Tuesday, August 11, 2020

ചില അവകാശികൾക്ക് കൊടുക്കാതെ മയ്യിത്തിന്റെ മക്കൾക്ക് മാത്രമായി അനന്തര സ്വത്ത് കൊടുക്കാമോ ?



ചോദ്യം: വല്ലിയ ഉപ്പ ജീവിച്ചിരിക്കെ ഉപ്പ മരിച്ചു. വലിയ ഉപ്പ ആ മകന്റെ 3 മക്കളുടെ (2 ആണ് & 1 പെണ്ണ്) പേരിൽ സ്ഥലം എഴുതി കൊടുത്തു.

അപ്പോൾ അവരുടെ ഉമ്മക്ക് (മരിച്ച ആളുടെ ഭാര്യ) ക്കും ആ മക്കളുടെ സ്വത്തിൽ അവകാശം കൊടുക്കണ്ടേ?

ഉമ്മാക്ക് 1/8 ഭാഗവും,
ബാക്കി വരുന്ന സ്വത്തിൽ നിന്ന് 5 ഓഹരി ആക്കി
അതിലെ 2 ഓഹരി വിഹിതം ആണ് മക്കൾക്കും 1 വിഹിതം പെൺ മകൾക്കും

ഇങ്ങനെയല്ലേ കൊടുക്കേണ്ടത് ?.


www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അനന്തരാവകാശം ഓഹരി വെക്കുമ്പോൾ എപ്പഴും നാം ശ്രദ്ധിക്കേണ്ടത് നമ്മളുമായുള്ള ബന്ധം വെച്ച് ഉപ്പ, വലിയുപ്പ എന്നിങ്ങനെ പറയുന്നതിനേക്കാൾ മയ്യിത്തുമായുള്ള ബന്ധമാണ് പറയേണ്ടത്. അല്ലെങ്കിൽ കണക്ക് തെറ്റും. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

ഇവിടെ താങ്കളുടെ വലിയുപ്പ ചെയ്തത് ശരിയല്ല. അങ്ങനെ അനന്തര സ്വത്ത് അവകാശികളിൽ ചിലർക്കായി എഴുതിക്കൊടുക്കാൻ ആർക്കും അധികാരമില്ല. മറിച്ച് റബ്ബ് നിഷ്കർഷിച്ച തോതനുസരിച്ചാണ് വിഹിതം വെക്കേണ്ടത്.

താങ്കൾ പറഞ്ഞത് പ്രകാരം ഓഹരിവെക്കപ്പെടണ്ടത് ഇപ്രകാരമാണ്:

മയ്യിത്തിന്റെ ബാപ്പക്ക് 1/6.. ഉമ്മയുണ്ടെങ്കിൽ ഉമ്മക്കും 1/6.. ഏതൊരു അവകാശിയും സ്വയം തന്റെ അവകാശം മറ്റുള്ളവർക്ക് നൽകുകയാണ് എങ്കിൽ അതയാളുടെ ഇഷ്ടമാണ്.

മരണപ്പെട്ട ആളുടെ ഭാര്യക്ക് അദ്ദേഹത്തിന് മക്കളുള്ളതിനാൽ താങ്കൾ പറഞ്ഞ പോലെ 1/8.

ബാക്കിവരുന്ന സ്വത്ത് മയ്യിത്തിന്റെ മക്കൾ (2 ആണും ഒരു പെണ്ണും) ആണിന് പെണ്ണിന്റെ ഇരട്ടി എന്ന രൂപത്തിൽ താങ്കൾ സൂചിപ്പിച്ച പോലെ 5 ഓഹരിയാക്കിയാൽ, ആൺകുട്ടികൾക്ക് ഒരാൾക്ക് 2 ഓഹരി വീതവും പെൺകുട്ടിക്ക് ഒരോഹരി വീതവും..

എന്നാൽ അനന്തരാവകാശികളിൽ ചിലർക്ക് അവകാശങ്ങൾ നൽകാതെ ഓഹരിവെച്ചാൽ അത് ഗുരുതരമായ പാപമാണ്. ഓഹരി വെച്ച ആളും, തങ്ങൾക്ക് അനർഹമായി ലഭിച്ച പങ്ക് സ്വീകരിച്ചവരും ഒരുപോലെ കുറ്റക്കാരാകും. ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസിൽ "ആരെങ്കിലും ഒരു അറാക്കിന്റെ കൊള്ളിയെങ്കിലും അനർഹമായി കൈവശപ്പെടുത്തിയാൽ അല്ലാഹു അവന്റെ മേൽ നരകം നിർബന്ധമാക്കുകയും, സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു" എന്ന് വന്നിട്ടുണ്ട്.

അതുകൊണ്ട് അനർഹമായ സ്വത്ത് അത് നരകാഗ്‌നിക്ക് കാരണമായിത്തീരും. എന്നാൽ ഏതെങ്കിലും ഒരവകാശി സ്വയം തനിക്ക് വേണ്ട എന്നുവെച്ചതാണെങ്കിൽ മറ്റുള്ളവർക്ക് അത് എടുക്കുന്നതിൽ കുഴപ്പമില്ല.. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ..


അല്ലാഹു അനുഗ്രഹിക്കട്ടെ...