Tuesday, September 15, 2015

പൂച്ചയെ വിലകൊടുത്ത് വാങ്ങാൻ പാടുണ്ടോ ?.



ചോദ്യം: പൂച്ചയെ വിലകൊടുത്ത് വാങ്ങാൻ പാടുണ്ടോ ?.

www.fiqhussunna.com

ഉത്തരം:


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

പൂച്ചയെ വളർത്തൽ അനുവദനീയമാണ്. എന്നാൽ പൂച്ചയെ വിലകൊടുത്ത് വാങ്ങാനോ വിൽക്കാനോ പാടില്ല. പൂച്ചയെ കച്ചവടം ചെയ്യാൻ പാടില്ല എന്നത് സ്വഹീഹായ ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഇമാം മുസ്‌ലിം റഹിമഹുല്ലാഹ് ഉദ്ദരിച്ച ഒരു ഹദീസിൽ ഇപ്രകാരം കാണാം:

عَنْ أَبِي الزُّبَيْرِ قَالَ : سَأَلْتُ جَابِرًا عَنْ ثَمَنِ الْكَلْبِ وَالسِّنَّوْرِ قَالَ : زَجَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ذَلِكَ.

അബുസ്സുബൈറിൽ നിന്നും നിവേദനം: ഞാൻ ജാബിർ (റ) വിനോട് നായയുടെയും പൂച്ചയുടെയും വിലയായി ലഭിക്കുന്ന പണത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "നബി(ﷺ) അത് വിലക്കിയിട്ടുണ്ട്". - [സ്വഹീഹ് മുസ്‌ലിം : 1569].

عَنْ جَابِرٍ بن عبد الله رضي الله عنهما قَالَ : نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ثَمَنِ الْكَلْبِ وَالسِّنَّوْرِ

ഇമാം അബൂ ദാവൂദ് ഉദ്ദരിച്ച മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ജാബിർ (റ) നിവേദനം: "നായയെയും പൂച്ചയെയും വിറ്റ് കിട്ടുന്ന പണം നബി (ﷺ) വിലക്കിയിട്ടുണ്ട്" - [അബൂദാവൂദ് : 3479. ശൈഖ് അൽബാനി റഹിമഹുല്ലാഹ് ഈ ഹദീസ് സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്].

തത് വിഷയത്തിൽ അഭിപ്രായഭിന്നത ഉണ്ടെങ്കിലും ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ പൂച്ചയെ വില്പന നടത്തുന്നതും പണം കൊടുത്ത് വാങ്ങിക്കുന്നതും നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം.

നായയുടെ വിഷയത്തിലും അഭിപ്രായഭിന്നതയുണ്ട്. എന്നാൽ കൃഷിക്കും മാടുകൾക്കും കാവലിനായി ഉപയോഗിക്കുന്ന നായയും വേട്ട നായയും വിൽക്കുകയും വാങ്ങുകയുമാകാം എന്നതാണ് ശൈഖ് സുലൈമാൻ റുഹൈലി ഹഫിദഹുല്ലയുടെ അഭിപ്രായം. അദ്ദേഹം നേരത്തെ അത് പാടില്ല എന്ന നിലപാടിലായിരുന്നു എങ്കിലും പിന്നീട് അനുവദനീയമാണ് എന്ന് പറഞ്ഞതായിക്കാണാം. എന്നാൽ ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ല അനുവദിക്കപ്പെട്ട ഉപയോഗങ്ങൾക്കാണെങ്കിൽ പോലും  നായയെ പണം കൊടുത്ത് വാങ്ങാൻ പാടില്ല എന്ന അഭിപ്രായക്കാരനാണ്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയും ഈ അഭിപ്രായക്കാരനാണ്. ഇനി ഒരാൾക്ക് അത് അനിവാര്യമായി വരുകയും പണം കൊടുത്തല്ലാതെ കിട്ടാത്ത സാഹചര്യം വരികയും ചെയ്‌താൽ അവിടെ അത് കച്ചവടം ചെയ്യുന്നവന്റെ മേലാണ് കുറ്റം. ഏതായാലും അലങ്കാരത്തിനും മറ്റുമായി വീടുകളിൽ വളർത്തു നായകൾ പാടില്ല എന്നതും, അവയെ വിലകൊടുത്ത് വാങ്ങാനോ വിൽക്കാനോ പാടില്ല എന്നതും ഏകാഭിപ്രായമുള്ള കാര്യമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ....