Thursday, June 29, 2017

കുറി അനുവദനീയമാണോ ?. കുറി നടത്തുന്നയാള്‍ക്ക് പ്രതിഫലം സ്വീകരിക്കാമോ ?.ചോദ്യം: നമ്മുടെ നാട്ടില്‍ ഇന്ന് കണ്ടുവരുന്ന കുറിയുടെ ഇസ്‌ലാമിക വിധി എന്താണ് ?. ഞങ്ങളുടെ നാട്ടിലുള്ള പൊതുവെയുള്ള കുറി അനുവദനീയമാണോ. നാട്ടിലെ കുറിയുടെ രീതി, 50000യുടെ കുറി ആണെങ്കിൽ 10000 വീതമുള്ള 10 നറുക്ക്. നറുക്ക് കിട്ടുന്ന ആൾക്ക് 48000 രൂപയാണ് കിട്ടുക. 2000 രൂപ കുറി നടത്തുന്ന ആൾ കിഴിവ് ആയി എടുക്കുന്നു. ഈ രീതി അനുവദനീയം ആണോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒന്നാമതായി: കുറിയുടെ മതവിധി

കുറികള്‍ വ്യത്യസ്ഥ രൂപത്തില്‍ ഉണ്ട്. അതില്‍ അനുവദനീയമായതും നിഷിദ്ധമായതും ഉണ്ട്. എന്നാല്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പൊതുവായി കണ്ടുവരുന്ന സാധാരണ കുറി അനുവദനീയമാണ്. എന്നാല്‍ വിളിച്ചെടുക്കുന്ന കുറി എന്നറിയപ്പെടുന്ന ആദ്യം എടുക്കുന്നവര്‍ കൂടുതല്‍ പണമടക്കേണ്ടി വരികയും അവസാനം എടുക്കുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുകയും ചെയ്യുന്ന കുറി നിഷിദ്ധവും പലിശയുടെ ഇനത്തില്‍ പെടുന്നതുമാണ്.

നേരത്തെ സൂചിപ്പിച്ച പോലെ പങ്കാളികള്‍ നിശ്ചിത സംഖ്യ അടക്കുകയും അത് ഓരോ മാസവും അവരില്‍ നിന്ന് നറുക്കെടുത്ത് തീരുമാനിക്കുന്ന ആള്‍ക്കോ, അതല്ലെങ്കില്‍ അവര്‍ പരസ്പരം തൃപ്തിപ്പെട്ട് തീരുമാനിച്ച ഓര്‍ഡര്‍ പ്രകാരമുള്ള പങ്കാളികള്‍ക്കോ നല്‍കുന്നു. അങ്ങനെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരുപോലെ വര്‍ദ്ധനവോ കുറവോ ഇല്ലാതെ  സമാനമായ തുക ലഭിക്കുകയും ചെയ്യുന്നതായ സാധാരണ കുറി അനുവദനീയമാണ്. ശരിയായ പണ്ഡിതാഭിപ്രായപ്രകാരം ഈ രീതിയില്‍ തെറ്റില്ല. മറിച്ച് പരസ്പരം നന്മയില്‍ സഹകരിക്കുക എന്ന ഗണത്തിലെ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.


കുറിയുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ചോദ്യവും മറുപടിയും:

ചോദ്യം:
കുറച്ച് അധ്യാപകര്‍ ചേര്‍ന്ന് മാസാവസാനം തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത സംഖ്യ സ്വരൂപിക്കുന്നു. എന്നിട്ട് അതവരില്‍ ഒരാള്‍ക്ക് നല്‍കുന്നു. അടുത്ത മാസം മറ്റൊരാള്‍ക്ക് എന്നിങ്ങനെ. അങ്ങനെ എല്ലാവര്‍ക്കും തതുല്യമായ സംഖ്യ ലഭിക്കുന്നത് വരെ അത് തുടരുന്നു. ചിലര്‍ അതിനെ (الجمعية) എന്നാണ് വിളിക്കുന്നത് (നമ്മുടെ നാട്ടില്‍ കുറി എന്ന് പറയും) . അതിന്‍റെ മതപരമായ വിധി എന്താണ് ?.

ഉത്തരം:


ليس في ذلك بأس، وهو قرض ليس فيه اشتراط نفع زائد لأحد، وقد نظر في ذلك مجلس هيئة كبار العلماء، فقرر بالأكثرية جواز ذلك؛ لما فيه من المصلحة للجميع بدون مضرة. والله ولي التوفيق.
"അതില്‍ തെറ്റില്ല. ഒരാളില്‍ നിന്നും കൂടുതലായി മറ്റൊരു ഉപകാരവും ഈടാക്കാത്ത ഹലാലായ കടത്തില്‍ പെട്ടതാണ് അത്. ഹൈഅതു കിബാറുല്‍ ഉലമയുടെ (ഉന്നത പണ്ഡിതസഭ) സമിതി ഈ വിഷയം പരിശോധിക്കുകയുണ്ടായി. ഭൂരിപക്ഷാഭിപ്രായപ്രകാരം അത് അനുവദനീയമാണ് എന്ന തീരുമാനമെടുക്കുകയും ചെയ്തു. അതില്‍ എല്ലാവര്‍ക്കും പ്രയോജനമുള്ളതോടൊപ്പം ഉപദ്രവമില്ലതാനും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ..." - [http://www.binbaz.org.sa/fatawa/3996]. 

രണ്ടാമതായി: കുറി നടത്തുന്നയാള്‍ പ്രതിഫലം വാങ്ങല്‍:

ഇനി അത് നടത്തുന്നതോ നിയന്ത്രിക്കുന്നതോ ആയയാള്‍ക്ക് പണം സ്വരൂപിക്കല്‍, പണം സൂക്ഷിക്കല്‍, അത് നല്‍കല്‍ തുടങ്ങി അയാള്‍ ചെയ്യുന്ന ജോലിക്ക്പകരമായി നിശ്ചിത സംഖ്യ പ്രതിഫലമായി നല്‍കാം. അതിലും തെറ്റില്ല. എന്നാല്‍ കുറിയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ തൃപ്തിയോടെയായിരിക്കണം ഇത്. അങ്ങനെ പ്രതിഫലം നല്‍കുന്നുവെങ്കില്‍ അത് എത്രയെന്ന പരസ്പര ധാരണയോടെ മാത്രമേ കുറി ആരംഭിക്കാവൂ.

അയാള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് ബദലായി മാത്രമായിരിക്കും ഈ സംഖ്യ. എന്നാല്‍ ഈ പണം കൈപ്പറ്റുന്നത് കാരണത്താല്‍ കുറിയുടെ ഗ്യാരണ്ടി നില്‍ക്കുന്നയാള്‍ എന്ന നിലക്ക് അയാളെ കണക്കാക്കാന്‍ പാടില്ല. പണത്തിന് പകരം ഗ്യാരണ്ടി എന്നത് ഇസ്‌ലാമില്‍ അനുവദനീയവുമല്ല. തന്‍റെ വീഴ്ച കാരണത്താലല്ലാതെ കുറി തകരാന്‍ ഇടവന്നാല്‍ അയാള്‍ അതിന് ഉത്തരവാദിയും ആയിരിക്കില്ല. ആ ധനം അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. ഇത് എല്ലാ കുറിയില്‍ ശ്രദ്ധിച്ചിരിക്കേണ്ട വളരെ സുപ്രധാനമായ ഒരു കാര്യമാണ്. ഏതെങ്കിലും അംഗങ്ങള്‍ പണം നല്‍കാതെ മുങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ നടത്തിപ്പുകാരന്‍റെ മേല്‍ ആ ബാധ്യത മൊത്തം അടിച്ചേല്പിക്കുന്ന കുറികള്‍ ഇസ്‌ലാമികമല്ല. ആ കുറ്റകൃത്യത്തിന് അയാള്‍ക്ക് പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ മാത്രമേ അത് അയാളില്‍ നിന്നും ഈടാക്കാവൂ. 

മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യുന്നവരെ, ഇടപാടുകളുടെ കര്‍മ്മശാസ്ത്രപരമായ ഇനമനുസരിച്ച് (يد أمانة ) 'തന്‍റേതല്ലാത്ത വീഴ്ച കൊണ്ട് നഷ്ടം സംഭവിച്ചാല്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥനല്ലാത്തവന്‍' , (يد ضمان) 'എന്ത് വീഴ്ച സംഭവിച്ചാലും നല്‍കാന്‍ ബാധ്യസ്ഥനായവന്‍' എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ഇതില്‍ ശറഇയ്യായ നിയമപ്രകാരം ഒന്നാമത്തെ ഇടപാടുകളുടെ ഇനത്തിലാണ് മുകളില്‍ സൂചിപ്പിച്ച കുറി ഉള്‍പ്പെടുക. അതുകൊണ്ട് കുറി നടത്തുന്നയാള്‍ക്ക് നിശ്ചിത സംഖ്യ നല്‍കുന്നുവെങ്കില്‍ അത് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. ഇനി പ്രതിഫലം കൈപ്പറ്റിയാലും ഇല്ലെങ്കിലും കുറി നടത്തുന്നയാളുടെ വീഴ്ച കൊണ്ടല്ലാതെ കുറിക്ക് വല്ലതും സംഭവിച്ചാല്‍ അയാളില്‍ നിന്നും അത് ഈടാക്കാന്‍ പാടില്ല.

ചെയ്യേണ്ടത് ചെയ്യാത്തതിനാലോ, ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതിനാലോ നഷ്ടത്തിന് കാരണക്കാരാകുന്നവര്‍ എല്ലായിപ്പോഴും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും എന്നത് ശറഇലെ ഒരു പൊതുതത്വമാണ്. 

