Sunday, June 28, 2020

മൾട്ടി ലെവൽ മാർക്കറ്റിങ് - ചെയ്ൻ മാർക്കറ്റിങ് .. ഇസ്‌ലാമിക വിധിയെന്ത് ?.

മൾട്ടി ലെവൽ മാർക്കറ്റിങ് - ചെയ്ൻ മാർക്കറ്റിങ്. ഇസ്‌ലാമിക വിധിയെന്ത് ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ സംബന്ധിച്ച് ഈയിടെയായി ഒരുപാട് പേര്‍ ചോദിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഈ വിഷയം പണ്ഡിതന്മാര്‍ വളരെ വിശാലമായിത്തന്നെ അതിന്‍റെ എല്ലാ സാധ്യതകളും മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആധികാരികമായ പണ്ഡിതസഭകളും പ്രഗല്‍ഭരായ പണ്ഡിതന്മാരും അത് നിഷിദ്ധമാണ് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. 

വളരെ സംക്ഷിപ്തമായിപ്പറഞ്ഞാല്‍: മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ ഒരു ആക്റ്റീവ്  അംഗമാകാൻ ആദ്യം സ്വയം പ്രോഡക്റ്റ് വാങ്ങുകയോ , അതെല്ലെങ്കില്‍ നിശ്ചിത സംഖ്യ അടച്ച് അണി ചേരണമെന്നോ നിബന്ധനയുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സംരംഭങ്ങൾ മതപരമായി നിഷിദ്ധമാണ് എന്ന് ധാരാളം ഫുഖഹാക്കളും പണ്ഡിത സഭകളും വ്യക്തമാക്കിയിട്ടുണ്ട്. 

ഉദാ: നിങ്ങള്‍ അതിന്‍റെ നെറ്റ് വര്‍ക്കില്‍ ഒരംഗമാകണം അഥവാ ഒരു ആക്റ്റീവ് മെമ്പർ ആകണമെങ്കില്‍ ആദ്യം നിങ്ങള്‍ അതിന്‍റെ ഒരു പ്രോഡക്റ്റ് വാങ്ങണം, ചില കമ്പനികളില്‍ നിശ്ചിത സംഖ്യ അടച്ച് അംഗത്വം എടുക്കണം (മണി ചെയ്ന്‍). അതുപോലെ ആക്റ്റീവ് ഇൻകത്തിന് പുറമെ പാസീവ് ഇൻകം ലഭിക്കാൻ മറ്റുള്ളവരെക്കൊണ്ട് അപ്രകാരം നിങ്ങൾ അണിചേർക്കുകയും വേണം. അങ്ങനെ അണിചേർത്താൽ താഴെ കണ്ണികൾ ചെയ്യുന്ന എല്ലാ ബിസിനസിന്റെയും ഒരു ലാഭവിഹിതം, അയാൾക്ക് മുൻപേ ചേർന്ന കാരണത്താൽ മുകളിലെ കണ്ണിക്ക് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രീതികളെല്ലാം തന്നെ നിഷിദ്ധമാണ്. 

ആളുകളിലേക്ക് ചിലവുകുറച്ച് ഉത്പാദകർ  നേരിട്ട് പ്രൊഡക്ടുകൾ എത്തിക്കുകയും കുറഞ്ഞ വിലക്ക് ആളുകൾക്ക് പ്രോഡക്ട് ലഭ്യമാക്കുകയും ചെയ്യുന്ന ഡയറക്ട് സെല്ലിങ് എന്നത് നല്ല കാര്യം തന്നെ. പക്ഷെ  ചേർന്നവർ ചേർന്നവർ തൻ്റെ താഴെ മറ്റുള്ളവരെ അണി ചേർത്ത് , അങ്ങനെ താഴെ അണികൾ വരുന്നതിനനുസരിച്ച് മുകളിലുള്ളവർക്ക് പാസീവ് ഇൻകം നൽകി , ആ ഇൻകം കാണിച്ച് കൂടുതൽ പേരെ അതിലേക്ക് റിക്രൂട്ട് ചെയ്ത് മുന്നോട്ട് പോകുന്ന MLM കമ്പനികൾ  ഡയറക്ട് സെല്ലിങ്ങിൻ്റെ മറ പിടിച്ച് മണി ചെയ്ൻ ഒളിച്ചുകടത്താൻ ശ്രമിക്കുകയോ, കണ്ണി ചേർത്ത് തങ്ങളുടെ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ആളുകളെ നിർബന്ധിതരാക്കുകയോ ആണ് ചെയ്യുന്നത്. അണിചേരാൻ തങ്ങളുടെ മാത്രം പ്രത്യേക പ്രോഡക്റ്റുകൾ നിശ്ചിത വിലക്ക് വാങ്ങിച്ചിരിക്കണം എന്ന് ഉപാധി വെച്ച് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചോ, മറ്റു ചിലപ്പോൾ അങ്ങനെ വാങ്ങേണ്ട ഉത്പന്നങ്ങൾക്ക് വലിയ വില ഈടാക്കിയോ ഒക്കെ ആളുകളുടെ പണം അപഹരിക്കുന്ന രീതിയാണിത്. 

ഡയറക്ട് സെല്ലിങ്, അല്ലെങ്കിൽ ഇ കൊമേഴ്‌സ് എന്നൊക്കെ പറഞ്ഞാൽ MLM ആണ് എന്ന് പലപ്പോഴും ഇവർ തെറ്റിദ്ധരിപ്പിക്കാറുമുണ്ട്. സത്യത്തിൽ നേർക്കുനേരെ ഉത്പന്നങ്ങളെ വിപണനം ചെയ്യാനോ, ഡയറക്ട് സെല്ലിങ്ങിലൂടെ ഉത്പന്നം ആളുകളിലേക്ക് എത്തിക്കാനോ MLM രീതിയുടെ യാതൊരു ആവശ്യകതയുമില്ല എന്നതാണ് വസ്തുത. കമ്പനിക്ക് തന്നെ നേരിട്ട് ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം ഔട്‍ലെറ്റുകൾ വഴി വിൽക്കുകയോ, ഓരോ പ്രദേശങ്ങളിലും നേരിട്ടുള്ള ഡിസ്‌ട്രിബുട്ടർമാരെ കണ്ടെത്തി  അവർ മുഖേന നേരിട്ട് ആളുകളിലേക്ക് വിപണനം ചെയ്യുകയോ ചെയ്യാം. അതിന് ചേർന്നവർ ചേർന്നവർ തങ്ങൾക്ക് താഴെ മറ്റുള്ളവരെ അണി ചേർക്കണം എന്നില്ല. അതൊരർത്ഥത്തിൽ പാസീവ് ഇൻകവും ആക്റ്റീവ് ഇൻകവും ഒക്കെ പറഞ്ഞു ആളുകളെ ആ ഉത്പന്നത്തിൽ തളച്ചിടാനുള്ള ഒരു കുടില തന്ത്രമാണ്. കൂടാതെ പല കമ്പനികളും കണ്ണി ചേർന്ന ഒരാൾ ആക്ടീവായി നിലനിൽക്കണമെങ്കിൽ ഓരോ മാസവും ഇത്ര ഉത്പന്നം വാങ്ങണം, അല്ലെങ്കിൽ ആളെ ചേർക്കണം എന്നൊക്കെയുള്ള ഉപാധികളും വെക്കുന്നു. ചേർന്നവർ ചേർന്നവർ പിന്നെ സ്വയം ഈ കമ്പനികളുടെ അടിമകളായി മാറുന്നു. കൂടുതൽ ആഴത്തിൽ പഠിച്ചാൽ ഇതൊരു വലിയ സാമൂഹിക സാമ്പത്തിക വിപത്ത് കൂടിയാണ്. 

www.fiqhussunna.com

പണ്ഡിതോചിതമായി ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഓണ്‍ലൈനില്‍ ലഭ്യമായ ഏറ്റവും സുപ്രധാനമായ ഒരു ചര്‍ച്ച റിയാദിലെ ഇമാം യൂണിവേഴ്സിറ്റിയിലെ 'തമയ്യുസ് റിസര്‍ച്ച് സെന്‍റര്‍' നടത്തിയ ചര്‍ച്ചയാണ്.  അതില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചവരെല്ലാം തെളിവുകള്‍ നിരത്തിക്കൊണ്ട്‌ ചേർന്നവർ ചേർന്നവർ താഴോട്ട് താഴോട്ട് കണ്ണികളെ ചേർക്കുന്ന MLM ബിസിനസ്സ് പാടില്ല എന്നാണ് പ്രസ്താവിച്ചത് എന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചയുടെ ലിങ്ക് : https://www.youtube.com/watch?v=iJ3dKtkr4Zk


 

സാധാരണ മണി ചെയ്ന്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെത്തന്നെയാണ് പ്രോഡക്റ്റ് ഉള്ള ചേർന്നവർ ചേർന്നവർ താഴോട്ട് ആളുകളെ ചേർത്ത് അതുവഴി പാസീവ് ഇൻകം നൽകുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.   കാരണം ഈ ശൃംഖലയുടെ നിലനില്‍പ്പിനോ ഈ രീതി പ്രവര്‍ത്തനക്ഷമമാകാനോ പ്രോഡക്റ്റ് എന്നത് ഒരു ആവശ്യമേ അല്ല. കമ്പനിയുടെ പ്രവർത്തനം നിയമപരമായി അനുവദിക്കപ്പെടാനുള്ള ഒരുപാധിയാണ് പ്രോഡക്റ്റ്. ഓരോ കമ്പനികളും ശൃംഖലക്ക് വേണ്ടി ഓരോരോ ഉല്‌പന്നങ്ങളുമായി വരുന്നു എന്ന് മാത്രം. ചിലത് ഉപകരിക്കുന്നതോ, ചിലത് ഉപകരിക്കാത്തതോ ഒക്കെ ആകാം. 

ഉദാ: ഒരാള്‍ 10000 രൂപ മുടക്കി കുറച്ച് കോസ്മെറ്റിക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ പൌഡര്‍ വാങ്ങി ശൃംഖലയില്‍ അംഗമാകുന്നു. മറ്റു രണ്ടുപേരെക്കൂടി അയാള്‍ ചേര്‍ത്താല്‍ (അഥവാ അവരെക്കൊണ്ടു 10000 രൂപക്ക് മേല്‍ വസ്തു വാങ്ങിപ്പിച്ചാല്‍) അയാളുടെ ശൃംഖല വളരാന്‍ ആരംഭിക്കും. രണ്ട് നാലാകണം, നാല് എട്ടാകണം, എട്ട് പതിനാറാകണം. ബൈനറിയിൽ തൻ്റെ വലതും ഇടതും ഒരുപോലെ വളർച്ചയുണ്ടായാൽ മാത്രമേ കമ്മീഷൻ ലഭിക്കൂ. അതുകൊണ്ട് തന്നെ കമ്മീഷൻ ലഭിക്കാൻ ചേര്‍ന്നവര്‍ ചേര്‍ന്നവര്‍ മറ്റുള്ളവരെ ചേര്‍ത്തണം. വളര്‍ച്ച നിന്നാല്‍ തനിക്ക് മുകളിലോട്ട് കയറാൻ സാധിക്കില്ല.  പിന്നെ ചേരുന്നവര്‍ ചേരുന്നവർ എല്ലാം തന്നെ  ഇതുപോലെ കമ്മീഷന്‍ മുന്നില്‍ക്കണ്ട് ആളുകളെക്കൊണ്ട് പ്രോഡക്റ്റ് വാങ്ങിപ്പിക്കും. മാത്രമല്ല അത് മുകളിലുള്ളവരുടെ കൂടി ആവശ്യമാണ്. ഇവിടെ നിങ്ങള്‍ പ്രോഡക്റ്റ് ഇല്ലാതെ ഒരാള്‍ 10000 മാത്രം നല്‍കി അതില്‍ അംഗമാകുന്നു എന്ന് കരുതുക. ഒരു കുഴപ്പവും കൂടാതെ ഈ ശൃംഖല നിലനില്‍ക്കും. മുകളിലുള്ളവര്‍ക്ക് താഴെയുള്ളവര്‍ ചേരുന്നതിന് അനുസരിച്ച് പണം നല്‍കാനും സാധിക്കും. അഥവാ പ്രോഡക്റ്റ് എന്നത് ഇവിടെ അത് നിയമ വിധേയമാക്കാനുള്ള ഉപാധി മാത്രമാണ്. അതുകൊണ്ടാണല്ലോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആവശ്യമില്ലാത്തതോ തങ്ങള്‍ ചിന്തിച്ചിട്ടില്ലാത്തതോ ആയ പ്രോഡക്റ്റുകള്‍ കമ്മീഷന്‍ എന്ന പ്രലോഭനം മുന്നില്‍ക്കണ്ട് ഭീമമായ സംഖ്യ നല്‍കി ആളുകള്‍ വാങ്ങിക്കൂട്ടുന്നത്. ഈയിടെ ഇങ്ങനെയുള്ള കമ്പനിയുടെ പ്രോട്ടീന്‍ പൌഡര്‍ വാങ്ങിയ ഒരു സഹോദരന്‍ പറഞ്ഞത് ഞാന്‍ അത് പശുവിന്‍റെ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാറാണ് എന്നതാണ്. അഥവാ ഞാന്‍ പറഞ്ഞുവന്നത് ശറഇയ്യായ കച്ചവടത്തില്‍ പ്രോഡക്റ്റ് - വില എന്നീ രണ്ട് കാര്യങ്ങള്‍ സുപ്രധാനമാണ്‌. അവയില്ലാതെ അത് നിലനില്‍ക്കുകയില്ല. എന്നാല്‍ MLM ല്‍ സത്യസന്ധമായിപ്പറഞ്ഞാല്‍ പ്രോഡക്റ്റ് വിലകൂടിയതാകട്ടെ, വിലയില്ലാത്തതാകട്ടെ അത് ഒരു വിഷയമേ അല്ല. കാരണം കമ്മീഷന്‍ എന്നതാണ് ശൃംഖലയില്‍ അംഗമാകാനുള്ള പ്രധാന കാരണം.

ഇനി നൽകുന്നത് ആളുകൾക്ക് ഉപകരിക്കുന്ന നിത്യോപയോക വസ്തുക്കൾ തന്നെയാണ് എന്ന് കരുതുക. സ്വാഭാവികമായും മുകളിലുള്ള കണ്ണികൾക്ക് മുഴുവൻ കമ്മീഷൻ നൽകണം എങ്കിൽ സ്വാഭാവിക വിലയിൽ നിന്നും കൂടുതൽ ആ ഉത്പന്നത്തിന് ഈടാക്കേണ്ടി വരും. അതുകൊണ്ടാണ് ഇത്തരം കമ്പനികൾ ഈ ആവശ്യത്തിനായി മാർക്കറ്റിൽ തങ്ങളുടെ മാത്രം പ്രത്യേകമായ പ്രൊഡക്ടുകൾ ഇറക്കുന്നു. അവക്ക് വലിയ മാർജിൻ ഈടാക്കുന്നു. ഇതുവഴി താഴെ കണ്ണികളിലെ ആളുകളിൽ നിന്നും അധികം ലഭിക്കുന്ന തുക മുകളിലെ കണ്ണികൾക്ക് വീതിച്ച് കൊടുക്കുന്നു. കമ്പനിക്കും വിഹിതം ലഭിക്കുന്നു. ഇങ്ങനെ ഈ കണ്ണികൾ വളരുമ്പോൾ തുടർന്ന് അണിചേരുന്നവരിൽ നിന്നും ലാഭം കിട്ടുമല്ലോ എന്ന പ്രതീക്ഷയാൽ ആളുകൾ കണ്ണികളായിക്കൊണ്ടേ ഇരിക്കുന്നൂ. ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക് ലാഭവിഹിതം ലഭിക്കാൻ എണ്ണം ഇരട്ടിയാകണം. ആയിരം പതിനായിരവും പതിനായിരം ഇരുപത്തിനായിരവും ആകണം. അവസാനം കണ്ണിചേരുന്നവർക്ക് നഷ്ടം സംഭവിക്കുമെന്നത് ഉറപ്പാണ്. ആ അവസാനക്കാർ ആയിരങ്ങളോ ലക്ഷങ്ങളോ ആയിരിക്കാം. അവരുടെ ലാഭം എന്ന ആഗ്രഹത്തെ മുൻനിർത്തി ഈടാക്കിയ അധിക തുക കമ്പനിയും മുകളിലുള്ള കണ്ണികളും പങ്കിട്ടെടുക്കുന്നു. ഇത് മനസ്സിലാക്കാൻ വലിയ സാമ്പത്തിക ശാസ്ത്രമൊന്നും അറിയേണ്ടതില്ല. തൻ്റെ കയ്യിലേക്ക് ഈ പണം എവിടെ നിന്നുമാണ് വരുന്നത് എന്ന് ഒന്ന് മനസ്സിരുത്തി ആലോചിച്ചാൽ മതി.

അല്ലാതെ സ്വാഭാവിക കച്ചവടം വഴി ആളുകളിലേക്ക് ഡയറക്റ്റ് സെല്ലിങിലൂടെ പ്രോഡക്റ്റ് എത്തിക്കുകയും മാർക്കറ്റിലെ വിലയോടും മറ്റു ഉത്പന്നങ്ങളോടും മത്സരിച്ച് ഉപഭോക്താക്കളെ കണ്ടെത്തി വിജയിക്കുകയും ചെയ്യുന്ന സാധാരണ കച്ചവടം നെറ്റ്‌വർക്ക് രൂപത്തിൽ ചെയ്താലും യാതൊരു കുഴപ്പവുമില്ല. അതിൽ താഴോട്ട് താഴോട്ട് ആളെ ചേർത്ത് നേട്ടമുണ്ടാക്കാൻ സാധിക്കുകയില്ല. നാം ഉത്പന്നം ഉപഭോക്താക്കൾക്ക് കച്ചവടം ചെയ്യുന്നതിനുള്ള ആക്റ്റീവ് ഇൻകം മാത്രമേ നമുക്ക് ലഭിക്കൂ. അവിടെ നമ്മുടെ ഉല്പന്നം ഗുണമേന്മയുള്ളതും മാന്യമായ വിലയുള്ളതുമാണെങ്കിലേ പിടിച്ചു നിൽക്കാനും സാധിക്കൂ. എന്നാൽ വലതും ഇടതും ആളുകളെ ചേർക്കുന്ന ബൈനറി / പിരമിഡ് സ്‌കീമിലൊക്കെയുള്ള കച്ചവടം അപ്രകാരമുള്ള സ്വാഭാവിക കച്ചവടമല്ല. അത് ആളുകളെ ചൂഷണം ചെയ്യൽ തന്നെയാണ്. സ്കീമിന് ഉപയോഗിക്കുന്ന പ്രോഡക്റ്റും സമാനമായ പ്രൊഡക്ടുകൾക്ക് മാർക്കറ്റിൽ വരുന്ന വിലയും നിങ്ങൾ ഒന്ന് താരതമ്യം ചെയ്‌താൽ മതി.

എന്നാല്‍ ഇസ്ലാമികമായ കച്ചവടത്തില്‍ ആളുകള്‍ വസ്തു വാങ്ങുന്നതും വില നല്‍കുന്നതുമെല്ലാം  അതിന്‍റെ ഗുണമേന്മ അനുസരിച്ചും ആവശ്യഗത അനുസരിച്ചുമാണ്. ഒരാള്‍ക്ക് ഒരു കമ്പനിയുടെ പ്രോഡക്റ്റ്സ് വില്‍ക്കുന്നതിന് കമ്പനിക്ക് അയാള്‍ക്ക് കമ്മീഷന്‍ നല്‍കാം. മാത്രമല്ല തീര്‍ത്തും വസ്തു ആവശ്യമുള്ളവര്‍ക്ക് അത് വില്പന നടത്തിയേ അയാള്‍ക്ക് കമ്മീഷന്‍ കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ.  അത്തരത്തിൽ ഡയറക്റ്റ് സെല്ലിംഗ് വഴി കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് സാധനം ലഭ്യമാക്കുന്ന, അതുപോലെ ആളുകളെ ചേർക്കുന്നതിന് നിശ്‌ചിത തുക എന്നതിന് പകരം തന്നിലൂടെ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് അനുസൃതമായി കമ്മീഷൻ ലഭിക്കുന്ന, അംഗങ്ങളാകാൻ നിശ്ചിത തുകയോ, പ്രോഡക്ട് വാങ്ങിക്കുക എന്നതോ, മറ്റുള്ളവരെ ചേർക്കുകയെന്നതോ നിബന്ധന വെക്കാത്ത ഇത്തരം ശൃഖലകൾ അനുവദനീയവും സമൂഹത്തിന് ഗുണകരവുമാണ്. 

എന്നാല്‍ ആ കമ്മീഷന് അര്‍ഹനാകണമെങ്കില്‍ അയാള്‍ ആദ്യം നിശ്ചിത വിലക്ക് ഒന്ന് വാങ്ങണം. ശേഷം നിശ്ചിത വിലക്ക് വാങ്ങിക്കുന്നവര്‍ക്കെല്ലാം അതുപോലെ അവര്‍ മറ്റൊരാളെക്കൊണ്ടും  വാങ്ങിപ്പിച്ചാല്‍ കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ വാങ്ങിയവര്‍ വാങ്ങിയവര്‍ ലാഭം എന്ന ആഗ്രഹത്തെ മുൻനിത്തി   മറ്റൊരാളെക്കൂടി അതില്‍പെടുത്താന്‍ ശ്രമിക്കുന്നു. ഉല്പ്പന്നം എന്നത് ഇവിടെ കേവലം ഒരുപാധി മാത്രമാണ്. ഇനിയുള്ള ഭാവി MLM മാര്‍ക്കറ്റിംഗ് രീതിക്കാണ് എന്ന് പറഞ്ഞു തങ്ങളുടെ പിരമിഡ് സ്‌കീം ആളുകളെ വിശ്വസിപ്പിക്കുന്നു. ഇതുവഴി പിന്നീട് പിന്നീട് ചേരുന്നവരുടെ ധനം ആദ്യമാദ്യം ചേര്‍ന്നവര്‍ ഭക്ഷിക്കുന്നു. നിയമവിധേയമാക്കാന്‍ പ്രോഡക്റ്റ് ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ മണി ചെയിന്‍ മാര്‍ക്കറ്റിംഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അപ്രകാരം തന്നെയാണ് പിരമിഡ് / ബൈനറി  സ്കീമിലുള്ള MLM ഉം പ്രവര്‍ത്തിക്കുന്നത്. കാരണം ആ പ്രോഡക്റ്റ് ഉപേക്ഷിച്ചാലും ഈ രീതി പ്രവര്‍ത്തനക്ഷമമായിരിക്കും. അതുകൊണ്ട് ലാഭം എന്ന മനുഷ്യന്‍റെ സ്വാഭാവിക ആഗ്രഹത്തെ മുന്‍നിര്‍ത്തി തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിക്കുന്ന ഒരു ചൂഷണ രീതിയായല്ലാതെ ഇതിനെ കാണാന്‍ സാധികില്ല. 

ആധുനിക സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധേയനായ ശൈഖ് സാമി സുവൈലിം ഈ വിഷയത്തില്‍ അവതരിപ്പിച്ച പഠനം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു:

പിരമിഡ് മാര്‍ക്കറ്റിംഗ് സിസ്റ്റം (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്) അതിന്‍റെ രീതിശാസ്ത്രം വളരെ ലളിതമാണ്. താന്‍ വാങ്ങിയതുപോലെ മറ്റുള്ളവരെയും (ആ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍) തനിക്ക് അതിന്‍റെ കമ്മീഷന്‍ ലഭിക്കും എന്നതിനെ മുന്‍നിര്‍ത്തി ഒരാള്‍ ഒരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നു. പിന്നെ അതില്‍ (അയാളുടെ പ്രേരണയാല്‍ പങ്കാളികളായവരും) അതുപോലെ മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കാനും പ്രോഡക്റ്റ് വാങ്ങാനും പ്രേരിപ്പിക്കുകയും അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യമാദ്യം ചേര്‍ന്നവര്‍ക്ക് (അതിന്‍റെ ഭാഗമായി) കൂടുതല്‍ കമ്മീഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.

താഴെ പറയുന്ന കാരണങ്ങളാല്‍ ഈ തരത്തിലുള്ള ഇടപാട് ഹറാം (നിഷിദ്ധം) ആണ്:

1- അത് ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ്.

2- ശറഇയ്യായി നിഷിദ്ധമായ غرر (ഊഹക്കച്ചവടം) അതില്‍ അധിഷ്ടിതമാണത്. 

ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ് എന്ന് പറയാന്‍ കാരണം:   ഈ രൂപത്തിലുള്ള ഒരു സംവിധാനം 'ഒരാള്‍ക്ക് ലാഭം കൊയ്യണമെങ്കില്‍ മറ്റൊരാള്‍ നഷ്ടം സഹിക്കണം' എന്ന മാനദണ്ഡപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല എന്നത് സുവ്യക്തമാണ്. അതിന്‍റെ വളര്‍ച്ച അവസാനിച്ചാലും ഇല്ലെങ്കിലും ഇപ്രകാരം തന്നെ. ഏത് സന്ദര്‍ഭത്തിലാകട്ടെ  അവസാനം അംഗങ്ങള്‍ ആകുന്നവര്‍ക്ക് നഷ്ടം സംഭവിക്കുക എന്നത് നിശ്ചയമാണ്. അതില്ലാതെ മുകളിലുള്ളവര്‍ക്ക് സ്വപ്നതുല്യമായ  ലാഭം കൊയ്യാനും സാധ്യമല്ല. (താഴോട്ട് താഴോട്ട് ശൃംഖല വ്യാപിക്കുക വഴി) ലാഭം കൊയ്യുന്നവര്‍ കുറച്ചും നഷ്ടം സംഭവിക്കുന്നവര്‍ കൂടുതലും ആയിരിക്കും. അഥവാ കൂടുതല്‍ പേരും നല്‍കിയ പണം കുറച്ച് പേര്‍ അനര്‍ഹമായി കരസ്ഥമാക്കി എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ നിഷിദ്ധമായി പ്രസ്ഥാവിച്ച ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കല്‍ ആണിത്. സാമ്പത്തിക വിദഗ്ദരുടെ ഭാഷയില്‍ (Zero-Sum Game) എന്നാണിതിന് പറയുക. അഥവാ ചിലര്‍ കൊയ്യുന്ന ലാഭം മറ്റു ചിലര്‍ക്കുണ്ടായ നഷ്ടം മാത്രമായിരിക്കും.

ഇനി ഊഹത്തില്‍ അധിഷ്ടിതം എന്ന് പറയാന്‍ കാരണം: ശറഇയ്യായി കച്ചവടത്തില്‍ നിഷിദ്ധമായ ഊഹം എന്ന് പറയുന്നത്. [هو بذل المال مقابل عوض يغلب على الظن عدم وجوده أو تحققه على النحو المرغوب] അഥവാ: കൂടുതലും ഉണ്ടാകാന്‍ ഇടയില്ല എന്ന് കരുതപ്പെടുന്നതോ, അല്ലെങ്കില്‍ ഉദ്ദേശിച്ച വിധം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതോ ആയ ഒരു കാര്യത്തിന് പണം മുടക്കുക എന്നതാണ്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ (غرر) എന്നാല്‍ ഒന്നുകില്‍ വലിയ ലാഭം അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ രണ്ട് കാര്യങ്ങളില്‍ രണ്ടിനും ഒരുപോലെ സാധ്യതയുള്ളത് എന്ന് വിശേഷിപ്പിച്ചത്. ഈ പറയുന്ന മാര്‍ക്കറ്റിംഗില്‍ അംഗങ്ങലാകുന്നവരെല്ലാം അധികവും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത 'വലിയ ലാഭം' എന്നതിനെ മുന്നില്‍ കണ്ടാണ്‌ പങ്കാളികളാകുന്നത്.  

