Monday, March 30, 2015

ഹൂഥികളും ചില കേരളീയരും തമ്മില്‍ അവിഹിത ബന്ധമോ ?!.

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

'ആസ്വിഫതുല്‍ ഹസം'  നേട്ടങ്ങള്‍ കൈവരിച്ച് ദൗത്യവുമായി മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലെ ചില അവിഹിത ബന്ധങ്ങളും പുറത്ത് വരുന്നത് അതിന്‍റെ നേട്ടങ്ങളില്‍ ഒന്നായി എണ്ണാം.

വര്‍ഗ്ഗീയതയെ മുതലെടുത്ത്‌ ജീവിക്കുന്ന ഹൂതീ, ലബനാനിലെ ഹിസ്ബുശൈത്താന്‍ എന്നിവയെ മുന്‍പും ഇപ്പോഴും വാനോളം പുകഴ്ത്തി പരിശുദ്ധരാക്കി വാഴിക്കുകയാണ് ചില പ്രസ്ഥാനക്കാര്‍. ഇസ്‌ലാമിക രാഷ്ട്രം എന്നതാണ് ഇവരുടെ ലക്ഷ്യമായി ഇവര്‍ പറയുന്നത് എങ്കിലും അവര്‍ക്ക് ലോകത്ത് ഏറ്റവും ശത്രുതയുള്ള രാജ്യം ഏത് എന്ന് ചോദിച്ചാല്‍, പെട്ടെന്ന് തന്നെ മറുപടി വരും, 'ലോകത്ത് ശരീഅത്ത് (വിശ്വാസ തലത്തിലും, നിയമ തലത്തിലും) നടപ്പാക്കുന്ന ഏക രാഷ്ട്രമായ, മക്കയും മദീനയും സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയാണ് അവരുടെ മുഖ്യശത്രു'.

ഉറ്റ മിത്രമോ ഇറാന്‍ !... സിറിയയിലെ പാവപ്പെട്ട രണ്ടര ലക്ഷത്തോളം വരുന്ന  മുസ്‌ലിമീങ്ങളെ അറുകൊല ചെയ്തതില്‍ ഹിസ്ബുശൈത്താന്റെയും ഇറാനിയന്‍ സൈന്യത്തിന്റെയും പങ്ക് ലോകത്തുള്ള സര്‍വ മുസ്ലിമീങ്ങളും അറിഞ്ഞിട്ടും, സിറിയന്‍ വിമോചന സഖ്യം തന്നെ ലോകത്തോട് പല തവണ അത് വിളിച്ചുപറഞ്ഞിട്ടും ഇവര്‍ മാത്രം അതറിഞ്ഞിട്ടില്ല ... അത്ഭുതം തന്നെ !..

'ഹൂഥികള്‍ കടമ്പകള്‍ കടന്നെത്തിയ നവോദ്ധാന പ്രവര്‍ത്തകര്‍' ഇതാണ് തേജസുകാരന്‍ ഹൂഥികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം. എന്നാല്‍ തേജസിലെ റിപ്പോര്‍ട്ടുകളിലുള്ള വൈരുധ്യങ്ങളിലേക്ക് അല്പം കണ്ണോടിക്കാം..

1-  തേജസുകാരന്‍ പറയുന്നു : "സംഘം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ മുന്‍ ഏകാധിപതി അലി അബ്ദുല്ലാഹ് സ്വാലിഹ് അടക്കമുള്ളവര്‍ ഇവര്‍ക്കെതിരെ കടുത്ത വിവേചനം കാണിച്ചു."  . ലേഖനത്തിലുടനീളം ഏകാധിപതി അലി സ്വാലിഹും ഹൂഥികളും ബദ്ധവൈരികളാണ് എന്ന് തെളിയിക്കാനാണ് തേജസിന്റെ ശ്രമം. എന്നാല്‍ ഇതേ അലി അബ്ദല്ലാഹ്  സ്വാലിഹുമായി ചേര്‍ന്നാണ് ഹൂഥികള്‍ സൗദിക്കെതിരെ പോരാടുന്നത് എന്നതിനെ തേജസുകാരന്‍ എങ്ങനെ നോക്കിക്കാണുന്നു എന്നറിയില്ല. പക്ഷെ നമുക്കതില്‍ ഒരുപാട് പാഠമുണ്ട്. അഹ്ലുസ്സുന്ന തിങ്ങിപ്പാര്‍ത്തിരുന്ന മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തി, ഹൂഥികള്‍ ജനങ്ങളെ പട്ടിണിക്കിട്ടത് ഈ പറഞ്ഞ ഏകാധിപതിയുടെ കാലത്താണ്. അന്ന് അവരെ സഹായിക്കാന്‍ ഇയാള്‍ ഒന്നും ചെയ്തില്ല. ഹൂഥികള്‍ യമന്‍ കയ്യടക്കാന്‍ വന്നപ്പോള്‍ പ്രത്യക്ഷത്തില്‍ അവരുടെ ശത്രുവായി അഭിനയിച്ച അലി സ്വാലിഹ് മുന്‍പ് പറഞ്ഞുറപ്പിച്ചത് പോലെ ഹൂഥികള്‍ക്ക് അരങ്ങൊഴിഞ്ഞു കൊടുത്തു. 'ആസ്വിഫതുല്‍ ഹസം' തുടങ്ങിയപ്പോള്‍ സൗദിക്കും സഖ്യകക്ഷികള്‍ക്കും എതിരില്‍ ഒരുമിച്ച് യുദ്ധം ചെയ്ത് ഈ അവിഹിത ബന്ധം വളരെ നേരത്തേ തുടങ്ങിയതാണ്‌ എന്നവര്‍ തെളിയിച്ചു. ഹൂഥി - അലി സ്വാലിഹ് സഖ്യമാണ് ഇന്ന് സൗദിയുമായി ഏറ്റുമുട്ടുന്നത് എന്ന വസ്തുത വളരെ തന്ത്രപൂര്‍വ്വം മറച്ചുവെക്കാനാണ് തേജസുകാരന്‍ ശ്രമിച്ചത്.


2 -  തേജസിലെ ലേഖനം കേട്ടാല്‍ തോന്നും സമാധാനത്തിന് നോബല്‍ സമ്മാനം അര്‍ഹിക്കുന്ന ഏതോ നവോദ്ധാനക്കാരാണ് ഹൂഥികള്‍ എന്ന്. അവര്‍ പറയുന്നു : "2011ല്‍ അറബ് വിപ്ലവം തുടങ്ങിയപ്പോള്‍ സമാധാനപരമായ പ്രക്ഷോഭത്തിന്റെ വക്താക്കളായിരുന്നു ഹൂഥികള്‍.  തുടര്‍ന്ന് സ്വാലിഹ് പുറത്താക്കപ്പെട്ട ശേഷം നടന്ന ദേശീയ സമവായ ചര്‍ച്ചകളിലും മുഖ്യ പങ്ക് വഹിച്ചു. വൈവിധ്യത്തെ മാനിച്ചും മേഖലാ സ്വയം ഭരണത്തെ പിന്തുണച്ചും ജനാധിപത്യ രാഷ്ട്രം വേണം എന്നവര്‍ വാദിച്ചു".  തീര്‍ത്തും കല്ലേറ് വളരെ സമാധാനപരമായിരുന്നു എന്ന് പറയുന്ന പോലെയാണ് തേജസുകാരന്റെ വര്‍ണ്ണന. ഈ പറയുന്ന ഹൂഥികളാണ് വിപ്ലവ കാലത്ത് തീര്‍ത്തും (തേജസുകാരന്റെ ഭാഷയില്‍ തീര്‍ത്തും സമാധാനപരമായി) ദമ്മാജിലെ പാവപ്പെട്ട മുസ്ലിമീങ്ങളെ ഉപരോധിച്ച് അവര്‍ക്കെതിരെ സായുധ ആക്രമണം നടത്തിയത്. ഒടുവില്‍ അവരെ ദമ്മാജില്‍ നിന്നും തന്നെ പാലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇത് തേജസുകാരന്‍ അറിയാതെ പോയോ ?!.. വഴിയില്ല. പൂരിപക്ഷം വരുന്ന യമന്‍ ഗോത്രങ്ങളുമായി ഏറ്റുമുട്ടിയാണ് സ്വന്‍ആഇലേക്ക് ഹൂഥികള്‍ അതിക്രമിച്ച് കയറിയത് എന്നത് ഒരു വിഷയമേ അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അതിര്‍ത്തിയില്‍ ജീസാന്‍ പോലെയുള്ള പ്രദേശങ്ങളെ ഭീഷണി മുനയില്‍ നിര്‍ത്തിയവരും ഇടക്കൊക്കെ അതിര്‍ത്തി ബേധിക്കാന്‍ ശ്രമിച്ച് സംഘട്ടനങ്ങള്‍ നടത്തിയവരുമാണ് ഈ ഹൂഥികള്‍ എന്ന ഒരു സംഗതി ഈ ലോകത്ത് നടന്നിട്ടേയില്ല.  പാവങ്ങള്‍ നവോദ്ധാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു... എന്നൊക്കെ അങ്ങ് വിശ്വസിക്കുക തന്നെ... 

ഏതാണ് തേജസുകാരന്‍ പരിചയപ്പെടുത്തുന്ന ഈ നവോദ്ധാന പ്രവര്‍ത്തനം ?! ... അതാണ്‌ ഇറാനുമായുള്ള അവിഹിത ബന്ധം സൂചിപ്പിക്കുന്ന മറ്റൊരു വിഷയം. ഇന്നലെ ഇറാനിയന്‍ വിദേശകാര്യ സഹമന്ത്രി ഒരു പ്രസ്ഥാവന നടത്തി, അതിനു മുന്‍പ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി തന്നെ അത് പ്രസ്താവിച്ചിട്ടുള്ളതുമാണ്. അതായത് യമന്‍ ആഭ്യന്തര പ്രശ്നത്തില്‍ സൗദി ഇടപെടുന്നുത് തീവ്രവാദമാണ്. പറയുന്നതോ പാവം ഇറാന്‍... വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് വിശേഷിപ്പിച്ചാല്‍ അതല്‍പ്പം കുറഞ്ഞുപോകും. സിറിയയില്‍ മുസ്ലിമീങ്ങളെ കൊന്നൊടുക്കാന്‍ ബഷാറിന് പിന്തുണ അറിയിക്കുകയും സൈന്യത്തെ അയക്കുകയും ചെയ്ത ആളാണ്‌ കക്ഷി.... അമേരിക്ക വളരെ സുന്ദരമായി ഇറാഖ് തങ്ങളെ ഏല്‍പ്പിച്ച പോലെ യമനും ഏല്‍പ്പിച്ചു തരുമെന്ന് പാവങ്ങള്‍ സ്വപ്നം കാണുമ്പോഴാണ് പ്രതീക്ഷിക്കാതെ വന്ന അടി. സമനില തെറ്റിയതില്‍ അത്ഭുതമൊന്നുമില്ല.

ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്:

യമനില്‍ സൗദി ഇടപെടുന്നത് എന്തുകൊണ്ട് ഇറാനെ ചൊടിപ്പിക്കുന്നു ?.

ആശയപരമായും , നയതന്ത്രപരമായും ഇറാന് എന്ത് കാര്യമാണ് അറബ് ലോകത്ത് ഉള്ളത് ?.

കേവല ന്യൂനപക്ഷമായ ഹൂഥികള്‍ പൂരിപക്ഷം വരുന്ന യമന്‍ ജനങ്ങളെ അടിച്ചമര്‍ത്തി അധികാരം പിടിച്ചെടുക്കുമ്പോള്‍, എന്തുകൊണ്ട് ഇറാനും, അവരെ പിന്തുണക്കുന്ന SDPI , ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനക്കാരും അത് നവോദ്ധാനമായി കാണുകയും, യമനിലെ പൂരിപക്ഷ ജനങ്ങള്‍ ആഗ്രഹിച്ച സൗദി ഇടപെടലിനെ തീവ്രവാദമായി കാണുകയും ചെയ്യുന്നു ?!.

ഉത്തരം വളരെ വ്യക്തമാണ്. അറബ് ലോകങ്ങളെ കയ്യടക്കി ഇറാനിയന്‍ ശിയാ സാമ്രാജ്യം സ്ഥാപിക്കുക തന്നെ ലക്ഷ്യം. അതിന് വേണ്ടപ്പെട്ടവരെല്ലാം കുടപിടിക്കുന്നുമുണ്ടല്ലോ. വിശ്വാസപരമായി സൗദിയുമായി ഒരുനിലക്കും യോജിക്കാന്‍ ഇറാന്  കഴിയില്ല. അവരുടെ നമസ്കാരം പോലും വ്യത്യസ്ഥമാണ്. ആചാരങ്ങള്‍ വ്യത്യസ്ഥമാണ്. പ്രവാചക പത്നിമാരെപ്പോലും അധിക്ഷേപിക്കുന്ന പൂരിപക്ഷ ശിയാ കക്ഷിയാണ് നേതൃ നിരയില്‍. എന്ത് വിലകൊടുത്തും അഹ്ലുസ്സുന്നയെ കൊല്ലണമെന്ന് പ്രഖ്യാപിച്ച താക്കറെമാരും അവരുടെ കൂട്ടത്തില്‍ ഏറെ. എഴാകാശങ്ങള്‍ക്ക് മുകളില്‍ നിന്ന് അല്ലാഹു പവിത്രവതിയെന്ന് പ്രഖ്യാപിച്ച നമ്മുടെ മാതാവ് റസൂലുല്ല (സ) യുടെ പത്നി ഉമ്മുല്‍ മുഅ്മിനീന്‍ ആഇഷ (റ) യെ അവിഹിത ബന്ധം ആരോപിക്കുകയും (നഊദു ബില്ലാഹ്) അഹ്ലുസ്സുന്നക്കാര്‍ അറുകൊല ചെയ്യപ്പെടണമെന്ന് വാദിക്കുകയും ചെയ്ത യാസിര്‍ ഹബീബ് എന്ന പിശാചിനെ കുവൈറ്റ്‌ പൗരത്വം പിന്‍വലിച്ച് നാടുകടത്തിയത് ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത് നന്നായിരിക്കും. ടിയാന്‍ ഇപ്പോള്‍ ഇവരുടെ ആശയ തട്ടകമായ ബ്രിട്ടനിലാണ്.

