الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
സ്വദേശത്ത് നിന്നും അന്യദേശത്തേക്ക് തൻ്റെ ജോലിയാവശ്യാർത്ഥമോ മറ്റോ യാത്ര പോകുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്യുന്ന നമ്മുടെ സഹോദരങ്ങളുടെ മരണവാർത്ത പലപ്പോഴും കുടുംബങ്ങളെയും ബന്ധുമിത്രാതികളെയും ഒരുപാട് വേദനിപ്പിക്കാറുണ്ട്. തങ്ങളേറെ സ്നേഹിക്കുന്നവരുടെ മയ്യിത്തെങ്കിലും അവസാനമായി ഒരു നോക്ക് കാണാൻ, ഒരു മുത്തം കൊടുക്കാൻ നാമെല്ലാം ആഗ്രഹിക്കുമെന്നത് സ്വാഭാവികമാണ്.
എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ ഒരർത്ഥത്തിലും നാം ദുഃഖിക്കേണ്ടതില്ല. മരണം എല്ലാവർക്കും ഒരുനാൾ സുനിശ്ചിതമാണല്ലോ. ആ മരണം നന്നാകുക എന്നതാണല്ലോ പ്രധാനം. നമ്മൾ ഏറെ സ്നേഹിക്കുന്നവർ ആരെങ്കിലും അപ്രകാരം മറുനാട്ടിൽ മരണപ്പെട്ടാൽ അവർക്ക് നബി (സ) ഒരു സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. ഈ ഹദീസ് ഒന്ന് നോക്കൂ:
عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: " تُوُفِّيَ رَجُلٌ بِالْمَدِينَةِ عَنْ وَلَدٍ ، فَصَلَّى عَلَيْهِ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: يَا لَيْتَهُ مَاتَ فِي غَيْرِ مَوْلِدِهِ ، فَقَالَ رَجُلٌ مِنَ الْقَوْمِ: وَلِمَ يَا رَسُولَ اللهِ؟ قَالَ: إِنَّ الرَّجُلَ إِذَا مَاتَ فِي غَيْرِ مَوْلِدِهِ قِيسَ لَهُ مِنْ مَوْلِدِهِ إِلَى مُنْقَطَعِ أَثَرِهِ فِي الْجَنَّةِ ".
അബ്ദുല്ലാഹ് ബ്ൻ അംറു ബ്‌നുൽ ആസ് (റ) പറയുന്നു: മദീനത്ത് തൻ്റെ ഒരുമകനെ ബാക്കിയാക്കിക്കൊണ്ട് ഒരാൾ മരണപ്പെട്ടു. നബി (സ) അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നിർവഹിച്ചു. എന്നിട്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: അയാൾ തൻ്റെ ജന്മനാട്ടിലല്ലാതെ മറ്റൊരു ദേശത്ത് മരണപ്പെട്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. അപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ ചോദിച്ചു: അതെന്തുകൊണ്ടാണ് അങ്ങപ്രകാരം പറഞ്ഞത് റസൂലേ ?. അപ്പോൾ നബി (സ) പറഞ്ഞു: "ഒരാൾ തൻ്റെ ജന്മദേശത്തല്ലാതെ മരണപ്പെട്ടാൽ, തൻ്റെ ജന്മദേശത്ത് നിന്നും അയാളുടെ കാൽപാദങ്ങൾ അവസാനിച്ച ദേശം വരേക്കുമുള്ള അത്രയും ദൂരം സ്വർഗത്തിൽ അയാൾക്ക് അളന്ന് നൽകപ്പെടും" - [സ്വഹീഹ് ഇബ്‌നു മാജ: 1309, അൽബാനി: ഹദീസ് ഹസൻ, അഹ്മദ് ശാക്കിർ: ഹദീസ് സ്വഹീഹ്].
