Tuesday, December 6, 2016

ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നുവോ ആ മാർഗത്തിൽ നിലകൊള്ളുന്നവർ പ്രതിഫലാര്‍ഹാമായ ഐക്യം.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ وبعد،

അല്ലാഹുവിന്‍റെ ദീനുമായി ബന്ധപ്പെട്ട ഏതൊരു കാര്യം സംസാരിക്കുന്നതും അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം. അഭിപ്രായപ്രകടനങ്ങളും അപ്രകാരം തന്നെ. "ഞങ്ങള്‍ ഉരുവിടുന്ന വാക്കുകളാല്‍ ഞങ്ങള്‍ വിചാരണ ചെയ്യപ്പെടുമോ" എന്ന മുആദ് (റ) വിന്‍റെ ചോദ്യത്തിന്, "മുആദേ നിനക്കെന്തുപറ്റി ജനങ്ങളെ നരകത്തില്‍ മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവല്ലാതെ മറ്റെന്താണ്" എന്നാണ് നബി (സ) മറുപടി നല്‍കിയത്. ഏത് വിഷയത്തെ സംബന്ധിച്ച്ചാകട്ടെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കുമ്പോഴും ഈ വചനം നാം ഓര്‍ക്കണം. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ പ്രീതിയും അവന്‍റെ ദീനിനോടുള്ള കൂറും മാത്രമായിരിക്കണം നാം മതപരമായ കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന ഓരോ അഭിപ്രായവും.അന്തമായി അനുകൂലിക്കുന്നത് കൊണ്ടോ അന്തമായി പ്രതികൂലിക്കുന്നത് കൊണ്ടോ ആഖിറത്തില്‍ അത് നമുക്ക് ഗുണം ചെയ്യില്ല. ദോഷമേ വരുത്തൂ..

കേരളത്തില്‍ മുജാഹിദ് സംഘടനകള്‍ ഐക്യപ്പെടുന്നതുമായി ബന്ധപ്പെട്ട ശറഇയ്യായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഐക്യം നന്മയിലും തിന്മയിലും ഉണ്ടാകാം. നന്മക്ക് വേണ്ടിയെങ്കില്‍ അത് അനുകൂലിക്കപ്പെടേണ്ടതും തിന്മക്ക് വേണ്ടിയെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതുമാണ്. ഐക്യങ്ങള്‍ നന്മക്ക് വേണ്ടിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒപ്പം അതപ്രകാരമായില്ലയെങ്കില്‍ അതില്‍ അത്യധികം ആശങ്കയുമുണ്ട്.

നാം കഴിഞ്ഞ ദിവസങ്ങളില്‍ ആശയവ്യതിയാനം എന്ന പേരില്‍ ചര്‍ച്ച ചെയ്തിരുന്ന കാര്യങ്ങള്‍ കേവലം ചില വിഷയങ്ങളില്‍ പരിമിതമായിരുന്നില്ല. മറിച്ച് ഹദീസുകളെ സ്വീകരിക്കുന്നതിലുള്ള അടിസ്ഥാന രീതിശാസ്ത്രവുമായി ബന്ധപ്പെട്ടും, അതുപോലെ ബുദ്ധിക്ക് പ്രമാണങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുകയും അല്ലാഹുവിന്‍റെ സ്വിഫത്തുകളെ നിരാകരിക്കുകയോ തഅ്'വീല്‍ ചെയ്യുകയോ ചെയ്യുന്ന മുഅ്തസിലിയാ ആശയത്തെ സംബന്ധിച്ചുമാണ്. ഇതൊരിക്കലും നിസാരമായി തള്ളിക്കളയാനാവുന്ന വ്യതിയാനമല്ല. അഖ്ലിന് നഖ്'ലിനെക്കാള്‍ മുന്‍ഗണന നല്‍കുന്ന  മുഅതസിലിയാ ആശയം അടിസ്ഥാനപരമായി അഹ്ലുസ്സുന്നയുടെ അഖീദയോട് യാതൊരു നിലക്കും പൊരുത്തപ്പെടാത്തതാണ്. എത്രയെത്ര ചര്‍ച്ചകള്‍ ഇമാമീങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. മുന്‍കാല ഇമാമീങ്ങള്‍ എല്ലാം തന്നെ അവരെ അഹ്ലുസ്സുന്നയുടെ ആദര്‍ശത്തില്‍ നിന്നും വ്യതിചലിച്ച് പോയ കക്ഷിയായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

അഖ്'ലിന് നഖ്'ലിനെക്കാള്‍ മുന്‍ഗണന നല്‍കുന്നയാളുകള്‍ ഇരുവിഭാഗങ്ങളിലും പ്രത്യക്ഷമായിത്തന്നെ ഉണ്ടായിരുന്നു എന്നത് ഏവര്‍ക്കും അറിയാവുന്ന സത്യമാണ്. മാര്‍ക്കസുദ്ദഅവയുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ അത് പ്രകടമായിരുന്നു എന്ന് മാത്രം.

ഐക്യം എന്നത് വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും സച്ചരിതരായ മുന്‍ഗാമികളുടെ പാതയേയും മുന്‍നിര്‍ത്തിയാണെങ്കില്‍ അക്കാര്യത്തില്‍ ഐക്യപ്പെടുന്നവര്‍ക്കെല്ലാം ഇഹപരത്തില്‍ അത് വന്‍ വിജയമാണ്. അതിലുപരി ഹദീസ് നിഷേധവും ബുദ്ധിക്ക് അനുയോജ്യമായി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യലുമെല്ലാം ഈ ഐക്യം കൊണ്ടില്ലാതാകുമെങ്കില്‍ അല്‍ഹംദുലില്ലാഹ്.. അല്ലാഹുവിന് സര്‍വ്വ സ്തുതിയും.

എന്നാല്‍ അഖീദയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നിലനില്‍ക്കുന്ന അത്തരം വിഷയങ്ങള്‍ എല്ലാം പഴയപടി നിലനിര്‍ത്തി ആശയപരമായ ഐക്യം എന്നതിലുപരി സംഘടനാപരമായ ഐക്യം എന്നതിലേക്കാണ് ഈ പുതിയ കാല്‍വെപ്പെങ്കില്‍ അത് ഏറെ അപകടകരവും അതിലുപരി ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ഒരു കറുത്ത അദ്ധ്യായവുമായിരിക്കും. അതിലുപരി തങ്ങളുടെ ആശയങ്ങള്‍ ഭൗതികപരമായ നേട്ടത്തിന് സമരസപ്പെടുന്ന ഒരു പുതിയ നയം കൂടി രൂപപ്പെടുന്നു. ഇത് കേരളത്തിലെ സലഫീ പ്രസ്ഥാനത്തെയും അതിന്‍റെ ആശയത്തെയും പ്രതിനിധീകരിക്കുന്ന ജനങ്ങളോടും അതിന്‍റെ മുന്‍കാല പ്രബോധകരോടുമെല്ലാം ചെയ്യുന്ന അപരാധവുമായിരിക്കും. കാരണം ആശയത്തെ അടിയറവ് പറഞ്ഞ് ഐക്യപെടുന്നതുകൊണ്ട് ഈ ലോകത്ത് നേട്ടമുണ്ടായേക്കാം പക്ഷെ അല്ലാഹുവിന്‍റെ കോടതിയില്‍ അതിന്‍റെ പര്യവസാനം എന്തായിരിക്കും ?!..

ഇമാം അഹ്മദ് (റ) തടവില്‍ അകപ്പെട്ടത് ഖുര്‍ആന്‍ സൃഷ്ടിവാദം പറഞ്ഞ മുഅതസിലിയാക്കളെ അംഗീകരിക്കാത്തതുകൊണ്ടായിരുന്നു. തടവിലാക്കപ്പെട്ട് വധിക്കപ്പെടുമാറ് മര്‍ധിതനായിട്ടും അദ്ദേഹം ഖുര്‍ആന്‍ അല്ലാഹുവിന്‍റെ കലാമാണ് എന്നതില്‍ ഉറച്ച് നിന്നു. കാരണം മുഅതസിലിയാക്കള്‍ അതിന്‍റെ പിന്നാലെ അവരുടെ സ്വിഫാത്തിനെ നിഷേധിക്കുന്ന ആശയം പ്രചരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നത് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. അദ്ദേഹം പല സന്ദര്‍ഭങ്ങളിലും 'റഹിമല്ലാഹു അബല്‍ ഹൈസം' എന്ന് പ്രാര്‍ഥിക്കുമായിരുന്നു. ഇത് കേട്ട മകന്‍ ചോദിച്ചു. ബാപ്പാ,, ആരാണ് അബല്‍ ഹൈസം ?!. അദ്ദേഹം പറഞ്ഞു: 'ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ എന്‍റെ കൂടെ തടവിലുണ്ടായിരുന്ന കൊള്ളക്കാരനായ ഒരാളാണ്‌. എന്നെ പിന്തുണക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍, അഖീദയില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്ക് പിന്തുണയേകിയത് അയാളാണ്. ഞാന്‍ ചാട്ടവാര്‍ കൊണ്ട് അടി നേരിട്ടപ്പോ അവനെന്നോട് പറഞ്ഞു, അല്ലയോ ഇമാം അങ്ങ് ക്ഷമിച്ചു കൊള്ളുക, അങ്ങേക്ക് സ്വര്‍ഗമുണ്ട്. കാരണം അങ്ങ് അടികൊള്ളുന്നത് അല്ലാഹുവിന്‍റെ ദീനിന് വേണ്ടിയാണ്. എന്നാല്‍ ഞാന്‍ അടികൊള്ളുന്നത് ദുനിയാവില്‍ മോഷ്ടിച്ചതിന്‍റെ പേരില്‍ പിശാചിന്‍റെ മാര്‍ഗത്തിലാണ്' ആ വാക്കുകള്‍ അന്ന് അദ്ദേഹത്തിന് ആശ്വാസമായിരുന്നു. കാരണം അദ്ദേഹം പറഞ്ഞാല്‍ സ്വീകരിക്കാം എന്ന് അനേകായിരം സാധാരണക്കാര്‍ ആ ആശയം സ്വീകരിക്കും എന്ന് ബിദ്അത്തുകാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പീഡിപ്പിച് അദ്ദേഹത്തെക്കൊണ്ട് തങ്ങളുടെ ആശയം പറയിപ്പിക്കാന്‍ അവര്‍ ആവത് ശ്രമിച്ചു. ഇങ്ങനെ എത്രയെത്ര ചരിത്രങ്ങള്‍.തങ്ങളുടെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഓരോ ഇമാമീങ്ങളും നടത്തിയ എത്രയെത്ര ധര്‍മ്മ സമരങ്ങള്‍. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ... അവരെല്ലാം പ്രാമാണികമായ ഐക്യം ആഗ്രഹിച്ചിരുന്നു. പക്ഷെ ആശയത്തെ കൈവിട്ടുള്ള ഐക്യം അവരാരും തന്നെ ആഗ്രഹിച്ചിരുന്നില്ല. അത് നമുക്കും പാഠമാണ്. 

