റെ താല്പര്യമെങ്കില്‍ തന്‍റെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍റെ (അല്ലെങ്കില്‍ ആഭരണത്തിന്‍റെ) സകാത്ത് ബാധകമാകുന്ന സമയത്തെ മാര്‍ക്കറ്റ് വില അറിയാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതെത്ര തന്നെ വിലപിടിപ്പുള്ളതാണെങ്കിലും അതിന്‍റെ വിലയുടെ 2.5% സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്." - [http://ar.islamway.net/fatwa/7135]. 

അഥവാ ജ്വല്ലറിക്കാര്‍, സ്വര്‍ണ്ണക്കച്ചവടക്കാര്‍, പഴയ വിലപിടിപ്പുള്ള ആഭരണങ്ങളും നാണയങ്ങളും വില്പന നടത്തുന്നവര്‍ തുടങ്ങിയ ആളുകള്‍ അവരുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം നോക്കി അതിന്‍റെ 2.5% എന്ന നിലക്കല്ല, മറിച്ച് തങ്ങളുടെ കൈവശമുള്ള വില്പന വസ്തുക്കള്‍ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് എത്ര വിലമതിക്കുന്നു എന്ന് കണക്കാക്കി, അതെത്ര വിലപിടിപ്പുള്ളതാണ് എങ്കിലും സകാത്ത് ബാധകമാകുന്ന സമയത്തെ അതിന്‍റെ വിലയുടെ 2.5% ആണ് സകാത്തായി നല്‍കേണ്ടത്.

എന്നാല്‍ ഒരാളുടെ കൈവശമുള്ള വില്പന ഉദ്ദേശിക്കാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് അതിന്‍റെ തൂക്കത്തിന്‍റെ  2.5% നല്‍കിയാല്‍ മതി. അത് സ്വര്‍ണ്ണമായോ തതുല്യമായ കറന്‍സിയായോ നല്‍കാം. അല്ലാഹു അനുഗ്രഹിക്കട്ടെ ...
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?.

ചോദ്യം: കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?. 

www.fiqhussunna.com

ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعى آله وصحبه ومن والاه، وبعد؛

 പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ബന്ധപ്പെടാന്‍ തന്നെ പാടില്ല.  അതുകൊണ്ടുതന്നെ ഇസ്‌ലാമിക ബേങ്കുകള്‍ നിലവിലുള്ള രാഷ്ട്രത്തിലാണ് താങ്കള്‍ ജീവിക്കുന്നത് എങ്കില്‍ പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി ബന്ധപ്പെടരുത് എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ.

ഇനി ഇസ്‌ലാമിക് ബേങ്കിംഗ് നിലവിലില്ലാത്ത രാഷ്ട്രത്തില്‍ കൊമേര്‍ഷ്യല്‍ ബേങ്കുകളുമായി ഒരാള്‍ക്ക് ബന്ധപ്പെടേണ്ടി വരുകയാണ് എങ്കില്‍ അത്തരം അവസരത്തില്‍ അവര്‍ നല്‍കുന്ന ഗിഫ്റ്റുകളെ രണ്ടായി തിരിക്കാം. ഏത് തരത്തിലുള്ള ഗിഫ്റ്റുകള്‍ ആണ് എങ്കിലും അത് നമുക്ക് ഉപയോഗപ്പെടുത്താന്‍ പാടില്ല. പക്ഷെ ചിലത് നമുക്ക് സ്വീകരിച്ച്, تخلص അഥവാ സ്വയം ഉപയോഗിക്കാന്‍ പാടില്ലാത്തത് ആയതിനാല്‍ കൈവെടിയുക എന്ന അര്‍ത്ഥത്തില്‍  പാവപ്പെട്ട ആളുകള്‍ക്കോ, നമുക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നത് എന്ന് നമുക്ക് അറിവില്ലാത്തതോ ആയ പൊതു ആവശ്യങ്ങള്‍ക്കോ അവ നല്‍കാം.

അവര്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ രണ്ട് വിധമുണ്ട്. ഒന്ന്  അവരുടെ പ്രൊമോഷന്‍ അഥവാ പരസ്യം അടങ്ങുന്ന ഗിഫ്റ്റുകള്‍, ഉദാ: ക്ലോക്ക്, ഓഫീസ് സെറ്റ്, കലണ്ടര്‍, കീച്ചെയ്ന്‍ ,പേന ....etc ഇത്തരം ഗിഫ്റ്റുകള്‍ ഒരിക്കലും തന്നെ കൈപ്പറ്റാനോ, കൈപ്പറ്റിയ ശേഷം മറ്റുള്ളവര്‍ക്ക് നല്‍കാനോ പാടില്ല. കാരണം അത് അവരുടെ പരസ്യം വഹിക്കുന്നതിനാല്‍ ആ തിന്മക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കാരണമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അത് മറ്റുള്ളവര്‍ക്ക് നല്‍കലും അനുവദനീയമല്ല. എന്നാല്‍ അതിലെ പരസ്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ഉള്ളവയാണ് എങ്കില്‍ അത് നീക്കം ചെയ്ത ശേഷം പാവപ്പെട്ടവര്‍ക്ക് നല്‍കാം.

രണ്ടാമത്: ഇന്ന് ചില ബേങ്കുകള്‍ നറുക്കെടുപ്പിലൂടെ ചില ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് നല്‍കുന്ന, പണം, സ്വര്‍ണ്ണം തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആണ് എങ്കില്‍ അത് സ്വീകരിക്കുകയും അത് പാവപ്പെട്ട ആളുകള്‍ക്ക് ഉപകാരപ്രദമാകുംവിധം അവര്‍ക്ക് നല്‍കുകയോ, അതല്ലെങ്കില്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുകയാണ് ചെയ്യേണ്ടത്. അതുപോലെ പാവപ്പെട്ട ആളുകള്‍ക്ക് വീട് വെക്കാന്‍, ശൗചാലയം പണിയാന്‍, ചികിത്സക്ക്  എന്നിങ്ങനെയൊക്കെ ആ പണം ഉപയോഗപ്പെടുത്താം. ഒരിക്കലും തന്നെ ബേങ്കിന് തിരികെ നല്‍കാന്‍ പാടില്ല. ചിലര്‍ അത് പലിശക്ക് കടമെടുത്ത ആളുകളുടെ പലിശ വീട്ടാന്‍ വേണ്ടി ഉപയോഗിക്കുക എന്ന് പറയാറുണ്ട്‌. അതിനോട് നിരുപാധികം യോജിക്കാന്‍ സാധിക്കില്ല. കാരണം പലിശക്കെടുക്കുന്നവന്‍ സ്വാഭാവികമായും കുടുങ്ങും എന്നതുറപ്പാണ്. ആ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഒരു പ്രോത്സാഹനമായി ആ പണം പ്രയോജനപ്പെടുത്തേണ്ടതില്ല. എന്നാല്‍ അറിവില്ലാതെ പലിശയുമായി ബന്ധപ്പെട്ടു പോയ ആളുകള്‍ക്കോ, കേസ്, രോഗം മൂര്‍ച്ചിച്ച അവസ്ഥ തുടങ്ങി അത്യധികം നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെ അതുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതരായിപ്പോയ ആളുകള്‍ക്കോ ഒക്കെ അവര്‍ അത് കാരണത്താല്‍ ബുദ്ധിമുട്ടുന്നവരും, തങ്ങള്‍ പലിശയുമായി ബന്ധപ്പെട്ടുപോയതില്‍ പശ്ചാത്താപമുള്ളവരും, ഇനി ബന്ധപ്പെടാന്‍ സാധ്യതയില്ലാത്തവരുമാണ് എങ്കില്‍ അവരുടെ കടവും പലിശയുമെല്ലാം വീട്ടാന്‍ അത് ഉപയോഗപ്പെടുത്താം എന്ന് മാത്രം. അതല്ലാതെ പലിശ അടക്കാന്‍ അതുപയോഗിക്കുക എന്ന രൂപത്തില്‍ പലിശയെ പ്രോത്സാഹിപ്പിക്കുന്ന വിപത്തായി അത് മാറരുത്. 



അതുപോലെ 'നമുക്ക് നേരിട്ട് പ്രയോജനപ്പെടുമോ എന്നറിയാത്തതായ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്' എന്ന് പ്രത്യേകം എടുത്ത് പറയാന്‍ കാരണം, നമ്മുടെ വീട്ടിലേക്ക് പോകുന്ന റോഡ്‌, അതല്ലെങ്കില്‍ നമ്മള്‍ പ്രയോജനപ്പെടുത്തുന്ന ഒരു പൊതു സംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി അത് നമ്മള്‍ ഉപയോഗപ്പെടുത്തരുത്. കാരണം അത് നമ്മള്‍ തന്നെ ആ പലിശപ്പണം ഉപയോഗിക്കലാണ്. എന്നാല്‍ നമ്മള്‍ അത് ഒരു പൊതു അതോറിറ്റിക്കോ, പൊതുപ്രവര്‍ത്തകര്‍ക്കോ കൈമാറുകയും അവര്‍ നമ്മുടെ അറിവോടെയല്ലാതെ ആ പണം നമുക്ക് പ്രയോജനമുള്ള ഏതെങ്കിലും പൊതുകാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ അതില്‍ തെറ്റില്ല. എന്നാല്‍ നമുക്ക് നേരിട്ട് പ്രയോജനപ്പെടും എന്നറിയാവുന്നതായ  പോതുകാര്യങ്ങള്‍ക്ക് അത് നല്‍കാന്‍ പാടില്ല.

നമ്മുടെ ഉദ്ദേശപ്രകാരമാല്ലാതെ നമ്മുടെ കൈവശമെത്തുന്ന ഹറാമായ ധനം എങ്ങിനെയാണ് നീക്കം ചെയ്യേണ്ടത് എന്നത് തെളിവുകളോടെ വിശദമായി  മുന്‍പ് നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.fiqhussunna.com/2015/09/blog-post.html

മാത്രമല്ല നിങ്ങളുടെ കൈവശമുള്ള ഹറാമായ ധനം മതപരമായ മാനങ്ങള്‍ പാലിച്ചുകൊണ്ട്‌ കയ്യില്‍ നിന്നും നീക്കം ചെയ്യാനും, അര്‍ഹിക്കുന്ന ആളുകളെ മനസ്സിലാക്കി അവരെ കടക്കെണിയില്‍ നിന്നും മോചിപ്പിക്കാനുമൊക്കെ  ഉതകുന്ന സംവിധാനം അല്‍ഹംദുലില്ലാഹ് ഷെല്‍ട്ടര്‍ ഇന്ത്യയുടെ കീഴില്‍  'ആന്‍റി ഇന്‍ററസ്റ്റ്‌ മൂവ്മെന്റ്' എന്ന പേരില്‍ ഉണ്ട്. അതുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്toshelterindia@gmail.com എന്ന അഡ്രസില്‍ മെയില്‍ ചെയ്യുകയോ, 0091-9061099550 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഷെല്‍റ്റര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മതപരമായ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാനോ നിര്‍ദേശങ്ങള്‍ അറിയിക്കാനോ ഉണ്ടെങ്കില്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്... അല്ലാഹു അനുഗ്രഹിക്കട്ടെ...

ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അത് നിഷിദ്ധമാണ് എന്നറിയില്ലായിരുന്നു. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല. ഇനി മുതൽ അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?.

ചോദ്യം: ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. ആ സമയത്ത് അത് പാടില്ല എന്ന് അറിയില്ലായിരുന്നു. അടുത്ത കാലത്താണ് അത് നിഷിദ്ധമാണ്  എന്ന് അറിയാൻ പറ്റിയത്. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല എന്ന് പറഞ്ഞു. ഇനി മുതൽ  അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?. എന്ന് ഒന്ന് വ്യക്തമാകി തരണം.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് എന്തുകൊണ്ട് നിഷിദ്ധമാണ് എന്നതും നിയമം കൊണ്ട് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ എന്ത് ചെയ്യും എന്നതും  നാം വിശദീകരിച്ചിട്ടുണ്ട്. അത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കില്‍ പോകാവുന്നതാണ് : http://www.fiqhussunna.com/2015/07/blog-post_23.html

ആമുഖമായി, മനസ്സിലാക്കിയത് പ്രാവര്‍ത്തികമാക്കാനും, കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും തൗബ ചെയ്ത് മടങ്ങുകയും ചെയ്യുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ..

