ചോദ്യം: എൻ്റെ ഭാര്യ
ഒരു മാസം ഗർഭിണിയാണ്. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ നേരത്തെ തന്നെ മരുന്ന് കഴിക്കുന്നുണ്ട്. മരുന്ന് നിർത്തിയാൽ വിഭ്രാന്തിയുണ്ടാകും.
Aprizol 15 mg എന്ന മരുന്നാണ് കഴിക്കുന്നത്. ഞങ്ങൾ കാണിക്കുന്ന ഡോക്ടർ ഗർഭം
നീക്കം ചെയ്യാൻ നിർദേശിച്ചു. എന്താണ് ഇതിലെ മതവിധി ?.
www.fiqhussunna. com
ഉത്തരം:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
അല്ലാഹു സബ്ഹാനഹു വ തആല നിങ്ങളുടെ ഭാര്യയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കുമാറാകട്ടെ. നിങ്ങളുടെയും ഭാര്യയുടെയും ക്ഷമക്കും സഹനത്തിനും അല്ലാഹു തക്കതായ പ്രതിഫലം നൽകുകയും ചെയ്യട്ടെ.
ഗർഭം അലസിപ്പിക്കൽ
അടിസ്ഥാനപരമായി നിഷിദ്ധമാണ്. എന്നാൽ ഗർഭത്തിന് നാൽപത് ദിവസം പ്രായമെത്തുന്നതിന് മുൻപ്
ആ ഗർഭം തുടരുന്നതുകൊണ്ട് വളരെയധികം പ്രയാസകരമായ കാര്യങ്ങൾ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്
എന്ന് മൂന്ന് ഡോക്ടർമാരുടെ പഠനത്തിൽ തെളിഞ്ഞാൽ നാൽപത് ദിവസം പ്രായമെത്തിയിട്ടില്ല എങ്കിൽ
മാത്രം അത് റിമൂവ് ചെയ്യാൻ അനുമതിയുണ്ട്. കാരണം നാൽപത് ദിവസത്തിന് മുൻപ് കുഞ്ഞിന്
റൂഹ് നൽകപ്പെട്ടിട്ടില്ല എന്നതിനാൽ അനിവാര്യമെന്ന് പഠനത്തിൽ തെളിഞ്ഞാൽ റിമൂവ് ചെയ്യാം.
എന്നാൽ നാൽപത് ദിവസം പിന്നിട്ടാൽ ഒരിക്കലും നീക്കം ചെയ്യാൻ പാടില്ല. മാതാവിന്റെ മരണത്തിന്
ആ ഗർഭം നിലനിൽക്കുന്നത് കാരണമാകും എന്നുണ്ടെങ്കിൽ മാത്രമേ നാൽപത് ദിവസത്തിന് ശേഷം ഗർഭം
റിമൂവ് ചെയ്യാൻ അനുവാദമുള്ളൂ മാതാവും കുഞ്ഞും മരിക്കും എന്ന ഘട്ടത്തിൽ ഒരാളെയെങ്കിലും
രക്ഷപ്പെടുത്തുക എന്ന അർത്ഥത്തിലാണ് അത്. അത്തരം ഒരു സാഹചര്യം ഉണ്ട് എന്നതും മൂന്ന്
ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. മറ്റു വല്ല കാരണങ്ങളാലും നാൽപത് ദിവസം പിന്നിട്ട ശേഷം
ആരെങ്കിലും ഗർഭം അലസിപ്പിച്ചാൽ അവർ കൊലപാതകം എന്ന മഹാപാപം ചെയ്യുന്നവരായിരിക്കും. കാരണം
നാല്പത് ദിവസം പ്രായമെത്തുമ്പോൾ കുഞ്ഞിന് റൂഹ് ഉണ്ട്. അതിനാൽ അപ്രകാരം ചെയ്തുപോയവർ
ഉണ്ടെങ്കിൽ തൗബ ചെയ്യുകയും, പ്രായശ്ചിത്തമായി
രണ്ടു മാസം നോമ്പ് നോൽക്കുകയും, അതിനു സാധിക്കാത്തവർ
60 പാവങ്ങൾക്ക് ഭക്ഷണം നൽകുകയും
ചെയ്യണം. അതോടൊപ്പം ഈ കൊലപാതകത്തിൽ പങ്കില്ലാത്ത ആ കുഞ്ഞിന്റെ അനന്തരാവകാശികൾക്ക്
(സ്ത്രീയുടെ നഷ്ടപരിഹാരത്തുകയുടെ പത്തിലൊന്ന്) അതായത് 26.5 പവൻ സ്വർണ്ണം നഷ്ടപരിഹാരമായി നല്കുകയും ചെയ്യണം. ഇത് സാന്ദർഭികമായി
സൂചിപ്പിച്ചു എന്ന് മാത്രം.
അതുമായി ബന്ധപ്പെട്ട്
തെളിവ് സഹിതം വിശദമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ കാണാവുന്നതാണ്:
നിങ്ങളുടെ വിഷയത്തിൽ ഭ്രൂണത്തിന് നാല്പത് ദിവസം തികഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് നീക്കം ചെയ്യേണ്ട അനിവാര്യത ഉണ്ടെങ്കിൽ നീക്കം ചെയ്യാമെങ്കിലും അനിവാര്യത ഉണ്ടോ എന്നത് ഡോക്ടർമാർ വിലയിരുത്തേണ്ടതുണ്ട്. നിങ്ങളോട് ഡോക്ടർ പറഞ്ഞത് നാം മുഖവിലക്കെടുക്കുന്നില്ല. കാരണം ഇന്ത്യയിൽ പൊതുവേ ഡോക്ടർമാർ മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറയുമ്പോഴേക്ക് ഗർഭം അലസിപ്പിക്കണം എന്ന് പറയാറുണ്ട്. ഇവിടത്തെ നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായിരിക്കാം അത്.
അൽഹംദുലില്ലാഹ് InTheShade
Medical Desk എന്ന പേരിൽ വൈദ്യശാസ്ത്രപരവും
മതപരവുമായ കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഡോക്ടർമാരും മതപരമായി പഠിച്ചവരും അടങ്ങിയ ഒരു
സംഘം നമ്മൾ രൂപീകരിച്ചിട്ടുണ്ട്. ആ കൂട്ടായ്മയിൽ
നിങ്ങളുടെ വിഷയം പഠിച്ച ശേഷം ഞങ്ങൾക്ക് എത്താൻ സാധിച്ച നിലപാട് ആണ് താഴെ കൊടുക്കുന്നത്:
മഞ്ചേരി മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ
ഡോ. അബ്ദുറസാഖുമായി ഡോ. മുഹമ്മദ് കുട്ടി ഈ വിഷയത്തിൽ ചർച്ച നടത്തിയത് പ്രകാരം നിങ്ങൾ
ഗർഭം നീക്കം ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് എത്താൻ സാധിച്ചത്. കാരണം നിങ്ങൾ ഉപയോഗിക്കുന്ന
മരുന്നിനേക്കാൾ ഗർഭസമയത്ത് ഉപയോഗിക്കാൻ സുരക്ഷിതമായ മറ്റ് മരുന്നുകൾ ഇന്ന് നിലവിലുണ്ട്.
അതുകൊണ്ട് ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്ന് മാറ്റി ഗർഭകാലത്ത് ഉപയോഗിക്കാൻ സുരക്ഷിതമായ മരുന്ന് നൽകാൻ
നിർദേശിക്കുകയും അത് ഉപയോഗിക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. ഗർഭം നീക്കം ചെയ്യാൻ പാടില്ല.
സാന്ദർഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം വൈദ്യശാസ്ത്രപരമായി ഒരു സ്ത്രീ ഗർഭം ധരിച്ചാൽ അത് നിർബന്ധമായും നീക്കം ചെയ്യേണ്ട അവസ്ഥ വരും എന്ന് മുൻകൂട്ടി ഡോക്ടർമാർ കണ്ടെത്തിയ കേസുകളിൽ മെഡിക്കൽ ഡസ്ക് സാഹചര്യം പരിശോധിച്ച ശേഷം അനിവാര്യമെങ്കിൽ ഗർഭനിരോധന മാർഗം സ്വീകരിക്കുകയാണ് വേണ്ടത്. അത്തരം സാഹചര്യങ്ങളിൽ ഗർഭം ധരിക്കുകയും പിന്നീട് അത് നീക്കം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നതിന് പകരം ഗർഭം ഉണ്ടാകാതിരിക്കാനുള്ള മാർഗം ആണല്ലോ സ്വീകരിക്കേണ്ടത്. അതുകൊണ്ടാണ് അത്തരം സാഹചര്യം ഉള്ളവർ മുൻകൂട്ടി അറിയിക്കണം എന്ന് പറഞ്ഞത്.
അല്ലാഹു ഇതുമായി ബന്ധപ്പെട്ട്
പ്രവർത്തിക്കുന്ന മെഡിക്കൽ ഡസ്കിലെ ഓരോ അംഗങ്ങൾക്കും തക്കതായ പ്രതിഫലം നൽകട്ടെ. അല്ലാഹു
തൃപ്തിപ്പെടുന്ന രൂപത്തിൽ പ്രവർത്തിക്കാനുള്ള തൗഫീഖ് നൽകുകയും ചെയ്യുമാറാകട്ടെ. അല്ലാഹു
നിങ്ങൾക്കും ഭാര്യക്കും കണ്‍കുളിർമയേകുന്ന സ്വാലിഹീങ്ങളായ സന്താനങ്ങളെ പ്രദാനം ചെയ്യുമാറാകട്ടെ.
അല്ലാഹുമ്മ ആമീൻ .....
_________________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