Tuesday, December 13, 2016

കൃഷി ശ്രേഷ്ഠകരമായ സല്‍ക്കര്‍മ്മം



بسم الله الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

കൃഷിഭൂമി ഉല്പാദന ക്ഷമമാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്."ഏറ്റവും നല്ല സമ്പാദ്യം ഒരാള്‍ തന്‍റെ  കൈകൊണ്ട് അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതാണ്" എന്ന് നബി (സ) പറഞ്ഞതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. മാത്രമല്ല മനുഷ്യന്‍റെ നിലനില്‍പിന് ഭക്ഷ്യസുരക്ഷ ഒരവിഭാജ്യ ഘടകമാണ്. ഭക്ഷ്യ സുരക്ഷ നടപ്പാക്കാനാകട്ടെ കൃഷിഭൂമികള്‍ സംരക്ഷിക്കപ്പെടുകയും ഉല്പാദനക്ഷാമമാക്കുകയും ചെയ്യല്‍ അനിവാര്യമാണ്. അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യല്‍ അത്യധികം പ്രതിഫലാര്‍ഹമാണ്.

عن أنس رضي الله عنه، عن النبي صلى الله عليه وسلم قال : ما من مسلم يغرس غرسا أو يزرع زرعا فيأكل منه إنسان أو بهيمة إلا كان له به صدقة.
അനസ് (റ) നിവേദനം. നബി (സ) പറഞ്ഞു: "ഏതൊരു മുസ്‌ലിമും വല്ലതും നടുകയോ, കൃഷി ചെയ്യുകയോ ചെയ്‌താല്‍ അതില്‍ നിന്നും ഒരു മനുഷ്യനോ, പക്ഷിമൃഗാതികാളോ ഭക്ഷിക്കുന്ന പക്ഷം അതവന് സ്വദഖയായി രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല." - [ബുഖാരി 5/3. മുസ്‌ലിം: 3/1189].

കൃഷിഭൂമിയുള്ളവര്‍ സ്വയം കൃഷി ചെയ്യട്ടെ, അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കട്ടെ. അതല്ലാതെ അവ ഉപയോഗശൂന്യമാക്കി ഇടുന്നത് ഒരിക്കലും ശരിയല്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവ അല്ലാഹു അനുവദിച്ച മാര്‍ഗത്തിലും അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മാര്‍ഗത്തിലും ഉപയോഗപ്പെടുത്തുക എന്നത് അതി പ്രതിഫലാര്‍ഹാമായ കാര്യമാണ്. എന്നാല്‍ അത്തരം അനുഗ്രഹങ്ങളെ ഉപയോഗ ശൂന്യമാക്കി നശിപ്പിക്കുക എന്നത് സമൂഹത്തോടും, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോടും ചെയ്യുന്ന അനീതിയാണ്.

വ്യക്തി താല്പര്യങ്ങള്‍ പൊതു താല്പര്യത്തിന് വൈരുദ്ധ്യമായി വന്നാല്‍ പൊതു താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് കര്‍മശാസ്ത്രത്തിലെ ഒരടിസ്ഥാന തത്വമാണ്. അതിനാല്‍ത്തന്നെ കൃഷിഭൂമികള്‍ അന്യാധീനപ്പെട്ടു പോകാനും അത് ഉല്പാദനക്ഷമമല്ലാതായി മാറാനും ഇടവരുത്തുന്ന കാര്യങ്ങളില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം. ഗവര്‍ന്മെന്റുകള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

തന്‍റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമല്ല സമൂഹ നന്മയും കാംക്ഷിച്ചുകൊണ്ടാകണം ഒരാളുടെ പ്രവര്‍ത്തനങ്ങള്‍. തനിക്കൊരിക്കലും പ്രയോജനപ്പെടില്ല എന്ന് ഉറപ്പുള്ളപ്പോള്‍ പോലും തന്‍റെ കവൈശമുള്ള വിത്തൊരാള്‍ പാകണമെന്നാണ് മഹാനായ റസൂല്‍(സ) പഠിപ്പിച്ചത്.  എത്രത്തോളമെന്നാല്‍ നബി (സ) യില്‍ നിന്നും സ്വഹീഹായി വന്ന ഒരു ഹദീസില്‍ നമുക്ക് കാണാം:

عن أنس بن مالك رضي الله عنه، عن النبي صلى الله عليه وسلم قال: إن قامت الساعة وفي يـد أحدكم فسيلة، فإن استطاع أن لا تقوم حتى يغرسهـا فليغرسها.

