Tuesday, September 29, 2015

മിനയിലെ അപകടവും റൂഹാനിയുടെ ആരോപണവും പ്രതിക്കൂട്ടിലാര് ?!.

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മിനയിലെ തിക്കിലും തിരക്കിലുംപെട്ട് ഹാജിമാര്‍ മരിച്ച സംഭവം വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. മരണപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, പുണ്യകര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിക്കുക വഴി ശഹാദത്ത്  കൈവരിച്ചവരായേക്കാം എന്നത് പരിഗണിച്ചാല്‍ ഒരര്‍ത്ഥത്തില്‍ അവര്‍ക്ക് നല്ലൊരു പര്യവസാനമാണ് ലഭിച്ചതെന്ന് കരുതാം. നല്ലൊരു ദിനത്തില്‍ നല്ലൊരു സ്ഥലത്ത് വെച്ച് നല്ലൊരു കര്‍മ്മം ചെയ്യവെ മരണപ്പെടാന്‍ സാധിച്ചുവല്ലോ. അല്ലാഹു അവരില്‍ നിന്നും സ്വീകരിക്കുമാറാകട്ടെ... പക്ഷെ അതിന്  ഉത്തരവാദികളായവര്‍ ആര് എന്നത് കണ്ടെത്തേണ്ടതുണ്ട്. അക്രമിക്കപ്പെട്ടവന് സ്വര്‍ഗ്ഗം കിട്ടിയാലും അക്രമിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമല്ലോ. പല രൂപത്തിലുള്ള പ്രചാരണങ്ങളും ഇതിനകം ഇടം പിടിച്ച് കഴിഞ്ഞു. അതിലേറെയും സൗദി അറേബ്യയെയും അവിടത്തെ ഭരണകൂടത്തെയും കരിവാരിത്തേച്ചുകൊണ്ടാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്‍റെ ഉത്തരവാദി ആര് ?!.

www.fiqhussunna.com

കഴിഞ്ഞ  ഒന്നുരണ്ട് ദിവസങ്ങളിലെ മാധ്യമങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അതില്‍ വന്ന ചില തലക്കെട്ടുകളാണ് താഴെ:

മിനയിലെ അപകടം സൗദി മാപ്പ് പറയണം - ഇറാന്‍ പ്രസിഡണ്ട്‌ ഹസന്‍ റൂഹാനി.

മിനയിലെ അപകടം. കാരണം അശാസ്ത്രീയമായ ക്രമീകരണങ്ങളും സുരക്ഷാവീഴ്ചയും - ഇറാന്‍ പ്രസിഡണ്ട്‌ ഹസന്‍ റൂഹാനി.

ഹാജിമാരുടെ  ജീവന് സൗദി യാതൊരു വിലയും കല്‍പിച്ചില്ല - ഇറാന്‍ നയതന്ത്രജ്ഞന്‍.

ആരോപണങ്ങള്‍ ഒട്ടും കുറവല്ല. അനുമാനങ്ങള്‍ക്കപ്പുറം വസ്തുതകളെ വിലയിരുത്തി  നമുക്ക് കാര്യങ്ങള്‍ പഠനവിധേയമാക്കാം. എത്തവണത്തെയും പോലെ വളരെ വലിയ സുരക്ഷാ സംവിധാനമാണ് സൗദി ഹജ്ജിന് വേണ്ടി ഒരുക്കിയിരുന്നത്. ഒരുപക്ഷെ സമീപകാല സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണത്തേതിലും കൂടുതല്‍ സുരക്ഷ ഇത്തവണ ഒരുക്കിയിരുന്നു. ഹജ്ജിന് തൊട്ടുമുന്‍പ് സൗദി സന്ദര്‍ശിച്ച ഒരാള്‍ എന്ന നിലക്ക് അത് നേരിട്ട് തന്നെ കണ്ടറിയാന്‍ സാധിച്ചിട്ടുമുണ്ട്.