സംഘടനക്ക് വേണ്ടിയാകട്ടെ, വ്യക്തികള്‍ക്ക് വേണ്ടിയാകട്ടെ, ഞാന്‍ ഇസ്ലാമിന്‍റെ ആശയം അടിയറവ് പറയുന്നുവെങ്കില്‍ അതിനോളം അപകടം വേറെയില്ല. ഇഹപരം എല്ലാം അതുമൂലം നഷ്ടപ്പെടും. കേരളത്തിലെ ഒട്ടനേകം സ്ഥാപനങ്ങള്‍ പള്ളികള്‍ അവയില്‍ നിന്നെല്ലാം ഇനി പുറത്ത് വരുന്ന ആശയം എന്തായിരിക്കും എന്ന് സ്വാഭാവികമായും ഓരോ മുസ്ലിമിനും ഭയമുണ്ട്. ആശങ്കയുണ്ട്. അത് ദീനിനോടുള്ള സ്നേഹത്തില്‍ നിന്നുണ്ടാകുന്നതാണ്. സ്വാഭാവികമായും ഇനി ഐക്യശേഷം പുലര്‍ത്താനിടയുള്ള ആദര്‍ശപരമായ നിലപാടെന്ത്‌ എന്നത് ആദര്‍ശ വിശദീകരണങ്ങളിലൂടെ കേള്‍ക്കാം എന്ന് പ്രതീക്ഷിക്കാം.  അല്ലാഹുവിന്‍റെ ദീനിന്‍റെ പേരില്‍ സച്ചരിതരായ മുന്‍ഗാമികളുടെ പാതയില്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒന്നിക്കുകയാണ് എങ്കില്‍ സംഘടനകള്‍ക്കതീതമായി ഓരോ മുസ്‌ലിമും അതാഗ്രഹിക്കുന്നവനും അതില്‍ സന്തോഷിക്കുന്നവനുമാണ്. അല്ലാഹുവിന്‍റെ ദീനായിരിക്കട്ടെ ഐക്യങ്ങളുടെ അളവുകോല്‍... ഇനിയല്ലയെങ്കില്‍ അതില്‍ തീരാ നഷ്ടക്കാരാകുന്നത് സ്വന്തം ആദര്‍ശത്തെ പണയപ്പെടുത്തുന്നവരാരോ അവര്‍ തന്നെയായിരിക്കും. അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ... തവഫനാ മുസ്‌ലിമീന വ അല്‍ഹിഖ്നാ ബിസ്വാലിഹീന്‍... യാ റബ്ബ്..

അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു: "ജൂതക്രൈസ്തവര്‍ ഭിന്നിച്ചത് പോലെ എഴുപതില്‍ പരം കക്ഷികളായി എന്‍റെ സമൂഹവും ഭിന്നിക്കും. അവയില്‍ എല്ലാം നരകത്തിലായിരിക്കും. ഒന്നൊഴികെ. സ്വഹാബത്ത് ചോദിച്ചു: ആരാണവര്‍ ?. നബി (സ) പറഞ്ഞു: "ഞാനും എന്‍റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നുവോ ആ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍".

അതാണ്‌ മാനദണ്ഡം. അത് മാത്രമാണ് വിജയത്തിന്‍റെ മാനദണ്ഡം. ആ മാര്‍ഗത്തിലാണോ നമ്മളുള്ളത് എന്ന് നാം ഓരോരുത്തരും ചിന്തിക്കുക.. അതിനുവേണ്ടി പ്രാര്‍ഥിക്കുക.. ജീവിതം ചിട്ടപ്പെടുത്തുക.. ആശയങ്ങള്‍ അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രം രൂപപ്പെടുത്തുക.. അല്ലാഹു അനുഗ്രഹിക്കട്ടെ... പ്രമാണത്തിന്‍റെ വെളിച്ചത്തില്‍ ഒന്നിക്കാനും അല്ലാഹുവിന്‍റെ ദീനിന്‍റെ സംരക്ഷകരാകാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