Tuesday, June 27, 2017

ഒരേ ദിവസം ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഉദ്ദേശിച്ച് നോമ്പ് നോല്‍ക്കാമോ ?.



ചോദ്യം: ഒരേ ദിവസം ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഉദ്ദേശിച്ച് നോമ്പ് നോല്‍ക്കാമോ ?.

www.fiqhussunna.com

ഉത്തരം:


 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ അനുവദനീയമല്ല എന്നുള്ളതാണ് ഈ ചോദ്യത്തിനുള്ള മറുപടി. ( إشتراك النية ) എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍ ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.

ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ,
അതോ സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും  ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.
ലജ്നയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം.:

"ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ  രണ്ട് നിയ്യത്തോടെ
സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല." - [ ഫത്'വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].

ഈ വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.

ഏതായാലും അറഫ,  ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ് നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. 

എന്നാല്‍ ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ ?.

അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ് ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക് അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്. മാത്രമല്ല  ഒരാള്‍
ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച്  നോല്‍ക്കുന്നു എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ് എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക, അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍   പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്.
അതുകൊണ്ട് ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ്‌ എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം. അദ്ദേഹം പറയുന്നു: 

فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل الإنسان ما عليه من رمضان

"റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത് എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും, ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല. റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത് നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: "റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്". എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍ നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍ പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍ അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക്  റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍ അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല." - [مجموع فتاوى ابن عثيمين : 2/438].

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം. കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ് സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന് മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ... 

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