താങ്കളെ സംബന്ധിച്ചിടത്തോളം തെറ്റാണ് എന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് ആ സംവിധാനത്തിലേക്കുള്ള അടവ് തുടരാന്‍ പാടില്ല. താങ്കള്‍ ഇതുവരെ അടച്ച സംഖ്യ താങ്കള്‍ക്ക് തിരികെ വാങ്ങാവുന്നതാണ്. ഇനി താങ്കള്‍ സൂചിപ്പിച്ച പോലെ ഇപ്പോള്‍ അത് തിരികെ വാങ്ങുന്നത് പണം നഷ്ടപ്പെടാന്‍ ഇടവരുത്തും എന്നുണ്ടെങ്കില്‍ പിന്നീട് വാങ്ങിയാലും മതി. പക്ഷെ പിന്നീട് കാലാവധി തികഞ്ഞ ശേഷം അത് വാങ്ങുന്നത് താങ്കള്‍ നല്‍കിയ സംഖ്യയേക്കാള്‍ താങ്കള്‍ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമോ, താങ്കള്‍ ആ ഇന്‍ഷുറന്‍സ് കരാറില്‍ തുടരുന്ന വ്യക്തിയായിത്തന്നെ പരിഗണിക്കപ്പെടുന്ന സാഹചര്യമോ ഉണ്ട് എങ്കില്‍ പാതി നഷ്ടപ്പെട്ടാലും, അതല്ല ഇനി മുഴുവന്‍ തുകയും നഷ്ടപ്പെട്ടാലും ഇപ്പോള്‍ തന്നെ ആ ഇടപാട് അവസാനിപ്പിക്കുക. അഥവാ ഇനി അടവ് തുടര്‍ന്നില്ലെങ്കിലും കമ്പനി താങ്കള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലൈം നല്‍കാന്‍ ബാധ്യസ്ഥരാകുന്ന  സാഹചര്യമോ, താങ്കള്‍ അടച്ചതിനേക്കാള്‍ കൂടുതല്‍ പണം താങ്കള്‍ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമോ നിലനില്‍ക്കാന്‍ ഇപ്പോള്‍ അത് കേന്‍സല്‍ ചെയ്യാതിരിക്കുന്നത് ഇടവരുത്തും എന്നുണ്ടെങ്കില്‍ പണം നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എത്രയും പെട്ടെന്ന് ആ കരാര്‍ അവസാനിപ്പിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അതല്ല അടവ് തുടര്‍ന്നില്ലെങ്കില്‍ത്തന്നെ താങ്കള്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ തുടരുന്ന ആളായി പരിഗണിക്കപ്പെടാതിരിക്കുകയും, പിന്നീട് കാലാവധിക്ക് ശേഷം താങ്കള്‍ അടച്ച തുക മാത്രം താങ്കള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത് എങ്കില്‍ പണം കാലാവധിക്ക് ശേഷം പിന്‍വലിച്ചാല്‍ മതി. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.... അല്ലാഹു അനുഗ്രഹിക്കട്ടെ ...

രണ്ട് മക്കള്‍ ഉണ്ട്, മൂന്നാമത് ഗര്‍ഭിണിയാണ്, ഗര്‍ഭധാരണ സമയത്ത് ധാരാളം മെഡിസിന്‍ ഉപയോഗിക്കണം, ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ Heparin ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി എടുക്കണം, നാല് തവണ ഗര്‍ഭം അലസിപ്പോയി, ഇങ്ങിനെ ഉള്ളവര്‍ക്ക് പ്രസവം നിര്‍ത്താമോ ?. എന്താണ് ഇസ്‌ലാമിക വിധി ?.



ചോദ്യം: അസ്സലാമു അലൈകും, എനിക്ക് ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട് . എന്‍റെ ഭാര്യക്ക് മൊത്തം നാലു abortion history യും ഇപ്പോൾ ഗർഭിണിയുമാണ്‌. ഒരുപാട് ട്രീട്മെന്റിനു ശേഷമാണ് കുട്ടികൾ ഉണ്ടായത്. എല്ലാ ഗർഭധാരണ സമയത്തും ഒരുപാട് medicine ഉപയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു Low Molecular Weight Heparin എന്ന injunction. ഡെലിവറി അടുക്കുന്ന വരെ തുടര്‍ച്ചയായി ഇതു ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഏഴു ഗര്‍ഭകാലത്തും , ഇപ്പോഴും ഉപയോഗിക്കുന്നു. ഇങ്ങിനെ ഉള്ളവർക്ക് പ്രസവം നിര്‍ത്താമോ എന്താണ് ഇസ്ലാമിക വിധി ?.    

www.fiqhussunna.com

ഉത്തരം:  
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ളറൂറത്ത് അഥവാ നിര്‍ബന്ധിത സാഹചര്യങ്ങളിലല്ലാതെ പ്രസവം നിര്‍ത്താന്‍ പാടില്ല എന്നത് നേരത്തെ പല മറുപടികളിലും വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രസവധാരണം ഒരു സ്ത്രീയെ  ദോഷകരമായി ബാധിക്കുമെന്ന് വൈദ്യശാസ്ത്രപരമായി വിലയിരുത്തപ്പെടുന്ന ചില സാഹചര്യങ്ങളില്‍ അത് അനിവാര്യമായി വരാറുമുണ്ട്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രപരമായ സാഹചര്യങ്ങളും മതപരമായ തത്വങ്ങളും പരിഗണിച്ചുകൊണ്ടാണ് മെഡിക്കല്‍ ഡെസ്ക് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തീരുമാനം എടുക്കന്നതിന് മുന്‍പ് മതപരമായ വീക്ഷണം അറിയാന്‍ താല്പര്യം കാണിച്ചതിനും, മെഡിക്കല്‍ ഡെസ്കിന് ഈ ചോദ്യം അയച്ചുതന്നതിനും അല്ലാഹു താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ.. മറുപടി നല്‍കാന്‍ വൈകിയതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ചോദ്യം ശ്രദ്ധിക്കാതെ പോയതിനാലും, മെഡിക്കല്‍ ഡെസ്കിലെ അംഗങ്ങളുടെ തിരക്ക് കാരണത്താലും, അതുപോലെ ചോദ്യങ്ങളുടെ ആധിക്യം കാരണത്താലും എല്ലാമാണ് താമസമുണ്ടായത്. 

