Saturday, December 17, 2016

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ - ഇസ്‌ലാമിക വിധി



ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ്
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്. എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥവാ കുഴപ്പമില്ലാത്ത സാധാരണ നിലക്ക് മുടിയുള്ള ഒരാള്‍ക്ക്  അകാരണമായി ഇത്തരം സര്‍ജറികള്‍ നടത്തുന്നത് ന്യായീകരിക്കാവതല്ല.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ഈ വിഷയ സംബന്ധമായി ചോദിക്കപ്പെട്ടു: കഷണ്ടി ബാധിച്ചവര്‍ക്ക് മുടി നട്ടുപിടിപ്പിക്കുന്ന ചികിത്സയുണ്ട്. തലയുടെ പിന്‍ഭാഗത്ത് നിന്നും മുടിയെടുത്ത് കഷണ്ടി ബാധിച്ച ഭാഗത്ത് നടുന്ന രീതിയാണത്. ഇത് അനുവദനീയമാണോ ?.

അദ്ദേഹം നല്‍കിയ മറുപടി: 


نعم يجوز ؛ لأن هذا من باب ردّ ما خلق الله عز وجل ، ومن باب إزالة العيب ، وليس هو من باب التجميل أو الزيادة على ما خلق الله عز وجل ، فلا يكون من باب تغيير خلق الله ، بل هو من رد ما نقص وإزالة العيب ، ولا يخفى ما في قصة الثلاثة النفر الذي كان أحدهم أقرع وأخبر أنه يحب أن يرد الله عز وجل عليه شعره فمسحه الملك فردَّ الله عليه شعره فأعطي شعراً حسناً . 

"അതെ. അതനുവദനീയമാണ്. കാരണം അത് അല്ലാഹു സൃഷ്ടിച്ച രൂപത്തിലേക്ക് തന്നെ മടക്കുക, ന്യൂനത നീക്കുക തുടങ്ങിയ അര്‍ത്ഥത്തില്‍ പെടുന്നതാണ്. അത് സൗന്ദര്യവര്‍ദ്ധക പ്രക്രിയയോ, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മേലുള്ള കടന്നുകയറ്റമോ അല്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുക എന്ന നിഷിദ്ധമായ ഗണത്തില്‍ അത് പെടില്ല. മറിച്ച് അത് സംഭവിച്ച കുറവ് നികത്തലും ന്യൂനത നീക്കലുമാണ്. മൂന്ന് പേരുടെ കഥപറയുന്നതായി വന്ന ഹദീസില്‍ ഒരാള്‍ കഷണ്ടി ബാധിച്ച ആളായിരുന്നുവെന്നും , അല്ലാഹു അയാള്‍ക്ക് തന്‍റെ മുടി തിരികെ നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്ത സന്ദര്‍ഭത്തില്‍ മലക്ക് അയാളുടെ തലയില്‍ തടവുകയും, അപ്പോള്‍ അല്ലാഹു അയാള്‍ക്ക് വളരെ നല്ല രൂപത്തിലുള്ള മുടി തിരികെ നല്‍കുകയും ചെയ്ത സംഭവം ഏവര്‍ക്കുമറിയാമല്ലോ'. - [ഫതാവ ഉലമാഉ ബലദില്‍ ഹറാം: 1185].

ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു വിഷയം
ഈ ചികിത്സക്ക് വെപ്പുമുടിയുമായി സാമ്യമില്ല എന്നതാണ്. സ്വഹീഹായി വന്ന ധാരാളം ഹദീസുകളുടെ അടിസ്ഥാനത്തില്‍ വെപ്പുമുടി വെക്കല്‍ നിഷിദ്ധമാണ് എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ശൈഖ് ഇബ്നു ബാസ് (റ) അദ്ദേഹത്തിന്‍റെ ധാരാളം ഫത്'വകളില്‍ വെപ്പുമുടി നിഷിദ്ധമാണ് എന്ന് പ്രമാണബദ്ധമായി സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും അതിന് പരിഹാരമായി  ശറഇയ്യായ തടസ്സങ്ങളില്ലാത്ത ഒരു നല്ല ഉപാധിയാണ് 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ' എന്ന് മനസ്സിലാക്കാം. ദോഷകരമായി ബാധിക്കാത്ത പക്ഷം ഹെയര്‍ ഫോളിക്ക്ള്‍സ് മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്നതിലും തെറ്റില്ല.


അല്ലാഹു അനുഗ്രഹിക്കട്ടെ ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ  


വൈദ്യശാസ്ത്ര സംബന്ധമായ മറ്റു ലേഖനങ്ങള്‍ക്ക് ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/p/medi.html