ചുരുക്കത്തില്‍: ഈ പറയുന്ന പിരമിഡ് മാര്‍ക്കറ്റിംഗ് (അംഗങ്ങളായി താഴോട്ട് വളരുന്ന മാര്‍ക്കറ്റിംഗ് ശൃംഖല) ആളുകളെ (ലാഭം എന്ന പ്രലോഭനം മുന്‍നിര്‍ത്തി) ചൂഷണം ചെയ്യുന്നതിലും ധനം അന്യായമായി അപഹരിക്കുന്നതിലും അധിഷ്ടിതമാണ്. കാരണം ഈ ശൃംഖല അനിശ്ചിതമായി ഒരിക്കലും നിലനില്‍ക്കുകയില്ല. അത് എപ്പോള്‍ നില്‍ക്കുന്നുവോ ആ സന്ദര്‍ഭത്തില്‍ ഒരുപാട് പേരുടെ നഷ്ടത്തിന്‍റെ ഫലമായി കുറച്ച് പേര്‍ ലാഭമുണ്ടാക്കി എന്നേ വരൂ. മാത്രമല്ല ശൃംഖലയില്‍ അംഗമാകുന്ന മുകളിലത്തെ കണ്ണികള്‍ക്ക് താഴത്തെ കണ്ണികളിലുള്ള ആളുകളുടെ നഷ്ടഫലമായി വലിയ ലാഭം എപ്പോഴും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇനി ഈ സംരംഭം നിലച്ചില്ലെങ്കിലും അവസാനമവസാനം പങ്കാളികളാകുന്നവര്‍ എപ്പോഴും മുകളിലുള്ളവരെ അപേക്ഷിച്ച് നഷ്ടക്കാരായിരിക്കും. ഒരു പ്രോഡക്റ്റ് ഉണ്ട് എന്ന കാരണത്താല്‍ ഈ രീതി ഹലാല്‍ ആകുന്നില്ല. മറിച്ച് നിഷിദ്ധമായ ഒരു രീതി അനുവദനീയമാക്കാന്‍ സ്വീകരിച്ച ഒരു കുതന്ത്രമയെ അതിനെ കാണേണ്ടതുള്ളൂ.
 - [ശൈഖ് സാമി സുവൈലിം, മുകളിലെ വീഡിയോയില്‍ അദ്ദേഹത്തിന്‍റെ വിഷയാവതരണവും ഉണ്ട്]. 

മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലുള്ള 'മജ്മഉല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി' (ISLAMIC FIQH COUNCIL) ഈ വിഷയ സംബന്ധമായി പഠനം നടത്തിയ ശേഷം പുറത്ത് വിട്ട തീരുമാനത്തിലും ഇത് നിഷിദ്ധമാണ് എന്നതാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിന്‍റെ ദൈര്‍ഘ്യം കാരണത്താല്‍ മതപരമായ വിധി വിലയിരുത്തുന്ന പ്രസക്ത ഭാഗം മാത്രം ഇവിടെ നല്‍കാം:

റബീഉല്‍ ആഖിര്‍ 17 ഹിജ്റ 1424 ന്, അതായത് 17/6/2003 ന്  ചേര്‍ന്ന യോഗത്തില്‍ (നമ്പര്‍: 3/24) ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ എടുത്ത തീരുമാനം:

1- 'ബിസിനസ്' എന്ന പേരിലറിയപ്പെടുന്ന കമ്പനിയിലും അതുപോലെയുള്ള മറ്റു 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' (MLM) കമ്പനികളിലും ഭാഗവാക്കാകള്‍ നിഷിദ്ധവും അത് ചൂതാട്ടത്തില്‍ പെട്ടതുമാണ്. 


2- കമ്പനി അവകാശപ്പെടുന്നതുപോലെ 'ബിസിനസ്' എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്കോ മറ്റു 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' (MLM) കമ്പനികള്‍ക്കോ (അവര്‍ നല്‍കുന്ന ലാഭം) ശറഇല്‍ അനുവദനീയമായ കമ്മീഷന്‍ (ബ്രോക്കറേജ്) എന്നതിനോട് യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ അത്തരം കമ്പനികള്‍ അനുവദനീയമാണ് എന്ന് മറുപടി നല്‍കിയ പണ്ഡിതന്മാരെ, അത് കേവലം കമ്മീഷന്‍ (ബ്രോക്കറേജ്) മാത്രമാണ് എന്ന രൂപത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനികള്‍ പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങളെ വസ്തുതാപരമായല്ലാതെ മനസ്സിലാക്കുന്ന സാഹചര്യം അവര്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. 


അതുകൊണ്ടുതന്നെ ഉത്തരവാദിത്തപ്പെട്ട അധികാരികളോട് 'ചെയ്ന്‍ മാര്‍ക്കറ്റിംഗ്' കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഫിഖ്ഹ് കൌണ്‍സിലുമായി കൂടിയാലോചിച്ചിട്ടല്ലാതെ ലൈസന്‍സ് നല്‍കരുതെന്നും ആവശ്യപ്പെടുന്നു.
 - [By : ISLAMIC FIQH COUNCIL http://ar.islamway.net/fatwa/31900].