ചുരുക്കിപ്പറഞ്ഞാല്‍ ഓരോ അംഗങ്ങളും നിശ്ചിത സംഖ്യ നല്‍കുകയും അത് നറുക്കെടുത്ത് അതിലോരാള്‍ക്ക് നല്‍കുകയും, ഇങ്ങനെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കുന്നത് വരെ തുടരുകയും ചെയ്യുന്ന സാധാരണ കുറി അനുവദനീയമാണ്. അത് നടത്തുന്നയാള്‍ക്ക് പ്രതിഫലവും നിശ്ചയിക്കാം. പ്രതിഫലമായി നിശ്ചയിക്കുന്ന സംഖ്യ കഴിച്ചുള്ളതേ കുറി സംഖ്യയായി പരിഗണിക്കപ്പെടുന്നുള്ളൂ. പങ്കാളികളാകുന്നവരെ ഈ പ്രതിഫലത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നതും നിര്‍ബന്ധമാണ്‌.

കുറിപ്പാര്‍ട്ടികള്‍: 
പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് കുറിപ്പാര്‍ട്ടികള്‍. അഥവാ ആര്‍ക്കാണോ നറുക്ക് ലഭിക്കുന്നത് അയാള്‍ മറ്റു അംഗങ്ങള്‍ക്ക് പാര്‍ട്ടി കൊടുക്കണം. ഇത് ആ കുറിയില്‍ അംഗങ്ങളാകുന്നവരുടെ മേല്‍ നിര്‍ബന്ധമായിരിക്കും. ഇത് ഇസ്‌ലാമികമായി നിഷിദ്ധമാണ്. കാരണം കര്‍മ്മശാസ്ത്ര വിധിപ്രകാരം കുറി ലഭിക്കുന്നയാള്‍ കടക്കാരനും, മറ്റുള്ളവര്‍ കടം നല്‍കുന്നവരുമാണ്. നല്‍കിയ കടത്തെക്കാള്‍ ഉപരി മറ്റൊരാളില്‍ നിന്നും നിന്നും കൂടുതല്‍ ഈടാക്കുന്നത് പലിശയുടെ ഇനത്തിലാണ് പെടുക. എല്ലാവരും അത് ചെയ്യണമെന്നത് അതിനെ സാധൂകരിക്കുകയില്ല. മാത്രമല്ല പലപ്പോഴും ഇതൊരു ബാധ്യതയായും മാറാറുണ്ട്.

അതുകൊണ്ട് ഇനി പാര്‍ട്ടി ഉണ്ടായാലേ തീരൂ എന്ന് വാദിക്കുന്നവര്‍ക്ക് അതിനുള്ള ഒരു ഹലാലായ മാര്‍ഗം എന്ന് പറയുന്നത്. കുറിയില്‍ ഓരോ പാര്‍ട്ടിയുടെയും ചിലവ് അതത് സമയത്ത് പരസ്പരം പങ്കിടുക എന്നതാണ്. ഉദാഹരണത്തിന് 50 ദിനാറിന്‍റെ കുറി ആണ് എങ്കില്‍ 55 ദിനാര്‍ വരിസംഖ്യയാക്കുകയും അതില്‍ അഞ്ചു ദിനാര്‍ പാര്‍ട്ടിക്ക് വേണ്ടി മാറ്റി വെക്കുകയും അങ്ങനെ പാര്‍ട്ടിക്ക് വേണ്ടി സ്വരൂപിച്ച പണം കൊണ്ട് പാര്‍ട്ടി നടത്തുകയും ചെയ്യുക എന്നതാണ്. അംഗങ്ങളുടെ താല്പര്യമനുസരിച്ച് അതത് സമയത്ത് പാര്‍ട്ടി വേണോ വേണ്ടയോ എന്നൊക്കെ സ്വയം തീരുമാനിക്കാന്‍ അവര്‍ക്കാകുകയും ചെയ്യും.

എന്നാല്‍ കുറി ലഭിക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് പാര്‍ട്ടി നല്‍കുക എന്നത് കര്‍മ്മശാസ്ത്രപരമായി പലിശ ഇടപാടിന് തുല്യമകും എന്ന് മാത്രമല്ല. ഭാവിയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവര്‍ പോലും തങ്ങള്‍ക്ക് മാനസിക തൃപ്തിയില്ലാതിരുന്നിട്ടും പാര്‍ട്ടി നല്‍കാന്‍ ബാധ്യസ്ഥരാകുകയും ചെയ്യുന്നു. അതുകൊണ്ട് പാര്‍ട്ടി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ മേല്‍ വിശദീകരിച്ച ഹലാലായ മാര്‍ഗം മാത്രം അതിനായി സ്വീകരിക്കുക.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ...