ചോദ്യം: എന്റെ സുഹൃത്ത് എന്റെ കയ്യിൽ നിന്നും 5000 രൂപ കടം വാങ്ങി, കടപ്പുറത്ത് പോയി മീൻ കച്ചവടം ചെയ്തു. അദ്ദേഹത്തിന് 10000 രൂപ ലാഭം ലഭിച്ചു. സന്തോഷത്തിൽ അദ്ദേഹം എന്റെ പണം 5000 രൂപ തിരികെത്തരാൻ വന്നപ്പോൾ കുറച്ച് ചോക്ലേറ്റ് കൂടി അതിനിടൊപ്പം കൊണ്ടുവന്നു. ഇത് പലിശയിൽപ്പെടുമോ?
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
നേരത്തെ 5000 രൂപ നിങ്ങളുടെ കയ്യിൽ നിന്നും കടം വാങ്ങിയപ്പോൾ തന്നെ നിങ്ങൾക്ക് ആ 5000 രൂപയും കൂടെ ചോക്ലേറ്റോ ഇനി മറ്റെന്തുമാകട്ടെ കടത്തോടൊപ്പം മറ്റു വല്ലതും തിരികെ നൽകാം എന്ന് അദ്ദേഹം നിങ്ങളോട് മുൻകൂട്ടി പറയുകയോ നിങ്ങൾ ആവശ്യപ്പെടുകയോ ചെയ്‌താൽ അത് സ്വീകരിക്കൽ പലിശയുടെ ഗണത്തിൽ വരും.
എന്നാൽ നിങ്ങൾ സാധാരണ നിലക്ക് സുഹൃത്തിനുള്ള ഒരു സഹായമെന്ന നിലക്കാണ് പണം കടം കൊടുത്തത്. ആ പണമില്ലാതെ മറ്റൊന്നും തിരികെ കിട്ടാൻ നിങ്ങളാഗ്രഹിച്ചിട്ടില്ല. ഒന്നും കൂടുതലായി തിരിച്ച് നൽകാമെന്നോ, നൽകണമെന്നോ നിങ്ങൾക്കും സുഹൃത്തിനുമിടയിൽ ഒരു പരസ്പര ധാരണയുമില്ല..
അങ്ങനെയുള്ള സാഹചര്യത്തിൽ കൂട്ടുകാരൻ ആ കടം പൂർണമായി തിരികെ നൽകുന്ന വേളയിൽ ചോക്ലേറ്റോ മറ്റ് വല്ലതോ നൽകിയാൽ അത് പലിശയാവില്ല. അനുവദനീയമാണ്. കാരണം നിങ്ങൾക്ക് അദ്ദേഹം അത് നൽകിയിരുന്നില്ല എങ്കിലും സന്തോഷത്തോടെ നിങ്ങളുടെ പണം മാത്രമാണ് നിങ്ങൾ തിരികെ കൈപ്പറ്റാൻ ആഗ്രഹിച്ചത്. ഒന്നും തന്നെ കൂടുതലായി കൈപ്പറ്റാനുള്ള ധാരണയും പരസ്പരം ഉണ്ടായിരുന്നില്ല. അവിടെ അദ്ദേഹം സന്തോഷത്തോടെ വല്ലതും നൽകിയാൽ സ്വീകരിക്കാം..
മാത്രല്ല കടം നൽകി തന്നെ സഹായിച്ച ആൾക്ക് പ്രത്യുപകാരം ചെയ്യൽ അനുവദനീയവും പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യവുമാണ്. പക്ഷെ അത് പരസ്പര ധാരണയോടെയോ, മുൻ നിബന്ധനപ്രകാരമോ ആകാൻ പാടില്ല.
