Tuesday, June 27, 2017

ശവ്വാലിലെ ആറു നോമ്പ് തുടര്‍ച്ചയായിത്തന്നെ നോല്‍ക്കേണ്ടതുണ്ടോ ?.ചോദ്യം: ശവ്വാലിലെ ആറു നോമ്പ് തുടര്‍ച്ചയായിത്തന്നെ നോല്‍ക്കേണ്ടതുണ്ടോ ?. 

www.fiqhussunna.com


ഉത്തരം:
 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

ഒരാള്‍ ചെറിയ പെരുന്നാളിന് ശേഷമുള്ള ദിനങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി ആറു ദിവസവും നോമ്പ് പിടിച്ച് ശവ്വാലിലെ ആറു നോമ്പ് പൂര്‍ത്തീകരിക്കുന്നുവെങ്കില്‍ അതാണ്‌ കൂടുതല്‍ ശ്രേഷ്ഠം എന്നതില്‍ സംശയമില്ല. കാരണം നന്മ ചെയ്യുന്നതിന് വളരെ നേരത്തെത്തന്നെ മുന്നോട്ട് വരിക, അത് നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ സാധ്യത, തുടര്‍ച്ചയായിത്തന്നെ നോല്‍ക്കണോ വേണ്ടയോ എന്ന അഭിപ്രായവിത്യാസ ബാധകമാകില്ല തുടങ്ങിയ കാരണങ്ങളാലാണ് അപ്രകാരം പറഞ്ഞത്.

എന്നാല്‍ ഒരാള്‍ ശവ്വാല്‍ മാസത്തിലെ ആറു നോമ്പ് തുടര്‍ച്ചയായോ, വ്യത്യസ്ഥ ദിവസങ്ങളിലായോ എങ്ങനെ അനുഷ്ഠിച്ചാലും കുഴപ്പമില്ല. കാരണം നബി (സ) അതുമായി ബന്ധപ്പെട്ട് പറഞ്ഞ ഹദീസ് ഇപ്രകാരമാണ്:


عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ"

അബൂ അയ്യൂബ് അല്‍അന്‍സാരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്." - [സ്വഹീഹ് മുസ്‌ലിം: 1164].   

ഇതില്‍ (سِتًّا مِنْ شَوَّالٍ) ശവ്വാലിലെ ആറു ദിനങ്ങള്‍ എന്നത് (ستا) എന്ന് നകിറയായാണ്‌ പ്രയോഗിക്കപ്പെട്ടത്. ഉസ്വൂലിയായും ഭാഷാപരമായുമുള്ള ഒരു അടിസ്ഥാന നിയമമാണ് (النكرة في سياق الإثبات تفيد العموم) അഥവാ സ്ഥിരീകരണ രൂപത്തില്‍ 'നകിറ' പ്രയോഗിക്കപ്പെട്ടാല്‍ അവിടെ അതിന് പൊതുവായ അര്‍ത്ഥ തലമാണ് ലഭിക്കുക എന്ന്. അതുകൊണ്ടുതന്നെ ഈ ഹദീസില്‍ നിന്നും ശവ്വാല്‍ മാസത്തിലെ ഏത് ആറു ദിവസങ്ങള്‍ നോറ്റാലും മതി എന്ന് ലഭിക്കും.

ഇനി (أتبع) എന്ന ഹദീസിലെ പദം. റമദാനിനോടുള്ള തുടര്‍ച്ചയായി, അഥവാ റമദാനിലെ നോമ്പിന് പിന്നോടിയായി എന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത്. ആ ആറു ദിനങ്ങളും തുടര്‍ച്ചയായിരിക്കണം എന്നോ, റമദാനിന് തൊട്ടുശേഷം തന്നെ നിര്‍വഹിക്കപ്പെടണം എന്നോ അത് അര്‍ത്ഥമാക്കുന്നില്ല. മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ വിശദീകരണത്തില്‍ ശറഹ് മുസ്‌ലിമില്‍ ഇമാം നവവി (റ) ഇപ്രകാരം പറയുന്നത് കാണാം: 


 وَالْأَفْضَل أَنْ تُصَامَ السِّتَّةُ مُتَوَالِيَةً عَقِبَ يَوْم الْفِطْرِ ، فَإِنْ فَرَّقَهَا أَوْ أَخَّرَهَا عَنْ أَوَائِل شَوَّال إِلَى أَوَاخِره حَصَلَتْ فَضِيلَة الْمُتَابَعَةُ ؛ لِأَنَّهُ يَصْدُقُ أَنَّهُ أَتْبَعَهُ سِتًّا مِنْ شَوَّال ، قَالَ الْعُلَمَاء : وَإِنَّمَا كَانَ ذَلِكَ كَصِيَامِ الدَّهْر ؛ لِأَنَّ الْحَسَنَةَ بِعَشْرِ أَمْثَالِهَا ، فَرَمَضَانُ بِعَشَرَةِ أَشْهُرٍ ، وَالسِّتَّة بِشَهْرَيْنِ ، وَقَدْ جَاءَ هَذَا فِي حَدِيث مَرْفُوع فِي كِتَاب النَّسَائِيِّ .

"ഈദുല്‍ ഫിത്വറിന് ശേഷം തുടര്‍ച്ചയായി ഒരാള്‍ ആറു നോമ്പ് എടുക്കുന്നുവെങ്കില്‍ അതാണ്‌ കൂടുതല്‍ ശ്രേഷ്ഠം. ഇനി അത് വ്യത്യസ്ഥ ദിവസങ്ങളില്‍ നോല്‍ക്കുകയോ, അതല്ലെങ്കില്‍ ശവ്വാലിലെ ആദ്യ ദിവസങ്ങളില്‍ നിന്നും അവസാനദിവസങ്ങളിലേക്ക് മാറ്റുകയോ ചെയ്‌താലും റമദാനിന് തുടര്‍ച്ചയായി ആറു നോമ്പ് അനുഷ്ഠിച്ച പ്രതിഫലം ലഭിക്കും. കാരണം "അതിനെ തുടര്‍ന്ന് ശവ്വാലില്‍ നിന്നും ആറു നോമ്പുകള്‍ അനുഷ്ഠിച്ചാല്‍" എന്ന് പറഞ്ഞതില്‍ അതും ഉള്‍പ്പെടും. പണ്ഡിതന്മാര്‍ ഇപ്രകാരം പറയുകയുണ്ടായി: അത് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ് എന്ന് പറയാന്‍ കാരണം, ഓരോ സല്‍ക്കര്‍ക്കമ്മത്തിനും പത്തിരട്ടി പ്രതിഫലമുണ്ട് എന്നതിനാലാണ്. അതുകൊണ്ട് റമളാനിലെ ഒരു മാസത്തെ നോമ്പ് പത്തു മാസങ്ങള്‍ക്ക് തുല്യമാണ്. ആറു ദിവസങ്ങള്‍ രണ്ടു മാസത്തിനും തുല്യമായിത്തീരുന്നു. ഇത് ഇമാം നസാഇ ഉദ്ദരിച്ച ഒരു ഹദീസില്‍ നബി (സ) യിലേക്ക് ചേര്‍ത്ത് തന്നെ ഉദ്ദരിക്കപ്പെട്ടിട്ടുമുണ്ട്." - [ശറഹു മുസ്‌ലിം: വോ 4/ പേജ്: 186].

ഇനി ഒരാള്‍ക്ക് രോഗം കാരണത്താലോ, അതല്ലെങ്കില്‍ റമദാനിലെ നോമ്പ് മുഴുവനും നോറ്റു വീട്ടാനുള്ളത് കാരണത്താലോ ശവ്വാലില്‍ ആറു നോമ്പ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ അവര്‍ക്ക് അത് പിന്നീട് നോറ്റ് വീട്ടാം എന്നും ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യെപ്പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ശവ്വാല്‍ മാസത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത കാരണങ്ങള്‍ അവര്‍ക്കുള്ളതിനാല്‍ അവര്‍ നിര്‍ബന്ധിതരാണ് എന്നതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...


അല്ലാഹു അനുഗ്രഹിക്കട്ടെ ...