അനസ് ബിന്‍ മാലിക് (റ) വില്‍ നിന്നും നിവേദനം:നബി( പറഞ്ഞു: "അന്ത്യദിനം വന്നെത്തുമ്പോള്‍ നിങ്ങളിലൊരാളുടെ കൈവശം ഒരു വിത്തുണ്ടെങ്കില്‍, അത് സംഭവിക്കുന്നതിനു മുന്‍പായി അയാള്‍ക്കത് നടാന്‍  സാധിക്കുമെങ്കില്‍, അതയാള്‍ നടട്ടെ" - [ബുഖാരി, അദബുല്‍ മുഫ്രദ് പേജ്:97, സില്‍സിലതുല്‍ അഹാദീസുസ്വഹീഹ : 1/11-13].  

സ്വാര്‍ത്ഥ മനോഭാവത്തോടു കൂടി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന പുതുതലമുറയുടെ മുന്നില്‍ ചില്ലിട്ട് സൂക്ഷിച്ച് വെക്കേണ്ട മൊഴിമുത്താണ് ഈ ഹദീസ്. അതെ, 'തനിക്കൊരിക്കലും പ്രയോജനപ്പെടില്ലെന്ന് ഉറപ്പായാല്‍ പോലും, ഒരു നന്മയില്‍ നിന്നും പിന്തിരിയാന്‍ പാടില്ല' എന്ന വലിയൊരാശയം ഈ ഹദീസ് നമ്മളെ പഠിപ്പിക്കുന്നു. അതോടൊപ്പം മരം നടുന്നത് ഒരു നന്മയാണ് എന്നും, അത് തനിക്ക് അനുഭവിക്കാനായാലും ഇല്ലെങ്കിലും അതിന്‍റെ പ്രതിഫലം തനിക്ക് ലഭിക്കുമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും അവസാന നിമിഷത്തില്‍ പോലും കൈവിടരുതെന്നും, ഈ ലോകം ഇവിടെ അവസാനിക്കുന്നില്ലെന്നതിനാല്‍ ഇവിടെ ചെയ്യുന്ന തിന്മകള്‍ക്ക് ചോദ്യം ചെയ്യപ്പെടുമെന്ന പോലെ നന്മകള്‍ക്കും, നന്മ ചെയ്യാന്‍ വേണ്ടി തുടങ്ങി വെക്കുന്ന ചവിട്ടുപടികള്‍ക്കും അല്ലാഹു അതിമഹത്തായ പ്രതിഫലം നല്‍കുമെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഒരുപാട് വിശദീകരിക്കപ്പെടേണ്ട അതിമഹത്തായ ഹദീസ് ആണ് എങ്കില്‍ക്കൂടി സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ ഉണര്‍ത്തി എന്ന് മാത്രം. അന്ത്യദിനം സംഭവിക്കുമെന്നത് കണ്‍മുന്നില്‍ കാണുന്ന വേളയില്‍ പോലും കൈവശമുള്ള വിത്ത് പാകണം എന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, അകാരണമായി കൃഷിഭൂമികള്‍ നശിപ്പിക്കുന്നത് എത്ര ഗൗരവപരമാണ് എന്നോര്‍ത്ത് നോക്കൂ.