ഏറെ ശാസ്ത്രീയമായാണ് ജംറയും പരിസരവും ക്രമപ്പെടുത്തിയിട്ടുള്ളത്. ഹാജിമാര്‍ക്ക് വേര്‍തിരിച്ച് കല്ലെറിയാന്‍ സമയവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ദിശാബോധം നല്‍കാന്‍ സ്വയം സജ്ജരായ ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍. പോലീസ്സുകാര്‍, പട്ടാളക്കാര്‍....  പിന്നെയെങ്ങനെ ഇത്രയും വലിയൊരു വീഴ്ച സംഭവിച്ചു ?. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് ഹാജിമാര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിട്ടുള്ളത്. കുറവ് ഹാജിമാരും കൂടുതല്‍ സുരക്ഷയും ഉണ്ടായിട്ടും വീഴ്ച പറ്റിയത് എവിടെ ?!. ജംറയില്‍ ഹാജിമാര്‍ക്ക് സുഖമമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൗദി ഭരണകൂടം ഒരുക്കിയ സൗകര്യങ്ങള്‍ കാണുക:



കോഴിക്കോട് നിന്നും ഹജ്ജിന് പോയ ഒരു വ്യക്തി പറഞ്ഞത്: "ഹാജിമാര്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട സൗകര്യങ്ങള്‍ കണ്ട് ഞാന്‍ ഒരുപാട് സന്തോഷിച്ചു. അവിടത്തെ ഭരണാധികാരികള്‍ക്ക് വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. ജംറക്ക് കല്ലെറിഞ്ഞ ശേഷം മക്കയിലെത്തി ത്വവാഫും നിര്‍വഹിച്ച്  ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. എല്ലാം വളരെ വ്യവസ്ഥാപിതമായിരുന്നു. എന്നിട്ടും എങ്ങനെ സംഭവിച്ചു എന്നറിയില്ല".  

ഇവിടെയാണ്‌ ഹാജിമാര്‍ക്ക് നല്‍കപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നിടത്ത് ചിലരുടെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് നാം പരിശോധിക്കുന്നത്. റോഡ്‌ 204 ലാണ് അപകടം സംഭവിച്ചത്. കല്ലേറിന് വരുന്നവര്‍ക്കുള്ള റോട്ടില്‍ കല്ലേറ് കഴിഞ്ഞുപോകുന്നവര്‍ വന്നതാണ് അപകട കാരണം. ദൃക്സാക്ഷികളുടെ വിവരണത്തില്‍ മുന്നൂറോളം വരുന്ന ഇറാനികള്‍ വിപരീതദിശയില്‍ പോകാന്‍ ശ്രമിച്ചതാണ് അപകട കാരണം എന്ന് കാണാം. അപകടത്തില്‍ മരിച്ച കൂടുതല്‍ പേരും ഇറാനികളാണ് എന്നതും, അപകട സമയത്ത് മരണപ്പെട്ട ഇറാനികള്‍ക്ക് കല്ലെറിയാന്‍   നിശ്ചയിക്കപ്പെട്ട സമയമായിരുന്നില്ല അപകടം സംഭവിച്ച സമയമെന്നതും ആ ദൃക്സാക്ഷി വിവരണത്തിന് ഊന്നല്‍ നല്‍കുന്നു.

മനപ്പൂര്‍വം  പത്ത് പതിനഞ്ചു പേര്‍ ഒരുമിച്ച് വീണാല്‍ പോലും അതിഭയാനകമായ അപകടമുണ്ടാക്കാന്‍ സാധിക്കുന്ന വന്‍-ജനപ്രവാഹത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിപരീതദിശയില്‍ നീങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത് ആര് എന്നത് തീര്‍ച്ചയായും അന്വേഷിക്കപ്പെടേണ്ടതുണ്ട്.

ഹജ്ജില്‍ മുന്‍കാലങ്ങളില്‍ ശിയാക്കള്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ,,,  അവരുടെ ഗ്രന്ഥങ്ങളിലുള്ള ആഹ്വാനങ്ങള്‍ ,,,   ഇപ്പോള്‍ ഇറാനുമായി അവിഹിത ബന്ധമുള്ള ഹൂത്വികളും സൗദിയും തമ്മില്‍ നടക്കുന്ന യുദ്ധം ,,,  അപകട ദിവസം മുതല്‍ ഇറാന്‍ തുടങ്ങിയ സൗദി വിമര്‍ശനം  ,,,   ഇന്ന്‍ 28/09/2015 തിങ്കളാഴ്ച  യു എന്നിന്‍റെ ആസ്ഥാനത്ത് ഹസന്‍ റൂഹാനി നടത്തിയ പ്രസംഗത്തില്‍ "മിനയിലെ അപകടത്തിന് സൗദി മാപ്പ് പറയണം" എന്ന പരാമര്‍ശം ,,,  സൗദിയുടെ സുരക്ഷാ വീഴ്ചയാണ് അപകട കാരണം എന്ന  ഇറാനീ ഔദ്യോഗിക വക്താക്കളുടെ പരസ്യ പ്രസ്താവനകള്‍ ,,, ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍,  ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സൗദിയെ പ്രതിസന്ധിയിലാക്കാനുള്ള ഒരു ഗൂഡാലോചന ഈ അപകടത്തിന് പിന്നില്‍ നടന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത് തള്ളിക്കളയാനാവില്ല. തീര്‍ച്ചയായും അത് പരിശോധനാ  വിധേയമാക്കേണ്ടതുണ്ട്.

