ചോദ്യം: പകര്‍ച്ചവ്യാധികള്‍ അതുപോലെ പ്രളയം ഇവയൊക്കെ വരുമ്പോള്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാമോ ?. നാസിലത്തിന്‍റെ ഖുനൂത്ത് ചൊല്ലാവുന്ന സന്ദര്‍ഭങ്ങള്‍ ഏത് ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
നബി (സ) യില്‍ നിന്നും സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ട് വന്നിട്ടുള്ള ഒരു സുന്നത്താണ് നാസിലത്തിന്‍റെ ഖുനൂത്ത്. എന്നാല്‍ ശത്രുക്കളുടെ അക്രമങ്ങള്‍ നേരിടുന്ന ഘട്ടങ്ങളില്‍ മാത്രമാണോ, അതല്ല പട്ടിണി, പകര്‍ച്ചവ്യാധി, പ്രളയം എന്നിങ്ങനെ ഉമ്മത്തിനെ ഒന്നടങ്കം ബാധിക്കുന്ന ഏത് കാര്യങ്ങള്‍ക്കും ഖുനൂത്ത് നിര്‍വഹിക്കാമോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുള്ള ഒരു വിഷയമാണ്. മൂന്ന് അഭിപ്രായങ്ങളാണ് ഈ വിഷയത്തില്‍ നിലനില്‍ക്കുന്നത്.
ഒന്നാമത്തെ അഭിപ്രായം: ഉമ്മത്തിനെ ആകമാനം ബാധിക്കുന്ന ഏത് പ്രതിസന്ധിഘട്ടങ്ങളിലും നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാം എന്നതാണ്. നബി (സ) ഇന്ന പ്രത്യേക സന്ദര്‍ഭത്തിലേ അത് നിര്‍വഹിക്കാവൂ എന്ന് പരിമിതപ്പെടുത്തിയിട്ടില്ലാത്തതിനാലും, അവിടുന്ന് കാണിച്ചുതന്ന ഒരു കര്‍മ്മമാകയാലും, نازلة എന്നത് ഏത് പ്രതിസന്ധിഘട്ടങ്ങള്‍ക്കും പറയുന്ന ഒന്നാകയാലും, ഉമ്മത്തിനെ പൊതുവായി ബാധിക്കുന്ന ഏത് പ്രയാസങ്ങളിലും നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാം എന്നതാണ് ഈ അഭിപ്രായത്തിന്‍റെ അടിസ്ഥാനം. സൗദി ഉന്നത ഫത്'വാ ബോര്‍ഡ് അഥവാ ലജ്'നതുദ്ദാഇമ രേഖപ്പെടുത്തിയിട്ടുള്ളത് ഈ അഭിപ്രായമാണ്:
المقصود بالنوازل التي يشرع فيها الدعاء في الصلوات: هو ما كان متعلقًا بعموم المسلمين، كاعتداء الكفار على المسلمين، والدعاء للأسرى وحال المجاعات، وانتشار الأوبئة وغيرها .
"മുസ്‌ലിം സമൂഹത്തെ പൊതുവിൽ ബാധിക്കുന്ന പ്രതിസന്ധികളാണ് നമസ്കാരത്തിൽ ഖുനൂത്ത് ചൊല്ലാൻ പടിപ്പിക്കപ്പെട്ടിട്ടുള്ള പ്രതിസന്ധിഘട്ടങ്ങൾ. ഉദാഹരണത്തിന് മുസ്ലിമീങ്ങൾ ശത്രുക്കളാൽ അക്രമിക്കപ്പെടുമ്പോൾ, (അന്യായമായി) അവര്‍ തടവിലിടപ്പെടുമ്പോൾ, പട്ടിണിയും വരൾച്ചയും ഉണ്ടായാൽ, പകർച്ചവ്യാധികൾ പിടിപെട്ടാൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നാസിലത്തിന്‍റെ ഖുനൂത്ത് ചൊല്ലാവുന്നതാണ്". - [ഫത്'വ: 20926]. ഇതിന്‍റെ പൂര്‍ണ രൂപം നേരത്തെ ഈയുള്ളവന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അത് ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക: [ നാസിലത്തിന്‍റെ ഖുനൂത്ത് - ലജ്നത്തുദ്ദാഇമ ].
ഇമാം നവവി (റ) തന്‍റെ ശറഹ് മുസ്‌ലിമില്‍ ഇപ്രകാരം പറയുന്നു:
"والصحيح المشهور أنه إذا نزلت نازلة كعدو وقحط ووباء وعطش وضرر ظاهر بالمسلمين ونحو ذلك، قنتوا في جميع الصلوات المكتوبات".