റബ്ബ് എത്ര കാരുണ്യവാനാണ്. സ്വദേശത്ത് നിന്നും അകലെ അന്യനാട്ടിൽ മരണപ്പെടുന്നവർക്ക് എത്ര വലിയ പ്രതിഫലമാണ് റബ്ബ് സുബ്ഹാനഹു വ തആല ആ മരണത്താൽ നിർണയിച്ചിട്ടുള്ളത്. അന്യനാട്ടിലെ വിയോഗത്താൽ കുടുംബത്തിനോ ബന്ധുമിത്രാതികൾക്കോ ഉണ്ടാകുന്ന പ്രയാസത്തിന് ഈ ഹദീസിനെക്കാൾ ആശ്വാസം നൽകുന്ന മറ്റൊന്നുമില്ല എന്നുറപ്പാണ്. നമ്മുടെ വൈകാരികമായ തലങ്ങളെക്കാൾ മയ്യിത്തിന് നന്മയേത്, മയ്യിത്തിൻ്റെ പരലോക ജീവിതത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്ത് എന്നതാണല്ലോ ഏറെ മുഖ്യം. അതുകൊണ്ടുതന്നെ വിദേശത്ത് നാം ഏറെ സ്നേഹിക്കുന്നവർ ആരെങ്കിലും മരണപ്പെട്ടു എന്ന് കേൾക്കുമ്പോൾ അത് വിദേശത്തായിപ്പോയി എന്നതിൽ നാം പ്രയാസപ്പെടേണ്ടതില്ല. മറിച്ച് അവരുടെ പാപമോചനത്തിനും സ്വർഗത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കാനും അന്യദേശത്തെ മരണം നബി (സ) പഠിപ്പിച്ച പോലെ അവർക്ക് പ്രതിഫലാർഹമായ ഒരു മരണമായി മാറാനും നാം പ്രാർത്ഥിക്കുക. മാത്രമല്ല തൻ്റെ ഉപജീവനാർത്ഥമുള്ള യാത്ര അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യാത്രയുമാണ്.
മദീനയിൽ മരിക്കുകയെന്നത് ഏറെ ശ്രേഷ്ഠതയുള്ള കാര്യമാകയാൽ മേൽപ്പറഞ്ഞ ഹദീസിൽ മദീനയിൽ മരണപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം അന്യദേശത്ത് മരണപ്പെട്ടിരുന്നുവെങ്കിൽ എന്ന് നബി (സ) പറയുമോ ? എന്ന് ചിലർ ചോദിക്കാറുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ടത് , മദീനയിൽ മരണപ്പെടുക എന്നതോടൊപ്പം അയാൾ മദീനത്തേക്ക് അന്യദേശത്ത് നിന്ന് വന്ന ഒരാളായിരുന്നെങ്കിൽ ആ പ്രതിഫലം കൂടി ലഭിക്കുമായിരുന്നു എന്ന അർത്ഥത്തിലായിരിക്കാം ഒരുപക്ഷെ നബി (സ) അപ്രകാരം പറഞ്ഞത് എന്നതിനാൽത്തന്നെ ആ ഹദീസുകൾ പരസ്‌പരം യാതൊരു വൈരുദ്ധ്യവും ഇല്ല.
ഇനി നാം മനസ്സിലാക്കേണ്ട മറ്റൊരു സുപ്രധാന വിഷയമാണ്: ഒരാൾ വിദേശത്ത് മരണപ്പെട്ടാൽ മയ്യിത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാമോ ? എന്നത്.
ഇനി നാം മനസ്സിലാക്കേണ്ട മറ്റൊരു സുപ്രധാന വിഷയമാണ്: ഒരാൾ വിദേശത്ത് മരണപ്പെട്ടാൽ മയ്യിത്ത് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാമോ ? എന്നത്.
പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള ഒരു വിഷയമാണിത്. ഒരാൾ മരണപ്പെട്ടാൽ ജനാസ എത്രയും പെട്ടെന്നാക്കുക എന്നതാണ് നബി (സ) യുടെ അധ്യാപനം. ഒരാളെ മരണപ്പെട്ടിടത്തുനിന്നും സ്വദേശത്തേക്ക് കൊണ്ട് പോകുന്നത് മരണാനന്തര കർമ്മങ്ങൾ വൈകാനും മയ്യിത്തിനോട് അനാദരവ് കാണിക്കാനും ഇടവരുമെങ്കിൽ അപ്രകാരം ചെയ്യാൻ പാടില്ല എന്നത് തന്നെയാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ സഹോദരൻ അബ്ദുറഹ്മാൻ (റ) അബിസീനിയൻ താഴ്വരയിൽവെച്ച് വഫാത്തായി. കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തിൻ്റെ മയ്യിത്ത് അവിടെ നിന്നും മദീനയിലേക്ക് എത്തിച്ചു. അപ്പോൾ ആഇശ (റ) ഇപ്രകാരം പറഞ്ഞു:
മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ സഹോദരൻ അബ്ദുറഹ്മാൻ (റ) അബിസീനിയൻ താഴ്വരയിൽവെച്ച് വഫാത്തായി. കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തിൻ്റെ മയ്യിത്ത് അവിടെ നിന്നും മദീനയിലേക്ക് എത്തിച്ചു. അപ്പോൾ ആഇശ (റ) ഇപ്രകാരം പറഞ്ഞു:
ما أجد في نفسي أو يحزنني في نفسي إلا أني وددت أنه كان دفن في مكانه
"അദേഹത്തെ അവർ അദ്ദേഹം മരണപ്പെട്ടിടത്ത് തന്നെ മറവ് ചെയ്തിരുന്നുവെങ്കിൽ എന്നതൊഴികെ എനിക്ക് മറ്റൊരു മനഃപ്രയാസമോ എൻ്റെ മനസിൽ മറ്റെന്തെങ്കിലും ഒരു ദുഃഖമോ തോന്നുന്നില്ല". - [ബൈഹഖി: 3/386].
തൻ്റെ സഹോദരനെ തൻ്റെ അരികിലേക്ക് കൊണ്ടുവരുകയും നേരിൽ കാണാൻ അവസരം ഉണ്ടാകുകയുമൊക്കെ ചെയ്തിട്ടും "അവർ അദ്ദേഹത്തെ അവിടെത്തന്നെ മറവ് ചെയ്തിരുന്നുവെങ്കിൽ എന്ന് അവർ അതിയായി ആഗ്രഹിച്ചുപോയെങ്കിൽ" തീർച്ചയായും അതാണ് അല്ലാഹുവിനിഷ്ടമുള്ള ശരിയായ നിലപാട് എന്നും, തങ്ങളുടെ വികാരത്തെക്കാൾ മയ്യിത്തിൻ്റെ നന്മയാണ് സുപ്രധാനം എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടും മാത്രമാണ്.
മയ്യിത്തിനെ വിദൂരപ്രദേശങ്ങളിൽ നിന്നും സ്വദേശത്തേക്ക് കൊണ്ടുപോകൽ വെറുക്കപ്പെട്ട കാര്യമാണ് എന്നും അതല്ല നിഷിദ്ധമാണ് എന്നുമൊക്കെ പ്രസ്ഥാവിച്ച പണ്ഡിതന്മാരുണ്ട്. മയ്യിത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ വൈകുവാനും മയ്യിത്തിനോട് അനാദരവ് കാണിക്കുവാനും ഇടവരും എങ്കിൽ പ്രത്യേകിച്ചും. മയ്യിത്ത് അഴുകാതിരിക്കാൻ ആർട്ടീരിയൽ എംബാമിങ്ങോ, കാവിറ്റി എംബാമിങ്ങോ, ഹൈപോഡെർമിക് എംബാമിങ്ങോ ഒക്കെ ചെയ്യാറുണ്ട്. മേൽപ്പറഞ്ഞവയാണെങ്കിൽ മയ്യിത്തിൻ്റെ ശരീരത്തിലേക്ക് കെമിക്കലുകൾ കുത്തിവെച്ച് അഴുകാതെ സൂക്ഷിക്കുന്ന രീതികളാണവ. ഇതൊക്കെ ഒരർത്ഥത്തിൽ മയ്യിത്തിനോടുള്ള അനാദരവായേക്കാം എന്നും നാം ഭയപ്പെടുന്നു. മയ്യിത്ത് അഴുകാതിരിക്കാൻ ചെയ്യുന്ന എംബാം രീതികളിൽ ഏറെക്കുറെ മയ്യിത്തിൻ്റെ ശരീരത്തിൽ ഒന്നും തന്നെ ചെയ്യാത്തതായ രീതി സർഫേസ് എംബാമിംഗ് ആണ്. കുവൈറ്റിലൊക്കെ മതകാര്യവകുപ്പിൻ്റെ കൃത്യമായ നിർദേശം ഉള്ളതുകൊണ്ട് സർഫേസ് എംബാമിംഗ് മാത്രമാണ് പൊതുവേ ചെയ്യുന്നത്. ഏതായാലും ഇത്തരത്തിൽ എംബാമിങ്ങും മറ്റും ചെയ്തും, മറ്റു ചിലപ്പോൾ ദിവസങ്ങളോളം എടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമൊക്കെയാണ് വിദേശത്ത് നിന്നും സ്വദേശത്തേക്ക് മയ്യിത്ത് കൊണ്ടുപോകാറുള്ളത്. മയ്യിത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ വൈകാൻ ഇടവരുക എന്നത് മാത്രമല്ല, വലിയ സാമ്പത്തിക ബാധ്യത കൂടിയാണ് ഇതിനുണ്ടാകുന്നത്. അതിനായി ചിലവഴിക്കുന്ന ധനം മയ്യിത്തിന് വേണ്ടി ദാനം ചെയ്‌താൽ അതാകുമായിരുന്നു യഥാർത്ഥത്തിൽ മയ്യിത്തിന് ഉപകരിക്കുന്ന കാര്യം.
മയ്യിത്തിനെ വിദേശത്ത് നിന്നും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബിയിലെ ഉന്നത പണ്ഡിത സഭ നൽകിയ മറുപടി ശ്രദ്ധേയമാണ്:
كانت السنَّة العمليَّة في عهد النَّبي صلى الله عليه وسلم وفي عهد أصحابه أن يُدفن الموتى في مقابر البلد الذي ماتوا فيه ، وأن يُدفن الشهداء حيث ماتوا ، ولم يثبت في حديث ولا أثر صحيح أن أحداً من الصحابة نقل إلى غير مقابر البلد الذي مات فيه أو في ضاحيته أو مكان قريب منه ، ومن أجل هذا قال جمهور الفقهاء : لا يجوز أن ينقل الميت قبل دفنه إلى غير البلد الذي مات فيه إلا لغرض صحيح مثل أن يُخشى من دفنه حيث مات من الاعتداء على قبره ، أو انتهاك حرمته لخصومة أو استهتار وعدم مبالاة ، فيجب نقله إلى حيث يؤمن عليه .
ومثل أن ينقل إلى بلده تطييباً لخاطر أهله وليتمكنوا من زيارته : فيجوز .
وإلى جانب هذه الدواعي وأمثالها اشترطوا أن لا يخشى عليه التغير من التأخير ، وأن لا تنتهك حرمته ، فإن لم يكن هناك داعٍ ، أو لم توجد الشروط : لم يجز نقله .
فترى اللجنة أن يُدفن كل ميت في مقابر البلد الذي مات فيه ، وأن لا ينقلوا إلا لغرض صحيح عملاً بالسنَّة ، واتباعاً لما كان عليه سلف الأمة ، وسدّاً للذريعة ، وتحقيقاً لما حثَّ عليه الشرع من التعجيل بالدفن ، وصيانة للميت من إجراءات تتخذ في جثته لحفظها من التغير ، وتحاشياً من الإسراف بإنفاق أموال طائلة من غير ضرورة ولا حاجة شرعية تدعو إلى إنفاقها ، مع مراعاة حقوق الورثة ، وتغذية المصارف الشرعيَّة وأعمال البر التي ينبغي أن ينفق فيها هذا المال وأمثاله .
وعلى هذا حصل التوقيع ، وصلّى الله على نبينا محمد وآله وصحبه .
"നബി (സ) യുടെയും സ്വഹാബത്തിൻ്റെയും കാലത്ത് ഒരാൾ മരണപ്പെട്ട ദേശത്തെ തന്നെ ഖബറിടത്തിൽ മയ്യിത്ത് മറവ് ചെയ്യലായിരുന്നു പ്രയോഗത്തിലുണ്ടായിരുന്ന സുന്നത്ത്. ശുഹദാക്കളാകട്ടെ അവർ രക്തസാക്ഷികളായ ഇടത്തിലും മറവ് ചെയ്യപ്പെട്ടു. സ്വഹാബാക്കളാരെയും തന്നെ തങ്ങൾ മരിച്ച ദേശത്തെ മഖ്ബറകളിലേക്കല്ലാതെ മറ്റൊരു ദേശത്തേക്കോ അടുത്ത പ്രദേശത്തേക്കോ കൊണ്ടുപോകപ്പെട്ടതായി ഹദീസിലോ സ്വഹീഹായ അസറുകളിലോ സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം വരുന്ന ഫുഖഹാക്കളും 'ന്യായമായ കാരണങ്ങളില്ലാതെ മയ്യിത്ത് മരണപ്പെട്ട ദേശത്ത് നിന്നും മറ്റൊരു ദേശത്തേക്ക് കൊണ്ടുപോകരുത് എന്ന് അഭിപ്രായപ്പെട്ടത്. അഥവാ.. മരണപ്പെട്ട നാട്ടിൽതന്നെ മറവ് ചെയ്യുന്നത് അവിടെയുള്ളവർ അദ്ദേഹത്തിൻ്റെ ഖബർ അക്രമിക്കാനോ, എന്തെങ്കിലും തർക്കം നിലനിൽക്കുന്നതിനാൽ മയ്യിത്തിനോട് അനാദരവ് കാണിക്കാനോ പരിഗണനയില്ലാതെ ഒഴിവാക്കിക്കളയാനോ ഒക്കെ ഇടവരും എന്ന് ഭയക്കുന്ന സാഹചര്യമുണ്ടെങ്കിലല്ലാതെ മറുനാട്ടിലേക്ക് കൊണ്ടുപോകരുത്, അത്തരം അനാദരവുകൾ ഭയപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ഭയപ്പെടാത്ത ഒരിടത്തേക്ക് മയ്യിത്തിനെ കൊണ്ടുപോകൽ നിർബന്ധവുമാണ്.
അതുപോലെ മരണപ്പെട്ട വ്യക്തിയുടെ കുടുംബങ്ങൾക്ക് മനോവിഷമം ഇല്ലാതിരിക്കാനും, അവർക്ക് മയ്യിത്തിൻ്റെ ഖബറിടം സന്ദർശിക്കാൻ സാധിക്കാനും മയ്യിത്ത് സ്വദേശത്തേക്ക് കൊണ്ടുപോകുകയുമാകാം. എന്നാൽ ഇത്തരം കാരണങ്ങൾ ഉണ്ടെങ്കിലും മരണാനന്തര കർമ്മങ്ങൾ വൈകാനോ മയ്യിത്തിന് മാറ്റം സംഭവിക്കാനോ, മയ്യിത്തിനോട് ഏതെങ്കിലും അനാദരവുകൾ കാണിക്കാനോ ഇടവരില്ലെങ്കിൽ മാത്രമേ അത് അനുവദിക്കപ്പെടൂ എന്ന് പണ്ഡിതന്മാർ അതിന് പ്രത്യേകം നിബന്ധന വച്ചിട്ടുണ്ട്. പ്രത്യേകം കാരണങ്ങളില്ലാതിരിക്കുകയോ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാൻ സാധിക്കാതെ വരുകയോ ചെയ്‌താൽ ഒരിക്കലും തന്നെ മരണപ്പെട്ട ദേശത്തുനിന്നും മറ്റൊരു ദേശത്തേക്ക് മയ്യിത്ത് കൊണ്ടുപോകാൻ പാടില്ലതാനും.
അതുകൊണ്ട് ഈ വിഷയത്തിലെ പണ്ഡിതസഭയുടെ അഭിപ്രായമെന്തെന്നാൽ: ഓരോ മയ്യിത്തും മരണപ്പെട്ട ദേശത്തെ ഖബറിടത്തിൽ മറവ് ചെയ്യപ്പെടട്ടെ. നബി (സ) യുടെ സുന്നത്ത് പാലിച്ചുകൊണ്ടും ഈ ഉമ്മത്തിലെ മുൻഗാമികളുടെ ചര്യ പിൻപറ്റിക്കൊണ്ടും ന്യായമായ കാരണങ്ങളില്ലാതെ മറ്റു ദേശങ്ങളിലേക്ക് മയ്യിത്ത് കൊണ്ടുപോകപ്പെടരുത്. നിഷിദ്ധങ്ങൾ കടന്നുവരാതിരിക്കാനും സൂക്ഷ്‌മതക്കും അതാണ് നല്ലത്. മാത്രമല്ല അതുവഴി 'മരണാനന്തര കർമ്മങ്ങൾ എത്രയും പെട്ടെന്ന് ചെയ്യുക' എന്ന മതപരമായ നിയമം പ്രാവർത്തികമാക്കാനും നമുക്ക് സാധിക്കുന്നു. മയ്യിത്തിന് മാറ്റം സംഭവിക്കാതിരിക്കാൻ മയ്യിത്തിൻ്റെ ശരീരത്തിൽ നടത്തുന്ന അനേകം നടപടിക്രമങ്ങളിൽ നിന്നും മയ്യിത്തിനെ സംരക്ഷിക്കാനും, അനിവാര്യതയോ മതപരമായ ആവശ്യമോ ഇല്ലാത്ത ഒരു കാര്യത്തിൽ വലിയ സാമ്പത്തിക ചിലവുകൾ ഉണ്ടാക്കാതിരിക്കാനും അതുതന്നെയാണ് ഉചിതം. അനന്തരാവകാശികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും, അപ്രകാരം വിനിയോഗിക്കുന്നതിനു പകരം ആ പണം മയ്യിത്തിനായി പുണ്യകരമായ മാർഗത്തിലും അഗതികൾക്കുമൊക്കെയായി ചിലവഴിക്കപ്പെടാനും അതുതന്നെയാണ് വേണ്ടതും" - [فتاوى إسلامية : 2/ 31-32].
അതുകൊണ്ട് ഈ വിഷയത്തിലെ പണ്ഡിതസഭയുടെ അഭിപ്രായമെന്തെന്നാൽ: ഓരോ മയ്യിത്തും മരണപ്പെട്ട ദേശത്തെ ഖബറിടത്തിൽ മറവ് ചെയ്യപ്പെടട്ടെ. നബി (സ) യുടെ സുന്നത്ത് പാലിച്ചുകൊണ്ടും ഈ ഉമ്മത്തിലെ മുൻഗാമികളുടെ ചര്യ പിൻപറ്റിക്കൊണ്ടും ന്യായമായ കാരണങ്ങളില്ലാതെ മറ്റു ദേശങ്ങളിലേക്ക് മയ്യിത്ത് കൊണ്ടുപോകപ്പെടരുത്. നിഷിദ്ധങ്ങൾ കടന്നുവരാതിരിക്കാനും സൂക്ഷ്‌മതക്കും അതാണ് നല്ലത്. മാത്രമല്ല അതുവഴി 'മരണാനന്തര കർമ്മങ്ങൾ എത്രയും പെട്ടെന്ന് ചെയ്യുക' എന്ന മതപരമായ നിയമം പ്രാവർത്തികമാക്കാനും നമുക്ക് സാധിക്കുന്നു. മയ്യിത്തിന് മാറ്റം സംഭവിക്കാതിരിക്കാൻ മയ്യിത്തിൻ്റെ ശരീരത്തിൽ നടത്തുന്ന അനേകം നടപടിക്രമങ്ങളിൽ നിന്നും മയ്യിത്തിനെ സംരക്ഷിക്കാനും, അനിവാര്യതയോ മതപരമായ ആവശ്യമോ ഇല്ലാത്ത ഒരു കാര്യത്തിൽ വലിയ സാമ്പത്തിക ചിലവുകൾ ഉണ്ടാക്കാതിരിക്കാനും അതുതന്നെയാണ് ഉചിതം. അനന്തരാവകാശികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും, അപ്രകാരം വിനിയോഗിക്കുന്നതിനു പകരം ആ പണം മയ്യിത്തിനായി പുണ്യകരമായ മാർഗത്തിലും അഗതികൾക്കുമൊക്കെയായി ചിലവഴിക്കപ്പെടാനും അതുതന്നെയാണ് വേണ്ടതും" - [فتاوى إسلامية : 2/ 31-32].
പലപ്പോഴും ജനാസ വൈകിപ്പിക്കാതെയും മയ്യിത്തിനോട് അനാദരവുകൾ കാണിക്കാതെയും നമുക്ക് നാട്ടിലേക്ക് മയ്യിത്ത് കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നതിനാൽത്തന്നെ വിദേശത്ത് മരണപ്പെട്ടാൽ അവിടെത്തന്നെ മറവ് ചെയ്യുക എന്നതാണ് ശറഇനോട് ഏറ്റവും യോചിച്ച രീതി. മാത്രമല്ല മയ്യിത്തിന് അതിൽ വലിയ പ്രതിഫലം ഉണ്ടെന്നും, അതാണ് മയ്യിത്തിന് നന്മ എന്നും നാം മനസ്സിലാക്കിയല്ലോ. നമ്മുടെ വൈകാരികതയെക്കാൾ മയ്യിത്തിൻ്റെ നന്മക്കാണ് ഇത്തരം വിഷയങ്ങളിൽ നാം മുൻഗണന നൽകേണ്ടത്.
ഒരുവേള ഇമാം നവവിയെപ്പോലുള്ള ഇമാമീങ്ങൾ ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് എൻ്റെ മയ്യിത്ത് കൊണ്ടുപോകണമെന്ന് ഒരാൾ വസ്വിയ്യത്ത് ചെയ്താൽപ്പോലും ആ വസ്വിയ്യത്ത് പരിഗണിക്കേണ്ടതില്ല എന്നും, അപ്രകാരം ചെയ്യൽ നിഷിദ്ധമാണ് എന്നും വരെ പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇമാം നവവി പറയുന്നു:
وإذا أوصى بأن يُنقل إلى بلد آخر، لا تنفّذ وصيّته، فإن النقلّ حرامٌ على المذهب الصحيح المختار الذي قاله الأكثرون، وصرّح به المحققون، وقيل: مكروه.
"മയ്യിത്ത് മറ്റൊരു ദേശത്തേക്ക് കൊണ്ടുപോകണമെന്ന് ഒരാൾ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ പോലും ആ വസ്വിയ്യത്ത് നാം നിറവേറ്റുകയില്ല. കാരണം ഭൂരിപക്ഷാഭിപ്രായപ്രകാരവും മുഹഖിഖീങ്ങൾ വ്യക്തമാക്കിയത് പ്രകാരവും ഏറ്റവും ശരിയായതും തിരഞ്ഞെടുക്കപ്പെട്ടതുമായ അതിപ്രായപ്രകാരം മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നത് നിഷിദ്ധമാണ്. അത് വെറുക്കപ്പെട്ടതാണ് (നിഷിദ്ധമല്ല) എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. - [الأذكار : 164].
ഏതായാലും ഒരു ദേശത്ത് നിന്നും മറ്റൊരു ദേശത്തേക്ക് മയ്യിത്ത് കൊണ്ടുപോകുന്നത് ജനാസ സാധാരണത്തേതിലും വൈകാനും, നേരത്തെ സൂചിപ്പിച്ച ചില എംബാമിംഗ് രീതികൾ കാരണത്താൽ മയ്യിത്തിനോട് അനാദരവ് കാണിക്കാനും ഇടവരുന്ന സാഹചര്യം ഉണ്ടെങ്കിൽ നാം മയ്യിത്ത് മരണപ്പെട്ട നാട്ടിൽത്തന്നെ മറവ് ചെയ്യുക. അവർക്ക് വേണ്ടി എവിടെ വച്ചും നമുക്ക് പ്രാർത്ഥിക്കാമല്ലോ. മാത്രമല്ല അന്യദേശത്ത് മരണപ്പെട്ടതിന് അവർക്ക് പ്രത്യേകം പ്രതിഫലവും ഉണ്ട് എന്നത് നമുക്ക് ഏറെ സമാധാനവും നൽകുന്നുവല്ലോ. അന്യദേശത്തെ വേർപ്പാട് നമുക്കുണ്ടാക്കുന്ന ആ പ്രയാസം പോലും എത്ര സുന്ദരമായാണ് റബ്ബിൻ്റെ കാരുണ്യം കൊണ്ട് സമാധാനമായിത്തീർന്നത് എന്ന് നോക്കൂ. മാത്രമല്ല നമ്മുടെ ഉമ്മ ആഇശാ (റ) സ്വന്തം സഹോദരൻ്റെ കാര്യത്തിൽ നമുക്ക് പറഞ്ഞുതന്നതും അതായിരുന്നു. ഒരുപാട് വൈകാരിക തലങ്ങൾ നിലനിൽക്കുമ്പോഴും റബ്ബിൻ്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടും മയ്യിത്തിൻ്റെ നന്മ പരിഗണിച്ചും ഉചിതമായ തീരുമാനം എടുക്കാൻ നമുക്ക് സാധിക്കട്ടെ... എവിടെ വെച്ചാണെങ്കിലും റബ്ബ് നമ്മുടെ മരണം അവൻ്റെ മാർഗത്തിലുള്ള നല്ല മരണമാക്കിത്തീർക്കട്ടെ...
അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.. നമ്മിൽ നിന്നും വിടപറഞ്ഞുപോയ നമ്മുടെ വേണ്ടപ്പെട്ടവരെയും നമ്മെയും അല്ലാഹു അവൻ്റെ ഉന്നതമായ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ എന്ന പ്രാർത്ഥനയോടെ അവസാനിപ്പിക്കുന്നു..
അല്ലാഹു അനുഗ്രഹിക്കട്ടെ..
അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.. നമ്മിൽ നിന്നും വിടപറഞ്ഞുപോയ നമ്മുടെ വേണ്ടപ്പെട്ടവരെയും നമ്മെയും അല്ലാഹു അവൻ്റെ ഉന്നതമായ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ എന്ന പ്രാർത്ഥനയോടെ അവസാനിപ്പിക്കുന്നു..
അല്ലാഹു അനുഗ്രഹിക്കട്ടെ..
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