താങ്കളുടെ വിഷയം വളരെ വിശദമായി മെഡിക്കല്‍ ഡെസ്കിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. താങ്കളുടെ മെഡിക്കല്‍ ഹിസ്റ്ററിയോ റിപ്പോര്‍ട്ടുകളോ  ഒന്നും തന്നെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ അത് മുന്‍നിര്‍ത്തിയുള്ള  ഒരു  പഠനത്തിന്ഞങ്ങള്‍ക്ക്  സാധിച്ചിട്ടില്ല. എങ്കിലും താങ്കള്‍ പറഞ്ഞതനുസരിച്ച് LMWH ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി, പ്രസവം വരെ താങ്കളുടെ ഭാര്യ ഉപയോഗിക്കുന്നുണ്ട്. Recurrent miscarriage (RM) അഥവാ  തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകുന്ന പ്രശ്നം ഉള്ളതുകൊണ്ടാണ് സാധാരണ അത് നല്‍കപ്പെടുന്നത്. ഇത് ഒരു ദിവസം രണ്ട് നേരംഎന്ന തോത് മുതല്‍, മൂന്ന്‍ ദിവസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ വരെ നല്‍കപ്പെടുന്ന സാഹചര്യങ്ങള്‍ ചില ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുണ്ട്. മാത്രമല്ല ഏകദേശം ഇരുനൂറ് രൂപക്ക് മുകളില്‍ വിലയുള്ള ഈ ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യത കൂടിയാണ്. സാമ്പത്തിക ബാധ്യത എന്നതിലുപരി , ഏത് സമയത്തുംഗര്‍ഭം  അലസിപ്പോകാനുള്ള സാധ്യതകൂടി ഇത്തരം രോഗമുള്ള ഗര്‍ഭിണികളില്‍  നിലനില്‍ക്കുന്നത് കൊണ്ട് മാനസിക സംഘര്‍ഷവും, അതുപോലെ ഇടക്കിടക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടേണ്ടി വരുന്ന അവസ്ഥയുമെല്ലാം  ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. മാത്രമല്ല താങ്കളുടെ വിഷയത്തില്‍ നാല് തവണ അലസിപ്പോയ സാഹചര്യമുണ്ട് എന്നതും ഞങ്ങള്‍ പ്രത്യേകം ഗൗനിച്ചിരിക്കുന്നു. ഇപ്പോഴുള്ള ഗര്‍ഭം ഒരു കുഴപ്പവുമില്ലാതെ പൂര്‍ത്തീകരിക്കാനും നിങ്ങള്‍ക്ക് കണ്‍കുളിര്‍മയേകുന്ന സന്താനത്തെ ലഭിക്കാനും ഞങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഗര്‍ഭകാലത്ത്  നിങ്ങള്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ക്ക് അല്ലാഹു തക്കതായ  പ്രതിഫലം നല്‍കുമാറാകട്ടെ...


ഇത്തരം കേസുകള്‍ പലപ്പോഴും വളരെയധികം വിഷമിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നും, എന്നാല്‍ ചില കേസുകള്‍ അത്ര പ്രയാസകരമല്ലെന്നും മെഡിക്കല്‍ ഡെസ്കിലെ ഗൈനക്കോളജിസ്റ്റുകള്‍ അവരുടെ അനുഭവങ്ങളെ വിലയിരുത്തി അഭിപ്രായപ്പെടുകയുണ്ടായി. താങ്കളുടെ വിഷയം ചര്‍ച്ച ചെയ്ത ശേഷം, ഞങ്ങള്‍ എത്തിച്ചേര്‍ന്ന നിലപാട്:  ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്തവിധമുള്ള Recurrent Miscarriage (RM) അഥവാ തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യം ആണ് താങ്കളുടെ ഭാര്യക്ക് ഉള്ളത് എങ്കില്‍ മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടും, ഈ പ്രയാസങ്ങള്‍ നേരിട്ടിട്ടും മൂന്ന്‍ കുട്ടികള്‍ ഉണ്ടാകുന്നത് വരെ പരമാവധി ശ്രമിക്കുകയും, നാല് അബോര്‍ഷന്‍ ഹിസ്റ്ററി ഉണ്ടാവുകയും ചെയ്ത ശേഷമാണ് താങ്കള്‍ ഇത് ചോദിക്കുന്നത് എന്നത് ബോധ്യപ്പെട്ടതിനാലും, താങ്കള്‍ക്ക് പ്രസവം നിര്‍ത്തല്‍ അനുവദനീയമാണ് എന്നതിലേക്കാണ് മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ളത്. എന്നാല്‍ അത് പൂര്‍ണമായും നിര്‍ത്തുക എന്ന തീരുമാനമെടുക്കാതെ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് എങ്കില്‍ അതായിരിക്കും കൂടുതല്‍ ഉചിതം. കാരണം ഒരുപക്ഷെ പിന്നീട് ഈ പ്രയാസങ്ങളെല്ലാം ഉണ്ടെങ്കില്‍ക്കൂടി  മക്കളുണ്ടാകാന്‍ നിങ്ങളാഗ്രഹിക്കുന്ന സാഹചര്യം വന്നേക്കാം. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരില്ലല്ലോ... അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... 
എന്നാല്‍ നിങ്ങളുടെ ഭാര്യക്ക് തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകാന്‍ ഇടവരുത്തുന്ന കാരണം കണ്ടെത്തപ്പെടുകയും, അതാവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ചികിത്സ ലഭ്യവുമാണ് എങ്കില്‍ ആ സാഹചര്യത്തില്‍ താങ്കള്‍ക്ക് പ്രസവം പൂര്‍ണമായി നിര്‍ത്താന്‍ അനുവാദമില്ല.

ഇവിടെ വളരെ സുപ്രധാനമായും പരാമര്‍ശിക്കേണ്ട മറ്റൊരു കാര്യം. ഗര്‍ഭം അലസിപ്പോകുന്ന അസുഖമുള്ള എല്ലാ രോഗികളും, അതുപോലെ  Heparin (LMWH) ഇന്‍ജക്ഷന്‍ എടുക്കുന്ന എല്ലാ രോഗികളും ഈ മറുപടി വായിച്ച് ഉടനടി പ്രസവം നിര്‍ത്തുന്നതിന് തുനിയേണ്ടതില്ല. കാരണം എല്ലാ കേസുകളിലും എല്ലാ രോഗികള്‍ക്കും Heparin നല്‍കേണ്ട സാഹചര്യം ഉണ്ടാവാറില്ല. യഥാര്‍ത്ഥത്തില്‍ കുറഞ്ഞ സാഹചര്യങ്ങളിലെ അത് ഉപയോഗിക്കാറുള്ളൂ.  ആവശ്യമില്ലാത്ത  ചില കേസുകളിലും ചില  ഡോക്ടര്‍മാര്‍ അത് നിര്‍ദേശിച്ചു എന്ന് വരാം. അതുകൊണ്ട് അതൊരു മാനദണ്ഡമല്ല.  APLA, Cardiolipin Antibody, Lupus anticoagulant antibodies തുടങ്ങിയ ചില സാഹചര്യങ്ങളിലേ അത് കഴിക്കേണ്ട ആവശ്യമുള്ളൂ. അല്ലെങ്കില്‍ Recurrent miscarriage (RM) അഥവാ തുടര്‍ച്ചയായി ഗര്‍ഭം അലസിപ്പോകുന്ന പ്രശ്നം ഉള്ള സ്ത്രീകള്‍ക്ക് അവര്‍ ഗര്‍ഭം ധരിക്കുന്നതിന് ഒരു മാസം മുന്‍പ് Ecosprin പോലുള്ള മരുന്നുകള്‍ ആരംഭിക്കാറാണുള്ളത്. ഏകദേശം 32 ആഴ്ച വരെയൊക്കെ അത് കഴിച്ചാല്‍ മതി. ഇപ്പോള്‍ സാധാരണ Heparin (LMWH) തന്നെ 20 ഡോസ് എന്ന തോതില്‍ മൂന്ന്‍ ദിവസം  കൂടുമ്പോള്‍ ഒക്കെയാണ് നല്‍കാറുള്ളത്. അതുകൊണ്ട് അങ്ങനെയുള്ളവര്‍ക്കും (Permanent Sterilization) പ്രസവം പൂര്‍ണമായി നിര്‍ത്തേണ്ട ആവശ്യമുണ്ടായിക്കൊള്ളണം എന്നില്ല. അത്തരം ചില സന്ദര്‍ഭങ്ങളില്‍ ആവശ്യമാണ്‌ എങ്കില്‍ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മാത്രമെ ആകാവൂ.  അതുകൊണ്ട് ഈ മറുപടി  പൊതുവായ അര്‍ത്ഥത്തില്‍ എല്ലാ കേസുകള്‍ക്കും ബാധകമാക്കരുത്.
 