സലഫുസ്സ്വാലിഹീങ്ങളുടെ ചര്യ പിന്തുടരുന്ന സലഫികളാണല്ലോ നാം. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ കൃഷിയോടുള്ള സമീപന, ഇമാറ ബ്ന്‍ ഖുസൈമ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: "ഉമറുബ്നുല്‍ ഖത്താബ് (റ) എന്‍റെ പിതാവിനോട് പറയുന്നതായി ഞാന്‍ കേട്ടു: താങ്കള്‍ എന്തായാലും താങ്കളുടെ ഭൂമി കൃഷി ചെയ്യണമെന്നത് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നു. അപ്പോള്‍ എന്‍റെ പിതാവ് പറഞ്ഞു: ഞാന്‍ വളരെ പ്രായാധിക്യം ചെന്ന, നാളെ മരിക്കാനിരിക്കുന്ന ഒരാളാണ്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: എങ്കിലും അങ്ങത് കൃഷി ചെയ്യണം എന്ന് തന്നെ ഞാന്‍ തറപ്പിച്ച് പറയുന്നു. അങ്ങനെ എന്‍റെ പിതാവിനോടൊപ്പം ഉമറുബ്നുല്‍ ഖത്താബ് (റ) അവ നടുന്നത്  ഞാന്‍ കണ്ടു." - [സില്‍സിലതുല്‍ അഹാദീസുസ്വഹീഹ : 1/10]. ഒരുപാട് പാഠങ്ങള്‍ ഇതില്‍നിന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഭരണാധികാരികള്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷി ഭൂമികള്‍ സംരക്ഷിക്കണം. അതിന് മാതൃക കാണിക്കുന്നവരാകണം. പ്രജകള്‍ക്ക് ഊര്‍ജവും ഉന്മേഷവും പകരണം. പറയുന്നത് സ്വയം ജീവിതത്തില്‍ ഉണ്ടാകണം. കൃഷി സലഫുകള്‍ അത്യധികം പ്രാധാന്യത്തോടെ കണ്ടിരുന്ന ഒരു കര്‍മ്മമാണ്‌... എന്നിങ്ങനെ ഒരുപാട് പാഠങ്ങള്‍.  

ഇമാം ശൗക്കാനി റഹിമഹുല്ല തന്‍റെ തഫ്സീറില്‍ പറയുന്നു: "മണ്ണില്‍ പണിയെടുക്കുന്നതും, ആളുകളെ സമീപിക്കാന്‍ ഇടവരുത്താതെ അതില്‍ നിന്ന് ലഭിക്കുന്നതുകൊണ്ട് തൃപ്തിയടയുന്നതും അതിമഹത്തായ സല്‍കര്‍മ്മമാണ്". - [ഫത്ഹുല്‍ ഖദീര്‍: 5/313]. എന്നാല്‍ അത് പ്രതിഫലാര്‍ഹമായിത്തീരണമെങ്കില്‍ അത് ഇബാദത്തുകള്‍ക്ക് തടസ്സമാകുന്ന രൂപത്തിലുള്ള കേവല ഭൗതിക നേട്ടങ്ങള്‍ മാത്രം ആഗ്രഹിച്ചുകൊണ്ടുള്ള ഒരു കൃഷിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ നിസ്വാബ് എത്തുന്നുണ്ടെങ്കില്‍ സകാത്തും കൃത്യമായി നല്‍കണം. കൃഷിയുടെ സകാത്ത് നേരത്തെ നമ്മള്‍ വിശദീകരിച്ചിട്ടുണ്ട് : വായിക്കാന്‍ ഈ ലിങ്കില്‍ പോകുക (കൃഷിയുടെ സകാത്ത്). 

"പണം നമുക്ക് ഭക്ഷിക്കാന്‍ കഴിയില്ല. ഭക്ഷിക്കണമെങ്കില്‍ അതിന് ഭക്ഷണം തന്നെ ഉല്പാദിപ്പിക്കപ്പെടണം" എന്ന തിരിച്ചറിവ് ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. പണത്തിനോടുള്ള അത്യാര്‍ത്തി കാരണം കൃഷിഭൂമി നശിപ്പിക്കുന്നവര്‍ക്കും, അവ കൃഷിചെയ്യാതെ ഉപയോഗശൂന്യമാക്കുന്നവര്‍ക്കും അല്ലാഹു സല്‍ബുദ്ധി നല്‍കുമാറാകട്ടെ... അല്ലാഹുമ്മ ആമീന്‍...

അല്ലാഹു അനുഗ്രഹിക്കട്ടെ ....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