Tuesday, April 27, 2021

ജോലിയിലെ പ്രയാസം കാരണം നോമ്പ് ഒഴിവാക്കാമോ ?


ചോദ്യം: ജോലിയുടെ കാഠിന്യം കാരണം നോമ്പെടുക്കാൻ പ്രയാസം. പിന്നീട് നോറ്റു വീട്ടിയാൽ മതിയോ..?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة السلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

പരിശുദ്ധ റമദാനിലെ നോമ്പ് ഒരു വിശ്വാസിക്ക് നിർബന്ധമാണല്ലോ. ജോലിക്ക് വേണ്ടി അത് മുറിക്കാം എന്ന് പൊതുവായി പറയുക സാധ്യമല്ല. റമദാനിലെ നോമ്പ് നിർബന്ധമായ ഇബാദത്തും പരിശുദ്ധ ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളിൽ ഒന്നുമാണ്. ജോലിയിലും മറ്റു കാര്യങ്ങളിലുമൊക്കെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് നോമ്പ് നോൽക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.   

ഇനി ഒരാളുടെ ജോലി വളരെ പ്രധാനപ്പെട്ടതും ആളുകളുടെ സുരക്ഷയുമായോ, ജീവനുമായോ ഒക്കെ ബന്ധപ്പെട്ട് നിൽക്കുന്നതും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ജോലിയാണ് എങ്കിൽ,  നോമ്പിനോടൊപ്പം  ആ ജോലി ചെയ്യാൻ സാധിക്കാതെ വന്നാൽ മാത്രം നോമ്പ് ഒഴിവാക്കുകയും പിന്നീട് നോറ്റുവീട്ടുകയുമാവാം. അത്തരം കൃത്യമായ കാരണം ഉണ്ടാകണം എന്നർത്ഥം. 

എന്നാൽ അല്ലാത്ത മറ്റു ജോലികളൊക്കെ ആണെങ്കിൽ നോമ്പ് ഉപേക്ഷിക്കുകയല്ല മറിച്ച് അതിൻ്റെ സമയക്രമം മാറ്റുകയോ, ജോലിയിൽ ആവശ്യമായ ക്രമീകരണങ്ങൾ കൊണ്ടവരുകയോ, ഇനി അതിനും സാധിക്കാത്ത പക്ഷം ലീവ് എടുക്കുകയോ ഒക്കെയാണ് ചെയ്യേണ്ടത്. . 


ഇനി ചില ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പായാൽ പോലും കുടുംബം പട്ടിണി കിടക്കാതിരിക്കണമെങ്കിൽ അദ്ധ്വാനിച്ചേ മതിയാകൂ എന്ന രൂപത്തിലുള്ള ആളുകൾ ഉണ്ട്. ഒരുപക്ഷെ മറ്റു ജോലികൾ അവർക്ക് വശമില്ലായിരിക്കാം. അവർക്ക് ചിലപ്പോൾ വല്ലാത്ത ക്ഷീണം ഉണ്ടാകുകയും നോമ്പ് മുറിക്കേണ്ടി വരുന്ന നിർബന്ധിത സാഹചര്യം ഉണ്ടാകുകയും ചെയ്‌താൽ നോമ്പ് മുറിക്കുകയും പിന്നീട് നോറ്റു വീട്ടുകയും ചെയ്യാം. അതൊരു നിർബന്ധിത സാഹചര്യമാണല്ലോ. 

എന്നാൽ അത്തരം ഒരു നിർബന്ധിത സാഹചര്യം ഇല്ലാത്ത ഒരാൾക്ക് കേവലം ജോലി കാരണം പറഞ്ഞുകൊണ്ട് നോമ്പ് ഒഴിവാക്കാവുന്നതല്ല. ഓരോരുത്തരുടെയും നിയ്യത്തും സാഹചര്യങ്ങളും അല്ലാഹു സൂക്ഷമമായി അറിയുന്നുവല്ലോ... 

 ലജ്‌നതുദ്ദാഇമയോട് ഈ വിഷയ സംബന്ധമായി വന്ന ചോദ്യത്തിന്  അവർ നൽകിയ മറുപടി: 

من المعلوم من دين الإسلام بالضرورة أن صيام شهر رمضان فرض على كل مكلف وركن من أركان الإسلام ، فعلى كل مكلف أن يحرص على صيامه تحقيقاً لما فرض الله عليه ، رجاء ثوابه وخوفاً من عقابه دون أن ينسى نصيبه من الدنيا ، ودون أن يؤثر دنياه على أخراه ، وإذا تعارض أداء ما فرضه الله عليه من العبادات مع عمله لدنياه وجب عليه أن ينسق بينهما حتى يتمكن من القيام بهما جميعاً ،  يجعل الليل وقت عمله لدنياه ، فإن لم يتيسر ذلك أخذ إجازة من عمله شهر رمضان ولو بدون مرتب ، فإن لم يتيسر ذلك بحث عن عمل آخر يمكنه فيه الجمع بين أداء الواجبين ولا يؤثر جانب دنياه على جانب آخرته ، فالعمل كثير ، وطرق كسب المال ليست قاصرة على مثل ذلك النوع من الأعمال الشاقة

"പ്രായപൂർത്തി എത്തിയ വിവേകമുള്ള ഓരോ മുസ്‌ലിമിനും നോമ്പ് നിർബന്ധമാണ് എന്നതും അത് ദീനിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് എന്നതും ദീനിലെ ബാലപാഠമാണല്ലോ. അതുകൊണ്ടുതന്നെ തൻ്റെ ഭൗതികപരമായ ആവശ്യങ്ങളെ വിസ്മരിക്കാതെത്തന്നെ അല്ലാഹുവിൻ്റെ പ്രതിഫലം കരസ്ഥമാക്കാനും ശിക്ഷയിൽ നിന്നും രക്ഷനേടാനും വേണ്ടി  അല്ലാഹു  തആല കല്പിച്ച ആ ഫർള് പൂർത്തീകരിക്കാൻ പ്രായപൂർത്തിയെത്തിയ വിവേകമുള്ള ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടതുണ്ട്. അവിടെ തൻ്റെ ദുനിയാവ് ആഖിറത്തിന് തടസ്സമാകരുത്. ഇനി തൻ്റെ ഭൗതികപരമായ തൊഴിലും ആവശ്യങ്ങളും ഇബാദത്തുകൾക്ക് തടസ്സമായി വന്നാൽ അവ രണ്ടും നിർവഹിക്കാവുന്ന വിധം ക്രമീകരണങ്ങൾ നടത്തുകയാണ് ഒരാൾ ചെയ്യേണ്ടത്. സാധിക്കുമെങ്കിൽ തൻ്റെ ജോലി രാത്രീയാക്കി അത് പരിഹരിക്കാം. ഇനി അതിന് സാധിക്കാത്ത പക്ഷം റമളാനിൽ ലീവ് എടുക്കാം, സാലറി ഇല്ലാത്ത ലീവാണെങ്കിൽ പോലും. ഇനി അത് ഒരാൾക്ക് സാധിക്കുകയില്ലയെങ്കിൽ തനിക്ക് തൻ്റെ ഇബാദത്തുകളും ഭൗതികപരമായ ആവശ്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന മറ്റൊരു ജോലി അന്വേഷിക്കാം. ഈ ജോലി മാത്രമേയുള്ളൂ എന്ന് പറയാൻ സാധിക്കില്ലല്ലോ".  - [فتاوى اللجنة الدائمة للبحوث العلمية والإفتاء : ( 10 / 234 – 236 ) ].

അഥവാ പരമാവധി ഒരാൾ ഈ വിഷയത്തിൽ സൂക്ഷ്‌മത പുലർത്തുക തന്നെ വേണം എന്നർത്ഥം.

അല്ലാഹു അനുഗഹിക്കുമാറാകട്ടെ... 

_____________________________


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