എന്തുകൊണ്ടെന്നാല്‍ മക്കയോടും, പരിശുദ്ധ ഹറമിനോടും, അഹ്ലുസ്സുന്നയോടുമുള്ള ശിയാക്കളുടെ മനോഭാവം അതിരൂക്ഷമാണ്. അഹ്ലുസ്സുന്നയോടുള്ള അവരുട വര്‍ഗീയ മനോഭാവത്തെ സംബന്ധിച്ചും, പരിശുദ്ധ ഹറമിനോടും മക്കയോടുമുള്ള അവരുടെ അനാദരവ് കലര്‍ന്ന  കാഴ്ചപ്പാടിനെക്കുറിച്ചും മനസ്സിലാക്കാന്‍ അവരുടെത്തന്നെ ഏറ്റവും സ്വീകാര്യയോഗ്യമായ മൂലഗ്രന്ഥങ്ങളിലെ ഉദ്ദരണികളിലൂടെ നമുക്ക് കണ്ണോടിക്കാം. നാം സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമും സ്വീകരിക്കുന്ന പോലെ അവര്‍ക്ക് സ്വീകാര്യ യോഗ്യമായ ഗ്രന്ഥങ്ങളില്‍ നിന്നാണ് അവ ഉദ്ദരിക്കുന്നത് എന്നത് അടിവരയിട്ട് മനസ്സിലാക്കണം. 

ഒന്ന്:  ഹജറുല്‍ അസ്'വദ് പൊളിച്ചെടുത്ത് കൂഫയില്‍ സ്ഥാപിക്കുമെന്നും, അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും, കൂഫക്കാണ് മക്കയെക്കാള്‍ പ്രാധാന്യമെന്നും പറയുന്ന ഭാഗം ശിയാക്കളുടെ ആധികാരിക ഗ്രന്ഥമായ കാശാനിയുടെ അല്‍വാഫി എന്ന ഗ്രന്ഥത്തില്‍ കാണാം:
“അല്ലയോ കൂഫക്കാരെ, അല്ലാഹു മറ്റാര്‍ക്കും നല്‍കാത്ത ഒരു ശ്രേഷ്ടത നല്‍കി നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ മുസ്വല്ലയാണ് ആദമിന്റെയും, നൂഹിന്റെയും, ഇദ്’രീസിന്‍റെയും ഇബ്രാഹീമിന്‍റെയും മുസ്വല്ല. അതില്‍ ഹജറുല്‍ അസ്’വദ് പ്രതിഷ്ടിചിട്ടല്ലാതെ ഇനി രാപ്പകലുകള്‍ നീങ്ങുകയില്ല.” –  (അല്‍വാഫി- കാശാനി : 1/215).

ഉഗ്ര ശീഈ ചിന്താഗതിക്കാരായ ഖറാമിതകള്‍ ഹിജ്റ 317 ല്‍ ഹജറുല്‍ അസ്’വദ് പോളിചെടുക്കുകയും. ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് കൂഫയിലേക്കും കൊണ്ടുപോകുകയും ചെയ്ത സംഭവം ഏവര്‍ക്കും അറിയുന്നതാണല്ലോ. അതവര്‍ വെറുതെ ചെയ്തതല്ല. മറിച്ച് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമായി ചെയ്തതാണ് എന്ന് വ്യക്തമാക്കാനാണ് മക്കയെക്കാള്‍ ശ്രേഷ്ഠതയും ഹജറുല്‍ അസ്'വദ് സ്ഥാപിക്കപ്പെടേണ്ടതും കൂഫയിലെ ശീഈ പള്ളിയിലാണ് എന്ന അവരുടെ ആധികാരിക ഗ്രന്ഥത്തിലെ ഉദ്ദരണി ഇവിടെ പ്രതിപാദിച്ചത്.

അവര്‍ ഹജറുല്‍ അസ്'വദ് പൊളിച്ചുകൊണ്ടുപോയ കാലഘട്ടത്തില്‍ ജീവിച്ച അഹ്ലുസ്സുന്നയുടെ ഫുഖഹാക്കളില്‍പ്പെട്ട ഏറെ പ്രശസ്തനായ ഇമാമാണ് ഇമാം ഖിറഖി റഹിമഹുല്ല. അദ്ദേഹം തന്‍റെ ഫിഖ്ഹ് ഗ്രന്ഥത്തില്‍ ത്വവാഫിനെ സംബന്ധിച്ച് വിശദീകരിക്കുന്ന സമയത്ത്: "ഹജറുല്‍ അസ്'വദിനെ ചുംബിക്കുക. ഹജര്‍ അവിടെ ഉണ്ടെങ്കില്‍" എന്നുപോലും രേഖപ്പെടുത്തിയതായിക്കാണാം. കാരണം അദ്ദേഹം ആ ഗ്രന്ഥം രചിക്കുന്ന കാലത്ത് കഅബയില്‍ ഹജറുല്‍ അസ്'വദ് ഇല്ലായിരുന്നു. 23 വര്‍ഷക്കാലം ഹജറുല്‍ അസ്'വദ് ഇല്ലാതെയാണ് ഹാജിമാര്‍ കഅബയെ ത്വവാഫ് ചെയ്തത് എന്നത് നാമോര്‍ക്കണം. കഅബയെപ്പോലും മാനിക്കാത്ത അഹങ്കാരികള്‍.

രണ്ട്: ഇവരെങ്ങനെ കഅബയെ ആദരിക്കും. തങ്ങളുടെ ശിര്‍ക്ക് കുറാഫാത്തിന്‍റെയും അനാചാരങ്ങളുടെയും ഉറവിടമായ കര്‍ബലയാണ് മക്കയെക്കാളും ഉത്തമം എന്ന് പറയുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്. ഒരുപക്ഷേ ഈ വിശ്വാസം ഉള്ളതിനാലാകാം ഹജറുല്‍ അസ്'വദ് പൊളിച്ചു കടത്തിയത്.  ആധികാരികമായ ഒന്നിലധികം ശീഈ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ഹദീസില്‍ അവര്‍ പറയുന്നത് കാണുക:

അബൂ അബ്ദില്ലാഹ് നിവേദനം: കഅബം നിലകൊള്ളുന്ന ഭൂമി പറഞ്ഞു: "അല്ലാഹുവിന്‍റെ ഭവനമായ (കഅബ) എന്‍റെ മേലാണ് പണിഞ്ഞത് എന്നിരിക്കെ, ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും ആളുകള്‍ എന്നെ ലക്ഷ്യമാക്കി വരുന്നു എന്നിരിക്കെ, അല്ലാഹുവിന്‍റെ പവിത്രവും സുരക്ഷിതവുമാക്കപ്പെട്ട സ്ഥലമായി എന്നെ നിശ്ചയിച്ചിരിക്കെ എന്നെപ്പോലെ ശ്രേഷ്ടതയുള്ള മറ്റാരാണുള്ളത്". ഇത് പറഞ്ഞപ്പോള്‍ അല്ലാഹു കഅബം നിലകൊള്ളുന്ന ഭൂമിക്ക് ഇപ്രകാരം വഹ്'യിറക്കി: "നീ നിര്‍ത്തുക. കര്‍ബലക്ക് ഞാന്‍ നല്‍കിയ ശ്രേഷ്ടതയെ അപേക്ഷിച്ച് നിനക്ക് യാതൊരു ശ്രേഷ്ടതയുമില്ല. സമുദ്രത്തില്‍ ഒരു സൂചി മുക്കിയെടുത്താല്‍ എത്ര വെള്ളം അതില്‍ തങ്ങി നില്‍ക്കുമോ അത്രമാത്രമല്ലാതെ. കര്‍ബലയിലെ മണ്ണെങ്ങാനും ഇല്ലായിരുന്നുവെങ്കില്‍ നിനക്ക് യാതൊരു ശ്രേഷ്ഠതയും ഉണ്ടാകുമായിരുന്നില്ല. കര്‍ബലയിലടങ്ങിയ ശ്രേഷ്ടത ഇല്ലായിരുന്നുവെങ്കില്‍ നിന്നെയോ നീ അഭിമാനം കൊണ്ട നിനക്കുമുകളിലുള്ള ഭാവനത്തെയോ സൃഷ്ടിക്കപ്പെടുമായിരുന്നില്ല". -
(കമിലുസ്സിയാറാത്ത്  : പേജ്: 449, മജ്'ലിസിയുടെ ബീഹാറുല്‍ അന്‍വാര്‍: വോ:98 പേജ്: 106). 
 
മൂന്ന്:
അവരുടെ വിശ്വാസപ്രകാരമുള്ള മഹ്ദി ഇപ്പോഴും മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഒരുനാള്‍ അയാള്‍ മാളത്തില്‍ നിന്നും പുറത്ത് വരും. അതിനായി വഴിപാടുകള്‍ നേരുകയാണല്ലോ ലോകമെമ്പാടുമുള്ള ശിയാക്കള്‍. എന്നാല്‍ തങ്ങളുടെ വിശ്വാസപ്രകാരമുള്ള മഹ്ദി വന്നാല്‍ അയാള്‍ ഒരുപാട് പേരെ കൊന്നൊടുക്കുമത്രെ. അതില്‍ ആദ്യം കൊല്ലുന്നത് പരിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായി നബി (സ) വസ്വിയത്ത് ചെയ്ത ബനൂ ശൈബ ഗോത്രക്കാരെയായിരിക്കുമെന്നും അവരുടെ ഗ്രന്ഥത്തില്‍ കാണാം... കഅബയോടും അതിന്‍റെ സൂക്ഷിപ്പുകാരോടുമുള്ള അവരുടെ അമര്‍ഷം ഇതില്‍ നിന്നും വ്യക്തമാണല്ലോ. അവര്‍ പറയുന്നു:

“എട്ട് മാസത്തേക്ക് അദ്ദേഹത്തിന്‍റെ വാള്‍ ഉറയില്‍ പ്രവേശിക്കില്ല. ഒരുപാട് പേരെ കൊന്നൊടുക്കും. ബനൂ ശൈബയില്‍ നിന്നായിരിക്കും തുടക്കം” -
(അല്‍ഗൈബ – ത്വൂസി: 209)

നാല്:  അതുപോലെ അവരുടെ വിശ്വാസപ്രകാരമുള്ള മഹ്ദി വന്നാല്‍ മസ്ജിദുല്‍ ഹറാം പൊളിക്കുകയും ബനൂ ശൈബക്കാരെ കശാപ്പു ചെയ്യുകയും ചെയ്യുമത്രേ. അവര്‍ പറയുന്നു :

“മഹ്ദി വന്നാല്‍ മസ്ജിദുല്‍ ഹറാം പൊളിക്കുകയും ബനൂ ശൈബ ഗോത്രക്കാരുടെ കൈവെട്ടി കഅബയില്‍ തൂക്കുകയും ചെയ്യും. എന്നിട്ട് അതിന്‍റെ മേല്‍ ഇവരാണ് കഅബയെ കൊള്ളയടിച്ചവര്‍ എന്ന് എഴുതി വെക്കുകയും ചെയ്യും” (അല്‍ഇര്‍ഷാദ്- മുഫീദ്:411, അല്‍ഗൈബ – ത്വൂസി: 282)

അഹ്ലുസ്സുന്നയെ നാസ്വിബിയാക്കള്‍ എന്നാണ് ശിയാക്കള്‍ അഭിസംബോധനം ചെയ്യാറ്. ഇത് അവരുടെ ഗ്രന്ഥത്തില്‍ത്തന്നെ പരാമര്‍ശിച്ചിട്ടുമുണ്ട്: “അബൂബക്കര്‍ (റ) വിനെയും, ഉമര്‍ (റ) വിനെയും അലി (റ) വിനേക്കാള്‍ മുന്തിക്കുന്നവര്‍ നാസ്വിബികളാണ് ”. – (അസറാഇര്‍ : 471, വസാഇലുശീഅ : 6/341,342)

അതുകൊണ്ടുതന്നെ ഇനി പരാമര്‍ശിക്കപ്പെടുന്ന ഉദ്ദരണികളില്‍ നാസ്വിബിയാക്കള്‍ എന്ന പ്രയോഗമുണ്ടെങ്കില്‍ അത് നമ്മെക്കുറിച്ചാണ് എന്ന്  വായനക്കാര്‍ മനസ്സിലാക്കുക. സൈദികളെയും അവര്‍ ഈ ഗണത്തില്‍ പെടുത്തുന്നു. എന്നാല്‍ ജാറൂദീ സൈദികളെ അഥവാ ഹൂഥികളെ അവര്‍ ഈ ഗണത്തില്‍ പെടുത്തുന്നില്ല. ഇത് അവാഇലുല്‍ മഖാലാത്ത് എന്ന ഗ്രന്ഥത്തിലെ  :  പേജ് 39 ല്‍ പ്രത്യേകം പ്രതിപാദിക്കുന്നത് കാണാം.

അതായത് അഹ്ലുസ്സുന്നയോട് അല്പമെങ്കിലും സാമ്യതയുള്ള സൈദികളും ശിയാക്കളുടെ കണ്ണില്‍ നാസ്വിബിയാക്കള്‍ തന്നെയാണ്. എന്നാല്‍ സൈദികള്‍ എന്ന് അവകാശപ്പെടുന്ന ഹൂത്വികളെ ഇവര്‍ നാസ്വിബിയാക്കളായി കണക്കാക്കുന്നില്ല. കാരണം ഹൂത്വികള്‍ അവരുടെ ഇറാനിയന്‍-സ്വഫവീ വിപ്ലവത്തിന്റെ ഭാഗമാണ് എന്ന് അവര്‍ തന്നെ പ്രസ്ഥാവിചിട്ടുണ്ട്. ഹൂത്വികള്‍ അഹ്ലുസ്സുന്നയോട് സാമ്യമുള്ള സൈദികളാണ് എന്നും അവര്‍ക്ക് ഇറാനിലെ ഇമാമിയാ ശീഇസവുമായി ബന്ധമില്ലെന്നും. അവര്‍ നവോദ്ധാന നായകന്മാരാണെന്നും  നമ്മുടെ നാട്ടിലെ ചില ജമാഅത്തുകാരും, എന്‍ ഡി എഫുകാരും പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇതിവിടെ പ്രത്യേകം സൂചിപ്പിച്ചത്. ഹൂത്വികള്‍ സൈദിയ്യ അല്‍ ജാറൂദിയ്യ അഥവാ ജാറൂദീ സൈദികള്‍ എന്നാണ് അറിയപ്പെടുന്നത്. അവരാകട്ടെ യമനില്‍ രണ്ട് ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍ അഹ്ലുസ്സുന്നയോട് സാദൃശ്യമുള്ള സൈദികള്‍ യമനില്‍ 25% ഉണ്ട്. അവരാകട്ടെ ശിയാക്കളുടെ കണ്ണില്‍ നാസ്വിബിയാക്കളാണ്താനും. ഹൂഥികളും സൈദികളും രണ്ടും രണ്ട് വിഭാഗമാണ്‌ എന്നര്‍ത്ഥം.

അഞ്ച്:
അഹ്ലുസ്സുന്നയുടെ പണം അപഹരിക്കല്‍ ശിയാ വിശ്വാസപ്രകാരം തെറ്റല്ല. ഇതെന്‍റെ ആരോപണമല്ല. അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നായ ത്വൂസിയുടെ തഹ്ദീബുല്‍ അഹ്കാമില്‍ പറയുന്നത് കാണുക:

“ അവസരം കിട്ടുമ്പോഴെല്ലാം നാസ്വിബിയാക്കളുടെ പണം നിങ്ങള്‍ അപഹരിച്ചുകൊള്ളുക. അതില്‍ നിന്ന് അഞ്ചിലൊന്ന് നമുക്ക് നല്‍കുകയും ചെയ്യുക ” –
(തഹ്ദീബുല്‍ അഹ്കാം – ത്വൂസി : 1/384)

അഹ്ലുസ്സുന്നയെയും അവരോട് സാമ്യമുള്ള സൈദികളെയും ശിയാക്കള്‍ നാസ്വിബിയാക്കള്‍ എന്നാണ് വിളിക്കുന്നത് എന്ന് തെളിവ് സഹിതം  പറഞ്ഞുവല്ലോ. മക്കയിലും മദീനയിലും വച്ച് പണം അപഹരിക്കപ്പെടുമ്പോള്‍ ഇനി ഇവിടെയും ഇത് മോഷ്ടിക്കുന്നവരുണ്ടോ എന്ന് ആശങ്കപ്പെടേണ്ടതില്ല. അത് പുണ്യകര്‍മ്മമായി കരുതുന്ന ചിലരുണ്ട്താനും. തീര്‍ന്നില്ല അവര്‍ പറയുന്നു:


