Saturday, August 8, 2020

കരിപ്പൂർ അപകടം നൽകുന്ന ചിന്ത



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

#കരിപ്പൂർ

മരണം സുനിശ്ചിതമാണ്... മരണപ്പെട്ടവർ ഈ ലോകത്തിന്റെ പ്രയാസങ്ങളിൽ നിന്നും തങ്ങളുടെ കർമ്മഫലങ്ങൾക്കായി വിട പറഞ്ഞു... അല്ലാഹു പരലോക ജീവിതം പ്രകാശ പൂരിതമാക്കിക്കൊടുക്കട്ടെ..

പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ. കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവുമേകട്ടെ. അന്യനാട്ടിൽ നിന്ന് തിരിച്ചെത്തുന്നവരെ കാത്തുനിന്നവരുടെ മനസ്സിൽ ഈ വാർത്ത ഉണ്ടാക്കിയ ആഘാതം എന്തെന്ന് ആലോചിക്കാവുന്നതേ ഉള്ളൂ.

പക്ഷെ ജീവിതം അങ്ങനെയാണ്. നിനച്ചിരിക്കാത്ത സമയത്ത് വരുന്ന പരീക്ഷണങ്ങളിൽ ഏകനായ സൃഷ്ടാവിൽ സർവ്വതും ഭരമേൽപ്പിച്ച് മുന്നോട്ട് പോകാൻ സാധിക്കണം. "നിങ്ങൾ ഓടിയൊളിക്കാൻ ശ്രമിക്കുന്ന മരണം ഒരുനാൾ നിങ്ങളെ കണ്ടുമുട്ടും" എന്ന വിശുദ്ധ ഖുർആനിലെ വചനം ഒരോർമ്മപ്പെടുത്തലാണ് , അതെ നാം സഞ്ചരിക്കുന്ന വഴിയിൽ നമുക്ക് നേരെയാണ് മരണം വരുന്നത്.. പിന്നിലൂടെയല്ല മുന്നിലൂടെത്തന്നെ.. ഒളിക്കാൻ സാധിക്കില്ല. പക്ഷെ ജീവിതത്തെ #നന്മയിൽ വാർത്തെടുത്ത് തയ്യാറായി നിൽക്കുക തന്നെ.. അങ്ങനെയുള്ളവർക്ക് ഈ ലോകത്തിന്റെ പ്രയാസങ്ങളിൽ നിന്നുള്ള ഒരാശ്വാസമാകും ഒരുനാൾ തേടിയെത്തുന്ന #മരണം... അല്ലാഹു നമ്മുടെയെല്ലാം പര്യവസാനം നന്നാക്കിത്തരട്ടെ.
..

ചില അപകടങ്ങൾ അങ്ങനെയാണ് അപകടത്തിൽ പെടുന്നവർക്ക് മാത്രമല്ല മറ്റുള്ളവർക്കു കൂടി അതൊരു പരീക്ഷണമാണ്. വിശ്വാസം, നന്മ, മനുഷ്യത്വം എല്ലാം പരീക്ഷിക്കപ്പെടുന്ന ഒരു ഘട്ടം. കോവിഡ് ഭീതിയും മറ്റ് അപകട ഭീതികളും മറന്ന് #നന്മയുള്ള യുവാക്കളും ഉദ്യോഗസ്ഥരും ചേർന്ന് നിന്നു. അപകടത്തിന്റെ വ്യാപ്തി കുറയാൻ അത് കാരണമായി.

ചെറുപ്പകാലം മുതലേ എന്ത് അപകടങ്ങൾ നടന്നാലും അവനവന്റെ കാര്യങ്ങളെല്ലാം മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന നാട്ടുകാർ #കരിപ്പൂരും പതിവ് തെറ്റിച്ചില്ല.

#മലപ്പുറം ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു നാട്. പക്ഷെ ആ തെറ്റിദ്ധാരണകളെ എന്നും സ്നേഹം 💚 കൊണ്ട് അവർ അതിജയിച്ചു.

ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് നിന്നു രക്ഷാപ്രവർത്തനത്തിൽ ലോകത്തെ അവർ അത്ഭുതപ്പെടുത്തി. ഉദ്യോഗസ്ഥർ പരിക്കേറ്റവരെ കൊണ്ടു പോകാൻ വാഹനങ്ങൾ വേണം എന്നറിയിക്കേണ്ട താമസം പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം വാഹനങ്ങളുമായി യുവാക്കളെത്തി.

ഒരു വലിയ അപകടത്തിന്റെ ആഘാതം തീർത്ത മനസിന്റെ മരവിപ്പ് തണുപ്പിച്ചത് ഈ ഇടപെടലുകളാണ്. എല്ലാം നഷ്ടപ്പെട്ടു മടങ്ങേണ്ടി വരുന്ന അനേകം പ്രവാസികൾ ഉണ്ടായിരുന്നിരിക്കണം ആ വിമാനത്തിൽ. കോവിഡ് ഭീതിയാൽ സ്വന്തം കുടുംബങ്ങൾ പോലും പലരെയും അകറ്റി നിർത്തിയ വാർത്തകൾ പോലും കേട്ട നമ്മുടെ കൊച്ചു കേരളത്തിൽ, ചേതനയറ്റ മൃതശരീരങ്ങൾ മറവ് ചെയ്യുന്നതിനെതിരെ സമരം നടത്തിയ കേരളത്തിൽ ഈ അപകട സമയത്ത് ആരെന്നറിയാത്തവർക്ക് വേണ്ടി രോഗഭീതിയും മറ്റു അപകട സാധ്യതകളും മറന്ന് പ്രയത്നിക്കുന്നവരെ അഭിനന്ദിക്കാതെ നിർവാഹമില്ല.

സ്നേഹവും പരസ്പരമുള്ള സഹായവും സാഹോദര്യവുമാണ് പ്രതിസന്ധികളുടെ ആഘാതം കുറക്കുന്നത്. ഇതിനിത്രമാത്രം അഭിനന്ദിക്കാനുണ്ടോ എന്ന് ചോദിക്കുന്നവരോട്.. ദിവസവും കൊലപാതകങ്ങളും, തട്ടിപ്പും, വെട്ടിപ്പും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഇത് ഒരു വലിയ സംഭവം തന്നെയാണ്..

അവസരോചിതമായി ഉണ്ടായ ഒരിടപെടൽ..

#നാട്ടുകാർ ഒരുപക്ഷെ ഇനി ക്വറന്റീനിൽ പോകേണ്ടി വരും, നിയന്ത്രണങ്ങൾ ഉണ്ടാകും, ഉദ്യോഗസ്ഥരുമായി അതിൽ തീർച്ചയായും അവർ സഹകരിക്കും... ഈ നിയന്ത്രണങ്ങൾക്ക് ഒരു സന്തോഷമുണ്ട്. കൂടെപ്പിറപ്പുകളെ രക്ഷിക്കാനായി കുറച്ചെങ്കിലും ത്യാഗം ചെയ്യാൻ സാധിച്ചുവല്ലോ എന്ന നിർവൃതിയോടെയുള്ള ക്വാറന്റീൻ...

റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ...

#നന്മയുള്ള_യുവാക്കൾ
#കരിപ്പൂർ

#മലപ്പുറം #കൊണ്ടോട്ടി #പുളിക്കൽ