"ശരിയായതും പ്രസിദ്ധമായതുമായ അഭിപ്രായം ശത്രുക്കളുടെ ഉപദ്രവം, വരള്‍ച്ച, പകര്‍ച്ചവ്യാധി, പട്ടിണി എന്നിങ്ങനെ പ്രത്യക്ഷമായ രൂപത്തിലുള്ള വല്ല പ്രയാസവും വിശ്വാസികള്‍ക്കുണ്ടായാല്‍ എല്ലാ ഫര്‍ള് നമസ്കാരങ്ങളിലും അവര്‍ ഖുനൂത്ത് ചൊല്ലണം" - [ശര്‍ഹു മുസ്‌ലിം: വോ: 5 പേ: 176].
രണ്ടാമത്തെ അഭിപ്രായം: ശത്രുക്കളില്‍ നിന്നും അക്രമം നേരിടുകയോ ഭയപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന ഒന്നാണ് നാസിലത്തിന്‍റെ ഖുനൂത്ത് എന്നതാണ്. കാരണം ശാമില്‍ പ്ലേഗ് രോഗം പിടിപെട്ട സമയത്ത് സ്വഹാബത്ത് നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിച്ചതായി സ്ഥിരപ്പെടാത്തതിനാലും, ശത്രുക്കളില്‍ നിന്നും അക്രമം നേരിട്ട ഘട്ടത്തിലല്ലാതെ മറ്റ് ഘട്ടങ്ങളിലൊന്നും തന്നെ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിച്ചതായി നബി (സ) യില്‍ നിന്നോ, സ്വാഹാബാക്കളില്‍ നിന്നോ സ്ഥിരപ്പെടാത്തതിനാലും, രോഗങ്ങളില്‍ നിന്നോ മറ്റു പ്രതിസന്ധികളില്‍ നിന്നോ രക്ഷ ചോദിച്ച് നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാവതല്ല എന്നതാണ് ഈ അഭിപ്രായത്തിന്‍റെ അടിസ്ഥാനം. ഇത് വളരെ പ്രബലമായ ഒരഭിപ്രായം തന്നെയാണ്. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ഈ അഭിപ്രായക്കാരനാണ്. (അദ്ദേഹത്തിന്‍റെ അഭിപ്രായം കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക: https://www.youtube.com/watch?v=e7il3Bb39CM).
മൂന്നാമത്തെ അഭിപ്രായം: പ്ലേഗ് ഉണ്ടായ അവസരത്തില്‍ സ്വഹാബത്ത് നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിച്ചതായി സ്ഥിരപ്പെടാത്തതിനാലും, പ്ലേഗ് ബാധിച്ചുള്ള മരണം രക്തസാക്ഷിത്വമാണ് എന്ന് ഹദീസുകളില്‍ സ്ഥിരപ്പെട്ടതിനാലും, പ്ലേഗ് ഒഴികെ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന മറ്റു പകര്‍ച്ചവ്യാധികള്‍ക്ക് നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാം എന്ന അഭിപ്രായമാണത്. ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹ) ഈ അഭിപ്രായക്കാരനാണ് (അദ്ദേഹത്തിന്‍റെ അഭിപ്രായം കേള്‍ക്കുക: https://www.youtube.com/watch?v=EfxBiIDwD4Q ).
ഏതായാലും നാം സൂചിപ്പിച്ച പോലെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട ഒരു സുന്നത്താണ് അത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അത് നിര്‍വഹിക്കേണ്ട സന്ദര്‍ഭത്തെ ഒരു വിഭാഗം ഫുഖഹാക്കള്‍ പൊതുവായ അര്‍ത്ഥത്തിലും, മറ്റു ചിലര്‍ പരിമിതമായ അര്‍ത്ഥത്തിലും കണ്ടു. ഇതാണ് ചര്‍ച്ചയുടെ മര്‍മ്മം.