“അവരില്‍ നിന്നും പലിശ വഴിയോ, വഞ്ചന വഴിയോ ആണ് അത് കരസ്ഥമാക്കിയത് എങ്കില്‍ അത് മറ്റു തൊഴിലുകള്‍ വഴി കിട്ടുന്നത് പോലെയാണ്. അതിനാല്‍ ഒരു വര്‍ഷത്തെ ചിലവ് കഴിച്ച് ബാക്കിയുണ്ടെങ്കില്‍ അഞ്ചിലൊന്ന് നല്‍കിയാല്‍ മതി. എന്നാല്‍ അത് പരിഗണിക്കാതെ തന്നെ അഞ്ചില്‍ ഒന്ന് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ഉത്തമം”
– (ഹിദായതുല്‍ ഇബാദ് – ശരീഅത്ത് മദാരി: 168,  ഉര്‍വതുല്‍ വുസ്ഖ – യസ്ദി : 2/367,368).  

ശിയാക്കള്‍ പൂര്‍ണമായി സ്വീകാര്യയോഗ്യമായിക്കാണുന്ന ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നും ഇനിയും ഇപ്രകാരമുള്ള നൂറ് കണക്കിന് ഉദ്ദരണികള്‍ ഉദ്ദരിക്കാന്‍ നമുക്ക് സാധിക്കും. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ മിനയിലെ സംഭവത്തിനു പിന്നില്‍ ഒരു ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അതില്‍ അതിശയപ്പെടാനൊന്നുമില്ല. ഏതായാലും ഇവരാണ് സുരക്ഷയില്‍ വീഴ്ചയുണ്ടായി എന്ന ആരോപണവുമായി ഹറം സംരക്ഷണത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത് കടന്നുവരുന്നത് എന്നോര്‍ക്കുക. 

അന്വേഷണങ്ങള്‍ പുരോഗമിക്കട്ടെ.. വസ്തുതകള്‍ പുറത്ത് വരുന്നതിനായി നമുക്ക് കാതോര്‍ക്കാം... ഹാജിമാരുടെ സുഖ സൗകര്യങ്ങള്‍ക്കായി അഹോരാത്രം പരിശ്രമിക്കുന്ന സൗദി ഭരണകൂടത്തെ മിനാ സംഭവത്തെ മുന്‍നിര്‍ത്തി കരിവാരിത്തേക്കാന്‍ ചിലര്‍ നടത്തുന്ന അദ്ധ്വാനം കണ്ടപ്പോള്‍ നാമറിയേണ്ട ചില വസ്തുതകള്‍ വ്യക്തമാക്കി എന്ന് മാത്രം...

കഅബയെ ആദരിക്കുന്നവര്‍ ആര് നിന്ദിക്കുന്നവര്‍ ആര് എന്ന് വസ്തുതകളെ മുന്‍നിര്‍ത്തി നാം വിലയിരുത്തുക... അല്ലാഹു പവിത്രമാക്കിയ പ്രദേശങ്ങളെ നിന്ദിക്കാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ ആരായാലും അവരെ അല്ലാഹു മാലോകര്‍ക്ക് മുന്‍പില്‍ തുറന്ന് കാട്ടുകയും നിന്ദ്യരാക്കുകയും ചെയ്യട്ടെ... അവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് ദുനിയാവിലും ആഖിറത്തിലും ആദരവും ഔന്നത്യവും നല്‍കട്ടെ ....  എന്ന് നമുക്ക് പ്രാര്‍ഥിക്കാം... ഇബ്നു സബഇന്‍റെ പിന്‍തലമുറക്കാരായ ശിയാക്കളെ വെള്ള പൂശാനും അഹ്ലുസ്സുന്നയെ കരിവാരിത്തേക്കാനും ശ്രമിക്കുന്ന ശിയാ-ജൂത കൂട്ടുകെട്ടില്‍ നിന്നും അല്ലാഹു നമ്മെ സംരക്ഷിക്കുമാറാകട്ടെ...