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.... അല്ലാഹു അനുഗ്രഹിക്കട്ടെ ...

 
മറുപടി നല്‍കിയത് : 

മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം:
ഡോ. മുഹമ്മദ്‌ സലീം, ഡോ. മുജീബ് റഹ്മാന്‍, ഡോ. മുഹമ്മദ്‌ കുട്ടി, ഡോ. അസ്ഹര്‍, ഡോ. സുമിത്ത്, ഡോ. ഫാത്തിമ , ഡോ. റഹ്മത്തുന്നിസ .   



[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].

Wednesday, June 8, 2016

സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?.



ചോദ്യം: സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വീടും ആ വീട് നില്‍ക്കുന്ന സ്ഥലവും ഒരാളുടെ അടിസ്ഥാന ആവശ്യത്തില്‍പ്പെട്ടതാണ്. അതുകൊണ്ട് വീടും സ്ഥലവും ഉള്ള ഒരാള്‍ സകാത്തിന് അര്‍ഹനാവാതിരിക്കണം എന്ന നിബന്ധനയില്ല. ഒരു പക്ഷെ കര്‍ഷകന് കൃഷിയിടം ഉണ്ടായിരിക്കാം. പക്ഷെ അതില്‍ നിന്നുള്ള വരുമാനം അയാളുടെയും കുടുംബത്തിന്‍റെയും ചിലവിന് തികഞ്ഞില്ലെന്ന് വരാം.

എന്നാല്‍ ഒരാളുടെ കൈവശം അയാളെപ്പോലുള്ള ഒരാള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളത് കഴിച്ച് സ്ഥലമോ സ്വത്ത് വകകളോ മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് അയാളുടെ കടം വീട്ടാനും ചിലവ് നടത്താനും അയാള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കാത്ത പക്ഷം മാത്രമേ, സകാത്തില്‍ നിന്നും അയാള്‍ അര്‍ഹിക്കുകയുള്ളൂ.  സ്വയം കടങ്ങള്‍ വീട്ടാന്‍ പ്രാപ്തനായ ഒരാള്‍ കടക്കാരന്‍ എന്ന നിലയില്‍ സകാത്തിന്‍റെ അവകാശിയാവുകയില്ല. അതുകൊണ്ട് തന്‍റെ അടിസ്ഥാന ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ഭൂമിയോ, മറ്റു സമ്പത്തോ അവന്‍റെ കൈവശം ഉണ്ട് എങ്കില്‍ അത് വിറ്റോ, വാടകക്ക് നല്‍കിയോ അവന്‍റെ ചിലവ് കഴിഞ്ഞുപോകാനും, കടം വീട്ടാനും അവന് സാധിക്കുമെങ്കില്‍ അവന്‍ സകാത്തിന് അര്‍ഹനല്ല.

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയോട് ചോദിക്കപ്പെട്ടു:

ചോദ്യം: എനിക്ക് ഒരു സുഹൃത്തുണ്ട്. അവന്‍ ഒരു വീട് വാങ്ങിച്ചു. മൂന്ന് ലക്ഷം റിയാല്‍ അതിന് വിലയായി. അതിന്‍റെ മുഴുവന്‍ തുക നല്‍കാന്‍ അവന് സാധിച്ചില്ല. ഏകദേശം 50000 റിയാല്‍ അയാള്‍ കടക്കാരനാണ്. അയാള്‍ക്ക് അയാളുടെ പഴയ വീടും അതുപോലെ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലവുമുണ്ട്. അയാള്‍ സകാത്തിന് അര്‍ഹനാണോ ?.

ഉത്തരം: "അയാളുടെ ആവശ്യത്തിനുതകുന്ന വീട് ഉണ്ടായിട്ടും, വില്പന ഉദ്ദേശിച്ചുകൊണ്ടോ, അല്ലെങ്കില്‍ കൂടുതല്‍ സമ്പത്ത് വേണം എന്ന നിലക്കോ ആണ് അയാള്‍ ആ വീട് വാങ്ങിയത് എങ്കില്‍ അവന്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല. മറിച്ച് അവന്‍ ആ പുതിയ വീട് വിറ്റ് അവന്‍റെ മേലുള്ള കടം വീട്ടട്ടെ. അതല്ലെങ്കില്‍ മറ്റ് വല്ല രൂപത്തിലും അത് വീട്ടാനുള്ള മാര്‍ഗം അവന്‍ കണ്ടെത്തട്ടെ. കാരണം അവന്‍ 'ഫഖീര്‍' എന്ന ഗണത്തില്‍ പെടുന്നയാളല്ല. അവന് താമസിക്കാനുള്ള വീട് ഉള്ളതുകൊണ്ട്, അവന്‍ ആ പുതിയ വീട് വില്‍ക്കട്ടെ. അവന്‍റെ കടം വീട്ടുകയും ബാക്കി തുക അവന്‍റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു കൊള്ളട്ടെ. അയാള്‍ക്ക് താമസിക്കാനുള്ള വീടും, ഈ പുതിയ വീടും, സ്ഥലവും എല്ലാം ഉണ്ടായിരിക്കെ അയാളെ 'ഫഖീര്‍' എന്ന് പറയില്ല. സകാത്തിന് അര്‍ഹനാകുന്ന വ്യക്തി ഫഖീറായിരിക്കണം. അവന്‍റെ കാര്യങ്ങള്‍ നിറവേറ്റാനും, ആ സകാത്തിന്‍റെ ധനത്തെ അവലംബിക്കാതിരിക്കാനും സാധിക്കുന്ന സമ്പത്ത് അവന്‍റെ പക്കല്‍ ഇല്ലാതിരിക്കണം. നേരെ മറിച്ച്, വല്ല തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ, ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ടോ അതെല്ലെങ്കില്‍ തന്‍റെ കൈവശമുള്ള വില്‍ക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കൊണ്ടോ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല." - [http://www.binbaz.org.sa/noor/5105].

അതുകൊണ്ടുതന്നെ തന്‍റെ കൈവശം തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന സ്വത്ത് ഉള്ള ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കേണ്ടതില്ല. എന്നാല്‍ ഒരാള്‍ക്ക് സാമാന്യം അയാളെപ്പോലുള്ള ഒരാള്‍ക്ക് കഴിയാന്‍ ഉതകുന്ന ഒരു വീട് ഉണ്ട്. അയാളുടെ വരുമാനം അയാള്‍ക്ക് തികയുന്നില്ല. പാവപ്പെട്ടവാനാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം. സ്വന്തമായി വീടുള്ള എത്ര എത്ര പാവപ്പെട്ട ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് ?!. വീടുണ്ട് എന്നതിനാല്‍ അവര്‍ സകാത്തിന് അര്‍ഹരാകാതാവുന്നില്ല. എന്നാല്‍ ഒരാള്‍ തനിക്ക് ആവശ്യമുള്ളതിനെക്കാള്‍ വലിയ പ്രൌഢമായ ഒരു വീട്ടില്‍ കഴിയുന്നു. അയാളെ സംബന്ധിച്ചിടത്തോളം ആ വീട് വിറ്റ് സാമാന്യം ബേധപ്പെട്ട ഒരു വീട്ടിലേക്ക് മാറിയാല്‍ അതുവഴി കിട്ടുന്ന സംഖ്യ കൊണ്ട് തന്‍റെ ആവശ്യങ്ങള്‍ നിറവേറപ്പെടുമെങ്കില്‍ സകാത്തിന് അയാള്‍ അര്‍ഹനല്ല. അതുപോലെത്തന്നെയാണ് സ്ഥലവും. ഒരു കര്‍ഷകന് സ്ഥലമുണ്ട് അയാള്‍ അതില്‍ കൃഷി ചെയ്യുന്നു. അതാണ്‌ അയാളുടെ അത്താണി. അയാള്‍ പാവപ്പെട്ടവനോ കടക്കാരനോ ആണ് എങ്കില്‍ സകാത്തില്‍ നിന്നും സഹായിക്കാം. സ്ഥലമുണ്ട് എന്നതുകൊണ്ട്‌ അയാള്‍ സകാത്തിന് അര്‍ഹനാകാതാവുന്നില്ല. എന്നാല്‍ വേറൊരാള്‍ക്ക് കൃഷിയിടമുണ്ട്. അയാള്‍ അത് കൃഷി ചെയ്യുന്നില്ല. അയാള്‍ അത് വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്യുക വഴി അയാളുടെ ആവശ്യങ്ങള്‍ നിറവേറുമെങ്കില്‍ അയാള്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല. ഇനി അയാളുടെ കൈവശം മിച്ചമുള്ളത് ഉപയോഗിച്ചുകൊണ്ട് തന്‍റെ കടം വീട്ടാന്‍ അയാള്‍ പരിശ്രമിച്ചിട്ടും, കടം ബാക്കിയാവുകയാണെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ കടക്കാരന്‍ എന്ന നിലക്ക് അയാളെ സഹായിക്കാം എന്നല്ലാതെ സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ള ആളുകള്‍ സകാത്തില്‍ നിന്നും അര്‍ഹിക്കുന്നില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ....
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

ആര്‍ത്തവം കാരണം നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ആര്‍ത്തവം തടയാനുള്ള മരുന്ന് കഴിക്കാമോ ?.



ചോദ്യം: ആര്‍ത്തവം കാരണം നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ മരുന്ന് കഴിക്കാമോ ?. 

www.fiqhussunna.com

ഉത്തരം: 
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 ആമുഖമായി നാം മനസ്സിലാക്കേണ്ടത് റമളാന്‍ മാസത്തില്‍ ഒരു സ്ത്രീക്ക് ഹൈള് കാരണത്താലോ, നിഫാസ് കാരണത്താലോ നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് നോറ്റു വീട്ടുമ്പോള്‍ അവര്‍ക്ക് റമളാനില്‍ ലഭിക്കുന്ന അതേ പ്രതിഫലം തന്നെയുണ്ട്. കാരണം അവര്‍ ശറഇയ്യായ കാരണത്താലാണ് ആ നോമ്പ് ഉപേക്ഷിച്ചത്.

عن أبي مُوسَى رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا

അബൂമൂസല്‍ അശ്അരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ഒരടിമ രോഗിയാവുകയോ, യാത്ര പോകുകയോ ചെയ്‌താല്‍ അവന്‍  യാത്രക്കാരനല്ലാത്തപ്പോഴും ആരോഗ്യവാനായിരിക്കെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അതേ പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും" - [ബുഖാരി: 2996].

അതുകൊണ്ട് റമളാന്‍ മാസത്തില്‍ ഹൈള് പോലുള്ള കാരണത്താല്‍ തനിക്ക് നോമ്പ് നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഒരു സ്ത്രീ ആവലാതിപ്പെടേണ്ടതില്ല.  അവള്‍ക്ക് അത് നോറ്റുവീട്ടുമ്പോള്‍ റമളാന്‍ മാസത്തില്‍ ലഭിക്കുന്നഅതേ പ്രതിഫലം ലഭിക്കുന്നുണ്ട്. 


ഇനി അവര്‍ക്ക് ഹൈള് വരാതിരിക്കാനുള്ള മരുന്ന് ഉപയോഗിക്കാമോ എന്നതാണ്. റമളാന്‍ മാസത്തില്‍ അത് ഉപയോഗിക്കുന്നതിന് തെറ്റില്ല. പക്ഷെ അത് അവരെ ദോഷകരമായി ബാധിക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. അതുകൊണ്ട് ഡോക്ടര്‍മാരുടെ അറിവോടെയല്ലാതെ അത്തരം കാര്യങ്ങള്‍ ചെയ്യരുത്. മാത്രമല്ല പിന്നീട് അവരുടെ ആര്‍ത്തവ ദിവസങ്ങള്‍ ക്രമം തെറ്റാനും, അതിന്‍റെ ദിവസങ്ങള്‍ വര്‍ദ്ധിക്കാനും ഒക്കെ ഒരുപക്ഷേ അത് കാരണമായി എന്നും വരാം. അതുകൊണ്ട് അപ്രകാരമുള്ള മരുന്നുകള്‍ ഉപയോഗിക്കാതിരിക്കലാണ് ഉചിതം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുമെങ്കില്‍ അവ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. 