ഇനി എന്തുകൊണ്ട് ഇവര്‍ സൗദിയെ എതിര്‍ക്കുന്നു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ഇത്ര നീചരായ ഈ സമൂഹത്തെ പിന്തുണക്കുന്നതിനും വേണം കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി. സിറിയന്‍ പശ്ചാത്തലത്തിലെങ്കിലും ഇവരുടെ വാലാട്ടികള്‍ മാറി ചിന്തിക്കുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി.  സത്യത്തില്‍ ഇസ്ലാമിന്റെ സംരക്ഷകരായി  സ്വയം വാഴ്ത്തുന്ന ഇവര്‍ക്ക് മുസ്ലിംകളോടുള്ള കൂറ് എന്ത് എന്ന് ഇവിടെ വ്യക്തം. ജമാഅത്ത് കാരനോ, SDPI കാരനോ ആണ് സൗദി ഭരിക്കുന്നതെങ്കില്‍ എന്നൊന്ന് സങ്കല്പിച്ചു നോക്കൂ...  ഇറാനില്‍ കിടക്കുന്ന ശിയാക്കള്‍ അവരുടെ പേക്കൂത്ത് നടത്തുന്നത് മക്കത്തും മദീനത്തും ആയിരിക്കും  ... ജമാഅത്ത് കാര്‍ ചിലപ്പോള്‍ ഭരണകൂടത്തിന്‍റെ ചിലവില്‍ മക്കത്ത് ഒരു പക്ഷെ വേള്‍ഡ് ഫിലിം ഫെസ്റ്റിവലും നടത്തിയേക്കാം,, ദഅവത്തിനുള്ള പുതിയ ഉദാത്ത മാതൃകയാണല്ലോ ...  

3- SDPI കാരന്റെയും, കേരളാ ആഗോള ഇസ്‌ലാം വക്താക്കളുടെയും വൈരുദ്ധ്യങ്ങള്‍ പെട്ട മറ്റൊന്നാണ്... ഖത്തറിനെയും തുര്‍ക്കിയെയും ഒരു ഘട്ടത്തില്‍ വാനോളം പുകഴ്ത്തി,,, എന്നാല്‍ ഇറാന്‍ പിന്തുണക്കുന്ന ഹൂഥികള്‍ ഒരു വശത്തും, തുര്‍ക്കി, തൂനിസ്, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ പിന്തുണക്കുന്ന സൗദീ നീക്കം ഒരു വശത്തതുമായപ്പോള്‍ സത്യത്തില്‍ തങ്ങള്‍ ആരുടെ കൂടെയാണെന്നോ, തങ്ങളുടെ ആശയം എന്തെന്നോ ഈ രണ്ടുകൂട്ടര്‍ക്കും അറിയില്ല. മുന്‍പേ തങ്ങള്‍ പറയുന്നത് എന്ത് എന്ന് സ്വയം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നുവെങ്കില്‍ ഇവരാരും അതിന്‍റെ വക്താക്കള്‍ ആകുമായിരുന്നില്ലല്ലോ...


ആദ്യമായും അവസാനമായും SDPI കാരനോടും ജമാഅത്ത് കാരനോടും ഒരൊറ്റ ചോദ്യമാണ് നമുക്ക് ചോദിക്കുവാനുള്ളത്. രാഷ്ട്രീയ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കാന്‍ ഉത്സാഹം കാണിക്കുന്ന പോലെ വിശ്വാസ തലങ്ങളില്‍ നിങ്ങളും ശിയാക്കളും തമ്മിലുള്ള 'ബന്ധം' അതല്ലെങ്കില്‍ 'വിയോജിപ്പ്‌' ഇത് രണ്ടിലും ഏതെങ്കിലും ഒന്ന് വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ?...

ഏതായാലും അറബ് ലോകത്തെ പുതിയ സഖ്യം ചിലരുടെയെല്ലാം ഉറക്കം കെടുത്തുന്നു. അവരുമായി അവിഹിത ബന്ധം ഉള്ളവരുടെയും ....


'ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി.