Saturday, December 31, 2016

സോക്സിന് മേല്‍ തടവല്‍ - ഒരു പഠനം



ചോദ്യം:
വുളു എടുക്കുമ്പോള്‍ നമ്മള്‍ സാധാരണ ധരിക്കാറുള്ള സോക്സിന് മുകളില്‍ തടവാമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

വുളുവോട് കൂടി ധരിച്ച കാലുറക്ക് മുകളില്‍ തടവല്‍ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന സുന്നത്താണ്. ഭൂരിപക്ഷം പണ്ഡിതന്മാരും നാം ഇന്ന് കാണുന്ന സോക്സും ആ ഇനത്തില്‍ പെടും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തണുപ്പിന് ഉപയോഗിക്കാറുള്ള നല്ല കട്ടിയുള്ള സോക്സിന് മേലും, അതുപോലെ എല്ലാ കാലാവസ്ഥകളിലും പറ്റുന്ന നാം സാധാരണ ഉപയോഗിക്കാറുള്ള  വലിയ കട്ടിയില്ലാത്തതും നന്നേ നേരിയതുമല്ലാത്ത ഇടത്തരം സോക്സിന് മേലും തടവാം. എന്നാല്‍ നന്നേ നേര്‍ത്തതായ സോക്സിന് മേല്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത. അതുപോലെ കാലുറക്ക് മേല്‍ തടവല്‍ അനുവദിക്കപ്പെടുന്നതിന് പൊതുവായുള്ള അതിന്‍റേതായ നിബന്ധനകളുമുണ്ട്. ഇതാണ് ഈ വിഷയത്തില്‍ ചുരുക്കിപ്പറയാന്‍ സാധിക്കുന്നത്. والله أعلم

വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്ന് വായിക്കാവുന്നതാണ്. ഈ വിഷയ സംബന്ധമായ ചര്‍ച്ചകളെ വേര്‍തിരിച്ച് വ്യക്തമാക്കാം. വ്യത്യസ്ഥ പണ്ഡിതാഭിപ്രായങ്ങളും സംക്ഷിപ്തമായി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്:

 കാലുറക്ക് മുകളില്‍ തടവുന്നതിന്‍റെ നിബന്ധന: 

ഒന്ന്:
അവ അംഗ ശുദ്ധി വരുത്തിയ ശേഷം ധരിച്ചതായിരിക്കണം. പലപ്പോഴും കാലുറക്ക് മുകളില്‍ തടവുന്ന പലരും അവ വുളുവിന് ശേഷം ധരിച്ചതാണോ എന്നത് പരിഗണിക്കാറില്ല. ഇത് ശരിയല്ല. വുളുവോടു കൂടി അവ ധരിച്ചവര്‍ക്കെ അതിനുമേല്‍ തടയുവാനുള്ള ഇളവുള്ളൂ.

രണ്ട്:
അവയില്‍ നജാസത്ത് ഉണ്ടാകാന്‍ പാടില്ല. (അഥവാ നജാസത്ത് ഉള്ളതായി നമുക്ക് അറിയുമെങ്കില്‍ അതിനുമേല്‍ തടവാന്‍ പാടില്ല എന്നതാണ് ഇവിടെ ഉദ്ദേശിച്ചത്. ഊഹമോ വസ്'വാസോ ബാധകമല്ല).

മൂന്ന്:
'ചെറിയ അശുദ്ധി' അഥവാ വുളു നിര്‍ബന്ധമാകുന്ന കാര്യത്തില്‍ മാത്രമേ തടവുവാനുള്ള ഇളവുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് വലിയ അശുദ്ധി ഉണ്ടാകുകയും കുളി നിര്‍ബന്ധമാകുകയും ചെയ്‌താല്‍ അവിടെ തടവല്‍ ഇല്ല.

നാല്: തടവാന്‍ അനുവദിക്കപ്പെട്ട സമയപരിധി അവസാനിച്ചിരിക്കാന്‍ പാടില്ല. യാത്രക്കാരന് മൂന്ന്‍ ദിനരാത്രങ്ങളും അല്ലാത്തവന് ഒര് രാവും പകലും മാത്രമേ സമയപരിധിയുള്ളൂ.

അഞ്ച്:
വുളുവിന്‍റെ അവയവം പൂര്‍ണമായി മറയുന്നതാകണം എന്ന നിബന്ധന നാല് മദ്ഹബിന്‍റെ ഇമാമീങ്ങളും പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇമാം ഇബ്നു ഹസം അത് നിര്‍ബന്ധമില്ല എന്ന അഭിപ്രായക്കാരനാണ്. കാലുറയില്‍ ദ്വാരമോ മറ്റോ വീണാല്‍ അത് തടവുന്നതിന് തടസ്സമല്ല എന്നതാണ് പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം നബി (സ) യുടെ കാലത്തും ആ അവസ്ഥ ഉണ്ടാകുമായിരുന്നുവല്ലോ. പ്രത്യേകിച്ചും സ്വഹാബത്തില്‍ ധാരാളം പേര്‍ ദാരിദ്രരായിരുന്നു. ദ്വാരമുള്ളതും ഇല്ലാത്തതുമായ കാലുറ അവര്‍ ഉപയോഗിച്ചിരിക്കാം. എന്നാല്‍ ദ്വാരമുള്ളവയില്‍ തടവരുത് എനദ്ദേഹം നിര്‍ദേശിച്ചില്ല. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

തുകല്‍ കൊണ്ടല്ലാതെ നിര്‍മ്മിക്കപ്പെട്ട കാലുറക്ക് മേല്‍ തടവാമോ.


തുകല്‍ കൊണ്ടുള്ള കാലുറക്ക് خف എന്നും, കോട്ടന്‍, ചണം തുടങ്ങിയവ കൊണ്ടുള്ള കാലുറക്ക് جورب എന്നുമാണ് അറബിയില്‍ പ്രയോഗിക്കാറുള്ളത്.  ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ അതപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. - [ مواهب الجليل : 1/318 നോക്കുക].  

ചില ഹദീസുകളില്‍ നബി (സ)  مَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ ജൗറബിനും ചെരുപ്പിനും മുകളില്‍ തടവി എന്ന് പ്രത്യേകം പരാമര്‍ശവിധേയമായിത്തന്നെ വന്നിട്ടുണ്ട്. പക്ഷെ അപ്രകാരം ജൗറബ് എന്ന് പ്രത്യേകം പരാമര്‍ശവിധേയമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ്.  ഇമാം അഹ്മദ് (റ), സുഫ്‌യാന്‍ അസൗരി (റ), ഇബ്ന്‍ മഈന്‍ (റ), ഇമാം മുസ്‌ലിം (റ), ഇമാം നസാഇ (റ), ഇമാം ദാറഖുത്വനി (റ), ഇമാം ബൈഹഖി (റ) തുടങ്ങിയവരെല്ലാം جورب പരാമര്‍ശിക്കപ്പെട്ട ഹദീസ് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ജൗറബിന് മുകളില്‍ (അഥവാ
കോട്ട
, ചണം തുടങ്ങി തുണികൊണ്ടുള്ള കാലുറ) തടവിയതായി നബി (സ) യുടെ സ്വഹാബത്തില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഇമാം ഇബ്നുല്‍ മുന്‍ദിര്‍ (റ) പറയുന്നു: 

" رُوِيَ إِبَاحَةُ الْمَسْحِ عَلَى الْجَوْرَبَيْنِ عَنْ تِسْعَةٍ مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : عَلِيِّ بْنِ أَبِي طَالِبٍ ، وَعَمَّارِ بْنِ يَاسِرٍ ، وَأَبِي مَسْعُودِ ، وَأَنَسِ بْنِ مَالِكٍ ، وَابْنِ عُمَرَ ، وَالْبَرَاءِ بْنِ عَازِبٍ ، وَبِلَالٍ ، وَأَبِي أُمَامَةَ ، وَسَهْلِ بْنِ سَعْدٍ ". 