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയോടുള്ള ചോദ്യവും  മറുപടിയും:

ചോദ്യം: റമളാന്‍ മാസത്തില്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാന്‍ വേണ്ടി സ്ത്രീകള്‍ ഹൈള് തടയുന്ന ഗുളിക കഴിക്കുന്നതിന്‍റെ വിധിയെന്താണ് ?.

മറുപടി:

لا حرج في ذلك أن تأخذ الحبوب لمنع الحيض حتى تصلي مع الناس وتصوم مع الناس بشرط أن يكون ذلك سليماً لا يضرها عن المشاورة للطبيب, وعن موافقة لزوجها حتى لا تضر نفسها, وحتى لا تعصي زوجها, فإذا كان عن تشاور وعن احتياط من جهة السلامة من الضرر فلا بأس, وهكذا في أيام الحج. بارك الله فيكم 

"മറ്റുള്ളവരുടെ കൂടെ നമസ്കരിക്കാനും, നോമ്പ് നോല്‍ക്കാനും വേണ്ടി ഹൈള് തടയുന്ന ഗുളിക ഉപയോഗിക്കുന്നതില്‍, ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷം അതവര്‍ക്ക് ദോഷകരമായി ബാധിക്കില്ല എന്ന നിബന്ധനയോടെ, അതുപോലെ ഭര്‍ത്താവിന്‍റെ അനുമതിയോടെയും അതുപയോഗിക്കള്‍ അനുവദനീയമാണ്. അവര്‍ക്ക് ദോഷകരമാകാതിരിക്കാനും, തന്‍റെ ഭര്‍ത്താവിനെ ധിക്കരിക്കാതിരിക്കാനും ആണ് അപ്രകാരം പറഞ്ഞത്. കൂടിയാലോചിച്ച ശേഷവും, അത് ദോഷകരമായി ബാധിക്കില്ല എന്നത് ഉറപ്പ് വരുത്തിയ ശേഷവുമാണ് ഉപയോഗിക്കുന്നത് എങ്കില്‍ കുഴപ്പമില്ല. ഇതുപോലെത്തന്നെയാണ് ഹജ്ജിന്‍റെ വേളകളില്‍ അതുപയോഗിക്കുന്നതും. അല്ലാഹു അനുഗ്രഹിക്കട്ടെ " - [http://www.binbaz.org.sa/noor/9833]. 

അതുകൊണ്ട് അത് ഉപയോഗിക്കുന്നവര്‍ ഭര്‍ത്താവിനോടും  വൈദ്യശാസ്ത്രപരമായ വരുംവരായികകള്‍ അന്വേഷിച്ച് മനസ്സിലാക്കിയും മാത്രം അത് ഉപയോഗിക്കുക. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അത് സ്ത്രീക്ക് സ്വാഭാവികമായി അല്ലാഹു നിര്‍ണയിച്ച പ്രകൃതിപരമായ ഒരു കാര്യമായതിനാല്‍, തനിക്ക് നഷ്ടപ്പെടുന്ന നോമ്പുകള്‍ ഒരു സ്ത്രീ പിന്നീട് നോറ്റു വീട്ടുമ്പോള്‍ അവര്‍ക്ക് റമളാനില്‍ ഉള്ള അതേ പ്രതിഫലം ലഭിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ അനാവശ്യമായി മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുകയാകും ഉചിതം. ഉപയോഗിക്കുന്നവര്‍ നിബന്ധനകള്‍ പാലിച്ചിരിക്കുകയും ചെയ്യണം. അല്ലാഹു അനുഗ്രഹിക്കട്ടെ...
_________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ  

Vaginal Examination ചെയ്‌താല്‍ നോമ്പ് മുറിയുമോ ?.



ചോദ്യം : റമളാന്‍ മാസത്തില്‍ ഗര്‍ഭിണികളായ സ്ത്രീകളെ ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലക്ക് Pelvic Examination ചെയ്യേണ്ടി വരാറുണ്ട്. അത് കാരണം അവരുടെ നോമ്പ് മുറിയുമോ ?. പല പേഷ്യന്‍റ്സും നോമ്പ് എടുത്തുകൊണ്ടാണ് വരാറുള്ളത്. ?.

www.fiqhussunna.com

ഉത്തരം:  
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛

പരിശോധനയുടെ ഭാഗമായി സ്ത്രീയുടെ ഗുഹ്യാവയവത്തിലേക്ക് കൈ, അതെല്ലെങ്കില്‍ Transvaginal Ultrasound  സ്കാന്‍ ചെയ്യാന്‍ വേണ്ടി Transducer വജൈനയിലേക്ക് പ്രവേശിപ്പിക്കാറുണ്ട്. പലപ്പോഴും ഗര്‍ഭസമയത്ത് ഇത് അനിവാര്യമായി വന്നേക്കാം. ഇപ്രകാരം പരിശോധന നടത്തുന്നത് നോമ്പ് മുറിക്കുമോ എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.

ഹനഫീ മദ്ഹബിലെ കാഴ്ചപ്പാട് പ്രകാരം സ്ത്രീയുടെ ഗുഹ്യാവയവത്തിലേക്ക് ഒരു വസ്തു പൂര്‍ണമായും പ്രവേശിപ്പിക്കപ്പെടുകയോ, അതല്ലെങ്കില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാഗം നനഞ്ഞിരിക്കുന്നതോ ആണ് എങ്കില്‍ നോമ്പ് മുറിയും. മാലിക്കീ മദ്ഹബിലെ കാഴ്ചപ്പാട് പ്രകാരം ദ്രവവസ്തുവാണ് പ്രവേശിപ്പിക്കപ്പെട്ടത് ഘരവസ്തുവല്ല എങ്കില്‍ നോമ്പ് മുറിയും. ശാഫിഈ മദ്ഹബിലെയും ഹംബലീ മദ്ഹബിലെയും അഭിപ്രായപ്രകാരം എന്തുതന്നെ പ്രവേശിക്കപ്പെട്ടാലും നോമ്പ് മുറിയും. എന്നാല്‍ മാലിക്കീ മദ്‌ഹബിലെ ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരവും അതുപോലെ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യുടെ അഭിപ്രായപ്രകാരവും അത് നോമ്പ് മുറിയാനുള്ള കാരണമല്ല. ഇത് ഒരു ഇജ്തിഹാദിയായ മസ്അലയാണ്. പ്രത്യേകമായ ഒരു തെളിവ് ആ വിഷയസംബന്ധമായി വന്നിട്ടില്ല. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകാന്‍ കാരണം.

സൗദി അറേബ്യയിലെ ഫത്'വാ ബോര്‍ഡ് ലജ്നതുദ്ദാഇമ തിരഞ്ഞെടുത്തിട്ടുള്ളത്‌ Vaginal Examination കാരണത്താല്‍ നോമ്പ് മുറിയുകയില്ല എന്ന അഭിപ്രായമാണ്. 


അവരോട് ചോദിക്കപ്പെട്ട ചോദ്യം: ഒരു സ്ത്രീ വൃത്തിയാക്കുന്നതിനോ മരുന്ന് വെക്കുന്നതിനോ ഗുഹ്യാവയവത്തില്‍ തന്‍റെ വിരലുകള്‍ പ്രവേശിപ്പിച്ചാലോ,  അതെല്ലെങ്കില്‍ സ്ത്രീസംബന്ധമായ പരിശോധനക്ക് ഡോക്ടര്‍ അവരുടെ കയ്യോ, ഉപകരണമോ ഗുഹ്യാവയവത്തിലേക്ക് പ്രവേശിപ്പിച്ചാലോ കുളിക്കേണ്ടതുണ്ടോ ?. അത് റമളാനില്‍ പകല്‍ സമയത്ത് ആണ് എങ്കില്‍ നോമ്പ് മുറിയുമോ ?. അവര്‍ അത് നോറ്റു വീട്ടേണ്ടതുണ്ടോ ?. 

മറുപടി: മേല്‍പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാല്‍ ജനാബത്തിന്‍റെ കുളി ആവശ്യമില്ല. അതുപോലെ നോമ്പ് മുറിയുകയുമില്ല. 

[മറുപടി നല്‍കിയവര്‍: അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് (റ), അബ്ദുറസാഖ് അഫീഫി (റ), അബ്ദല്ലാഹ് ബ്ന്‍ ഗുദയ്യാന്‍ (റ) ]. [http://www.alifta.net/fatawa].

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം സ്ത്രീക്കായാലും പുരുഷനായാലും അവരുടെ സ്വകാര്യ ഭാഗങ്ങള്‍ നജാസത്തുകളില്‍ നിന്നും വൃത്തിയാക്കുമ്പോള്‍ പ്രത്യക്ഷമായ ഭാഗങ്ങള്‍ വൃത്തിയാക്കിയാല്‍ മതി. ചിലര്‍ വസ്'വാസ് കാരണത്താല്‍ അതില്‍ അമിതത്വം കാണിക്കുന്നത് കാണാം. അതിന്‍റെ ആവശ്യമില്ല. അതുപോലെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈഗിക ബന്ധം ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തോട് താരതമ്യപ്പെടുത്തരുത്. റമളാനില്‍ നോമ്പു കാരായിരിക്കെ പുരുഷലിംഗം സ്ത്രീ ലിംഗത്തില്‍ പ്രവേശിച്ചാല്‍ സ്ഖലനം നടന്നില്ലെങ്കിലും അവരുടെ നോമ്പ് മുറിയും എന്ന് മാത്രമല്ല, അവര്‍ കുറ്റക്കാരാകുന്നതും, അവര്‍ക്ക് പ്രായശ്ചിത്തം നിര്‍ബന്ധമാകുന്നതുമായിരിക്കും. അഥവാ ഒരടിമയെ മോചിപ്പിക്കണം, അതിന് സാധിച്ചില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് നോല്‍ക്കണം, അതിന് ശാരീരികമായി സാധിക്കാത്തവര്‍ ആണെങ്കില്‍ 60 പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കണം ഇതാണ് അതിനുള്ള പ്രായശ്ചിത്തം.

ഇനി മുകളില്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് നോമ്പ് മുറിയുകയില്ല എന്ന അഭിപ്രായമാണ്. കാരണം മനുഷ്യന്‍റെ വായ, മൂക്ക് എന്നിവിടങ്ങളിലൂടെ വല്ലതും അന്നനാളത്തിലേക്കോ, ആമാശയാത്തിലേക്കോ പ്രവേശിച്ചാലും, ഭക്ഷണപാനീയങ്ങള്‍ക്ക് പകരമാകുന്ന പോഷകങ്ങള്‍ ശരീരത്തിന്‍റെ ഏത് ഭാഗത്തിലൂടെ ശരീരത്തിലേക്ക് നല്‍കപ്പെട്ടാലുമാണ് നോമ്പ് മുറിയുക എന്നതാണ് പ്രബലമായ അഭിപ്രായം.  എങ്കിലും ഇത്തരം പരിശോധനകള്‍ നോമ്പ് തുറന്ന ശേഷം ആക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം. പക്ഷെ പലപ്പോഴും ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമായിക്കൊള്ളണം എന്നില്ല. ഏതായാലും നോമ്പുകാരായിരിക്കെ Vaginal Examination നടത്തപ്പെടുന്നവര്‍ക്ക് അതുകാരണത്താല്‍ ആ ദിവസത്തെ നോമ്പ് മുറിക്കേണ്ടതില്ല. അത് നോറ്റു വീട്ടണം എന്ന് നിര്‍ബന്ധവുമില്ല. എന്നാല്‍ അഭിപ്രായഭിന്നതയില്‍ നിന്നും പുറം കടക്കാന്‍ എന്നോണം സൂക്ഷ്മതക്ക് വേണ്ടി ആ ദിവസത്തെ നോമ്പ് ഒരാള്‍ നോറ്റു വീട്ടുന്നുവെങ്കില്‍ നല്ലതാണ്താനും.   അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

ഒരു ഡോക്ടര്‍ എന്ന നിലക്ക് താങ്കള്‍ക്കുള്ള മതപരമായ ഉത്തരവാദിത്വം മനസ്സിലാക്കിയതിനും,  തന്‍റെ പക്കലേക്ക് വരുന്ന രോഗികളുടെ കാര്യത്തില്‍ അവരുടെ മതപരമായ കാര്യങ്ങള്‍ കൂടി മനസ്സിലാക്കി അറിയിച്ചു കൊടുക്കാനുള്ള താങ്കളുടെ താല്‍പര്യത്തിനും അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ.... 
____________________________

 അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി.എന്‍