ഇനി നിങ്ങളും സുഹൃത്തും കടമിടപാടല്ല ലാഭക്കൂറിടപാട് അഥവാ കൂട്ടുകച്ചവടം ആണ് നടത്തുന്നത് എങ്കിൽ, കിട്ടുന്ന ലാഭത്തിന്റെ ഇത്ര ശതമാനം എനിക്കും ഇത്ര ശതമാനം നിനക്കും എന്ന രൂപത്തിൽ (ഉദാ: 50% എനിക്കും 50% താങ്കൾക്കും എന്ന രൂപത്തിലോ, 60% - 40% എന്നോ 70% - 30% എന്നോ) ഇടപാട് നടത്തിയാൽ തെറ്റില്ല. പക്ഷെ ഈ ഇടപാടിൽ അഥവാ കച്ചവടത്തിൽ നഷ്ടം സംഭവിച്ചാൽ സ്വാഭാവികമായും താങ്കൾക്കും നഷ്ടമുണ്ടാകും. താങ്കൾക്ക് പണവും അയാൾക്ക് തൊഴിലുമായിരിക്കും നഷ്ടം. ലാഭമില്ലാത്തതുകൊണ്ടു രണ്ടുപേർക്കും ലാഭവിഹിതം ഒന്നും ലഭിക്കില്ല.
ഉദാ: ലാഭം കിട്ടിയത് 1000 രൂപയാണ് എങ്കിൽ തമ്മിലുള്ള ധാരണ ഒരാൾക്ക് 50% ആയതുകൊണ്ട് പരസ്പര ധാരണപ്രകാരം 500, 500 വീതം നിങ്ങൾ പങ്കിട്ടെടുക്കുന്നു. ലാഭം കിട്ടിയത് 400 രൂപയാണ് എങ്കിൽ 200 വീതം പങ്കിട്ടെടുക്കും. ഇനി നഷ്ടമാണ് സംഭവിച്ചത് എങ്കിലോ, ഉദാ: 5000 രൂപക്ക് വാങ്ങിയ മത്സ്യം വിറ്റപ്പോൾ കിട്ടിയത് വെറും 4500 രൂപയാണ് എങ്കിൽ.. ആ പണം മുഴുവൻ മുതലാണ്. അത് ഉടമസ്ഥന് തിരിച്ച് കൊടുക്കണം. അയാൾക്ക് 500 രൂപ നഷ്ടവും വരും. കച്ചവടം ചെയ്തയാൾക്ക് അയാൾ ചെയ്ത പ്രയത്നം നഷ്ടമായി. ഒന്നും ലഭിക്കുകയുമില്ല.
ഇതേ സ്ഥാനത്ത് നിങ്ങൾ ഞാൻ നൽകുന്ന 5000 രൂപക്ക് 1000 രൂപ അല്ലെങ്കിൽ 500 രൂപ ലാഭം തരണം എന്ന് നിശ്ചിത സംഖ്യ ഉറപ്പിച്ചാൽ ആ ഇടപാട് നിഷിദ്ധവും പലിശയുടെ ഗണത്തിൽപെടുന്നതും ആയി. നിർണിതമായ തുക ലാഭമായി നിശ്ചയിക്കപ്പെടാൻ പാടില്ല എന്നർത്ഥം.
ഇനി നഷ്ടം സംഭവിച്ചാൽ.. അയാളുടെ മനപ്പൂർവ്വമുള്ള വീഴ്ച കൊണ്ട് അഥവാ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയോ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുകയോ ചെയ്തതിനാലാണ് നഷ്ടം സംഭവിക്കാനിടവന്നത് എങ്കിൽ... താങ്കളുടെ മുടക്കുമുതൽ തിരികെ നൽകാൻ അയാൾ ബാധ്യസ്ഥനായിരിക്കും.
ഉദാ: മത്സ്യം വിൽക്കാനാണ് നിങ്ങൾ പണം നൽകിയത്, അദ്ദേഹം നിങ്ങളറിയാതെ അരിക്കച്ചോടം നടത്തിയാൽ നഷ്ടം സംഭവിച്ചാൽ പണം പൂർണമായും നിങ്ങൾക്ക് തിരിച്ച് തരണം.
എന്നാൽ മത്സ്യം തന്നെയാണ് കച്ചവടം ചെയ്തത്. പക്ഷെ അയാളുടേതല്ലാത്ത കാരണത്താൽ നഷ്ടം വന്നാൽ അയാൾ ഉത്തരവാദി ആവുകയില്ല.. ഇതാണ് അനുവദനീയമായ ലാഭക്കൂറ് കച്ചവടം.
അല്ലാഹു അനുഗ്രഹിക്കട്ടെ...
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