 "ജൗറബിന് (കോട്ട
, ചണം തുടങ്ങി തുണികൊണ്ടുള്ള കാലുറയുടെ) മുകളില്‍ തടവല്‍ ഒന്‍പത് സ്വഹാബിമാരില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്: അലിയ്യ് ബ്ന്‍ അബീത്വാലിബ്‌ (റ), അമ്മാര്‍ ബ്ന്‍ യാസിര്‍ (റ), അബൂ മസ്ഊദ് (റ), അനസ് ബ്ന്‍ മാലിക്ക് (റ), ഇബ്നു ഉമര്‍ (റ), ബറാഅ് ബ്ന്‍ ആസിബ് (റ), ബിലാല്‍ (റ), അബൂ ഉമാമ (റ), സഹ്ല്‍ ബ്ന്‍ സഅദ് (റ)" - [الأوسط : 1/462].  

ഇവരെക്കൂടാതെ മറ്റ് നാല് സ്വഹാബിമാരില്‍ നിന്ന് കൂടി ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇമാം അബൂദാവൂദ് (റ) യെ ഉദ്ദരിച്ചുകൊണ്ട് ഇമാം ഇബ്നുല്‍ ഖയ്യിം (റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: 

"وَزَادَ أَبُو دَاوُدَ : وَأَبُو أُمَامَةَ , وَعَمْرُو بْنُ حُرَيْثٍ , وَعُمَرُ , وَابْنُ عَبَّاسٍ . فَهَؤُلَاءِ ثَلَاثَة عَشَر صَحَابِيًّا . وَالْعُمْدَة فِي الْجَوَاز عَلَى هَؤُلَاءِ رَضِيَ اللَّه عَنْهُمْ لَا عَلَى حَدِيث أَبِي قَيْسٍ"

"അബൂദാവൂദ് (റ) ഈ സ്വഹാബിമാരുടെ പേരുകള്‍ കൂടി അതിലുള്‍പ്പെടുത്തി: അബൂ ഉമാമ (റ), അംറു ബ്നു ഹുറൈസ് (റ), ഉമര്‍ (റ), ഇബ്നു അബ്ബാസ് (റ). അതുകൊണ്ടുതന്നെ അപ്രകാരം തടവിയ സ്വഹാബാക്കളുടെ എണ്ണം പതിമൂന്നായിത്തീരുന്നു. ഈ വിഷയത്തില്‍ ജൗറബിന് മുകളില്‍ തടവല്‍ അനുവദനീയമാണ് എന്നതിനുള്ള  അവലംബം ആ സ്വഹാബാക്കളുടെ പ്രവര്‍ത്തനമാണ്. അബൂ ഖൈസ് ഉദ്ദരിച്ച ഹദീസ് അല്ല." - [تهذيب سنن أبي داود : 1/87].

ഇമാം അഹ്മദ് (റ) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് പറഞ്ഞതിനോടൊപ്പം തന്നെ ജൗറബിന് മുകളില്‍ തടവുന്നതിന് കുഴപ്പമില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അത് അദ്ദേഹത്തിന്‍റെ നീതിബോധമാണ് എന്നും തുടര്‍ന്ന് ഇബ്നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നുണ്ട്.

ഏതായാലും തുകല്‍ കൊണ്ടല്ലാതെ ചണം കൊണ്ടോ കോട്ടൺ  കൊണ്ടോ മറ്റേതെങ്കിലും വസ്തുക്കള്‍ കൊണ്ടോ നിര്‍മിക്കപ്പെട്ട കാലുറയുടെ മേലും തടവാം എന്നത് സ്വഹാബത്തിന്‍റെ പ്രവര്‍ത്തിയില്‍ നിന്ന് തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ്. അതുപോലെ خف തുകല്‍ കൊണ്ടും جورب ചണം, കോട്ടൺ, കമ്പിളി തുടങ്ങിയവ കൊണ്ടും നിര്‍മ്മിക്കപ്പെട്ടു എന്ന വ്യത്യാസം അതിന്‍റെ മതവിധിയില്‍ വ്യത്യാസമുണ്ടാക്കുന്ന ഒന്നല്ല. രണ്ടിന്‍റെ മേലും തടവുവാനുള്ള സാഹചര്യവും ആവശ്യകതയും ഒരുപോലെയാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യും വ്യക്തമാക്കിയിട്ടുണ്ട്. - [مجموع فتاوى : 21/214 നോക്കുക].  

സോക്സ്‌ കട്ടിയുള്ളതാകേണ്ടതുണ്ടോ ?. അതല്ല വളരെ നേര്‍ത്ത സോക്സിന് മേല്‍ തടവാമോ ?. 

ഇട്ടുകൊണ്ട്‌ നടക്കാന്‍ സാധിക്കുന്നതും, കാലിന്‍റെ നിറം പുറത്ത് കാണിക്കാത്തതും, വുളുവിന്‍റെ അവയവം മറക്കുന്നതുമായ  സോക്സ്‌ ആയിരിക്കണം എന്നതാണ് ബഹുഭൂരിപക്ഷാഭിപ്രായം.

ഇമാം അഹ്മദ് (റ) പറയുന്നു: 

" لَا يُجْزِئُهُ الْمَسْحُ عَلَى الْجَوْرَبِ حَتَّى يَكُونَ جَوْرَبًا صَفِيقًا... إنَّمَا مَسَحَ الْقَوْمُ عَلَى الْجَوْرَبَيْنِ أَنَّهُ كَانَ عِنْدَهُمْ بِمَنْزِلَةِ الْخُفِّ ، يَقُومُ مَقَامَ الْخُفِّ فِي رِجْلِ الرَّجُلِ ، يَذْهَبُ فِيهِ الرَّجُلُ وَيَجِيءُ "

"കട്ടിയുള്ളതാണെങ്കിലല്ലാതെ ജൗറബിന് മുകളില്‍ തടവല്‍ അനുവദനീയമല്ല. തങ്ങള്‍ خف (തുകല്‍ കാലുറ) ഉപയോഗിക്കുന്ന അതേ സ്ഥാനത്തുപയോഗിച്ചിരുന്ന ഒന്നായതിനാലാണ് മുന്‍ഗാമികള്‍ അതിനുമേല്‍ തടവിയത്. ഒരാളുടെ കാലില്‍ തുകല്‍ കാലുറ ഉപയോഗിക്കുന്നത് പോലെത്തന്നെയായിരുന്നു അതും. അതിട്ട് അവര്‍ നടന്നു പോകുകയും വരുകയും ചെയ്യുമായിരുന്നു." - [المغني لابن قدامة : 1/216].  ഇതേ അഭിപ്രായം ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യും രേഖപ്പെടുത്തിയിട്ടുണ്ട്. - [مجموع الفتاوى: (21/213)]
 
ലജനതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: 

" يجب أن يكون الجورب صفيقاً ، لا يَشِفُّ عما تحته".

"(സോക്സിന് മേല്‍ തടവാന്‍) അതിന്‍റെ ഉള്ളിലുള്ളത് പ്രകടമാക്കാത്ത വിധം കട്ടിയുള്ളതായിരിക്കണം." - [5/267].

ശൈഖ് മുഹമ്മദ്‌ ബ്ന്‍ ഇബ്റാഹീം (റ) പറയുന്നു: 

" أَما إِذا كان الشرَّاب رقيقاً حيث يصف البشرة ... فإِنه لا يمسح عليه ".

 "സോക്സ്‌ കാലിന്‍റെ നിറം പ്രകടമാകുന്ന രൂപത്തില്‍ നേര്‍ത്തതാണ് എങ്കില്‍ അതിനു മേല്‍ തടവാന്‍ പാടില്ല." - [فتاوى الشيخ محمد بن إبراهيم" (2/ 68)].

 ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: 

من شرط المسح على الجوارب : أن يكون صفيقا ساتراً ، فإن كان شفافاً لم يجز المسح عليه

"സോക്സിന് മുകളില്‍ തടവുന്നതിനുള്ള നിബന്ധനയില്‍ പെട്ടതാണ്: അത് കട്ടിയുള്ളതും വുളുവിന്‍റെ അവയവം മറക്കുന്നതുമായിരിക്കണം. എന്നാല്‍ ഉള്ളിലേക്ക് കാണുന്ന രൂപത്തില്‍ നേര്‍ത്തതാണെങ്കില്‍ അതിന്‍റെ മേല്‍ തടവാവതല്ല. - [فتاوى الشيخ ابن باز: (10/110)].

എന്നാല്‍ ചില പണ്ഡിതന്മാര്‍ നിരുപാധികം തടവാം എന്ന അഭിപ്രായക്കാരാണ്. അപ്രകാരം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

" وَحَكَى أَصْحَابُنَا عَنْ عُمَرَ وَعَلِيٍّ رَضِيَ اللَّهُ عَنْهُمَا جَوَازَ الْمَسْحِ عَلَى الْجَوْرَبِ وَإِنْ كَانَ رَقِيقًا ، وحكوه عن أبي يوسف ومحمد واسحق وَدَاوُد " .

"നമ്മുടെ ഇമാമീങ്ങള്‍ ഉമര്‍ (റ)വില്‍ നിന്നും, അലി (റ) വില്‍ നിന്നും നേര്‍ത്തതാണെങ്കില്‍പോലും ജൗറബിന് മേല്‍ തടവാം എന്ന് ഉദ്ദരിച്ചിട്ടുണ്ട്. അതുപോലെ ഇമാം ഖാളി അബൂ യൂസുഫില്‍ നിന്നും ഇമാം മുഹമ്മദ്‌ ബ്ന്‍ ഹസന്‍ അശൈബാനിയില്‍ നിന്നും, ഇസ്ഹാഖ് ബ്ന്‍ റാഹവൈഹിയില്‍ നിന്നും ദാവൂദ് അസ്ഖ്തിയാനിയില്‍ നിന്നും അവരതുദ്ദരിച്ചിട്ടുണ്ട്." - [
المجموع  (1/500)].

 കട്ടിയുള്ളത് നേര്‍ത്തത് എന്ന വ്യത്യാസമില്ലാതെ തടവാം എന്ന അഭിപ്രായമാണ് ശൈഖ് അല്‍ബാനി (റ), ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവര്‍ പ്രബലമായ അഭിപ്രായമായി സ്വീകരിച്ചിട്ടുള്ളത്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

يجوز المسح على الخف المخرق ويجوز المسح على الخف الخفيف، لأن كثيراً من الصحابة كانوا فقراء، وغالب الفقراء لا تخلوا خِفافهم من خروق، فإذا كان هذا غالباً أو كثيراً في قوم في عهد الرسول صلى الله عليه وسلم، ولم يُنبّه عليه الرسول صلى الله عليه وسلم، دلّ ذلك على أنه ليس بشرط، ولأنه ليس المقصود من الخف ستر البشرة، وإنما المقصود من الخف أن يكون مدفئاً للرجل، ونافعاً لها، وإنما أجيز المسح على الخف، لأن نزعه يشق، وهذا لا فرق فيه بين الجورب الخفيف والجورب الثقيل، ولا بين الجورب المخرق والجورب السليم، والمهم أنه ما دام اسم الخف باقياً، فإن المسح عليه جائز لما سبق من الدليل.

"ദ്വാരം വീണതോ നേര്‍ത്തതോ ആയ കാലുറയാണെങ്കിലും അതിന് മുകളില്‍ തടവാം. കാരണം സ്വഹാബത്തില്‍ പലരും ദാരിദ്രരായിരുന്നു. ദരിദ്രരുടെ കാലുറകള്‍ പലപ്പോഴും ദ്വാരം വീണതായിരിക്കും. നബി (സ) യുടെ കാലത്ത് ആളുകള്‍ക്കിടയില്‍ ഭൂരിഭാഗവും അതല്ലെങ്കില്‍ ധാരാളം പേര്‍ക്കിടയില്‍  ഉണ്ടായിരുന്ന ഒരവസ്ഥയായിട്ട് കൂടി നബി (സ) അതിനെക്കുറിച്ച് പാടില്ല എന്ന് പ്രത്യേകം അനുശാസിച്ചില്ല. അതുകൊണ്ട് (ദ്വാരമുണ്ടാകാതിരിക്കുക, കട്ടിയുണ്ടാകുക) എന്നത് ഒരു നിബന്ധനയല്ല എന്ന് അതര്‍ത്ഥമാക്കുന്നു. കാരണം കാലിന്‍റെ തൊലി കാണാത്ത വിധം മറക്കുക എന്നതല്ല കാലുറയുടെ ലക്ഷ്യം. മറിച്ച് കാലിന് ചൂട് നല്‍കുകയും, ഉപകാരപ്പെടുകയും ചെയ്യുക എന്നതാണ് അതിന്‍റെ ലക്ഷ്യം. അത് (വുളുവെദുക്കുമ്പോഴെല്ലാം) ഊരുക എന്നത് പ്രയാസകരമാണ് എന്നതിനാലാണ് അതിനു മേല്‍ തടവല്‍ അനുവദിക്കപ്പെട്ടത്. ഈ കാര്യത്തില്‍ കട്ടിയുള്ള സോക്സോ നേരിയ സോക്സോ തമ്മില്‍ വ്യത്യാസമില്ല. ദ്വാരം വീണതോ വീഴാത്തതോ ആയവ തമ്മിലും വ്യത്യാസമില്ല. അതിന് കാലുറ എന്ന പേര് നിലനില്‍ക്കുന്നോ എന്നതാണ് സുപ്രധാനം. മുന്‍പ് ഉദ്ദരിച്ച തെളിവ് പ്രകാരം അതിനു മേല്‍ തടവല്‍ അനുവദനീയമാണ്" - [مجموع فتاوى ورسائل الشيخ محمد صالح العثيمين - المجلد الحادي عشر - باب المسح على الخفين.]

അഥവാ നബി (സ) യുടെ കാലത്ത് തന്നെ തുകല്‍ കൊണ്ട് നിര്‍മ്മിച്ചതും അല്ലാത്തതുമായ കാലുറകളുണ്ട്. ദ്വാരം വീഴുക, നേര്‍ത്തതോ കട്ടിയുള്ളതോ ആയ കാലുറകളുണ്ടാകുക എന്നതെല്ലാം അന്നും ഉള്ള അവസ്ഥകളായിരിക്കുമല്ലോ. പ്രത്യേകിച്ചും ദാരിദ്ര്യം അതിന്‍റെ മൂര്‍ധന്യത്തില്‍ നിന്നിരുന്ന ആ കാലത്ത്. പക്ഷെ അതിനെക്കുറിച്ച് നബി (സ) പ്രതിപാദിക്കുകയോ കട്ടിയുള്ളതും ദ്വാരം വീഴാത്തതും മാത്രമേ തടവാന്‍ അനുയോജ്യമാവുകയുള്ളൂ എന്ന് പഠിപ്പിക്കുകയോ ചെയ്തില്ല. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടി വളരെ ശക്തവും കൂടുതല്‍ പ്രായോഗികവുമാണ്. എങ്കിലും ഇന്ന് കാണുന്ന  വളരെ നേരിയ സോക്സിന് മേല്‍ തടവാതിരിക്കലാണ് സൂക്ഷ്മത.

സ്വാഭാവികമായും എത്രത്തോളം കട്ടിയുള്ളതായിരിക്കണം എന്ന് പറയുക പ്രയാസമാണ്. സാധാരണ നാം ഇന്ന് കണ്ടുവരുന്നത് മൂന്ന് തരം സോക്സുകളാണ്   തണുപ്പിന് ഉപയോഗിക്കുന്ന നല്ല കട്ടിയുള്ള കോട്ടന്‍ കൊണ്ടോ കമ്പിളി കൊണ്ടോ ഉണ്ടാക്കിയ സോക്സ്‌,  സാധാരണ എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കുന്ന
അത്രതന്നെ കട്ടിയില്ലാത്തതും വളരെ  നേരിയതുമല്ലാത്ത തരത്തിലുള്ള സാധാരണ  സോക്സ്‌, വളരെ നേര്‍ത്ത രൂപത്തിലുള്ള സോക്സ്‌. ഇതില്‍ ആദ്യത്തെ രണ്ട് രൂപത്തിലുള്ള സോക്സിന് മുകളിലും തടവാം. വളരെ നേര്‍ത്ത സോക്സിന് മുകളില്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത ഈ വിഷയത്തിലെ അഭിപ്രായ ഭിന്നതയും വ്യത്യസ്ഥ അഭിപ്രായങ്ങളും നാം നേരത്തെ സൂചിപ്പിച്ചുവല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുവന്‍... 
____________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