സൗദി അറേബ്യയിലെ പണ്ഡിത സഭ നല്‍കിയ മറുപടിയിലും ഇവ നിഷിദ്ധമാണ് എന്ന് സുവ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെക്കുറിച്ച് അധികം പഠനവിധേയമാക്കുകയോ  ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത കേവലം തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത ഒന്നോ രണ്ടോ ഒറ്റപ്പെട്ട ഫത്'വകളുമായി ഇതനുവദനീയമാണ് എന്ന് വാദിക്കാന്‍ ശ്രമിക്കുകയാണ് ഇതിന്‍റെ വക്താക്കള്‍. ആ ഫത്'വകളുടെ നിജസ്ഥിതി എന്ത് എന്നത് ഫിഖ്ഹ് കൗണ്‍സില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. സാമ്പത്തിക വിഷയങ്ങളിലും കര്‍മ്മശാസ്ത്ര വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പണ്ഡിതന്മാരും, അതിലുപരി പണ്ഡിതസഭകളും എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞാലും തങ്ങള്‍ക്ക് അനുകൂലമായി വല്ലതും ലഭിക്കുമോ എന്ന് മാത്രം പരിശോധിക്കുന്നവരോട് മറ്റൊന്നും പറയാനില്ല. എല്ലാത്തിലുമുപരി ഞാന്‍ സമ്പാദിക്കുന്ന സമ്പാദ്യം ഹലാലാകണം എന്നതായിരിക്കട്ടെ സാമ്പത്തിക മേഖലയില്‍ നയിക്കുന്ന ഘടകം. അല്ലാതെ ഞാന്‍ ചെയ്യുന്നതെല്ലാം അനുവദനീയമാണ് എന്ന് എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കണം എന്നതാണ് നമ്മുടെ ചിന്ത എങ്കില്‍ തീര്‍ച്ചയായും നാം അപകടത്തിലാണ്.  

താന്‍ പ്രവര്‍ത്തിക്കുന്നതിന് ലഭിക്കുന്ന കമ്മീഷന്‍ എന്ന അര്‍ത്ഥത്തില്‍ പിരമിഡ് സ്‌കീമിൽ പ്രവർത്തിക്കുന്ന MLM കമ്പനിയില്‍ പങ്കാളിയാകുക വഴി ലഭിക്കുന്ന ധനം അനുവദനീയമാണ് എന്ന് തോന്നാമെങ്കിലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ വഞ്ചനയും, ചതിയും ചൂഷണവും എല്ലാം അടങ്ങിയതാണ് പിരമിഡ് സ്‌കീമിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്ന് ആര്‍ക്കും മനസ്സിലാക്കാം. മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഇത്തരം കമ്പനികള്‍ക്കെതിരെ ധാരാളം കേസുകളും, അവ ചൂഷണം ചെയ്യുന്ന കമ്പനികളാണ് എന്ന് കോടതി പോലും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ ശറഇയ്യായ വിശകലനങ്ങള്‍ക്കപ്പുറം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.   ധാരാളം തട്ടിപ്പ് കേസുകൾ ഇത്തരം കമ്പനികൾക്കെതിരെ  കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ മണി ചെയ്ന്‍ സംവിധാനത്തിന്‍റെ മറ്റൊരു രൂപം എന്നേ ഇവയെ വിശേഷിപ്പിക്കാനാവൂ.

എന്നാൽ മുകളിൽ സൂചിപ്പിച്ചപോലെ ഡയറക്റ്റ് സെല്ലിങ് വഴി ബൈനറി സംവിധാനം ഉപയോഗിച്ച് തീർത്തും സ്വാഭാവികമായ കച്ചവടത്തിലൂടെ ആളുകളിലേക്ക് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന കമ്പനികളാണ് എങ്കിൽ അവക്ക് കുഴപ്പവുമില്ല. അങ്ങനെയുള്ള നല്ല കമ്പനികളിൽ ഒരു ആക്റ്റീവ് മെമ്പറാകാൻ നിങ്ങൾ നിശ്ചിത വിലക്ക് ഉത്പന്നം വാങ്ങണമെന്നോ, ഇത്രയാളെ അണി ചേർക്കണമെന്നോ നിബന്ധനയുണ്ടാവില്ല. സാധാരണ വിലക്കോ അതിൽ കുറവോ ആയായിരിക്കും അവരുടെ ഉത്പനങ്ങൾ ലഭ്യമാകുകയും ചെയ്യുക. മാത്രമല്ല താഴെ താഴെ മറ്റുള്ളവരെ അണി ചേർക്കുന്നതിലൂടെയുള്ള പാസീവ് ഇൻകം അല്ല, നിങ്ങൾ ഉത്പന്നങ്ങൾ വില്പന ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആക്റ്റീവ് ഇൻകം മാത്രമായിരിക്കും നിങ്ങൾക്ക് അവിടെ ലഭിക്കുക. 

ഈ വിഷയസംബന്ധമായ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ആകാം.. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