ഇവിടെ നാം മനസ്സിലാക്കേണ്ടത് ഒരു രാജ്യത്തെ വലിയ്യുല്‍ അംറ് (ഭരണാധികാരി) ഏതൊരു പ്രതിസന്ധിഘട്ടത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാന്‍ ആവശ്യപ്പെടുന്നുവോ അത്തരം ഒരു സാഹചര്യത്തില്‍ അത് നിര്‍വഹിക്കണം എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. കാരണം حكم الحاكم يرفع الخلاف അഥവാ പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന ഒരു വിഷയത്തില്‍ ഭരണാധികാരി ഒരു തീരുമാനം പറഞ്ഞാല്‍ പിന്നെ അവിടെ അഭിപ്രായഭിന്നതക്ക് സ്ഥാനമില്ല എന്നത് ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്. മാത്രമല്ല വിശ്വാസികളുടെ പൊതു പ്രശ്നം പരിഗണിച്ച് നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കണോ വേണ്ടയോ എന്ന് ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഭരണാധികാരിക്ക് അവകാശമുണ്ട് എന്നതും പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. അതുപോലെ വലിയ്യുല്‍ അംറ് ഒരവസരത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് ഒതേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ അത്തരം സാഹചര്യങ്ങളില്‍ നാസിലത്തിന്‍റെ ഖുനൂത്ത് ഓതാവതും അല്ല. ഇനി പ്രത്യേകിച്ച് നിര്‍ദേശം ഒന്നും വലിയ്യുല്‍ അംറിന്‍റെ ഭാഗത്ത് നിന്നും ഇല്ലെങ്കില്‍ നാസിലത്തിന്‍റെ ഖുനൂത്തിനെ ശത്രുക്കളില്‍ നിന്നും വിശ്വാസികള്‍ നേരിടുന്ന അക്രമങ്ങളുടെയും, അനീതിയുടെയും സാഹചര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുക എന്നതാണ് ഉചിതമായ അഭിപ്രായമായി ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
കുവൈറ്റിലെ പള്ളികളില്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാനുള്ള പൊതു നിര്‍ദേശം മതകാര്യ മന്ത്രാലയം പള്ളി ഇമാമുമാര്‍ക്കെല്ലാം നല്‍കിയിരുന്നു എന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.
ഇനി നാട്ടിലെ സാഹചര്യത്തില്‍ അങ്ങനെ ഒരു വലിയ്യുല്‍ അംറ് ഇല്ലാത്തതുകൊണ്ട് എന്ത് ചെയ്യണം ?. മുസ്‌ലിംകളുടെ പൊതുവിഷയത്തില്‍ അവര്‍ അവലംബിക്കുന്ന പണ്ഡിത സഭകളോ, നേതൃത്വമോ ഉണ്ടെങ്കില്‍ അവര്‍ ഈ വിഷയത്തില്‍ എടുക്കുന്ന തീരുമാനം നാം സ്വീകരിക്കേണ്ടതാണ്. പള്ളികള്‍ക്ക് ഒരു പൊതു അറിയിപ്പ് നല്‍കാനും നിലപാടുകള്‍ കൈക്കൊള്ളാനും നാം അവലംബിക്കുന്ന ഉത്തരവാദപ്പെട്ടവര്‍ നമ്മുടെ നാട്ടിലും ഉണ്ടല്ലോ. കൂടിയാലോചനക്കും അറിയിപ്പുകള്‍ നല്‍കാനുമൊക്കെ ഒരു നേതൃത്വവും ഉത്തരവാദപ്പെട്ടവരും ഉണ്ടാകേണ്ടതിന്‍റെ പ്രാധാന്യം ഇവിടെ നമുക്ക് ബോധ്യപ്പെടുക കൂടി ചെയ്യുന്നു. അങ്ങനെ ഒരു പൊതു നിലപാട് എടുക്കപ്പെട്ടാല്‍ അവിടെ നാം അത് പാലിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. അതാണ് അകാരണമായ ഭിന്നിപ്പും ഫിത്നയും ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്.
ഇനി അങ്ങനെ ഒരു തീരുമാനമോ അറിയിപ്പോ ഒന്നും ഇല്ലാത്ത പക്ഷം ഒരു പള്ളിയിലെ ഇമാം നാസിലത്തിന്‍റെ ഖുനൂത്ത് പകർച്ചവ്യാധി , പ്രളയം പോലുള്ള സന്ദര്‍ഭങ്ങളിൽ നിര്‍വഹിക്കുകയോ നിര്‍വഹിക്കാതിരിക്കുകയോ ചെയ്തു എന്നിരിക്കട്ടെ. ഒരു വിശ്വാസി അതിനോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് ?.
അത്തരം ഒരു സാഹചര്യത്തില്‍ ഒരിക്കലും ഫിത്ന ഉണ്ടാക്കാന്‍ പാടില്ല. ഇത് ഫുഖഹാക്കള്‍ക്കിടയില്‍ പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ അഭിപ്രായഭിന്നത നില നില്‍ക്കുന്ന ഒരു വിഷയമാണ് അഥവാ (خلاف معتبر) ആയ ഒരു വിഷയമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അത്തരം വിഷയങ്ങളില്‍ നമുക്ക് പരസ്പരം ചര്‍ച്ചയും, വിശകലനവും ഒക്കെ ആവാം. എന്നാല്‍ ഇത്തരം ഒരു വിഷയത്തില്‍ ഏത് അഭിപ്രായം ഒരാള്‍ സ്വീകരിക്കുമ്പോഴും മറ്റൊരാള്‍ക്ക് മറ്റൊരഭിപ്രായം കൂടുതല്‍ പ്രബലമായി തോന്നാനും സാധ്യതയുണ്ട്. അവിടെ നാം أدب الخلاف അഭിപ്രായഭിന്നതയില്‍ കാണിക്കേണ്ട മര്യാദകള്‍ പാലിക്കണം. നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട ഹദീസിനെ പൊതുവായ നിലക്കും പരിമിതമായ നിലക്കും പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട് എന്നതും പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങളില്‍ എത്തിയിട്ടുണ്ട് എന്നതും നാം കണ്ടുവല്ലോ. പ്രമാണം ഇല്ലായ്മയല്ല മറിച്ച് പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ആണ് അഭിപ്രായ വ്യത്യാസം വന്നത്. അതുകൊണ്ട് പൊതുവായ ഒരു നിലപാട് നേതൃത്വത്തില്‍ നിന്നോ പണ്ഡിത സഭകളില്‍ നിന്നോ ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു പള്ളിയിലെ ഇമാം മേല്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചാല്‍ അവിടെ മറ്റുള്ളവര്‍ അതിനോട് പ്രത്യക്ഷത്തില്‍ വിയോജിപ്പ് കാണിച്ച് ഫിത്ന ഉണ്ടാക്കാന്‍ പാടില്ല. എന്നാല്‍ താന്‍ മനസ്സിലാക്കിയ അഭിപ്രായം ഗുണകാംക്ഷയോട് കൂടി ഇമാമുമായി ചര്‍ച്ച ചെയ്യാം. خلاف معتبر ആയ പ്രമാണബദ്ധമായ ചര്‍ച്ചകളില്‍ ഈ അദബ് നാം എല്ലായിപ്പോഴും പാലിക്കണം. അല്ലാത്തപക്ഷം കൂടുതല്‍ വലിയ ഫിത്നകള്‍ക്കും നിഷിദ്ധങ്ങള്‍ക്കും അത് കാരണമാകും.
ഇനി ഞാന്‍ സൂചിപ്പിച്ച പോലെ നാസിലത്തിന്‍റെ ഖുനൂത്തുമായി ബന്ധപ്പെട്ട് പ്രബലമായ അഭിപ്രായമായി എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് വലിയ്യുല്‍ അംറില്‍ നിന്നോ, ഉത്തരവാദപ്പെട്ടവരില്‍ നിന്നോ പ്രത്യേക അറിയിപ്പ് ഇല്ലാത്ത സാഹചര്യങ്ങളില്‍, ശത്രുപക്ഷത്ത് നിന്നും അനീതിയോ അക്രമമോ ഉണ്ടാകുന്ന വേളയില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു കര്‍മമായി മാത്രം നാസിലത്തിന്‍റെ ഖുനൂത്തിനെ പരിമിതപ്പെടുത്തുന്നതാണ് ഉചിതം. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. കുവൈറ്റില്‍ കൊറോണ ഭീതി വന്ന പ്രാരംഭത്തില്‍ ഞങ്ങള്‍ ഫര്‍ള് നമസ്കാരങ്ങളില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പള്ളികളില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാന്‍ മതകാര്യവകുപ്പ് നിര്‍ദേശം നല്‍കിയപ്പോള്‍ ഞങ്ങള്‍ അത് നിര്‍വഹിക്കുകയും ചെയ്തു.
അല്ലാഹു അനുഗ്രഹിക്കട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
_________________________________________
അനുബന്ധ ലേഖനം:
നാസിലത്തിന്‍റെ ഖുനൂത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതെങ്ങനെ ?. https://www.fiqhussunna.com/2020/03/blog-post_18.html
അനുബന്ധ ലേഖനം:
നാസിലത്തിന്‍റെ ഖുനൂത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതെങ്ങനെ ?. https://www.fiqhussunna.com/2020/03/blog-post_18.html